അപ്രതീക്ഷിതമായ ഒരു ഇന്ദ്രജാലപ്രകടനം. തന്റെ കടയുടെ പിന്നിലുള്ള ഒരു പഴയ നീലപ്പെട്ടിയിൽനിന്ന് ഡി. ഫാത്തിമ നിധികൾ പുറത്തേക്കെടുത്തു. ഓരോന്നും ഓരോ കലാരൂപമാണ്. തൂത്തുക്കുടിക്കപ്പുറമുള്ള കടലിന്റെ ആഴങ്ങളിൽ ജീവിച്ചിരുന്ന വലിയ മീനുകൾ. വെയിലിൽ ഉണക്കി, ഉപ്പും വൈദഗ്ദ്ധ്യമുള്ള കൈകളുമുപയോഗിച്ച് സൂക്ഷിച്ചുവെച്ചവ.

ഒരു കട്ടപ്പറൈമീനിനെ (ക്വീൻ ഫിഷ്) ഉയർത്തി, തന്റെ മുഖത്തോടടുപ്പിച്ച് പിടിപ്പിച്ചു ഫാത്തിമ. അവരുടെ പകുതി ഉയരവും കൈപ്പത്തികളുടെ വീതിയുള്ള് കഴുത്തുമുള്ള ഒരു മീൻ. വായിൽനിന്ന് വാലുവരെ ഒരു വലിയ മുറിവ് കാണാം. മൂർച്ചയുള്ള ഒരു കത്തിഉപയോഗിച്ച്, അതിനെ രണ്ടാക്കി മുറിച്ച്, ആന്തരികാവയവമൊക്കെ മാറ്റി, ഉപ്പ് നിറച്ച്, വെയിലത്തുണക്കിവെച്ച മീനായിരുന്നു അത്. ഭൂമിയേയും മനുഷ്യരേയും മീനിനേയുമൊക്കെ ഉണക്കാൻ പാകത്തിലുള്ള കടുത്ത വെയിലിൽ.

ആ ചൂടിന്റെ കഥ പറയുന്നുണ്ട്, അവരുടെ മുഖത്തെ ചുളിവുകളും ആ കൈകളും. എന്നാലവർ മറ്റൊരു കഥയാണ് പറഞ്ഞുതുടങ്ങിയത്. മറ്റൊരു കാലത്ത്, അവരുടെ ആച്ചി (അമ്മൂമ്മ) മീനുകളെ ഉപ്പിട്ട് വിറ്റിരുന്ന കാലം. മറ്റൊരു നഗരത്തിൽ, മറ്റൊരു തെരുവിൽ. റോഡിനപ്പുറത്തുള്ള കനാലിന് അന്ന് ഇന്നത്തെയത്ര വീതിയുണ്ടായിരുന്നില്ല. അവരുടെ പഴയ വീടിന്റെ പിന്നിലൂടെയാണ് ആ കനാൽ ഒഴുകിയിരുന്നത്. പിന്നെ 2004-ലെ സുനാമിയിൽ ചളിയും അഴുക്കും ജീവിതത്തിലേക്ക് ഒഴുകിയെത്തിയ കഥ. പുതിയ വീടിനെക്കുറിച്ചുള്ള വാഗ്ദാനങ്ങളും. എന്നാൽ ഒരു പ്രശ്നമുണ്ടായിരുന്നു. ആ വീട് ‘ റൊമ്പദൂരത്ത് (അകലെ) ആയിരുന്നുവെന്ന് തലയും കൈകളുംകൊണ്ട് ആംഗ്യം കാട്ടി ഫാത്തിമ പറഞ്ഞു. വീട്ടിൽനിന്ന് ബസ്സിൽ ഒരു മണിക്കൂർ യാത്ര ചെയ്തുവേണം കടൽത്തീരത്തെത്തി മീൻ വാങ്ങാൻ.

ഒമ്പത് വർഷത്തിനുശേഷം, ഫാത്തിമയും സഹോദരിമാരും അവരുടെ പഴയ അയൽ‌പക്കത്ത് തിരിച്ചെത്തി – തെരേസപുരത്ത്. തൂത്തുക്കുടി പട്ടണത്തിന്റെ അറ്റത്തായിരുന്നു അത്. ചളി കലങ്ങിയൊഴുകുന്ന, വീതി കൂട്ടിയ കനാലിനോട് ചേർന്നായിരുന്നു വീടും കടയും. നിശ്ചലമായ ഉച്ചസമയമായിരുന്നു. അല്പം ഉപ്പും ധാരാളം വെയിലുമിട്ട് ഉണക്കുന്ന മത്സ്യംപോലെ അവരുടെ ജീവിതവും നിശ്ചലമായിരുന്നു.

അമ്മൂമ്മ ചെയ്തിരുന്ന മത്സ്യവ്യാപാരം‌തന്നെയായിരുന്നു ഇപ്പോൾ 64 വയസ്സായ ഫാത്തിമയും വിവാഹം കഴിയുന്നതുവരെ ചെയ്തിരുന്നത്. രണ്ട് പതിറ്റാണ്ട് മുമ്പ് ഭർത്താവ് മരിച്ചതിനുശേഷം അവർ വീണ്ടും ആ തൊഴിലിലേക്ക് തിരിച്ചെത്തി. വല കരയോടടുക്കുമ്പോഴും മത്സ്യങ്ങൾ ജീവനോടെ പിടയുന്നുണ്ടായിരുന്നുവെന്ന് അന്നത്തെ എട്ടുവയസ്സുകാരി ഫാത്തിമ ഇപ്പോഴും ഓർക്കുന്നു. പച്ചമീനിനെയായിരുന്നു അന്ന് പിടിച്ചിരുന്നത്. 56 വർഷങ്ങൾക്കിപ്പുറം എല്ലാം ‘ ഐസ് മീൻ ആയി എന്ന് അവർ സൂചിപ്പിക്കുന്നു. മീനുകൾ വെക്കാനുള്ള ഐസുമായിട്ടാണ് ബോട്ടുകൾ പോകുന്നത്. വലിയ മീനുകളുടെ വ്യാപാരം ലക്ഷക്കണക്കിന് രൂപയുടേതാണ്. “അന്നൊക്കെ ഞങ്ങൾ അണ, പൈസയിലൊക്കെയായിരുന്നു കച്ചവടം ചെയ്തിരുന്നത്. നൂറ് രൂപയൊക്കെ അന്ന് വലിയ സംഖ്യയാണ്. ഇന്ന് ആയിരങ്ങളും ലക്ഷങ്ങളുമായി”, അവർ പറയുന്നു.

Fathima and her sisters outside their shop
PHOTO • Tehsin Pala

കടയുടെ മുന്നിൽ നിൽക്കുന്ന ഫാത്തിമയും സഹോദരിമാരും

Fathima inspecting her wares
PHOTO • M. Palani Kumar

പാത്രങ്ങൾ പരിശോധിക്കുന്ന ഫാത്തിമ

അമ്മൂമ്മയുടെ കാലത്ത്, സ്ത്രീകൾ എല്ലായിടത്തും നടന്നുപോകാറായിരുന്നു പതിവ്. തലയിലെ കൊട്ടയിൽ ഉണക്കമീൻ ഏറ്റി, 10 കിലോമീറ്ററുകൾ നടന്നുപോയി, ചേരികളിലൊക്കെ വിൽക്കും”. ഇന്ന് അവർ ഉണക്കമീനുകൾ അലുമിനിയം പാത്രങ്ങളിലാക്കി, ബസ്സിൽ സഞ്ചരിച്ച് വിൽക്കുന്നു. അടുത്തുള്ള ബ്ലോക്കുകളിലെയും ജില്ലകളിലെയും ഗ്രാമങ്ങളിൽ ചെന്ന് അവരത് വിൽക്കുന്നു.

“കൊറോണക്ക് മുമ്പ് ഞങ്ങൾ തിരുനെൽ‌വേലി റോഡ്, തിരുച്ചെന്തൂർ റോഡ് എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലൊക്കെ പോകാറുണ്ടായിരുന്നു”, 2022 ഓഗസ്റ്റിൽ പാരി അവരെ കണ്ടപ്പോൾ കൈകൊണ്ട് ആ പ്രദേശത്തിന്റെ ഒരു മാപ്പ് വരച്ചുകാണിച്ച് ഫാത്തിമ പറഞ്ഞു. “ഇപ്പോൾ ഞങ്ങൾ എല്ലാ തിങ്കളാഴ്ചയും എരാൽ പട്ടണത്തിൽ നടക്കുന്ന ചന്തയിൽ മാത്രമാണ് പോവുന്നത്”, അവർ തുടർന്നു. തന്റെ യാത്രാച്ചിലവുകൾ അവർ കണക്കുകൂട്ടി. ബസ്സ് ഡിപ്പോയിലേക്കുള്ള ഓട്ടോ ചിലവും, കുട്ടയുമായി ബസ്സിൽ പോകുന്നതിനും എല്ലാംകൂടി ഇരുന്നൂറ് രൂപ.”കൂടാതെ, മാർക്കറ്റിലെ പ്രവേശന ഫീ അഞ്ഞൂറ് രൂപ. ഞങ്ങൾ വെയിലത്താണ് ഇരിക്കുക. പക്ഷേ അതിനും ആ പണം കൊടുത്തേ പറ്റൂ”. എന്നാലും, അവിടെയിരുന്നാൽ അയ്യായിരത്തിനും ഏഴായിരത്തിനുമിടയിൽ രൂപയ്ക്ക് മീൻ വിൽക്കാൻ പറ്റുമെന്നതുകൊണ്ട് അത് ലാഭമാണെന്ന് അവർ പറഞ്ഞു.

എന്നാൽ നാല് തിങ്കളാഴ്ചകൊണ്ട് ഒരു മാസമാവില്ലല്ലോ. വ്യാപാരത്തിലെ പ്രശ്നങ്ങളെക്കുറിച്ച് അവർ ബോധവതിയാണ്. “കുറച്ച് പതിറ്റാണ്ട് മുമ്പ്, മുക്കുവർക്ക് തൂത്തുക്കുടിയിൽനിന്ന് അധികം ദൂരത്തേക്ക് പോകേണ്ടിവന്നിരുന്നില്ല. ധാരാളം മീനുകളുമായി തിരിച്ചുവരാൻ കഴിഞ്ഞിരുന്നു. ഇന്നോ? കടലിലേക്ക് കുറേ ദൂരം പോയാലും അധികം മീനൊന്നും കിട്ടാറില്ല”.

മത്സ്യസമ്പത്ത് കുറയുന്നതിനെക്കുറിച്ച് തന്റെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി കുറച്ച് വാക്കുകളിൽ അവർ വിവരിച്ചു. “പണ്ടൊക്കെ അവർ രാത്രി കടലിൽ പോയി പിറ്റേന്ന് വൈകീട്ടോടെ തിരിച്ചെത്തും. ഇന്ന് അവർ 15-20 ദിവസങ്ങൾക്കാണ് പോകുന്നത്, കന്യാകുമാരിയിലേക്കും ശ്രീലങ്കയുടേയും ആൻഡമാന്റേയും സമീപത്തേക്കുമൊക്കെ”.

വലിയൊരു പ്രദേശമാണത്. പ്രശ്നവും വളരെ വ്യാപകമായ ഒന്നാണ്. തൂത്തുക്കുടിയുടെ സമീപത്തുള്ള മത്സ്യമേഖലകളിലെ മീനിന്റെ ദൌർല്ലഭ്യം. അതിൽ അവർ നിയന്ത്രണമൊന്നുമില്ല. പക്ഷേ അത് അവരുടെ ജീവിതത്തേയും ഉപജീവനമാർഗ്ഗത്തേയും ബാധിക്കുന്നുമുണ്ട്.

ഫാത്തിമ പറയുന്ന വിഷയത്തിന് ഒരു പേരുണ്ട്. അമിതമായ മീൻ‌പിടിക്കൽ. ഗൂഗിളിൽ നിങ്ങൾ തപ്പിയാൽ സെക്കൻഡുകൾക്കുള്ളിൽ 18 ദശലക്ഷം ഉത്തരങ്ങൾ കിട്ടും. അത്ര സാധാരണമാണ് ആ വിഷയം. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷൻ (എഫ്.എ.ഒ.) പറയുന്നത്. “ആഗോളമായി, 2019-ൽ നമ്മുടെ മൃഗങ്ങളിൽനിന്നുള്ള മാംസ്യത്തിന്റെ ഏതാണ്ട് 17 ശതമാനവും മറ്റ് മാംസ്യങ്ങളുടെ 7 ശതമാനവും കിട്ടുന്നത് ജലസമ്പത്തിൽനിന്നാണ് ”. അതായത്, എല്ലാ വർഷവും നമ്മൾ ’80 മുതൽ 90 മില്ല്യൺ മെട്രിക്ക് ടൺവരെ കടൽ‌ഭക്ഷണം സമുദ്രത്തിൽനിന്ന് ഊറ്റിയെടുക്കുന്നു“ എന്ന്, അമേരിക്കൻ ക്യാച്ച് ആൻഡ് ഫോർ ഫിഷ് എന്ന പുസ്തകത്തിന്റെ രചയിതാവ് പോൾ ഗ്രീൻ‌ബർഗ് സൂചിപ്പിച്ചു. ഇത് ഭീമമായ അളവാണ്. കാരണം, ചൈനയിലെ ഹ്യൂമൻ വെയ്റ്റിന് തുല്യമാണ് ഇതെന്ന് ഗ്രീൻബർഗ് വിശദീകരിച്ചു.

എന്നാൽ ഇവിടെയാണ് ഒരു കൌതുകകരമായ കാര്യമുള്ളത്. പിടിച്ചുകൊണ്ടുവന്ന മീനിനെ പാചകം ചെയ്ത് അപ്പോൾത്തന്നെ ഭക്ഷിക്കുകയല്ല ചെയ്യുന്നത്. പിന്നീട് ഉപയോഗിക്കാനായി കരുതിവെക്കുകയാണ്. അതിനുള്ള ഏറ്റവും പുരാതനമായ രീതിയാണ് ഉപ്പിലിട്ടുവെക്കലും വെയിലത്ത് ഉണക്കലും.

Left: Boats docked near the Therespuram harbour.
PHOTO • M. Palani Kumar
Right: Nethili meen (anchovies) drying in the sun
PHOTO • M. Palani Kumar

ഇടത്ത്: തെരേസപുരം ഹാർബറിനടുത്ത് നിർത്തിയിട്ട ബോട്ടുകൾ. വലത്ത്: വെയിലത്തിട്ട് ഉണക്കുന്ന നെത്തിൽ മീൻ (ആൻ‌കോവീസ് എന്ന് ശാസ്ത്രീയ നാമം)

*****

ഉണക്കാനിട്ട തടിച്ച സ്രാവിൻ കഷണങ്ങളെ
തിന്നാൻ കൊതിച്ചെത്തുന്ന പക്ഷിക്കൂട്ടങ്ങളെ
ആട്ടിയകറ്റും ഞങ്ങൾ
നിന്റെ ഗുണങ്ങൾകൊണ്ട് ഞങ്ങൾക്കെന്ത് കാര്യം?
ഞങ്ങളെ മീൻ മണക്കും..കടന്നുപോ ഇവിടെനിന്ന്!

നത്രിണൈ 45, നെയ്താൽ തിണൈ (കടൽക്കരയിലെ ഗാനങ്ങൾ)

അജ്ഞാതനാമാവായ കവി. നായികയുടെ സഖി നായകനോട് പറയുന്നത്

തമിഴ് സംഘകാല കൃതികളുടെ ഭാഗമാണ് 2,000 വർഷം പഴക്കമുള്ള നിത്യഹരിതമായ ഈ കവിത. കടൽത്തീരത്തിലൂടെ മുകൾഭാഗത്തേക്ക് സഞ്ചരിക്കുന്ന ഉപ്പ് വ്യാപാരികളെക്കുറിച്ചും അവരുടെ വാഹനങ്ങളെക്കുറിച്ചുമൊക്കെ ഇതിൽ പരാമർശിക്കുന്നുണ്ട്. മറ്റ് പുരാതന സംസ്കാരങ്ങളിലും, ഇത്തരത്തിൽ ഉപ്പും വെയിലും ഉപയോഗിച്ച് ഉണക്കുന്ന രീതി നിലനിന്നിരുന്നോ?

ഉണ്ടെന്നാണ് ഭക്ഷണരീതികളെക്കുറിച്ച് പഠിച്ചിട്ടുള്ള ഡോ.

കൃഷ്ണേന്ദു റേ പറയുന്നത്. “ബാഹ്യന്മുഖരും വിശേഷിച്ച്, കടലുമായി ബന്ധപ്പെട്ടിട്ടുള്ളവരുമായ സാമ്രാജ്യങ്ങൾക്ക് മത്സ്യവുമായി വ്യത്യസ്തമായ ഒരു ബന്ധമുണ്ട്. ബോട്ടുനിർമ്മാണവും, അത് കൈകാര്യം ചെയ്യലും എല്ലാം ഈ സാമ്രാജ്യങ്ങളെ സംബന്ധിച്ച് പ്രാധാന്യമുള്ളതായിരുന്നതിനാൽ, മത്സ്യബന്ധനവുമായി ബന്ധപ്പെട്ടവരായിരുന്നു അതെല്ലാം ചെയ്തിരുന്നത്. വൈക്കിംഗ്, ജെനോയീസ്, വെനീഷ്യൻ, പോർത്തുഗീസ്, സ്പാനിഷ് എന്നിവരുടെ കാര്യത്തിൽ കാണുന്നതുപോലെ”, അദ്ദേഹം പറഞ്ഞു.

ന്യൂയോർക്ക് സർവ്വകലാശാലയിൽനിന്നുള്ള ആ പ്രൊഫസർ തുടർന്നു, “ശീതീകരണസംവിധാനമൊക്കെ വരുന്നതിന് മുമ്പ്, പ്രോട്ടീനുകൾ കേട് വരാതിരിക്കാനുള്ള ഒരേയൊരു മാർഗ്ഗം, ഉപ്പിടലും, കാറ്റുപയോഗിച്ച് ഉണക്കലും, പുകയ്ക്കലും, പുളിപ്പിക്കലും (ഫിഷ് സോസുകളിലെപ്പോലെ) ആയിരുന്നു. കപ്പൽ‌യാത്രയിൽ ദൂരത്തെയും സമയത്തെയും കീഴടക്കേണ്ടിവരുമല്ലോ. തന്മൂലം മെഡിറ്ററേനിയന് ചുറ്റുമുള്ള റോമൻ സാമ്രാജ്യം ഗാരുമിന് (പുളിപ്പിച്ച മത്സ്യ സോസ്) വളരെ പ്രാധാന്യം കൊടുത്തു. റോമിന്റെ തകർച്ചയോടെ അതെല്ലാം അപ്രത്യക്ഷമായി”.

കേടുവരുത്തുന്ന ബാക്ടീരിയകളെയും എൻ‌സൈമുകളേയും നശിപ്പിക്കലും അണുബാധയുടെ വളർച്ചയും കടന്നുകയറ്റവും അപ്രാപ്യമാക്കുന്ന അവസ്ഥകൾ സംജാതമാക്കലുമാണ് തമിഴ് നാട്ടിലെ മത്സ്യ ഉണക്ക് പ്രക്രിയയിൽ ഉൾപ്പെടുന്നതെന്ന് എഫ്.എ.ഒ.യുടെ മറ്റൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Salted and sun dried fish
PHOTO • M. Palani Kumar

ഉപ്പും വെയിലുമുപയോഗിച്ച് ഉണക്കിയ മത്സ്യങ്ങൾ

Karuvadu stored in containers in Fathima's shop
PHOTO • M. Palani Kumar

ഫാത്തിമയുടെ കടയിലെ പെട്ടികളിൽ സൂക്ഷിച്ചിട്ടുള്ള കരുവാട്

“ചിലവ് കുറഞ്ഞ മീൻ സൂക്ഷിപ്പ് രീതിയാണ് ഉപ്പിലിടൽ എന്ന് എഫ്.എ.ഒ.യുടെ റിപ്പോർട്ട് തുടരുന്നു. ഉപ്പിടൽ പൊതുവായി രണ്ട് രീതികളിലാണ്. മീനിന്റെ ഉപരിതലത്തിൽ ഉപ്പ് പരത്തി ഉണക്കലും, ഉപ്പുവെള്ളത്തിൽ/ലായനിയിൽ മീൻ മുക്കി വെക്കുന്ന രീതിയും. മാസങ്ങളോളം അത് അങ്ങിനെ വെക്കുന്നു.

ഭൂതകാലപ്രൌഢിയും, പ്രോട്ടീൻ ലഭിക്കാനുള്ള എളുപ്പവും ചിലവ് കുറഞ്ഞതുമായ രീതിയും ആയിട്ടുപോലും, ജനകീയ കലകളിൽ (ഉദാഹരണത്തിന്, തമിഴ് സിനിമകളിൽ) കരുവാട് പരിഹാസത്തിന് പാത്രമായിട്ടുണ്ട്. രുചിയുടെ ശ്രേണീശൃംഘലയിൽ എവിടെയാണ് അതിന്റെ സ്ഥാനം?

“ശ്രേണീബദ്ധമായ ചിന്തകളിൽ ധാരാളം അടരുകൾ ഉൾപ്പെട്ടിട്ടുണ്ട്. എവിടെയൊക്കെ അധീശത്വപരമായ പ്രാദേശിക രൂപങ്ങൾ വ്യാപിച്ചിട്ടുണ്ടോ അവിടെയൊക്കെ – ബ്രാഹ്മണിസത്തിന്റെ ചില രൂപങ്ങളോടൊപ്പം – ജലവുമായി ബന്ധപ്പെട്ട – പ്രത്യേകിച്ചും ഉപ്പുവെള്ളവുമായി ബന്ധപ്പെട്ട - ജീവിതങ്ങളെക്കുറിച്ചും ഉപജീവനങ്ങളെക്കുറിച്ചും, അവമതിപ്പും സംശയങ്ങളും നിലനിൽക്കുന്നതായി കാണാം. ജാതി എന്നത് പ്രാദേശികപരവും തൊഴിൽ‌പരവുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെട്ടതായതിനാൽ, മത്സ്യബന്ധനം എപ്പോഴും അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്” എന്ന് ഡോ. റേ പറയുന്നു.

“നിവൃത്തിയില്ലെങ്കിൽ മാത്രം പിടിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്ന ഒരു വിഭവമാണ് മത്സ്യം. അതിനാൽത്തന്നെ ഒന്നുകിൽ അത് വളരെയധികം വിലമതിക്കപ്പെടുകയോ അതല്ലെങ്കിൽ വെറുക്കപ്പെടുകയോ ചെയ്തുവരുന്നു. കൃഷിയോഗ്യമായ ഭൂമിയിലെ ധാന്യോത്പാദനത്തിലും ക്ഷേത്രങ്ങളിലും ജലസേചനസൌകര്യങ്ങളിലും നിക്ഷേപം നടത്തുന്നത് സാമ്പത്തികവും സാംസ്കാരികവുമായ ശ്രേഷ്ഠതയായി കണക്കാക്കപ്പെടുന്ന സംസ്കൃതവത്കൃത ഇന്ത്യയുടെ ചില ഭാഗങ്ങളിൽ മത്സ്യബന്ധനം അവഗണിക്കപ്പെടുകയായിരുന്നു” എന്ന് ഡോ. റേ പറഞ്ഞു.

*****

ഒരു ചെറിയ തണലിലിരുന്ന്, സഹായപുരണി തന്റെ കത്തികൊണ്ട് പൂമീൻ ചിരണ്ടുകയായിരുന്നു. തെരേസപുരത്തെ ലേലകേന്ദ്രത്തിൽനിന്ന് 300 രൂപയ്ക്ക് 3 കിലോഗ്രാം മീനാണ് അവർ വിൽക്കാനായി വാങ്ങിയത്. ഫാത്തിമയുടെ കടയുടെ സമീപത്തുള്ള കനാലിന്റെ അപ്പുറത്താന് അവരുടെ തൊഴിൽ‌സ്ഥലം. അഴുക്കുവെള്ളത്താൽ കറുത്ത നിറമായിരുന്നു കനാലിന്. ചെതുമ്പലുകൾ ചിതറുന്നുണ്ടായിരുന്നു. ചിലത് പൂമീനിന് ചുറ്റും, ചിലത്, രണ്ടടി ദൂരത്ത് നിൽക്കുന്ന എന്റെ ദേഹത്തേക്കും. അവ എന്റെ ഉടുപ്പിൽ വീണപ്പോൾ അവർ തല പൊക്കി നോക്കി ചിരിച്ചു. ഞങ്ങളും അതിൽ ചേർന്നു. സഹായപൂരണി ജോലി തുടർന്നു. കത്തി രണ്ടുതവണ വീശിയതോടെ മീനിന്റെ ചിറകുകൾ നിലത്ത് വീണു. അടുത്തതായി അവർ മീനിന്റെ കഴുത്തിൽ വെട്ടി. ആറ് തവണ കൊത്തിയപ്പോൾ തലയും അറ്റുവീണു.

അവരുടെ പിന്നിലായി കെട്ടിയിട്ടിരുന്ന വെളുത്ത നായ നാവ് പുറത്തേക്കിട്ട് നോക്കിനിൽക്കുന്നുണ്ടായിരുന്നു. പിന്നെ സഹായപൂരണി മീനിന്റെ കുടൽ പുറത്തേക്കെടുത്ത് അതിനെ പുസ്തകം പോലെ തുറന്നു. അരിവാളുകൊണ്ട് മീനിന്റെ പുറത്ത് അവർ വിലങ്ങനെ കോറി ഒരുകൈകൊണ്ട് ഒരു പിടി ഉപ്പെടുത്ത് മീനിന്റെ ആ മുറിവുകളിൽ അവർ പുരട്ടി. വിടവുകളിലും ഉപ്പ് നിറച്ചു. മീനിന്റെ ഉള്ളിലെ പിങ്ക് നിറം വെള്ളനിറമായി മാറി. ഇനി അത് ഉണക്കാനുള്ള ഘട്ടമാണ്. അരിവാളും കത്തിയും വെള്ളത്തിൽ മുക്കി കഴുകി ഉണങ്ങാൻ വെച്ചു. “വരൂ”, അവർ വിളിച്ചു. ഞങ്ങൾ അവരുടെ പിന്നാലെ വീട്ടിലേക്ക് പോയി.

Sahayapurani scrapes off the scales of Poomeen karuvadu as her neighbour's dog watches on
PHOTO • M. Palani Kumar

അയൽക്കാരന്റെ നായ നോക്കി നിൽക്കുമ്പോൾ സഹായപൂരണി പൂമീൻ കരുവാടിന്റെ ചെതുമ്പലുകൾ ചിരണ്ടിക്കളഞ്ഞു

Sahayapurani rubs salt into the poomeen 's soft pink flesh
PHOTO • M. Palani Kumar

പൂമീനിന്റെ ഇളം പിങ്ക് മാംസത്തിൽ സഹായപൂരണി ഉപ്പ് തിരുമ്മുന്നു

തമിഴ് നാട് 2016 മറൈൻ ഫിഷറീസ് സെൻസസ് പ്രകാരം, സംസ്ഥാനത്ത് മത്സ്യബന്ധന മേഖലയിൽ 2,62 ലക്ഷം സ്ത്രീകളും 2,74 ലക്ഷം പുരുഷന്മാരും ജോലി ചെയ്യുന്നുണ്ട്. ആ മത്സ്യബന്ധന കുടുംബങ്ങളിലെ 91 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് (ബി.പി.എൽ) താഴെയാണ് ജീവിക്കുന്നത്.

ദിവസത്തിൽ എത്ര മീൻ വിൽക്കുന്നുണ്ടെന്ന്, സൂര്യവെളിച്ചത്തിൽനിന്ന് മാറിയിരുന്നുകൊണ്ട് ഞാൻ സഹായപൂരണിയോട് ചോദിച്ചു. “അതെല്ലാം ആണ്ടവർ (യേശുക്രിസ്തു) തീരുമാനിക്കുന്നതുപോലെയിരിക്കും. അദ്ദേഹത്തിന്റെ കൃപകൊണ്ടാണ് ഞങ്ങൾ കഴിയുന്നത്”, അവർ മറുപടി പറഞ്ഞു. ഞങ്ങളുടെ സംഭാഷണത്തിനിടയ്ക്ക് പലപ്പോഴും ജീസസ് പ്രത്യക്ഷപ്പെട്ടു. “ഉണക്കമീൻ വിൽക്കാൻ അദ്ദേഹം സഹായിച്ചാൽ, പകൽ 10.30 ആവുമ്പോഴേക്കും ഞങ്ങൾ വീട്ടിൽ തിരിച്ചെത്തും”.

തന്റെ തൊഴിലിടത്തെക്കുറിച്ചും ഇതേ നിസ്സംഗതയാണ് അവർക്കുള്ളത്. ഉണക്കമീൻ വിൽക്കാൻ അവർക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥലം കനാലിന്റെ അടുത്താണ്. ഒട്ടും സുഖമുള്ള സ്ഥലമല്ല അതെങ്കിലും മറ്റെന്ത് മാർഗ്ഗമാണുള്ളതെന്ന് ചോദിക്കുന്നു അവർ. ചുട്ടുപൊള്ളുന്ന വെയിലിൽ ‌മാത്രമല്ല, അസമയത്തുള്ള മഴയിലും സാധന സാമഗ്രികളൊക്കെ പുറത്തുതന്നെ വെക്കേണ്ടിവരും. “ഒരു ദിവസം ഞാൻ മീനുകളൊക്കെ ഐസിട്ട്, വീട്ടിൽ വന്ന് ഒന്ന് വിശ്രമിക്കാൻ ഇരുന്നതാണ്. പെട്ടെന്നൊരാൾ വന്ന് എന്നോട് മഴ പെയ്യുന്നുണ്ടെന്ന് പറഞ്ഞു. ഞാൻ വേഗം പോയെങ്കിലും പകുതിയോളം മീനുകൾ മഴയിൽ കുതിർന്നുകഴിഞ്ഞിരുന്നു. ചെറിയ മീനുകൾ പെട്ടെന്ന് ചീത്തയാവും, അറിയില്ലേ?”

ചെറിയമ്മയിൽനിന്നാണ് മീൻ ഉപ്പിടുന്ന വിദ്യ, ഇപ്പോൾ 67 വയസ്സായ സഹായപുരണി പഠിച്ചത്. എന്നാൽ മത്സ്യവ്യാപാരം കൂടുതലാണെങ്കിലും, ഉണക്കമീനിന്റെ ഉപഭോഗം കുറവാണെന്ന് അവർ പറഞ്ഞു. “കാരണം, മീൻ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പച്ചമീൻ ധാരാളം ലഭ്യമാണ്. ചിലപ്പോൾ വില കുറച്ചും അവർ വിൽക്കാറുണ്ട്. മാത്രമല്ല, എല്ലാ ദിവസവും ഒരേ സാധനം‌തന്നെ കഴിക്കാൻ ആളുകൾ ആഗ്രഹിക്കില്ലല്ലോ, അല്ലേ? ആഴ്ചയിൽ രണ്ട് തവണ മീൻ കഴിച്ചാൽ മറ്റൊരു ദിവസം നിങ്ങൾ ബിരിയാണിയും മറ്റ് ചിലപ്പോൾ രസമോ സോയ ബിരിയാണിയോ ഒക്കെയായിരിക്കും കഴിക്കുക”.

എന്നാൽ പ്രധാന കാരണം, പരസ്പരവിരുദ്ധമായ വൈദ്യോപദേശമാണ്. “കരുവാട് കഴിക്കരുത്. ഉപ്പ് കൂടുതലാണ് അതിൽ. രക്തസമ്മർദ്ദം കൂടുമെന്ന് ഡോക്ടർമാർ പറയുന്നു. അതുകൊണ്ട് ആളുകൾ ഇതുപേക്ഷിക്കുന്നു”, അവർ സൂചിപ്പിച്ചു. നിരാശയും നിസ്സഹായതയും വെളിവാക്കുന്ന ആംഗ്യചലനങ്ങളോടെ അവർ തലകുലുക്കി

കരുവാട് തയ്യാറായിക്കഴിഞ്ഞാൽ അവർ വീട്ടിലെ ഒരു മുറിയിൽ, സൂക്ഷിച്ചുവെക്കും. “വലിയ മീനുകൾ മാ‍സങ്ങളോളം കേടുവരാതെയിരിക്കും”, അവർ പറഞ്ഞു. തന്റെ കഴിവുകളെക്കുറിച്ച് അവർക്ക് നല്ല ആത്മവിശ്വാസമാണ്. മീൻ വരഞ്ഞ് അതിൽ ഉപ്പ് തേക്കുന്നത് കേടുവരില്ലെന്ന ഉറപ്പോടെയാണ്. “വാങ്ങുന്നവർക്ക് ആഴ്ചകളോളം അത് സൂക്ഷിക്കാനാവും. വേണമെങ്കിൽ കുറച്ച് മഞ്ഞളും അല്പംകൂടി ഉപ്പും ചേർത്ത്, പത്രക്കടലാസ്സിൽ പൊതിഞ്ഞ്, കാറ്റ് കടക്കാതെ പൊതിഞ്ഞുവെച്ചാൽ ഫ്രിഡ്ജിൽ ഏറെക്കാലം ഇരിക്കും”.

Sahayapurani transferring fishes from her morning lot into a box. The salt and ice inside will help cure it
PHOTO • M. Palani Kumar

രാവിലത്തെ ശേഖരത്തിൽനിന്നുള്ള ബാക്കി മീനുകൾ സഹായപുരണി പെട്ടിയിലേക്ക് മാറ്റുന്നു. പെട്ടിക്കകത്തെ ഐസും ഉപ്പും അതിനെ ഉണക്കിയെടുക്കും

അമ്മയുണ്ടായിരുന്ന കാലത്ത് അവർ ഇടയ്ക്കിടെ കരുവാട് കഴിക്കാറുണ്ടായിരുന്നു. ഉണക്കമീൻ വറുത്ത് ധാന്യക്കഞ്ഞിയുടെ കൂടെ കഴിക്കാം. “ഒരു വലിയ പാത്രമെടുത്ത്, കുറച്ച് മുരിങ്ങക്കായയും വഴുതനങ്ങയും മീനുമിട്ട് കറിവെച്ച് കഞ്ഞിയിൽ പാർന്ന് കഴിക്കും. പക്ഷേ ഇപ്പോൾ എല്ലാവരും ‘വൃത്തി’യുള്ളത് മാത്രമേ കഴിക്കൂ” എന്ന് പറഞ്ഞ് അവർ ഉറക്കെ ചിരിച്ചു. “എന്തിന് പറയുന്നു, ഇപ്പോൾ അരിപോലും നല്ല ‘വൃത്തി’യുള്ളതാണ്. ആളുകൾ നവധാന്യമൊക്കെയിട്ട പച്ചക്കറിക്കൂട്ട് പാചകം ചെയ്ത്, മുട്ട പൊരിച്ചതും കൂട്ടിയാണ് കഴിക്കുന്നത്. 40 വർഷം മുമ്പ് ഞങ്ങളൊന്നും ഈ പച്ചക്കറിക്കൂട്ട് എന്ന സാധനത്തെക്കുറിച്ച് കേട്ടിട്ടേയില്ലായിരുന്നു”.

അതിരാവിലെ 4.30-ന് സഹായപുരണി വീട്ടിൽനിന്നിറങ്ങി ബസ്സിൽ, 15 കിലോമീറ്റർ ചുറ്റളവിലുള്ള ഗ്രാമങ്ങളിലേക്ക് യാത്രയാവും. “പിങ്ക് ബസ്സുകളിൽ ഞങ്ങൾക്ക് സൌജന്യമായി യാത്രചെയ്യാം”, അവർ പറഞ്ഞു. സ്ത്രീകൾക്കായി തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 2021-ൽ പ്രഖ്യാപിച്ച സൌജന്യ ബസ് യാത്രയെ ഉദ്ദേശിച്ചാണ് അവരത് പറഞ്ഞത്.  വല്ലപ്പോഴുമൊരിക്കൽ അവർ ബസ് കണ്ടക്ടർക്ക് എന്തെങ്കിലും ചില്ലറ കൊടുക്കാറുമുണ്ട്. “അപ്പോൾ അയാൾക്ക് ഭവ്യത കൂടും”, ചിരിച്ചുകൊണ്ട് അവർ പറഞ്ഞു.

ലക്ഷ്യസ്ഥാനത്തെത്തിയാൽ സഹായപുരണി ഗ്രാമത്തിൽ ചുറ്റിനടന്ന് മീൻ വിൽക്കാൻ തുടങ്ങും. അദ്ധ്വാനമുള്ള പണിയാണതെന്ന് അവർ സമ്മതിച്ചു. മത്സരവുമുണ്ട്. “പുതിയ മീൻ വിറ്റിരുന്നപ്പോൾ കൂടുതൽ മോശമായിരുന്നു സ്ഥിതി. ഞങ്ങൾ രണ്ട് വീടുകളിൽ കയറിയിറങ്ങുമ്പോഴേക്കും പുരുഷന്മാരായ വില്പനക്കാർ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ച് പത്ത് വീടുകളിൽ പോയിട്ടുണ്ടാകും. വണ്ടികളിൽ സഞ്ചരിച്ചാൽ പണി എളുപ്പമാണ്. നടത്തം കഠിനമാണ്. പുരുഷന്മാർ ഞങ്ങളെ തോൽ‌പ്പിക്കുകയും ചെയ്യും”, അതുകൊണ്ട് സഹായപുരണി കരുവാട് മാത്രം വിൽക്കാൻ തുടങ്ങി.

ഉണക്കമീനിനുള്ള ആവശ്യക്കാരുടെ എണ്ണത്തിൽ സീസണിനനുസരിച്ച് മാറ്റം വരും. “ഗ്രാമത്തിൽ ഉത്സവങ്ങളോ മറ്റോ ഉണ്ടെങ്കിൽ ആളുകൾ ദിവസങ്ങളും ചിലപ്പോൾ ആഴ്ചകളും മീനും മാംസവും ഒഴിവാക്കും. ധാരാളമാളുകൾ ഈ രീതി തുടർന്നാൽ, അത് ഞങ്ങളുടെ വില്പനയേയും ബാധിക്കും. ഇതും പുതിയൊരു സംഭവമാണെന്ന് സഹായപുരണി പറയുന്നു. “അഞ്ച് വർഷം മുമ്പൊക്കെ, ഇത്രയധികം ആളുകൾ നോമ്പും മറ്റും എടുത്തിരുന്നില്ല”. ഉത്സവസമയത്തും അതിനുശേഷവും – സദ്യയ്ക്ക് ആടുകളെ അറക്കുമ്പോൾ - ആളുകൾ ബന്ധുക്കൾക്കുവേണ്ടി ഉണക്കമീൻ ധാരാളം വാങ്ങാറുണ്ടായിരുന്നു. “ചിലപ്പോൾ ചിലർ ഒരു കിലോഗ്രാംവരെയൊക്കെ മീൻ വാങ്ങാറുണ്ടായിരുന്നു”, അവരുടെ 36 വയസ്സുള്ള മകൾ നാൻസി വിശദീകരിച്ചു.

വില്പന കുറവുള്ള മാസങ്ങളിൽ കുടുംബം നിലനിൽക്കുന്നത് വായ്പയെടുത്തിട്ടാണ്. “10 പൈസ ദിവസ, ആഴ്ച, മാസപ്പലിശയ്ക്കുള്ള വായ്പയുടെ പുറത്ത്. അങ്ങിനെയാണ് മഴക്കാലത്തും മത്സ്യബന്ധനത്തിന് നിരോധമുള്ള കാലത്തും ഞങ്ങൾ ജീവിക്കുന്നത്. ചിലർ ആഭരണങ്ങൾ പണയംവെക്കും. പണയക്കടകളിലോ ബാങ്കുകളിലോ. ഞങ്ങൾക്ക് കടം വാങ്ങേണ്ടിവരാറുണ്ട്”, സാമൂഹികപ്രവർത്തകയായ നാ‍ൻസി പറഞ്ഞു. “ഭക്ഷണം വാങ്ങാൻ” എന്ന് അവളുടെ അമ്മ, മകളുടെ വാചകത്തെ പൂരിപ്പിച്ചു.

Left: A portrait of Sahayapurani.
PHOTO • M. Palani Kumar
Right: Sahayapurani and her daughters talk to PARI about the Karuvadu trade
PHOTO • M. Palani Kumar

ഇടത്ത്: സഹായപുരണിയുടെ ഒരു ഛായാചിത്രം. വലത്ത്: സഹായപുരണിയും പെണ്മക്കളും പാരിയോട് കരുവാട് വ്യാപാരത്തെക്കുറിച്ച് സംസാരിക്കുന്നു

കരുവാട് വ്യാപാരത്തിലെ അദ്ധ്വാനവും വരുമാനവും തുല്യമല്ല. രാവിലെ ലേലകേന്ദ്രത്തിൽനിന്ന് സഹായപുരണി 1,300 രൂപയ്ക്ക് വാങ്ങിയ മത്സ്യം (ഒരു കൊട്ട മത്തി) വിറ്റാൽ, അവർക്ക് കിട്ടുന്ന ലാഭം 500 രൂപയാണ്. എന്നാൽ അതിനുവേണ്ടി അവർക്ക് രണ്ട് ദിവസം മിനക്കെടണം, വൃത്തിയാക്കാനും ഉപ്പിട്ടുവെക്കാനും ഉണക്കാനും. അതിനും പുറമേ, രണ്ട് ദിവസമെടുത്ത് അത് ബസ്സിൽ കൊണ്ടുപോയി വേണം വിൽക്കാൻ. അതായത്, അദ്ധ്വാനത്തിനും സമയത്തിനുമായി പ്രതിദിനം 125 രൂപ ചിലവ് വരും. അല്ലേ? ഞാൻ ചോദിച്ചു.

അവർ വെറുതെ തല കുലുക്കുകമാത്രം ചെയ്തു. ഇത്തവണ അവരുടെ മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നില്ല.

*****

കരുവാട് വ്യാപാരത്തിലെ മനുഷ്യവിഭവശേഷിയുടേയും സാമ്പത്തികത്തിന്റേയും ചിത്രം അവ്യക്തമാണ്. തമിഴ് നാട് മറൈൻ ഫിഷറീസ് സെൻസസി ൽനിന്ന് ചില കണക്കുകൾ നമുക്ക് ലഭ്യമാണ്. തെരേസപുരത്ത്, മത്സ്യം വൃത്തിയാക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന തൊഴിലിലേർപ്പെട്ടവർ 79 പേരാണ്. തൂത്തുക്കുടി ജില്ലയിൽ ഒന്നാകെയെടുത്താൽ അത് 465 വരെ എത്തും. സംസ്ഥാനത്തൊട്ടാകെയുള്ള മുക്കുവരിൽ കേവലം 9 ശതമാനമാളുകൾ മാത്രമാണ് ഈ രംഗത്തുള്ളത്. എന്നാൽ, ഇവരിൽ 87 ശതമാനം ആളുകളും സ്ത്രീകളാണ്. ചെറുകിട ഫിഷറീസ് മേഖലയിലെ വിളവെടുപ്പിന് ശേഷമുള്ള പണിയിൽ ഏർപ്പെട്ടിരിക്കുന്ന ജോലിക്കാരിൽ “പകുതിയോളം സ്ത്രീകളാണെന്നാണ് എഫ്.എ.ഒ. റിപ്പോർട്ട് സൂചിപ്പിക്കുന്നതെങ്കിലും യഥാർത്ഥത്തിലുള്ള കണക്ക് ഇതിലും എത്രയോ അധികമാണെന്ന് ചുരുക്കം.

ലാഭത്തിന്റെയും നഷ്ടത്തിന്റെയും കണക്കുകൾ കിട്ടാനും ബുദ്ധിമുട്ടാണ്. അഞ്ച് കിലോ വരുന്ന വലിയ ഒരു മത്സ്യത്തിന് ആയിരം രൂപ വിലവരുമെങ്കിലും, അത് അല്പം മൃദുവായിക്കഴിഞ്ഞാൽ നാന്നൂറ് രൂപയ്ക്കുവരെ വിറ്റുപോവും. സ്ത്രീകൾ ഇതിനെ ‘ഗുൽഗുലു’ എന്നാണ് വിളിക്കുന്നത്. വിരലുകൾതമ്മിൽ ഉരച്ചുകൊണ്ടാണ് അവർ മത്സ്യത്തിന്റെ ഈ മാർദ്ദവത്തെ സൂചിപ്പിക്കുന്നത്. പച്ചമീൻ വിൽക്കുന്നവർ ഉപേക്ഷിക്കുന്ന ഈ മത്സ്യത്തെയാണ് കരുവാട് ഉണ്ടാക്കുന്നവർ അന്വേഷിക്കുന്നത്. ചെറിയ മത്സ്യങ്ങളേക്കാൾ അവർക്ക് താത്പര്യം ഇത്തരം വലിയ മീനുകളെയാണ്. കാരണം, ഇത് തയ്യാറാക്കാൻ അധികസമയം ആവശ്യമില്ല എന്നതുതന്നെ.

ഫാത്തിമയുടെ പക്കലുള്ള അഞ്ച് കിലോഗ്രാം വരുന്ന വലിയ മത്സ്യത്തെ വൃത്തിയാക്കാൻ അവർക്ക് ഒരു മണിക്കൂർ സമയം മതി. അത്രയും കിലോഗ്രാം വരുന്ന ചെറിയ മീനുകൾ വൃത്തിയാക്കാനും ഉപ്പിലിട്ട് ഉണക്കാനും ഇതിന്റെ ഇരട്ടി സമയം അവർക്ക് വേണ്ടിവരും. ഉപ്പിന്റെ അളവിലും വ്യത്യാസമുണ്ടാകും. വലിയ മീനുകൾക്ക് അവയുടെ ഭാരത്തിന്റെ പകുതി ഉപ്പ് മതിയാകും. ചെറിയ മീനുകൾക്കാകട്ടെ, അവയുടെ ഭാരത്തിന്റെ എട്ടിലൊന്ന് ഉപ്പ് ചിലവാകുകയും ചെയ്യും.

Scenes from Therespuram auction centre on a busy morning. Buyers and sellers crowd around the fish and each lot goes to the highest bidder
PHOTO • M. Palani Kumar
Scenes from Therespuram auction centre on a busy morning. Buyers and sellers crowd around the fish and each lot goes to the highest bidder
PHOTO • M. Palani Kumar

തിരക്കുള്ള ഒരു പ്രഭാതത്തിൽ തെരേസപുരത്തെ ലേലകേന്ദ്രത്തിൽനിന്നുള്ള കാഴ്ച. വാങ്ങുന്നവരും വിൽക്കുന്നവരും മത്സ്യങ്ങളുടെ ചുറ്റും കൂടിനിൽക്കുന്നു. കൂടുതൽ വില പറയുന്നവർക്ക് അവ കിട്ടും

A woman vendor carrying fishes at the Therespuram auction centre on a busy morning. Right: At the main fishing Harbour in Tuticorin, the catch is brought l ate in the night. It is noisy and chaotic to an outsider, but organised and systematic to the regular buyers and sellers
PHOTO • M. Palani Kumar
A woman vendor carrying fishes at the Therespuram auction centre on a busy morning. Right: At the main fishing Harbour in Tuticorin, the catch is brought l ate in the night. It is noisy and chaotic to an outsider, but organised and systematic to the regular buyers and sellers
PHOTO • M. Palani Kumar

തിരക്കുള്ള ഒരു പകൽ‌സമയം, ഒരു സ്ത്രീ വില്പനക്കാരി തെരേസപുര ലേലകേന്ദ്രത്തിൽ മീൻ ചുമന്ന് നിൽക്കുന്നു. വലത്ത്: തൂത്തുക്കുടിയിലെ മുഖ്യ മത്സ്യ ഹാർബറിൽ രാത്രി വൈകിയാണ് പിടിച്ച മീനുകളെ എത്തിക്കുക. പുറത്തുനിന്ന് കാണുന്ന ഒരാൾക്ക് ആകെ ബഹളമയവും അവ്യവസ്ഥയും തോന്നുമെങ്കിലും സ്ഥിരമായി വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവർക്ക് എല്ലാം കൃത്യമായി നടക്കുന്നുണ്ടെന്ന് തിരിച്ചറിയാനാവും

ഉപ്പളങ്ങളിൽനിന്ന്, അഥവാ ഉപ്പ് പാടങ്ങളിൽനിന്നാണ് ഉണക്കമീനുണ്ടാക്കുന്നവർ ഉപ്പ് നേരിട്ട് വാങ്ങുന്നത്. അളവിലും വ്യത്യാസമുണ്ടാവും. ചിലപ്പോൾ ഒരു ലോഡിന് 1,000 രൂപയാണെങ്കിൽ മറ്റ് ചിലപ്പോൾ അത് 3,000 ആവും. എത്ര ആവശ്യം വരും എന്നതിന്റെ അടിസ്ഥാനത്തിലാണ് വിലയിലെ കയറ്റിറക്കങ്ങൾ. അവർ അത് ഒരു സൈക്കിളിലോ ‘കുട്ടിയാന’ എന്ന് വിളിക്കുന്ന ചെറിയ ടെമ്പോ ട്രക്കിലോ കൊണ്ടുവരും. വലിയ നീലനിറമുള്ള പ്ലാസ്റ്റിക്ക് ഡ്രമ്മുകളിൽ, തങ്ങളുടെ വീടുകളുടെ അടുത്താണ് അവരത് സൂക്ഷിച്ചുവെക്കുക.

കരുവാട് തയ്യാറാക്കാനുള്ള പ്രക്രിയ, തന്റെ അമ്മൂമ്മയുടെ കാലത്തേതിൽനിന്ന് അത്രയ്ക്കൊന്നും മാറിയിട്ടില്ലെന്ന് ഫാത്തിമ പറഞ്ഞു. മീൻ വെട്ടി, വൃത്തിയാക്കി, ചെതുമ്പലുകളൊക്കെ മാറ്റും. പിന്നീട് അതിൽ ഉപ്പ് പുരട്ടി, നിറച്ച് വെയിലത്തിട്ട് ഉണക്കും. വൃത്തിയായി ചെയ്യുന്ന ജോലിയാണെന്ന് പറഞ്ഞുകൊണ്ട് അവർ നിരവധി മീൻ‌കുട്ടകൾ എനിക്ക് കാണിച്ചുതന്നു. ഒന്നിൽ, കരുവാട് മുറിച്ച് മഞ്ഞൾപ്പൊടി തേച്ചുവെച്ചിരുന്നു ഒരു കിലോഗ്രാമിന് 150-നും 200-നും ഇടയ്ക്കാണ് വില. മറ്റൊരു തുണിക്കെട്ടിൽ ഊലിമീനും അതിന് താഴെ ഒരു പ്ലാസ്റ്റിക്ക് കൂടയിൽ ഉണക്കിയ മത്തിയും വെച്ചിട്ടുണ്ടായിരുന്നു. അവരുടെ സഹോദരി ഫ്രെഡറിക്ക് അടുത്ത കടയിൽനിന്ന് വിളിച്ചുപറഞ്ഞു. “ഞങ്ങളുടെ ജോലി മോശമാണെങ്കിൽ ആരെങ്കിലും വാങ്ങുമോ? ഇപ്പോൾ വലിയ വലിയ ആളുകൾപോലും – പൊലീസടക്കം – ഞങ്ങളിൽനിന്ന് വാങ്ങുന്നുണ്ട്. ഞങ്ങളുടെ കരുവാടിന് ഇപ്പോൾ നല്ല പേരാണ്”.

സഹോദരിമാരുടെ കൈകളിലും മുറിവുകളും പോറലുകളുമുണ്ട്. ഫ്രെഡറിക്ക് തന്റെ കൈകൾ കാണിച്ചുതന്നു. അതിൽ, കത്തികൊണ്ടുള്ള നിരവധി പാടുകളുണ്ടായിരുന്നു. ചെറുതും വലുതുമായി. ഓരോന്നും അവരുടെ ഭൂതകാലത്തിന്റെ കഥകൾ പറഞ്ഞുതന്നു. ഹസ്തരേഖയിൽനിന്ന് വായിക്കാൻ കഴിയുന്നതിനേക്കാൾ വ്യക്തമായ കഥകൾ.

“എന്റെ സഹോദരീഭർത്താവാണ് മീനുകൾ കൊണ്ടുവരിക. ഞങ്ങൾ നാല് സഹോദരിമാർ അത് ഉണക്കി വിൽക്കും”, കടയുടെ ഉള്ളിലെ തണലത്തിരുന്ന് ഫാത്തിമ പറഞ്ഞു. “അങ്ങോർക്ക് നാല് ഓപ്പറേഷൻ കഴിഞ്ഞതാണ്. കടലിൽ പോകാൻ ഇനിയാവില്ല. അതുകൊണ്ട് അദ്ദേഹം തെരേസപുരത്തെ ലേലകേന്ദ്രത്തിൽനിന്നോ തൂത്തുക്കുടിയിലെ ഫിഷിംഗ് ഹാർബറിൽനിന്നോ സ്റ്റോക്ക് – ചിലപ്പോൾ ഏതാനും ആയിരം രൂപയ്ക്കുള്ളത് – വാങ്ങും. എല്ലാ ഇടപാടുകളും ഒരു കാർഡിൽ എഴുതിവെക്കും. ഒരു ചെറിയ കമ്മീഷൻ കൊടുത്ത് ഞങ്ങൾ സഹോദരിമാർ അദ്ദേഹത്തിന്റെ പക്കൽനിന്ന് മീൻ വാങ്ങി കരുവാ‍ട് തയ്യാറാക്കും”, ‘മാപ്പിള’ എന്നാണ് സഹോദരീഭർത്താവിനെ ഫാത്തിമ വിളിക്കുനത്. മരുമകൻ എന്നൊക്കെയാണ് ആ വാക്കിന്റെ ഏകദേശ അർത്ഥം. സഹോദരിമാരെ ‘പൊണ്ണ്’ – പെൺകിടാവ് എന്ന അർത്ഥത്തിൽ - എന്നാണ് ഫാത്തിമ വിളിക്കുന്നത്.

എല്ലാവർക്കും 60 വയസ്സ് കഴിഞ്ഞു.

Left: All the different tools owned by Fathima
PHOTO • M. Palani Kumar
Right: Fathima cleaning the fish before drying them
PHOTO • M. Palani Kumar

ഇടത്ത്: ഫാത്തിമയുടെ വിവിധ ഉപകരണങ്ങൾ. വലത്ത്: ഉണക്കുന്നതിന് മുമ്പ് ഫാത്തിമ മീൻ കഴുകുന്നു

Right: Fathima cleaning the fish before drying them
PHOTO • M. Palani Kumar
Right: Dry fish is cut and coated with turmeric to preserve it further
PHOTO • M. Palani Kumar

ഇടത്ത്: വലിയ നീല പ്ലാസ്റ്റിക്ക് ഡ്രമ്മുകളിലാണ് ഉപ്പ് സൂക്ഷിക്കുന്നത്. വലത്ത്: ഉണക്കിയ മീൻ മുറിച്ച്, മഞ്ഞളും പുരട്ടി, ദീർഘകാലത്തേക്ക് സൂക്ഷിക്കുന്നു

ഫ്രെഡറിക്ക് എന്ന തന്റെ പേരിന്റെ തമിഴ് രൂപമാണ് അവർ ഉപയോഗിക്കുന്നത്. പെട്രി. 37 വർഷത്തോളം അവർ ഒറ്റയ്ക്ക് പണിയെടുത്തു. അതായത്, ഭർത്താവ് ജോൺ സേവ്യർ - ‘മാപ്പിള’ എന്നാണ് അദ്ദേഹത്തെയും അവർ വിശേഷിപ്പിക്കുന്നത് – മരിക്കുന്നതുവരെ. “മഴക്കാലത്ത്, ഞങ്ങൾക്ക് മീൻ ഉണക്കാൻ പറ്റില്ല. അപ്പോൾ ജീവിക്കാൻ ബുദ്ധിമുട്ടാണ്. ഞങ്ങൾ വലിയ പലിശയ്ക്ക് പണം വായ്പയെടുക്കും – ഓരോ രൂപയ്ക്കും 5-ഉം 10-ഉം പൈസ പ്രതിമാസം അവർ പറഞ്ഞു. അതായത്, വർഷത്തിൽ 60 മുതൽ 120 ശതമാനം‌വരെ പലിശയ്ക്ക്.

അഴുക്ക് കനാലിന്റെ അടുത്തുള്ള താത്ക്കാലിക സ്റ്റാളിലിരുന്ന്, അവർ, ഒരു വലിയ ഐസ് ബോക്സ് വാങ്ങേണ്ടതിന്റെ ആവശ്യം പറഞ്ഞു. “ബലമുള്ള അടപ്പോടുകൂടിയ ഒരു വലിയ ബോക്സ്. മഴക്കാലത്ത്, മീൻ ശേഖരിച്ചുവെക്കാനും വിൽക്കാനും പറ്റുന്ന ഒന്ന്. എല്ലായ്പ്പോഴും നമ്മുടെ പരിചയക്കാരിൽനിന്ന് കടം വാങ്ങാൻ പറ്റില്ലല്ലോ. കാരണം, എല്ലാവരുടേയും കച്ചവടം മോശമായിരിക്കും. ആരുടെ കൈയ്യിലാണ് പണമിരിക്കുന്നത്? ചിലപ്പോൾ ഒരു പാക്കറ്റ് പാൽ വാങ്ങാൻ പോലും ബുദ്ധിമുട്ടാണ്”.

ഉണക്കമീൻ വിറ്റുകിട്ടുന്ന പണം വീട്ടാവശ്യങ്ങൾക്കും ചികിത്സയ്ക്കും മറ്റും ചിലവാവും. ഒടുവിലത്തേതിനെക്കുറിച്ച് അവർ പ്രത്യേകം സൂചിപ്പിച്ചു. “രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനുമുള്ള മരുന്നുകൾ”. മഴക്കാലത്ത് ഫിഷിംഗ് ബോട്ടുകൾ നിരോധിക്കുന്ന സമയത്ത്, ഭക്ഷണം വാങ്ങാൻ അവർക്ക് കടം വാങ്ങേണ്ടിവരാറുണ്ട്. “ഏപ്രിൽ, മേയ് മാസങ്ങളിൽ, മീനുകൾ മുട്ടയിടുന്നതിനാൽ, മീൻ‌പിടുത്തം അനുവദിക്കില്ല. അപ്പോൾ ജോലിക്ക് തടസ്സം നേരിടും. ഒക്ടോബർ മുതൽ ജനുവരിവരെയുള്ള മൺസൂൺ കാലത്തും ഉപ്പ് വാങ്ങാനും മത്സ്യമുണക്കാനും ബുദ്ധിമുട്ടാണ്. എന്തെങ്കിലും സ്വരുക്കൂട്ടിവെക്കാനോ, കച്ചവടം കുറയുന്ന കാലത്തേക്കായി സൂക്ഷിച്ചുവെക്കാനോ സാധിക്കാറില്ല”.

4,500 രൂപ വിലവരുന്ന ഒരു പുതിയ ഐസ് ബോക്സും, ഒരു ജോടി തുലാസുകളും ഒരു അലുമിനിയം കൊട്ടയും കിട്ടിയാൽ ജീവിതം മെച്ചപ്പെടുമെന്ന് ഫ്രെഡറിക്ക് വിശ്വസിക്കുന്നു. “എനിക്കുവേണ്ടി മാത്രമല്ല ഞാൻ ചോദിക്കുന്നത്. എല്ലാവർക്കും വേണ്ടിയാണ്. അതൊക്കെ കിട്ടിയാൽ, ഞങ്ങൾക്ക് ഒപ്പിച്ചുപോകാൻ കഴിയും”.

Left: Frederique with the fish she's drying near her house.
PHOTO • M. Palani Kumar
Right: Fathima with a Paarai meen katuvadu (dried Trevally fish)
PHOTO • M. Palani Kumar

ഇടത്ത്: വീടിന് സമീപത്തുവെച്ച് മീനുണക്കുന്ന ഫ്രെഡറിക്ക്. വലത്ത്: പാറൈ മീൻ‌കടുവാടുമായി (ഉണക്കിയ ട്രെവല്ലി മീൻ) ഫാത്തിമ

*****

കൈകൊണ്ട് വിളവെടുത്ത് സംസ്കരിക്കുന്നവയ്ക്ക് – തമിഴ് നാട്ടിൽ ഈ ജോലികൾ ചെയ്യുന്നത് അധികവും പ്രായമായ സ്ത്രീകളാണ് –അദൃശ്യമായ/ഒളിഞ്ഞിരിക്കുന്ന ചിലവുകളുണ്ട്. അവരുടെ സമയവും കുറഞ്ഞ കൂലിയും.

മീൻ ഉണക്കുന്നതിലും ഇത് കാണാം.

“ലിംഗാടിസ്ഥാനത്തിലുള്ളതും കൂലിയില്ലാത്തതുമായ ഇത്തരം വേലകൾ ചരിത്രത്തിൽ ധാരാളം കാണാം. അതുകൊണ്ടാണ് ആരാധനയിലും രോഗശുശ്രൂഷയിലും പാചകത്തിലും പഠിപ്പിക്കലിലും, വീട്ടിലേക്കാവശ്യമായ സാധനങ്ങൾ ഒരുക്കലിലുമൊക്കെ ഇത്രയധികം സ്ത്രീവിരുദ്ധത കാണുന്നതും, അവയെയൊക്കെ ദുർമന്ത്രവാദവും, വൃദ്ധകളുടെ കഥകളും ദുർമന്ത്രവാദിനികളുടെ കൈക്രിയകളുമായി അടയാളപ്പെടുന്നത്”, എന്ന് ഡോ. റേ വിശദീകരിച്ചു. ചുരുക്കത്തിൽ, സ്ത്രീകളുടെ പ്രതിഫലമില്ലാത്ത തൊഴിലുകളൊക്കെ ഒരേ വാർപ്പുമാതൃകകളായി കണക്കാക്കപ്പെടുന്നു. “ഇത് വെറും യാദൃശ്ചികതയല്ല, മറിച്ച്, തൊഴിലുകളുടെ നിർമ്മാണത്തിലും അപനിർമ്മാണത്തിലും അത്യന്താപേക്ഷിതമായിത്തീരുന്നു. അതുകൊണ്ടാന് പ്രൊഫഷണൽ ഷെഫുകളെ മിക്കവാറും പുരുഷന്മാരായി ചിത്രീകരിക്കുന്നത്. വീട്ടിലെ പാചകത്തേക്കാൾ അവയ്ക്ക് സമൂഹത്തിൽ മേന്മ ലഭിക്കുന്നത്. പണ്ട് പുരോഹിതർ അത് ചെയ്തിരുന്നു. ചികിത്സകരും അത് ചെയ്തു. പ്രൊഫസർമാരും അതുതന്നെ ആവർത്തിച്ചു”.

തൂത്തുക്കുടി പട്ടണത്തിന്റെ മറുഭാഗത്ത്, എസ്. റാണി എന്ന് പേരായ ഒരു പരമ്പരാഗത ഉപ്പ് നിർമ്മാതാവിന്റെ അടുക്കളയിൽ ഞങ്ങൾ കരുവാടുകുഴമ്പിന്റെ (കറി) തത്സമയ പ്രദർശനം കണ്ടു. ഒരുവർഷം മുമ്പ്, 2021 സെപ്റ്റംബറിൽ, വെള്ളത്തെയും ഭൂമിയേയും ചുട്ടുപഴുപ്പിക്കുന്ന വെയിലിലിരുന്ന്, അവർ ഉപ്പുപരലുകൾ ഉണ്ടാക്കുന്നത് അന്ന് ഞങ്ങൾക്ക് കാണാൻ സാധിച്ചു.

റാണി വാങ്ങുന്ന കരുവാട്, നാട്ടിൽത്തന്നെ ഉത്പാദിപ്പിക്കുന്ന ഉപ്പുപയോഗിച്ച് ഉണ്ടാക്കുന്നതാണ്. കറിയുണ്ടാക്കാൻ അവർ ഒരു ചെറുനാരങ്ങയുടെ വലിപ്പമുള്ള പുളി വെള്ളത്തിൽ കുതിർത്തു. എന്നിട്ട്, ഒരു നാളികേരം പൊളിച്ച്, അരിവാളുകൊണ്ട് അതിന്റെ കഴമ്പ് ചിരവിയെടുത്തു. അത് ഒരു ഇലക്ട്രിക്ക് മിക്സറിലിട്ട് ചെറിയ ഉള്ളിയുടെ കൂടെ അരച്ചു. ‘സിൽക്ക്’പോലെ ആവുന്നതുവരെ അവർ അത് അരച്ചുകൊണ്ടിരുന്നു. ഭക്ഷണമുണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾത്തന്നെ റാണി സംസാരിക്കുന്നുമുണ്ടായിരുന്നു. “‘കരുവാടുകുഴമ്പ്’ പിറ്റേ ദിവസവും നല്ല രുചിയുണ്ടായിരിക്കും. കഞ്ഞിയുടെ കൂടെ കഴിക്കാൻ നല്ലതാന്”, തലയുയർത്തി ഞങ്ങളെ നോക്കി അവർ പറഞ്ഞു.

Left: A mixed batch of dry fish that will go into the day's dry fish gravy.
PHOTO • M. Palani Kumar
Right: Tamarind is soaked and the pulp is extracted to make a tangy gravy
PHOTO • M. Palani Kumar

ഇടത്ത്: അന്നത്തെ ഉണക്കമീൻ കറിയിലേക്ക് ചേർക്കാനുള്ള  ഉണക്കമീൻ മിശ്രിതം. വലത്ത്: പുളി വെള്ളത്തിലിട്ട് കുതിർത്തി, അതിന്റെ ചണ്ടിയെടുത്താണ് പുളിങ്കറി ഉണ്ടാക്കുന്നത്

Left: Rani winnows the rice to remove any impurities.
PHOTO • M. Palani Kumar
Right: It is then cooked over a firewood stove while the gravy is made inside the kitchen, over a gas stove
PHOTO • M. Palani Kumar

ഇടത്ത്: റാണി അരി ചേറി അതിലെ അഴുക്കുകൾ കളയുന്നു. വലത്ത്: പിന്നീടത് ഒരു വിറകടുപ്പിലിട്ട് വേവിക്കുമ്പോൾ, അടുക്കളയിൽ ഒരു ഗ്യാസ് സ്റ്റൌവിൽ കറി തയ്യാറാക്കുന്നു

പിന്നീട് അവർ പച്ചക്കറികൾ കഴുകി മുറിക്കാൻ തുടങ്ങി – രണ്ട് മുരിങ്ങക്കായയും, പച്ചപ്പഴവും, വഴുതനങ്ങയും മൂന്ന് തക്കാളിയും. ഏതാനും ഇലകളും ഒരു പാക്കറ്റ് മസാലപ്പൊടിയുമായപ്പോൾ ചേരുവ പൂർത്തിയായി. വിശന്നുവലഞ്ഞ ഒരു ഒരു പൂച്ച മീൻ മണത്തുകൊണ്ട് നടക്കുന്നുണ്ടായിരുന്നു. റാ‍ണി ഒരു പാക്കറ്റ് തുറന്ന്, പല തരത്തിലുള്ള കരുവാടുകൾ - നഗര, അസലകുട്ടി, പാറൈ, സാലൈ തുടങ്ങിയവ- പുറത്തെടുത്തു. “നാല്പത് രൂപയ്ക്കാണ് എനിക്കിത് കിട്ടിയത്”, അവർ പറഞ്ഞു. അന്നത്തെ കറിക്ക്, ആ പാക്കറ്റിലെ പകുതിയും അവർ ഉപയോഗിച്ചു.

മറ്റൊരു വിഭവമുണ്ടാക്കാനും അവർക്കിഷ്ടമാണെന്ന് റാണി പറഞ്ഞു. കരുവാടു അവിയൽ. പുളി, പച്ചമുളക്, സവാള, തക്കാളി, കരുവാട് എന്നിവയാണ് ഇതിൽ ഉപയോഗിക്കുന്നത്. എരിവ്, ഉപ്പ്, പുളി എന്നിവയുടെ ശ്രദ്ധയോടെയുള്ള മിശ്രിതമാണ് ഇത്. വളരെ പ്രചാരമുള്ളതും ജോലിക്കാർ ഉപ്പളത്തിലേക്ക് പോകുമ്പോൾ കൂടെ കൊണ്ടുപോകുന്നതുമായ വിഭവമാണിത്. റാണിയും കൂട്ടരും വേറെയും ചില ചേരുവകൾ പറഞ്ഞുതന്നു. ജീരകം, വെളുത്തുള്ളി, കടുക്, പെരുങ്കായം എന്നിവ പൊടിച്ച് പുളിയും തക്കാളിയും കുരുമുളകും ഉണക്കമീനും ഇട്ട ഒരു കുഴമ്പിൽ ചേർത്ത് വേവിക്കുകയാണ് ഇതിൽ ചെയ്യുന്നത്. ഇതിന് ‘മുളകുതണ്ണി’ എന്നാണ് പേരെന്ന് റാണി വിശദീകരിച്ചു. “പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് ഇത് വളരെ നല്ലതാണ്, ധാരാളം ഔഷധഗുണമുണ്ട്” എന്ന് അവർ കൂട്ടിച്ചേർത്തു. മുലപ്പാലുണ്ടാവാനും ഇത് ഉത്തമമാണെന്ന് പറയപ്പെടുന്നു. ‘മുളകുതണ്ണി’യിൽനിന്ന് കരുവാട് മാറ്റിനിർത്തിയാൽ അത് ഒരുതരത്തിലുള്ള ‘രസ’മാവുകയും ചെയ്യും. തമിഴ് നാടിന് പുറത്തും ഇത് പ്രസിദ്ധമാണ്. ബ്രിട്ടീഷുകാർ ഈ ചേരുവ ഇവിടെനിന്ന് പണ്ട് കൊണ്ടുപോയി. കോണ്ടിനെന്റൽ ഭക്ഷണത്തിൽ ഇപ്പോൾ ഇത് ‘മുള്ളികടോണി’ എന്ന പേരിൽ കാണാം.

റാണി കരുവാട് ഒരു പാത്രത്തിലൊഴിച്ചുവെച്ച്, മീൻ കഴുകി. തലയും വാലും ചിറകും മാറ്റി. “ഇവിടെ എല്ലാവരും കരുവാട് കഴിക്കാറുണ്ട്”, സാമൂഹികപ്രവർത്തകയായ ഉമാ മഹേശ്വരി പറഞ്ഞു. “കുട്ടികൾ ഇത് അതുപോലെത്തന്നെ കഴിക്കും. എന്റെ ഭർത്താവിനെപ്പോലെ ചിലർ ഇത് പുകയിട്ടതിനുശേഷവും കഴിക്കും”. വിറകടുപ്പിലെ ചാരത്തിനടിയിലാണ് ഇത് വെക്കുക. നന്നായി പാചകം ചെയ്ത് ചൂടോടെ കഴിക്കാം. “നല്ല രുചിയാണ്. സുട്ട (ചുട്ട) കരുവാട് ഒരു നല്ല വിഭവമാണ്”, ഉമ സൂചിപ്പിച്ചു.

കുഴമ്പ് തിളക്കുമ്പോൾ, റാണി വീടിന്റെ പുറത്ത് ഒരു പ്ലാസ്റ്റിക്ക് കസേരയിലിരുന്നു. ഞങ്ങൾ സംസാരിച്ചു. സിനിമകളിൽ കരുവാടിനെ മോശമാക്കി അവതരിപ്പിക്കാറുള്ളതിനെക്കുറിച്ച് ഞാനപ്പോൾ അവരോട് ചോദിച്ചു. “ചില ജാതിക്കാർ മത്സ്യം കഴിക്കാറില്ല. അവരാണ് അത്തരം സിനിമകൾ ഉണ്ടാക്കുന്നത്. ചിലർക്ക് അത് നാറ്റമായി തോന്നും. ഞങ്ങൾക്ക് അത് വാസനയാണ്”, റാണി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. അതോടെ കരുവാടിന്റെ ചർച്ച തൂത്തുക്കുടി ഉപ്പളത്തിലെ റാണി അവസാനിപ്പിച്ചു.


ബംഗളൂരുവിലെ അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ 2020—ലെ റിസർച്ച് ഫണ്ടിംഗ് പ്രോഗ്രാമിന്റെ സഹായത്തോടെ ചെയ്ത പഠനമാണ് ഇത്.

പരിഭാഷ: രാജീവ് ചേലനാട്ട്

Aparna Karthikeyan

ಅಪರ್ಣಾ ಕಾರ್ತಿಕೇಯನ್ ಓರ್ವ ಸ್ವತಂತ್ರ ಪತ್ರಕರ್ತೆ, ಲೇಖಕಿ ಮತ್ತು ʼಪರಿʼ ಸೀನಿಯರ್ ಫೆಲೋ. ಅವರ ವಸ್ತು ಕೃತಿ 'ನೈನ್ ರುಪೀಸ್ ಎನ್ ಅವರ್' ತಮಿಳುನಾಡಿನ ಕಣ್ಮರೆಯಾಗುತ್ತಿರುವ ಜೀವನೋಪಾಯಗಳ ಕುರಿತು ದಾಖಲಿಸಿದೆ. ಅವರು ಮಕ್ಕಳಿಗಾಗಿ ಐದು ಪುಸ್ತಕಗಳನ್ನು ಬರೆದಿದ್ದಾರೆ. ಅಪರ್ಣಾ ತನ್ನ ಕುಟುಂಬ ಮತ್ತು ನಾಯಿಗಳೊಂದಿಗೆ ಚೆನ್ನೈನಲ್ಲಿ ವಾಸಿಸುತ್ತಿದ್ದಾರೆ.

Other stories by Aparna Karthikeyan
Photographs : M. Palani Kumar

ಪಳನಿ ಕುಮಾರ್ ಅವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಸ್ಟಾಫ್ ಫೋಟೋಗ್ರಾಫರ್. ದುಡಿಯುವ ವರ್ಗದ ಮಹಿಳೆಯರು ಮತ್ತು ಅಂಚಿನಲ್ಲಿರುವ ಜನರ ಬದುಕನ್ನು ದಾಖಲಿಸುವುದರಲ್ಲಿ ಅವರಿಗೆ ಆಸಕ್ತಿ. ಪಳನಿ 2021ರಲ್ಲಿ ಆಂಪ್ಲಿಫೈ ಅನುದಾನವನ್ನು ಮತ್ತು 2020ರಲ್ಲಿ ಸಮ್ಯಕ್ ದೃಷ್ಟಿ ಮತ್ತು ಫೋಟೋ ದಕ್ಷಿಣ ಏಷ್ಯಾ ಅನುದಾನವನ್ನು ಪಡೆದಿದ್ದಾರೆ. ಅವರು 2022ರಲ್ಲಿ ಮೊದಲ ದಯನಿತಾ ಸಿಂಗ್-ಪರಿ ಡಾಕ್ಯುಮೆಂಟರಿ ಫೋಟೋಗ್ರಫಿ ಪ್ರಶಸ್ತಿಯನ್ನು ಪಡೆದರು. ಪಳನಿ ತಮಿಳುನಾಡಿನ ಮ್ಯಾನ್ಯುವಲ್‌ ಸ್ಕ್ಯಾವೆಂಜಿಗ್‌ ಪದ್ಧತಿ ಕುರಿತು ಜಗತ್ತಿಗೆ ತಿಳಿಸಿ ಹೇಳಿದ "ಕಕ್ಕೂಸ್‌" ಎನ್ನುವ ತಮಿಳು ಸಾಕ್ಷ್ಯಚಿತ್ರಕ್ಕೆ ಛಾಯಾಗ್ರಾಹಕರಾಗಿ ಕೆಲಸ ಮಾಡಿದ್ದಾರೆ.

Other stories by M. Palani Kumar

ಪಿ. ಸಾಯಿನಾಥ್ ಅವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಸ್ಥಾಪಕ ಸಂಪಾದಕರು. ದಶಕಗಳಿಂದ ಗ್ರಾಮೀಣ ವರದಿಗಾರರಾಗಿರುವ ಅವರು 'ಎವೆರಿಬಡಿ ಲವ್ಸ್ ಎ ಗುಡ್ ಡ್ರಾಟ್' ಮತ್ತು 'ದಿ ಲಾಸ್ಟ್ ಹೀರೋಸ್: ಫೂಟ್ ಸೋಲ್ಜರ್ಸ್ ಆಫ್ ಇಂಡಿಯನ್ ಫ್ರೀಡಂ' ಎನ್ನುವ ಕೃತಿಗಳನ್ನು ರಚಿಸಿದ್ದಾರೆ.

Other stories by P. Sainath
Photo Editor : Binaifer Bharucha

ಬಿನೈಫರ್ ಭರುಚಾ ಮುಂಬೈ ಮೂಲದ ಸ್ವತಂತ್ರ ಛಾಯಾಗ್ರಾಹಕರು ಮತ್ತು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಫೋಟೋ ಎಡಿಟರ್.

Other stories by Binaifer Bharucha
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat