22-ാം വയസ്സിൽ 3-4 വർഷങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ തളർത്തിയ മീനു സർദാർ 2021-ലെ ആ വേനലിലെ പ്രഭാതത്തിൽ വെള്ളം ശേഖരിക്കാനായി ഇറങ്ങുമ്പോൾ ഏറ്റവും മോശമായതെന്തോ വരാനിരിക്കുന്നുവെന്ന മുന്നറിയിപ്പ് നൽകാൻ ഒന്നിനുമായില്ല. ദയാപൂർ ഗ്രാമത്തിലെ കുളത്തിലേക്ക് നയിക്കുന്ന പടവുകൾ പലയിടങ്ങളിലായി പൊളിഞ്ഞു കിടന്നിരുന്നു. മീനു പടികളിൽ നിന്നും മുഖമടിച്ച് താഴേക്ക് തെന്നിവീണു.
"എന്‍റെ നെഞ്ചത്തും വയറ്റിലും കടുത്ത വേദനയായിരുന്നു”, അവർ ബംഗാളി ഭാഷയിൽ ഓർമ്മിച്ചു പറഞ്ഞു. "ബാത്ത്റൂമിൽ പോയപ്പോൾ എന്‍റെ യോനിയിൽ നിന്നും രക്തസ്രാവമുണ്ടായി. എന്തോ തെന്നി വന്ന് തറയിൽ വീണു. മാംസം പോലെ എന്തോ ഒന്ന് പുറത്തു വരുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാനത് പുറത്തേക്ക് വലിച്ചെടുക്കാൻ ശ്രമിച്ചു. പക്ഷെ എനിക്ക് മുഴുവനും വലിച്ചെടുക്കാനായില്ല.”
അടുത്തുള്ള ഒരു സ്വകാര്യ ക്ലിനിക് സന്ദർശിച്ചപ്പോൾ ഗർഭം അലസിയതാണെന്ന് സ്ഥിരീകരിച്ചു. ദുഃഖങ്ങൾക്കിടയിലും പുഞ്ചിരിക്കുന്ന, മെലിഞ്ഞ് ഉയരമുള്ള മീനുവിന് അതിൽപ്പിന്നെ ആർത്തവചക്രം ക്രമരഹിതമായിരുന്നു. ഒപ്പം കടുത്ത വേദനയും വൈകാരിക ബുദ്ധിമുട്ടുകളും.
പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പര്‍ഗന ജില്ലയിലെ ഗോസാബ ബ്ലോക്കിലെ അവരുടെ ഗ്രാമത്തിലെ ജനസംഖ്യ 5,000 ആണ്. സുന്ദർവനങ്ങളിൽ സമൃദ്ധമായി പരന്നു കിടക്കുന്ന നെൽപ്പാടങ്ങളോടും കണ്ടൽ വനങ്ങളോടും കൂടിയ ഈ ഗ്രാമം ഗോസാബയിലെ, റോഡുകളാൽ ബന്ധിപ്പിച്ചിരിക്കുന്ന, ഉൾഗ്രാമങ്ങളിലൊന്നാണ്.
വീഴ്ചയ്ക്കു ശേഷം ഒരുമാസത്തിലധികമായി ഒഴിവില്ലാതെ മീനുവിന് രക്തസ്രാവമായിരുന്നു. അതുകൊണ്ടും അവരുടെ കഷ്ടപ്പാടുകൾ അവസാനിച്ചില്ല. "ശാരീരിക് ശോമ്പോർക്കൊ എതോ ബതാ കോരെ [ലൈംഗിക ബന്ധം വളരെ വേദനാ ജനകമാണ്]”, അവർ പറഞ്ഞു. "ഞാൻ കീറിപ്പോകുന്നതു പോലെ തോന്നുകയാണ്. മലവിസർജ്ജനം നടത്തുമ്പോഴും ബലം പിടിക്കേണ്ടി വരുമ്പോഴും, അല്ലെങ്കിൽ ഭാരമുള്ള വസ്തുക്കൾ ഉയർത്തുമ്പോഴും ഗർഭപാത്രം താഴേക്കിറങ്ങി വരുന്നത് എനിക്കു മനസ്സിലാകും.”











