നാലാമതും ഗർഭം ധരിച്ചപ്പോൾ അത് ഒഴിവാക്കാനായി കമല പോയത്, തന്‍റെ ഊരിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള ബേനൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കല്ല. വീട്ടിൽനിന്ന് നടന്നാലെത്താവുന്ന ചന്തയിലേക്ക് മാത്രമേ അവർ ഇന്നോളം പോയിട്ടുള്ളു. “ആ സ്ഥലത്തിനെക്കുറിച്ച് എനിക്ക് അറിയുകപോലുമില്ല. ഭർത്താവാണ് പിന്നീട് അത് കണ്ടുപിടിച്ചത്”.

ഊരിൽനിന്ന് അകലെയല്ലാത്ത ഒരു പ്രാദേശിക വൈദ്യനെയാണ് കമലയും ഭർത്താവ് രവിയും (പേരുകൾ യഥാർത്ഥമല്ല) ആദ്യം സമീപിച്ചത്. കമലയ്ക്ക് 30-വയസ്സ് കഴിഞ്ഞിരുന്നു. രവിയ്ക്ക് 35-ഉം. “ഒരു സുഹൃത്താണ് അയാളെക്കുറിച്ച് ഞങ്ങളോട് പറഞ്ഞത്. വീടിനടുത്തുള്ള ഇത്തിരി സ്ഥലത്ത് പച്ചക്കറി വളർത്തി അങ്ങാടിയിൽ വിൽക്കുകയാണ് കമലയുടെ ജോലി. ഭർത്താവാകട്ടെ, അടുത്തുള്ള അങ്ങാടിയിൽ കൂലിപ്പണിക്കാരനാണ്. രണ്ട് സഹോദരന്മാരുടെ കൂടെ ചേർന്ന്, മൂന്നേക്കറിൽ ഗോതമ്പും ചോളവും കൃഷിചെയ്യുന്നുമുണ്ട്. കമല സൂചിപ്പിച്ച ക്ലിനിക്ക് ഹൈവേയിൽനിന്ന് കാണാൻ സാധിക്കും. ആശുപത്രി എന്നാണ് അതിനെ വിശേഷിപ്പിക്കുന്നതെങ്കിലും, പ്രവേശനകവാടത്തിൽ ഡോക്ടറുടെ പേരൊന്നും സൂചിപ്പിച്ചിരുന്നില്ല. പക്ഷേ, വളപ്പിന്‍റെ ചുറ്റിലും കെട്ടിയിരിക്കുന്ന ഫ്ലെക്സിൽ പേരിനോടൊപ്പം ഡോക്ടർ എന്നുകൂടി ചേർത്തിട്ടുണ്ട്.

അടുത്ത മൂന്ന് ദിവസത്തേക്ക് കഴിക്കാൻ അഞ്ച് ഗുളികകൾ അയാൾ കൊടുത്തു. 500 രൂപയും വാങ്ങിയിട്ട്, അടുത്ത രോഗിയെ വിളിച്ചു. മരുന്നിനെക്കുറിച്ചോ, അതിന്‍റെ ഗുണദോഷങ്ങളെക്കുറിച്ചോ ഒരു കാര്യവും പറഞ്ഞില്ല. എപ്പോഴാണ് ഗർഭം അലസിപ്പോവുക എന്നുപോലും അയാൾ പറഞ്ഞില്ല.

മരുന്ന് കഴിച്ച് കുറച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ചോര വാർന്നുപോകാൻ തുടങ്ങി. “കുറച്ച് ദിവസം കഴിഞ്ഞിട്ടും നിൽക്കാതെ വന്നപ്പോൾ അയാളെപ്പോയി കണ്ടു. പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പോയി ഗർഭപാത്രം വൃത്തിയാക്കാനായിരുന്നു അയാളുടെ നിർദ്ദേശം”.

ബേനൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുറത്ത്, ഗർഭഛിദ്രത്തിനുള്ള പ്രക്രിയയ്ക്കായി തന്‍റെ പേർ വിളിക്കുന്നതും നോക്കി ഇളംവെയിലിൽ കാത്തുനിൽക്കുകയായിരുന്നു കമല. 30 മിനിറ്റെടുക്കുന്ന പ്രക്രിയയാണത്. അതിനുമുൻപും ശേഷവും മൂന്നുനാല് മണിക്കൂറുകൾ വിശ്രമിക്കുകയും വേണം. തലേദിവസം, മൂത്ര-രക്ത പരിശോധനകളൊക്കെ ചെയ്തിരുന്നു അവർ.

ഛത്തീസ്‌ഗഢിലെ നാരായൺപുർ ജില്ലയിലെ ഏറ്റവും വലിയ പ്രാഥമികാരോഗ്യകേന്ദ്രം 2019-ലാണ് പുതുക്കിപ്പണിതത്. ചിരിക്കുന്ന അമ്മമാരുടേയും ആരോഗ്യമുള്ള കുട്ടികളുടേയും വർണ്ണചിത്രങ്ങൾ അലങ്കരിച്ച പ്രത്യേക പ്രസവമുറികളും, 10 കിടക്കകളുള്ള വാർഡും, 3 കിടക്കകളുള്ള പ്രസവശസ്ത്രക്രിയാ മുറികളും ഓട്ടോക്ലേവ് യന്ത്രവും, പ്രസവമടുത്ത സ്ത്രീകൾക്ക് താമസിക്കാനുള്ള സൗകര്യങ്ങളും അടുക്കളപ്പൂന്തോട്ടവുമൊക്കെയുള്ള ആരോഗ്യകേന്ദ്രമാണ് ബേനൂർ പി.എച്ച്.സി.

Clinics such as this, with unqualified practitioners, are the first stop for many Adiasvi women in Narayanpur, while the Benoor PHC often remains out of reach
PHOTO • Priti David
Clinics such as this, with unqualified practitioners, are the first stop for many Adiasvi women in Narayanpur, while the Benoor PHC often remains out of reach
PHOTO • Priti David

ബേനൂർ പി .എച്ച്.സി. പല ആദിവാസികൾക്കും അപ്രാപ്യമാണ്. യോഗ്യതകളില്ലാത്ത ഡോക്ടർമാരുടെ ക്ലിനിക്കുകളിലേക്കാണ് അവർ ആദ്യമെത്തുക

“ജില്ലയിൽ ഏറ്റവും ആധുനിക സൗകര്യങ്ങളും സേവനങ്ങളും ഉള്ള പി.എച്ച്.സി.യാണ് നാരായൺപുരിലേത്” എന്ന് സംസ്ഥാന മുൻ മാതൃ-ആരോഗ്യ വിദഗ്ദ്ധനായ ഡോ. രോഹിത് ബഘേല്‍ പറഞ്ഞു. അവിടെയുള്ള 22 ഉദ്യോഗസ്ഥരിൽ, ഒരു ഡോക്ടർ, ഒരു ആയുഷ് (തനത് ചികിത്സാപദ്ധതി) മെഡിക്കൽ ഉദ്യോഗസ്ഥൻ, അഞ്ച് നഴ്സുമാർ, രണ്ട് ലാബ് ടെക്നീഷ്യന്മാർ, ഒരു സ്മാർട്ട്കാർഡ് കം‌പ്യൂട്ടർ ഓപ്പറേറ്റർ എന്നിവർ ഉൾപ്പെടുന്നു.

30 കിലോമീറ്റർ ചുറ്റളവിലുള്ള ആദിവാസികളായ രോഗികളെ ഉദ്ദേശിച്ചാണ് പ്രാഥമികാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്. ജില്ലയിലെ ജനസംഖ്യയിലെ 77.36 ശതമാനവും ഗോണ്ഡ്, അഭൂജ് മാരിയ, ഹൽബ, ധുർവ, മുരിയ, മാരിയ തുടങ്ങിയ പട്ടികവർഗ്ഗത്തിൽ‌പ്പെടുന്നവരാണ്.

“ഇവിടെ ഇതൊക്കെ ചെയ്യുന്നുണ്ടെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു” എന്ന് മുഖം തന്‍റെ സാരിത്തലപ്പുകൊണ്ട് മറച്ച് കമല പറഞ്ഞു. മൂന്ന് മക്കളേയും - 12-ഉം, 9-ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളെയും 10 വയസ്സുള്ള ആൺകുട്ടിയേയും അവർ പ്രസവിച്ചത്, ഒരു ഗോണ്ഡ് വയറ്റാട്ടിയുടെ സഹായത്തോടെയാണ്. പ്രസവത്തിനുമുൻപും ശേഷവുമൊന്നും അവർക്ക് ഒരു ഗർഭകാലപരിചരണവും ലഭിച്ചിട്ടില്ല. “ഇവിടെ ആദ്യമായിട്ടാണ് വരുന്നത്. അങ്കണവാടിയിൽ അവർ ഗുളികകൾ തരുന്നുണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും ഞാൻ ഒരിക്കലും പോയിട്ടില്ല”. ഗ്രാമങ്ങളും ഊരുകളും സന്ദർശിച്ച് ആവശ്യമായ ഗുളികകളും മരുന്നുകളും നൽകുകയും ഗർഭകാല പൂർവ്വ പരിശോധനകൾ നടത്തുകയും ചെയ്യുന്ന ഗ്രാമീണ ആരോഗ്യ സംഘാടകരെ/ആർ.എച്ച്.ഒ.മാരെയാണ് (Rural Health Organisers - RHO) കമല ഉദ്ദേശിച്ചത്.

പൊതുജനാരോഗ്യകേന്ദ്രത്തെക്കുറിച്ചുള്ള കമലയുടെ അജ്ഞത ഈ പ്രദേശത്ത് അപൂർവ്വമൊന്നുമല്ല. ഛത്തീസ്‌ഗഢ് ഗ്രാമങ്ങളിലെ 33.2 ശതമാനം സ്ത്രീകളും ആരോഗ്യസ്ഥാപനങ്ങളെ ആശ്രയിക്കുന്നില്ലെന്ന് ദേശീയ കുടുംബാരോഗ്യ സർവ്വെ-4 (2015-2016) സൂചിപ്പിക്കുന്നു. ഗർഭനിരോധനമാർഗ്ഗങ്ങളൊന്നും ഉപയോഗിക്കാത്ത, കമലെയെപ്പോലെയുള്ള ഗ്രാമീണസ്ത്രീകളിൽ 28 ശതമാനം പേർ മാത്രമാണ് ആരോഗ്യപ്രവർത്തകരോട്, കുടുംബാസൂത്രണത്തെക്കുറിച്ച് സംസാരിച്ചിട്ടുള്ളത്. “പ്രതീക്ഷിക്കാതെ സംഭവിക്കുന്ന ഗർഭധാരണങ്ങൾ സാധാരണമാണ്” എന്നും, “ഗർഭഛിദ്രം റിപ്പോർട്ട് ചെയ്യുന്ന നാല് സ്ത്രീകളിൽ ഒരാൾക്ക് സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്” എന്നും ദേശീയ കുടുംബാരോഗ്യ സർവ്വെ-4 രേഖപ്പെടുത്തിയിട്ടുണ്ട്.

Left: Dr. Rohit Baghel, former state maternal health consultant, explaining delivery procedures to staff nurses and RMAs at a PHC. 'The Benoor PHC [is the best-equipped and serviced in the district', he says. Right: Dr. Paramjeet Kaur says she has seen many botched abortion cases in the nearly two years she has been posted in this part of Bastar
PHOTO • Priti David
Left: Dr. Rohit Baghel, former state maternal health consultant, explaining delivery procedures to staff nurses and RMAs at a PHC. 'The Benoor PHC [is the best-equipped and serviced in the district', he says. Right: Dr. Paramjeet Kaur says she has seen many botched abortion cases in the nearly two years she has been posted in this part of Bastar
PHOTO • Priti David

ഇടത്ത് : സ്റ്റാഫ് നഴ്സുമാർക്കും ആർ.എം.എ.മാർക്കും സംസ്ഥാന മുൻ മാതൃകാര്യ ആരോഗ്യവിദഗ്ദ്ധൻ ഡോ. രോഹിത് ബഘേല്‍, പ്രസവപ്രക്രിയകൾ വിശദീകരിച്ചുകൊടുക്കുന്നു. “ജില്ലയിൽ ഏറ്റവും മുന്തിയ സൗകര്യങ്ങളുള്ള ഒന്നാണ് ബേനൂർ പി.എച്ച്.സി” അദ്ദേഹം പറയുന്നു. വലത്ത്: തെറ്റായ രീതിയിൽ നടത്തിയ നിരവധി ഗർഭഛിദ്രങ്ങൾ ബസ്തറിൽ കണ്ടിട്ടുണ്ടെന്ന് ഡോ . പരംജീത് കൗ ർ പറഞ്ഞു

നാരായൺപുരിലെ ജനസംഖ്യയുടെ 90 ശതമാനത്തിനടുത്ത് ആളുകൾ താമസിക്കുന്നത്, റോഡ് സൗകര്യങ്ങളില്ലാത്തതും മോശമായതുമായ ഗ്രാമപ്രദേശങ്ങളിലായതിനാൽ, ആരോഗ്യകേന്ദ്രങ്ങളിലേക്ക് അവർക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടാണ്. നാരായൺപുർ ജില്ലയിലെ പൊതുജനാരോഗ്യ ശൃംഖലയിൽ എട്ട് പ്രാഥമികാരോഗ്യകേന്ദ്രങ്ങളും (പി.എച്ച്.സി.) ഒരു സാമൂഹികാരോഗ്യകേന്ദ്രവും (സി.എച്ച്.സി.) 60 ഉപ ആരോഗ്യകേന്ദ്രങ്ങളുമുണ്ടെങ്കിലും ഡോക്ടർമാരുടെ അഭാവം രൂക്ഷമാണ്. ജില്ലയിൽ ആവശ്യമായ വിദഗ്ദ്ധ ഡോക്ടർമാരുടെ തസ്തികകളിൽ 60 ശതമാനത്തിലധികവും ഒഴിഞ്ഞുകിടക്കുകയാണ്. ജില്ലാ ആശുപത്രിയൊഴിച്ച് മറ്റെവിടെയും ഗൈനക്കോളജിസ്റ്റുകളില്ലെന്ന് ഡോ. ബഘേല്‍ സൂചിപ്പിച്ചു. ഗർപ്പയിലെയും ഹന്ദവാഡയിലെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഒറ്റമുറിയിലാണ് പ്രവർത്തിക്കുന്നത്. അവർക്ക് കെട്ടിടങ്ങളോ ഡോക്ടർമാരോ ഒന്നുമില്ല. ബഘേല്‍ കൂട്ടിച്ചേർത്തു.

യോഗ്യതകളില്ലാത്ത, മുൻപ് സൂചിപ്പിച്ചതുപോലുള്ള ‘ഡോക്ടർ’മാരെ സമീപിക്കാൻ, കമലയെപ്പോലെയുള്ള സ്ത്രീകളെ നിർബന്ധിതരാക്കുന്നത് ഈ സാഹചര്യങ്ങളാണ്. “ആരാണ് അലോപ്പതി ഡോക്ടർ, ആരാണ് അല്ലാത്തവർ എന്നൊന്നും പല ആദിവാസികൾക്കും അറിയില്ല. “യോഗ്യതകളില്ലാത്ത, വ്യാജഡോക്ടർമാരാണ് ഞങ്ങൾക്കുള്ളത്. അവർ കുത്തിവെപ്പുകളും, തുള്ളിമരുന്നുകളും ഡ്രിപ്പുകളും ഒക്കെ തോന്നിയതുപോലെ ആളുകൾക്ക് കൊടുക്കുന്നു. ചോദ്യം ചെയ്യാനും ആരുമില്ല”, ബസ്തർ ആസ്ഥാനമായ സാഥി സമാ‍ജ് സേവി സൻസ്ഥ എന്ന എൻ.ജി.ഒ.യിലെ പദ്ധതി സംഘാടകനും ഗോണ്ഡ് ആദിവാസി വിഭാഗത്തിൽ‌പ്പെട്ടയാളുമായ പ്രമോദ് പോടായി പറഞ്ഞു.

ഈ കുറവ് നികത്തുന്നതിന് ഗ്രാമീണ വൈദ്യസഹായികളുടെ (റൂറൽ മെഡിക്കൽ അസിസ്റ്റന്‍റ്സ് – ആർ.എം.എ.) തസ്തികകൾ സംസ്ഥാന സർക്കാർ രൂപവത്ക്കരിച്ചിട്ടുണ്ട്. 2001-ൽ ഛത്തീസ്‌ഗഢ് സംസ്ഥാനം രൂപവത്കൃതമായപ്പോൾ, ആകെയുള്ള 1,455 തസ്തികകളുള്ളതിൽ, പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ഉണ്ടായിരുന്നത് 516 മെഡിക്കൽ ഓഫീസർമാർ മാത്രമാണ്. ഗ്രാമീണമേഖലകളിൽ ആരോഗ്യകാര്യ പ്രവർത്തകരെ പരിശീലിപ്പിക്കുക എന്നതായിരുന്നു 2001ലെ ഛത്തീസ്‌ഗഢ് ചികിത്സാ മണ്ഡൽ ആക്ടിന്‍റെ ലക്ഷ്യം. ‘ആധുനിക വൈദ്യ- ശസ്ത്രക്രിയാ പരിശീലകർ’ (Practitioners in Modern Medicine & Surgery) എന്ന പേരിൽ തുടങ്ങിയ മൂന്ന് വർഷത്തെ കോഴ്സിന്‍റെ പേർ മൂന്നുമാസത്തിനകം, ‘സമാന്തര വൈദ്യശാസ്ത്ര ഡിപ്ലോമ’ (Diploma in Alternative Medicine) എന്നാക്കി മാറ്റുകയുണ്ടായി. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുമായി (എം.സി.ഐ.) ചർച്ച ചെയ്യുകയോ ഒന്നുമുണ്ടായിട്ടില്ല. ‘ആധുനികവൈദ്യം’, ‘ശസ്ത്രക്രിയ’ തുടങ്ങിയ വാക്കുകളെക്കുറിച്ച് നിയമപരമായ ആശങ്കകളും നിലനിന്നിരുന്നു. ബയോക്കെമിക്ക് മരുന്നുകൾ, സസ്യ-ധാതു മരുന്നുകൾ (herbo-mineral medicine), അക്യുപ്രഷർ, ഫിസിയോതെറാപ്പി, കാന്തിക ചികിത്സ, യോഗ, പുഷ്പ പ്രതിവിധികൾ (yoga and flower remedies) എന്നിവയൊക്കെ ഉൾപ്പെടുന്നതായിരുന്നു കോഴ്സ്. ആർ.എം.എ.മാരായി യോഗ്യത നേടുന്നവരെ അസിസ്റ്റന്റ് മെഡിക്കൽ ഓഫീസർ പദവിയിൽ, ഗ്രാമീണ, ഗോത്ര മേഖലകളിൽ പ്രത്യേകം നിയമിക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു.

Although the Benoor PHC maternity room (left) is well equipped, Pramod Potai, a Gond Adivasi and NGO health worker says many in his community seek healthcare from unqualified practitioners who 'give injections, drips and medicines, and no one questions them'
PHOTO • Priti David
Although the Benoor PHC maternity room (left) is well equipped, Pramod Potai, a Gond Adivasi and NGO health worker says many in his community seek healthcare from unqualified practitioners who 'give injections, drips and medicines, and no one questions them'
PHOTO • Avinash Awasthi

ബേനൂർ പ്രാഥമികാരോഗ്യകേന്ദ്രം (ഇടത്ത്) എല്ലാ സൗകര്യങ്ങളുമുള്ളതാണെങ്കിലും, തന്‍റെ സമുദായത്തിലെ പലരും പോവുന്നത് ‘കുത്തിവെപ്പും തുള്ളിമരുന്നുകളും മറ്റും കൊടുക്കുന്ന സംശയാസ്പദമായ ചികിത്സകരുടെ സമീപത്തേക്കാണെന്നും, ആരും ഇതൊന്നും ചോദ്യം ചെയ്യാനില്ലെന്നും’ ഗോണ്ഡ് ആദിവാസിയും ഒരു എൻ.ജി.ഒ.യുടെ ആരോഗ്യപ്രവർത്തകനുമായ പ്രമോദ് പോടായി (വലത്ത്) പറയുന്നു

വൈദ്യശാസ്ത്രത്തിന്‍റെ നിലവാരത്തിനെ തകർക്കുമെന്ന കാരണത്താൽ, എം.സി.ഐ. ഈ ഡിപ്ലോമ കോഴ്സിനെ തള്ളിക്കളഞ്ഞിട്ടുണ്ട്. 3 റിട്ട് ഹരജികൾ (ആദ്യത്തേത്, 2001-ൽ ഐ.എം.എ.യുടെ ഛത്തീസ്‌ഗഢ് സംസ്ഥാനശാഖയുടേയും, മറ്റ് രണ്ടെണ്ണം നഴ്സുമാരുടേയും ആരോഗ്യപ്രവർത്തകരുടേയും മറ്റുള്ള ചിലരുടേയും) ബിലാസ്പുരിലെ ഛത്തീസ്‌ഗഢ് ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. ആർ.എം.എ.മാർക്ക് അസിസ്റ്റന്‍റ് മെഡിക്കൽ ഓഫീസർ എന്ന പദവി നൽകിക്കൊണ്ടുള്ള നയ തീരുമാനം സംസ്ഥാനസർക്കാർ ഉപേക്ഷിച്ചിട്ടുണ്ടെന്ന് 2020 ഫെബ്രുവരി 4-ന് ഹൈക്കോടതി അറിയിച്ചു. ആർ.എം.എ.മാർ ഡോക്ടർ എന്ന പദവി ഉപയോഗിക്കാൻ പാടില്ലെന്നും, രോഗാവസ്ഥയിലോ അത്യാസന്നനിലയോ, അടിയന്തരഘട്ടത്തിലോ ഉള്ളവർക്ക്, എം.ബി.ബി.എസ്.  ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പ്രാഥമിക ചികിത്സ കൊടുക്കുകയല്ലാതെ സ്വതന്ത്രമായ നിലയിൽ പ്രവർത്തിക്കരുതെന്നും കോടതി ഉത്തരവിട്ടു.

വലിയൊരു വിടവ് നികത്താൻ എന്തായാലും ആർ.എം.എ.മാരെക്കൊണ്ട് കഴിഞ്ഞു. “ഡോക്ടർമാർ ഇല്ലാത്ത അവസ്ഥയിൽ, വ്യാജന്മാരുടെ അടുത്ത് പോകാതെ, ആർ.എം.എ.മാരെ സമീപിക്കാമെന്നായി”, ബഘേല്‍ പറയുന്നു. “ഗർഭനിരോധനമാർഗ്ഗങ്ങളെക്കുറിച്ച് ലളിതമായ ഉപദേശം നൽകാനുള്ള വൈദ്യപരിശീലനം ലഭിച്ചിട്ടുണ്ടെങ്കിലും, അതിൽക്കൂടുതലൊന്നും അവർക്ക് ചെയ്യാനാവില്ല. കൗൺസലിംഗ് നടത്താനും ഗർഭഛിദ്രത്തിനുള്ള മരുന്നുകൾ കൊടുക്കാനും യോഗ്യതകളുള്ള ഒരു എം.ബി.ബി.എസ് ഡോക്ടർക്കുമാത്രമേ അനുവാദമുള്ളു”.

2019-20-ൽ സംസ്ഥാനത്ത് 1,411 ആർ.എം.എ.മാർ സേവനമനുഷ്ഠിക്കുന്നുണ്ടായിരുന്നുവെന്ന് ബഘേല്‍ പറഞ്ഞു. “അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും മരണനിരക്കിൽ വന്ന കുറവിന് കാരണം അവരുടെ പ്രവർത്തനമാണ്” എന്ന് അദ്ദേഹം സൂചിപ്പിച്ചു. ഛത്തീസ്‌ഗഢിലെ ശിശുമരണങ്ങൾ 2005-2006-ൽ 71 ആയിരുന്നത്, 2015-2016 ആകുമ്പോഴേക്കും 54 ആയി കുറഞ്ഞു. പൊതുസംവിധാനങ്ങൾക്ക് കീഴിലുള്ള സ്ഥാപനങ്ങളിലെ പ്രസവങ്ങളാ‍കട്ടെ, 2005-2006-ൽ 6.9 ശതമാനമായിരുന്നത് 55.9 ആയും ഉയർന്നു (എ.എഫ്.എച്ച്.എസ്.-4).

താൻ ആദ്യം സന്ദർശിച്ച ‘ഡോക്ടർ’ ആർ.എം.എ. ആയിരുന്നോ അതോ യാതൊരു യോഗ്യതകളുമില്ലാത്ത ആളായിരുന്നോ എന്നൊന്നും കമലയ്ക്ക് അറിയില്ല. ആരുതന്നെയായാലും, കമലയ്ക്ക് കുറിച്ചുനൽകിയതുപോലുള്ള മിസോപ്രോസ്റ്റോൾ , മിഫെപ്രെസ്റ്റോൺ മരുന്നുകൾ നൽകാൻ അയാൾക്ക് അധികാരമുണ്ടായിരുന്നില്ല. “ഇനി എം.ബി.ബി.എസ് ഡോക്ടർമാരായാൽ‌പ്പോലും, ഇത്തരം മരുന്നുകൾ കൊടുക്കുന്നതിനുമുൻപ്, ഒരു സർക്കാർ ആശുപത്രിയിൽ നിർബന്ധമായും 15 ദിവസത്തെ എം.ടി.പി. പരിശീലനം കഴിഞ്ഞിരിക്കണം എന്നാണ് വ്യവസ്ഥ”. ബേനൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെ അധികാരിയായ 26 വയസ്സുള്ള അലോപ്പതി ഡോക്ടർ പരംജീത് കൗർ പറഞ്ഞു. “രക്തം അധികം പോകുന്നില്ലെന്നും, ഗർഭഛിദ്രം പൂർണ്ണമായിട്ടുണ്ടെന്നും ഉറപ്പുവരുത്തണം, അതല്ലെങ്കിൽ ജീവനാശം പോലും സംഭവിച്ചേക്കാം”.

Left: 'The Dhodai PHC covers 47 villages, of which 25 have no approach road', says L. K. Harjpal (standing in the centre), the RMA at Dhodai. Right: To enable more women to approach public health services, the stage government introduced bike ambulances in 2014
PHOTO • Priti David
Left: 'The Dhodai PHC covers 47 villages, of which 25 have no approach road', says L. K. Harjpal (standing in the centre), the RMA at Dhodai. Right: To enable more women to approach public health services, the stage government introduced bike ambulances in 2014
PHOTO • Priti David

ഇടത്ത് : “ധോഡയ് പ്രാഥമികാരോഗ്യകേന്ദ്രത്തിനുകീഴിലുള്ള 47 ഗ്രാമങ്ങളിൽ 25 എണ്ണത്തിലും അപ്രോച്ച് റോഡുകളില്ല” എന്ന് ആർ.എം.എ. എൽ.കെ. ഹർജ്പാൽ (നടുവിൽ നിൽക്കുന്നത്) പറയുന്നു. വലത്ത്: കൂടുതൽ സ്ത്രീകളെ പൊതുജനാരോഗ്യസേവനത്തിലേക്ക് കൊണ്ടുവരുന്നതിനായി, 2014-ൽ സംസ്ഥാന സർക്കാർ ബൈക്ക് ആംബുലൻസുകൾ നടപ്പാക്കി

ബസ്തറിൽ ഉദ്യോഗത്തിലിരുന്ന തന്‍റെ രണ്ട് വർഷങ്ങളിൽ, കമലയ്ക്ക് സംഭവിച്ചതുപോലുള്ള നിരവധി കേസുകൾ കണ്ടിട്ടുണ്ടെന്ന് കൗർ പറഞ്ഞു. വിവിധ പ്രശ്നങ്ങളുമായി ദിവസവും 60-ഓളം രോഗികൾ സന്ദർശിക്കാറുണ്ടെന്നും ശനിയാഴ്ചകളിൽ അത് 100 വരെ എത്താറുണ്ടെന്നും അവരുടെ പക്കലുള്ള രജിസ്റ്റർ കാണിച്ചുതരുന്നു. “യോഗ്യതകളില്ലാത്ത ചികിത്സകർ ചെയ്ത ഇതുപോലുള്ള ധാരാളം പ്രസവസംബന്ധമായ കേസുകൾ ഒ.പി.ഡി.യിൽ ഞാൻ കണ്ടിട്ടുണ്ട്. തെറ്റായി ചെയ്യുന്ന ഒരു ഗർഭഛിദ്രം അണുബാധ, വന്ധ്യത, ഗുരുതരമായ രോഗങ്ങൾ എന്നിവയ്ക്കു കാരണമാകാം. ചിലപ്പോൾ മരണത്തിലും കലാശിക്കാം. ഒരു ഗുളിക കൊടുത്ത് പറഞ്ഞയയ്ക്കുന്നതിനുമുൻപ്, അവരുടെ രക്തനിലവാരവും രക്തത്തിലെ പഞ്ചസാരയുടെ അളവും എല്ലാം പരിശോധിക്കണം”, അവർ പറഞ്ഞു.

ബേനൂരിൽനിന്ന് 57 കിലോമീറ്റർ അകലെയുള്ള ധോഡയ് പി.എച്ച്.സി.യിലേക്ക് തന്‍റെ രണ്ടുവയസ്സുള്ള കുഞ്ഞുമായി വന്നിരിക്കുകയാണ് ഹൽബി എന്നുപേരായ ആദിവാസി ഗോത്രത്തിലെ 19 വയസ്സുള്ള സീത (യഥാർത്ഥ പേരല്ല). “വീട്ടിലാണ് ഞാൻ പ്രസവിച്ചത്. ഗർഭധാരണത്തിനുമുൻപോ, ഗർഭധാരണ സമയത്തോ ആരുമായും ചർച്ച ചെയ്യാൻ കഴിഞ്ഞിട്ടില്ല”, അവർ പറഞ്ഞു. അവരുടെ വീട്ടിൽനിന്ന് വെറും 15 മിനിറ്റ് ദൂരം നടന്നാൽ എത്താവുന്ന അങ്കണവാടിയിൽ പ്രസവപൂർവ്വ പരിശോധന നടത്താനുള്ള ആരോഗ്യപ്രവർത്തകർ ഉണ്ടായിരുന്നു എന്നും ഓർക്കണം. “അവർ പറയുന്നത് എനിക്ക് മനസ്സിലായിരുന്നില്ല”, സീത പറഞ്ഞു.

വൈദ്യചികിത്സ കൊടുക്കുന്നതിൽ, ഭാഷ ഒരു തടസ്സമാവുന്നുണ്ടെന്ന് ഞാൻ പരിചയപ്പെട്ട പല ആരോഗ്യ ഉദ്യോഗസ്ഥരും സമ്മതിച്ചു. ബസ്തറിന്‍റെ ഗ്രാമീണപ്രദേശത്തുള്ള മിക്ക ആദിവാസികളും ഗോണ്ഡിയോ ഹൽബിയോ ആണ് സംസാരിക്കുന്നത്. ചത്തീസ്ഘഢി ഭാഷ അവർക്ക് മനസ്സിലാവില്ല. ആരോഗ്യപ്രവർത്തകർ തദ്ദേശീയരാവണമെന്നില്ല, അല്ലെങ്കില്‍ ഇതിലേതെങ്കിലുമൊരു ഭാഷ മാത്രമേ അറിവുണ്ടാവുകയുള്ളു. സഞ്ചാര സൗകര്യമാണ് മറ്റൊരു പ്രശ്നം. “ധോഡയ് പ്രാഥമികാരോഗ്യകേന്ദ്രത്തിനുകീഴിലുള്ള 47 ഗ്രാമങ്ങളിൽ 25 എണ്ണത്തിലും അപ്രോച്ച് റോഡുകളില്ല” എന്ന് 38-കാരനായ ആർ.എം.എ. എൽ.കെ. ഹർജ്പാൽ പറയുന്നു. “ഉൾപ്രദേശങ്ങളിൽ എത്തിപ്പെടുക എളുപ്പമല്ല, പോരാത്തതിന് ഭാഷയും ഒരു പ്രശ്നം, അതിനാൽ ഗർഭാ‍വസ്ഥകൾ നിരീക്ഷിക്കുക എന്ന ജോലി അത്ര സുഗമമല്ല. മാത്രമല്ല, വീടുകൾ തമ്മിലുള്ള ദൂരം കാരണം എല്ലാ വീടുകളിലും എത്താനും ഞങ്ങളുടെ നഴ്സിംഗ് സഹായികളായ വയറ്റാട്ടികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. സ്ത്രീകൾക്ക് പൊതുജനാരോഗ്യസംവിധാനം കൂടുതൽ പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ 2014-ൽ ബൈക്ക് ആംബുലൻസുകൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ, ജില്ലയിൽ അഞ്ച് ബൈക്കുകൾ പ്രവർത്തനക്ഷമമാണ്.

ആംബുലൻസ് ഉപയോഗിച്ചവരിൽ ഒരാൾ 22 വയസ്സുള്ള ദശ്മതി യാദവാണ്. അവർക്കും ഭർത്താവ് പ്രകാശിനും ഒരു മാസം പ്രായമുള്ള മകളാണ് ഉള്ളത്. അഞ്ചേക്കർ സ്ഥലത്ത് കൃഷിചെയ്യുന്നവരാണവർ. “ആദ്യമായി ഗർഭം ധരിച്ചപ്പോൾ, ഗ്രാമത്തിലെ പാരമ്പര്യചികിത്സകൻ എന്നോട് അങ്കണവാടിയിൽ പോകരുതെന്ന് പറഞ്ഞു. അയാൾ നോക്കിക്കൊള്ളാമെന്നും. പക്ഷേ വീട്ടിൽ‌വെച്ച് നടത്തിയ പ്രസവത്തിനുശേഷം എനിക്ക് എന്‍റെ മകനെ നഷ്ടമായി” ദശ്മതി പറയുന്നു. “അതുകൊണ്ട് ഇത്തവണ ഗർഭം ധരിച്ചപ്പോൾ ഭർത്താവ് ആംബുലൻസ് വിളിച്ച് എന്നെ ബേനൂർക്ക് കൊണ്ടുപോയി”. ഊരിൽനിന്ന് 17 കിലോമീറ്റർ ദൂരെയുള്ള പി.എച്ച്.സി.യിൽ മഹ്താരി എക്സ്പ്രസ് എന്നൊരു ആംബുലൻസുണ്ട് (മഹ്താരി എന്നതിന് ഛത്തീസ്‌ഗഢ് ഭാഷയിൽ അമ്മ എന്നാണർത്ഥം). 102 എന്ന് ഡയൽ ചെയ്താൽ ബുക്ക് ചെയ്യാൻ കഴിയുന്ന ആംബുലൻസാണത്. ദശ്മതിയുടെ രണ്ടാമതുണ്ടായ കുട്ടി – പെൺകുഞ്ഞ് – സുഖമായിരിക്കുന്നു. ആ അമ്മയുടെ മുഖത്ത് സംതൃപ്തിയുടെ തെളിച്ചം.

Left: Dr. Meenal Indurkar, district consultant for health in Narayanpur, speaking to young mothers about malnutrition. Right: Dashmati Yadav (with her husband Prakash and their baby girl), says, '...my baby boy died after birth at home. So this time my husband called the ambulance and I was taken to Benoor for my delivery'
PHOTO • Priti David
Left: Dr. Meenal Indurkar, district consultant for health in Narayanpur, speaking to young mothers about malnutrition. Right: Dashmati Yadav (with her husband Prakash and their baby girl), says, '...my baby boy died after birth at home. So this time my husband called the ambulance and I was taken to Benoor for my delivery'
PHOTO • Avinash Awasthi

ഇടത്ത് : നാരായൺപുരിലെ ജില്ലാ ആരോഗ്യ കൺസൾട്ട ന്‍റാ യ ഡോ . മീന ഇന്ദുർക്കർ, പോഷകാഹാരത്തെക്കുറിച്ച് ചെറുപ്പക്കാരായ അമ്മമാരോട് സംസാരിക്കുന്നു. വലത്ത്: ദശ്മതി യാദവ് (ഭർത്താവ് പ്രകാശിനോടും പെൺകുഞ്ഞിനോടും ഒപ്പം) പറയുന്നു: “....വീട്ടിൽ‌വെച്ച് നടത്തിയ പ്രസവത്തിനുശേഷം എനിക്ക് എന്‍റെ മകനെ നഷ്ടമായി അതുകൊണ്ട് ഇത്തവണ ഭർത്താവ് ആംബുലൻസ് വിളിച്ച് എന്നെ ബേനൂർക്ക് കൊണ്ടുപോയി

“ആശുപത്രികളിൽ പോയി പ്രസവം നടത്താൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി, ജനനി ശിശു സുരക്ഷാ കാര്യക്രം എന്നൊരു പദ്ധതി 2011-ൽ കേന്ദ്രസർക്കാർ ആരംഭിച്ചു. അതിൻപ്രകാരം, ആശുപത്രികളിലേക്കുള്ള യാത്രാച്ചിലവ്, ആശുപത്രിയിലെ താമസം, ഭക്ഷണം, മരുന്നുകൾ എന്നിവ സർക്കാർ സൗജന്യമായി നൽകുന്നുണ്ട്” എന്ന് നാരായൺപുരിലെ ജില്ലാ ആരോഗ്യ കൺസൾട്ടന്റായ ഡോ. മീന ഇന്ദുർക്കർ പറയുന്നു. “മാത്രമല്ല, ഗർഭകാലത്ത് നാല് പരിശോധനകൾ നടത്തുകയും, ആശുപത്രിയിൽ പ്രസവം നടത്തുകയും, ജനിച്ച കുട്ടിക്ക് പ്രതിരോധകുത്തിവെപ്പുകൾ നടത്തുകയും ചെയ്യുന്ന അമ്മമാർക്ക് പ്രധാൻ‌മന്ത്രി മാതൃവന്ദന യോജനപ്രകാരം 5,000 രൂപ പ്രോത്സാഹന ധനം വിതരണം ചെയ്യുന്നുമുണ്ട്”, ഡോ. മീന ഇന്ദുർക്കർ കൂട്ടിച്ചേർത്തു.

ബേനൂർ പി.എച്ച്.സി.യിൽ കമല എം.ടി.പി.ക്കുവേണ്ടി കാത്തുനിൽക്കുമ്പോൾ രവി, ഭാര്യയ്ക്കുവേണ്ടി ഒരു കപ്പ് ചായയുമായി വന്നു. എന്തിനാണ് ആരോഗ്യകേന്ദ്രത്തിലേക്ക് വന്നിരിക്കുന്നതെന്ന് കുടുംബത്തോട് പറഞ്ഞിട്ടില്ലത്രെ അയാൾ. “അത് പിന്നീട് പറഞ്ഞാൽ മതിയല്ലോ. മൂന്ന് കുട്ടികളെ പോറ്റണം. ഇനിയൊരു കുഞ്ഞിനെക്കൂടി വളർത്താൻ ഞങ്ങൾക്ക് ആവില്ല”, മുഴുക്കൈയ്യൻ ഷർട്ടും നീലനിറമുള്ള ജീൻസുമണിഞ്ഞ രവി പറഞ്ഞു.

കുട്ടിക്കാലത്തേ അനാഥയായ കമലയെ വളർത്തിവലുതാക്കിയത് അവരുടെ അച്ഛന്‍റെ സഹോദരനാണ്. വിവാഹം ശരിയാക്കിയതും അദ്ദേഹമാണ്. വിവാഹത്തിനുമുമ്പ് തന്‍റെ ഭർത്താവിനെ കമല കണ്ടിട്ടില്ല. “ആദ്യത്തെ ആർത്തവം കഴിഞ്ഞ് വലിയ താമസമില്ലാതെയാണ് എന്‍റെ വിവാഹം നടന്നത്. ഞങ്ങളുടെ സമുദായത്തിൽ അങ്ങിനെയാണ്. വിവാഹമെന്ന് പറഞ്ഞാൽ എന്താണെന്നൊന്നും ഒരു ഊഹവുമുണ്ടായിരുന്നില്ല എനിക്ക്. ആർത്തവത്തെക്കുറിച്ച് എന്‍റെ അമ്മായി പറഞ്ഞത് “അതൊക്കെ വരും” എന്നുമാത്രമാണ്. ഞാൻ സ്കൂളിലൊന്നും പോയിട്ടില്ല. വായിക്കാനും അറിയില്ല. പക്ഷേ എന്‍റെ മൂന്ന് മക്കളും ഇന്ന് സ്കൂളിൽ  പോകുന്നുണ്ട്” അഭിമാനത്തോടെ കമല പറയുന്നു.

കുറച്ച് മാസങ്ങൾ കഴിഞ്ഞ് വീണ്ടും പി.എച്ച്.സി.യിൽ വന്ന് വന്ധ്യതാ ചികിത്സ ചെയ്യണമെന്നാണ് കമലയുടെ ആഗ്രഹം. ഭർത്താവ് വന്ധ്യംകരണത്തിന് തയ്യാറല്ല. തന്‍റെ ലൈംഗികശേഷി നഷ്ടപ്പെടുമെന്നാണ് അയാളുടെ ഭയം. ഗർഭനിരോധനമാർഗ്ഗങ്ങളെക്കുറിച്ചും വന്ധ്യംകരണമാർഗ്ഗങ്ങളെക്കുറിച്ചും ഈയടുത്താണ് കമല കേട്ടതെങ്കിലും അവരതിനെക്കുറിച്ച് നല്ലവണ്ണം മനസ്സിലാക്കിയിരുന്നു. “ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അതാണ് വഴിയെന്ന് ഡോക്ടർ പറഞ്ഞുതന്നിട്ടുണ്ട്” കമല പറഞ്ഞു. കുടുംബാസൂത്രണപ്രക്രിയയെക്കുറിച്ചുള്ള കമലയുടെ വിദ്യാഭ്യാസം തുടങ്ങുന്നത്, മൂന്ന് കുട്ടികളെ പ്രസവിക്കുകയും, വന്ധ്യംകരണത്തിനുള്ള തീരുമാനമെടുക്കുകയും ചെയ്തതോടെയാണ്”.

ഈ കഥ തയ്യാറാക്കുന്നതിന് സഹായങ്ങൾ നൽകിയ ഭൂപേഷ് തിവാരി , അവിനാശ് അവസ്തി, വിദുഷി കൗശിക് എന്നിവരോട് റിപ്പോർട്ടർ നന്ദി പറയുന്നു.

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

പരിഭാഷ: രാജീവ് ചേലനാട്ട്

Priti David

प्रीती डेव्हिड पारीची वार्ताहर व शिक्षण विभागाची संपादक आहे. ग्रामीण भागांचे प्रश्न शाळा आणि महाविद्यालयांच्या वर्गांमध्ये आणि अभ्यासक्रमांमध्ये यावेत यासाठी ती काम करते.

यांचे इतर लिखाण Priti David
Illustration : Priyanka Borar

Priyanka Borar is a new media artist experimenting with technology to discover new forms of meaning and expression. She likes to design experiences for learning and play. As much as she enjoys juggling with interactive media she feels at home with the traditional pen and paper.

यांचे इतर लिखाण Priyanka Borar
Series Editor : Sharmila Joshi

शर्मिला जोशी पारीच्या प्रमुख संपादक आहेत, लेखिका आहेत आणि त्या अधून मधून शिक्षिकेची भूमिकाही निभावतात.

यांचे इतर लिखाण शर्मिला जोशी
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

यांचे इतर लिखाण Rajeeve Chelanat