"ഞങ്ങൾ ഒരിക്കലും തിരികെ പോകില്ല' - ഭീമ സോദി പറയുന്നു. "ഞങ്ങളുടെ പൂർവിക ഗ്രാമത്തിൽ നക്‌സലുകളുടേയും ജുദുംവാലകളുടെയും (സാൽവജുദും സേന) ശല്യംകാരണം സമാധാനം തേടി സ്വന്തം വീടുപേക്ഷിച്ചവരാണ് ഞങ്ങൾ'.
ചത്തീസ്‌ഗഡിലെ ദന്തേവാഡ ജില്ലയിലെ തന്റെ ഗ്രാമമായ ഭന്ദൻപദാറിലേക്ക് ഒരിക്കലും മടങ്ങില്ലെന്ന് സോയം ലിങ്കാമയും പറയുന്നു. "ഞങ്ങൾ അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു.' ചത്തീസ്‌ഗഡിൽനിന്ന് രക്ഷപെട്ട് ആന്ധ്രപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ബുർഗംപാഡു മണ്ഡലത്തിലെ ചിപ്‌റുപാഡുവിൽ താമസിക്കുന്ന 27 കുടുംബങ്ങളിൽ ഉൾപ്പെട്ടവരാണ് സോയവും ഭീമയും.
ആന്ധ്രാപ്രദേശിലെ കിഴക്കൻ, പശ്ചിമ ഗോദാവരി ജില്ലകളിലും തെലങ്കാനയിലെ ഖമ്മം, വാറംഗൽ ജില്ലകളിലുമുള്ള ഇത്തരം കേന്ദ്രങ്ങൾ ആഭ്യന്തര കുടിയേറ്റക്കാരുടേതാണ്.
അവർക്കെല്ലാം പറയാനുള്ളത് അക്രമണത്തിന്റെ കഥകളാണ്. "2005-ൽ ഗ്രാമം ആക്രമിക്കപ്പെട്ടപ്പോളാണ് ഞങ്ങൾ അവിടംവിട്ടത്....എല്ലാവരും വനത്തിനുള്ളിലേക്ക് രക്ഷപ്പെട്ടു. പക്ഷേ 30 വയസ്സുമാത്രമുള്ള എന്റെ അമ്മാവന് രക്ഷപ്പെടാനായില്ല. അദ്ദേഹത്തെ അവർ പിടിക്കുകയും കൊല്ലുകയും ചെയ്തു. ഗ്രാമത്തിന് മുഴുവൻ തീയുമിട്ടു. ഭയന്നുപോയ ഞങ്ങൾ ഇവിടെവന്നു”, – സുഖ്‌മ ജില്ലയിലെ കൊന്ത മണ്ഡലത്തിലെ ടാഡ്‌മെറ്റ്‌ല ഗ്രാമത്തിലെ 30-കാരനായ രവി സോദി പറഞ്ഞു. നിലവിൽ ഖമ്മം ജില്ലയിലെ ചിന്തലപാഡു ഗ്രാമത്തിൽ ജീവിക്കുകയാണ് രവി.
ചത്തീസ്ഗഡിന്റെ അതിർത്തിജില്ലകളായ സുഖ്‌മ, ദന്തേവാഡ, ബിജാപൂർ എന്നിവിടങ്ങളിൽനിന്നുള്ള ആദിവാസി സമൂഹങ്ങൾ, പ്രത്യേകിച്ച് ഗോണ്ട് (ആന്ധ്രയിലെ മുരിയ, ബാസ്തർ, കോയ വിഭാഗങ്ങൾ) വിഭാഗക്കാർ കാർഷികാനുബന്ധ തൊഴിലുകൾക്കായി അതിർത്തി സംസ്ഥാനത്തേക്ക് സ്ഥിരമായി കുടിയേറുന്നവരാണ്. എന്നാൽ, 2005-ൽ ചത്തീസ്ഗഡിൽ ഭരണകൂട പിന്തുണയോടെ രൂപംകൊണ്ട കലാപവിരുദ്ധസേനയായ സൽവാ ജുദുമിന്റെയും സംസ്ഥാന വിരുദ്ധ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെയും അക്രമങ്ങൾക്കിടയിൽ ഇവർ കുടുങ്ങിപ്പോയിരുന്നു. ഇക്കാരണത്താൽ വൻതോതിൽ കുടിയേറാൻ ആദിവാസികൾ നിർബന്ധിതരായി. അക്രമണങ്ങളിൽ ഇവരിൽപ്പലർക്കും തങ്ങളുടെ പൂർവികസ്ഥലവും വനവും നഷ്ടപ്പെട്ടു.
ഇപ്പോൾ പുതിയ വീടുകളിൽ അവർ സുരക്ഷിതത്വം അനുഭവിക്കുകയാണ്. പ്രാദേശിക കർഷകരുടെ കൃഷയിടങ്ങളിൽ ദിവസക്കൂലിക്ക് ജോലിചെയ്യാനും അവർക്ക് കഴിയുന്നു. മുരിയ ആദിവാസിവിഭാഗത്തിൽപ്പെട്ട മങ്കുവിനെ വിവാഹം കഴിച്ച് 2015-ൽ ചത്തീസ്‌ഗഡിലെ സുഖ്‌മ ജില്ലയിലെ ബൊഡ്‌കോ ഗ്രാമത്തിൽനിന്ന് ചിപ്പുരുപാഡുവിൽ എത്തിയതാണ് 19-കാരിയായ ആർതി കൽമു. പത്താംക്ലാസുവരെ വിദ്യാഭ്യാസമുള്ള മങ്കു 3,000 രൂപ ശമ്പളത്തിൽ നാട്ടിലെ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുകയാണ്. "മങ്കു വിദ്യാഭ്യാസമുള്ള നല്ലൊരു മനുഷ്യനാണ്. ഗ്രാമീണരാണ് അദ്ദേഹത്തെ ഇവിടെയെത്തിച്ചത്”, കാരണം കുട്ടികളെ പഠിപ്പിക്കാൻ അവിടെ മറ്റാരും ഉണ്ടായിരുന്നില്ല, ആർതി പറഞ്ഞു. "ഇവിടെ ഞാൻ സന്തോഷവതിയാണ്”.
ഈ പ്രദേശത്ത് ആരോഗ്യമേഖലയിൽ
പ്രവർത്തിക്കുന്ന ഒരു സർക്കാരിതര സംഘടനയുടെ കണക്കനുസരിച്ച് കുറഞ്ഞത് 50,000 കുടിയേറ്റക്കാർ താമസിക്കുന്നുണ്ട്. 200-ഓളം സെറ്റിൽമെന്റുകൾ ചിപ്പുരുപാഡുവിലുണ്ട്. പ്രദേശവാസികളുമായുള്ള സംഘർഷം ഒഴിവാക്കാൻ
വനത്തിനുള്ളിലാണ് കുടിയേറ്റക്കാരുടെ കുഗ്രാമങ്ങൾ സ്ഥിതി ചെയ്യുന്നത്. ഈ
വനാന്തരീക്ഷം ആദിവാസികൾക്ക് പരിചിതമാണ്. അവർക്ക് കൃഷി ചെയ്യാനുള്ള ഭൂമിയും കുടിൽ
പണിയാനുള്ള സ്ഥലവും വനം നൽകും. കുറഞ്ഞ നിരക്കിലും അധ്വാനിക്കാൻ തയാറായതിനാൽ നാട്ടുകാർക്കും എതിർപ്പില്ല. ഇരുപക്ഷവും സാധാരണയായി ഒരേ ഭാഷയാണ് സംസാരിക്കുന്നത് എന്നതിനാൽ ആശയവിനിമയവും എളുപ്പമാണ്.
ബീഭ സോദിയും ഭാര്യ സോദി മാങ്കിയും തൊഴിലാളികളിൽപ്പെട്ടവരാണ്. 120 രൂപ ദിവസക്കൂലിക്ക് മുളക് പറിക്കലാണ് തൊഴിൽ. പക്ഷേ അവർക്ക് താത്പര്യം കൂലിയായി മുളക് കിട്ടുന്നതാണ്. 12 കിലോ മുളക് പറിക്കുമ്പോൾ ഒരുകിലോ മുളക് കൂലി. ആറുവയസ്സുകാരി ലക്ഷ്‌മിയും മൂന്നുവയസുകാരൻ പോജയും ഈ ദമ്പതികളുടെ മക്കളാണ്. ചിലപ്പോൾ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായും ഇവർ ജോലിയെടുക്കാറുണ്ട്. നെല്ലും ചോളവും അവർ സ്വന്തമായി കൃഷി ചെയ്യുന്നു. "ഞാൻ ഇവിടെ സ്വന്തമായി കുറച്ച് കൃഷിയിടം ഉണ്ടാക്കിയെടുത്തു”, ബീഭ പറയുന്നു. വനഭൂമി കയ്യേറി സൃഷ്‌ടിച്ച കൃഷിഭൂമിക്ക് പട്ടയമില്ലെങ്കിലും അയാൾ സംതൃപ്തനാണെന്ന് തോന്നുന്നു.
മുളക് വിളവെടുപ്പുകാലമായ ഫെബ്രുവരിമുതൽ ഏപ്രിൽവരെ മാത്രം കുടിയേറാനാണ്
ചിലർ താത്പര്യപ്പെടുന്നത്. "ഞങ്ങൾ ബന്ധുക്കൾക്കൊപ്പമാണ്
താമസിക്കുന്നത്. എന്ത് ജോലിയും ചെയ്യാൻ സന്നദ്ധരുമാണ്'. ചത്തീസ്‌ഗഡിലെ ഞങ്ങളുടെ ഗ്രാമത്തിൽ വിളവെടുപ്പ്
പൂർത്തിയാക്കിയശേഷം ഇവിടെ ജമൈ (യൂക്കാലിപ്റ്റസ്) മരങ്ങൾ (തോട്ടം ഉടമകൾക്കുവേണ്ടി)
മുറിക്കുന്ന ജോലി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു”, 12 പേരടങ്ങുന്ന സംഘത്തിലെ ഒരു തൊഴിലാളി പറയുന്നു (തന്റെ
പേര് വെളിപ്പെടുത്താൻ അദ്ദേഹം വിമുഖത കാണിച്ചു). അവരും മുളക് പറിക്കുന്നവരാണ്. കൂലിയായി സമ്പാദിക്കുന്ന മുളക് ആദിവാസിഭക്ഷണത്തിലെ ഒരു മുഖ്യഘടകമാണ്.
പ്രത്യേകകാലങ്ങളിൽ മാത്രം കുടിയേറുന്ന തൊഴിലാളികൾക്ക് ആതിഥേയത്വം വഹിക്കുന്നയാളാണ് മംഗ്‌രാജ് സോദി. "12 വയസ്സിൽത്താഴെ പ്രായമുള്ളപ്പോൾ ഏകദേശം 10 വർഷം മുമ്പാണ് ഞാൻ ഇവിടെ വന്നത്, ഒരു ആശ്രമം സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുകയായിരുന്നു ഞാൻ. പക്ഷേ, പഠനകാര്യത്തിൽ കുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്നില്ല. അതോടെ ഞാൻ സ്കൂൾ വിട്ടു”, അദ്ദേഹം പറയുന്നു. "ഞാൻ മറ്റ് ചില തൊഴിലാളികളോടൊപ്പം വന്ന് ഇവിടെ താമസമാക്കി. കുറച്ച് വനഭൂമി വെട്ടിത്തെളിച്ച് കൃഷി ചെയ്തിട്ടുണ്ട്. അത് എത്രയുണ്ടെന്നോ ഗ്രാമത്തിൽ ഞങ്ങൾക്ക് സ്വന്തമായി എത്ര ഭൂമിയുണ്ടെന്നോ ഒന്നും എനിക്കറിയില്ല.
"ദൊർനാപാലിലും പൊലംപള്ളിയിലും ഗ്രാമീണർ സൽവജുദുംകാരാൽ മർദ്ദിക്കപ്പെട്ടപ്പോൾ ഞങ്ങൾ രക്ഷപെടുകയായിരുന്നു”, മറ്റൊരു ഗ്രാമവാസിയായ മഡ്കം നന്ദ പറയുന്നു. ഞങ്ങൾ തൊട്ടടുത്തുള്ള തുമെർപാൽ ഗ്രാമത്തിൽനിന്നുള്ളവരാണ്. രണ്ട് സഹോദരൻമാർ ഉൾപ്പെടെ ഞങ്ങൾ നാലുപേർ ഇവിടെ വന്നു." നിങ്ങൾക്ക് മടങ്ങിപ്പോകാൻ താത്പര്യമുണ്ടോ?” ഞാൻ ചോദിച്ചു. "ഇല്ല, ഒരിക്കലുമില്ല. കാരണം ഇവിടെ സുഖമാണ്”, അദ്ദേഹത്തിന്റെ ലളിതമായ ഉത്തരം.
എന്നാൽ, പുനഃരധിവസിപ്പിച്ച ആദിവാസികൾക്ക് ഇതുവരെ പട്ടയം ലഭിച്ചിട്ടില്ല. മനുഷ്യാവകാശ സംഘടനകളുടെ അക്ഷീണപ്രവർത്തനങ്ങൾ കാരണം ആന്ധ്രാപ്രദേശ്, തെലങ്കാന സർക്കാരുകൾ അവർക്ക് റേഷൻ കാർഡുകളും ആധാർ കാർഡുകളും ചിലർക്ക് വോട്ടർ കാർഡുകളും നൽകി. വീടുകളിൽ, വെള്ളത്തിനും വൈദ്യുതിക്കും ദൌർലഭ്യം നേരിടുന്നു. ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങളും ഇല്ല. "ചിപ്പുരുപാഡിൽനിന്ന് ഏറ്റവും അടുത്തുള്ള റേഷൻകട സ്ഥിതി ചെയ്യുന്ന കൊണ്ടപ്പള്ളിയിലേക്ക് ഏഴ് കിലോമീറ്റർ നടക്കണം”, മഡ്കം നന്ദ പറയുന്നു.
പശ്ചിമ ഗോദാവരി ജില്ലയിലെ ചിപ്പുരുപാഡിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള വിൻജാരം ഗ്രാമപഞ്ചായത്തിലെ ജിനെൽഗുഡ ഗ്രാമത്തിലെ തന്റെ വീടിന് പുറത്തെ അടുപ്പിൽ പാചകം ചെയ്യുകയാണ് 45 വയസ്സുള്ള ഗാംഗി. അതൊരു വൈകുന്നേരമായിരുന്നു, സോളാർ ലൈറ്റ് അവിടെ വെളിച്ചം വിതറിക്കൊണ്ടിരുന്നു. ദന്തേവാഡ ജില്ലയിലെ ദൊർനാപാൽ പൊലീസ് സ്‌റ്റേഷന് സമീപമുള്ള നഗൽഗൊണ്ട ഗ്രാമത്തിലുള്ള മഡ്‌കം ദേവയുടെ വീടാണത്. അദ്ദേഹത്തിന്റെ ആദ്യഭാര്യയും മക്കളും അവിടെത്തന്നെ ജോലി ചെയ്യുകയാണ്. "ഞങ്ങൾക്ക് കുട്ടികളില്ല”, ഗാംഗി പറയുന്നു. "ആദ്യഭാര്യയിൽ അദ്ദേഹത്തിന് രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്. ഞങ്ങൾക്ക് അവിടെ 45 ഏക്കർ ഭൂമിയുണ്ട്. അത് രണ്ട് ആൺമക്കൾക്കും തികയില്ല. 2002-ൽ ഞങ്ങൾ ആദ്യമായി മുളക് പറിക്കാൻ എത്തിയത് കൊണ്ടപ്പള്ളിയിലാണ്. പിന്നീട് ഞങ്ങൾ ജിനെൽഗുഡയെപ്പറ്റി അറിഞ്ഞു. ഭൂമിയും വനവും ഉള്ളതിനാൽ ഞങ്ങൾക്കിവിടം ഇഷ്‌ടമായി. അതുകൊണ്ട് ഞങ്ങൾ ഇവിടെ താമസമാക്കി”.
ജിനെൽഗുഡയിൽ പുതുതായി നിർമിച്ച മൺകുടിലുകളുടെ കൂട്ടത്തിലാണ് ഞങ്ങൾ മഡ്‌കം ദൂലയെ കണ്ടത്. ഒരുമാസം മുമ്പാണ് അദ്ദേഹം തന്റെ കുഞ്ഞുവീട് നിർമിച്ചത്. "നേരത്തെ ഞങ്ങൾ ബദ്‌ലമാഡി എന്ന ഗ്രാമത്തിൽ ഗ്രാമീണരുടെ ഭൂമിയിലാണ് താമസിച്ചത്. പക്ഷേ ഭൂമിയും വീടും തമ്മിൽ ദൂരമുണ്ടായിരുന്നതിനാൽ ഞങ്ങൾ ഇങ്ങോട്ട് മാറി. ഇവിടെ വീടുകൾ വനഭൂമിയിലായതിനാൽ വനംവകുപ്പുദ്യോഗസ്ഥർ ഇടയ്ക്കിടെ വരും. കെട്ടിടങ്ങൾ പൊളിച്ചുമാറ്റി. ഞങ്ങളോട് സ്ഥലം വിടാൻ ആവശ്യപ്പെടുകയാണ് അവർ. പക്ഷേ ഞങ്ങൾക്ക് പോകാൻ മറ്റൊരിടമില്ല”.
കുക്കുനൂരു മണ്ഡലത്തിലെ വിൻജാരം ഗ്രാമപഞ്ചായത്തിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട (ഞങ്ങൾ സന്ദർശിക്കുന്ന സമയത്ത്) പ്രസിഡന്റ് കലൂരു ഭീമയെ മഡ്കം ദൂലെ ഞങ്ങൾക്ക് പരിചയപ്പെടുത്തി. "ഞാൻ ചത്തീസ്ഗഡിൽ കൽമു ഭീമനാണ്”, അദ്ദേഹം ചിരിച്ചു."ആന്ധ്രപ്രദേശിൽ ഞാൻ കലൂരു ഭീമനായി. ആന്ധ്രാപ്രദേശ് സർക്കാർ എന്റെ പേര് രേഖപ്പെടുത്തിയത് അങ്ങനെയാണ്”.
ചത്തീസ്ഗഡിൽ ഭരണകൂട പിന്തുണയോടെ രൂപംകൊണ്ട കലാപവിരുദ്ധസേനയായ സൽവാ ജുദുമിന്റെയും സംസ്ഥാന വിരുദ്ധ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെയും അക്രമങ്ങൾക്കിടയിൽ കുടുങ്ങി ധാരാളം ആദിവാസികൾക്ക് അവരുടെ പൂർവ്വിക ഭൂമിയും വനങ്ങളും നഷ്ടമായി
സൽവാജുദൂം സേന തന്റെ ഗ്രാമങ്ങളിലെ ജനങ്ങളെ ദോർണാപാലിലെ ഒരു ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകാൻ നിർബന്ധിച്ചപ്പോളാണ് ചത്തീസ്ഗഡിലെ സുഖ്‌മ ജില്ലയിലെ ഒരു ഗ്രാമത്തിൽനിന്നുള്ള കൽമു ഇവിടെയെത്തിയത്. അവർ ഒരുമാസത്തോളം ക്യാമ്പിൽ താമസിച്ചു, തുടർന്ന് അവിടം വിട്ടു.
സ്ഥലംമാറ്റത്തിനുശേഷം പുതിയ വ്യക്തിത്വം ലഭിച്ചത് കൽമുവിന് മാത്രമല്ല. "അവിടെ എൽമ ദേവ ഇവിടെ സെൽമ ദേവയ”, ചിപ്പുരുപാഡിൽനിന്ന് 25-30 കിലോമീറ്റർ അകലെയുള്ള ഖമ്മം ജില്ലയിലെ ഉപക ഗ്രാമപഞ്ചായത്തിലെ ചിന്തലപ്പാട് ഗ്രാമത്തിലെ ഒരു ചെറുപ്പക്കാരൻ പുഞ്ചിരിക്കുന്നു. "തെലുങ്കിൽ ദേവ ദേവയയായി മാറുന്നു. പക്ഷെ എനിക്കതിൽ പ്രശ്‌നമില്ല, രണ്ടും ശരിയാണ്”, എൽമ തന്റെ വീട്ടിലേക്ക് തിരികെപ്പോകാൻ ഉദ്ദേശിക്കുന്നില്ല. "ഈ ഭൂമിയിൽ സമാധാനമുണ്ട്, ഞങ്ങൾ ഇവിടെ സുഖമായിരിക്കുന്നു... ചത്തീസ്ഗഡ് വിട്ടപ്പോൾ ഞങ്ങൾ ഇരുവശത്തുനിന്നും (നക്‌സലുകളുടെയും സേനയുടെയും) അനുമതി തേടി. അതിനാൽ ഞങ്ങൾ ഏതെങ്കിലും ക്യാമ്പിൽ ചേർന്നതായി അവർ കരുതില്ല.
കലാപബാധിതമേഖലകളായ സുഖ്‌മ, ദന്തേവാഡ, ബിജാപൂർ ജില്ലകളിൽനിന്നുള്ള 22-ഓളം കുടുംബങ്ങൾ ചിന്തലപാടുവിലാണ് താമസിക്കുന്നതെന്ന് പ്രദേശവാസികൾ കണക്കാക്കുന്നു. ഗ്രാമത്തിലേക്ക് നല്ലൊരു റോഡില്ലാത്തതിനാൽ നാല് കിലോമീറ്റർ അകലെയുള്ള നാരായണപുരത്തുനിന്നുവേണം ഗ്രാമവാസികൾക്ക് റേഷൻ വാങ്ങാൻ.
ചിന്തലപ്പാടിലെ കുടിയേറ്റക്കാർക്കും റേഷൻ കാർഡും വോട്ടർ ഐഡി കാർഡും ആധാർ കാർഡും ലഭിച്ചിട്ടുണ്ട്, എന്നാൽ കുടിവെള്ളം, റോഡ്, വൈദ്യുതി, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസ സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമല്ല. ലോക്കൽ പോലീസും വനം വകുപ്പും അവർക്കെതിരേ കേസുകൾ ഫയൽ ചെയ്യുന്നുണ്ട്. അതിനാൽ എപ്പോൾ വിളിച്ചാലും ആദിവാസികൾ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന നിർബന്ധമുണ്ട്.
ഒടുവിൽ,
2011-12-ൽ സാൽവാജുഡും പിരിച്ചുവിട്ടതോടെ കുടിയേറ്റക്കാരിൽ ഒരുവിഭാഗം
ചത്തീസ്ഗഡിലേക്ക് മടങ്ങി. നാട്ടിലേക്ക് പോകുന്നത്
സുരക്ഷിതമാണെന്ന് കരുതിയായിരുന്നു അത്. പക്ഷേ, മറ്റുള്ളവരാകട്ടെ, ഇവിടെത്തന്നെ പിടിച്ചുനിന്നു. ഈ നാട്ടിലെ സമാധാനജീവിതവും, കൃഷി ചെയ്യാനുള്ള ഭൂമിയും ഇതര ഉപജീവന മാർഗ്ഗങ്ങളും അവരെ സംബന്ധിച്ചിടത്തോളം തൃപ്തികരമായിരുന്നു.
പരിഭാഷ: അശ്വതി ടി കുറുപ്പ്