തൊഴുത്തിന്റെ ഇഷ്ടികകൊണ്ട് നിർമിച്ച തറയിൽനിന്ന് ഇരുകൈകളുമുപയോഗിച്ച് എരുമച്ചാണകം കോരുകയാണ് 48കാരിയായ മൻജീത് കൗർ. തറയിൽ പറ്റിപ്പിടിച്ച അവശിഷ്ടത്തിന്റെ ഭാഗങ്ങൾ കുത്തിയിരുന്ന് ചുരണ്ടിയെടുത്ത് ബക്കറ്റിലാക്കിയശേഷം അവളത് തലയിൽച്ചുമന്ന് കൊണ്ടുപോകുകയാണ് പതിവ്. വളരെ ശ്രദ്ധാപൂർവ്വം ഭാരമേറിയ ബക്കറ്റ് തലയിൽ ഉറപ്പിക്കും, തുടർന്ന് വീട്ടുവളപ്പിന്റെ തടി ഗേറ്റുകൾ കടന്ന് ഏകദേശം 50 മീറ്റർ അകലെയുള്ള ചാണകക്കൂമ്പാരത്തിലേക്ക് നടക്കുന്നു. നെഞ്ചോളം ഉയർന്ന് നിൽക്കുന്ന ആ ചാണകക്കൂമ്പാരമാകട്ടെ മൻജീത്തിന്റെ മാസങ്ങൾ നീണ്ട അധ്വാനത്തിന്റെ തെളിവാണ്.
ഏപ്രിൽ മാസത്തിലെ ചുട്ടുപൊള്ളുന്ന ഒരു ഉച്ചയായിരുന്നു അത്. 30 മിനിറ്റിൽ മൻജീത് തന്റെ ഈ ചെറുയാത്ര ഏട്ടുതവണ ആവർത്തിക്കുന്നുണ്ട്. അവസാനം തന്റെ നഗ്നമായ കൈകൾകൊണ്ട് ചാണകം ശേഖരിക്കുന്ന ബക്കറ്റ് അവർ വെള്ളമുപയോഗിച്ച് വൃത്തിയാക്കി. പോകുന്നതിന് മുമ്പ് തന്റെ കൊച്ചുമകനായി ഒരു ചെറു സ്റ്റീൽപാത്രത്തിൽ അരലിറ്റർ ഏരുമപ്പാൽകൂടിയെടുത്തു.
രാവിലെ ഏഴുമണിമുതൽ അവൾ ജോലി ചെയ്ത ആറാമത്തെ വീടാണിത്. പഞ്ചാബിലെ താൻ തരൺ ജില്ലയിലെ അവരുടെ ഗ്രാമമായ ഹവേലിയനിലെ പ്രബലജാതിക്കാരായ ജാട്ട് സിഖുകളുടെയാണ് ഈ വീടുകളെല്ലാം.
"നിസ്സഹായവസ്ഥായാണ്“ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ തൊഴുത്തുകൾ വൃത്തിയാക്കാൻ അവളെ പ്രേരിപ്പിച്ചതെന്ന് അവർ പറയുന്നു. ദിവസം എത്രത്തോളം ചാണകം തലയിൽ ചുമക്കുന്നുണ്ടെന്ന് അവൾക്കറിയില്ല. "ഈ ഭാരമെല്ലാം ഇങ്ങനെ ചുമക്കുന്നതിനാൽ തലയ്ക്ക് നല്ല വേദനയാൺ”, അവർ പറയുന്നു.
അവളുടെ വീട്ടിലേക്കുള്ള വഴിയിൽ സ്വർണ്ണനിറത്തിൽ ഗോതമ്പ് പാടങ്ങൾ ചക്രവാളംവരെ നീണ്ടുകിടക്കുന്നു. പഞ്ചാബിലെ വിളവെടുപ്പ് ആഘോഷമായ ഏപ്രിൽ മാസത്തിലെ ബൈസാഖിക്കുശേഷം ഇവയും വിളവെടുക്കും. ഗാന്ധിവിൻഡ് ബ്ലോക്കിലെ കൂടുതൽ കൃഷിയിടങ്ങളും ഹവേലിയൻ ജാട്ട് സിഖുകളുടെ ഉടമസ്ഥതയിലാണ്. പ്രധാനമായും അരിയും ഗോതമ്പുമാണ് കൃഷി.















