"ആശാ പ്രവർത്തകർ [അംഗീകൃത സാമൂഹ്യ ആരോഗ്യ പ്രവർത്തകർ] ഞങ്ങളെ സർക്കാർ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നു”, കാന്താബേനിന്‍റെ മരുമകളായ, പ്രായം 20-കളുടെ മദ്ധ്യത്തിലുള്ള, കനക്ബേൻ ഭർവാഡ് പറഞ്ഞു. “പക്ഷെ ഞങ്ങൾക്കെല്ലാവർക്കും പേടിയാണ്.” അവർ കേട്ട ഒരു സംഭവത്തെക്കുറിച്ചു വിവരിക്കുന്നു: "ഒരു ശസ്ത്രക്രിയ നടക്കുമ്പോൾ ഒരു സ്ത്രീ അവിടെ വച്ചുതന്നെ മരിച്ചു. ഡോക്ടർ അബദ്ധത്തിൽ തെറ്റായ ഒരു ട്യൂബ് മുറിച്ചത് ശസ്ത്രക്രിയാ മേശയിൽ വച്ചുതന്നെ അവർ മരിക്കുന്നതിനിടയാക്കി. ആ സംഭവം നടന്നിട്ട് ഒരു വർഷം പോലും ആയിട്ടില്ല.”
പക്ഷെ ധോൽക്കയിൽ ഗർഭം പോലും ആപത് സാദ്ധ്യതയുള്ളതാണ്. സർക്കാർ നടത്തുന്ന സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ (കമ്യൂണിറ്റി ഹെൽത്ത് സെന്‍റർ - സി.എച്.സി.) വിദഗ്ദോപദേശം നൽകുന്ന ഒരു ഡോക്ടർ പറഞ്ഞത് നിരക്ഷരതയും ദാരിദ്ര്യവുമാണ് വേണ്ടത്ര ഇടവേളകളില്ലാതെ പല തവണയുള്ള ഗർഭത്തിലേക്ക് നയിക്കുന്നത് എന്നതാണ്. കൂടാതെ "ആരും കൃത്യമായി പരിശോധനയ്ക്കു വരുന്നില്ല” എന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ കേന്ദ്രം സന്ദർശിച്ച ഭൂരിഭാഗം സ്ത്രീകളും പോഷകക്കുറവും വിളർച്ചയും മൂലം ബുദ്ധിമുട്ടുന്നവരാണ്. "ഇവിടെ വരുന്നവരിൽ 90 ശതമാനവും രക്തത്തിൽ ഹീമോഗ്ലോബിന്‍റെ അളവ് 8 ശതമാനത്തിൽ താഴെയുള്ളവരാണ്”, അദ്ദേഹം കണക്കുകൂട്ടി പറഞ്ഞു.
കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളിലെ മോശപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും അവിടെ വേണ്ടത്ര വിദഗ്ദ ജീവനക്കാരില്ലാത്തതും ഇവയോടൊപ്പം ചേർക്കാം. അവിടെ സനോഗ്രഫി യന്ത്രങ്ങളില്ല (ഗർഭസ്ഥ ശിശുവിന്‍റെ പ്രശ്നങ്ങൾ ശ്ബദത്തിന്‍റെ സഹായത്താല്‍ അറിയാൻ സഹായിക്കുന്ന ഉപകരണം). വളരെക്കാലമായി മുഴുവൻ സമയ ഗൈനക്കോളജിസ്റ്റോ വിളിക്കുമ്പോൾ ലഭ്യമാകുന്ന അനീസ്തെറ്റിസ്റ്റോ (അനസ്തീസിയ നൽകുന്ന ആൾ) ഇല്ല. ആറു പി.എച്.സി. (പ്രഥമികാരോഗ്യ കേന്ദ്രങ്ങൾ) കൾക്കും ഒരു സി.എച്.സി.ക്കും ധോൽക്കയിലെ നിരവധി സ്വകാര്യ ആശുപത്രികൾ അഥവാ ക്ലിനിക്കുകൾക്കും വേണ്ടി ഒരു അനീസ്തെറ്റിസ്റ്റാണുള്ളത്. രോഗികൾ അദ്ദേഹത്തിന് പ്രത്യേക പണം നല്കണം.
തിരിച്ചു നമ്മൾ ഖാൻപർ ഗ്രാമത്തിലെ മുറിയിലെത്തുമ്പോൾ സംഭാഷണത്തിനിടയിൽ ഒരു പൊട്ടിത്തെറി കേൾക്കാം. അത് സ്വന്തം ശരീരത്തിനു മുകളിൽ സ്ത്രീകൾക്ക് നിയന്ത്രണമില്ലാതെ വരുന്ന അവസ്ഥയുമായി ബന്ധപ്പെട്ടുള്ള സംസാരമായിരുന്നു. ഒരു വയസ്സുള്ള ഒരു കുഞ്ഞിനെ കൈകളിലേന്തി ചെറുപ്പക്കാരിയായ ഒരമ്മ ആർജ്ജവത്തോടെ ചോദിക്കുന്നു: “ആരാണ് തീരുമാനിക്കുകയെന്ന ചോദ്യംകൊണ്ട് നിങ്ങൾ എന്താണ് അർത്ഥമാക്കുന്നത്? ഞാൻ തീരുമാനിക്കും. ഇതെന്‍റെ ശരീരമാണ്; എന്തിന് മറ്റാരെങ്കിലും തീരുമാനിക്കണം? മറ്റൊരു കുട്ടി വേണ്ടെന്ന് എനിക്കറിയാം. എനിക്ക് ഗുളികയും കഴിക്കണ്ട. അതുകൊണ്ട് ഞാൻ ഗർഭിണിയായാലെന്ത്? ഞങ്ങൾക്കുവേണ്ടി സർക്കാരിന്‍റെ പക്കൽ മരുന്നുകളുണ്ട്, ഇല്ലേ? ഞാൻ മരുന്നു കഴിക്കും [കുത്തിവയ്ക്കാവുന്ന ഗർഭ നിരോധന മരുന്നുകൾ]. ഞാൻ മാത്രം തീരുമാനിക്കും.”
പക്ഷെ ഇത് വളരെ അപൂർവ്വമായ ശബ്ദമാണ്. അപ്പോഴും, റാമിലാ ഭർവാഡ് സംഭാഷണത്തിന്‍റെ തുടക്കത്തിൽ പറഞ്ഞതു പോലെ: "ഇപ്പോൾ കാര്യങ്ങൾ കുറച്ചു വ്യത്യസ്തമാണ്.” നന്നായി, കുറച്ചൊക്കെയാവാം.
ഈ കഥയിലെ എല്ലാ സ്ത്രീകളുടെയും പേരുകൾ അവരുടെ സ്വകാര്യത നില നിർത്തുന്നതിനായി തെറ്റിച്ചാണ് നല്കിയിരിക്കുന്നത്, അവരുടെ.
സംവേദനാ ട്രസ്റ്റിന്‍റെ ജാനകി വസന്ത് നൽകിയ പിന്തുണയ്ക്ക് പ്രത്യേക നന്ദി
ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് മേല്‍പ്പറഞ്ഞ പ്രോജക്റ്റ്.
ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക്, [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക.
പരിഭാഷ: റെന്നിമോന്‍ കെ. സി.