''എന്റെ പേര് ഇന്ദു, പക്ഷേ എന്റെ ആദ്യത്തെ ആധാർ കാർഡിൽ പേര് 'ഹിന്ദു' എന്നായി. അതുകൊണ്ട് ഞാൻ ഒരു പുതിയ കാർഡിന് അപേക്ഷിച്ചു, പക്ഷേ അവർ അതിൽ വീണ്ടും 'ഹിന്ദു' എന്നാവർത്തിച്ചു.

അതിനാൽ അമദാഗൂർ സർക്കാർ പ്രൈമറി സ്‌കൂളിലെ 10 വയസ്സുള്ള അഞ്ചാം ക്ലാസ് ദളിത് പെൺകുട്ടി ജെ.ഇന്ദുവിനും മറ്റ് നാല് വിദ്യാർത്ഥികൾക്കും ഈ വർഷം സ്‌കോളർഷിപ്പ് ലഭിക്കില്ല. അവരുടെ ആധാർ കാർഡിൽ പേരുകൾ തെറ്റായി എഴുതിയിരിക്കുന്നു എന്ന ഒരൊറ്റ കാരണംകൊണ്ടുമാത്രം. മറ്റ് നാല് വിദ്യാർത്ഥികളിൽ മൂന്ന് പേരും ഇന്ദുവിനെപ്പോലെ ദളിത് സമൂഹത്തിൽപ്പെട്ടവരാണ്. ഒരാൾ മുസ്ലീം സമുദായത്തിലെ അംഗവും. ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലെ ഏറ്റവും ദരിദ്രമായ മണ്ഡലങ്ങളിലൊന്നാണ് അമദാഗുർ.

പ്രശ്നം തുടങ്ങിയപ്പോൾ ജാഗരാസുപള്ളിയിലെ ഇന്ദുവിന്റെ സ്‌കൂളും കുടുംബവും അവർക്ക് പുതിയ കാർഡ് ലഭിക്കുന്നതിനായുള്ള അപേക്ഷ സമർപ്പിച്ചു. തുടർന്ന്, കുട്ടിയുടെ ജനനത്തീയതിയും ഒരു പുതിയ ഫോട്ടോയും നല്കി വീണ്ടും രജിസ്റ്റർ ചെയ്തപ്പോൾ പുതുക്കിയ ആധാർ കാർഡ് ലഭിക്കുകയും ചെയ്തു. എന്നാൽ പുതിയ കാർഡിലും അവളുടെ പേര് 'ഹിന്ദു' എന്നായിത്തന്നെ തുടർന്നു. ഈ സാഹചര്യം ഇന്ദുവിന്റെ സ്‌കൂളിൽനിന്ന് അവളുടെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് വിഘാതമായിത്തീർന്നു. അക്കൌണ്ട് തുറക്കണമെങ്കിൽ അവളുടെ ശരിയായ പേരിനോട് പൊരുത്തപ്പെടുന്നതായ ഒരു ആധാർ കാർഡ് നിർബന്ധമാണ്. ആൺകുട്ടികളായ മറ്റ് നാല് വിദ്യാർത്ഥികളും ഇതേ പ്രതിസന്ധി അഭിമുഖീകരിക്കുന്നു.

ആന്ധ്രാപ്രദേശിലെ പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്കവിഭാഗ പശ്ചാത്തലത്തിലുള്ള വിദ്യാർത്ഥികൾക്ക് സർക്കാർ സ്‌കോളർഷിപ്പിന് അർഹതയുണ്ട്. അഞ്ചാം ക്ലാസ് മുതൽ പ്രതിവർഷം 1,200 രൂപ ലഭിക്കുന്നതാണ്. അമദാഗൂർ സ്‌കൂളിലെ ഈ ക്ലാസ്സിൽ പഠിക്കുന്ന 23 കുട്ടികളിൽ ഒരാൾ മാത്രമാണ് ഉയർന്ന ജാതിയിലുള്ളത്. ഇന്ദുവിനും മറ്റ് 21 വിദ്യാർത്ഥികൾക്കുമുള്ള സ്‌കോളർഷിപ്പ് തുക സാധാരണയായി ഈ വരുന്ന ഫെബ്രുവരിയിൽ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കേണ്ടതാണ്. എന്നാൽ, ഇപ്പോൾ ഈ അഞ്ച് കുട്ടികൾക്കും അക്കൗണ്ടില്ല എന്നുമാത്രം.

ഈ സ്‌കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾ കൂടുതലും പാർശ്വവത്കൃതരായ കർഷകരോ കർഷകത്തൊഴിലാളികളോ ആണ്, അവർ ഇടയ്ക്കിടെ ജോലിക്കായി ബെംഗളൂരുവിലേക്ക് കുടിയേറുന്നു. സ്‌കൂൾ ഹെഡ്മാസ്റ്റർ എസ്. റോഷിയ പറയുന്നതനുസരിച്ച്, സ്കൂളിൽനിന്ന് ലഭ്യമല്ലാത്ത ‘പേന, അധികമായി ആ‍വശ്യംവരുന്ന പുസ്തകങ്ങൾ, വസ്ത്രങ്ങൾ’ എന്നീ സാധനങ്ങൾ വാങ്ങാനാണ് സ്‌കോളർഷിപ്പ് തുക രക്ഷിതാക്കൾ ഉപയോഗിക്കുന്നത്.

പരിഭാഷ: അനിറ്റ് ജോസഫ്

Rahul M.

राहुल एम आंध्र प्रदेशच्या अनंतपूरचे स्वतंत्र पत्रकार आहेत आणि २०१७ चे पारी फेलो आहेत.

यांचे इतर लिखाण Rahul M.
Translator : Anit Joseph

Anit Joseph is a freelance journalist based in Kottayam, Kerala.

यांचे इतर लिखाण Anit Joseph