അനന്തപൂരിലെ ഡോക്ടർ അംബേദ്‌കർ പ്രതിമയിൽ ഏതാണ്ട് എല്ലാ ദിവസവും പുതിയ ഒരു പൂമാല ചാർത്തിയിട്ടുണ്ടാകും. രാവിലെ 8:30 മണിയാകുമ്പോൾ, പൂക്കച്ചവടക്കാരനായ എ. സുഭാൻ പടികൾ കയറി, സ്വർണ്ണനിറത്തിലുള്ള പെയിന്റടിച്ച പ്രതിമയിൽ, ചുവന്ന റോസാപ്പൂക്കളോ ആമ്പൽപ്പൂക്കളോ കോർത്ത് തന്റെ കുടുംബാംഗങ്ങൾ ഉണ്ടാക്കിയ മാല ചാർത്തും. ഇത് മുടക്കംകൂടാതെ, എല്ലാ ദിവസവും ചെയ്യുന്നത് സുബ്ഹാനോ അദ്ദേഹത്തിന്റെ അനന്തരവൻ, 17 വയസ്സുള്ള ബബ്‌ലുവോ ആണ്.
2010ൽ, വാഹനഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നു എന്ന കാരണംപറഞ്ഞ്, ഡോക്ടർ അംബേദ്‌കറുടെ പഴയ പ്രതിമ തകർക്കുകയും ഇപ്പോഴുള്ള പ്രതിമ സ്ഥാപിക്കുകയും ചെയ്തതിന് ശേഷമാണ് ഈയൊരു പതിവ് തുടങ്ങിയത്. ആന്ധ്രാപ്രദേശിലെ അനന്തപൂർ പട്ടണത്തിന്റെ മധ്യഭാഗത്ത്, ക്ലോക്ക് ടവറിൽനിന്ന് ഒരു കിലോമീറ്റർ തെക്കോട്ടായി, സുഭാന്റെ പൂക്കടയിൽനിന്ന് നടന്നെത്താവുന്ന ദൂരത്താണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
ചുറ്റുവട്ടത്തുള്ള മറ്റ് പ്രതിമകൾക്കൊന്നും ഇത്രയും സൗഭാഗ്യമില്ല. ക്ലോക്ക് ടവറിനുശേഷം, ഇതേ റോഡിൽത്തന്നെയുള്ള ആദ്യത്തെ പ്രതിമ ഇന്ദിരാഗാന്ധിയുടേതാണ്. ആന്ധ്രാപ്രദേശിൽ കോൺഗ്രസ് ഭരണത്തിലിരുന്ന 2004-2014 കാലയളവിൽ പ്രതിമയ്ക്ക് നല്ല കാലമായിരുന്നെങ്കിലും ഇപ്പോൾ അതിനെ ചണം കൊണ്ടുണ്ടാക്കിയ തുണി ഉപയോഗിച്ച് മൂടിയിട്ടിരിക്കുകയാണ്. ആന്ധ്രയെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള തീരുമാനത്തിനെതിരെ തെരുവിലിറങ്ങിയ പ്രതിഷേധക്കാർ ഇന്ദിരാഗാന്ധിയുടെ ആ പഴയ പ്രതിമ, 2013-ൽ, തകർത്തു തീവയ്ക്കുകയായിരുന്നു. പഴയ സ്ഥലത്തുതന്നെ പുതിയ ഒരു പ്രതിമ സ്ഥാപിച്ചെങ്കിലും, അത് ഇപ്പോഴും മറച്ചിട്ടിരിക്കുകയാണ്. ഇതേ റോഡിൽത്തന്നെയുള്ള രാജീവ് ഗാന്ധിയുടെ പ്രതിമയുടെ സ്ഥിതിയും ഇതുതന്നെ. സംസഥാനത്ത് കോൺഗ്രസ് പാർട്ടി ക്ഷയിച്ചുവരുന്നതിന്റെ പ്രതിഫലനമാകാം ഇത്തരം കാഴ്ചകൾ.







