ബുദ്ധമത വിശ്വാസികൾ താമസിക്കുന്ന മലിയാമ എന്ന വിദൂര ഗ്രാമത്തിൽ, സാധാരണഗതിയിൽ ബഹളങ്ങളൊന്നുമില്ലാതെ കടന്നുപോകേണ്ട ഒരു ഉച്ചനേരത്തെ ഇളക്കിമറിച്ചുകൊണ്ട് ഒരു 'ഘോഷയാത്ര' ആരവങ്ങളോടെ കടന്നുവരുന്നു. അതെ, ഇത് ഒക്ടോബർ മാസമാണെങ്കിലും ഇവിടെ പൂജയോ പന്തലുകളോ ഒന്നുംതന്നെയില്ല. എന്നാൽ, ദുർഗാ പൂജയോടനുബന്ധിച്ച് സ്‌കൂളുകൾ അടച്ചിരിക്കുന്നതിനാൽ ഈ പ്രദേശത്തെ കുട്ടികൾ എല്ലാവരുംതന്നെ അവരുടെ വീടുകളിലുണ്ട്. അക്കൂട്ടത്തിൽ, 2-നും 11-നും ഇടയിൽ പ്രായമുള്ള, മോൻപ സമുദായാംഗങ്ങളായ എട്ട്, പത്ത് കുട്ടികളാണ് ഈ ഘോഷയാത്രയിലെ പങ്കാളികൾ.

ദിരാംഗിലെ രണ്ട് സ്വകാര്യ സ്കൂളുകളും സമീപത്തുള്ള സർക്കാർ സ്കൂളും 7-10 കിലോമീറ്റർ ദൂരത്താണ്. കുട്ടികൾ ദിവസേന കാൽ‌നടയായി പോകുന്ന ഈ സ്കൂളുകൾ ഏകദേശം പത്ത് ദിവസം അടച്ചിട്ടിട്ടുണ്ടാവും. സ്‌കൂൾ ജീവിതത്തിന്റെ ചിട്ടവട്ടങ്ങളിൽനിന്ന് ചെറിയ ഇളവ് ലഭിക്കുന്ന അവധിക്കാലത്തും കളിക്കാനുള്ള സമയം വന്നെത്തുന്നത് ഈ കുട്ടികൾക്ക് വേറെ അറിയാം. ഉച്ചഭക്ഷണത്തിന് ശേഷം 2 മണിക്കാണത്. കടൽനിരപ്പിൽനിന്ന് 1,800 മീറ്ററിൽ കൂടുതൽ ഉയരമുള്ള ഈ പ്രദേശത്ത് ഇന്റർനെറ്റ് കണക്ഷൻ ഏറ്റവും മോശമാകുന്ന സമയം കൂടിയാണത്.  ഈ നേരമാകുമ്പോൾ കുട്ടികൾ അവരുടെ രക്ഷിതാക്കളുടെ ഫോൺ അവർക്ക് മടക്കി നൽകാൻ നിർബന്ധിതരാകും. വീടിന് പുറത്തെ പ്രധാന നിരത്തിൽ ഒത്തുകൂടി മതിവരുവോളം മംഖ ലെയ്ദ (വാൾനട്ട് കൊണ്ടുള്ള കളി എന്ന് അർഥം) കളിയ്ക്കാൻ സമയമായിരിക്കുന്നു.

മലിയാമയ്ക്ക് ചുറ്റുമുള്ള കാടുകളിൽ വാൽനട്ടുകൾ സുലഭമായി വളരുന്നുണ്ട്. ഈ ഉണങ്ങിയ ഫലത്തിന്റെ ഉത്പാദനത്തിൽ ഇന്ത്യയിൽ നാലാംസ്ഥാനത്തുള്ള സംസ്ഥാനമാണ് അരുണാചൽ പ്രദേശ്.പടിഞ്ഞാറൻ കമേങ്ങിലെ ഈ ജില്ലയിൽനിന്നുള്ള വാൾനട്ടുകൾ പ്രത്യേകിച്ചും കയറ്റുമതി ചെയ്യാവുന്ന ഗുണനിലവാരമുള്ളവയാണ്. എന്നാൽ ഈ പ്രദേശത്തുള്ളവരാരും വാൾനട്ട് കൃഷി ചെയ്യുന്നില്ല. ഇവിടത്തെ കുട്ടികളുടെ കൈവശമുള്ള ഫലങ്ങൾ കാട്ടിൽനിന്ന് ശേഖരിച്ചവയാണ്. മലിയാമയിൽ താമസിക്കുന്ന 17-20 മോൻപ കുടുംബങ്ങൾ ടിബറ്റ് സ്വദേശികളായ ഇടയവിഭാഗങ്ങളും വേട്ടയാടിയും വിഭവങ്ങൾ ശേഖരിച്ചും ജീവിതമാർഗ്ഗം കണ്ടെത്തുന്നവരുമാണ്. വീടുകളിൽ ഉപയോഗിക്കുന്ന വനവിഭവങ്ങൾ ശേഖരിക്കുകയാണ് ഇവരുടെ പ്രധാന തൊഴിൽ. "എല്ലാ ആഴ്ചയും ഗ്രാമീണർ സംഘമായി കാട്ടിൽ പോവുകയും കൂണുകൾ, ഉണങ്ങിയ ഫലങ്ങൾ, കായ്കനികൾ, വിറക്, മറ്റു വിഭവങ്ങൾ എന്നിവ ശേഖരിച്ച് കൊണ്ടുവരികയും ചെയ്യും, " 53 വയസ്സുകാരനായ റിൻചിൻ ജോമ്പ പറയുന്നു. എല്ലാ ദിവസവും തെരുവിലേയ്ക്ക് കളിയ്ക്കാൻ ഇറങ്ങുന്നതിന് മുൻപ് കുട്ടികൾ അവരുടെ കുപ്പായക്കീശകളിൽ വാൾനട്ടുകൾ നിറച്ചിരിക്കും.

വീഡിയോ കാണുക: മോൻപ ഗ്രാമത്തിലെ കുഞ്ഞുങ്ങളുടെ കളികൾ

വാൾനട്ടുകൾ ഒരു വരിയായി നിലത്ത് നിരത്തിവെക്കുകയാണ് കളിയുടെ ആദ്യപടി.  കളിയിൽ പങ്കെടുക്കുന്ന ഓരോരുത്തരും മൂന്ന് വാൾനട്ടുകൾ വീതം വരിയിൽ വെക്കണം. അതിനുശേഷം കളിക്കാർ ഓരോരുത്തരായി കയ്യിൽ ബാക്കിയുള്ള വാൾനട്ടുകൾ ഉപയോഗിച്ച് വരിയിലുള്ളവ എറിഞ്ഞുതെറിപ്പിക്കണം. ഏറ്റവും കൂടുതൽ വാൾനട്ടുകൾ എറിഞ്ഞുതെറിപ്പിക്കുന്നയാളാണ് കളിയിലെ വിജയി. എറിഞ്ഞിടുന്ന വാൾനട്ടുകൾ എല്ലാം കഴിക്കാനാവുമെന്നതിൽ അതിൽക്കവിഞ്ഞ്, മറ്റെന്ത് സമ്മാനമാണ് വേണ്ടത്! വേണ്ടത്ര വാൾനട്ടുകൾ കഴിച്ച് വയറ് നിറഞ്ഞാൽ കുട്ടികൾ ത്യാ ഖന്ധ്യ ലെയ്ദ(വടംവലി) എന്ന അടുത്ത കളിയിലേക്ക് നീങ്ങുകയായി.

ഈ കളി കളിക്കാൻ മറ്റൊരു സാധനം ആവശ്യമാണ്. വടത്തിനു പകരമായി ഉപയോഗിക്കാൻ പറ്റുന്ന ഒരു തുണിയാണത്. ഇവിടെയും കുട്ടികളുടെ ക്രിയാത്മകത അവരുടെ തുണയ്‌ക്കെത്തും. എല്ലാ വർഷവും ഈ പ്രദേശത്തെ കുടുംബങ്ങൾ ആയുരാരോഗ്യത്തിന് വേണ്ടി പൂജ നടത്തുമ്പോൾ വീടിന് മുകളിൽ ഉയർത്തുന്ന കൊടികളുടെ അവശേഷിപ്പുകൾ കുട്ടികളുടെ കളിക്കോപ്പായി മാറുന്നു.

ഏതാനും മണിക്കൂറുകൾ കൂടുമ്പോൾ കളികൾ മാറിക്കൊണ്ടേയിരിക്കും. ഖോ-ഖോ, കബഡി, ചെളിക്കുഴികൾക്ക് കുറുകെയുള്ള ഓട്ടം,ചാട്ടം എന്നിങ്ങനെ വ്യത്യസ്തമായ കളികൾ ഇവർക്കുണ്ട്. ചില ദിവസങ്ങളിൽ ജെ.സി.ബി (എക്സ്കവേറ്റർ) കളിപ്പാട്ടങ്ങൾവെച്ചായിരിക്കും കളി. അവരുടെ രക്ഷിതാക്കൾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രദേശങ്ങളിൽ 'ജോബ് കാർഡ് ജോലികൾക്ക്' പോകുമ്പോൾ ചെയ്യുന്ന പണികൾ അനുകരിച്ചാണ് കുട്ടികൾ ഈ കളികൾ വികസിപ്പിക്കുന്നത്.

ചില കുട്ടികൾ ദിവസം അവസാനിക്കാറാകുമ്പോൾ സമീപത്തുള്ള ചുഗ് മഠം സന്ദർശിക്കും; മറ്റുള്ളവരാകട്ടെ തങ്ങളുടെ കുടുംബത്തിന്റെ കൃഷിയിടങ്ങളിൽ രക്ഷിതാക്കളെ സഹായിക്കാനിറങ്ങും. സന്ധ്യയാകുന്നതോടെ, വഴിയിലുള്ള ഓറഞ്ച്, പെർസിമ്മൺ മരങ്ങളിലെ പഴങ്ങൾ പറിച്ച് തിന്നുകൊണ്ട് 'ഘോഷയാത്ര' മടങ്ങിത്തുടങ്ങും. മറ്റൊരു ദിനം കൂടി അവസാനിക്കുകയായി.

പരിഭാഷ: പ്രതിഭ ആര്‍. കെ .

Sinchita Parbat

ಸಿಂಚಿತಾ ಪರ್ಬತ್ ಅವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಹಿರಿಯ ವೀಡಿಯೊ ಸಂಪಾದಕರು ಮತ್ತು ಸ್ವತಂತ್ರ ಛಾಯಾಗ್ರಾಹಕರು ಮತ್ತು ಸಾಕ್ಷ್ಯಚಿತ್ರ ನಿರ್ಮಾಪಕರು. ಅವರ ಹಿಂದಿನ ವರದಿಗಳು ಸಿಂಚಿತಾ ಮಾಜಿ ಎಂಬ ಹೆಸರಿನಲ್ಲಿವೆ.

Other stories by Sinchita Parbat
Editor : Pratishtha Pandya

ಪ್ರತಿಷ್ಠಾ ಪಾಂಡ್ಯ ಅವರು ಪರಿಯ ಹಿರಿಯ ಸಂಪಾದಕರು, ಇಲ್ಲಿ ಅವರು ಪರಿಯ ಸೃಜನಶೀಲ ಬರವಣಿಗೆ ವಿಭಾಗವನ್ನು ಮುನ್ನಡೆಸುತ್ತಾರೆ. ಅವರು ಪರಿಭಾಷಾ ತಂಡದ ಸದಸ್ಯರೂ ಹೌದು ಮತ್ತು ಗುಜರಾತಿ ಭಾಷೆಯಲ್ಲಿ ಲೇಖನಗಳನ್ನು ಅನುವಾದಿಸುತ್ತಾರೆ ಮತ್ತು ಸಂಪಾದಿಸುತ್ತಾರೆ. ಪ್ರತಿಷ್ಠಾ ಗುಜರಾತಿ ಮತ್ತು ಇಂಗ್ಲಿಷ್ ಭಾಷೆಗಳಲ್ಲಿ ಕೆಲಸ ಮಾಡುವ ಕವಿಯಾಗಿಯೂ ಗುರುತಿಸಿಕೊಂಡಿದ್ದು ಅವರ ಹಲವು ಕವಿತೆಗಳು ಮಾಧ್ಯಮಗಳಲ್ಲಿ ಪ್ರಕಟವಾಗಿವೆ.

Other stories by Pratishtha Pandya
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.