ഞങ്ങൾക്ക് സംശയമേതുമുണ്ടായില്ല. ഞങ്ങൾ കണ്ടത് ഒരു ആനയെത്തന്നെയാണ്. ആനപ്പുറത്തിരിക്കുന്ന ഒരുമനുഷ്യനേയും. സുർഗുജ-പലാമു അതിർത്തിയിലെ ആളൊഴിഞ്ഞ ഒരു പ്രദേശത്തുകൂടി നടക്കുമ്പോഴാണ് ഞങ്ങൾ ആദ്യം അയാളെയും അയാളോടൊപ്പമുള്ള മൃഗത്തെയും കാണുന്നത്. അല്ലെങ്കിൽ കണ്ടുവെന്ന് ഞങ്ങൾക്ക്തോന്നിയത്. ആ തോന്നൽ ശരിയാണോയെന്ന് ഞങ്ങൾ 3 പേരും പരസ്പരം ചോദിച്ച് ഉറപ്പുവരുത്തി. എന്നാൽ അടുത്തുചെന്ന് ഉറപ്പുവരുത്താൻ ആരുംതന്നെ വലിയഉത്സാഹം കാണിച്ചുമില്ല.
എന്നെ കാണാനായി ചാന്ദ്‌വയിൽനിന്ന് വന്ന ദലീപ്കുമാറിനെ ഇത്ക്രുദ്ധനാക്കി. ഞങ്ങളുടെ പെരുമാറ്റം തീർത്തും അബദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു ."ഇതേ കാഴ്ച പാട്നയിലോ റാഞ്ചിയിലോ മറ്റേതെങ്കിലും നഗരപ്രദേശത്തോ കണ്ടാൽനിങ്ങൾക്ക് അത് വിചിത്രമായി തോന്നുകയില്ലല്ലോ.ഇത്കാടാണ്. ആനകൾ കാട്ടിൽ കഴിയുന്ന ജീവികളാണ്.നമ്മൾ കാണിക്കുന്നത് അസംബന്ധമാണ്."
ഇത്കാടാണ് എന്നതുകൊണ്ടുതന്നെയാകും ചിലപ്പോൾ ഞങ്ങൾ ഇങ്ങനെ പെരുമാറുന്നത്. ദലീപ് തികച്ചും യുക്തിപൂർവ്വമായാണ് സംസാരിച്ചത് എന്നത് വാസ്തവമാണ്. എന്നാൽ യുക്തിചിന്തയുടെ അടുത്തപടിയായ പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരുന്നതിൽ തനിക്ക് വ്യക്തമായ താത്പര്യക്കുറവുണ്ടെന്നതും അദ്ദേഹം സമ്മതിച്ചുതന്നു. ഇതിനുപുറമേ, ആനപ്പുറത്ത് ഒരാൾ ഇരിക്കുന്നത് വ്യക്തമായി കണ്ടോ എന്നതിലും ഞങ്ങൾക്കിടയിൽ സംശയമുണ്ടായിരുന്നു.
എന്നാൽ ഇതിനകം ആ മനുഷ്യൻ ഞങ്ങളെ കണ്ടിരുന്നു.ഞങ്ങൾക്ക് നേരെ ആവേശപൂർവം കൈവീശിക്കാണിച്ചുകൊണ്ട് അയാൾ തന്റെ വലിയ വാഹനത്തെ ഞങ്ങളുടെയടുത്തേയ്ക്ക് നയിച്ചു. പാർബതി എന്ന് പേരുള്ള അവൾ, ഒരാൾ കണ്ടുകണ്ടുമുട്ടാൻ സാധ്യതയുള്ള ഏറ്റവും ശാന്തയായ ശുദ്ധാത്മാവായിരുന്നു. അതിനുതക്കവണ്ണം അയാളുടെപേരാകട്ടെ 'പാർഭു'* എന്നും. ഞങ്ങൾ കേട്ടിട്ടില്ലാത്ത ഒരമ്പലത്തിലേക്ക് അവളെ കൊണ്ടുപോവുകയായിരുന്നു അയാൾ. ആ പ്രദേശത്തുള്ള എല്ലാ അമ്പലങ്ങളിലും തങ്ങൾ പോകാറുണ്ടെന്ന് പാർഭു പറഞ്ഞു. അവിടെനിന്നാണ് അവർക്ക് എന്തെങ്കിലും സമ്പാദിക്കാനാകുന്നത്. ഉത്സവസമയമാണെങ്കിൽ വരുമാനം കൂടും. പോകുന്നവഴിക്കുള്ള ഗ്രാമങ്ങളിലെ നല്ലവരായ താമസക്കാർ കൊടുക്കുന്ന ഭക്ഷണവും പണവും ലഭിക്കുകയുംചെയ്യും.
മധ്യപ്രദേശിലെ സുർഗുജയിലാണ് തന്റെ താമസമെന്ന് പാർഭു പറഞ്ഞു. എന്നാൽ സുർഗുജയ്ക്കും പലാമുവുമിനുമിടയ്ക്കുള്ള അതിർത്തിയ്ക്കിരുവശവും സ്ഥിരമായി സഞ്ചരിക്കാറുണ്ട് അയാളും പാർബതിയും. ഡൽഹി, ഗോവ, നാഗാലൻഡ് എന്നിവ മൂന്നും ചേർന്നാലുള്ളതിനേക്കാൾ വലുതാണ് സുർഗുജ എന്ന ഒരൊറ്റ ജില്ല. പലാമു ബിഹാറിൽ ഉൾപ്പെടുന്നപ്രദേശമാണ്.** ഇവ രണ്ടും രാജ്യത്തെത്തന്നെ ഏറ്റവും ദരിദ്രമായ ജില്ലകളിൽ ഉൾപ്പെട്ടവയുമാണ്. അതായത്, ഈ രണ്ടുജില്ലകളിലും ദരിദ്രരായ ഒട്ടനേകം ജനങ്ങളുണ്ട്. എന്നാൽ, പ്രകൃതിവിഭവങ്ങളുടെ കാര്യത്തിലാകട്ടെ, ഇവ രണ്ടും തികച്ചും സമൃദ്ധവുമാണ്.





