സെൻസസ് വിവരങ്ങൾ ശേഖരിക്കാൻ വരുന്നവർ എന്തെങ്കിലും കാരണവശാൽ തന്റെ ജാതി ചോദിച്ചാൽ, ഇന്ത്യൻ എന്നായിരിക്കും തന്റെ മറുപടി എന്ന് അമിതാഭ് ബച്ചൻ പറയുകയുണ്ടായി. ബോളിവുഡ്ഡിനെക്കുറിച്ച് മാധ്യമങ്ങൾ വിളമ്പിത്തരുന്ന കൌതുകകരമായ മറ്റൊരു വാർത്തയെന്നതിനപ്പുറം മറ്റൊരു പ്രത്യേകതയും ആ മറുപടിയിലുണ്ടാവില്ല. ശ്യാം മഹാരാജ് അമിതാഭ് ബച്ചനല്ല. അയാളുടെ സഹോദരൻ ചൈതന്യ പ്രഭുവും അല്ല. പക്ഷേ, സെൻസസ് വിവരശേഖരണ ഉദ്യോഗസ്ഥന്മാർ ജാതിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചാൽ ശ്യാമും പ്രഭുവും അവരുടെ സംഘാംഗങ്ങളും കൂടുതൽ സങ്കീർണ്ണമായ ചോദ്യങ്ങളും ഉത്തരങ്ങളും ഉന്നയിച്ചേക്കും,. “ഞങ്ങളുടെ ഉത്തരം – ഞങ്ങൾ അജാതന്മാരാണ് എന്നാണ്. ഇതാ, ഈ സ്കൂൾ സർട്ടിഫിക്കറ്റാണ് അതിനുള്ള തെളിവ്. പക്ഷേ നിങ്ങൾക്കിഷ്ടമുള്ളത് എഴുതാം”. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽപ്പെടുന്ന മാംഗ്രുൾ (അഥവാ ദസ്ത്ഗിർ എന്നും പേരുണ്ട്) ഗ്രാമത്തിലെ തന്റെ വീട്ടിലിരുന്ന് പ്രഭു ഞങ്ങളോട് പറഞ്ഞു.
അജാത് എന്നാൽ ജാതിയില്ലാത്തവർ എന്നാണർത്ഥം. 1920-കളിലെയും 30-കളിലെയും ധീരമായ ഒരു ജാതിവിരുദ്ധ പ്രസ്ഥാനമായിരുന്നു അത്. ഇന്നത്തെ മഹാരാഷ്ട്ര, മധ്യപ്രദേശ്, ചത്തീസ്ഗഢ് പ്രദേശങ്ങളിൽ ഒരുകാലത്ത് പതിനായിരക്കണക്കിന് പ്രതിജ്ഞാബദ്ധരായ അനുയായികളുണ്ടായിരുന്ന ഒരു പ്രസ്ഥാനം. ഗൺപതി മഹാരാജ് എന്നറിയപ്പെട്ടിരുന്ന, വ്യക്തിപ്രഭാവവും വിചിത്രസ്വഭാവങ്ങളുമുണ്ടായിരുന്ന ഗൺപതി ഭാഭുത്കർ എന്ന സാമൂഹ്യപരിഷ്കർത്താവായിരുന്നു അതിന് നേതൃത്വം കൊടുത്തിരുന്നത്. അദ്ദേഹത്തിന്റെ ജീവിച്ചിരിക്കുന്ന പേരക്കുട്ടികളാണ് ചൈതന്യ പ്രഭുവും ശ്യാം മഹാരാജും. അത്തരം പ്രസ്ഥാനങ്ങളുടെ പൊതുസ്വഭാവമായിരുന്ന മദ്യവിരുദ്ധതയ്ക്കും അക്രമരാഹിത്യത്തിനും പുറമേ, മറ്റ് ചിലതുകൂടി ഗൺപതി മഹാരാജ് കൊണ്ടുവന്നു. ജാതിയെ പ്രത്യക്ഷമായിത്തന്നെ അദ്ദേഹം ആക്രമിച്ചു. അദ്ദേഹത്തിന്റെ ആഹ്വാനപ്രകാരം നിരവധിപേർ വിഗ്രഹാരാധന ഉപേക്ഷിക്കുകയുണ്ടായി. ലിംഗസമത്വത്തിനും സ്വകാര്യസ്വത്തിന്റെ നിരോധനത്തിനും അദ്ദേഹം പ്രാധാന്യം നൽകി. 1930-കളിൽ അദ്ദേഹവും അനുയായികളും സ്വയം ‘അജാത’രെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അദ്ദേഹം നടത്തിയ മിശ്രഭോജനം ഗ്രാമങ്ങളെ രോഷം കൊള്ളിച്ചു. അദ്ദേഹത്തിന്റെ ശിഷ്യന്മാരിലൊരാളായിരുന്ന പി.എൽ. നിംകർ പറയുന്നു: “വിവിധ ജാതികളിൽനിന്നുള്ള തന്റെ അനുയായികളോട് വീടുകളിൽനിന്ന് പാകം ചെയ്ത ഭക്ഷണം കൊണ്ടുവരാൻ അദ്ദേഹം ആവശ്യപ്പെട്ടു. അത് അദ്ദേഹം കൂട്ടിക്കലർത്തി പ്രസാദമായി എല്ലാവർക്കും വിതരണവും ചെയ്തു”. ജാതിയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യശത്രു. “മിശ്രജാതി വിവാഹവും വിധവാ പുനർവിവാഹവുമായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടിരുന്നതും നടപ്പാക്കിയതും”, പ്രഭു പറയുന്നു. “ഞങ്ങളുടെ കുടുംബത്തിൽ, മുത്തച്ഛൻ മുതൽ ഞങ്ങൾവരെ, 11 വിവിധങ്ങളായ ജാതികളിലേക്കാണ് വിവാഹം ചെയ്തിട്ടുള്ളത്. ബ്രാഹ്മണന്മാർ മുതൽ ദളിതുകൾവരെയുള്ള ജാതികളിലേക്ക്. “ഞങ്ങളുടെ മൊത്തം കുടുംബമെടുത്താൽ, അത്തരത്തിലുള്ള നിരവധി വിവാഹങ്ങൾ നടന്നിട്ടുണ്ട്”
ഗൺപതി മഹാരാജും അത്തരമൊരു വിവാഹമാണ് ചെയ്തത്. “‘മാനവികത’ എന്നുപേരായ ഒരു മതം അദ്ദേഹം സ്ഥാപിച്ചതും അമ്പലങ്ങൾ ദളിതർക്ക് തുറന്നുകൊടുത്തതും ഉയർന്ന ജാതിക്കാരെ വിറളി പിടിപ്പിച്ചു” ശ്യാം മഹാരാജ് പറയുന്നു. “അവർ അദ്ദേഹത്തിനെതിരേ കേസ് കൊടുത്തു. ആരും അദ്ദേഹത്തിന്റെ കേസ് ഏറ്റെടുത്തില്ല. അക്കാലത്ത് എല്ലാ വക്കീലന്മാരും ബ്രാഹ്മണന്മാരായിരുന്നു”, ശ്യാം മഹാരാജ് തുടർന്നു.






