“അസമത്വത്തിനെന്താണ് കുഴപ്പം?”, ബംഗളൂരുവിലെ ഒരു സ്വകാര്യ സ്കൂളിൽ പാരി നടത്തിയ അവതരണത്തിനിടയിൽ ഒരു വിദ്യാർത്ഥി അല്പം ശങ്കയോടെ ഞങ്ങളോട് ചോദിക്കുന്നു.

“ചെറിയ കടയുടെ ഉടമസ്ഥന് അയാളുടെ സ്ഥാപനമുണ്ട്. അംബാനിക്ക് അയാളുടെ വ്യവസായവും. അത് അവരുടെ അദ്ധ്വാനത്തിന്റെ ഫലമല്ലേ? അദ്ധ്വാനിക്കുന്നവർ വിജയിക്കും”. തന്റെ യുക്തിയെക്കുറിച്ച് അഭിമാനത്തോടെ ആ കുട്ടി കൂട്ടിച്ചേർക്കുന്നു

വിദ്യാഭ്യാസം, ആരോഗ്യപരിചരണം, നീതി എന്നിവയുടെ അസമമായ ലഭ്യതയെക്കുറിച്ചുള്ള ഒരു പാരി കഥയിലൂടെ വേണമെങ്കിൽ ഈ സൂചിപ്പിച്ച ‘വിജയ’ത്തെ അവിടെ അപനിർമ്മിക്കാൻ പറ്റും. കൃഷിയിടങ്ങളിലും, കാടുകളിലും, നഗരത്തിന്റെ താഴേക്കിടയിലുമുള്ളവരുടെ അദ്ധ്വാനത്തിന്റെ കഥകൾ ഞങ്ങൾ അവർക്ക് ക്ലാസ്സുമുറികളിൽ പറഞ്ഞുകൊടുക്കുന്നു.

വിദ്യാഭ്യാസമേഖലയിലെ ഞങ്ങളുടെ പ്രവർത്തനത്തിലൂടെ, പത്രപ്രവർത്തകരെ ക്ലാസ്സുമുറികളിലേക്ക് കൊണ്ടുവന്ന്, വർത്തമാനകാലത്തെ പ്രശ്നങ്ങളെക്കുറിച്ച് ചെറുപ്പക്കാരെ ബോധവത്കരിക്കാൻ പാരി ശ്രമിക്കുന്നു. ഞങ്ങളുടെ ശേഖരത്തിലുള്ള കഥകൾ, ചിത്രങ്ങൾ, സിനിമകൾ, സംഗീതം, കല എന്നിവയിലൂടെ, നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള സ്കൂളുകളിലും  സർവ്വകലാശാലകളിലും ഞങ്ങൾ വിവിധങ്ങളായ യാഥാർത്ഥ്യത്തെ അവതരിപ്പിക്കുന്നു.

ചെന്നൈയിലെ ഹൈസ്കൂൾ വിദ്യാർത്ഥി ആമവ് പറഞ്ഞതുപോലെ,, “ഞങ്ങളവരെ (തങ്ങളുടെ സാമ്പത്തികനിലയിലും താഴെയുള്ളവരെ) ഇത്രകാലവും, ഞങ്ങൾ കടന്നുപോകുന്ന അനുഭവങ്ങളിലൂടെത്തന്നെ കടന്നുപോകുന്നവരായിട്ടല്ല, മറിച്ച്, സ്ഥിതിവിവരക്കണക്കുകളായിട്ടാണ് കണ്ടിരുന്നത്”.

Left: At a session in Punjabi University, Patiala, on the need for more rural stories in mainstream media.
Right: At a workshop with young people at the School for Democracy in Bhim, Rajasthan on how to write about marginalised people
PHOTO • Binaifer Bharucha

ഇടത്ത്: മുഖ്യധാരാ മാധ്യമങ്ങളിൽ കൂടുതൽ ഗ്രാമീണ കഥകൾ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പാട്യാലയിലെ പഞ്ചാബി സർവ്വകലാശാലയിൽ നടന്ന ഒരു ക്ലാസ്. വലത്ത്: അധ:സ്ഥിതവർഗ്ഗത്തെക്കുറിച്ച് എങ്ങിനെ എഴുതണം എന്ന വിഷയത്തെ ആസ്പദമാക്കി, രാജസ്ഥാനിലെ ഭീമിലെ സ്കൂൾ ഫോർ ഡെമോക്രസിയിൽ നടന്ന ഒരു ശില്പശാലയിൽ

സാമൂഹ്യവിഷയങ്ങൾ സങ്കീർണ്ണമാണെങ്കിലും, ചിലപ്പോൾ ഒരു കഥകൊണ്ട് നിങ്ങൾക്കതിനെ ലളിതമാക്കി അവതരിപ്പിക്കാൻ കഴിയും. ഉദാഹരണത്തിന്, 2,000 മണിക്കൂർ കരിമ്പ് വെട്ടുന്നവരെക്കുറിച്ചുള്ള കഥ, തൊഴിലന്വേഷിച്ച് കരിമ്പുപാടത്തേക്ക് പോകുന്ന മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ കർഷകത്തൊഴിലാളികളെക്കുറിച്ചുള്ളതാണ്. ദിവസത്തിൽ 14 മണിക്കൂറോളം അവർ, വിളവെടുക്കാറായ കരിമ്പ് മുറിക്കുന്ന പണിയിൽ ഏർപ്പെട്ടിരിക്കുന്നു. അതിൽ ആ മനുഷ്യരുടെ വ്യക്തിഗതമായ കഥകളുണ്ട്. ഉള്ളിൽ തട്ടുന്ന ചിത്രങ്ങളും. എന്തുകൊണ്ട്, എല്ലാ കൊല്ലവും, മറാത്ത്‌വാഡയിലെ 6 ലക്ഷം കർഷകത്തൊഴിലാളികൾ കരിമ്പ് വെട്ടാൻ യാത്രയാവുന്നു എന്നതിനെക്കുറിച്ച് അത് നിങ്ങൾക്ക് വ്യക്തമാക്കിത്തരും.

നയങ്ങളുടെ അപര്യാപ്തത, ഉയരുന്ന ചിലവുകൾ, അപ്രവചനീയമായ കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നുതുടങ്ങി, വിവിധ ഘടകങ്ങളാൽ ദുരിതമയമായിക്കൊണ്ടിരിക്കുന്ന കാർഷികപ്രതിസന്ധിയെക്കുറിച്ചുള്ള വലിയ കഥയാണ് ആ തൊഴിലാളികൾ അതിൽ പറയുന്നത്. ഈ തൊഴിലാളികൾ അവരുടെ കുട്ടികളേയും തങ്ങളുടെ തൊഴിൽ‌സ്ഥലത്തേക്ക് കൊണ്ടുപോകാൻ നിർബന്ധിതരാവുന്നു. അത് കുട്ടികളുടെ പഠനത്തെയും ഭാവിയേയും പ്രതികൂലമായി ബാധിക്കുകയും ഒടുവിൽ, അവരുടെ അച്ഛനമ്മമാരുടെ അതേ ജീവിതശൈലിയിലേക്കുതന്നെ അവരെ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യുന്നു.

“ദാരിദ്ര്യത്തിന്റെ ചാക്രികത’ എന്ന് പാഠപുസ്തകങ്ങളിൽ സാധാരണയായി വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസത്തെ, യഥാർത്ഥ ജീവിതത്തിൽനിന്നുള്ള ഉദാഹരണങ്ങൾവെച്ച് ക്ലാസ്സുമുറികളിൽ അവതരിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. കുട്ടികൾ കുട്ടികളോട് സംസാരിക്കുകയാണ് ഇവിടെ.

സാമ്പത്തികവിജയമെന്നത്, കേവലമായ ശേഷിയുടെ ഉത്പന്നമാണെന്ന തെറ്റിദ്ധാരണയെ ഇല്ലാതാക്കാൻ ഇത്തരം കഥകൾ സഹായിക്കും.

‘വിജയ’ത്തെക്കുറിച്ചുള്ള ആഖ്യാനത്തെ, ക്ലാസ്സിലെ മറ്റൊരു കുട്ടി എതിരിട്ടത് “അങ്ങിനെയാണെങ്കിൽ റിക്ഷാവാലകളും അദ്ധ്വാനിക്കുന്നുണ്ടല്ലോ” എന്ന ചോദ്യത്തിലൂടെയായിരുന്നു.

യഥാർത്ഥ ജീവിതകഥകളിലൂടെ, അനുഭവങ്ങളിലൂടെ, പരിശോധിച്ച് ഉറപ്പുവരുത്തിയ സ്ഥിതിവിവരക്കണക്കുകളിലൂടെ, ആഖ്യാനത്തിലൂടെ സമൂഹത്തെക്കുറിച്ചുള്ള വിമർശനാത്മക ചിന്തകൾ വളർത്തിയെടുക്കുക എന്നത് മാത്രമല്ല ഞങ്ങൾ ആഗ്രഹിക്കുന്നത്. അവരിൽ കരുണ വളർത്തുകയും അവർ വളർന്ന സുഖാന്തരീക്ഷത്തിൽനിന്ന് അവരെ പുറത്തേക്ക് കൊണ്ടുവരികയുംകൂടിയാണ്. “ഞങ്ങളുടെ ജീവിതത്തിന്റെ പുറത്തുള്ള മനുഷ്യരെ ശ്രദ്ധിക്കാൻ നിങ്ങൾ ഞങ്ങളെ പഠിപ്പിച്ചു” എന്നാണ് ദില്ലിയിലെ ഒരു കൊളേജ് വിദ്യാർത്ഥി ഞങ്ങളോട് പറഞ്ഞത്.

Sugarcane workers are affected by an agrarian crisis caused by poor policies and unpredictable climate. Their children miss school due to travel. 'Success' isn't just about hard work
PHOTO • Parth M.N.
Sugarcane workers are affected by an agrarian crisis caused by poor policies and unpredictable climate. Their children miss school due to travel. 'Success' isn't just about hard work
PHOTO • Parth M.N.

നയങ്ങളിലെ പോരായ്മയും അപ്രവചനീയമായ കാലാവസ്ഥ എന്നിവമൂലം കാർഷികപ്രതിസന്ധികളിൽ‌പ്പെട്ട് വലയുകയാണ് കരിമ്പുകർഷകർ. അവരുടെ കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസവും മുടങ്ങുന്നു. ‘വിജയം’ എന്നത് കേവലം കഠിനാദ്ധ്വാനത്തെ സൂചിപ്പിക്കുന്ന പദമല്ല


അദ്ധ്യാപകരോടൊത്തും ഞങ്ങൾ പ്രവർത്തിക്കുന്നു. ഞങ്ങൾ നിർത്തിയ ഇടത്തുനിന്ന് അവർ ആരംഭിക്കുകയും ചെയ്യാറുണ്ട്. ഉദാഹരണത്തിന്, താപോർജ്ജം, ഹരിതോർജ്ജം തുടങ്ങിയവയെക്കുറിച്ച് പഠിപ്പിക്കേണ്ടിവരുമ്പോൾ, പാരി യുടെ ലേഖനങ്ങൾ അവർ തപ്പിയെടുത്ത് ഉപയോഗിക്കാറുണ്ട്. ആളുകളുടെ ഉപജീവനത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമുള്ള പാരിയുടെ ഹ്രസ്വവീഡിയോകളും അവർ പ്രയോജനപ്പെഉത്തുന്നു. വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റിയ ലേഖനങ്ങൾ കാണുമ്പോൾ അവരുടെ താത്പര്യം വർദ്ധിക്കുന്നു. “ഈ കഥയുടെ പഞ്ചാബി പരിഭാഷ ഉണ്ടോ? അവർ ചോദിക്കുന്നു. സംശയമെന്താ? ഞങ്ങളുടെ കൈയ്യിലുണ്ട്! ഒരേ കഥകൾ, വ്യത്യസ്തമായ 14 ഭാഷകളിൽ. മറ്റ് സ്രോതസ്സുകളോടൊപ്പംതന്നെ സർവ്വകലാശാലയിലെ അദ്ധ്യാപകർക്ക് സൌജന്യമായി ഉപയോഗിക്കാൻ പാകത്തിലുള്ളവയാണ് പാരിയുടെ ഈ കഥകളും.

*****

ആഗോള പത്രസ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ, ഇന്ത്യ 161-ആം സ്ഥാനത്തേക്ക് വീണിരിക്കുകയാണെന്ന്, റിപ്പോർട്ടേഴ്സ് വിത്തൌട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്) എന്ന ആഗോള മാധ്യമനിരീക്ഷകർ സൂചിപ്പിക്കുന്നു.

സത്യസന്ധരായ പത്രപ്രവർത്തകരുടെ നിലനില്പിനെ ആശങ്കയിലാഴ്ത്തിക്കൊണ്ട് സാമൂഹികമാധ്യമങ്ങളിൽ നിറയുന്ന വ്യാജവാർത്തകൾ നിരന്തരം വായിച്ചുവളരുന്ന യുവജനങ്ങളിലേക്ക്, ‘’ജനാധിപത്യവിരുദ്ധ’വും അപായകരവുമായ ഈ വസ്തുത എങ്ങിനെ എത്തിക്കും?

സർവ്വകലാശാലകളിൽ അതിന് ഇടമുണ്ടായേക്കും. എന്നാൽ, സ്കൂൾ ക്ലാസ്സുമുറികളിൽ, അതിനുള്ള സാധ്യത തീരെയില്ല. സംശയമൊന്നും വേണ്ട.

ചിത്രങ്ങളുടേയും വീഡിയോകളുടേയും വിവിധ ഭാഷകളുടേയും പ്രയോഗസാധ്യതകളുപയോഗിച്ച് കഥകൾ പറയാനാണ് പാരിയിൽ ഞങ്ങൾ ശ്രമിക്കുന്നത് – അധികാരത്തിലിരിക്കുന്നവരെക്കുറിച്ചുള്ള സത്യങ്ങൾ പറയാനും, ആ സത്യങ്ങൾ വിളിച്ചുപറയുന്നവർക്ക് അധികാരം നൽകാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്.

നാടോടി കലാകാരന്മാർ, നാട്ടിലെ ഒരു പോസ്റ്റ്മാൻ, പ്രദേശത്തെ പരിസ്ഥിതി സംരക്ഷകർ, റബ്ബർ വെട്ടുന്നവർ, കൽക്കരിക്കഷണങ്ങൾ ശേഖരിക്കുന്ന സ്ത്രീകൾ, കരകൌശലത്തൊഴിലാളികൾ - അത്തരം മനുഷ്യരെക്കുറിച്ചുള്ള കഥകൾ പെട്ടെന്ന് കുട്ടികളുടെ ശ്രദ്ധയെ ആകർഷിക്കുകയും, പാഠപുസ്തകങ്ങൾക്ക് പുറത്തുള്ള കാര്യങ്ങൾ മനസ്സിലാക്കാനും, നമ്മുടെ അറിവുകളെക്കുറിച്ചുള്ള ധാരണകൾ തിരുത്താനും അവരെ സഹായിക്കുകയും ചെയ്യുന്നു.

Left: PARI at the Chandigarh Children's Literature Festival, engaging with students on stories about people in rural India.
PHOTO • Chatura Rao
Right: After a session with the Sauramandala Foundation in Shillong, Meghalaya, on the role of the media in democracies
PHOTO • Photo courtesy: Sauramandala Foundation

(ഇടത്ത്) ചണ്ഡീഗഡിലെ കുട്ടികളുടെ സാഹിത്യോത്സവത്തിൽ, കുട്ടികളുമായി, ഗ്രാമീണ ഇന്ത്യയെക്കുറിച്ചുള്ള കഥകൾ പങ്കിടുന്നു. (വലത്ത്) ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച്, മേഘാലയയിലെ ഷില്ലോംഗിൽ സൌരമണ്ഡല ഫൌണ്ടേഷന്റെ ഒരു ക്ലാസ്

പറയുന്ന വിഷയങ്ങളിൽ വിദഗ്ദ്ധരാണ് ഞങ്ങൾ എന്ന അവകാശവാദമൊന്നും തീരെയില്ല. ഭരണകൂടത്തിന്റെ അധികാരത്തെ ചോദ്യം ചെയ്യാനും, വാർത്തകളിലെ വാർപ്പുമാതൃകകളെയും പക്ഷപാതങ്ങളേയും വെല്ലുവിളിക്കാനും, ജാതീയവും വർഗ്ഗീയവുമായ വിശേഷാധികാരങ്ങളെ തുറന്നുകാട്ടാനും ഇളംതലമുറയ്ക്ക് സാധിക്കുന്ന ഒരു അന്തരീക്ഷത്തെ പ്രോത്സാഹിപ്പിക്കുക എന്നതുമാത്രമാണ്, പത്രപ്രവർത്തകർ എന്ന നിലയ്ക്ക് ഞങ്ങളുടെ ലക്ഷ്യം. തങ്ങൾക്ക് അനന്തരാവകാശമായി കിട്ടിയ ലോകത്തെക്കുറിച്ച് പഠിക്കാൻ അവരെ പ്രാപ്തരാക്കുക എന്നതും.

ചിലപ്പോൾ, അദ്ധ്യാപകർ നിരുത്സാഹപ്പെടുത്താറുണ്ട്. ക്ലാസ്സുമുറികളിൽ ജാതി വിഷയത്തെ അവതരിപ്പിക്കുന്നതിൽ അവർ വിമുഖത കാണിക്കുക പതിവാണ്.

എന്നാൽ, ഈ കഥകളെ ഒഴിവാക്കുകയും ക്ലാസ്സുമുറികളിൽനിന്ന് അവയെ പുറത്താക്കുകയും ചെയ്യുന്നത് ഒരിക്കലും ഗുണം ചെയ്യില്ല. സൂക്ഷ്മമായ ജാതിവിവേചനത്തെ തിരിച്ചറിയാൻ കഴിവില്ലാത്ത പൌരന്മാരായി ചെറുപ്പക്കാരെ വളർത്താനും, ഇക്കാരങ്ങളെക്കുറിച്ച് അജ്ഞരായി അവരെ മാറ്റാനും മാത്രമേ അത് ആത്യന്തികമായി സഹായിക്കൂ.

‘ഒരു ജീവിതവും അഴുക്കുചാലിൽ ഒടുങ്ങരുത്’ എന്ന പേരിൽ ഞങ്ങൾ റിപ്പോർട്ട് ചെയ്ത കഥ, രാജ്യത്തിന്റെ തലസ്ഥാനത്തെ ഒരു പ്രമുഖ വാണിജ്യകേന്ദ്രത്തിലെ വസന്ത് കുഞ്ച് മാൾ എന്ന വ്യാപാരസ്ഥാപനത്തിലെ അഴുക്കുചാലിൽ‌പ്പെട്ട് മരിച്ചുപോയ ഒരു തൊഴിലാളിയെക്കുറിച്ചുള്ളതായിരുന്നു. ആ കഥ കേട്ട് കുട്ടികൾ അമ്പരന്നുപോയി. അനധികൃതവും അപകടകരവുമായ ആ തൊഴിലിനെക്കുറിച്ചോർത്തായിരുന്നില്ല, മറിച്ച്, ആ സംഭവം നടന്നത് അവരുടെ സ്കൂളിൽനിന്ന് ഏതാനും കിലോമീറ്റർ അകലെമാത്രമായിരുന്നു എന്നതായിരുന്നു അവരെ അമ്പരപ്പിച്ചത്.

അത്തരം സംഭവങ്ങളെ ക്ലാസ്സുമുറികളിൽനിന്ന് ‘മറച്ചുപിടിക്കുകയും’, ‘അവഗണിക്കുകയും’ ചെയ്താൽ, ‘തിളങ്ങുന്ന ഇന്ത്യയെ”ക്കുറിച്ചുള്ള തെറ്റായ ചിത്രങ്ങൾ പ്രചരിക്കാൻ നമ്മളും സഹായിക്കുകയായിരിക്കും ചെയ്യുക.

ഇത്തരം കഥകൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തപ്പോൾ, തങ്ങൾക്ക് എങ്ങിനെ സഹായിക്കാൻ കഴിയുമെന്ന് അവർ ഞങ്ങളോട് ചോദിക്കാൻ തുടങ്ങി.

Left: ' No life in the gutter' told students a story about a worker who died in the drain in a Vasant Kunj mall.
PHOTO • Bhasha Singh
Right: Masters student at Azim Premji University, Dipshikha Singh, dove right into the deep end with her uncovering of female dancers' struggles at Bihar weddings
PHOTO • Dipshikha Singh

ഇടത്ത്: വസന്ത് കുഞ്ച് മാളിലെ അഴുക്കുചാലിൽ വീണ് മരിച്ച ഒരു തൊഴിലാളിയെക്കുറിച്ചാണ് ‘ഒരു ജീവിതവും അഴുക്കുചാലിൽ ഒടുങ്ങരുത്’ എന്ന കഥയിലൂടെ കുട്ടികൾക്ക് പറഞ്ഞുകൊടുത്തത്. വലത്ത്: ബിഹാറിലെ വിവാഹങ്ങളിൽ പങ്കെടുക്കുന്ന നർത്തകിമാർ അനുഭവിക്കുന്ന സംഘർഷങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്ന ഒരു കഥയായിരുന്നു, അസിം പ്രേംജി സർവ്വകലാശാലയിലെ ബിരുദാനന്തരബിരുദ വിദ്യാർത്ഥിനിയായ ദീപ്ശിഖ സിംഗ് ചെയ്തത്

പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം കാണാനുള്ള അവരുടെ ത്വര ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു. എങ്കിലും, റിപ്പോർട്ടർമാരും പത്രപ്രവർത്തകരുമെന്ന നിലയ്ക്ക്, തങ്ങൾ അവതരിപ്പിക്കുന്ന ജീവിതങ്ങളെ വീണ്ടും വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്താനുള്ള അവരുടെ താത്പര്യം വർദ്ധിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഒറ്റയടിക്ക് പരിഹാരം കണ്ടെത്തുക എന്നതായിരുന്നില്ല.

ഞങ്ങൾ പറയുന്നത് മാത്രം കേട്ടിരിക്കേണ്ടവരല്ല കുട്ടികൾ എന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. അതിനാൽ, സ്വന്തം നിലയ്ക്ക് പുറത്തിറങ്ങി, ചുറ്റുമുള്ള ജീവിതങ്ങളെക്കുറിച്ച് പഠിക്കാനും എഴുതാനും ഞങ്ങളവരെ പ്രോത്സാഹിപ്പിക്കുന്നു. അവർ കുട്ടികളായിരിക്കുമ്പോൾത്തന്നെ. 2018-ൽ രൂപീകൃതമായതിനുശേഷം പാരി എഡ്യുക്കേഷൻ 200-ഓളം സ്ഥാപനങ്ങളും ആയിരക്കണക്കിന് വിദ്യാർത്ഥികളുമായി ഇടപഴകിയിട്ടുണ്ട്. ഇന്ത്യയുടെ പല ഭാഗത്തുനിന്നും അവർ റിപ്പോർട്ട് ചെയ്യുന്ന കഥകൾ ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിരുദാനന്തരബിരുദക്കാർ മുതൽ ഹൈസ്കൂൾതലം‌വരെയുള്ള ആ കുട്ടികൾ ചെയ്ത കഥകൾ നിങ്ങൾക്ക് ഇവിടെ വായിക്കാം.

അവനവനെക്കുറിച്ചുള്ള ബ്ലോഗ്ഗെഴുത്തുകളിൽനിന്ന് വഴിമാറി, മറ്റുള്ളവരുടെ ജീവിതത്തെ രേഖപ്പെടുത്താനും, അവരുടെ ശബ്ദം കേൾപ്പിക്കാനും, അവരുടെ ജീവിതത്തിൽനിന്നും ഉപജീവനത്തിൽനിന്നും പാഠങ്ങൾ പഠിക്കാനുമാണ് ഞങ്ങളവരെ പ്രേരിപ്പിക്കുന്നത്. ‘സെൽ‌ഫി’യിൽനിന്ന് പുറത്തുകടക്കൽ എന്ന് ഒരുതരത്തിൽ അതിനെ വിശേഷിപ്പിക്കാം.

ബിഹാറിലെ വിവാഹാഘോഷങ്ങളിൽ നൃത്തം ചെയ്യുന്ന നർത്തകിമാരുടെ ജീവിതത്തിലെ അന്ത:സംഘർഷങ്ങളെക്കുറിച്ചാണ് അസിം പ്രേംജി സർവ്വകലാശാലയിലെ ബിരുദാനന്തരബിരുദ വിദ്യാർത്ഥിനിയായ ദീപ്ശിഖ സിംഗ് ആഴത്തിലുള്ള പഠനം നടത്തിയത്. ബോളിവുഡിലെ തട്ടുപൊളിപ്പൻ പാട്ടുകളുടെ ബഹളത്തിൽ മുങ്ങിപ്പോവുന്ന ജീവിതമായിരുന്നു ഒരുതരത്തിൽ അവരുടേത്. “പുരുഷന്മാർ ഞങ്ങളുടെ അരക്കെട്ടുകളിൽ പിടിക്കുകയും, ചിലപ്പോൾ ബ്ലൌസുകൾക്കകത്തേക്ക് കൈകൾ കടത്തുകപോലും ചെയ്യാറുണ്ട്. ഇവിടെ അതൊക്കെ പതിവാണ്, നിത്യവും അനുഭവിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ അപമാനങ്ങളെ സൂചിപ്പിച്ച്, പേര് വെളിപ്പെടുത്താൻ താത്പര്യപ്പെടാത്ത ഒരു നർത്തകി പറയുന്നു.

ഇന്ന് ഒരു സാമൂഹികമേഖലയിൽ പ്രവർത്തിക്കുന്ന ദീപ്ശിഖയെ സംബന്ധിച്ചിടത്തോളം, ആ നർത്തകിമാരെ സന്ദർശിച്ചതും, അവരുടെ കാര്യങ്ങൾ അന്വേഷിച്ചതും, അവരുമായുള്ള സംഭാഷണങ്ങളും എല്ലാം ഒരു പഠനത്തിന്റെ ഫലമാണ് ചെയ്തത്. “എന്റെ എഴുത്തുജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു ആ സന്ദർശനവും രേഖപ്പെടുത്തലും. സുപ്രധാനമെന്ന് തോന്നുന്ന കഥകൾ പറയേണ്ടത് ആവശ്യമാണെന്നും എനിക്ക് അതിൽനിന്ന് മനസ്സിലായി. പാരിയുടെ ദൌത്യത്തിൽ കൂടുതൽ സഹകരിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”, അവർ ഞങ്ങൾക്ക് എഴുതി.

ഗ്രാമങ്ങളിലെ സ്കൂളുകളുമായും വിദ്യാർത്ഥികളുമായും കൂടുതൽ ഇടപഴകാനും അവരുടെ മനസ്സിനോടും വീടിനോടും ചേർന്നുനിൽക്കുന്ന വിഷയങ്ങൾ അവരെക്കൊണ്ട് എഴുതിപ്പിക്കാനും പാരി ശ്രമിക്കുന്നു. അവരുടെതന്നെ ഭാഷയിൽ. കൌമാരപ്രായമായിട്ടില്ലാത്ത ഒരു സംഘം കുട്ടികൾ, അവരുടെ ഗ്രാമത്തിലെ – ഒഡിഷയിലെ ജുറുഡിയിലെ- ആഴ്ചച്ചന്തയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയുണ്ടായി. അവർ പല തവണ ആ ചന്തയിൽ പോവുകയും സാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവരെ അഭിമുഖം നടത്തുകയും ചെയ്തു. റിപ്പോർട്ടിനാവശ്യമായ കാര്യങ്ങൾ രേഖപ്പെടുത്താൻ.

Left: In Jurudi, Odisha, school reporters document the people and produce they sell at a vibrant weekly haat (market)
Right: Student reporter Aysha Joyce profiles N. Saramma, a waste collector who runs an open kitchen in Trivandrum. Saramma's story touched thousands of readers across India, many offering to support her work via donations
PHOTO • Aysha Joyce

ഇടത്ത്: ഒഡിഷയിലെ ജുറുഡിയിൽ സ്കൂൾ റിപ്പോർട്ടർമാർ ആഴ്ചച്ചന്തകളിലെ ഉപഭോക്താക്കളേയും വില്പനക്കാരെയും രേഖപ്പെടുത്തുന്നു. വലത്ത്: തിരുവനന്തപുരത്ത് ഒരു തുറന്ന അടുക്കള നടത്തുന്ന എൻ.സാറാമ്മ എന്ന ഒരു ആക്രി വില്പനക്കാരിയെ സ്റ്റുഡന്റ് റിപ്പോർട്ടറായ ആയ്ഷ ജോയ്സ് അഭിമുഖം ചെയ്യുന്നു. സാറാമ്മയുടെ കഥ ഇന്ത്യയിലെമ്പാടുമുള്ള വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും, നിരവധിപേർ അവർക്കുള്ള സഹായവാഗ്ദാനവും മറ്റുമായി മുന്നോട്ട് വരികയും ചെയ്തു

അനന്യ ടൊപ്പ്നോ, രോഹിത് ഗാഗ്‌റായ്, ആകാശ് ഏക, പല്ലബി ലുഗുൺ എന്നീ റിപ്പോർട്ടർമാർ അവരുടെ അനുഭവങ്ങളെക്കുറിച്ച് പാരിയോട് സംസാരിച്ചു. “ഇത്തരത്തിലുള്ള ഗവേഷണം ഞങ്ങൾക്ക് ഒരു പുതിയ അനുഭവമാണ്. ആളുകൾ പച്ചക്കറി വില്പനക്കാരുമായി വിലപേശുന്നത് ഞങ്ങൾ കാണാറുണ്ട്. എന്നാൽ ഇപ്പോൾ ഞങ്ങൾക്കറിയാം, പച്ചക്കറി ഉണ്ടാക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന്. ആളുകൾ കർഷകരുമായി വിലയെച്ചൊല്ലി തർക്കിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല”.

ഇന്ത്യയിലെ ഗ്രാമങ്ങളിൽ പോയിട്ടില്ലാത്ത കുട്ടികൾക്കുപോലും ധാരാളം എഴുതാനുണ്ടാകും. ഒരു തുറന്ന അടുക്കള നടത്തുന്ന തിരുവനന്തപുരത്തെ ആക്രിക്കച്ചവടക്കാരിയായ എൻ.സാറാമ്മയെ പ്പോലുള്ളവരുടെ കഥകൾ. “കുട്ടിക്കാലത്ത് പട്ടിണി അറിഞ്ഞിട്ടുള്ളതുകൊണ്ട്, ആരും വിശന്നിരിക്കാൻ പാടില്ലെന്ന ഒരു നിർബന്ധം എനിക്കുണ്ട്” എന്നാണ് അവർ ആ കഥയിൽ പറയുന്നത്.

ആ കഥ തയ്യാറാക്കിയത് ആയ്ഷ ജോയ്സായിരുന്നു. ആയിരക്കണക്കിന് കമന്റുകളും വായനക്കാരുടെ അനുമോദനങ്ങളും കിട്ടിയ ഒരു കഥയായിരുന്നു അത്. നിരവധിപേർ സഹായിക്കാനും മുന്നോട്ട് വന്നു. മകളും ഈ ജോലി ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ സാറാമ്മ തിരിച്ച് ചോദിച്ചത്, “ആരാണ് ഒരു ദളിതിന് ജോലി കൊടുക്കുക?” എന്നായിരുന്നു. “മറ്റുള്ളവരുമായി താരത‌മ്യം ചെയ്തുകൊണ്ടാണ് എല്ലാവരും നിങ്ങളെ നോക്കിക്കാണുക. നമ്മൾ എത്ര ഭംഗിയായി കാര്യങ്ങൾ ചെയ്താലും അതിൽനിന്ന് ഒരു മോചനമുണ്ടാവില്ല”, അവർ ആയ്ഷയോട് പറഞ്ഞു.

അഭിമുഖം ചെയ്യുന്നതിന്റെ രീതികൾ ഞങ്ങൾ അവരെ പരിശീലിപ്പിക്കുന്നു. അഭിമുഖം ചെയ്യപ്പെടുന്ന ആളിൽനിന്ന് അനുവാദങ്ങൾ വാങ്ങിക്കേണ്ടത് എങ്ങിനെയാണ്, ആളുകളെ വായിക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ കഥയിലുള്ള മറ്റ് വിശദാംശങ്ങൾ രേഖപ്പെടുത്തേണ്ടത് എങ്ങിനെ, എന്നിവയൊക്കെ ഞങ്ങൾ അവർക്ക് പകർന്നുകൊടുക്കുന്നു. എന്നാൽ ഏറ്റവും പ്രധാനമായി ഞങ്ങളവർക്ക് പറഞ്ഞുകൊടുക്കുന്നത്, എങ്ങിനെയാണ് വ്യക്തിപരമായ ഒരു കുറിപ്പ് എന്നതിൽക്കവിഞ്ഞ്, വസ്തുനിഷ്ഠമായ ഒരു റിപ്പോർട്ടാവാൻ കഥകൾ എഴുതേണ്ടതെന്നും അതിന്റെ ഘടന എന്തായിരിക്കണമെന്നുമാണ്.

പത്രപ്രവർത്തനമെന്നത് പലപ്പോഴും ദീർഘരൂപത്തിലുള്ള  അന്വേഷണാത്മകമായ റിപ്പോർട്ടുകളും, അതിനനുബന്ധമായുള്ള സ്രോതസ്സുകളും സ്ഥിതിവിവരങ്ങളും ഉൾപ്പെടുന്നതാണ്. എന്നാൽ, വളരെ ലളിതമായി ആളുകളുടെ കഥകൾ രേഖപ്പെടുത്താനാണ് കുട്ടികളെ ഞങ്ങൾ പരിശീലിപ്പിക്കുന്നത്. വ്യക്തികളുടെ ദൈനംദിനാനുഭവങ്ങൾ, അവരുടെ തൊഴിലിന്റെ സ്വഭാവം, അതിനായി അവർ ചിലവഴിക്കുന്ന സമയം, അതിൽനിന്ന് അവർക്ക് കിട്ടുന്ന ആനന്ദം, അവർ നേരിടുന്ന വെല്ലുവിളികൾ, പ്രതിബന്ധങ്ങളെ അവർ തരണം ചെയ്യുന്ന രീതി, അവരുടെ ജീവിതത്തിന്റെ സാമ്പത്തികവശം, അവരുടെ ആഗ്രഹങ്ങൾ, കുട്ടികളെക്കുറിച്ച് അവർ വെച്ചുപുലർത്തുന്ന പ്രതീക്ഷകൾ എന്നിവയൊക്കെ.

സത്യസന്ധമായ പത്രപ്രവർത്തന സൂക്ഷ്മദർശിനി ഉപയോഗിച്ച് സാമൂഹികമായ വിഷയങ്ങളെ കാണാൻ ചെറുപ്പക്കാരെ സഹായിക്കുക എന്നതാണ് പാരി എഡ്യുക്കേഷന്റെ ഉദ്ദേശ്യം. ആളുകളേയും അവരുടെ കഥകളേയും ശ്രദ്ധിച്ചുകേൾക്കുകവഴി, കുട്ടികൾ പത്രപ്രവർത്തനത്തിലേക്കും ക്ലാ‍സ്സുമുറികളിലേക്കും മനുഷ്യത്വത്തെ കൊണ്ടുവരികയാണ് ചെയ്യുന്നത്.

നിങ്ങളുടെ സ്ഥാപനവുമായി പാരിയെ ബന്ധപ്പെടുത്താൻ താത്പര്യപ്പെടുന്നപക്ഷം, ദയവായി, [email protected] . – ലേക്ക് എഴുതുക.

ഈ ലേഖനത്തിന്റെ മുഖചിത്രം എടുത്തത് പാരിയുടെ ഫോട്ടോ എഡിറ്റർ ബിനായ്ഫർ ഭറൂച്ചയാണ്.

പരിഭാഷ: രാജീവ് ചേലനാട്ട്

Vishaka George

ವಿಶಾಖಾ ಜಾರ್ಜ್ ಪರಿಯಲ್ಲಿ ಹಿರಿಯ ಸಂಪಾದಕರಾಗಿದ್ದಾರೆ. ಅವರು ಜೀವನೋಪಾಯ ಮತ್ತು ಪರಿಸರ ಸಮಸ್ಯೆಗಳ ಬಗ್ಗೆ ವರದಿ ಮಾಡುತ್ತಾರೆ. ವಿಶಾಖಾ ಪರಿಯ ಸಾಮಾಜಿಕ ಮಾಧ್ಯಮ ಕಾರ್ಯಗಳ ಮುಖ್ಯಸ್ಥರಾಗಿದ್ದಾರೆ ಮತ್ತು ಪರಿಯ ಕಥೆಗಳನ್ನು ತರಗತಿಗೆ ತೆಗೆದುಕೊಂಡು ಹೋಗಲು ಮತ್ತು ವಿದ್ಯಾರ್ಥಿಗಳು ತಮ್ಮ ಸುತ್ತಲಿನ ಸಮಸ್ಯೆಗಳನ್ನು ದಾಖಲಿಸಲು ಸಹಾಯ ಮಾಡಲು ಎಜುಕೇಷನ್ ತಂಡದಲ್ಲಿ ಕೆಲಸ ಮಾಡುತ್ತಾರೆ.

Other stories by Vishaka George
Editor : PARI Desk

ಪರಿ ಡೆಸ್ಕ್ ನಮ್ಮ ಸಂಪಾದಕೀಯ ಕೆಲಸಗಳ ಕೇಂದ್ರಸ್ಥಾನ. ಈ ತಂಡವು ದೇಶಾದ್ಯಂತ ಹರಡಿಕೊಂಡಿರುವ ನಮ್ಮ ವರದಿಗಾರರು, ಸಂಶೋಧಕರು, ಛಾಯಾಗ್ರಾಹಕರು, ಚಲನಚಿತ್ರ ನಿರ್ಮಾಪಕರು ಮತ್ತು ಭಾಷಾಂತರಕಾರರೊಂದಿಗೆ ಕೆಲಸ ಮಾಡುತ್ತದೆ. ಪರಿ ಪ್ರಕಟಿಸುವ ಪಠ್ಯ, ವಿಡಿಯೋ, ಆಡಿಯೋ ಮತ್ತು ಸಂಶೋಧನಾ ವರದಿಗಳ ತಯಾರಿಕೆ ಮತ್ತು ಪ್ರಕಟಣೆಯಗೆ ಡೆಸ್ಕ್ ಸಹಾಯ ಮಾಡುತ್ತದೆ ಮತ್ತು ಅವುಗಳನ್ನು ನಿರ್ವಹಿಸುತ್ತದೆ.

Other stories by PARI Desk
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat