ഗ്രാമീണ ഇന്ത്യയിലെ ധാരാളമാളുകൾ അംഗപരിമിതരോ, ഭിന്നശേഷിക്കാരോ ആണ്. ജനനസമയത്ത് സംഭവിക്കുന്നതിന് പുറമേ, സാമൂഹികജീവിതത്തിലെ പ്രവൃത്തിയിലൂടെയും പ്രവൃത്തിശൂന്യതയിലൂടെയും അംഗപരിമിതി സംഭവിക്കാം. ഉദാഹരണത്തിന്, ജാർഘണ്ടിലെ യുറേനിയം ഖനികളുടെ സമീപത്തെ താമസംമൂലവും മറാത്ത്‌വാഡയിലെ അപരിഹാര്യമായ വരൾച്ചമൂലം ഫ്ലൂറൈഡ് കലർന്ന വെള്ളം കുടിക്കാൻ നിർബന്ധിതമായതുമൂലവുമൊക്കെ സംഭവിക്കുന്നവ. ചില സമയങ്ങളിൽ രോഗഫലമായും, ചികിത്സാപ്പിഴവുമൂലവും സംഭവിക്കാം – കുഷ്ഠരോഗം മൂലം വിരലുകൾ നഷ്ടപ്പെട്ട ലഖ്നോവിലെ ആക്രി പെറുക്കുന്ന പാർവതീ ദേവിക്ക് സംഭവിച്ചതുപോലെ, അല്ലെങ്കിൽ, ചിക്കൻ പോക്സ് വന്ന് അന്ധയായിത്തീർന്ന മിസോറാമിലെ ദേബഹാല ചക്മയെപ്പോലെ, അതുമല്ലെങ്കിൽ രക്തയോട്ടം നിലച്ച് കൈകാലുകൾ നഷ്ടപ്പെട്ട പാൽഘറിലെ പ്രതിഭ ഹിലിമിന് സംഭവിച്ചതുപോലെ. ചിലർക്ക് ബൗദ്ധികമായ പരിമിതികളാണുള്ളത്. ശ്രീനഗറിലെ മൊഹ്സിന് സെറിബ്രൽ പാൾസിയാണ്, മഹാരാഷ്ട്രയിലെ പ്രതീകിന് ഡൗൺസ് സിൻഡ്റോമും. ദാരിദ്ര്യവും അസമത്വവും ദുർബ്ബലമായ ആരോഗ്യപരിചരണ സേവനങ്ങളും വിവേചനവുമെല്ലാം പലപ്പോഴും ഇത്തരം അവസ്ഥകളെ കൂടുതൽ ദുരിതമയമാക്കാറുണ്ട്. ഭിന്നശേഷിയുമായി ജീവിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ആളുകളെക്കുറിച്ച് പാരിയിൽ വന്ന കഥകളാണ് ചുവടെ കൊടുത്തിരിക്കുന്നത്.