കടലൂർ മത്സ്യബന്ധന തുറമുഖത്ത് വ്യാപാരം ആരംഭിക്കുമ്പോൾ അവർക്ക് വെറും 17 വയസ്സായിരുന്നു. അവരുടെ കൈയിൽ ഉണ്ടായിരുന്നത് 1,800 രൂപയാണ് – ബിസിനസ് തുടങ്ങാനായി അമ്മ നൽകിയ മൂലധനം. ഇന്ന് 62-കാരിയായ വേണി വിജയിയായ ഒരു ലേലക്കാരിയും തുറമുഖത്തെ കച്ചവടക്കാരിയുമാണ്. വലിയ ബുദ്ധിമുട്ട് സഹിച്ചുകൊണ്ട് അവർ അഭിമാനപൂർവ്വം പണിത വീട് പോലെ തന്റെ ബിസിനസും അവർ “ഘട്ടം ഘട്ടമായി” നിർമ്മിച്ചു.
മദ്യത്തിനടിമയായിരുന്ന ഭർത്താവ് വിട്ടുപോയതിനു ശേഷം ഒറ്റയ്ക്കാണ് വേണി 4 മക്കളെ വളർത്തിയത്. അവരുടെ പ്രതിദിന വരുമാനം കുറവായിരുന്നു, കഴിഞ്ഞുകൂടാൻ അത് കഷ്ടിച്ചേ തികയുമായിരുന്നുള്ളൂ. റിംഗ് സെയിൻ മത്സ്യബന്ധനത്തിന്റെ (ring seine fishing) വരവോടുകൂടി ലക്ഷങ്ങൾ വായ്പ എടുത്ത് അവർ ബോട്ടിൽ നിക്ഷേപം നടത്തി. നിക്ഷേപത്തിൽ നിന്ന് ലഭിച്ച വരവ് കൊണ്ട് അവർക്ക് മക്കളെ വിദ്യാഭ്യാസം ചെയ്യിക്കാനും വീട് നിർമ്മിക്കാനും സാധിച്ചു.
1990-കളുടെ അവസാനം മുതൽ കടലൂർ തീരത്ത് റിംഗ് സെയിൻ മത്സ്യബന്ധനം പ്രചരിച്ചിരുന്നു. പക്ഷെ 2004-ലെ സുനാമിക്ക് ശേഷം ഇതിന്റെ ഉപയോഗം വളരെ വേഗം വർദ്ധിച്ചു. മത്തി, അയല, നെത്തോലി എന്നിങ്ങനെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കടൽ മത്സ്യങ്ങളെ പിടിക്കാൻ റിംഗ് സെയിൻ സംവിധാനത്തിന്റെ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു.


