“ഈ നിയമത്തിനു കീഴിൽ അല്ലെങ്കിൽ അതിനു കീഴിൽ നിർമ്മിച്ച ഏതെങ്കിലും ചട്ടങ്ങൾക്കോ ഉത്തരവുകൾക്കോ കീഴിൽ നടക്കുന്നതോ അല്ലെങ്കിൽ നടപ്പാക്കാനുദ്ദേശിക്കുന്നതോ ആയ നല്ല വിശ്വാസത്തിലുള്ള എന്തുകാര്യത്തെയും സംബന്ധിച്ച ഒരു ഹർജിയും, അന്യായവും അല്ലെങ്കിൽ നിയമ നടപടികളും കേന്ദ്ര സർക്കാരിനോ അഥവാ സംസ്ഥാന സർക്കാരിനോ, അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്‍റെയോ അഥവാ സംസ്ഥാന സർക്കാരിന്‍റെയോ ഓഫീസർക്കോ, അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിക്കോ എതിരെ നിലനിൽക്കില്ല.”
കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമത്തിന്‍റെ സെക്ഷൻ 13 -ലേക്കു സ്വാഗതം (എ.പി.എം.സി.കൾ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കാർഷികോത്പന്ന വിപണന കമ്മിറ്റികളെ ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചിട്ടുള്ളത്).
പുതിയ നിമങ്ങൾ കർഷകരെക്കുറിച്ചു മാത്രമുള്ളതാണെന്ന് നിങ്ങൾ വിചാരിച്ചോ? നിയമപരമായ കർത്തവ്യങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായി സിവിൽ ഉദ്യോഗസ്ഥരെ നിയമ നടപടികളിൽ നിന്നും ഒഴിവാക്കുന്ന വേറെയും നിയമങ്ങള്‍ തീർച്ചയായും ഉണ്ട്. പക്ഷേ ഇത് എല്ലാത്തിനും മീതെയാണ്. എന്തു കാര്യത്തെക്കുറിച്ചും ‘നല്ല വിശ്വാസ’ത്തോടെ എന്തു ചെയ്താലും ചെയ്യുന്നവരെയെല്ലാം ബാദ്ധ്യതയില്‍ നിന്നൊഴിവാക്കുമെന്നു പറയുന്നത് വിശദാംശങ്ങള്‍ പരിഗണിക്കാതെയുള്ള പൊതുപ്രസ്താവനയാണ്. ‘നല്ല വിശ്വാസ’ത്തിന്‍റെ പേരിൽ അവർ ഉത്തരവാദിയാകുന്ന കുറ്റങ്ങളുടെ പേരിൽ അവരെ കോടതിയിൽ എത്തിക്കാൻ പറ്റില്ലെന്നതു മാത്രമല്ല – ഇനിയും അവർ ഉത്തരവാദിയാകാൻ ഇരിക്കുന്ന കുറ്റങ്ങളിൽ നിന്നുകൂടി അവർക്കു നിയമ സംരക്ഷണം നല്കുന്നു (തീർച്ചയായും നല്ല വിശ്വാസ’ത്തിന്‍റെ പേരിൽത്തന്നെ.
പറഞ്ഞതിന്‍റെ സാരാംശം - കോടതിയിൽ നിയമപരമായ സഹായം തേടാനുള്ള അവകാശം ഇല്ലെന്ന കാര്യം - നിങ്ങൾക്ക് കിട്ടിയില്ലെങ്കിൽ സെക്ഷൻ 15 അതു വിശദീകരിക്കുന്നു:
"എന്തെങ്കിലും കാര്യത്തെ സംബന്ധിച്ച ഹർജിയോ വ്യവഹാരമോ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിയമാധികാരങ്ങൾ ഒരു സിവിൽ കോടതിക്കും ഇല്ല, ഈ നിയമപ്രകാരം അല്ലെങ്കിൽ അതിന്‍റെ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങൾ പ്രകാരം അധികാരപ്പെടുത്തിയിട്ടുള്ള അധികാരിക്കു മാത്രമേ അതുമായി ബന്ധപ്പെടുന്ന വ്യവഹാരങ്ങളിൽ തീർപ്പു കൽപ്പിക്കാൻ കഴിയൂ.”
ആരാണ് ‘നല്ല വിശ്വാസ’ത്തിൽ കാര്യങ്ങളൊക്കെ ചെയ്യുന്ന, നിയമപരമായി നേരിടാൻ പറ്റാത്ത 'മറ്റേതെങ്കിലുമൊരു വ്യക്തി’? സൂചന: സമരം ചെയ്യുന്ന കർഷകർ ഉരുവിട്ടു കൊണ്ടിരിക്കുന്ന കോർപ്പറേറ്റ് ഭീമന്മാരുടെ പേരുകൾ കേൾക്കൂ. ഇത് ബിസിനസ്സ് സൗകര്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യമാണ് – വളരെ വലിയ ബിസിനസ്സ്.
"ഒരു കേസും പ്രോസിക്യൂഷനും, മറ്റു നിയമ നടപടി ക്രമങ്ങളും നില നിൽക്കില്ല……” കർഷകർക്കു മാത്രമല്ല ഹർജി കൊടുക്കാൻ പറ്റാത്തത്. ആർക്കും പറ്റില്ല. ഇതു പൊതു താത്പര്യ ഹർജികൾക്കും ബാധകമാണ്. ലാഭ രഹിത സംഘങ്ങൾക്കും, കർഷക യൂണിയനുകൾക്കും, മറ്റൊരു പൗരനും (നല്ലതോ മോശമോ ആയ വിശ്വാസത്താൽ നയിക്കപ്പെടുന്നവർ ആണെങ്കിലും) ഇടപെടാൻപറ്റില്ല.
1975-77 അടിയന്തിരാവസ്ഥ കാലത്തെ നിയമത്തിനു ശേഷം നിയമസഹായം തേടാനുള്ള ഒരു പൗരന്‍റെ അവകാശത്തെ ഏറ്റവും പൊതുവായ രീതിയില്‍ ഒഴിവാക്കുന്നവയാണ് ഈ നിയമങ്ങൾ (എല്ലാ മൗലികാവകാശങ്ങളും നമ്മൾ നിസ്സാരമായി റദ്ദു ചെയ്തപ്പോൾ).







