അഞ്ച് തൊഴിലാളികൾ എട്ടുമണിക്കൂർ വീതം അഞ്ച് തുടർച്ചയായ ദിവസങ്ങളിൽ ജോലി ചെയ്തിട്ടാണ് മീററ്റിലെ ഒരു കാരം ബോർഡ് ഫാക്ടറിയിൽനിന്ന് 40 ബോർഡുകളുടെ ഒരു ബാച്ചുണ്ടാവുന്നത്. കാരംബോർഡിലെ സ്ട്രൈക്കറും കോയിനുകളും കാരംബോർഡ് പ്രതലത്തിലൂടെ സുഗമമായി ഒഴുകാൻ എന്തെല്ലാം ചെയ്യണമെന്ന് ഓരോ തൊഴിലാളിക്കും നന്നായറിയാം. ഓരോ കാരം ബോർഡിലും പരമാവധി നാല് കളിക്കാർക്ക് മാത്രമേ കളിക്കാൻ പറ്റൂവെങ്കിലും അത്തരത്തിലൊരു ബോർഡുണ്ടാക്കാൻ അഞ്ചുപേർ വേണം. അവരൊരിക്കലും കളിക്കാറില്ലെങ്കിലും അവരാണ് ആ കളി സാധ്യമാക്കുന്നത്.

“1981 മുതൽക്ക് ഞാൻ കാരംബോർഡുകളുണ്ടാക്കുന്നുണ്ട്. എന്നാലിതുവരെ അത് കളിക്കുന്ന കാര്യം ഞാൻ ആലോചിച്ചിട്ടില്ല. എനിക്ക് എവിടെയാണ് അതിനുള്ള സമയം? 62 വയസ്സുള്ള മദൻ പാൽ ചോദിക്കുന്നു ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും അയാളും കൂടെയുള്ള തൊഴിലാളികളും സൂക്ഷ്മമായി 2,400 ദണ്ഡകൾ - അഥവാ ബാബുൽ മരത്തിൻറെ കഷ്ണങ്ങൾ- ഒരുക്കുകയായിരുന്നു 32 x 36 ഇഞ്ച് നീളമുള്ളവയാണ് തൊഴിലാളികൾ അത് നിരത്തിവെച്ച് തൊഴിലിടത്തിന്റെ പുറം ചുമരിനപ്പുറമുള്ള ഗല്ലിയിൽ സൂക്ഷിക്കുന്നു

“ഞാൻ 8.45-ന് അവിടെയെത്തും 9 മണിയോടെ ജോലി തുടങ്ങും. വീട്ടിലെത്തുമ്പോഴേക്കും 7 മണിയായിട്ടുണ്ടാവും. മദൻ പറയുന്നു. ഉത്തർപ്രദേശിലെ നിറത്തിലെ സൂരജ് സ്പോർട്സ് കോളനിയിലെ ചെറിയ ഒരു കാരംബോർഡ് പണിശാലയായിരുന്നു അത്

മീററ്റ് ജില്ലയിലെ പുത്ത ഗ്രാമത്തിൽനിന്ന് മദൻ രാവിലെ 7 മണിക്ക് പുറപ്പെടുന്നു ആഴ്ചയിൽ ആറുദിവസവും 16 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് അയാൾ തന്റെ തൊഴിലിടത്തിലെത്തുന്നത്.

മീററ്റ് നഗരത്തിലെ താരാപൂരി, ഇസ്ലാമവാദ് പ്രദേശങ്ങളിൽനിന്ന് രണ്ടാളുകൾ ഒരു ചെറിയ ടെമ്പോയിൽ മരത്തിന്റെ കഷണങ്ങൾ കൊണ്ടുവന്നിട്ടുണ്ടായിരുന്നു

“ഈ കഷണങ്ങൾ കാരംബോർഡിന്റെ നാലുഭാഗത്തുള്ള ചട്ടക്കൂട് ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത് പക്ഷേ ആദ്യം അവ വെയിലത്തുണക്കി നാലഞ്ച് മാസങ്ങൾ സൂക്ഷിക്കണം. കാറ്റും വെയിലും അവയിലെ നനവെല്ലാം മാറി അവയെ നേരെയാക്കാൻ സഹായിക്കുന്നു,“ മകൻ വിശദീകരിച്ചു

PHOTO • Shruti Sharma
PHOTO • Shruti Sharma

ഇടത്ത് കരൺ ഓരോ ദണ്ഡയും പരിശോധിച്ച് കേടുവന്നവ തരംതിരിച്ചുവയ്ക്കുന്നു. വലത്ത്: മദൻ (വൈറ്റ് ഷർട്ട്) കരണും (നീല ഷർട്ടിൽ) ഫാക്ടറിയുടെ പുറത്ത് 2,400 ദണ്ഡകൾ നിരത്തിവെക്കുന്നു

പത്തുവർഷമായി ഇവിടെ ജോലി ചെയ്യുന്ന 32 വയസ്സുള്ള കരൺ (ആ പേരിലാണ് അയാൾ അറിയപ്പെടുന്നത്) ഓരോ ദണ്ഡയും പരിശോധിച്ച് കേടുവന്നവ മാറ്റിവെക്കുന്നു. “ഇവ ഉണങ്ങിയതിനുശേഷം ഞങ്ങൾ ഇവയെ അറക്കമിൽ ഉടമസ്ഥരുടെയടുത്തേക്കയച്ച് ഓരോ ദണ്ഡയുടെയും ഉൾഭാഗം നിരപ്പാക്കാനും അരികുകൾ വളയ്ക്കാനും അയയ്ക്കുന്നു”, അയാൾ പറഞ്ഞു

“മുറിച്ചുവെച്ച കഷണത്തിന്റെ രണ്ടാമത്തെ തട്ടിലാണ് പ്ലൈബോർഡിന്റെ കളിക്കുന്ന പ്രതലമുള്ളത്. അത് ചട്ടക്കൂടിന്റെ രണ്ട് സെൻറീമീറ്റർ താഴെയായിരിക്കും അവിടെയാണ് കളിക്കാർ അവരുടെ കൈപ്പത്തിയും കണങ്കയ്യും വെക്കുക. പുറത്തേക്ക് പോകാതെ കോയിനുകൾ ഒരു ഭാഗത്തുനിന്നും മറ്റ് ഭാഗത്തേക്ക് പോകാൻ സഹായിക്കുന്നത് ഈ അതിരുകളാണ്“ കരൺ വിശദീകരിക്കുന്നു. “ബോർഡ് ഉണ്ടാക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെങ്കിലും, ഒരു ഭാഗത്തുനിന്ന് മറുഭാഗത്തേക്ക് അതിന് സുഗമമായി പോകാനുള്ള പ്രതലമുണ്ടാക്കുന്നത് അത്ര എളുപ്പമല്ല,” അയാൾ തുടർന്നു.

“കളിക്കുന്ന പ്രതലത്തിന്റെ സാധാരണ വലുപ്പം 29 x 29 ആണ്. ചട്ടക്കൂട് കൂടി ഉൾപ്പെടുത്തിയാൽ അതിന്റെ മൊത്തം വലിപ്പം 32 x 32 ആയിരിക്കും” എന്ന് സുനിൽ ശർമ പറയുന്നു ഫാക്ടറിയുടെ ഉടമസ്ഥനാണ് 67 വയസ്സുള്ള സുനിൽ ശർമ്മ. “ഇവയെല്ലാം ഔദ്യോഗികമായ മത്സരങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതാണ്. എന്നാൽ ആവശ്യത്തിനനുസരിച്ച് സൈസുകളിൽ മാറ്റം വരുത്തി 20 ഇഞ്ച് മുതൽ 48 x 48 ഇഞ്ച് വരെ ഉള്ള വലിപ്പത്തിൽ ഞങ്ങൾ ഉണ്ടാക്കാറുണ്ട് ഒരു കാരംബോർഡ് ഉണ്ടാക്കാൻ നാല് കാര്യങ്ങളാണ് പ്രധാനമായും വേണ്ടത്,” അദ്ദേഹം വിശദീകരിച്ചു മരത്തിന്റെ ചട്ടക്കൂട്, പ്രതലം ഉണ്ടാക്കാനുള്ള പ്ലൈവുഡ്, യൂക്കാലിപ്റ്റസ് മരത്തിന്റേയോ തേക്കിന്റേയോ അടിഭാഗം, കോയിൻ പോക്കറ്റുകളിലെ വലകൾ എന്നിവ. ഇവയോരോന്നും അതാത് പ്രദേശങ്ങളിൽനിന്ന് വാങ്ങുന്നവയാണ് എന്നാൽ തന്റെ ചില വിതരണക്കാർ ഈ സാധനങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വരുത്താറുണ്ടെന്ന് അയാൾ സൂചിപ്പിച്ചു

1987-ൽ രണ്ട് വിദഗ്ധരായ തൊഴിലാളികളാണ് ഈ കൈത്തൊഴിലിന്റെ രഹസ്യങ്ങൾ എന്നെ പഠിപ്പിച്ചത്. ഗംഗാ വീരും, സർദാർ ജിതേന്ദ്ര സിംഗും. അതിനുമുമ്പ് ഞാൻ ബാഡ്മിൻറൺ റാക്കറ്റുകളും ക്രിക്കറ്റ് ബാറ്റുകളുമാണ് ഉണ്ടാക്കിയിരുന്നത്.”

ശർമ, തന്റെ ഒറ്റമുറി ഓഫീസിൽനിന്ന് തൊഴിലാളികൾ ദണ്ഡകൾ അട്ടിയട്ടിയായി സൂക്ഷിക്കുന്ന സ്ഥലത്തേക്ക് നടന്നുവന്നു. “4-5 ദിവസമെടുത്ത് 30-40 യൂണിറ്റുകളായി ഞങ്ങൾ കാരംബോർഡുകളുണ്ടാക്കുന്നു. ഇപ്പോൾ ജില്ലയിലെ ഒരു വ്യാപാരിയിൽനിന്ന് 240 ബോർഡുകൾക്കുള്ള ആവശ്യം വന്നിട്ടുണ്ട്. അതിൽ 160 എണ്ണം ഞങ്ങൾ ഇപ്പോൾ തയ്യാറാക്കി ഇന്ന് പാക്ക് ചെയ്തു കഴിഞ്ഞു,” അദ്ദേഹം പറഞ്ഞു

PHOTO • Shruti Sharma
PHOTO • Shruti Sharma

ഇടത്ത് ഒരു ഫാക്ടറിയുടെ ഉടമസ്ഥനായ സുനിൽ ശർമ പണി തീർന്ന ഒരു കാരംബോർഡുമായി നിൽക്കുന്നു. വലത്ത് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലെത്തിയ കാരംബോർഡുകൾ

2022 മുതൽ ഇന്ത്യൻ കാരംബോർഡുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 75 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട് കേന്ദ്രസർക്കാരിൻറെ കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി മന്ത്രാലയത്തിന്റെ എക്സ്പോർട്ട്-ഇം‌പോർട്ട് ഡേറ്റ ബാങ്കിന്റെ കണക്കനുസരിച്ച് 2022 ഏപ്രിലിനും 2024 ജനുവരിക്കും ഇടയിലുള്ള കയറ്റുമതിയുടെ മൂല്യം ഏകദേശം 39 കോടിയായിരുന്നു ഏറ്റവും അധികം വിറ്റുവരവ് കിട്ടിയിരുന്നത് യു.എസ്.എ, സൗദി അറേബ്യ, യു.എ.ഇ., യു.കെ, കാനഡ, ഓസ്ട്രേലിയ, യമൻ, നേപ്പാൾ, ബെൽജിയം, നെതർലാൻഡ്സ്, ഖത്തർ എന്നീ ക്രമത്തിലായിരുന്നു

വിദേശത്തും ഇന്ത്യാ സമുദ്രത്തിലെ ദ്വീപുകളായ കൊമോറോസ്, മയോട്ടെ, പസഫിക് മഹാസമുദ്രത്തിലെ ഫിജി, കരീബിയനിലെ ജമൈക്ക, സൈന്റ് വിൻസെന്റ് എന്നിവിടങ്ങളിൽ വിറ്റ ദശലക്ഷത്തിനടുത്ത കാരംബോർഡുകളിൽനിന്നാണ് ഈ തുക ലഭിച്ചത്.

ഏറ്റവുമധികം കാരംബോർഡുകൾ ഇറക്കുമതി ചെയ്തത് യു.എ.ഇ.യും പിന്നാലെ നേപ്പാൾ മലേഷ്യ സൗദി അറേബ്യ യമൻ എന്നീ രാജ്യങ്ങളുമായിരുന്നു.

രാജ്യത്തിനകത്തെ വില്പനയെക്കുറിച്ചുള്ള രേഖകളൊന്നും ലഭ്യമായിരുന്നില്ല ഉണ്ടായിരുന്നെങ്കിൽ അവ ആരെയും അമ്പരപ്പിക്കുകതന്നെ ചെയ്യും.

“കോവിഡ് കാലത്ത് ഞങ്ങൾക്ക് ധാരാളം സ്വദേശ ഓർഡറുകൾ കിട്ടിയിരുന്നു കാരണം എല്ലാവരും വീട്ടിനകത്ത് അടച്ചിരിപ്പായിരുന്നല്ലോ. അവർക്ക് സമയം കളയാൻ ഇത് ആവശ്യമായിരുന്നു,”  അയാൾ കൂട്ടിച്ചേർത്തു. “ഞാൻ ശ്രദ്ധിച്ച മറ്റൊരു പ്രത്യേകത റമസാന്റെ തൊട്ടുമുമ്പ് ഗൾഫ് രാജ്യങ്ങളിൽനിന്നുണ്ടായ വർദ്ധിച്ച ആവശ്യമായിരുന്നു.”

“ഞാനും ധാരാളം കാരംസ് കളിച്ചിട്ടുണ്ട്. ഒരു വിനോദോപാധി എന്ന നിലയ്ക്ക് അത് വളരെ പ്രചാരമുള്ള ഒന്നാണ് ശർമ പറയുന്നു. “എന്നാൽ സ്വദേശത്തെയും വിദേശത്തേയും ഔപചാരികമായ ടൂർണമെന്റുകളുമുണ്ട്. മറ്റ് സ്പോർട്സുകളെപ്പോലെ അവ ടി.വി.യിൽ സംപ്രഷണം ചെയ്യപ്പെടാറില്ലെങ്കിലും.“

PHOTO • Shruti Sharma

കാരം ബോർഡുകൾ ഉണ്ടാക്കുന്ന ഫാക്ടറിയുടെ ഉൾവശം

4-5 ദിവസം എടുത്ത് 30-40 യൂണിറ്റുകളായി ഞങ്ങൾ കാരംബോർഡുകൾ ഉണ്ടാക്കുന്നു ഇപ്പോൾ ജില്ലയിലെ ഒരു വ്യാപാരിയിൽനിന്ന് 240 ബോർഡുകൾക്കുള്ള ആവശ്യം വന്നിട്ടുണ്ട്. അതിൽ 160 എണ്ണം ഞങ്ങൾ ഇപ്പോൾ തയ്യാറാക്കി ഇന്ന് പാക്ക് ചെയ്ത് കഴിഞ്ഞു’ സുനിൽ ശർമ്മ പറഞ്ഞു

ഓൾ ഇന്ത്യ കാരം ഫെഡറേഷനാണ് (എ.ഐ.സി.എഫ്) അവയുടെ സംസ്ഥാന, ജില്ലാ അസോസിയേഷനുകളിലൂടെ കാരംസുമായി ബന്ധപ്പെട്ട ഇന്ത്യയിലെ പ്രവൃത്തികൾ ഔപചാരികമായി നിയന്ത്രിക്കുന്നതും അവയുടെ മേൽനോട്ടം വഹിക്കുന്നതും. 1956-ൽ ചെന്നെയിൽ സ്ഥാപിക്കപ്പെട്ട  എ.ഐ.സി.എഫ്. ഇൻറർനാഷണൽ കാരം ഫെഡറേഷനും ഏഷ്യ കാരം കോൺഫറേഷനുമായി അഫിലിയറ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എല്ലാ വിദേശ ടൂർണമെന്റുകളിലേക്കും ഇന്ത്യൻ സംഘത്തെ തയ്യാറാക്കുന്നതും നിയോഗിക്കുന്നതും എ.ഐ.സി.എഫാണ്.

മറ്റ് സ്പോർട്സുകളിലേതുപോലെ ക്രമീകരിക്കപ്പെട്ടതും വ്യക്തമായതുമായ ഗ്ലോബൽ റാങ്കിങ്ങുകളില്ലെങ്കിലും കാരംസ് കളിക്കുന്ന രാഷ്ട്രങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയുമുണ്ട്. സ്ത്രീകളുടെ കാരംസിൽ അറിയപ്പെടുന്ന ലോക ചാമ്പ്യനാണ് ഇന്ത്യയിലെ രശ്മി കുമാരി. രണ്ട് തവണ പുരുഷന്മാരുടെ വേൾഡ് കാരം ചാമ്പ്യനും 9 തവണ ദേശിയ ചാമ്പ്യനുമായ 68 വയസ്സുള്ള മരിയ ഇരുതയവും നമുക്കുണ്ട്. കാരംസിന് അർജുന അവാർഡ് കിട്ടിയ ഒരേയൊരു കളിക്കാരനാണ് ഇരുദയം. 1996-ലായിരുന്നു അത് എല്ലാ വർഷവും ഇന്ത്യയിൽ നൽകിവരുന്ന ഏറ്റവും ഉന്നതമായ സ്പോർട്സ് പുരസ്കാരമാണ് അർജുന അവാർഡ്.

*****

ഫാക്ടറിയുടെ നിലത്ത് കുന്തിച്ചിരുന്ന കരൺ തന്റെ അരികിലുള്ള നാല് ദണ്ഡകളിൽ ഓരോന്നെടുത്ത് കാൽപ്പാദംകൊണ്ട് മുറുക്കിപ്പിടിച്ച് അതിന്റെ ചെരുവുള്ള അറ്റങ്ങൾ ചതുരത്തിൽ വെട്ടിയെടുക്കുന്നു. മൂലകളെ ബന്ധിപ്പിക്കാനുപയോഗിക്കുന്ന കങ്കി എന്ന പേരിലുള്ള ഇരുമ്പുപകരണങ്ങൾ കരൺ നാല് മൂലയ്ക്കലും അടിച്ചുകയറ്റുന്നു. “ആണികളേക്കാൾ ഭംഗിയായി ങ്കി കൾ മൂലകളെ ബന്ധിപ്പിക്കുന്നു,” കരൺ പറഞ്ഞു.

ചട്ടക്കൂട് നിർമ്മിച്ചു കഴിഞ്ഞാൽ 50 വയസ്സുള്ള അമർജിത്ത് സിംഗ് അതിൻറെ അറ്റങ്ങൾ ഒരു ലോഹത്തിന്റെ അരം ഉപയോഗിച്ച് വട്ടത്തിലാക്കുന്നു. “ഞാൻ പാൽക്കച്ചവടം ചെയ്തിരുന്നുവെങ്കിലും അത് ലാഭകരമല്ലാതായതിനാൽ മൂന്നുവർഷം മുമ്പ് കാരംബോർഡ് ഉണ്ടാക്കുന്ന ഈ തൊഴിലിലേക്ക് മാറി” അയാൾ പറഞ്ഞു

അറക്കമില്ലിൽവെച്ച് മരങ്ങൾ വെട്ടിക്കഴിഞ്ഞാൽ ചട്ടക്കൂടിന്റെ പ്രതലത്തിൽ മരത്തിന്റെ ചെറിയ കഷണങ്ങൾ പൊങ്ങിനിൽക്കുന്നുണ്ടാവും. അപ്പോൾ അമർജിത്ത് ഇളം തവിട്ട് നിറമുള്ള ഒരു തരം ചോക്ക് കുഴമ്പും, മൊവികോൾ എന്ന് പേരുള്ള മരത്തിന്റെ പശയും ഇരുമ്പ് അരം കൊണ്ട് പ്രതലത്തിന്റെ മുകളിൽ പരത്തുന്നു

“ഇങ്ങനെ ചെയ്യുന്നത് സമനിരപ്പല്ലാത്ത മരത്തിന്റെ പ്രതലത്തിലുള്ള വിടവുകളെ നികത്താനും, പൊങ്ങിനിൽക്കുന്ന മരച്ചീളുകളെ പരത്താനും സഹായിക്കുന്നു" അയാൾ വിശദീകരിച്ചു. “ഈ കുഴമ്പിന് ബാരത് കി മരാമത്ത് എന്നാണ് പറയുക അയാൾ സൂചിപ്പിച്ചു.  “അത് ഉണങ്ങിക്കഴിഞ്ഞാൽ, കളിക്കാൻ ഉപയോഗിക്കുന്ന പ്ലൈവുഡിന്റെ പ്രതലത്തെ താങ്ങിനിർത്തുന്ന ഭാഗത്തും കറുത്ത നിറമുള്ള മരാമത്ത് പരത്തുന്നു”, അയാൾ കൂട്ടിച്ചേർത്തു.

PHOTO • Shruti Sharma
PHOTO • Shruti Sharma

കരൺ നാല് ദണ്ഡകളിൽ ഓരോന്നെടുത്ത് കാൽപ്പാദംകൊണ്ട് മുറുക്കിപ്പിടിച്ച് അതിൻറെ ചെരുവുള്ള അറ്റങ്ങൾ (ഇടത്ത്) ചതുരത്തിൽ വെട്ടിയെടുക്കുന്നു. മൂലകളെ ബന്ധിപ്പിക്കാനുപയോഗിക്കുന്ന കങ്കി എന്ന പേരിലുള്ള ഇരുമ്പുപകരണങ്ങൾ കരൺ നാല് മൂലയ്ക്കലും അടിച്ചുകയറ്റുന്നു (വലത്ത്)

PHOTO • Shruti Sharma
PHOTO • Shruti Sharma

ചട്ടക്കൂട് ഉണ്ടാക്കികഴിഞ്ഞാൽ അമർജിത്ത് സിംഗ് അതിൻറെ അറ്റങ്ങൾ (ഇടത്ത്) ഒരു ലോഹത്തിന്റെ അരം ഉപയോഗിച്ച് വട്ടത്തിലാക്കുന്നു. പിന്നീട് അയാൾ ഇളം തവിട്ട് നിറമുള്ള ഒരു തരം ചോക്ക് കുഴമ്പും, മൊവികോൾ എന്ന് പേരുള്ള മരത്തിന്റെ പശയും (വലത്ത്) ഇരുമ്പ് അരം കൊണ്ട് പ്രതലത്തിന്റെ മുകളിൽ പരത്തി

പിന്നെ പെട്ടെന്നുണങ്ങുന്ന, ജലത്തെ പ്രതിരോധിക്കുന്ന ഡൂക്കോ പെയിന്റ് ഒരു പാളി, ബോർഡിന്റെ അതിരുകളിലുള്ള പടവിൽ തേച്ച്, അതുണങ്ങിക്കഴിഞ്ഞാൽ അരക്കടലാസ്സുപയോഗിച്ച് ഉരച്ച് മിനുസപ്പെടുത്തുന്നു. “പ്ലൈബോർഡ് വെച്ചുകഴിഞ്ഞാൽ‌പ്പിന്നെ ചട്ടക്കൂടിന്റെ ഈ ഭാഗത്ത് ഒന്നും ചെയ്യാനാവില്ല. അതിനാൽ, ആദ്യമേ അത് ശരിയാക്കണം,” അയാൾ പറയുന്നു.

“ഞങ്ങൾക്ക് ഇവിടെ അഞ്ച് തൊഴിലാളികളുണ്ട്. എല്ലാവരും അവരുടെ പണിയിൽ വിദഗ്ദ്ധരാണ്,” 55 വയസ്സുള്ള ധരം പാൽ പറയുന്നു. കഴിഞ്ഞ 35 വർഷമായി ഈ പണിശാലയിൽ ജോലി ചെയ്യുകയാണ് അയാൾ.

“ഒരു ഓർഡർ കിട്ടിക്കഴിഞ്ഞാൽ, ആദ്യം ഞങ്ങൾ ചെയ്യുക, പ്ലൈബോർഡിന്റെ പ്രതലം തയ്യാറാക്കുകയാണ്,” തയ്യാറാക്കിയ പ്ലൈബോർഡുകൾ ചട്ടക്കൂടിൽ മദൻ, കരൺ എന്നിവരോടൊപ്പം വെക്കാൻ തയ്യാറെടുക്കുമ്പോൾ ധരം പറയുന്നു. “പ്ലൈബോർഡിലെ സുഷിരങ്ങൾ അടയ്ക്കാൻ, പ്രതലത്തിൽ മുഴുവൻ ഞങ്ങൾ ഒരു സീലർ പുരട്ടുന്നു. അത് വെള്ളത്തെ പ്രതിരോധിക്കുന്ന ഒരു സീലറാണ്. അതിനുശേഷം അരക്കടലാസ്സുപയോഗിച്ച് ഉരച്ച് മിനുസപ്പെടുത്തുന്നു,” അയാൾ വിശദീകരിച്ചു.

“പ്ലൈബോർഡുകൾ വളരെ പരുക്കനാണ്. കാരംബോർഡിന്റെ പ്രധാന ആകർഷണം അതിന്റെ മിനുസമുള്ള പ്രതലമാണ്. കാരം കോയിനുകൾ സുഗമമായി അതിന്റെ മുകളിലൂടെ നീങ്ങണം”, കാരം എറ്റുന്നത് വിരലുകൾകൊണ്ട് കാണിച്ച് ശർമ്മ പറയുന്നു. “പ്രദേശത്തെ വ്യാപാരികൾ കൊൽക്കൊത്തയിൽനിന്ന് വരുത്തുന്ന പ്രത്യേകതരം പ്ലൈബോർഡുകളാണ് (മാംഗോ ഫേസ് അല്ലെങ്കിൽ മകൈ ട്രീ ഫേസ് എന്ന് പേരുകളുള്ളവ) ഞങ്ങൾ ഉപയോഗിക്കുന്നത്”.

“1987-ൽ ഞങ്ങൾ ആരംഭിച്ചപ്പോൾ, കളിക്കുന്ന പ്രതലത്തിലെ അടയാളങ്ങൾ കൈകൊണ്ട് പെയിന്റ് ചെയ്തതായിരുന്നു. അത് സമയമെടുക്കുന്നതും ശ്രദ്ധിച്ച് ചെയ്യേണ്ടതുമായ ഒന്നായിരുന്നു. അന്ന്, തൊഴിലാളികളുടെ സംഘത്തിലെ പ്രധാനപ്പെട്ട അംഗമായിരുന്നു ആർട്ടിസ്റ്റുകൾ,” സുനിൽ ഓർമ്മിക്കുന്നു. “എന്നാലിന്ന് ഞങ്ങൾ വളരെ വേഗത്തിൽ സ്ക്രീൻ പ്രിന്റിംഗ് ഉപയോഗിച്ച് ആ പണി ചെയ്യുന്നു,” പണിശാലയുടെ ചുമരിൽ തൂക്കിയിരിക്കുന്ന ചതുരാകൃതിയിലുള്ള സ്ക്രീനുകളിലേക്ക് ചൂണ്ടി അയാൾ പറയുന്നു. അതിനർത്ഥം, ആർട്ടിസ്റ്റുകളെ ആവശ്യമില്ലാതായി എന്നാണ്. മിക്ക സ്പോർട്ട്സ് ഉപകരണ വ്യവസായങ്ങളിലും മൂന്നോ നാലോ പതിറ്റാണ്ടായി ഇതുതന്നെയാണ് അവസ്ഥ.

പെയിന്റുകൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ഒലിച്ചുപോകാതിരിക്കാനും, ആവശ്യം വന്നാൽ അവയെ മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും സഹായിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് സ്ക്രീൻ പ്രിന്റിംഗ്. “ഓരോ പ്രതലത്തിലും രണ്ട് വ്യത്യസ്ത സ്ക്രീനുകൾ ഞങ്ങൾ ഉപയോഗിക്കുന്നു. ആദ്യത്തേത് ചുവന്ന അടയാളങ്ങൾക്കും, രണ്ടാ‍മത്തേത് കറുപ്പിലുള്ളവയ്ക്കും,” ധരം പാൽ പറയുന്നു. ഇപ്പോൾ കിട്ടിയ 240 കാരംബോർഡുകളുടെ ഓർഡറുകളിൽ എല്ലാറ്റിലും അടയാളങ്ങൾ പതിപ്പിച്ചുകഴിഞ്ഞു.

PHOTO • Shruti Sharma
PHOTO • Shruti Sharma

ഇടത്ത്: ധരം, മദൻ, കരൺ എന്നിവർ സ്ക്രീൻ പ്രിന്റിംഗ് കഴിഞ്ഞ പ്ലൈബോർഡ് പ്രതലങ്ങൾ ചട്ടക്കൂടിൽ ഘടിപ്പിക്കാൻ കൊണ്ടുവരുന്നു. വലത്ത്: വിവിധ നിറത്തിലുള്ള കാരംബോർഡിനാവശ്യമായ സ്ക്രീനുകൾ

PHOTO • Shruti Sharma
PHOTO • Shruti Sharma

ഇടത്ത്: തൊഴിലാളികൾ ചായ കുടിക്കുന്ന സ്റ്റീൽ ഗ്ലാസ്സുകളും പാത്രങ്ങളും. വലത്ത്: ഉച്ചയൂണിനുശേഷം 12-15 മിനിറ്റ് വിശ്രമിക്കാനായി രജീന്ദറും അമർജീത്തും പണിശാലയുടെ നിലത്ത് അല്പം സ്ഥലമുണ്ടാക്കി, വിരിച്ചിട്ട കനം കുറഞ്ഞ ഒരു കമ്പിളി

സമയം ഉച്ചയ്ക്ക് 1 മണിയായി. തൊഴിലാളികളുടെ ഉച്ചഭക്ഷണത്തിന്റെ സമയമാണ്. “ഒരു മണിക്കൂർ ഒഴിവുണ്ടെങ്കിലും അവർ 1.30-ന് തിരിച്ചെത്തും. അപ്പോൾ വൈകീട്ട് അവർക്ക് അരമണിക്കൂ‍ർ മുമ്പ്, 5.30-ന് പണി നിർത്തി വീട്ടിൽ‌പ്പോകാൻ പറ്റും,” ഉടമസ്ഥനായ സുനിൽ ശർമ്മ പറയുന്നു.

പണിശാലയുടെ പിന്നിൽ, ഉണക്കാനിട്ട മരക്കഷണങ്ങൾക്കും, ദുർഗന്ധം വമിക്കുന്ന ഒരു ചാലിനുമിടയിലുള്ള സ്ഥലത്തിരുന്ന് ജോലിക്കാരെല്ലാം വീട്ടിൽനിന്ന് കൊണ്ടുവന്ന ഭക്ഷണം വേഗം അകത്താക്കുന്നു. ഉച്ചയൂണിനുശേഷം 12-15 മിനിറ്റ് വിശ്രമിക്കാനായി രജീന്ദറും അമർജീത്തും പണിശാലയുടെ നിലത്ത് അല്പം സ്ഥലമുണ്ടാക്കി, കനം കുറഞ്ഞ ഒരു കമ്പിളി വിരിച്ച് വിശ്രമിക്കാൻ തുടങ്ങി. ഉറക്കമാവുന്നതിനുമുന്നേ എഴുന്നേൽക്കാനുള്ള സമയമാവുകയും ചെയ്തു

“ഒന്ന് പുറം ചായ്ക്കണം കുറച്ചുനേരം. അതുമതി,“ അമർജീത് പറയുന്നു. അടുത്തുള്ള ചായക്കടയിൽനിന്ന് കൊണ്ടുവന്ന സ്റ്റീൽ കെറ്റിലിലെ ചായ അവരവരുടെ ഗ്ലാസ്സുകളിലൊഴിച്ച് വേഗം കുടിച്ച് വീണ്ടും അവർ ജോലി തുടങ്ങി.

പ്ലൈബോർഡുകൾ തയ്യാറാ‍യപ്പോൾ പണിയുടെ അടുത്ത ഘട്ടം തുടങ്ങി. പ്ലൈബോർഡിന്റെ അടിഭാഗത്ത് ചക്ഡി ഒട്ടിക്കലാണ് അത്. “പ്ലൈബോർഡിന്റെ നട്ടെല്ലാണ് ചക്ഡി ,” 20 വർഷമായി ജോലി ചെയ്യുന്ന രജീന്ദർ പറയുന്നു. “തേക്കിന്റേയോ യൂക്കാലിപ്റ്റസിന്റേയോ നേരിയ പാളികൾ തലങ്ങനെയും വിലങ്ങനെയും ആണിയടിച്ചും ഒട്ടിച്ചും വെക്കുകയാണ് ചെയ്യുന്നത്.”

“ഇതിനുമുൻപ് ഞാൻ ചുമരുകൾ കുമ്മായം പൂശുന്ന പണിയാണ് ചെയ്തുകൊണ്ടിരുന്നത്,” അയാൾ കൂട്ടിച്ചേർത്തു.

“കേസർഗഞ്ചിലെ മെഹ്താബ് സിനിമ പ്രദേശത്തിനടുത്തുള്ള മുസ്ലിം തൊഴിലാ‍ളികളിൽനിന്നാണ് ഞങ്ങൾ ചക്ഡി വാങ്ങുന്നത്. ചക്ഡ് ഉണ്ടാക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള മീററ്റിലെ മരപ്പണിക്കാരാണ് അവർ,” സുനിൽ ശർമ്മ പറഞ്ഞുതന്നു.

PHOTO • Shruti Sharma
PHOTO • Shruti Sharma

ഇടത്ത്: കട്ടിയുള്ള ഒരു പെയിന്റ് ബ്രഷുപയോഗിച്ച് രജീന്ദറും മദനും ചേർന്ന് 40 ചക്ഡികളിൽ ഫെവിക്കോൾ ഒട്ടിച്ചു. വലത്ത്: ഓരോരോ ചക്ഡിയെടുത്ത് അതിൽ പ്രിന്റ് ചെയ്ത പ്ലൈബോർഡുകൾ ഒട്ടിക്കുന്നത് കരണിന്റെ ചുമതലയിലാണ്

അല്പം മുമ്പ് വിശ്രമിച്ച അതേ സ്ഥലത്ത് രജീന്ദർ മദന്റെ മുമ്പിലായി ഇരിക്കുന്നു. കട്ടിയുള്ള ഒരു പെയിന്റ് ബ്രഷുപയോഗിച്ച് അവരൊരുമിച്ച് 40 ചക്ഡി കളിൽ ഫെവിക്കോൾ ഒട്ടിച്ചു. കൂട്ടത്തിൽ ചെറുപ്പക്കാരനായ കരണിനാണ് ഓരോരോ ചക്ഡി കളെടുത്ത് അവയിൽ പ്രിന്റ് ചെയ്ത പ്ലൈബോർഡുകൾ ഒട്ടിക്കുന്നതിന്റെ ചുമതല.

“സാധാരണയായി ഞങ്ങൾ ചക്ഡി ഒട്ടിക്കുന്ന പണി ദിവസത്തിന്റെ അവസനമാണ് ചെയ്യുക. പ്ലൈബോർഡുകൾ മേലേക്കുമേലെ വെച്ച്, അതിന്റെ മുകളിൽ ഭാരമുള്ള എന്തെങ്കിലും വെച്ച്, ഒരു രാത്രി കഴിഞ്ഞാൽ അവ നന്നായി ഒട്ടിയിട്ടുണ്ടാകും,” കരൺ വിശദീകരിച്ചു.

ഇപ്പോൾ സമയം 5.15. തൊഴിലാളികൾ പണികളൊക്കെ തീർത്തുവെന്ന് തോന്നി. “നാളെ രാവിലെ പ്ലൈബോർഡുകൾ ചട്ടക്കൂടിൽ ഒട്ടിക്കും. എന്റെ അച്ഛനും മറ്റൊരു പണിശാലയിലെ വിദഗ്ദ്ധനായ തൊഴിലാളിയായിരുന്നു. മൂപ്പർ ക്രിക്കറ്റ് ബാറ്റുകൾമ്, സ്റ്റമ്പുകളുമൊക്കെ ഉണ്ടാക്കിയിരുന്നു,” അയാൾ സൂചിപ്പിച്ചു.

*****

രാവിലെ കൃത്യം 9 മണിക്ക് പണിയാരംഭിക്കുന്നു. ചായ കുടിച്ചതിനുശേഷം രജീന്ദറും മദനും കരണും ധരമും അവരവരുടെ മേശയ്ക്കടുത്തിരുന്ന്, ബാക്കിയുള്ള ചെറിയ പണികൾ തീർക്കുന്നു. പുറത്തെ ഗല്ലി യിലിരുന്ന് അമർജീത്, ചട്ടക്കൂടിന്റെ അറ്റങ്ങൾ ഉരയ്ക്കുന്നു.

കരണും ധരമും ചേർന്ന്, പ്ലൈബോർഡ്- ചക്ഡി കൾ എടുത്ത്, മിനുസപ്പെടുത്ത്, പെയിന്റ് ചെയ്ത ചട്ടക്കൂടിൽ ഓരോന്നായി ഘടിപ്പിക്കാൻ തുടങ്ങി. ബോർഡിന്റെ തങ്ങളുടെ ഭാഗത്തുള്ള ചക്ഡി യുടെ മുൻ‌കൂട്ടി നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ അവർ ആണിയടിക്കാൻ ആരംഭിച്ചു.

“ഒരു ബോർഡ് ഒരു ഫ്രെയിമിൽ ഘടിപ്പിക്കാൻ നാല് ഡസൻ ചെറിയ ആണികളെങ്കിലും വേണം,” ധരം പറയുന്നു. ആ രണ്ടുപേരും ചേർന്ന് 48 ആണികൾ 140 സെക്കൻഡിനുള്ളിൽ അടിച്ചുകയറ്റി, മദന്റെ പണിസ്ഥലത്തിനടുത്തുള്ള തൂണിൽ ആ ബോർഡ് ചാരിവെച്ചു.

PHOTO • Shruti Sharma
PHOTO • Shruti Sharma

കരണും ധരമും ചേർന്ന് പ്ലൈബോർഡ്-ചക്ഡികൾ, കൂട്ടിയോജിപ്പിച്ച്, ഉരച്ച്, പെയിന്റ് ചെയ്ത ചട്ടക്കൂടിൽ വെക്കുന്നു

ഇന്ന് മദൻ ചെയ്യുന്നത്, കാരം ബോർഡിന്റെ നാല് മൂലയ്ക്കലുമുള്ള കോയിൻ പോക്കറ്റുകൾ വെട്ടുകയാണ്. സ്കൂളിലുപയോഗിക്കുന്ന കോമ്പസിന്റെ അതേ വിദ്യ ഉപയോഗിച്ചാണ് പോക്കറ്റ് കട്ടർ നാല് സെന്റിമീറ്റർ വ്യാ‍സത്തിലാക്കി പോക്കറ്റുകളുണ്ടാക്കുന്നത്.

“കുടുംബത്തിൽ സ്പോർട്ട്സ് ഉത്പന്നങ്ങളുണ്ടാക്കാൻ അറിയുന്ന ഒരേയൊരാൾ ഞാനാണ്. എനിക്ക് മൂന്ന് ആണ്മക്കളാണുള്ളത്. ഒരാൾ ഒരു കട നടത്തുന്നു. ഒരാൾ തുന്നൽക്കാരനാണ്. മറ്റൊരാൾ ഡ്രൈവറും,” കട്ടറിന്റെ ബ്ലേഡുകൾ അമർത്തുകയും അതിന്റെ പിടിക്കാനുള്ള ഭാഗം വട്ടത്തിൽ തിരിക്കുകയും ചെയ്യാൻ കുനിഞ്ഞിരുന്നുകൊണ്ട് മദൻ പറയുന്നു. നാല് പോക്കറ്റുകളുണ്ടാക്കാൻ 55 സെക്കൻഡുകളേ അയാൾക്ക് വേണ്ടിവന്നുള്ളു. ആറ്-എട്ട് കിലോഗ്രാം ഭാരമുള്ള കാരംബോർഡ് തിരിക്കാനു പൊക്കാനും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റിവെക്കാനുമുള്ള സമയം ഇതിൽ‌പ്പെടുന്നില്ല.

പോക്കറ്റുകളുണ്ടാക്കിയതിനുശേഷം, ഓരോ ബോർഡും അയാൾ രജീന്ദറിന്റെ മേശയ്ക്കരികിൽ വെക്കുന്നു. രജീന്ദറാകട്ടെ, ആ ഓരോ ചട്ടക്കൂടിലും വീണ്ടും ഒരു പാളി മരാമത്ത് കുഴമ്പും ലോഹേ കി പട്ടി യും പൂശുന്നു. മരാമത്ത് പരത്താൻ ബോർഡിലേക്ക് നോക്കുന്ന അയാൾ എന്നെ കണ്ടപ്പോൾ കാരംബോർഡിന്റെ പ്രതലം ചൂണ്ടിക്കാട്ടി പറയുന്നു, “നോക്കൂ, എന്റെ വിരലുകൾ ഇതിൽ കണ്ണാടിയിലെന്നപോലെ കാണാം.”

“ഇപ്പോൾ ബോർഡിന്റെ പണി കഴിഞ്ഞുവെന്ന് തോന്നാം. എന്നാൽ, കളിക്കാൻ തയ്യാറാവുന്നതിനുമുൻപ്, ഇനിയും കുറച്ച് ജോലികൾ ബാക്കിയുണ്ട്,” ശർമ്മ പറയുന്നു. “ഇന്നത്തെ ഞങ്ങളുടെ പണി, 40 ചട്ടക്കൂടുകളിലും ഓരോ പാളി മരാമത്ത് തേക്കലാണ്. ചട്ടക്കൂടിന്റെ അവസാനവട്ട പണികൾ നാളെ രാവിലെ ഞങ്ങൾ ഏറ്റെടുക്കും.”

PHOTO • Shruti Sharma
PHOTO • Shruti Sharma

കാരംബോർഡിന്റെ നാല് മൂലയിലും കോയിൻ പോക്കറ്റുകൾ വെട്ടിയുണ്ടാക്കുന്നതിന്റെ ചുമതല മദനിനാണ്. പോക്കറ്റ് കട്ടറിന്റെ വ്യാസം നാല് സെന്റിമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്

PHOTO • Shruti Sharma
PHOTO • Shruti Sharma

ഇടത്ത്: രജീന്ദർ ഒരു പാളി ബാറൂദ് കാ മരാമത്ത് കുഴമ്പ്, ഇരുമ്പിന്റെ അരമുപയോഗിച്ച്, ചട്ടക്കൂടിൽ തേച്ചുപിടിപ്പിക്കുന്നു. ‘നോക്കൂ, കണ്ണാടിയിലെന്നതുപോലെ എന്റെ വിരലുകൾ ഇതിൽ പ്രതിഫലിക്കുന്നത്.’ വലത്ത്: പിറ്റേന്ന് രാവിലെ അഞ്ച് തൊഴിലാളികളും അവരുടെ ജോലി പണിശാലയുടെ പുറത്തേക്ക് മാറ്റി

പിറ്റേന്ന് രാവിലെ അഞ്ച് തൊഴിലാളികളിൽ നാലുപേർ അവരുടെ മേശകളും ജോലിയും എല്ലാം പുറത്തുള്ള ഗല്ലി യിലേക്ക് മാറ്റി. മദൻ മാത്രം അകത്ത് നിന്നു. “എല്ലാവരും എല്ലാ ജോലിയും ചെയ്യുന്നതുകൊണ്ട്, ഇവിടെ പീസ് റേറ്റ് ജോലിയുടെ ആവശ്യമില്ല. തൊഴിലാളികൾക്ക് അവരുടെ വൈദഗ്ദ്ധ്യമനുസരിച്ചാണ് വേതനം കൊടുക്കുന്നത്,” ശർമ്മ പറയുന്നു.

വേതനത്തിലെ ഈ വ്യത്യാസത്തെക്കുറിച്ച് കണക്കാക്കാൻ പാരിക്ക് സാധിച്ചില്ല – സ്പോർട്ട്സുത്പന്നങ്ങളുടെ വ്യവസായത്തിൽനിന്ന് കണക്കുകളൊന്നും ലഭ്യമായിരുന്നില്ല. എന്നാലും, വിദഗ്ദ്ധരായ കരകൌശലപ്പണിക്കാർക്ക് – ഒരൊറ്റ തെറ്റ് വരുത്തിയാൽ‌പ്പോലും ഉത്പന്നം വിറ്റഴിക്കാൻ പറ്റാതെ വരുന്ന തൊഴിലുകൾ ചെയ്യുന്നവർ - മാസത്തിൽ 13,000 രൂപയിൽക്കൂടുതൽ ലഭിക്കുന്നില്ലെന്ന് മനസ്സിലായി. യു.പി.യിൽ, ഒരു വിദഗ്ദ്ധ തൊഴിലാളികൾക്ക് ലഭിക്കേണ്ടുന്ന ഏറ്റവും കുറഞ്ഞ മാസവേതനമായ 12,661 രൂപ പോലും അവർക്ക് കിട്ടുന്നില്ല. ഈ മേഖലയിലെ ചില തൊഴിലാളികൾക്ക്, അവിദഗ്ദ്ധ തൊഴിലാളികൾക്കുള്ള കുറഞ്ഞ വേതനം പോലും കിട്ടാൻ ഇടയില്ലെന്ന് തോന്നി.

ഗല്ലി യുടെ ഏറ്റവുമറ്റത്താണ് ധരമും കരണും. “ഞങ്ങൾ ഫ്രെയിമുകൾക്കിൽ മൂന്ന് പാളി ബാറൂദ് ഇ മരാമത്ത് തേച്ച്, അരക്കടലാസ്സുപയോഗിച്ച് ഉരച്ച് മിനുസപ്പെടുത്തും. എന്റെ കൈയ്യിലൂടെ എത്ര ബോർഡുകൾ കടന്നുപോയിട്ടുണ്ടാവുമെന്ന് എനിക്കറിയില്ല. എന്നാലും എനിക്ക് ഈ കളിയിൽ താത്പര്യമില്ല,” ധരം പറയുന്നു. വർഷങ്ങൾക്കുമുമ്പ് ഒന്നോ രണ്ടോ തവണ ഞാൻ കളിച്ചുനോക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ബാവുജി (സുനിൽ ശർമ്മ) ഞങ്ങൾക്ക് കളിക്കാനായി ബോർഡ് കൊണ്ടുവന്നുവെച്ചപ്പോൾ.”

ധരമും കരണും മിനുസപ്പെടുത്തിയ ഫ്രെയിമുകളിൽ രജീന്ദർ ബേസ് കോട്ടിംഗ് തേക്കുകയായിരുന്നു. “ മരാമത്തും , കറുത്ത നിറവും സാരേസും ചേർന്നൊരു മിശ്രിതമാണിത്. സാരേസ് കാരണം, ഇത് ഫ്രെയിമിൽ പിടിച്ചുനിൽക്കും. പോവില്ല തോൽ ഊറയ്ക്കിടുന്ന സ്ഥലത്തുനിന്നും, കശാപ്പുശാലകളിൽനിന്നും ലഭിക്കുന്ന കന്നുകാലികളുടെ ഉപയോഗശൂന്യമായ അവയവങ്ങളിൽനിന്ന് ലഭിക്കുന്ന ഒരു സ്വാഭാവിക പശയാണ് സാരേസ് .

ബേസ് കോട്ടിംഗിനുശേഷം അമർജീത് ഫ്രെയിമുകൾ ഒരിക്കൽക്കൂടി മിനുസപ്പെടുത്തുന്നു. “ഞങ്ങൾ വീണ്ടും ഫ്രെയിമിൽ ഡൂക്കോ പെയിന്റടിച്ച്, അത് ഉണങ്ങിക്കഴിഞ്ഞാൽ സുന്ദരാസു പയോഗിച്ച് വാർണിഷടിക്കും,” അമർജീത് പറയുന്നു. മരത്തിന്റെ കറയിൽനിന്ന് കിട്ടുന്ന ഒരുതരം റെസിനാണ് സുന്ദരാസ് . വാർണിഷിംഗിന് അത് ഉപയോഗിക്കാറുണ്ട്.

PHOTO • Shruti Sharma
PHOTO • Shruti Sharma

ഇടത്ത്: ആദ്യത്തെ മേശയ്ക്കരികിലുള്ള രജീന്ദർ ബേസ് കോട്ടിംഗിനുശേഷം ധരമും കരണും മിനുസപ്പെടുത്തിയ ഫ്രെയിമുകൾ ഒരിക്കൽക്കൂടി മിനുസപ്പെടുത്തുന്നു. വലത്ത്: അതിനുശേഷം അമർജീത് വീണ്ടും ഫ്രെയിമുകൾ സാൻഡ്‌പേപ്പറുപയോഗിച്ച് ഉരച്ച്, ഡൂക്കോ പെയിന്റിന്റെ ഒരു പാളികൂടി പൂശുന്നു

PHOTO • Shruti Sharma
PHOTO • Shruti Sharma

ഇടത്ത്: പെയിന്റ് ചെയ്ത ഫ്രെയിമുകൾ വെയിലത്ത് ഉണങ്ങിക്കഴിഞ്ഞാൽ മദൻ പ്ലൈബോർഡിന്റെ ചക്ഡി ഭാഗത്തുള്ള കോയിൻ പോക്കറ്റുകളിൽ വലകൾ ഘടിപ്പിക്കുന്നു. നാല് മൂലയിലും വെട്ടിയെടുത്ത ഓട്ടകളിൽ സ്വർണ്ണനിറമുള്ള ബുള്ളറ്റ് ബോർഡ് പിന്നുകൾ പകുതിമാത്രം അടിച്ചുകയറ്റി, വലകൾ വലിച്ച്, സ്റ്റിച്ചുകൾക്കിടയിൽ ദ്വാരങ്ങളുണ്ടാക്കി ആ പിന്നുകളെ മുഴുവനായും അടിച്ചുകയറ്റുന്നു. വലത്ത്: ധരം, അവസാനമായി എല്ലാമൊന്ന് പരിശോധിച്ച്, ബോർഡുകൾ ഒരു ചെറിയ പരുത്തിത്തുണികൊണ്ട് തുടക്കുന്നു

ഓരോ കാരംബോർഡുകളും വെയിലത്തുണങ്ങുമ്പോൾ, മദൻ അകത്തിരുന്ന് പ്ലൈബോർഡിന്റെ വശത്തുള്ള ചക്ഡി യിൽ കോയിൻ പോക്കറ്റിൽ വലകൾ ഘടിപ്പിക്കുന്നു. നാല് മൂലയിലും വെട്ടിയെടുത്ത ഓട്ടകളിൽ സ്വർണ്ണനിറമുള്ള ബുള്ളറ്റ് ബോർഡ് പിന്നുകൾ പകുതിമാത്രം അടിച്ചുകയറ്റി, വലകൾ വലിച്ച്, സ്റ്റിച്ചുകൾക്കിടയിൽ ദ്വാരങ്ങളുണ്ടാക്കി ആ പിന്നുകളെ മുഴുവനായും അടിച്ചുകയറ്റുന്നു

“വലകൊണ്ടുള്ള പോക്കറ്റുകൾ ഉണ്ടാക്കുന്നത്, മല്യാന ഫാടക്ക്, തേജ്ഗറി പ്രദേശങ്ങളിലുള്ള വീടുകളിലെ സ്ത്രീകളാണ്,” ശർമ്മ പറയുന്നു. “12 ഡസൻ, അതായത് 144 പോക്കറ്റുകൾക്ക് നൂറ് രൂപയാണ് വില,” അയാൾ തുടർന്നു. അതായത്, ഓരോ പോക്കറ്റുകളും തുന്നുന്നതിന് ആ സ്ത്രീകൾക്ക് കിട്ടുന്നത്, 69 പൈസയാണ്.

ഇപ്പോൾ കാരംബോർഡുകൾ തയ്യാറായിക്കഴിഞ്ഞു. ധരം അവസാനവട്ട പരിശോധന നടത്തി, ഒരു ചെറിയ പരുത്തിത്തുണികൊണ്ട് ബോർഡുകൾ തുടച്ചു. അമർജീത് ഓരോ ബോർഡുകളും വലിയ ഒരു പ്ലാസ്റ്റിക്ക് ബാഗിൽ പാക്ക് ചെയ്തു. “ഞങ്ങൾ ഒരു പെട്ടി കാരം കോയിനുകളും കാരം പൌഡറും പ്ലാസ്റ്റിക്ക് ബാഗിൽ വെക്കും. ബറോഡയിൽനിന്നാണ് കോയിനുകൾ കിട്ടുന്നത്. പൌഡർ പ്രാദേശികമായി വാങ്ങുകയാണ് ചെയ്യുന്നത്,” സുനിൽ ശർമ്മ പറയുന്നു.

കളിക്കാൻ തയ്യാറായ ബോർഡുകൾ കാർഡ്ബോർഡ് പെട്ടിയിൽ പാക്ക് ചെയ്ത്, അട്ടിയട്ടിയായി വെച്ച്. നാളെ രാവിലെ, തൊഴിലാളികൾ ജോലിക്ക് വന്നാൽ, അവർ, ലഭിച്ച ഓർഡറിലെ അവസാനത്തെ 40 ബോർഡുകൾ തയ്യാറാക്കാൻ തുടങ്ങും. അടുത്ത അഞ്ചുദിവസം പതിവുപോലെ അതിന്റെ പണിയിലായിരിക്കും അവർ. അതിനുശേഷം ബോർഡുകൾ ദില്ലിയിലേക്ക് പാർസലയച്ച്, കടൽ കടത്തും. അവരൊരിക്കലും കളിക്കുകയും ആസ്വദിക്കുകയോ ചെയ്തിട്ടില്ലാത്ത കളിയെ പ്രോത്സാഹിപ്പിക്കാൻ.

മൃണാളിനി മുഖർജി ഫൌണ്ടേഷന്റെ (എം.എം.എഫ്) ഫെല്ലോഷിപ്പ് പിന്തുണയോടെ ചെയ്ത കഥ.

പരിഭാഷ: രാജീവ് ചേലനാട്ട്

Shruti Sharma

ಶ್ರುತಿ ಶರ್ಮಾ MMF-PARI ಫೆಲೋ (2022-23). ಅವರು ಕಲ್ಕತ್ತಾದ ಸಮಾಜಶಾಸ್ತ್ರ ಅಧ್ಯಯನ ಕೇಂದ್ರದಲ್ಲಿ ಭಾರತದಲ್ಲಿ ಕ್ರೀಡಾ ಸರಕುಗಳ ಉತ್ಪಾದನೆಯ ಸಾಮಾಜಿಕ ಇತಿಹಾಸದ ಕುರಿತು ಪಿಎಚ್‌ಡಿ ಮಾಡಲು ಕೆಲಸ ಮಾಡುತ್ತಿದ್ದಾರೆ.

Other stories by Shruti Sharma

ಪಿ. ಸಾಯಿನಾಥ್ ಅವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಸ್ಥಾಪಕ ಸಂಪಾದಕರು. ದಶಕಗಳಿಂದ ಗ್ರಾಮೀಣ ವರದಿಗಾರರಾಗಿರುವ ಅವರು 'ಎವೆರಿಬಡಿ ಲವ್ಸ್ ಎ ಗುಡ್ ಡ್ರಾಟ್' ಮತ್ತು 'ದಿ ಲಾಸ್ಟ್ ಹೀರೋಸ್: ಫೂಟ್ ಸೋಲ್ಜರ್ಸ್ ಆಫ್ ಇಂಡಿಯನ್ ಫ್ರೀಡಂ' ಎನ್ನುವ ಕೃತಿಗಳನ್ನು ರಚಿಸಿದ್ದಾರೆ.

Other stories by P. Sainath
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat