ഒരു നായയുടെ കുര. ഒരു കടുവയുടെ മുരൾച്ച. ഒരൾക്കൂട്ടത്തിന്റെ ബഹളം അന്തരീക്ഷത്തിൽ നിറയുന്നു.
ചന്ദ്രപുരിലെ തഡോബ അന്ധാരി ടൈഗർ റിസർവിൽനിന്ന് കഷ്ടി 100 കിലോമീറ്റർ അകലെയെത്തിയ ഞങ്ങൾക്ക് ഇതിൽ അസാധാരണത്വമൊന്നും തോന്നിയില്ല.
എന്നാൽ മൃഗങ്ങളുടേയും ആളുകളുടേയും ഈ ശബ്ദമൊക്കെ മാംഗി ഗ്രാമത്തിൽനിന്ന് ഉച്ചഭാഷിണിയിലൂടെ പുറപ്പെടുന്ന റിക്കാർഡ് ചെയ്യപ്പെട്ട ശബ്ദമാണെന്നതാണ് അസാധാരണമായി തോന്നിയത്. ഗ്രാമീണ വിദർഭയിലെ ഒരു പരുത്തി-തുവരപ്പരിപ്പ് പാടത്ത് ഒരു ചൂരൽദണ്ഡിലാണ് ഉച്ചഭാഷിണി സ്ഥാപിച്ചിരിക്കുന്നത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന കീടനാശിനി തളിക്കുന്ന പമ്പിലേക്ക് അത് വയർ മുഖേന ബന്ധിപ്പിച്ചിരിക്കുന്നു.
“രാത്രി ഈ ശബ്ദം പ്രവർത്തിപ്പിച്ചില്ലെങ്കിൽ പന്നികളും നീലക്കാളകളും, അഥവാ നീൽഗായ്‌കളും (രാത്രിഞ്ചരന്മാരായ മൃഗങ്ങളാണ് ഇവ) എന്റെ വിളവുകൾ തിന്നുകളയും. വന്യമൃഗങ്ങളെ ഓടിക്കാൻ നിവൃത്തികെട്ട് താൻ നടത്തുന്ന പുതിയ പരീക്ഷണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു 48 വയസ്സുള്ള സുരേഷ് റെംഗെ എന്ന കൃഷിക്കാരൻ. “അവ കൂടുതലും തിന്നുതീർക്കുക, തുവരയും ചണയുമാണ് (വലിയ കടല)“. വിളവിനെ തീർത്തും നശിപ്പിച്ചുകളയും ഈ രണ്ട് മൃഗങ്ങളും.
സൌരോർജ്ജ-വൈദ്യുതി വേലികളുപയോഗിച്ച് ഇവയെ അകറ്റിനിർത്താൻ സാധിക്കാത്തതിനാൽ അദ്ദേഹം തന്റെ ഗാഡ്ജറ്റിന്റെ (യന്ത്രത്തിന്റെ) ഇരട്ടപ്പിന്നുകൾ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്പ്രേ പമ്പിലേക്ക് ബന്ധിപ്പിക്കുന്നു. അതോടെ, മനുഷ്യരുടേയും മൃഗങ്ങളുടേയും ശബ്ദങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങുകയായി.















