ധാക്കിന്‍റെ ശബ്ദം അഗര്‍ത്തലയില്‍ മുഴുവന്‍ മാറ്റൊലികൊള്ളാന്‍ തുടങ്ങിയിരിക്കുന്നു. ഒക്ടോബര്‍ 11-ന് ദുര്‍ഗാപൂജ ആവുകയാണ്. എല്ലാവര്‍ഷവും ആഴ്ചകള്‍ക്കുമുന്‍പ് ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ (പന്തലിനു വേണ്ടിയുള്ള തട്ട് നിര്‍മ്മാണം, വിഗ്രഹ നിര്‍മ്മാതാക്കള്‍ നടത്തുന്ന അവസാന മിനുക്കുപണികള്‍, കുടുംബങ്ങള്‍ പുതുവസ്ത്രങ്ങള്‍ വാങ്ങുന്നത് എന്നിവയൊക്കെ) തുടങ്ങുന്നു.
വീപ്പയുടെ ആകൃതിയിലുള്ള ധാക്ക് കഴുത്തില്‍ തൂക്കിയിടുകയോ ഉറപ്പുള്ള പ്രതലത്തില്‍ വയ്ക്കുകയോ ചെയ്തശേഷം കോലുകൊണ്ട് കൊട്ടുന്നത് ഈ ആഘോഷങ്ങളുടെ അവിഭാജ്യമായ ഘടകമാണ്.
ധാക്ക് വായിക്കുന്നത് ഒരു കാലികതൊഴിലാണ്. എല്ലാ വര്‍ഷവും പൂജയ്ക്ക് 5 ദിവസമാണിത്. അവസാന മുഴക്കം ലക്ഷ്മിപൂജ വരെ നീളുന്നു - ഈ വര്‍ഷം അത് ഒക്ടോബര്‍ 20-നാണ്. ചില ധാക്ക് വാദകര്‍ക്ക് ദീപാവലിയുടെ സമയത്തും ക്ഷണം ലഭിക്കുന്നു. പക്ഷെ ദുര്‍ഗാപൂജയുടെ സമയത്താണ് അഗര്‍ത്തലയിലും ത്രിപുര സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിലും ധാക്കിന് വലിയ ആവശ്യക്കാരുള്ളത്.
പന്തല്‍ കമ്മിറ്റിക്കാരും കുടുംബങ്ങളും ധാക്ക് വാദകരെ പരിപാടി അവതരിപ്പിക്കാന്‍ ക്ഷണിക്കാറുണ്ട്. ചിലപ്പോള്‍ പണംനല്‍കി ക്ഷണിക്കുന്നതിനു മുന്‍പ് കഴിവു തെളിയിക്കാനായി അവരോട് പരിപാടി അവതരിപ്പിക്കാന്‍ പറയുന്നു. “ഞാനെന്‍റെ മുതിര്‍ന്ന ഒരു ബന്ധുവിനൊപ്പമാണ് ധാക്ക് വായിക്കാറുള്ളത്”, 45-കാരനായ ഇന്ദ്രജിത് ഋഷിദാസ് പറഞ്ഞു. “ഞാന്‍ കാശി [ചെറിയ കോലുകൊണ്ട് വായിക്കുന്ന ലോഹഫലകം പോലെയുള്ള ഉപകരണം] ഉപയോഗിച്ചാണ് വായിച്ചു തുടങ്ങിയത്, പിന്നീട് ധോള്‍, അതിനും ശേഷം ധാക്ക്.” (അദ്ദേഹവും മറ്റൊരു ഋഷി ദാസും രോഹിദാസും രവിദാസും മുഞ്ചി സമുദായത്തില്‍ പെടുന്നു - ത്രിപുരയില്‍ പട്ടികജാതിയില്‍ പെടുന്ന വിഭാഗം)
അഗര്‍ത്തലയിലെ മറ്റു നിരവധി ധാക്ക് വാദകരെപ്പോലെ വര്‍ഷത്തില്‍ ബാക്കിയുള്ള സമയത്ത് ഇന്ദ്രജിത് സൈക്കിള്‍റിക്ഷ ഡ്രൈവറായി ജോലി ചെയ്യുന്നു. ചിലപ്പോഴൊക്കെ, മറ്റുള്ളവരെപ്പോലെ, അദ്ദേഹം ബാന്‍ഡ് മേളത്തിലും (പ്രാദേശികമായി ബാന്‍ഡ് പാര്‍ട്ടി എന്നറിയപ്പെടുന്നു) വായിക്കുന്നു. വല്ലപ്പോഴുമുള്ള ഈ തൊഴിലുകള്‍ കൂടാതെ ധാക്ക് വാദകര്‍ ദിവസവേതനക്കാരായി ഇലക്ട്രീഷ്യന്‍, പ്ലംബര്‍ തുടങ്ങിയ ജോലികളും ചെയ്യുന്നു. മറ്റുചിലര്‍ അടുത്തുള്ള ഗ്രാമങ്ങളില്‍ പച്ചക്കറി കച്ചവടക്കാരായും കര്‍ഷകരായും ജോലിനോക്കുന്നു. പരിപാടികള്‍ക്കായി വിളിക്കുമ്പോള്‍ അവര്‍ അഗര്‍ത്തലയ്ക്ക് വരുന്നു.




















