"ഇവിടത്തെ സ്ഥിതി നരകതുല്യമാണ്."

കാശ്മീരാ ബായ് തന്റെ ഗ്രാമത്തിലൂടെ ഒഴുകുന്ന ബുഡ്ഡ നാല എന്ന ജലാശയത്തെക്കുറിച്ച് പറഞ്ഞുതുടങ്ങി. ബായിയുടെ വീട്ടിൽനിന്ന് വെറും നൂറ് മീറ്റർ അകലെവെച്ച് സത്‌ലജ് നദിയിൽ പതിക്കുന്ന ബുഡ്ഡ നാല, വ്യവസായികമാലിന്യങ്ങൾ കലരുന്നതിനാൽ മലിനീകരിക്കപ്പെട്ടിരിക്കുകയാണ്.

പണ്ടൊരുകാലത്ത് തെളിനീർ ഒഴുകിയിരുന്ന ഈ നദിയിൽനിന്ന് ആളുകൾ കുടിവെള്ളം ശേഖരിച്ചിരുന്നെന്ന് ഇപ്പോൾ നാല്പതുകളുടെ അവസാനത്തിലെത്തിയ ബായ് ഓർത്തെടുക്കുന്നു. ലുധിയാനയിലെ കൂംകലാങ് ഗ്രാമത്തിൽനിന്ന് ഉദ്ഭവിക്കുന്ന ബുഡ്ഡ നാല, ലുധിയാനയിലൂടെ 14 കിലോമീറ്റർ ഒഴുകിയതിനുശേഷമാണ് ബായിയുടെ ഗ്രാമമായ വാലീപൂർ കലാങിന് സമീപം സത്‌ലജ് നദിയിൽ ലയിക്കുന്നത്.

"ഞങ്ങൾ നരകത്തിലാണ് കഴിയുന്നത്. വെള്ളപ്പൊക്കം ഉണ്ടാകുമ്പോഴെല്ലാം ഞങ്ങളുടെ വീട്ടിൽ കറുത്ത വെള്ളം കയറും," അവർ പറയുന്നു. ഈ വെള്ളം പാത്രത്തിൽ എടുത്തുവച്ചാൽ പിറ്റേന്നത്തേയ്ക്ക് മഞ്ഞ നിറമായിട്ടുണ്ടാകും," അവർ കൂട്ടിച്ചേർക്കുന്നു.

PHOTO • Arshdeep Arshi
PHOTO • Arshdeep Arshi

ഇടത്: ലുധിയാനയിലെ കൂംകലാങ് ഗ്രാമത്തിൽനിന്ന് ഉദ്ഭവിക്കുന്ന ബുഡ്ഡ നാല, ലുധിയാനയിലൂടെ 14 കിലോമീറ്റർ ഒഴുകിയതിന്  ശേഷം വാലീപൂർ കലാങിൽവെച്ച് സത്‌ലജ് നദിയിൽ ലയിക്കുന്നു. വലത്: 'വെള്ളപ്പൊക്കം ഉണ്ടാകുമ്പോഴെല്ലാം ഞങ്ങളുടെ വീട്ടിൽ കറുത്ത വെള്ളം കയറും,' വാലീപൂർ കലാങ് സ്വദേശിനിയായ കാശ്മീര ബായ് പറയുന്നു

മലിനജലത്താൽ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ പുലർത്തുന്ന അലംഭാവത്തിനെതിരേ പ്രതിഷേധിക്കാൻ 2024 ആഗസ്റ്റ് 24-നു ലുധിയാനയിൽ ഒരു സമരം സംഘടിപ്പിക്കപ്പെട്ടു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുടെ വിവിധഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിന് ആളുകളാണ് ഈ സമരപരിപാടിയിൽ പങ്കെടുത്തത്. 'കാലെ പാനി ദാ മോർച്ച' (ജലമലിനീകരണത്തിനെതിരായ സമരം) എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട ഈ പരിപാടിയിൽ, സത്‌ലജ് നദിയുടെ തീരങ്ങളിൽ താമസിക്കുന്ന, ദുരിതബാധിതരായ ജനങ്ങൾ ഭാഗഭാക്കായി.

'ബുഡ്ഡ ദരിയയെ (നദി) വെറുതെ വിടുക! സത്‌ലജ് നദിയെ വെറുതെ വിടുക.'

ബുഡ്ഡ നാലയിലെ മലിനീകരണത്തിനെതിരേ ജനരോഷം ഉയരുന്നതോ നദി ശുദ്ധീകരിക്കാൻ പദ്ധതികൾ പ്രഖ്യാപിക്കപ്പെടുന്നതോ ഇവിടെ പുതിയ കാര്യമല്ല. കഴിഞ്ഞ മൂന്ന് ദശാബ്ദമായി തുടരുന്ന ഈ പ്രക്രിയകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായിട്ടുമില്ല. നദി ശുദ്ധീകരിക്കാൻ പ്രഖ്യാപിക്കപ്പെട്ട ഏറ്റവുമാദ്യത്തെ പദ്ധതി 1996-ൽ തുടക്കം കുറിച്ച ആക്‌ഷൻ പ്ലാൻ ഫോർ ക്‌ളീൻ റിവർ സത്‌ലജ് ആയിരുന്നു. ഈ പദ്ധതിക്ക് കീഴിൽ ജമൽപൂർ, പട്ട്യാ, ബല്ലോക്കെ എന്നീ ഗ്രാമങ്ങളിൽ മൂന്ന് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ (STP - മലിനജല സംസ്കരണ കേന്ദ്രം) സ്ഥാപിക്കപ്പെട്ടു.

2020-ൽ പഞ്ചാബ് സർക്കാർ ബുഡ്ഡ നാല ശുദ്ധീകരിക്കാൻ 650 കോടി രൂപ മുതൽമുടക്കിൽ രണ്ടുവർഷം നീണ്ടുനിൽക്കുന്ന ഒരു നവീകരണ പദ്ധതിയ്ക്ക് തുടക്കമിടുകയുണ്ടായി. ബുഡ്ഡ നാലയുടെ ദുരവസ്ഥയ്ക്ക് മുൻ സർക്കാരിനെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി ഭഗ്വന്ത് മൻ, ബുഡ്ഡ നാല നവീകരിക്കാനായി ജമൽപൂരിൽ സംസ്ഥാനത്തെ ഏറ്റവും വലിയ STP ഉദ്‌ഘാടനം ചെയ്യുകയും 315 കോടിയോളം ചിലവ് വരുന്ന മറ്റ് പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾ തുടരുമ്പോഴും, സർക്കാരോ രാഷ്ട്രീയപ്പാർട്ടികളോ ബുഡ്ഡ നാലയുടെ പ്രശ്നം പരിഹരിക്കാൻ ചെറുവിരൽ അനക്കിയിട്ടില്ലെന്ന് കാശ്മീര ബായ് പറയുന്നു. ലുധിയാനയിൽനിന്നുള്ള ആക്ടിവിസ്റ്റുകൾ അടിക്കടി ഈ വിഷയം പഞ്ചാബ് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും സർക്കാർ കോടികണക്കിന് രൂപ ചിലവഴിക്കുകയും ചെയ്തിട്ടും ബുഡ്ഡ നാല മലിനമായി തുടരുന്നതിനാൽ പ്രദേശവാസികളും ഇടയ്ക്കിടെ പ്രതിഷേധവുമായി തെരുവിലിറങ്ങാൻ നിർബന്ധിതരാകുകയാണ്.

60 വയസ്സുകാരിയായ മൽകീത് കൗർ അങ്ങകലെ മാൻസ ജില്ലയിലെ അഹമ്മദ്പൂരിൽനിന്ന് പ്രതിഷേധത്തിൽ പങ്കെടുക്കാൻ വന്നെത്തിയതാണ്. "ഞങ്ങളെ ബാധിച്ചിരിക്കുന്ന പല രോഗങ്ങൾക്കും കാരണം ഈ മലിനജലവും വ്യവസായശാലകളിൽനിന്ന് മണ്ണിലേക്കൊഴുക്കുന്ന മാലിന്യവുമാണ്. ജീവൻ നിലനിർത്താൻ വേണ്ട അടിസ്ഥാനഘടകമാണ് വെള്ളം, ഞങ്ങൾക്ക് ശുദ്ധമായ വെള്ളം ലഭിക്കണം, " അവർ പറഞ്ഞു.

PHOTO • Arshdeep Arshi
PHOTO • Arshdeep Arshi

ഇടത്: 2024 ആഗസ്റ്റ് 24-നാണ് കാലെ പാനി ദാ മോർച്ച (ജലമലിനീകരണത്തിനെതിരെയുള്ള പ്രതിഷേധം) എന്ന പ്രതിഷേധ മാർച്ച് സംഘടിപ്പിക്കപ്പെട്ടത്. ബുഡ്ഡ നാല എന്ന നദി ലുധിയാനയിലൂടെ ഒഴുകിയതിനുശേഷം സത്‌ലജ് നദിയിൽ ലയിക്കുന്നു. വലത്: രാജസ്ഥാനിൽനിന്നുള്ള ആക്റ്റിവിസ്റ്റുകളും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു

PHOTO • Arshdeep Arshi
PHOTO • Arshdeep Arshi

ഇടത്: 'ഞങ്ങൾക്ക് പൈപ്പുണ്ട്, പക്ഷെ വെള്ളമില്ല' എന്ന് എഴുതിയ ഒരു പോസ്റ്ററുമായി ഒരു ആക്ടിവിസ്റ്റ്. വലത്: മാൻസ ജില്ലയിലെ അഹമ്മദ്പൂരിൽനിന്ന് പ്രതിഷേധത്തിൽ പങ്കെടുക്കാൻ വന്നെത്തിയതാണ് മൽകീത് കൗർ (ഇടത്തുനിന്ന് നാലാമത്തെയാൾ).' ഞങ്ങളെ ബാധിച്ചിരിക്കുന്ന പല രോഗങ്ങൾക്കും കാരണം ഈ മലിനജലവും വ്യവസായശാലകളിൽനിന്ന് മണ്ണിലേക്കൊഴുകുന്ന മാലിന്യവുമാണ്. ജീവൻ നിലനിർത്താൻ വേണ്ട അടിസ്ഥാനഘടകമാണ് വെള്ളം, ഞങ്ങൾക്ക് ശുദ്ധമായ വെള്ളം ലഭിക്കണം,' അവർ പറഞ്ഞു

വാലീപുർ കലാങ് ഗ്രാമത്തിലെ താമസക്കാർ എല്ലാവരും ഭൂഗർഭ ജലത്തെ ആശ്രയിച്ചാണ് കഴിയുന്നതെന്ന് കാശ്മീര ബായ് പറയുന്നു- വെള്ളം ലഭ്യമാകുന്ന 300 അടി താഴ്ചയിൽ കുഴൽക്കിണറുകൾ കുഴിക്കുന്നതിന് 35,000 മുതൽ 40,000 രൂപ ചിലവാകും. എന്നാൽ കുഴൽക്കിണറുകളിൽപ്പോലും ശുദ്ധമായ വെള്ളം ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് അവർ പറയുന്നു. ഗ്രാമത്തിലെ സമ്പന്നകുടുംബങ്ങളുടെ വീടുകളിൽ വെള്ളം ശുദ്ധീകരിക്കാനുള്ള ഫിൽറ്ററുണ്ടെങ്കിലും അവയും ഇടയ്ക്കിടെ സർവീസ് ചെയ്യണം,

ഇതേ ഗ്രാമത്തിൽ താമസിക്കുന്ന 50 വയസ്സുകാരിയായ ബൽജീത് കൗറിന്റെ മകൻ ഹെപ്പറ്റൈറ്റിസ് സി രോഗം ബാധിച്ച് മരണപ്പെടുകയുണ്ടായി. "എന്റെ രണ്ട് ആണ്മക്കൾക്കും ഹെപ്പറ്റൈറ്റിസ്  സി രോഗം ബാധിക്കുകയും അവരിൽ ഒരാൾ മരണപ്പെടുകയും ചെയ്തു,' തന്റെ ഗ്രാമത്തിലും സമീപഗ്രാമങ്ങളിലും ഒരുപാടുപേർക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കൗർ പറയുന്നു.

"ഞങ്ങൾ ഇപ്പോഴെങ്കിലും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ,  അടുത്ത തലമുറയ്ക്ക് ഇവിടെ സമാധാനപൂർണമായ ജീവിതം നയിക്കാൻ കഴിയില്ല. അതിനാലാണ് ഞങ്ങൾ പ്രതിഷേധിക്കുന്നത്," ഭട്ടിൻഡയിലെ ഗോണ്യാന മണ്ഡിയിൽനിന്നുള്ള രാജ്‌വീന്ദർ കൗർ പറഞ്ഞു. "പരിസ്ഥിതി മലിനീകരണം കാരണം ഇവിടത്തെ ഓരോ വീട്ടിലും കുറഞ്ഞത് ഒരു അർബുദരോഗിയെങ്കിലുമുണ്ട് എന്നതാണ് സ്ഥിതി. സത്‌ലജ് നദിയിലെ ജലം മലിനമാക്കുന്ന ഈ വ്യവസായശാലകൾ അടച്ചുപൂട്ടണം. അവ പ്രവർത്തനം അവസാനിപ്പിച്ചാൽ മാത്രമേ ഞങ്ങളുടെ വരുംതലമുറകളെ രക്ഷിക്കാൻ സാധിക്കൂ," അവർ കൂട്ടിച്ചേർക്കുന്നു.

"ഇത് ഞങ്ങളുടെ അതിജീവനത്തിനായുള്ള പോരാട്ടമാണ്, ലുധിയാനയിൽ നടന്ന കാലെ പാനി ദാ മോർച്ചയിൽ പങ്കെടുത്ത ആക്ടിവിസ്റ്റായ ബീബി ജീവൻജ്യോത് കൗർ പറഞ്ഞു. "ഇത് അടുത്ത തലമുറയെ രക്ഷിക്കാനുള്ള പോരാട്ടമാണ്."

PHOTO • Arshdeep Arshi
PHOTO • Arshdeep Arshi

ഇടത്: ബൽജിത് കൗറിന്റെ ആണ്മക്കളിലൊരാൾ ഹെപ്പറ്റൈറ്റിസ്  സി രോഗം ബാധിച്ച് മരണപ്പെടുകയായിരുന്നു. വലത്: ' ഞങ്ങൾ ഇപ്പോഴെങ്കിലും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ,  അടുത്ത തലമുറയ്ക്ക് ഇവിടെ സമാധാനപൂർണമായ ജീവിതം നയിക്കാൻ കഴിയില്ല. അതിനാലാണ് ഞങ്ങൾ പ്രതിഷേധിക്കുന്നത്,' ഭട്ടിൻഡയിലെ ഗോണ്യാന മണ്ഡിയിൽനിന്നുള്ള രാജ്‌വീന്ദർ കൗർ (പിങ്ക് ദുപ്പട്ട ധരിച്ചിരിക്കുന്നു) പറഞ്ഞു

PHOTO • Arshdeep Arshi
PHOTO • Arshdeep Arshi

ഇടത്: 'വരൂ. നമുക്ക് പഞ്ചാബിലെ നദികളുടെ വിഷമയമായ മലിനീകരണം അവസാനിപ്പിക്കാം' എന്ന എഴുതിയ ബാനറുമായി പ്രതിഷേധ മാർച്ചിൽ പങ്കെടുത്തവർ. വലത്: 'കഴിഞ്ഞ 40 വർഷമായി വ്യവസായശാലകൾ നമ്മുടെ നദികളെ മലിനമാക്കുകയാണ്; പക്ഷെ അത് തടയാൻ ഉത്തരവാദിത്തപ്പെട്ടവർ ഒന്നും ചെയ്യുന്നില്ല,' പ്രതിഷേധക്കാരോട് സംസാരിച്ച കൃഷി വിദഗ്ധൻ ദേവീന്ദർ ശർമ്മ പറഞ്ഞു

പ്രതിഷേധത്തിന്റെ മുൻനിരയിലുള്ള ആക്ടിവിസ്റ്റാണ് അമൻദീപ് സിംഗ് ബെയ്‌സ്. "ഈ പ്രശ്നത്തിന്റെ മൂലകാരണം ആരും പരിഹരിക്കുന്നില്ല. നദി ശുചീകരിക്കാൻ സർക്കാർ പല പദ്ധതികളും ആവിഷ്‌ക്കരിക്കുന്നുണ്ട്. എന്നാൽ ജലസ്രോതസ്സുകളെ മലിനപ്പെടുത്താൻ വ്യവസായശാലകളെ അനുവദിക്കുന്നത് എന്തുകൊണ്ടാണ്? നദിയിൽ മലിനീകരണകാരികൾ കലരാൻതന്നെ അനുവദിക്കരുത്."

"ഇവിടത്തെ ഡയിങ് വ്യവസായം അടച്ചുപൂട്ടുകതന്നെ വേണം," ലുധിയാന ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ അഭിഭാഷകൻ പറയുന്നു.

ലുധിയാനയിൽ ഏകദേശം 2,000 വ്യാവസായിക ഇലക്ട്രോപ്ളേറ്റിങ് യൂണിറ്റുകളും 300 ഡയിങ് യൂണിറ്റുകളുമുണ്ട്. ബുഡ്ഡ നാലയിലെ മലിനീകരണത്തിന് ഇരുകൂട്ടരും പരസ്പരം കുറ്റപ്പെടുത്തുകയാണ് പതിവ്. "2014-ലെ പഞ്ചാബ് പോയ്സൻ പോസെഷൻ ആൻഡ് സെയിൽ റൂൾസ് പ്രകാരം, വിഷാംശമുള്ള രാസവസ്തുക്കൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവരുടെ വിവരങ്ങൾ ഭരണകൂടം ശേഖരിക്കേണ്ടതാണ്. എന്നാൽ സർക്കാരിന്റെ പക്കൽ അങ്ങനെയൊരു രേഖയുമില്ല," ലുധിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയായ ബാദേശ് ജിൻഡൽ പാരിയോട് പറഞ്ഞു.

ഇതുകൂടാതെ, വ്യവസായശാലകൾ സീറോ ലിക്വിഡ് ഡിസ്ചാർജ് (ഇസെഡ്.എൽ.ഡി) എന്ന മലിനജല സംസ്കരണപ്രക്രിയ ഉപയോഗിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. "വ്യാവസായികമാലിന്യം, അത് സംസ്കരിച്ചതായാലും അല്ലെങ്കിലും,  ബുഡ്ഡ നാലയിൽ കലരാൻ പാടില്ല," അദ്ദേഹം പറഞ്ഞു.

കൃഷിവിദഗ്ധനായ ദേവീന്ദർ ശർമ്മ പറയുന്നത് മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങൾ എല്ലാംതന്നെ പൂർണ്ണമായും അടച്ചുപൂട്ടണമെന്നാണ്. "കഴിഞ്ഞ 40 വർഷമായി ഈ വ്യവസായശാലകൾ നമ്മുടെ നദികളെ മലിനീകരിക്കുകയാണ്; എന്നിട്ടും ബന്ധപ്പെട്ടവർ ഇതിനെതിരെ ഒന്നും ചെയ്യുന്നില്ല. മലിനീകരണം നടത്തുന്ന വ്യവസായങ്ങളെ നാം എന്തിനാണ് പ്രോത്സാഹിപ്പിക്കുന്നത്? നിക്ഷേപത്തിന്റെ പേരിലോ? അതിനുപകരം, പരിസ്ഥിതി സുരക്ഷയിലും പൊതുജനാരോഗ്യത്തിലുമാണ് സർക്കാർ നിക്ഷേപം നടത്തേണ്ടത്," അദ്ദേഹം പാരിയോട് പറഞ്ഞു.

PHOTO • Arshdeep Arshi
PHOTO • Arshdeep Arshi

മലിനജലത്താൽ (വലത്) ദുരിതമനുഭവിക്കുന്ന വാലീപൂർ കലാങിൽ നിന്നുള്ള നാരംഗ് സിംഗ്, ദവീന്ദർ സിംഗ്, ജഗ്ജീവൻ സിംഗ്, വിസാഖാ സിംഗ് ഗാരെവാൾ എന്നിവർ (ഇടതുനിന്ന് വലത്തേക്ക്)

PHOTO • Arshdeep Arshi
PHOTO • Arshdeep Arshi

ലുധിയാനയിൽ ഏകദേശം 2000 വ്യാവസായിക ഇലക്ട്രോപ്ളേറ്റിങ് യൂണിറ്റുകളും 300 ഡയിങ് യൂണിറ്റുകളുമുണ്ട്. ഈ പ്രദേശത്തെ മലിനീകരണത്തിന് ഇരുകൂട്ടരും പരസ്പരം കുറ്റപ്പെടുത്തുകയാണ് പതിവ്. ലുധിയാന ജില്ലയിലെ ഗോൻസ്പൂർ ഗ്രാമത്തിന്റെ (വലത്) സമീപത്തുകൂടി ഒഴുകുന്ന ബുഡ്ഡ നാല

ബുഡ്ഡ നാലയിലേയ്ക്ക് ഒരുതരത്തിലുള്ള ദ്രാവകവും - അതിനി സംസ്കരിച്ച മാലിന്യമോ ജലമോ ആണെങ്കിൽക്കൂടി – ഒഴുക്കരുതെന്ന് ഡയിങ് വ്യവസായശാലകൾക്ക് കൃത്യമായ ഉത്തരവ് നല്കിയിട്ടുള്ളതാണെന്ന് ആക്ടിവിസ്റ്റുകൾ വെളിപ്പെടുത്തുന്നു. ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) ഈയിടെ നടത്തിയ ഒരു ഹിയറിങ്ങിലാണ് ഇതുസംബന്ധിച്ച രേഖകൾ പുറത്തുവന്നത്. ഇക്കഴിഞ്ഞ 10-11 വർഷം പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോർഡ് ( PPCB) ഇതേപ്പറ്റി മൗനം പാലിച്ചത് എന്തുകൊണ്ടാണെന്ന് ആക്ടിവിസ്റ്റുകൾ ചോദ്യമുയർത്തുന്നു.

" ത്രിപുര സർക്കാരിന് മലിനീകരണം നടത്തുന്ന വ്യവസായങ്ങളെ നിരോധിക്കാമെങ്കിൽ, പഞ്ചാബിന് എന്തുകൊണ്ട് അങ്ങനെ ചെയ്തുകൂടാ?" പഞ്ചാബിലെ ആക്ടിവിസ്റ്റുകൾ ചോദിക്കുന്നു.

*****

ബുഡ്ഡ നാലയിലെ തെളിഞ്ഞ ജലം ലുധിയാനയിലൂടെയും അതിനു താഴെയുള്ള ഗ്രാമങ്ങളിലൂടെയും കടന്നുപോകുന്നതോടെ കരിംകറുപ്പ് നിറമായി മാറും. പൂർണ്ണമായും ഇരുണ്ട നിറത്തിലുള്ള നീരൊഴുക്കായാണ് അത് സത്‌ലജ് നദിയിൽ പതിക്കുന്നത്. ഗ്രീസിന്റെ നിറമായി മാറുന്ന ഈ നദി രാജസ്ഥാൻവരെ സഞ്ചരിച്ചശേഷം പിന്നീട് പാകിസ്ഥാനിൽ പ്രവേശിക്കുകയും ഒടുവിൽ അറബിക്കടലിൽ പതിക്കുകയും ചെയ്യുന്നു. ബിയാസ്, സത്‌ലജ് എന്നീ നദികൾ സംഗമിക്കുന്ന ഹരികേ പഠാൻ (ബാരേജ്) പ്രദേശത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങളിലും രണ്ട് നദികളിലെയും ജലത്തിന്റെ വ്യത്യാസം പ്രകടമാണ്.

PHOTO • Courtesy: Trolley Times
PHOTO • Courtesy: Trolley Times

മലിനീകരണത്തിന്റെ മൂലകാരണം ബന്ധപ്പെട്ടവർ പരിഹരിക്കുന്നില്ലെന്ന് ആക്ടിവിസ്റ്റുകൾ പറയുന്നു. സർക്കാർ നദികൾ ശുദ്ധീകരിക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുമ്പോഴും വ്യവസായശാലകളെ നദികളിൽ മാലിന്യം തള്ളാൻ അനുവദിക്കുകയും ചെയ്യുന്നു. വലത്: ബുഡ്ഡ നാല സത്‌ലജ് നദിയിൽ പതിക്കുന്ന ദൃശ്യം (2022-ലെ ചിത്രം)

2024 ആഗസ്റ്റ് 13-ന്, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (CPCB) ബുഡ്ഡ നാലയുടെ സ്ഥിതി സംബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണലിന് (NGT) മറുപടി (പാരിയുടെ പക്കൽ ഇതിന്റെ പകർപ്പുണ്ട്) നൽകിയിരുന്നു. അതിൽ, നഗരത്തിലെ കോമൺ എഫ്‌ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ (CETP- പൊതു മലിനജല സംസ്കരണ പ്ലാന്റുകൾ), "കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള പാരിസ്ഥിതിക അനുമതിയിൽ നിഷ്‌കർഷിച്ചിട്ടുള്ള മാലിന്യ നീക്ക നിബന്ധനകൾ പാലിക്കുന്നില്ല" എന്ന് കണ്ടെത്തിയതായി പറയുന്നുണ്ട്.

ഇതുകൂടാതെ, 2024 ആഗസ്റ്റ് 12-ന് "പാരിസ്ഥിതിക നഷ്ടപരിഹാരം ചുമത്തുക ഉൾപ്പെടെ ആവശ്യമായ നടപടികൾ എടുക്കേണ്ടതാണ്" എന്ന് PPCB-യ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും CPCB  മറുപടിയിൽ NGT-യെ അറിയിച്ചു. PPCB ആകട്ടെ ഇതിന് മുൻപ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ബുഡ്ഡ നാലയിലെ വെള്ളം ജലസേചനത്തിന് അനുയോജ്യമല്ലെന്ന് സമ്മതിച്ചിട്ടുമുണ്ട്. "അതിലെ ജലം ജലസേചനത്തിന് അനുയോജ്യമല്ലെങ്കിൽ, പിന്നെ അത് കുടിവെള്ളമായി ഉപയോഗിക്കാൻ അനുയോജ്യമാണെന്നാണോ നിങ്ങൾ കരുതുന്നത്," ആക്ടിവിസ്റ്റുകൾ വാദിച്ചു.

പ്രതിഷേധത്തിന്റെ സംഘാടകർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ സെപ്റ്റംബർ 15-ന് ബുഡ്ഡ നാലയുടെ ഒഴുക്ക് തടയുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇത് 2024 ഒക്ടോബർ 1-ലേയ്ക്ക് മാറ്റി. പ്രതിഷേധക്കാർ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതിന് പിന്നാലെ, സെപ്റ്റംബർ 25-ന് PPCB നഗരത്തിലെ മൂന്ന് CETP-കളോട് സംസ്കരിച്ച മലിനജലം ബുഡ്ഡ നാലയിലേയ്ക്ക് ഒഴുക്കുന്നത് ഉടനടി അവസാനിപ്പിക്കാൻ ഉത്തരവിട്ടു. എന്നാൽ  പ്ലാന്റുകൾ ഈ ഉത്തരവ് പാലിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒക്ടോബർ 1-നു ആക്ടിവിസ്റ്റുകൾ നദിയുടെ ഒഴുക്ക് തടയുന്നതിന് പകരം, ഫിറോസ്പൂർ റോഡിൽ ഒരു കുത്തിയിരിപ്പ് ധർണ്ണ നടത്തുകയും 2024 ഡിസംബർ 3-ന് മുൻപായി സത്വര നടപടികൾ എടുക്കണമെന്ന് ഭരണകൂടത്തിന് അന്ത്യശാസനം നൽകുകയും ചെയ്തു.

"ഇടയ്ക്കിടെ ആരെങ്കിലുമൊക്കെ വന്ന് ബുഡ്ഡ നാലയിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചു കൊണ്ടുപോകും; പക്ഷെ പിന്നീടൊന്നും സംഭവിക്കാറില്ല. ഒന്നുകിൽ ഈ മലിനീകരണം അവസാനിപ്പിക്കണം; അല്ലെങ്കിൽ ഞങ്ങൾക്ക് ശുദ്ധജല ലഭ്യത ഉറപ്പ് നൽകി, ഞങ്ങളുടെ അടുത്ത തലമുറയ്ക്ക് ആരോഗ്യത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണം,' സർക്കാർ സർവേകളിലും വാഗ്ദാനങ്ങളിലും മനം മടുത്ത് ബൽജീത് കൗർ പറയുന്നു.

പരിഭാഷ: പ്രതിഭ ആര്‍. കെ .

Arshdeep Arshi

ಅರ್ಷ್‌ದೀಪ್ ಅರ್ಶಿ ಚಂಡೀಗಢ ಮೂಲದ ಸ್ವತಂತ್ರ ಪತ್ರಕರ್ತರು ಮತ್ತು ಅನುವಾದಕರು. ಇವರು ನ್ಯೂಸ್ 18 ಪಂಜಾಬ್ ಮತ್ತು ಹಿಂದೂಸ್ತಾನ್ ಟೈಮ್ಸ್‌ನೊಂದಿಗೆ ಕೆಲಸ ಮಾಡಿದ್ದಾರೆ. ಅವರು ಪಟಿಯಾಲಾದ ಪಂಜಾಬಿ ವಿಶ್ವವಿದ್ಯಾಲಯದಿಂದ ಇಂಗ್ಲಿಷ್ ಸಾಹಿತ್ಯದಲ್ಲಿ ಎಂ ಫಿಲ್ ಪಡೆದಿದ್ದಾರೆ.

Other stories by Arshdeep Arshi
Editor : Priti David

ಪ್ರೀತಿ ಡೇವಿಡ್ ಅವರು ಪರಿಯ ಕಾರ್ಯನಿರ್ವಾಹಕ ಸಂಪಾದಕರು. ಪತ್ರಕರ್ತರು ಮತ್ತು ಶಿಕ್ಷಕರಾದ ಅವರು ಪರಿ ಎಜುಕೇಷನ್ ವಿಭಾಗದ ಮುಖ್ಯಸ್ಥರೂ ಹೌದು. ಅಲ್ಲದೆ ಅವರು ಗ್ರಾಮೀಣ ಸಮಸ್ಯೆಗಳನ್ನು ತರಗತಿ ಮತ್ತು ಪಠ್ಯಕ್ರಮದಲ್ಲಿ ಆಳವಡಿಸಲು ಶಾಲೆಗಳು ಮತ್ತು ಕಾಲೇಜುಗಳೊಂದಿಗೆ ಕೆಲಸ ಮಾಡುತ್ತಾರೆ ಮತ್ತು ನಮ್ಮ ಕಾಲದ ಸಮಸ್ಯೆಗಳನ್ನು ದಾಖಲಿಸುವ ಸಲುವಾಗಿ ಯುವಜನರೊಂದಿಗೆ ಕೆಲಸ ಮಾಡುತ್ತಾರೆ.

Other stories by Priti David
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.