ഈയാഴ്ച ചൊവ്വാഴ്ച ഉണ്ടായ മഴ മൂലം മദ്ധ്യ മുംബൈയിലെ ശിവാജി പാർക്ക് നടക്കാൻ പറ്റാത്ത വിധം ചെളിക്കടലും വഴുക്കലുള്ളതും സുരക്ഷിതമല്ലാത്തതുമായി മാറി. സഖുബായ് ഖോരേ അവിടെ വീണ് കാലിനു പരിക്കേറ്റു. പക്ഷേ നഷ്ടപ്പെട്ട ഭൂരിഭാഗം പല്ലുകൾക്കിടയിലൂടെ ചിരിച്ചുകൊണ്ട് അവർ അപ്പോഴും പറഞ്ഞു, “എന്‍റെ ദേവന്‍റെ [ദൈവം] പാദത്തിൽ സ്പർശിക്കുവാനാണ് ഞാനിവിടെ വന്നിട്ടുള്ളത്. എനിക്കു പറ്റുന്നതുവരെ ഞാനിവിടെ വരും, എന്‍റെ കൈ-കാലുകള്‍ക്കു കുഴപ്പമില്ലാത്ത കാലത്തോളം, എന്‍റെ കണ്ണുകൾക്കു കാഴ്ചയുള്ളിടത്തോളം, അന്നുവരെ ഞാനിവിടെ വന്നുകൊണ്ടിരിക്കും.”
ഡോ: ബാബാ സാഹേബ് അംബേദ്കർ ആണ് അവരുടെ ദേവൻ - ആ സ്ഥലത്ത് കൂടിയിരിക്കുന്ന ഏതാണ്ടെല്ലാവരുടെയും കാര്യത്തിലെന്നപോലെ. ഏകദേശം 70 വയസ്സുള്ള നവബുദ്ധ ദളിത് സ്ത്രീയായ സഖുബായ് ജൽഗാവ് ജില്ലയിലെ ഭുസാവളിൽ നിന്നുമാണ് ഡിസംബർ 6 ബുധനാഴ്ച നടക്കുന്ന അദ്ദേഹത്തിന്‍റെ ചരമവാർഷികത്തിൽ ആദരവ് അർപ്പിക്കാൻ വന്നത്.
ഈ ദിവസമാണ് എല്ലാ വർഷവും ശിവാജി പാർക്കും അടുത്തുള്ള ദാദറിലെ ചൈതന്യ ഭൂമിയും ദളിത് സമൂഹങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് ആളുകളുടെ വലിയൊരു കൂട്ടമായി മാറുന്നത്. ഇൻഡ്യൻ ഭരണഘടനയുടെ ശിൽപിയായ ഡോ: അംബേദ്കറെ 1956-ൽ അടക്കം ചെയ്തതിന്‍റെ ഓർമ്മ നിലനിര്‍ത്തുന്ന സ്ഥലമാണ് ചൈതന്യ ഭൂമി. 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ നേതാക്കന്മാരിലും പരിഷ്കർത്താക്കളിലും ഒരാളും എവിടെയുമുള്ള മർദ്ദിതരുടെ അചഞ്ചല ശബ്ദവുമായ ഉന്നത വ്യക്തിത്വം ബി. ആർ. അംബേദ്കർക്ക് ആദരാഞ്ജലി അർപ്പിക്കാനാണ് അവർ വരുന്നത്. ആ ദിവസം അവിടെ ഹാജരാകുന്നതിനായി അവർ ബസിലും ട്രെയിനിലും യാത്ര ചെയ്തും വളരെ ദൂരം നടന്നുമൊക്കെ വരുന്നു. മുംബൈയ്ക്കകത്തു നിന്നും, പല ഗ്രാമങ്ങളിൽ നിന്നും, മഹാരാഷ്ട്രയിലെ വിവിധ പട്ടണങ്ങളിൽ നിന്നും, വിവിധ സംസ്ഥാനങ്ങളിൽ നിന്നു പോലുമാണ് അവർ വരുന്നത് – അംബേദ്കറോടുള്ള എല്ലാ ബഹുമാനത്തോടും നന്ദിയോടും സ്നേഹത്തോടും കൂടി. ചിലർ ദിവസങ്ങൾ യാത്ര ചെയ്താണ് എത്തുന്നത്.












