ദേവു ഭോരെ മുപ്പതുവർഷമായി കയർ നിർമ്മിക്കുന്നുണ്ട്. ശക്തികുറഞ്ഞ പരുത്തിനൂലുകൾ മുറുക്കമേറിയതിൽനിന്ന് വേർതിരിക്കുന്നു. തന്റെ വീടിന്റെ നിലത്തുനിന്ന് മച്ചിൽ തൂക്കിയിരിക്കുന്ന ഒരു കൊളുത്തിലേക്ക് ബലമേറിയ നൂലുകൾ ഒൻപതടിയോളം നീളത്തിൽ വലിച്ചുനീട്ടി ഒന്നരമുതൽ രണ്ടുകിലോവരെ ഭാരമുള്ള ചണക്കെട്ടുകളാക്കും. ഏഴുമണിക്കൂറിൽ അത്തരത്തിലുള്ള പത്ത് കെട്ടുകൾ നിർമ്മിക്കും, ആഴ്ചയിൽ മൂന്നുതവണ.
എന്നാൽ ഈ കുടുംബവ്യാപാരത്തിൽ പരുത്തി വൈകിയാണ് എത്തിയത്. തലമുറകളായി ഭോരെയുടെ കുടുംബം ആനക്കൈതയുടെ നാരുകളിൽനിന്നാണ് കയറുണ്ടാക്കിയിരുന്നത്. അതിന് നിലനിൽപ്പില്ലാതെ വന്നപ്പോൾ അവർ പരുത്തിയിലേക്ക് തിരിഞ്ഞു. നൈലോൺ കയറുകൾ പ്രചാരത്തിൽ വന്നതോടെ ഇപ്പോൾ ഇതും മണ്മറഞ്ഞുകൊണ്ടിരിക്കുന്ന ഒരു തൊഴിലായി മാറി.
ദേവു ചെറിയ കുട്ടിയായിരുന്നപ്പോൾ അയാളുടെ അച്ഛൻ പത്ത് കിലോമീറ്റർ നടന്ന്, മഹാരാഷ്ട്ര-കർണാടക അതിർത്തിയിലെ ഗ്രാമങ്ങളുടെയടുത്തുള്ള വനങ്ങളിൽനിന്ന് ആനക്കൈത ചെടികൾ ശേഖരിക്കാൻ പോകാറുണ്ടായിരുന്നു. മറാത്തിയിൽ ആ ചെടിയുടെ പേര് ഘായ്പാത്ത് എന്നാണ്. നാടൻ പേര് ഫാഡ് എന്നും. അവർ 15 കിലോവരെ ശേഖരിക്കുമായിരുന്നു. ഇലകളുടെ മുള്ള് നിറഞ്ഞ അരികുകൾ മാറ്റിയിട്ട് അവയെ ഒരാഴ്ച വെള്ളത്തിൽ മുക്കിവെക്കും. പിന്നീട് രണ്ടുദിവസം ഉണക്കും. ഈ പ്രക്രിയയിലൂടെ കയറുണ്ടാക്കാനുതകുന്ന രണ്ടുകിലോ നാരുകൾ ലഭിക്കും. ദേവുവിന്റെ അമ്മ മൈനാബായിയും ഈ ജോലി ചെയ്യുമായിരുന്നു. പത്തുവയസ്സുകാരനായ ദേവുവും കൂട്ടത്തിൽ സഹായിക്കും.
തൊണ്ണൂറുകളുടെ ആദ്യത്തിലാണ് ഭോരെ കുടുംബവും മറ്റ് കുടുംബങ്ങളും ആനക്കൈത നാരുകൾക്കുപകരം പരുത്തിനൂലുകൾ ഉപയോഗിച്ച് കയറുണ്ടാക്കാൻ തുടങ്ങിയത്. പരുത്തി കൂടുതൽക്കാലം നിലനിൽക്കും. കൂടാതെ, "ആളുകൾ മരങ്ങൾ മുറിച്ചു വനമില്ലാതാക്കി. മാത്രമല്ല ആനക്കൈത നാരുകളേക്കാൾ പരുത്തിനൂല് ഉപയോഗിക്കാൻ എളുപ്പമാണ് (ആനക്കൈത നാരുകൾ വെള്ളത്തിൽ മുക്കിവെക്കുന്നതും ഉണക്കുന്നതും ഒരു നീണ്ട പ്രക്രിയയാണ്)," ദേവു പറഞ്ഞു.
തൊണ്ണൂറുകളുടെ അവസാനംവരെ ഏകദേശം 100 കുടുംബങ്ങൾ കയർ നിർമ്മിക്കുന്ന കൈത്തൊഴിലിൽ ഏർപ്പെട്ടിരുന്നു എന്നാണ് ദേവു കണക്കാക്കുന്നത്. ബെൽഗാവ് ജില്ലയിൽ ചിക്കോടി താലൂക്കിലെ ബോറാഗാവ് ഗ്രാമത്തിലാണ് അദ്ദേഹം ജീവിക്കുന്നത്. വിലകുറഞ്ഞ നൈലോൺ കയറുകളുടെ വരവോടെ വരുമാനം കുറഞ്ഞുതുടങ്ങിയപ്പോൾ പലരും അയൽഗ്രാമങ്ങളിൽ കൃഷിപ്പണിക്ക് പോവാനും അല്ലെങ്കിൽ അടുത്തുള്ള പട്ടണങ്ങളായ ഇച്ചൽകരഞ്ജിയിലെയും കാഗലിലെയും യന്ത്രനെയ്ത്തുശാലകളിലും, വാഹനങ്ങളുടെ വർക്ക്ഷോപ്പുകളിലും വ്യവസായശാലകളിലും മറ്റും ജോലിക്കുപോകാനും തുടങ്ങി.















