“ഇവിടെ ഒരു വലിയ സഖുവ ഗാച് (വൃക്ഷം) ഉണ്ടായിരുന്നു. ഹിജ്‌ല ഗ്രാമത്തിലും ചുറ്റുവട്ടത്തുമുള്ള ആളുകളെല്ലാം ഈ സ്ഥലത്താണ് യോഗങ്ങൾ കൂടിയിരുന്നത്. ദിവസേനയുള്ള ഈ യോഗങ്ങൾ ബ്രിട്ടീഷുകാരുടെ ശ്രദ്ധയിൽ‌പ്പെട്ടപ്പോൾ, അവർ ആ വൃക്ഷം വെട്ടിമാറ്റാൻ തീരുമാനിച്ചു..എന്നാൽ അതിൽനിന്ന് ചോര തുള്ളിയിട്ടൊഴുകാൻ തുടങ്ങി. വൃക്ഷത്തിന്റെ ബാക്കിവന്ന കുറ്റി ഒരു ശിലയായി മാറി”.

ജാർഘണ്ടിലെ ദുംക ജില്ലയിൽ, ആ വൃക്ഷം നിന്നിരുന്ന സ്ഥലത്തിരുന്നുകൊണ്ട്, നൂറ്റാണ്ട് പഴക്കമുള്ള ആ കഥ പറയുകയായിരുന്നു രാജേന്ദ്ര ബസ്കി. “വൃക്ഷത്തിന്റെ ആ തായ്ത്തടി ഇന്ന് മരാംഗ് ബരുവിനെ ആരാധിക്കാനുള്ള പുണ്യസ്ഥലമായി മാറിയിരിക്കുന്നു. ജാർഘണ്ട്, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിൽനിന്ന് സന്താളുകൾ ഇവിടെ വരാറുണ്ട്, പ്രാർത്ഥിക്കാൻ”, 30 വയസ്സുള്ള കർഷകനായ ബാസ്കി പറയുന്നു. മരാംഗ് ബാരുവിന്റെ നിലവിലെ പൂജാരിയാണ് അദ്ദേഹം.

ദംക പട്ടണത്തിന്റെ പുറത്തുള്ള സന്താൾ പർഗാന ഡിവിഷനിലാണ്, 640 ആളുകൾ താമസിക്കുന്ന (2011-ലെ സെൻസസ്) ഹിജ്‌ല ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഭാഗ്‌നദി ഗ്രാമത്തിലെ (ഭോഗ്‌നദി എന്നും പേരുണ്ട്) സിഡൊവിന്റേയും കാൻ‌ഹു മുർമുവിന്റേയും നേതൃത്വത്തിൽ, ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരേ സന്താളുകൾ കലാപത്തിനിറങ്ങിയത് - സന്താൽ ഹുൾ എന്ന പേരിലറിയപ്പെടുന്ന ഇതിഹാസ സമരം - 1855 ജൂൺ 30-നായിരുന്നു. ഹിജ്‌ലയിൽനിന്ന് കഷ്ടിച്ച് നൂറ് കിലോമീറ്റർ അകലെയാണ് ആ ഗ്രാമം.

PHOTO • Rahul
PHOTO • Rahul

ഇടത്ത്: സന്താളുകൾ ആരാധിക്കുന്ന മരാംഗ് ബുരുവിനെ പ്രതിഷ്ഠിച്ച  വൃക്ഷത്തിന്റെ തായ്ത്തടി. വലത്ത്: മരാംഗ് ബുരുവിന്റെ പുരോഹിതന്റെ വേഷത്തിൽ രാജേന്ദ്ര ബസ്കി

PHOTO • Rahul
PHOTO • Rahul

ഇടത്ത്: സ്ഥലത്തിന് ചുറ്റും ബ്രിട്ടീഷുകാർ 19-ആം നൂറ്റാണ്ടിൽ സ്ഥാപിച്ച  ഗേറ്റ്. വലത്ത്: മേളയിൽ പരിപാടികൾ അവതരിപ്പിക്കുന്ന സന്താൾ കലാകാരന്മാർ

രാജ്‌മഹൽ ശൃംഖലയുടെ ഭാഗമായ ഹിജ്‌ല മലയിലാണ് ഹിജ്‌ല ഗ്രാമം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട്, ഗ്രാമത്തിന്റെ ഏത് ഭാഗത്തുനിന്ന് നിങ്ങൾ നടക്കാൻ ആരംഭിച്ചാലും ഒരു വൃത്തം പൂർത്തിയാക്കി തുടങ്ങിയയിടത്തുതന്നെ നിങ്ങൾ തിരിച്ചെത്തും.

“ഒരു വർഷത്തിലേക്കാവശ്യമായ എല്ലാ നിയമങ്ങളും ചട്ടങ്ങളും ഞങ്ങളുടെ പൂർവ്വികർ നിശ്ചയിച്ചിരുന്നത് ഈ മരത്തിന്റെ സമീപത്തുനിന്നായിരുന്നു”, 50 വയസ്സുള്ള സുനിലാൽ ഹൻസ്ദ പറയുന്നു. 2008 മുതൽ ഗ്രാമത്തലവനാണ് അദ്ദേഹം. വൃക്ഷത്തിന്റെ കുറ്റി നിൽക്കുന്ന സ്ഥലം ഇപ്പോഴും യോഗങ്ങൾ നടത്താൻ തിരഞ്ഞെടുക്കുന്ന സ്ഥലമാണെന്ന് ഹൻസ്ദ ചൂണ്ടിക്കാട്ടുന്നു.

ഹൻസ്ദയ്ക്ക് ഹിജ്‌ലയിൽ സ്വന്തമായി 12 ബിഗ സ്ഥലമുണ്ട്. ഖാരിഫ് സീസണിൽ അദ്ദേഹം അതിൽ കൃഷി ചെയ്യുന്നു. ബാക്കിയുള്ള മാസങ്ങളിൽ, ദുംക പട്ടണത്തിലെ നിർമ്മാണ സൈറ്റുകളിൽ ദിവസവേതനത്തിന് പണിയെടുക്കുകയാണ്. ജോലിയുള്ള ദിവസങ്ങളിൽ 300 രൂപ ലഭിക്കും. ഹിജ്‌ലയിൽ താമസിക്കുന്ന 132 കുടുംബങ്ങളിൽ ഭൂരിഭാഗവും സന്താളുകളാണ്. അവരെല്ലാം ഉപജീവനത്തിനായി കൃഷിയേയും ദിവസവേതനത്തേയും ആശ്രയിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടരുന്ന മഴയുടെ അനിശ്ചിതത്വം, കൂടുതൽക്കൂടുതൽ ആളുകളെ മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരാക്കുന്നു.

PHOTO • Rahul
PHOTO • Rahul

എല്ലാ വർഷവും ഫെബ്രുവരിക്കും മാർച്ചിനുമിടയിൽ ഹിജ്‌ലയിൽ നടക്കുന്ന മേളയിൽ നർത്തകർ പരിപാടികൾ അവതരിപ്പിക്കാറുണ്ട്

PHOTO • Rahul
PHOTO • Rahul

ഇടത്ത്: ഹിജ്‌ല മേളയിൽനിന്നുള്ള ഒരു രംഗം. വലത്ത്: മരാംഗ് ബുരുവിന്റെ ഒരു മുൻ‌പുരോഹിതൻ സീതാറാം സോറൻ

മരാംഗ് ബുരുവിന് സമർപ്പിച്ചുകൊണ്ട് ഹിജ്‌ലയിൽ പ്രധാനപ്പെട്ട ഒരു മേളയും നടന്നുവരുന്നു. എല്ലാവർഷവും, ഫെബ്രുവരിയിൽ ബാസന്ത പഞ്ചമി ദിനത്തിൽ, മയൂരാക്ഷി നദിയുടെ തീരത്താണ് അത് നടക്കുക. 1890-ൽ, സന്താൾ പർഗാനയിലെ അന്നത്തെ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ആർ. കാസ്റ്റേയ്സിന്റെ കീഴിലാണ് ആദ്യമായി മേള ആരംഭിച്ചതെന്ന് ജാർഘണ്ട് സംസ്ഥാന സർക്കാരിന്റെ ഒരു ഔദ്യോഗികക്കുറിപ്പിൽ സൂചിപ്പിക്കുന്നു.

കോവിഡ് മഹാവ്യാധിയുടെ രണ്ട് വർഷങ്ങളിലൊഴിച്ച്, മറ്റെല്ലാ വർഷവും ഹിജ്‌ല മേള സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന്, ദുംകയിലെ സിദോ കാൻഹു മുർമു യൂണിവേഴ്സിറ്റീലെ സന്താളി ഭാഷാദ്ധ്യാപകനായ പ്രൊഫസർ ശർമ്മിള സോറൻ പാരി യോട് പറഞ്ഞു. ബഹ്‌ല (കുന്തം), തൽ‌വാർ (വാൾ), ധോൽ (പെരുമ്പറ), ദൌര (മുളങ്കൊട്ട) തുടങ്ങി വിവിധങ്ങളായ ഉത്പന്നങ്ങൾ മേളയിൽ കൊണ്ടുവരികയും വിൽക്കുകയും ചെയ്യുന്നു. പുരുഷന്മാരും സ്ത്രീകളും ഒരുപോലെ നൃത്തപരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു.

എന്നാൽ, തദ്ദേശീയർ പുറത്തേക്ക് കുടിയേറാൻ തുടങ്ങിയതോടെ “ഈ മേളയെ ഇപ്പോൾ ഗോത്രസംസ്കാരമല്ല നിയന്ത്രിക്കുന്നത്” എന്ന് മരാംഗ് ബുരുവിന്റെ മുൻ പുരോഹിതനായ 60 വയസ്സുള്ള സീതാറാം സോറൻ പറയുന്നു. “ഞങ്ങളുടെ സ്വാധീനമൊക്കെ ഇല്ലാതായിവരുന്നു, മറ്റ് (നാഗരിക) സ്വാധീനങ്ങൾക്കാണ് ഇപ്പോൾ മുൻ‌തൂക്കം”.

പരിഭാഷ: രാജീവ് ചേലനാട്ട്

Rahul

ರಾಹುಲ್ ಸಿಂಗ್ ಜಾರ್ಖಂಡ್ ಮೂಲದ ಸ್ವತಂತ್ರ ವರದಿಗಾರ. ಅವರು ಪೂರ್ವ ರಾಜ್ಯಗಳಾದ ಜಾರ್ಖಂಡ್, ಬಿಹಾರ ಮತ್ತು ಪಶ್ಚಿಮ ಬಂಗಾಳದ ಪರಿಸರ ವಿಷಯಗಳ ಬಗ್ಗೆ ವರದಿ ಮಾಡುತ್ತಾರೆ.

Other stories by Rahul
Editors : Dipanjali Singh

ದೀಪಾಂಜಲಿ ಸಿಂಗ್ ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದಲ್ಲಿ ಸಹಾಯಕ ಸಂಪಾದಕರಾಗಿದ್ದಾರೆ. ಅವರು ಪರಿ ಲೈಬ್ರರಿಗಾಗಿ ದಾಖಲೆಗಳನ್ನು ಸಂಶೋಧಿಸುತ್ತಾರೆ ಮತ್ತು ಸಂಗ್ರಹಿಸುತ್ತಾರೆ.

Other stories by Dipanjali Singh
Editors : Devesh

ದೇವೇಶ್ ಓರ್ವ ಕವಿ, ಪತ್ರಕರ್ತ, ಚಲನಚಿತ್ರ ನಿರ್ಮಾಪಕ ಮತ್ತು ಅನುವಾದಕ. ಅವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದಲ್ಲಿ ಹಿಂದಿ ಭಾಷಾ ಸಂಪಾದಕ ಮತ್ತು ಅನುವಾದ ಸಂಪಾದಕರಾಗಿದ್ದಾರೆ.

Other stories by Devesh
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat