അഞ്ചു മാസം ഗർഭിണിയായ പല്ലവി ഗാവിത് മൂന്നു മണിക്കൂറോളമായി പായയിൽ കിടന്ന് വേദന കൊണ്ട് പുളയുകയായിരുന്നു. അവരുടെ ഗർഭാശയം അഞ്ചു മാസം പ്രായമായ ജീവനില്ലാത്ത ഭ്രൂണത്തോടു കൂടെ യോനിയിലൂടെ വഴുതി പുറത്തു വന്നപ്പോൾ അവർക്കൊപ്പം നാത്തൂൻ സപ്ന ഗാരൽ, 45, ഉണ്ടായിരുന്നു. സഹിക്കാനാവാത്ത വേദനയോടെ രക്തവും മറ്റു സ്രവങ്ങളും നിലത്തേക്കു വീഴുന്ന അവസ്‌ഥയിൽ പല്ലവി ബോധരഹിതയായി.
അന്ന് 2019, ജൂലൈ 25 പുലർച്ചെ 3 മണി. സാത്പുഡ മലകളിലുള്ള 55 ഭിൽ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന ഹേംഗ്ലപാണി ഗ്രാമത്തിലെ പല്ലവിയുടെ പുല്ലു മേഞ്ഞ കുടിലിനു മുകളിൽ മഴ കനത്തു പെയ്തുകൊണ്ടിരുന്നു. വടക്കു പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിലെ എത്തിച്ചെല്ലാനാകാത്ത ഈ സ്‌ഥലങ്ങളിൽ മികച്ച റോഡുകളോ മൊബൈൽ നെറ്റ്‌വർക്കോ ഇല്ല. "അത്യാഹിതങ്ങൾ ക്ഷണിച്ചിട്ടല്ലല്ലോ വരുന്നത്. അവ എപ്പോൾ വേണമെങ്കിലും സംഭവിക്കാം," പല്ലവിയുടെ ഭർത്താവ് ഗിരീഷ് (ഈ ലേഖനത്തിലെ പേരുകളൊന്നും യാഥാർത്ഥമല്ല) പറഞ്ഞു. "ഫോൺ നെറ്റ്‌വർക്കില്ലാതെ ആംബുലൻസോ ഡോക്ടറെയോ ഞങ്ങൾ എങ്ങനെ വിളിക്കാനാണ്?"
"ഞാൻ വളരെ ഭയന്നുപോയി," 30-കാരനായ ഗിരീഷ് തുടർന്നു. "അവൾ മരിക്കരുതെന്നു ഞാൻ പ്രാർത്ഥിച്ചു." പുലർച്ചെ നാല് മണിക്ക്, ഇരുട്ടിൽ, കോരിച്ചൊരിയുന്ന മഴയിൽ, ഗിരീഷും അദ്ദേഹത്തിന്‍റെ അയൽവാസിയും കൂടി പല്ലവിയെ മുളയും ബെഡ്ഷീറ്റും ചേര്‍ത്തുണ്ടാക്കിയ ഒരു താൽക്കാലിക സ്‌ട്രെച്ചറിൽ ചുമന്ന് സാത്പുഡ മലകളിലെ ചെളി നിറഞ്ഞ പാതകളിൽക്കൂടി 105 കിലോമീറ്റർ അകലെയുള്ള ധഡ്ഗാവിലേക്ക് നടന്നു.
ഹേംഗ്ലപാണി ഗ്രാമം അക്രാണി താലൂക്കിലെ തോരൺമാൾല്‍ ഗ്രാമപഞ്ചായത്ത് മേഖലയിലാണ്. തോരൺമാൾല്‍ ഗ്രാമീണ ആശുപത്രിയാണ് കൂടുതൽ അടുത്തുണ്ടായിരുന്നത്. പക്ഷേ ആ രാത്രി ആ റോഡ് സുരക്ഷിതമായിരുന്നില്ല. നഗ്നപാദനായി (വഴുതുന്ന ചെളിയിൽ ചെരിപ്പുകൾ ധരിക്കുന്നത് ബുദ്ധിമുട്ടാണ്), ഗിരീഷും അയൽക്കാരനും ചെളി നിറഞ്ഞ പാതകളിൽ ചുവടു വെക്കാൻ ബുദ്ധിമുട്ടി. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പുതച്ചുകിടന്ന പല്ലവി വേദന കൊണ്ട് ഞരങ്ങുന്നുണ്ടായിരുന്നു.
അവർ ഏകദേശം മൂന്ന് മണിക്കൂറോളം മല കയറി തോരൺമാൾല്‍ ഘാട്ട് റോഡിലെത്തി. "30 കിലോമീറ്ററോളമുള്ള കയറ്റമാണിത്," ഗിരീഷ് പറയുന്നു. അവിടെ നിന്ന് അവർ 1,000 രൂപ വാടകയ്ക്ക് ഒരു ജീപ്പിൽ ധഡ്ഗാവ് ഗ്രാമത്തിലേക്ക് പോയി. അഞ്ചു മണിക്കൂർ നേരം വണ്ടിയോടിച്ച് ഒടുവിൽ, പല്ലവിയെ ധഡ്ഗാവിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു - അവിടത്തെ റൂറൽ ആശുപത്രി പിന്നെയും 10 കിലോമീറ്റർ അകലെയായിരുന്നു. "ഞാനവളെ ഏറ്റവും ആദ്യം കണ്ട ദവാഖാനയിലേക്ക് (ആരോഗ്യകേന്ദ്രം) കൊണ്ടുചെന്നു. ചെലവ് അധികമായെങ്കിലും അവർ എന്‍റെ പല്ലവിയെ രക്ഷിച്ചു," അദ്ദേഹം പറഞ്ഞു. ഡോക്ടർ 3,000 രൂപ ഈടാക്കി പിറ്റേന്ന് തന്നെ അവരെ വിട്ടയച്ചു. "കനത്ത രക്തസ്രാവത്താൽ അവൾ മരിക്കാൻ സാധ്യതയുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്," ഗിരീഷ് അനുസ്മരിക്കുന്നു.













