തൂഫാനിയും സംഘവും രാവിലെ ആറരമണിമുതൽ പണി തുടങ്ങും. ഒരു ദിവസം 12 ഇഞ്ച്‌ എന്ന കണക്കിന് 2x6 അടിയുള്ള ഗലീച്ച (പരവതാനി) പൂര്‍ത്തിയാക്കാൻ 40 ദിവസങ്ങളാണ് ആ നാല്‍വർ സംഘം എടുക്കുന്നത്.

ഉച്ചകഴിഞ്ഞ് പന്ത്രണ്ടര ആകുമ്പോള്‍ തൂഫാനി ബിന്ദ് വിശ്രമത്തിനായി ഒരു തടിബഞ്ചിലിരിക്കും. ഉത്തർപ്രദേശിലെ പുർജാഗീർ മുജെഹാര ഗ്രാമത്തിലുള്ള അദ്ദേഹത്തിന്‍റെ പണിശാലയായ തകരപ്പുരയില്‍, അദ്ദേഹത്തിന് പിന്നിൽ, ഒരു തടി ചട്ടത്തില്‍ വെളുത്ത പരുത്തി നാരുകൾ തൂങ്ങിക്കിടക്കുന്നു. മുഗളന്മാർ മിർസാപൂരിൽ കൊണ്ടുവരികയും പിന്നീട് ബ്രിട്ടീഷുകാർ വ്യവസായവൽക്കരിക്കുകയും ചെയ്ത, സംസ്ഥാനത്തെ പരവതാനി നെയ്ത്ത് വ്യവസായത്തിന്‍റെ കേന്ദ്രമാണിത്. 2020-ലെ അഖിലേന്ത്യാ കൈത്തറി സെന്‍സസ് അനുസരിച്ച് രാജ്യത്ത് ആകെ ഉത്പാദിപ്പിക്കുന്നതിന്‍റെ പകുതി (47 ശതമാനം) ഉത്പാദിപ്പിച്ചുകൊണ്ട് ചെറു തറവിരിപ്പുകള്‍, പായ, പരവതാനി എന്നിവയുടെ നിര്‍മ്മാണത്തിലൽ യു.പി. മേധാവിത്തം പുലര്‍ത്തുന്നു.

മിര്‍സാപൂർ നഗരത്തിൽനിന്നും പുര്‍ജാഗിർ മുജേഹര ഗ്രാമത്തിലേക്കു പോകുമ്പോള്‍ ഹൈവേയിൽനിന്നും തിരിയുന്നതുമുതൽ റോഡ്‌ ഇടുങ്ങിയതാകുന്നു. ഇരുവശത്തും മികച്ച ഒറ്റനില വീടുകളും അതുപോലെതന്നെ മേല്‍ക്കൂര മേഞ്ഞ സാധാരണ വീടുകളും കാണാം. അന്തരീക്ഷത്തില്‍ ചാണകത്തിൽനിന്നുള്ള പൊടി ഉയരുന്നുണ്ട്. പകല്‍ ആണുങ്ങങ്ങളെ വീടിന് പുറത്ത് അപൂര്‍വ്വമായേ കാണാറുള്ളൂ. എന്നാല്‍, ഹാന്‍ഡ്പമ്പിനു കീഴിൽ തുണിയലക്കുന്നതുപോലുള്ള വീട്ടുജോലികള്‍ ചെയ്തുകൊണ്ടും പച്ചക്കറിയും ഫാഷന്‍ സാധനങ്ങളും വില്‍ക്കുന്ന കച്ചവടക്കാരോട് സംസാരിച്ചുകൊണ്ടും സ്ത്രീകളെ പുറത്ത് കാണാം.

ഇത് നെയ്ത്തുകാരുടെ പ്രദേശമാണെന്ന ഒരു അടയാളവും ദൃശ്യമല്ല – പ്രദേശവാസികള്‍ ഗലീച്ച എന്നുവിളിക്കുന്ന പരവതാനി പുറത്ത് തൂങ്ങിക്കിടക്കുന്നതോ കൂട്ടിയിട്ടിരിക്കുന്നതോ കാണാനില്ല. പരവതാനി നെയ്യുന്നതിനായി വീടുകളില്‍ അധികമായി ഒരു സ്ഥലമോ മുറിയോ ഉണ്ടെങ്കില്‍പോലും, നെയ്ത്ത് കഴിഞ്ഞാല്‍ കഴുകുന്നതിനായോ വൃത്തിയാക്കുന്നതിനായോ ഇടനിലക്കാര്‍ അവ കൊണ്ടുപോകും.

“ഞാനിത് [അലങ്കാര നെയ്ത്ത്] പഠിച്ചത് അച്ഛനില്‍നിന്നാണ്, 12-13 വയസ്സുള്ളപ്പോള്‍ മുതല്‍ ഞാനിത് ചെയ്തുകൊണ്ടിരിക്കുന്നു”, വിശ്രമസമയത്ത് പാരിയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തൂഫാനി പാരിയോട് പറഞ്ഞു. അദ്ദേഹത്തിന്‍റെ കുടുംബം ബിന്ദ് സമുദായത്തില്‍ (സംസ്ഥാനത്ത് മറ്റ് പിന്നാക്കവിഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്നു) ഉൾപ്പെടുന്നു.

PHOTO • Akanksha Kumar

പുര്‍ജാഗീർ മുജെഹാര ഗ്രാമത്തില്‍ നിന്നുള്ള നെയ്ത്തുകാരനായ തൂഫാനി ബിന്ദ് തറിക്കു മുന്‍പിൽ ഒരു പാത്തയിൽ (തടി ബഞ്ച്) ഇരിക്കുന്നു

PHOTO • Akanksha Kumar
PHOTO • Akanksha Kumar

ഇടത്: പരവതാനി നെയ്ത്തുശാലയിലെ മുറിയില്‍ ഇരുവശത്തുമായി തറി മണ്ണില്‍ കുഴിച്ച് സ്ഥാപിച്ചിരിക്കുന്നു. വലത്: പുര്‍ജാഗീർ മുജെഹാര ഗ്രാമത്തിൽ മണ്ണും കട്ടകളുംകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഒരു പണിശാല

മൺതറയോടു കൂടിയ ഇടുങ്ങിയ ഒരിടമാണ് വീട്ടിൽ പ്രവർത്തിക്കുന്ന അവരുടെ പണിശാലകൾ. ഒരേയൊരു വാതിലും ജനാലയുമുള്ളത് വായുസഞ്ചാരത്തിനായി തുറന്നിടുന്നു. കൂടുതൽ സ്ഥലവും തറി അപഹരിക്കുന്നു. നിരവധി നെയ്ത്തുകാർക്ക് ഒരേസമയം ജോലി ചെയ്യാവുന്ന ഇരുമ്പ് തറി തൂഫാനിയെപ്പോലുള്ളവരുടെ ഇടുങ്ങിയ നീളമുള്ള നെയ്ത്തുശാലകളിൽ സ്ഥാപിക്കുക ബുദ്ധിമുട്ടാണ്. മറ്റുള്ളവയൊക്കെ ഇരുമ്പ് അല്ലെങ്കിൽ തടി ദണ്ഡുകളിൽ ഉയർത്തിവെച്ചിരിക്കുന്ന, വീടുകളില്‍ പ്രവര്‍ത്തിപ്പിക്കുന്ന, ചെറിയ കൈത്തറികളാണ്. കുടുംബത്തിലെ എല്ലാ അംഗങ്ങളും നെയ്ത്തിലേർപ്പെടാറുണ്ട്.

തൂഫാനി ഒരു പരുത്തിനൂല്‍ ചട്ടത്തിൽ കമ്പിളിനൂൽ തുന്നലുകള്‍ പിടിപ്പിച്ചുകൊണ്ടിരിക്കുകയാണ് - കെട്ട് (അല്ലെങ്കിൽ തപ്കാ) നെയ്ത്ത് എന്നറിയപ്പെടുന്ന ഒരു വിദ്യയാണത്. തപ്ക എന്നത് ഒരു ചതുരശ്ര ഇഞ്ച് പരവതാനിയിലുള്ള തുന്നലുകളുടെ എണ്ണമാണ്. തുന്നലുകകളൊക്കെ കൈകൾകൊണ്ടുതന്നെ ചെയ്യണമെന്നതിനാൽ ഈ ജോലിക്ക് നെയ്ത്തുകാരനെ സംബന്ധിച്ച് വളരെയധികം ശാരീരികാധ്വാധം വേണ്ടിവരുന്നു. ഇത് ചെയ്യാനായി തൂഫാനിക്ക് എപ്പോഴും, ഏതാനും മിനിറ്റുകള്‍ കൂടുമ്പോൾ, എഴുന്നേറ്റുനിന്ന് മുളംതണ്ട് ഉപയോഗിച്ച് പരുത്തിനൂല്‍ ചട്ടം ശരിയാക്കണം. തുടർച്ചയായ കുത്തിയിരിപ്പും എഴുന്നേൽപ്പും ശാരീരിക ബുദ്ധിമുട്ടുകളുണ്ടാക്കും.

കെട്ട് നെയ്ത്തിൽനിന്നും വ്യത്യസ്തമായി ടഫ്റ്റഡ് നെയ്ത്ത് പുതിയൊരു രീതിയാണ്. കൈയില്‍ പിടിക്കാവുന്ന യന്ത്രം ഉപയോഗിച്ചാണ് അതില്‍ അലങ്കാരപ്പണികള്‍ ചെയ്യുന്നത്. കെട്ട് നെയ്ത്ത് ബുദ്ധിമുട്ട് നിറഞ്ഞതും വരുമാനം കുറഞ്ഞതുമാണ്. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ഒരുപാടുപേർ കെട്ട് നെയ്ത്തിൽനിന്നും ടഫ്റ്റഡ് നെയ്ത്തിലേക്ക് തിരിഞ്ഞു. പ്രതിദിനം 200 മുതൽ 350 രൂപ വരെ കിട്ടുന്നത് തികയാത്തതിനാൽ നിരവധിപേർ ആ മേഖല പൂർണ്ണമായും വിട്ടു. 2024-ൽ തൊഴിൽവകുപ്പ് അർദ്ധ നൈപുണ്യ ജോലിക്ക് 451 രൂപ ദിവസക്കൂലിയായി പ്രഖ്യാപിച്ചെങ്കിലും ഇവിടുള്ള നെയ്ത്തുകാർ പറയുന്നത് ആ പണം അവർക്ക് ലഭിക്കുന്നില്ല എന്നാണ്.

മിർസാപൂർ വ്യവസായ വകുപ്പിന്റെ ഡെപ്യൂട്ടി കമ്മീഷണറായ അശോക് കുമാർ പറയുന്നത് പുർജാഗീർ നെയ്ത്തുകാർക്ക് മത്സരവും നേരിടേണ്ടിവരുന്നുവെന്നാണ്. ഉത്തർപ്രദേശിലെ സിതാപുർ, ഭദോഹി, പാനിപ്പത് ജില്ലകളിലും പരവതാനി നെയ്യുന്നുണ്ട്. "പ്രദാനത്തെ ബാധിക്കുന്ന തരത്തിൽ ചോദനത്തിന് ഇടിവുണ്ടായിരിക്കുന്നു", അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ, മറ്റു പ്രശ്നങ്ങളുമുണ്ട്. 2000-ത്തിന്റെ തുടക്കങ്ങളിൽ ബാലവേലയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പരവതാനി വ്യവസായത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു. യൂറോയുടെ വരവ് തുർക്കിയുടെ യന്ത്രനിർമ്മിത പരവതാനികളുടെ വില കുറയ്ക്കുകയും, ക്രമേണ ഇവിടുത്തെ പരവതാനികൾക്ക് യൂറോപ്യൻ വിപണി നഷ്ടപ്പെട്ടുകയും ചെയ്തുവെന്ന് മിർസാപൂരിൽനിന്നുള്ള കയറ്റുമതിക്കാരനായ സിദ്ധ് നാഥ് സിംഗ് പറഞ്ഞു. നേരത്തെ 10-12 ശതമാനം സംസ്ഥാന സബ്സിഡി ഉണ്ടായിരുന്നത് 3-5 ശതമാനത്തിലേക്ക് കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഒരുദിവസം 10-12 മണിക്കൂർ ജോലി ചെയ്ത് 350 (രൂപ) ഉണ്ടാക്കുന്നതിനുപകരം എന്തുകൊണ്ട് നഗരത്തിൽ 550 രൂപയ്ക്ക് ദിവസക്കൂലിക്കാരനായി ജോലി ചെയ്തുകൂടാ", എന്നുള്ളതാണ് കാർപറ്റ് എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലിന്റെ (സി.ഇ.പി.സി.) മുൻചെയർമാനായ സിംഗ് ചൂണ്ടിക്കാണിച്ചത്.

PHOTO • Akanksha Kumar
PHOTO • Akanksha Kumar

തറിയുടെ ഇരുമ്പ് പൈപ്പുകളുടെ മുകളിൽ പരുത്തിനൂൽ കൂട്ടിയിട്ടിരിക്കുകയും (ഇടത്) നൂലിന്റെ ചട്ടം അവിടെനിന്നും മാറ്റുന്നതിനുള്ള ഒരു മുളംതണ്ട്‌ അതിനോട് ഘടിപ്പിച്ചിരിക്കുകയും ചെയ്തിരിക്കുന്നു (വലത്)

ഒറ്റത്തവണകൊണ്ട് 5-10 വ്യത്യസ്ത നിറങ്ങളുള്ള നൂലുകളുപയോഗിച്ച് നെയ്യുന്ന വിദ്യയിൽ തൂഫാനി ഒരിക്കൽ പ്രവീണ്യം നേടിയിരുന്നു. പക്ഷെ കുറഞ്ഞ വേതനം അദ്ദേഹത്തിന്റെ താത്പര്യം കുറച്ചു. "അവർ [ഇടനിലക്കാർ] പണിക്ക് കമ്മീഷർ പറ്റുന്നവരാണ്. രാവും പകലും ഞങ്ങൾ പണിയെടുക്കുന്നു, അവർ ഞങ്ങളേക്കാൾ അധികം ഉണ്ടാക്കുന്നു", അദ്ദേഹം വിഷാദത്തോടെ പറഞ്ഞു.

എത്രത്തോളം നെയ്യാന്‍ പറ്റും എന്നതിന്‍റെ അടിസ്ഥാനത്തിൽ 10-12 മണിക്കൂർ ജോലി ചെയ്യുമ്പോൾ ഇന്ന് അദ്ദേഹത്തിന് കിട്ടുന്നത് 350 രൂപയാണ്. മാസാവസാനമാണ് കൂലി കിട്ടുക. എത്ര മണിക്കൂർ ചെയ്യുന്നു എന്നത് കണക്കിലെടുക്കാത്തതിനാൽ ഈ ഒരു സമ്പ്രദായം മാറണമെന്ന് അദ്ദേഹം പറയുന്നു. ഈയൊരു വിദഗ്ദ്ധ ജോലിക്ക് ദിവസം 700 രൂപ പണിക്കൂലിയായി നൽകണമെന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

കരാർ നേടുന്ന ഇടനിലക്കാരന് പണം നൽകുന്നത് ഗജം (ഒരു ഗജം, 36 ഇഞ്ച്) അടിസ്ഥാനത്തിലാണ്. ഒരു സാധാരണ പരവതാനിയുടെ നീളമായ നാലുമുതൽ അഞ്ചുവരെ ഗജത്തിന് കാരാറുകാരന് 2,200 രൂപ ലഭിക്കുമ്പോൾ നെയ്ത്തുകാരന് ഏകദേശം 1,200 രൂപ മാത്രമാണ് ലഭിക്കുക. എന്നിരിക്കിലും കരാറുകാരാണ് അസംസ്കൃത സാധനങ്ങളായ കമ്പിളിനൂലിനും പരുത്തിനാരിനും വേണ്ട പണം നൽകുന്നത്.

നിലവില്‍ സ്ക്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന നാല് പുത്രന്മാരും ഒരു പുത്രിയുമുള്ള തൂഫാനിക്ക് അവരാരും തന്റെ പാത പിന്തുടരണമെന്നില്ല. "എന്തിന് അച്ഛനും മുത്തച്ഛനുമൊക്കെ ജീവിക്കാനായി ചെയ്ത അതേ കാര്യം അവരും ചെയ്യണം? നന്നായി പഠിച്ച് അവർക്ക് എന്തെങ്കിലും ചെയ്യണ്ടേ?"

*****

പ്രതിദിനം 12 മണിക്കൂർ പണിയെടുത്ത് പ്രതിവര്‍ഷം 10-12 പരവതാനികളാണ് തൂഫാനിയും അദ്ദേഹത്തിന്റെ സംഘവും നെയ്തെടുക്കുന്നത്. അദ്ദേഹത്തിന്റെ കൂടെ പണിയെടുക്കുന്ന രാജേന്ദ്ര മൗര്യയും ലാൽജി ബിന്ദും 50-കളിലെത്തിയവരാണ്. ഒരു വാതിലും ജനാലയും മാത്രമുള്ള ചെറിയൊരു മുറിയിലാണ് അവർ ഒരുമിച്ച് പണിയെടുക്കുന്നത്. വേനൽക്കാലം പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ്. ആ ഇടത്തരം മുറിയുടെ ആസ്ബറ്റോസ് ഷീറ്റുകൾക്ക് കാര്യമായൊന്നും ചെയ്യാനില്ലാത്തതിനാൽ താപനില ഉയരുമ്പോൾ മുറിയിലും ചൂട് കൂടും.

“പരവതാനി ഉണ്ടാക്കുന്നതിനുള്ള ആദ്യ നടപടി ടാന അല്ലെങ്കില്‍ ടനന്ന ആണ്”, തൂഫാനി പറഞ്ഞു. തറിയിലുള്ള പരുത്തിനൂൽ ചട്ടത്തിൽ നൂലുകൾ നിറയ്ക്കുന്നത് ഇതിൽപ്പെടുന്നു.

PHOTO • Akanksha Kumar
PHOTO • Akanksha Kumar

ഇടത്: തൂഫാനിയുടെ സഹജോലിക്കാരനും നെയ്ത്തുകാരനുമായ രാജേന്ദ്ര മൗര്യ കമ്പിളിനൂലുകൾ നിവർത്തുന്നു. വലത്: മണിക്കൂറുകൾ നീണ്ട നെയ്ത്ത് കാരണം തന്റെ കാഴ്ച മങ്ങിയെന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ ലാൽജി ബിന്ദ് പറയുന്നു

PHOTO • Akanksha Kumar
PHOTO • Akanksha Kumar

ഇടത്: തറിയുടെ ഇരുമ്പുദണ്ഡിലുള്ള കൊളുത്ത് പരുത്തിനൂൽ ചട്ടം താഴെ വീഴുന്നത് തടയുന്നു. വലത്: തുന്നല്‍ ശരിയാക്കാനായി നെയ്ത്തുകാർ ഒരു പഞ്ജ (ഇരുമ്പ് ചീർപ്പ്) ഉപയോഗിക്കുന്നു

25x11 അടി വലിപ്പമുള്ള ദീർഘചതുരാകൃതിയുള്ള മുറിയുടെ ഇരുവശത്തുമായി കുഴികളിലാണ് തറി സ്ഥാപിച്ചിരിക്കുന്നത്. പരവതാനി ചട്ടം താങ്ങിനിർത്തുന്നതിനായി, ഇരുമ്പ് കൊണ്ടു നിർമ്മിച്ച തറിയുടെ ഒരുവശം കയർകൊണ്ട് ബന്ധിച്ചിരിക്കുന്നു. അഞ്ചോ ആറോ വർഷങ്ങൾക്കുമുൻപ് തൂഫാനി വായ്പയെടുത്ത് തറി വാങ്ങിയ വകയില്‍ 70,000 രൂപ മാസഗഡുക്കളായി തിരിച്ചടച്ചു. "എന്റെ അച്ഛൻന്റെ കാലത്ത് കൽത്തൂണുകളിൽ സ്ഥാപിച്ച, തടികൊണ്ടുള്ള തറികളായിരുന്നു ഉപയോഗിച്ചിരുന്നത്", അദ്ദേഹം പറഞ്ഞു.

പരവതാനിയിലെ എല്ലാ കെട്ടുകളിലും രേഖീയമായ തുന്നലുണ്ട്. അതിനുവേണ്ടി നെയ്ത്തുകാർ കമ്പിളിനൂല്‍ ഉപയോഗിക്കുന്നു. അത് മാറിപ്പോകാതിരിക്കാൻ തൂഫാനി പരുത്തിനാരുകൾ ഉപയോഗിച്ച് ഒരു ലാച്ചി (പരുത്തിനൂലിന് ചുറ്റും U ആകൃതിയിൽ ഇടുന്ന കുടുക്ക്) ഇടുന്നു. കമ്പിളിനൂലിന്റെ അയഞ്ഞ അറ്റത്തിന്റെ മുൻവശത്തേക്ക് അദ്ദേഹം അത് കൊണ്ടുവന്നിട്ട് ഒരു ചെറു കത്തി ഉപയോഗിച്ച് മുറിക്കുന്നു. പിന്നീട് പഞ്ജ (ഇരുമ്പ് ചീർപ്പ്) ഉപയോഗിച്ച് തുന്നലുകളുടെ എല്ലാ നൂലുകളും ചീകുന്നു. " കാത്ന ഓർ തോക്ക്ന [മുറിക്കലും ചീകലും], അതാണ് കെട്ട് നെയ്ത്ത്", അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.

കരകൗശലക്കാരന്റെ ആരോഗ്യത്തെ നെയ്ത്ത് ബാധിക്കുന്നു. "വർഷങ്ങൾകൊണ്ട് ഇതെന്റെ കാഴ്ചയെ ബാധിച്ചു", 35 വർഷമായി ഈ ജോലി ചെയ്യുന്ന ലാൽജി ബിന്ദ് പറഞ്ഞു. ജോലി ചെയ്യുമ്പോൾ അദ്ദേഹത്തിന് കണ്ണട ഉപയോഗിക്കേണ്ടിവരുന്നു. നടുവേദനയെക്കുറിച്ചും ഇടുപ്പുവേദനയെക്കുറിച്ചുമാണ് മറ്റ് നെയ്ത്തുകാർ പരാതിപ്പെടുന്നത്. ഈ തൊഴിൽ ചെയ്യുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്നാണ് അവർ കരുതുന്നത്. "ഞങ്ങൾക്ക് മുന്നില്‍ കുറച്ച് മാർഗ്ഗങ്ങളേയുള്ളൂ", തൂഫാനി പറഞ്ഞു. ഗ്രാമീണ യു.പി.യിലെ 75 ശതമാനം നെയ്ത്തുകാരും മുസ്ലീങ്ങളാണെന്ന് സെൻസസ് പറയുന്നു.

"കെട്ട് നെയ്ത്തിൽ ഏർപ്പെട്ടിരുന്ന ഏതാണ്ട് 800 കുടുംബങ്ങൾ 15 വർഷങ്ങൾക്കുമുൻപുണ്ടായിരുന്നു. എന്നാൽ, ഇന്നത് നൂറിലേക്ക് താഴ്ന്നിരിക്കുന്നു", പുർജാഗീറിൽനിന്നുള്ള നെയ്ത്തുകാരനായ അർവിന്ദ് കുമാർ ബിന്ദ് പറഞ്ഞു. പുർജാഗീർ മുജ്ഹെരായിലെ ജനസംഖ്യയായ 1,107-ന്റെ (സെൻസസ്, 2011) മൂന്നിലൊന്നിൽ കൂടുതൽ വരുമിത്.

PHOTO • Akanksha Kumar
PHOTO • Akanksha Kumar

ഇടത്: പരുത്തിനാരുകളും കമ്പിളിനൂലുകളും ഉപയോഗിച്ചുകൊണ്ട് നെയ്യുന്ന കെട്ട് പരവതാനിയുടെ നിർമ്മാണം തറിയുടെ നീളത്തിന് സമാന്തരമായി നീങ്ങുന്ന ഒരു മാതൃക ചിത്രപ്പണിയോടൊപ്പം പുരോഗമിക്കുന്നു

PHOTO • Akanksha Kumar
PHOTO • Akanksha Kumar

വലത്: U ആകൃതിയിലുള്ള കുടുക്ക് അല്ലെങ്കിൽ ലാച്ചി തുന്നാനാണ് പരുത്തിനാരുകൾ ഉപയോഗിക്കുന്നത്. വലത്: പരവതാനിയെ മൃദുനൂലുകളുള്ളതായി തോന്നിപ്പിക്കുന്ന അയഞ്ഞ കമ്പിളിനൂലുകൾ മുറിക്കാൻ കത്തി ഉപയോഗിക്കുന്നു

അടുത്തുള്ള മറ്റൊരു നെയ്ത്തുശാലയിൽ ബാലാജി ബിന്ദും അദ്ദേഹത്തിന്റെ ഭാര്യ താരാദേവിയും നിശ്ശബ്ദരായി, പൂർണ്ണശ്രദ്ധയോടെ ഒരു സൗമാകിന്റെ (കെട്ട് പരവതാനി) പണിയിൽ ഏര്‍പ്പെട്ടിരിക്കുന്നു. വല്ലപ്പോഴും കത്തികൊണ്ട് നൂൽ മുറിക്കുമ്പോൾ ഉണ്ടാകുന്നതാണ് ഒരേയൊരു ശബ്ദം. ഒരൊറ്റ നിറമുള്ള, ഒരേപോലുള്ള ചിത്രപ്പണികളോടുകൂടിയതാണ് സൗമാക്. ചെറിയ തറികളുള്ളവർ ഇതിന്റെ നിർമ്മാണത്തിനാണ് മുൻഗണന നൽകുന്നത്. "ഒരു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കിയാൽ ഈയൊരെണ്ണത്തിന് എനിക്ക് 8,000 രൂപ ലഭിക്കും", ബാലാജി പറഞ്ഞു.

പുർജാഗീറിലും കുഞ്ചൽഗീറിലും (നെയ്ത്ത് കൂട്ടായ്മകള്‍) ബാലാജിയുടെ ഭാര്യ താരയെപ്പോലുള്ള സ്ത്രീകളും പണിയെടുക്കുന്നുണ്ടെങ്കിലും, അവർ ആകെ നെയ്ത്തുകാരുടെ മൂന്നിലൊന്ന് വരുമെങ്കിൽപോലും, ചുറ്റുമുള്ള മറ്റുള്ളവർ അവരുടെ അധ്വാനത്തെ ഗണിക്കുന്നില്ല. കുട്ടികൾപോലും സ്കൂൾ സമയം കഴിഞ്ഞും മധ്യവേനലവധിക്കും പണിയിൽ സഹായിക്കാറുണ്ട്. അവരുടെ പണി കാര്യങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുന്നു.

ഹജാരി ബിന്ദും ഭാര്യ ശ്യാം ദുലാരിയും സമയത്തിനുള്ളിൽ ഒരു പരവതാനിയുടെ പണി പൂർത്തിയാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തന്നെ സഹായിച്ചുകൊണ്ടിരുന്ന രണ്ടു പുത്രന്മാർ കൂലിപ്പണിക്കായി നിലവിൽ സൂററ്റിലേക്ക് കുടിയേറിയിരിക്കുന്നതിനാൽ നിലവിൽ അവരുടെ സാമീപ്യം അദ്ദേഹത്തിനില്ല. എന്റെ കുട്ടികൾ എന്നോട് പറഞ്ഞത് ഞങ്ങൾക്കിതിൽ പെട്ടുപോകേണ്ട, പപ്പ" എന്നാണ്.

PHOTO • Akanksha Kumar
PHOTO • Akanksha Kumar

ഇടത്: ബാലാജി ബിന്ദ് ഭാര്യയായ താരാദേവിയോടൊപ്പം സൗമാക് എന്നറിയപ്പെടുന്ന കെട്ട് പരവതാനി നെയ്യുന്നു. ഒരൊറ്റ നിറം മാത്രമുള്ളതും ഒരേപോലുള്ള ചിത്രപ്പണികളോടുകൂടിയതുമാണ് ഈ പരവതാനി. വലത്: ഷാ-ഇ-ആലം തന്റെ ടഫ്റ്റഡ് ഗണ്ണുകൾ കാണിക്കുന്നു. ഉപയോഗിക്കാതിരിക്കുന്നത് മൂലം അതിപ്പോൾ തുരുമ്പെടുക്കുകയാണ്

PHOTO • Akanksha Kumar
PHOTO • Akanksha Kumar

ഇടത്: ഹജാരി ബിന്ദിന് തന്‍റെ വീട്ടിൽ ഒരു തറിയുണ്ട്. അതിലാണ് അദ്ദേഹം സൗമക് നെയ്യുന്നത്. വലത്: ഹജാരിയുടെ ഭാര്യ ശ്യാം ദുലാരി പരുത്തിനാരുകൾക്ക് തൊട്ടടുത്തായി നിൽക്കുന്നു. ചുറ്റുമുള്ള മറ്റുള്ളവർ അംഗീകാരം നൽകാറില്ലെങ്കിലും പുർജാഗീർപോലുള്ള നെയ്ത്ത് കൂട്ടായ്മകളിൽ സ്ത്രീകളും നെയ്ത്തുജോലികളിൽ പങ്കാളികളാണ്

കുറഞ്ഞുകൊണ്ടിരിക്കുന്ന വരുമാനവും കഠിനാധ്വാനവും ചെറുപ്പക്കാരെ മാത്രമല്ല ഈ തൊഴിലിൽനിന്ന് അകറ്റുന്നത്. 39-കാരനായ ഷാ-ഇ-ആലമിനെപ്പോലുള്ളവർപ്പോലും മൂന്നുവർഷം മുൻപ് നെയ്ത്തുപേക്ഷിച്ച് നിലവിൽ ഇ-റിക്ഷ ഓടിക്കുകയാണ്. പുർജാഗീറിൽനിന്നും 8 കിലോമീറ്റർ മാറി നത്വയിൽ താമസിക്കുന്ന അദ്ദേഹം 15 വയസ്സുള്ളപ്പോൾ പരവതാനികൾ നെയ്യാൻ തുടങ്ങിയതാണ്. അടുത്ത 12 വർഷത്തിനിടയിൽ അദ്ദേഹം കെട്ട് പരവതാനി നെയ്ത്തിൽനിന്നും ടഫ്റ്റഡ് പരവതാനി നെയ്ത്തിന്‍റെ ഇടനിലക്കാരനായി മാറി. മൂന്ന് വർഷങ്ങൾക്കുമുൻപ് അദ്ദേഹം തന്റെ തറി വിറ്റു.

"ഞങ്ങൾക്ക് കഴിഞ്ഞുകൂടാൻ അത് തികഞ്ഞിരുന്നില്ല", പുതുതായി നിർമ്മിച്ച ഇരട്ടമുറികളുള്ള തന്റെ വീട്ടിലിരുന്നുകൊണ്ട് അദ്ദേഹം പറഞ്ഞു. 2014 മുതൽ 2022 വരെയുള്ള സമയത്ത് അദ്ദേഹം ദുബായിയിൽ പ്രതിമാസം 22,000 രൂപ ശമ്പളത്തിൽ ഒരു ടൈൽ നിർമ്മാണ കമ്പനിയിൽ തൊഴിലാളിയായിരുന്നു. "അതെന്നെ ഈ ചെറിയ കൂടുണ്ടാക്കാനെങ്കിലും സഹായിച്ചു", ടൈൽ തറയിലേക്ക് ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. "ഒരു നെയ്ത്തുകാരനെന്ന നിലയിൽ 150 രൂപ മാത്രമാണ് എനിക്ക് കിട്ടിയിരുന്നതെങ്കിൽ, ഡ്രൈവറെന്ന നിലയിൽ കുറഞ്ഞത് 250-300 രൂപ പ്രതിദിനം എനിക്കുണ്ടാക്കാൻ കഴിയുന്നു."

സംസ്ഥാന സർക്കാരിന്റെ 'ഒരു ജില്ല ഒരു ഉത്പന്നം' പദ്ധതി പരവതാനി നെയ്ത്തുകാർക്ക് സാമ്പത്തികസഹായം നൽകുമ്പോൾ കേന്ദ്ര സർക്കാരിന്റെ മുദ്ര യോജന അവരെ കുറഞ്ഞ നിരക്കിൽ വായ്പ ലഭിക്കാൻ സഹായിക്കുന്നു. പക്ഷെ, ബ്ലോക്ക് തലത്തിൽ ഇതുമായി ബന്ധപ്പെട്ട അവബോധം സൃഷ്ടിച്ചിട്ടും ഷാ-ഇ-ആലമിനെപ്പോലുള്ള നെയ്ത്തുകാർക്ക് അവയെക്കുറിച്ചൊന്നും അറിയില്ല.

പുർജാഗീർ മുജെഹാരയിൽനിന്നും കുറച്ചു മാറി ബാഘ് കുഞ്ചൽ ഗീർ പരിസരത്ത് സഹിറുദ്ദീൻ ഗുൽതരാഷ് എന്ന കരകൗശലവേലയിൽ ഏർപ്പെട്ടിരിക്കുകയാണ്. ടഫ്റ്റഡ് പരവതാനിയുടെ ചിത്രപ്പണികൾ മികവുറ്റതാക്കുന്ന പണിയാണിത്. എൺപതുകാരനായ അദ്ദേഹം മുഖ്യമന്ത്രിയുടെ ഹസ്തശിൽപ് പെൻഷൻ യോജനയിൽ ചേർന്നിട്ടുണ്ട്. 2018-ൽ തുടങ്ങിയ ഈ സംസ്ഥാന സർക്കാർ പദ്ധതി 60 വയസ്സിനു മുകളിലുള്ള കരകൗശല ജോലിക്കാർക്ക് 500 രൂപ പെൻഷൻ ഉറപ്പാക്കുന്നു. പക്ഷെ മൂന്ന് മാസം ലഭിച്ചശേഷം ആ പെൻഷൻ പെട്ടെന്ന് നിലച്ചുവെന്ന് സഹിറുദ്ദീൻ പറഞ്ഞു.

പക്ഷെ, പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.എ.വൈ.) പ്രകാരം ലഭിക്കുന്ന റേഷനിൽ അദ്ദേഹം സന്തുഷ്ടനാണ്. പുർജാഗീർ ഗ്രാമത്തിലെ നെയ്ത്തുകാർപോലും "പ്രധാനമന്ത്രി മോദിയുടെ പദ്ധതിയുടെ ഭാഗമായ ഭക്ഷ്യധാന്യം] ലഭിക്കുന്നതിനെപ്പറ്റി പാരിയോട് പറഞ്ഞു.

PHOTO • Akanksha Kumar
PHOTO • Akanksha Kumar

ഇടത്: ബാഘ് കുഞ്ജൽ ഗീറിൽനിന്നുള്ള സഹിറുദ്ദീൻ ഗുൽതരാഷ് എന്ന കരകൗശലവേലയിൽ ഏർപ്പെടുന്നു. ടഫ്റ്റഡ് പരവതാനിയിലെ ചിത്രപ്പണികൾ (ഇടത്) മികച്ചതാക്കുന്നതാണ് ഈ പണി. ഒരു ഡോർമാറ്റിനൊപ്പം വലിപ്പമുള്ള ടഫ്റ്റഡ് പരവതാനിയുമായി അദ്ദേഹം (വലത്)

PHOTO • Akanksha Kumar
PHOTO • Akanksha Kumar

ഇടത്: പത്മശ്രീ ജേതാവായ ഖലീൽ അഹ്മദ് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കൊപ്പമുള്ള തന്റെ ചിത്രം പാരിയെ കാണിക്കുന്നു. വലത്: ഇറാൻ, ബ്രസീൽ, സ്കോട്ട്ലൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചശേഷം വികസിപ്പിച്ചെടുത്ത ചിത്രപ്പണി മാതൃകകളുമായി ഖലീൽ

അറുപത്തഞ്ചുകാരിയായ ഷംഷു-നിസയ്ക്ക് തന്റെ ഇരുമ്പ് ചർക്കയിൽ നിവർത്തെടുക്കുന്ന ഓരോ കിലോഗ്രാം പരുത്തി നാരിനും (സുത്) 7 രൂപ ലഭിക്കും. ഏതാണ്ട് 200 രൂപ അങ്ങനെ ലഭിക്കും. 2000-ന്റെ ആദ്യകാലങ്ങളിൽ കുടുംബം ടഫ്റ്റഡ് രീതിയിലേക്ക് മാറുന്നതിനു മുൻപ് അവരുടെ പരേതനായ ഭർത്താവ് ഹസ്റുദ്ദിൻ അൻസാരി കെട്ട് പരവതാനി നെയ്തിരുന്നു. ടഫ്റ്റഡ് നെയ്ത്തിന്‍റെ വിപണിക്കുപോലും ഇടിവ് സംഭവിച്ചിരിക്കുന്നുവെന്ന് പറയുന്ന അവരുടെ മകനായ സിറാജ് അൻസാരി നെയ്ത്ത് ജോലിയിൽ ഭാവിയൊന്നും കാണുന്നില്ല.

സഹിറുദ്ദീനെപ്പോലെ അതേ പരിസരത്തുതന്നെയാണ് ഖലീൽ അഹ്മദും താമസിക്കുന്നത്. പരവതാനി നിർമ്മാണത്തിന് നൽകിയ സംഭാവനകൾക്ക് ആ 75-കാരൻ 2024-ൽ പദ്മശ്രീ പുരസ്കാരം സ്വീകരിച്ചു. തന്റെ ചിത്രപ്പണികളിൽ പരതിക്കൊണ്ട് ഉറുദുവിലുള്ള ഒരെഴുത്ത് അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ട് "ഈ പരവതാനിയിൽ ഇരിക്കുന്ന ആൾക്ക് മികച്ച സൗഭാഗ്യം ലഭിക്കും", എന്ന് അദ്ദേഹം വായിച്ചു.

പക്ഷെ മികച്ച സൗഭാഗ്യം അത് നെയ്യുന്നവരിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുന്നു.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Akanksha Kumar

ದೆಹಲಿ ಮೂಲದ ಮಲ್ಟಿಮೀಡಿಯಾ ಪತ್ರಕರ್ತರಾಗಿರುವ ಆಕಾಂಕ್ಷಾ ಕುಮಾರ್, ಗ್ರಾಮೀಣ ವ್ಯವಹಾರಗಳು, ಮಾನವ ಹಕ್ಕುಗಳು, ಅಲ್ಪಸಂಖ್ಯಾತರ ಸಮಸ್ಯೆಗಳು, ಲಿಂಗ ಮತ್ತು ಸರ್ಕಾರಿ ಯೋಜನೆಗಳ ಪ್ರಭಾವದ ಬಗ್ಗೆ ಆಸಕ್ತಿ ಹೊಂದಿದ್ದಾರೆ. ಇವರಿಗೆ 2022 ರಲ್ಲಿ ಮಾನವ ಹಕ್ಕುಗಳು ಮತ್ತು ಧಾರ್ಮಿಕ ಸ್ವಾತಂತ್ರ್ಯ ಪತ್ರಿಕೋದ್ಯಮ ಪ್ರಶಸ್ತಿ ಸಿಕ್ಕಿತ್ತು.

Other stories by Akanksha Kumar
Editor : Priti David

ಪ್ರೀತಿ ಡೇವಿಡ್ ಅವರು ಪರಿಯ ಕಾರ್ಯನಿರ್ವಾಹಕ ಸಂಪಾದಕರು. ಪತ್ರಕರ್ತರು ಮತ್ತು ಶಿಕ್ಷಕರಾದ ಅವರು ಪರಿ ಎಜುಕೇಷನ್ ವಿಭಾಗದ ಮುಖ್ಯಸ್ಥರೂ ಹೌದು. ಅಲ್ಲದೆ ಅವರು ಗ್ರಾಮೀಣ ಸಮಸ್ಯೆಗಳನ್ನು ತರಗತಿ ಮತ್ತು ಪಠ್ಯಕ್ರಮದಲ್ಲಿ ಆಳವಡಿಸಲು ಶಾಲೆಗಳು ಮತ್ತು ಕಾಲೇಜುಗಳೊಂದಿಗೆ ಕೆಲಸ ಮಾಡುತ್ತಾರೆ ಮತ್ತು ನಮ್ಮ ಕಾಲದ ಸಮಸ್ಯೆಗಳನ್ನು ದಾಖಲಿಸುವ ಸಲುವಾಗಿ ಯುವಜನರೊಂದಿಗೆ ಕೆಲಸ ಮಾಡುತ್ತಾರೆ.

Other stories by Priti David
Editor : Sarbajaya Bhattacharya

ಸರ್ಬಜಯ ಭಟ್ಟಾಚಾರ್ಯ ಅವರು ಪರಿಯ ಹಿರಿಯ ಸಹಾಯಕ ಸಂಪಾದಕರು. ಅವರು ಅನುಭವಿ ಬಾಂಗ್ಲಾ ಅನುವಾದಕರು. ಕೊಲ್ಕತ್ತಾ ಮೂಲದ ಅವರು ನಗರದ ಇತಿಹಾಸ ಮತ್ತು ಪ್ರಯಾಣ ಸಾಹಿತ್ಯದಲ್ಲಿ ಆಸಕ್ತಿ ಹೊಂದಿದ್ದಾರೆ.

Other stories by Sarbajaya Bhattacharya
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.