തന്റെ 20–ആം വയസുവരെ അംഗദ് സലുംഖെ പ്രതീക്ഷയോടെയാണ് ജീവിച്ചത്. പിന്നീടത് ആശങ്കയിലേക്ക് വഴിമാറി. കാലക്രമേണ ഇനി ജോലിയേ ലഭിക്കില്ലെന്ന നിരാശയിലേക്ക് പതിച്ച അംഗദ്, ഒടുവിൽ പരാജയം സമ്മതിച്ചു.
2003ൽ ബീഡ് ജില്ലയിലെ നാഗപൂർ ഗ്രാമത്തിലെ വീടുവിട്ട അംഗദ് പതിനെട്ടാം വയസിലാണ് 14 കിലോമീറ്റർ അകലെയുള്ള ബീഡ് നഗരത്തിലെ കോളേജിലേക്ക് പഠനത്തിനായി പോയത്. "ബീഡിൽ നിൽക്കുന്നതിനുള്ള വാടകയ്ക്കായി എന്റെ മാതാപിതാക്കൾ അധികപണം സ്വരൂപിച്ചു'–-അയാൾ പറഞ്ഞു. അധികസമയം ജോലി ചെയ്തു, പലിശക്കാരനിൽനിന്ന് പണം കടം വാങ്ങി. "കോളേജ് ഫീസും മറ്റ് ചിലവുകളും ഉൾപ്പെടെ മൂന്നുവർഷത്തിൽ ഏകദേശം 20,000 രൂപയെങ്കിലും അവർക്ക് ചെലവാക്കേണ്ടിവന്നിട്ടുണ്ട്'.
ബിഎ ഡിഗ്രി കരസ്ഥമാക്കിയ ശേഷം അംഗദ് മധ്യപ്രദേശ് പബ്ലിക് സർവീസ് കമീഷൻ (എംപിഎസ്സി) പരീക്ഷയ്ക്കായി തയാറെടുപ്പ് തുടങ്ങി. വിജയിച്ചിരുന്നുവെങ്കിൽ സംസ്ഥാനത്തെ അഡ്മിനിസ്ട്രേറ്റീവ്, സിവിൽ ഗസറ്റഡ് തസ്തികകളായ ഡെപ്യൂട്ടി കലക്ടർ, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്, സെയിൽസ് ടാക്സ് ഇൻസ്പെക്ടർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അവന് കഴിഞ്ഞേനേ. എന്നാൽ ഉദ്യേഗാർഥികളുടെ എണ്ണം ലഭ്യമായ ജോലിയുടെ എണ്ണത്തേക്കാൾ വളരെ കൂടുതലായിരുന്നു. "എംപിഎസ്സിയുടെ വിവിധ പരീക്ഷകളിൽ ഓരോ വർഷവും 12 മുതൽ 14 ലക്ഷം ഉദ്യേഗാർഥികൾ പങ്കെടുക്കുന്നു. നിയമനം നൽകേണ്ട തസ്തികകളുടെ എണ്ണം 4,000 മുതൽ 5,000 വരെയാണ്. ആകെ ഉദ്യേഗാർഥികളിൽ രണ്ടുമുതൽ 2.5 ലക്ഷം പേർ സിവിൽ സർവീസ് പരീക്ഷയിലും പങ്കെടുക്കും. അതിൽ ശരാശരി ഒഴിവ് 300 - 400 മാത്രമാണ്. 2017 - 18ൽ ഒഴിവുകൾ വെറും 140 ആയിരുന്നു.'–- എംപിഎസ്സി ചെയർമാനായ വി.എൻ. മോറെ പറഞ്ഞു.
"ഞാൻ വളരെ കഷ്ടപ്പെട്ടു. രാത്രിയും പകലും പഠിച്ചു'– തന്റെ കൃഷിയിടത്തിലുള്ള കാളവണ്ടിയിലിരുന്ന് 34-കാരനായ അംഗദ് പറഞ്ഞു. "2007-ൽ ബീഡ് സർക്കാർ ആശുപത്രിയിൽ ക്ലർക്ക് തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയിൽ എന്റെ പേരുമുണ്ടായിരുന്നു. പക്ഷേ ശുപാർശ ചെയ്യാൻ എനിക്കാരും ഉണ്ടായില്ല'–-അത്തരം ശുപാർശ ഔദ്യോഗിക പ്രക്രിയയുടെ ഭാഗമല്ലെങ്കിലും സ്വാധീനത്തിന്റെയും പരിചയത്തിന്റെയും ഭാഗമായി നടക്കുന്ന ഒരു ഏർപ്പാടാണ്.





