അമ്മേ, നിന്നിൽനിന്ന് കിട്ടിയതാണെന്റെ ജന്മം
ആദ്യം ഞാനുച്ചരിച്ച വാക്ക്
നിന്റെ നാവിൻ‌തുമ്പത്തായിരുന്നു
നിന്റെ സ്നേഹത്തിലൂന്നിയാണെന്റെ
ആദ്യത്തെ നടത്തം
അമ്മേ നിന്റെ കൈപിടിച്ചാണ്
നടക്കാൻ ഞാൻ പഠിച്ചത്
നിന്റെ കൈപിടിച്ച്
എഴുതാൻ പഠിച്ചു

ഗരിയാഹട്ട് അങ്ങാടിയിലെ മോഹൻ ദാസ് എന്ന വഴിയോര പുസ്തകക്കച്ചവടക്കാരന്റെ പുസ്തകശാലയിൽ എഴുതിവെച്ചിരിക്കുന്ന കവിതയാണിത്. ഈ കവിതയും മറ്റ് നിരവധി കവിതകളും എഴുതിയിട്ടുള്ളതും ഈ കവിതന്നെയാണ്.

“നിങ്ങളുടെ തൊഴിലിനെ ഇഷ്ടപ്പെടുക എന്നത് പ്രധാനമാണ്. പുസ്തകങ്ങളാണ് എന്റെ ആദ്യത്തെ ഇഷ്ടം. മണി മോഹൻ ദാസ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന 52 വയസ്സുള്ള അദ്ദേഹം പറയുന്നു.

ഹേരാംബ ചന്ദ്ര കൊളേജിൽനിന്ന് ബിരുദധാരിയായ മോഹന് ജോലിയൊന്നും നേടാൻ കഴിഞ്ഞില്ല. അതിനാൽ, മൂന്ന് പതിറ്റാണ്ട് മുമ്പ്, ഗരിയാഹട്ടിലെ തെരുവുകളിൽ പുസ്തകങ്ങളും മാസികകളും വിൽക്കാൻ അദ്ദേഹം നിർബന്ധിതനായി.

പ്രതീക്ഷിക്കാതെ ഈ തൊഴിലിലേക്ക് എത്തിയിട്ടും അതിൽനിന്ന് മാറണമെന്ന് ഒരിക്കലും അദ്ദേഹത്തിന് തോന്നിയില്ല. “ഇത് പൈസ സമ്പാദിക്കാനുള്ള മാർഗ്ഗം മാത്രമല്ല. അതിലുമധികം കാര്യങ്ങളുണ്ട് ഇത്. എന്നെ സംബന്ധിച്ചിടത്തോളം പുസ്തകങ്ങൾ എന്റെ അഭിലാഷമാണ്”.

Left: Mohan Das sitting in front of his book stall in Kolkata's Gariahat market.
PHOTO • Diya Majumdar
Right: A poem by Mohan Das holds a place of pride at his stall
PHOTO • Diya Majumdar

ഇടത്ത്: കൊൽക്കൊത്തയിലെ ഗരിയാഹട്ട് മാർക്കറ്റിലെ തന്റെ പുസ്തകക്കടയുടെ മുമ്പിൽ ഇരിക്കുന്ന മോഹൻ ദാസ്. വലത്ത്: കടയുടെ മുമ്പിൽ, അഭിമാനത്തോടെ പ്രദർശിപ്പിച്ചുവെച്ചിരിക്കുന്ന മോഹൻ ദാസിന്റെ ഒരു കവിത

തെക്കൻ കൊൽക്കൊത്തയിലെ ഗോൾപാർക്കിന് സമീപത്തെ തിരക്കുപിടിച്ച ഒരു കവലയിലുള്ള മോഹന്റെ പുസ്തകക്കട, ഗരിയാഹട്ട് മാർക്കറ്റിലെ ഏകദേശം 300-ഓളം കടകളിൽ ഒന്നുമാത്രമാണ്. ഭക്ഷണസാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, തുണികൾ, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന ഈ മാർക്കറ്റിൽ സ്ഥിരമായതും താത്ക്കാലികാവുമായ നിരവധി സ്ഥാപനങ്ങളുണ്ട്.

ഈ തെരുവിലെ സ്ഥിരം കടക്കാരും തന്നെപ്പോലെയുള്ള തെരുവുവില്പനക്കാരും ഒരു കുടുംബം‌പോലെയാണ് കഴിയുന്നതെന്ന് മോഹൻ പറയുന്നു. “ആളുകൾക്ക് ഒരു തെറ്റിദ്ധാരണയുണ്ട്. സ്ഥിരം കടക്കാർക്ക് ഞങ്ങളെ പഥ്യമല്ല എന്ന്. അത് എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല”, അദ്ദേഹം പറയുന്നു. അവർ ഭക്ഷണം തമ്മിൽത്തമ്മിൽ പങ്കുവെക്കാറുണ്ട്. സുഹൃത്തുക്കളുമാണ്.

മോഹന്റെ ദിവസത്തിന് ദൈർഘ്യമേറും. രാവിലെ 10 മണിക്ക് കട തുറക്കും. രാത്രി 9 മണിവരെ. ആഴ്ചയിൽ എല്ലാ ദിവസവും 11 മണിക്കൂർ. തന്റെ ജോലിയിൽ സംതൃപ്തനാണെങ്കിലും അതിൽനിന്നുള്ള വരുമാനം തനിക്കും കുടുംബത്തിനും മതിയാകാത്തതിൽ അദ്ദേഹത്തിന് വിഷമമുണ്ട്. “ചിലപ്പോൾ പൈസ ഉണ്ടാക്കാൻ പറ്റും. ചിലപ്പോൾ ഒരുനേരത്തെ ഭക്ഷണത്തിനുപോലും തികയില്ല”, അഞ്ചുപേരുള്ള കുടുംബം പോറ്റുന്ന മോഹൻ പറയുന്നു.

കൽക്കത്ത സർവ്വകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദത്തിന് ശ്രമിക്കുന്ന മകൾ പൌലോമിക്ക് ഒരു വലിയ ഭാവിയുണ്ടാകണമെന്നതാണ് പുസ്തകവില്പനക്കാരനും കവിയുമാ‍യ ഈ മനുഷ്യന്റെ മോഹം. അനിയത്തിമാരായ പ്രൊതിമയുടേയും പുഷ്പയുടേയും വിവാഹത്തിനും പണം കണ്ടെത്തേണ്ടതുണ്ട് ഇദ്ദേഹത്തിന്.

Left: Mohan Das showing us his poem titled ‘Ma amar Ma.’
PHOTO • Diya Majumdar
Right: Towards the end of 2022, street vendors were ordered to remove plastic sheets covering their stalls
PHOTO • Diya Majumdar

ഇടത്ത്: താൻ എഴുതിയ ‘മാ, അമാർ മാ’ (അമ്മ, നമ്മുടെ അമ്മ) എന്ന കവിത മോഹൻ ദാസ് കാണിച്ചുതരുന്നു. 2022-ന്റെ അവസാനം, തെരുവുവില്പനക്കാരോട് അവരുടെ സ്റ്റാളിന്റെ മുകളിൽ കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക്ക് ഷീറ്റുകൾ മാറ്റാൻ ആവശ്യപ്പെട്ടു

ഉപജീവനം സന്ദിഗ്ദ്ധാവസ്ഥയിലായിട്ടും പ്രതീക്ഷ നശിക്കാതിരിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. “ആർക്കെങ്കിലും ഞങ്ങളെ ഇവിടെനിന്ന് മാറ്റാൻ കഴിയുമെന്നൊന്നും ഞാൻ ഭയപ്പെടുന്നില്ല. ഞങ്ങൾ ധാരാളം പേരുണ്ട്. ഞങ്ങളുടെ ഉപജീവനം ഈ തെരുവിനെ ആശ്രയിച്ചാണിരിക്കുന്നത്. ഞങ്ങളെ ഒഴിപ്പിക്കുന്നത് എളുപ്പമല്ല”, എന്നാൽ ധാരാളം ശ്രമങ്ങളുണ്ടായിട്ടുണ്ട്.

“എന്ത് ചെയ്യണമെന്ന് എനിക്കൊരു രൂപവുമുണ്ടായില്ല”, നഗരത്തിന്റെ ചില ഭാഗങ്ങളിൽനിന്ന് വഴിയോരവില്പനക്കാരെ ഒഴിപ്പിക്കാൻ സംസ്ഥാന സർക്കാരും മുനിസിപ്പൽ അധികൃതരും ചേർന്ന് നടത്തിയ ‘ഓപ്പറേഷൻ സൺ‌ഷൈൻ’ എന്ന നടപടിയെ ഓർത്തെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളിൽ അധികാരത്തിലുണ്ടായിരുന്ന ഇടതുപക്ഷ മുന്നണിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എന്ന സംഘടനയിൽ അംഗമായിരുന്നു ആ സമയത്ത് മോഹൻ. പാർട്ടി ഓഫീസിൽ പോയി അധികാരികളെക്കണ്ട്, ഇത് ചെയ്യരുതെന്ന് ആവശ്യപ്പെട്ടത് അദ്ദേഹം ഓർമ്മിക്കുന്നു. എന്നാൽ അധികാരികളാകട്ടെ, ചർച്ച ചെയ്യാൻ വിമുഖരായിരുന്നു. ആ പ്രദേശത്തെ തെരുവോരക്കച്ചവടക്കാരുടെ കടകൾ സർക്കാർ, മുനിസിപ്പൽ അധികാരികൾ ഇടിച്ചുതകർക്കുന്നതിനുമുമ്പ്, തന്റെ പുസ്തകങ്ങൾ രക്ഷിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി.

“സർക്കാരിന്റെ പെട്ടെന്നുള്ള തീരുമാനമായിരുന്നു അത്. “ആ ഒറ്റരാത്രിയിൽ നിരവധി മനുഷ്യർക്ക് അവരുടെ എല്ലാ സമ്പാദ്യവും നഷ്ടപ്പെട്ടു എന്ന് അവർ ഒരിക്കലും തിരിച്ചറിഞ്ഞില്ല”. മാസങ്ങളോളം നീണ്ട പ്രതിഷേധങ്ങൾ നടത്തിയും കൽക്കത്ത ഹൈക്കോടതിയിൽ ഹരജികൾ നൽകിയുമാണ് മോഹനും മറ്റുള്ളവർക്കും കടകൾ വീണ്ടും തുറക്കാൻ സാധിച്ചത്. 1996 ഡിസംബർ 3-നായിരുന്നു അത്. ഹോക്കേഴ്സ് സംഗ്രാം കമ്മിറ്റിയുടെ ഭാഗമായ സൌത്ത് കൽക്കത്ത ഹോക്കേഴ്സ് യൂണിയനാണ് പ്രക്ഷോഭം നയിച്ചത്. മോഹൻ അതിന്റെ ഭാഗമായിരുന്നു. അതിനുശേഷം താൻ പാർട്ടി വിട്ടുവെന്നും പിന്നീടൊരിക്കലും ഒരു രാഷ്ട്രീയപ്രവർത്തനത്തിലും പങ്കാളിയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Left: The lane outside Mohan’s stall. The Gariahat market is a collection of both permanent shops and makeshift stalls.
PHOTO • Diya Majumdar
Right: Plastic sheeting protects hundreds of books at the stall from damage during the rains
PHOTO • Diya Majumdar

ഇടത്ത്: മോഹന്റെ കടയുടെ പുറത്തുള്ള ഇടവഴി. സ്ഥിരവും അല്ലാത്തതുമായ കടകൾ ഉൾക്കൊള്ളുന്നതാണ് ഗരിയാഹട്ട് മാർക്കറ്റ്. വലത്ത്: മഴയിൽനിന്ന് പുസ്തകങ്ങളെ രക്ഷിക്കാനായി കെട്ടിയ പ്ലാസ്റ്റിക്ക് ഷീറ്റ്

*****

“ഇന്നത്തെ കാലത്ത് ശരിക്കും പറഞ്ഞാൽ ആരും പുസ്തകങ്ങൾ വായിക്കാറില്ല”, തന്റെ ഉപഭോക്താക്കളിൽ പലരും ഗൂഗിളിലേക്ക് പോയി എന്ന് മോഹൻ പറയുന്നു. “ഇപ്പോൾ ഈ ഗൂഗിൾ എന്ന് പറയുന്ന സാധനമുണ്ടല്ലോ. ആളുകൾ അവർക്കാവശ്യമായ സാധനം അതിൽ തിരയുന്നു. അതുമാത്രം വാങ്ങുന്നു”, കോവിഡ് 19 കാര്യങ്ങൾ കൂടുതൽ വഷളാക്കി.

“സ്വന്തമിഷ്ടപ്രകാരം ഞാൻ ഒരിക്കലും എന്റെ കട പൂട്ടിയിട്ടില്ല. എന്നാൽ കോവിഡിൽ എനിക്ക് മറ്റൊരു മാർഗ്ഗവുമുണ്ടായിരുന്നില്ല. വെറുതെ ഇരിക്കുകയല്ലാതെ”, തന്റെ എല്ലാ സമ്പാദ്യവും മഹാവ്യാധിയുടെ കാലത്ത് ചിലവഴിക്കേണ്ടിവന്നു മോഹന്, “കച്ചവടം ഏറ്റവും മോശം അവസ്ഥയിലായിരിക്കുന്നു” എന്നാണ് 2023 ജനുവരിയിൽ പാരിയോട് സംസാരിക്കുന്ന വേളയിൽ മോഹൻ പറഞ്ഞത്.

സർക്കാർ നൽകുന്ന കച്ചവട ലൈസൻസുണ്ടെങ്കിൽ തന്റെ കച്ചവടത്തിലെ അനിശ്ചിതാവസ്ഥ കുറയ്ക്കാൻ കഴിയുമെന്ന് മോഹൻ പറഞ്ഞു. അഞ്ചുവർഷം മുമ്പ് അപേക്ഷ കൊടുത്തുവെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ഹോക്കേഴ്സ് യൂണിയന്റെ അംഗമായതുകൊണ്ടുമാത്രമാണ് ഇപ്പോൾ ഒരു സുരക്ഷിതബോധം തോന്നുന്നതെന്ന് മോഹൻ പറഞ്ഞു. ആഴ്ചയിൽ 50 രൂപ യൂണിയന് നൽകണം. മാർക്കറ്റിൽ ഒരു സ്ഥലം ഉറപ്പുവരുത്താൻ ഇത് സഹായിക്കുന്നു.

2022 അവസാനത്തോടെ, 2018-ലെ പശ്ചിമ ബംഗാളിലെ നഗര തെരുവോരവില്പനക്കാരുടെ (ഉപജീവന സംരക്ഷണ, തെരുവോരവില്പന നിയന്ത്രണ നിയമം (വെസ്റ്റ് ബംഗാൾ അർബൻ സ്ട്രീറ്റ് വെൻഡേഴ്സ്- പ്രൊട്ടക്ഷൻ ഓഫ് ലൈവ്‌ലിഹുഡ് ആൻഡ് റെഗുലേഷൻ ഓഫ് സ്ട്രീറ്റ് വെൻഡിംഗ് റൂൾസ് 2018) നടപ്പാക്കാൻ കൊൽക്കൊത്ത മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചു. കടകളുടെ മുകളിലുള്ള പ്ലാസ്റ്റിക്ക് ഷീറ്റുകൾ മാറ്റാൻ എല്ലാ തെരുവോരവില്പനക്കാരോടും ആവശ്യപ്പെട്ടു. “തണുപ്പ് കാലത്ത് ഇതുകൊണ്ട് കുഴപ്പമില്ല, പക്ഷേ മഴ വന്നാൽ ഞങ്ങളെന്തുചെയ്യും?” മോഹൻ ചോദിക്കുന്നു.

ജോഷ്വ ബോധിനേത്ര കവിത ആലപിക്കുന്നത് കേൾക്കാം

মা আমার মা

সবচে কাছের তুমিই মাগো
আমার যে আপন
তোমার তরেই পেয়েছি মা
আমার এ জীবন
প্রথম কথা বলি যখন
তোমার বোলেই বলি
তোমার স্নেহের হাত ধরে মা
প্রথম আমি চলি
হাতটি তোমার ধরেই মাগো
চলতে আমার শেখা
হাতটি তোমার ধরেই আমার
লিখতে শেখা লেখা
করতে মানুষ রাত জেগেছ
স্তন করেছ দান
ঘুম পাড়াতে গেয়েছে মা
ঘুম পাড়ানি গান
রাত জেগেছ কত শত
চুম দিয়েছ তত
করবে আমায় মানুষ, তোমার
এই ছিল যে ব্রত
তুমি যে মা সেই ব্রততী
যার ধৈয্য অসীম বল
সত্যি করে বলো না মা কী
হল তার ফল
আমার ব্রতের ফসল যেরে
সোনার খুকু তুই
তুই যে আমার চোখের মনি
সদ্য ফোটা জুঁই ।

അമ്മേ, എന്റെ അമ്മേ

നിന്നേക്കാൾ പ്രിയപ്പെട്ടവരാരുമില്ല അമ്മേ
ഞാൻ നിന്റെ രക്തം
അമ്മേ, നിന്നിൽനിന്ന് കിട്ടിയതാണെന്റെ ജന്മം
ആദ്യം ഞാനുച്ചരിച്ച വാക്ക്
നിന്റെ നാവിൽനിന്ന്
നിന്റെ സ്നേഹത്തിലൂന്നിയെന്റെ
ആദ്യത്തെ നടത്തം
അമ്മേ നിന്റെ കൈപിടിച്ച്
എന്റെ നടത്തം
നിന്റെ കൈപിടിച്ച്
എന്റെ എഴുത്ത്
എന്നെ വളർത്താൻ നീ ചിലവഴിച്ച
ഉറക്കമില്ലാത്ത രാത്രികൾ
നീ എനിക്കായ് ചുരത്തിയ അമ്മിഞ്ഞപ്പാലുകൾ
എന്നെ ഉറക്കാൻ നീ പാടിയ താരാട്ടുകൾ
എന്നെ ഉമ്മവെച്ചുമ്മവെച്ച് നീ ചിലവഴിച്ച
എണ്ണമറ്റ ദിനങ്ങൾ
എന്നെ ഒരു മനുഷ്യനാക്കാൻ
നീയെടുത്ത പ്രതിജ്ഞ
അനന്തമായ നിന്റെ ക്ഷമ
എന്നോട് സത്യം പറയൂ,
അതിൽനിന്ന് എന്ത് കിട്ടി?
എന്റെ പൊന്നുമകളേ,
എന്റെ പ്രതിജ്ഞയുടെ വിളവാണ് നീ
എന്റെ കണ്ണിലെ പ്രകാശം
ഇപ്പോൾ വിരിഞ്ഞ മല്ലിക


പരിഭാഷ: രാജീവ് ചേലനാട്ട്

Student Reporter : Diya Majumdar

ದಿಯಾ ಮಜುಂದಾರ್ ಇತ್ತೀಚೆಗೆ ಬೆಂಗಳೂರಿನ ಅಜೀಂ ಪ್ರೇಮ್ಜಿ ವಿಶ್ವವಿದ್ಯಾಲಯದಿಂದ ಅಭಿವೃದ್ಧಿ ವಿಷಯದಲ್ಲಿ ಸ್ನಾತಕೋತ್ತರ ಪದವಿ ಪಡೆದಿದ್ದಾರೆ.

Other stories by Diya Majumdar
Editor : Swadesha Sharma

ಸ್ವದೇಶ ಶರ್ಮಾ ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದಲ್ಲಿ ಸಂಶೋಧಕ ಮತ್ತು ವಿಷಯ ಸಂಪಾದಕರಾಗಿದ್ದಾರೆ. ಪರಿ ಗ್ರಂಥಾಲಯಕ್ಕಾಗಿ ಸಂಪನ್ಮೂಲಗಳನ್ನು ಸಂಗ್ರಹಿಸಲು ಅವರು ಸ್ವಯಂಸೇವಕರೊಂದಿಗೆ ಕೆಲಸ ಮಾಡುತ್ತಾರೆ.

Other stories by Swadesha Sharma
Editor : Riya Behl

ರಿಯಾ ಬೆಹ್ಲ್‌ ಅವರು ಲಿಂಗತ್ವ ಮತ್ತು ಶಿಕ್ಷಣದ ಕುರಿತಾಗಿ ಬರೆಯುವ ಮಲ್ಟಿಮೀಡಿಯಾ ಪತ್ರಕರ್ತರು. ಈ ಹಿಂದೆ ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ (ಪರಿ) ಹಿರಿಯ ಸಹಾಯಕ ಸಂಪಾದಕರಾಗಿದ್ದ ರಿಯಾ, ಪರಿಯ ಕೆಲಸಗಳನ್ನು ತರಗತಿಗಳಿಗೆ ತಲುಪಿಸುವ ನಿಟ್ಟಿನಲ್ಲಿ ವಿದ್ಯಾರ್ಥಿಗಳು ಮತ್ತು ಶಿಕ್ಷಣ ತಜ್ಞರೊಂದಿಗೆ ನಿಕಟವಾಗಿ ಕೆಲಸ ಮಾಡಿದ್ದರು.

Other stories by Riya Behl
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat