നിങ്ങൾ 6-4 വയസ്സിനിടയിലുള്ളവരാണെങ്കിൽ, നിങ്ങളുടെ വീടിന്റെ സമീപത്തുള്ള സ്കൂളുകളിൽത്തന്നെ “സൌജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം” ലഭിക്കുമ എന്നത് നിങ്ങളുടെ അവകാശമാണ്. 2009-ലെ ഇന്ത്യാ ഗവണ്മെന്റ് പാസ്സാക്കിയ കുട്ടികൾക്കുള്ള സൌജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസാവകാശ നിയമ മാണ് ഇത് അനുശാസിക്കുന്നത്.

എന്നാൽ ഒഡിഷയിലെ ജയ്പുർ ജില്ലയിലെ ചന്ദ്രിക ബെഹെറ ഇപ്പോൾ രണ്ടുവർഷമായി സ്കൂളിൽനിന്ന് പുറത്താണ് . ഏറ്റവുമടുത്തുള്ള സ്കൂൾ അവളുടെ വീട്ടിൽനിന്ന് ഏകദേശം 3.5 കിലോമീറ്റർ അകലെയാണെന്നതാണ് കാരണം.

ഗ്രാമീണ ഇന്ത്യയിലെ അദ്ധ്യാപന, അദ്ധ്യയന രീതികൾക്ക് നിശ്ചിതത്വമൊന്നുമില്ല. നിയമങ്ങളും നയങ്ങളും മിക്കവാറും കടലാസ്സിൽ ഒതുങ്ങുന്നു. ചുരുങ്ങിയത്, ചിലപ്പോൾ മാത്രം, വ്യവസ്ഥിതി ഉയർത്തുന്ന വെല്ലുവിളികളെ ഏതെങ്കിലും ഒരു അദ്ധ്യാപകന്റെ വ്യക്തിപരമായ നിശ്ചയദാർഢ്യമോ നൂതനരീതികളോ കൊണ്ട് അതിജീവിച്ചുവെന്നുംവരാം. പലപ്പോഴും അത് യഥാർത്ഥമായ മാറ്റങ്ങൾ സൃഷ്ടിക്കാറുമുണ്ട്.

ഉദാഹരണത്തിന്, കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ സഞ്ചരിക്കുന്ന അദ്ധ്യാപകന്റെ കാര്യമെടുക്കാം. തന്റെ നാടോടി സമുദായത്തിലെ കുട്ടികളെ പഠിപ്പിക്കുന്നതിനായി, നാലുമാസക്കാലം അദ്ദേഹം ലിഡ്ഡർ താഴ്വരയിലെ ഗുജ്ജർ വാസകേന്ദ്രങ്ങളിലേക്ക് താമസം മാറ്റുന്നു. തങ്ങളുടെ പരിമിതമായ വിഭവങ്ങളെ പരമാവധി ഉപയോഗിക്കുന്നതിനായി അദ്ധ്യാപകർ നൂതനമായ രീതികളും പരീക്ഷിക്കുന്നുണ്ട്. ജനിതകമാറ്റം വരുത്തിയ വിളകളെക്കുറിച്ച് ചർച്ച ചെയ്യാൻ കുട്ടികളെ തയ്യാറാക്കിയ കോയമ്പത്തൂരിലെ വിദ്യാവനം സ്കൂളിലെ അദ്ധ്യാപകരെപ്പോലെയുള്ളവർ. ആ കുട്ടികളിൽ പലരും, ഇംഗ്ലീഷ് സംസാരിക്കുന്ന ആദ്യത്തെ തലമുറയിലുള്ളവരാണ്. അവരാണ് ജനിതക അരിയെക്കുറിച്ചു മറ്റും ഇംഗ്ലീഷിൽ ചർച്ച ചെയ്യുന്നത് എന്നോർക്കണം.

പാരി ലൈബ്രറി സന്ദർശിക്കുന്നതിലൂടെ, ക്ലാസ്സുമുറികളിലേക്ക് കടന്ന്, അദ്ധ്യായനത്തിന്റെ ഗുണഫലങ്ങളെക്കുറിച്ചും ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ അവസ്ഥയെക്കുറിച്ചുമുള്ള ഒരു വിശദമായ ചിത്രം കാണാൻ സാധിക്കും. ഗ്രാമീണ വിദ്യാഭ്യാസത്തിന്റെ പ്രാപ്യത, അതിന്റെ ഗുണനിലവാരം, അതിലെ വിടവുകൾ എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഞങ്ങൾ മുന്നോട്ട് വെക്കുന്നു. ലൈബ്രറിയിലെ ഓരോ രേഖകളും, അതിന്റെ പ്രധാനവശങ്ങളെക്കുറിച്ചുള്ള രത്നച്ചുരുക്കം നൽകുന്നു.

PHOTO • Design courtesy: Siddhita Sonavane

(റൂറൽ) വിദ്യാഭ്യാസത്തിന്റെ വാർഷിക അവസ്ഥയുടെ (ആന്വൽ സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷൻ (റൂറൽ) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2022-ലെ കുട്ടികളുടെ അടിസ്ഥാനപരമായ വായനാശേഷി രാജ്യത്തെമ്പാടുമുള്ള സ്വകാര്യ, സർക്കാർ സ്കൂളുകളിൽ 2012-ന് മുമ്പുള്ള സ്ഥിതിയിലേക്ക് താഴ്ന്നതായി സൂചിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ നന്ദർബാർ ജില്ലയിലെ തൊറൻ‌മാൾ മേഖലയിലെ 8 വയസ്സുകാരിയായ ശാർമ്മിള, 2020-ൽ അവളുടെ സ്കൂൾ അടച്ചതിനുശേഷം, തയ്യൽ മെഷീൻ കൈകാര്യം ചെയ്യാൻ സ്വയം പഠിച്ചു. മറാത്തി അക്ഷരമാലയെക്കുറിച്ച് അവൾ പറയുന്നത്, “എനിക്കതൊന്നും ഓർമ്മയില്ല ” എന്നാണ്.

കോവിഡ്-19 മഹാവ്യാധി സംസ്ഥാനങ്ങളെയൊന്നാകെ പൂർവ്വാധികമായ വിദ്യാഭ്യാസപ്രതിസന്ധിയിലേക്ക് നയിച്ചു. അല്ലെങ്കിൽത്തന്നെ വിദ്യാഭ്യാസം നേടാൻ ബുദ്ധിമുട്ടുന്നവരെ, ഓൺ‌ലൈൻ വിദ്യാഭ്യാസത്തിലേക്കുള്ള മാറ്റം കൂടുതൽ അകറ്റുകയാണ് ചെയ്തത്. നഗരപ്രദേശങ്ങളിൽ 24 ശതമാനവും ഗ്രാമീണമേഖലയിൽ എട്ട് ശതമാനവും കുട്ടികൾക്ക് മാത്രമേ ‘ആവശ്യമായ ഓൺ‌ലൈൻ വിദ്യാഭ്യാസം പ്രാപ്യ’മായുള്ളു. എന്ന് 2021 ഓഗസ്റ്റിൽ നടത്തിയ സർവ്വേ ചൂണ്ടിക്കാട്ടുന്നു.

PHOTO • Design courtesy: Siddhita Sonavane

1-ആം ക്ലാസ്സുമുതൽ 8-ആം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് സ്കൂളുകളിൽ നൽകുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണം, ഏകദേശം11.80 കോടി കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലെ ഏകദേശം 50 ശതമാനം കുട്ടികൾക്ക് സ്കൂളുകളിൽനിന്ന് സൌജന്യ ഉച്ചഭക്ഷണം കിട്ടുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. അവരിലെ 99.1 ശതമാനവും സർക്കാർവക സ്ഥാപനങ്ങളിൽ ചേർന്ന് പഠിക്കുന്നവരാണ്. “രക്ഷകർത്താക്കളിൽ ഒരു ന്യൂനപക്ഷത്തിനുമാത്രമേ കുട്ടികൾക്ക് ഭക്ഷണം കൊടുക്കാനുള്ള കഴിവുള്ളൂ” എന്ന് ചത്തീസ്ഗഢിലെ മാതിയ ഗ്രാമത്തിലെ സർക്കാർ പ്രാഥമിക വിദ്യാലയത്തിലെ പ്രധാനാധ്യാപിക പൂനം ജാദവ് പറയുന്നു. സ്കൂളുകളിൽ ഇത്തരം ക്ഷേമപദ്ധതികൾ നിരന്തരം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയുടെ തെളിവാണിത്.

“ആവശ്യത്തിനുള്ള പഠിപ്പൊക്കെ എനിക്കായിക്കഴിഞ്ഞു എന്നാണ് എന്റെ അച്ഛൻ പറയുന്നത്. പഠിച്ചുകൊണ്ടിരുന്നാൽ, നിന്നെ ആ് വിവാഹം ചെയ്യും എന്നാണ് അദ്ദേഹം ചോദിക്കുന്നതെന്ന്, ശിവാനി കുമാർ പറയുന്നു. ബിഹാറിലെ സമസ്തിപുർ ജില്ലയിൽനിന്നുള്ള 19-കാരിയാണ് അവൾ. വിദ്യാഭ്യാസത്തിൽ ലിംഗം വലിയൊരു ഘടകമാണ്. വിഭവലഭ്യതയിൽ പെൺകുട്ടികളുടെ സ്ഥാനം വളരെ താഴെയാണ്. ഇന്ത്യയിൽ വിദ്യാഭ്യാസത്തിന്റെ ഗാർഹിക സാമൂഹിക ഉപഭോഗത്തിന്റെ (ഹൌസ്‌ഹോൾഡ് സോഷ്യൽ കൺസംപ്ഷൻ ഓൺ എഡ്യുക്കേഷൻ ഇൻ ഇന്ത്യ) മുഖ്യ സൂചകങ്ങൾ: എൻ.എസ്.എസ്.75 -ആമത് റൌണ്ട് (2017 ജൂലായ് മുതൽ 2018 ജൂൺ‌വരെ) റിപ്പോർട്ട് ഇത് ശരിവെക്കുന്നു. 3-നും 35-നും ഇടയിൽ പ്രായമുള്ള ഗ്രാമീണമേഖലയിലെ പെൺകുട്ടികളിൽ 19 ശതമാനവും സ്കൂളുകളിൽ പ്രവേശനം നേടിയിട്ടില്ല എന്ന് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.

PHOTO • Design courtesy: Siddhita Sonavane

2020-ൽ ഇന്ത്യയിൽ ഉപരിവിദ്യാഭ്യാസത്തിന് ചേർന്ന 4.13 കോടി വിദ്യാർത്ഥികളിൽ, പട്ടികഗോത്രവിഭാഗത്തിന്റേത് 5.8 ശതമാനമാണ് . ഇന്ത്യയിലെ സാമൂഹിക ഗ്രൂപ്പുകൾക്കിടയിൽ, വിദ്യാഭ്യാസത്തിന്റെ പ്രാപ്യതയിലുള്ള അനുപാതമില്ലായ്മയാണ് ഇത് വെളിവാക്കുന്നത്. “ഗ്രാമീണമേഖലയിൽ, സ്വകാര്യസ്കൂളുകളുടെ എണ്ണത്തിലുണ്ടായ വർദ്ധന, പാർശ്വവത്കൃത സമൂഹങ്ങൾക്ക് പുതിയ അവസരങ്ങൾ തുറന്നുകൊടുക്കുന്നതിന് പകരം, നിലവിലുള്ള സാമൂഹികവും സാമ്പത്തികവും, ജനസംഖ്യാപരവുമായ അവസ്ഥ അതേപടി നിലനിർത്തുന്നതിന് മാത്രമാണ് സഹായകമായത്” എന്ന് ഓക്സ്ഫാം ഇന്ത്യയുടെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു.

സ്വകാര്യ സ്കൂളുകളിലേക്കുള്ള ഒരു നീക്കം പൊതുവെ നിലവിൽ വന്നിട്ടുപോലും, വിദ്യാഭ്യാസത്തിനായി പലരും ഇപ്പോഴും ആശ്രയിക്കുന്നത് സർക്കാരിന്റെ പിന്തുണയെയാണ്. അതിനുള്ള കാരണവും വളരെ വ്യക്തമാണ്. പ്രാഥമികതലത്തിൽ, വിദ്യാഭ്യാസത്തിന്റെ ശരാശരി വാർഷിക ചിലവ് സർക്കാർ സ്കൂളുകളിൽ 1,253 ആണെങ്കിൽ, സ്വകാര്യ അൺ‌-എയ്ഡഡ് സ്കൂളിൽ അത് 14,485 രൂപയാണ്. “ഞങ്ങൾക്ക് ആകെ അറിയാവുന്ന പണി, പാചകവും അടിച്ചുവാരലുമാണെന്നാണ് സ്വകാര്യ സ്കൂളുകളിലെ അദ്ധ്യാപകർ കരുതുന്നത്. എനിക്ക് അദ്ധ്യാപനത്തിൽ ‘അനുഭവപരിചയം’ ഇല്ല എന്നാണ് അവരുടെ നിഗമനം. ബെംഗളൂരുവിലെ ഒരു അങ്കണവാടിയിൽ അദ്ധ്യാപികയായ 40 വയസ്സുള്ള രാജേശ്വരി പറയുന്നു.

PHOTO • Design courtesy: Siddhita Sonavane

കുടിവെള്ളവും കക്കൂസുകളുമടക്കമുള്ള അടിസ്ഥാനസൌകര്യങ്ങളില്ലാത്തത്, രാജേശ്വരിയെപ്പോലെയുള്ള അദ്ധ്യാപികമാർക്ക് ബുദ്ധിമുട്ടും അസൌകര്യങ്ങളുമുണ്ടാക്കുന്നുണ്ട്. ഒസ്മാനബാദിലെ സാഞ്ച ഗ്രാമത്തിലെ ജില്ല പരിഷദ് പ്രാഥമിക വിദ്യാലയത്തിന്റെ കാര്യം നോക്കുക. 2017 മാർച്ച് മുതൽ, മഹാരാഷ്ട്രയിലെ ഈ സ്കൂളിൽ വൈദ്യുതിയില്ല. “സർക്കാരിൽനിന്ന് വരുന്ന പണം മതിയാവുന്നില്ല. സ്കൂളിന്റെ മരാമത്ത് പണിക്കും, കുട്ടികൾക്കായുള്ള പുസ്തകങ്ങളും സ്റ്റേഷനറികളും വാങ്ങാനുമായി, വർഷത്തിൽ ഞങ്ങൾക്ക് കിട്ടുന്നത് കേവലം 10,000 രൂപയാണ് , സ്കൂളിന്റെ പ്രിൻസിപ്പൽ ഷീല കുൽക്കർണി പറയുന്നു.

ഇത് അപൂർവ്വമായ സംഭവമൊന്നുമല്ല. 2019-ലെ സ്ഥിതിവെച്ച് നോക്കിയാൽ, ഇന്ത്യയിലെ സ്കൂളുകളിലെ 23 ദശലക്ഷം കുട്ടികൾക്ക് കുടിവെള്ള സൌകര്യവും, 62 ദശലക്ഷം കുട്ടികൾക്ക് സാനിറ്റേഷൻ സൌകര്യങ്ങളും ലഭ്യമല്ല.

PHOTO • Design courtesy: Siddhita Sonavane

ഗ്രാമീണ വിദ്യാഭ്യാസം, കേവലം ഇല്ലായ്മകളുടെ കഥ മാത്രമല്ലെന്ന് തെളിയിക്കുകയാണ് ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന കൊളേജുകളുടെ എണ്ണം. 2019-20-ൽ 42,343 കൊളേജുകളുണ്ടായിരുന്നത്, 2020-2021-ൽ 43,796 ആയി വർദ്ധിച്ചുവെന്ന് ഓൾ ഇന്ത്യാ സർവേ ഓഫ് ഹയർ എഡ്യുക്കേഷൻ സൂചിപ്പിക്കുന്നു. ഇതേ കാലഘട്ടത്തിൽ രാജ്യത്ത് പെൺകുട്ടികൾക്കായി മാത്രമുള്ള 4,375 കൊളേജുകളുമുണ്ടായിരുന്നു.

രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും, ഉപരിവിദ്യാഭ്യാസം ലഭിക്കുന്നതിനായി പെൺകുട്ടികൾ പോരാടി. മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലെ ഒരു ചേരിയിൽനിന്നുള്ള ജമുന സോളങ്കി, അവളുടെ നാടോടി സമുദായമായ നാഥജോഗിയിൽനിന്ന് ആദ്യമായി 10-ആം ക്ലാസ്സ് പാസ്സായ കുട്ടിയാണ്. “നീ ഒരു ബസ് കണ്ടക്ടറോ അങ്കണവാടി പ്രവർത്തകയോ ആവാൻ ശ്രമിക്കണമെന്നാണ് നാട്ടുകാർ എന്നോട് പറയുന്നത്. പക്ഷേ എനിക്കെന്താവണമോ , അതായിത്തീരും ഞാൻ”, ജമുന ഉറപ്പിച്ച് പറയുന്നു.

കവർ ഡിസൈൻ: സ്വദേശ ശർമ്മ

പരിഭാഷ: രാജീവ് ചേലനാട്ട്

Dipanjali Singh

ದೀಪಾಂಜಲಿ ಸಿಂಗ್ ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದಲ್ಲಿ ಸಹಾಯಕ ಸಂಪಾದಕರಾಗಿದ್ದಾರೆ. ಅವರು ಪರಿ ಲೈಬ್ರರಿಗಾಗಿ ದಾಖಲೆಗಳನ್ನು ಸಂಶೋಧಿಸುತ್ತಾರೆ ಮತ್ತು ಸಂಗ್ರಹಿಸುತ್ತಾರೆ.

Other stories by Dipanjali Singh
Editor : PARI Library Team

ದೀಪಾಂಜಲಿ ಸಿಂಗ್, ಸ್ವದೇಶ ಶರ್ಮಾ ಮತ್ತು ಸಿದ್ಧಿತಾ ಸೋನವಾಣೆ ಅವರ ಪರಿ ಲೈಬ್ರರಿ ತಂಡವು ಜನಸಾಮಾನ್ಯರ ಸಂಪನ್ಮೂಲ ಸಂಗ್ರಹವನ್ನು ರಚಿಸುವ ಪರಿಯ ಧ್ಯೇಯಕ್ಕೆ ಸಂಬಂಧಿಸಿದ ದಾಖಲೆಗಳನ್ನು ಸಂಗ್ರಹಿಸುತ್ತದೆ.

Other stories by PARI Library Team
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat