മുത്തശ്ശിയും മുതുമുത്തശ്ശിയുമെല്ലാമായ ബൂട്ടെ മാജി തന്റെ മകൻ ഈ ഭൂമിയിൽ.ബാക്കിയാക്കിയ ആറ് പെൺമക്കളെയും രണ്ട് ആണ്മക്കളെയും ഓർത്ത് ആശങ്കയിലാണ്; അവരിൽ ഏറ്റവും ഇളയവളായ ജാനകിക്ക് 6 വയസ്സാണ് പ്രായം. "ഇവരെ എല്ലാവരെയും ഞങ്ങൾ എങ്ങനെ വളർത്തുമെന്ന് എനിക്കറിയില്ല," ഒഡീഷയിലെ ബലംഗീർ ജില്ലയിലുള്ള ഹിയാൽ ഗ്രാമത്തിൽ താമസിക്കുന്ന, ഗോണ്ട് ആദിവാസിയായ ആ 70-കാരി പറയുന്നു.

അവരുടെ മകൻ നൃപ മാജി രണ്ടുവർഷം മുൻപ്, അദ്ദേഹത്തിന്റെ 50-ആം വയസ്സിലാണ് മരണപ്പെട്ടത്; വൃക്കരോഗമായിരുന്നു മരണകാരണമെന്നാണ് ഈ കുടുംബം വിശ്വസിക്കുന്നത്. കുടിയേറ്റത്തൊഴിലാളിയായിരുന്ന നൃപ മാജി, അദ്ദേഹത്തിന്റെ ഭാര്യ, 47 വയസ്സുകാരിയായ നമനിക്കൊപ്പം തെലങ്കാന, ആന്ധ്രാ പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ഇഷ്ടികക്കളങ്ങളിൽ ജോലി ചെയ്യാൻ പോകാറുണ്ടായിരുന്നു.

"2019 നവംബറിൽ ഞങ്ങൾ ചെന്നൈയിൽ ഒരു ഇഷ്ടികക്കളത്തിൽ ജോലി ചെയ്യാൻ പോയി," നമനി പറയുന്നു. നമനിയുടെ ഭർത്താവ് 50 വയസ്സുകാരനായ നൃപ, അവരുടെ മകൻ 24 വയസ്സുകാരനായ ജുധിഷ്ഠിർ, ജുധിഷ്ഠിറിന്റെ ഭാര്യ 21 വയസ്സുകാരിയായ പർമിള, 19 വയസ്സുള്ള പൂർണ്ണാമി, 16 വയസ്സുള്ള സജ്നെ, 15 വയസ്സുകാരിയായ കുമാരി, അവരുടെ ഭർത്താവ് 21 വയസ്സുകാരനായ ദിനേശ് എന്നിവരുൾപ്പെടെ തന്റെ കുടുംബത്തിൽനിന്നുള്ള 10 പേരാണ് ചെന്നൈയിലേക്ക് പോയതെന്ന് അവർ പറഞ്ഞു. "പ്രദേശവാസിയായ സർദാർ (കോൺട്രാക്റ്റർ) ഞങ്ങൾ ഓരോരുത്തർക്കും 25,000 രൂപ വീതം മുൻ‌കൂർ പണം തന്നിരുന്നു," അവർ കൂട്ടിച്ചേർത്തു. അവരോടൊത്ത് യാത്ര ചെയ്തിരുന്ന 10 വയസ്സുകാരിയായ സാബിത്രിക്കും 6 വയസ്സുകാരിയായ ജാനകിക്കും പൈസയൊന്നും കൊടുത്തിരുന്നില്ല.

2020 ജൂണിൽ കോവിഡ് ലോക്ക്ഡൗൺ സമയത്ത് അവർ എല്ലാവരും അവരുടെ ഗ്രാമത്തിലേക്ക് മടങ്ങി. ഒഡീഷയിലേയ്ക്ക് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികൾക്ക് താത്ക്കാലികമായി ക്വാറന്റീനിൽ കഴിയാനുള്ള സൗകര്യങ്ങളും വൈദ്യസഹായവും സ്കൂളുകളിലും സാമൂഹിക കേന്ദ്രങ്ങളിലുമായി ഒഡീഷ സർക്കാർ ഒരുക്കിയിരുന്നു. "ഞങ്ങൾ ഗ്രാമത്തിലെ സ്കൂളിൽ 14 ദിവസം താമസിച്ചു. അവിടെ തങ്ങിയതിന് എനിക്കും ഭർത്താവിനും 2,000 രൂപ വീതം (ഒഡീഷ സർക്കാരിൽനിന്ന്) കിട്ടിയിരുന്നു," നമനി ഓർക്കുന്നു.

Namani Majhi sitting with her children in front of their house in Hial village in Balangir district.
PHOTO • Anil Sharma
Her mother-in-law, Bute Majhi
PHOTO • Anil Sharma

ബലംഗീർ ജില്ലയിലെ ഹിയാൽ ഗ്രാമത്തിലുള്ള വീടിന് പുറത്ത് ഇരിക്കുന്ന നമനി മാജിയും മക്കളും. നമനിയുടെ ഭർത്തൃമാതാവ് ബൂട്ടെ മാജി

എന്നാൽ അധികം വൈകാതെ കാര്യങ്ങൾ കൈവിട്ടുപോകാൻ തുടങ്ങി. "ചെന്നൈയിൽവെച്ചുതന്നെ അദ്ദേഹത്തിന് (നമനിയുടെ ഭർത്താവ് നൃപയ്ക്ക്) അസുഖം തുടങ്ങിയിരുന്നു. അവിടത്തെ സേട്ട്  അദ്ദേഹത്തിന് ഗ്ലൂക്കോസ് വെള്ളവും ചില മരുന്നുകളും കൊടുത്തു. ഗ്രാമത്തിൽ തിരിച്ചെത്തിയതിന് ശേഷവും അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ മാറിയില്ല," നമനി ഓർമ്മിക്കുന്നു. ഇതിനുപിന്നാലെ അവർ നൃപയെ കംടാബാംജിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി. "എന്റെ മകന് രക്ത ഝാഡാ (മലത്തിനൊപ്പം രക്തം പോകുന്ന അവസ്ഥ) തുടങ്ങി," നൃപയുടെ അമ്മ ബൂട്ടെ കൂട്ടിച്ചേർക്കുന്നു.

നൃപയെ അദ്ദേഹത്തിന്റെ കുടുംബം സിന്ധേകേലയിലും രാംപൂറിലുമുള്ള നിരവധി സർക്കാർ ആശുപത്രികളിലും കൊണ്ടുപോയിരുന്നു. ഒടുവിൽ, കംടാബാംജിയിലെ ആശുപത്രിയിൽ വീണ്ടും കൊണ്ടുപോയപ്പോൾ അവിടത്തെ ഡോക്ടർ നൃപയ്ക്ക് തളർച്ച ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞു. "ഞങ്ങളുടെ കയ്യിൽ പണം ഉണ്ടായിരുന്നില്ല; അതുകൊണ്ട് പണം സംഘടിപ്പിക്കാൻ ഞങ്ങൾ തിരികെ വന്നു. പിന്നീട് വീണ്ടും ആശുപത്രിയിൽ പോയപ്പോൾ ഡോക്ടർ ചില ടെസ്റ്റുകൾ നടത്തി അദ്ദേഹത്തിന്റെ വൃക്കകൾ തകരാറിലാണെന്ന് പറയുകയായിരുന്നു."

ഭർത്താവിനെ സുഖപ്പെടുത്താൻ സാധ്യമായതെന്തും ചെയ്യുമെന്ന് ഉറപ്പിച്ചിരുന്ന  നമനി ബദൽ ചികിത്സാരീതികളിലേക്ക് തിരിഞ്ഞു. "അദ്ദേഹത്തെ ആയുർവേദ ചികിത്സയ്ക്കായി (25 കിലോമീറ്റർ അകലെയുള്ള) സിന്ധേകേലയിലേക്ക് കൊണ്ടുപോകാൻ എന്റെ അച്ഛനമ്മമാർ പറഞ്ഞു. അവിടത്തെ മരുന്നുകൾ ഒരുമാസത്തിലധികം കഴിച്ചുവെങ്കിലും അദ്ദേഹത്തിന്റെ  അസുഖം ഭേദമായില്ല," അവർ പറഞ്ഞു. നൃപയുടെ ആരോഗ്യസ്ഥിതി വഷളായതോടെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ 40 കിലോമീറ്റർ അകലെ, രാംപൂറിനടുത്ത് പട്നാഗറിലുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

2021 മാർച്ചിൽ, ആറ് വയസ്സുള്ള ഇളയ കുഞ്ഞുൾപ്പെടെ എട്ട് മക്കളെ ബാക്കിയാക്കി നൃപ മരണപ്പെട്ടു.

Namani holding her eight-month-old granddaughter, Dhartiri.
PHOTO • Anil Sharma
While being photographed, Janaki tries to hide behind her mother Namani
PHOTO • Anil Sharma

നമനി, എട്ട് മാസം പ്രായമുള്ള പേരക്കിടാവ് ധരിത്രിക്കൊപ്പം. ജാനകിയുടെ ഫോട്ടോ എടുക്കുന്നതിനിടെ അവൾ അമ്മ നമനിയുടെ പുറകിൽ ഒളിക്കാൻ ശ്രമിക്കുന്നു

ജോലിക്കായി വീണ്ടും കുടിയേറണമോ എന്ന് നമനിയ്ക്ക് തീരുമാനിക്കാൻ കഴിയുന്നില്ല. നഷ്ടപരിഹാര തുകകൊണ്ട് നൃപയുടെ ചികിത്സയ്ക്ക് ചിലവായ തുക അടയ്ക്കുകയും കുറച്ച് നാളത്തേയ്ക്ക് ചിലവുകൾ നടത്തുകയും ചെയ്യാമെന്നായിരുന്നു കുടുംബത്തിന്റെ കണക്കുകൂട്ടൽ. "ഞങ്ങൾക്ക് ചിലപ്പോൾ ഇനിയും പോകേണ്ടിവരും; എന്റെ ഭർത്താവിന്റെ ചികിത്സയ്ക്ക് വേണ്ടി കടമെടുത്ത തുക തിരികെ അടയ്ക്കണമല്ലോ. സർക്കാരിൽനിന്ന് എന്തെങ്കിലും സഹായം കിട്ടുകയാണെങ്കിൽ ഞങ്ങൾ പോകില്ല."

2018-ൽ ക്ഷേമബോർഡിൽ ഗുണഭോക്താവായി രജിസ്റ്റർ ചെയ്ത ചെറിയൊരു ശതമാനം ഒഡിയ തൊഴിലാളികളിൽ ഒരാളായിരുന്നു പരേതനായ നൃപയെങ്കിലും, അദ്ദേഹത്തിന്റെ കുടുംബത്തിന് ലഭിക്കേണ്ട ധനസഹായം ഒന്നുംതന്നെ ഇതുവരെയും അവർക്ക് ലഭിച്ചിട്ടില്ല. ഒഡീഷ ബിൽഡിങ് ആൻഡ് അതർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിൽനിന്നും നമനിയുടെ ഭർത്താവിന് കിട്ടേണ്ട 2 ലക്ഷം രൂപയുടെ ധനസഹായത്തെയാണ് അവർ 'സഹായം' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. "മൂന്ന് വർഷമായി ഞങ്ങൾ ഫീസ് (പുതുക്കൽ ഫീസ്) അടയ്ക്കാത്തത് കൊണ്ട് ഞങ്ങൾക്ക് പണം തരാൻ പറ്റില്ലെന്നാണ് അവർ (തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ) പറയുന്നത്," നമനി പറയുന്നു.

ഈ പണം സംസ്ഥാന സർക്കാർ കൈവശം വെക്കുന്നത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ(സി.എ.ജി) അവരുടെ സംസ്ഥാന സാമ്പത്തിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. "2020-21 കാലയളവിൽ തൊഴിൽ സെസായി സമാഹരിച്ച 406.49 കോടി രൂപ,  ഭരണഘടനാ വ്യവസ്ഥകൾ കാറ്റിൽ പറത്തി, 'സർക്കാർ അക്കൗണ്ട്' എന്നതിന് പുറത്ത് ഫിക്സഡ് ഡെപ്പോസിറ്റുകളായും ഫ്ലെക്സി സേവിങ് അക്കൗണ്ടുകളായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സർക്കാർ ട്രഷറി ശാഖയിൽ സൂക്ഷിച്ചിരിയ്ക്കുകയായിരുന്നു," റിപ്പോർട്ട് പറയുന്നു.

"നൃപയ്ക്ക് അസുഖം വന്നപ്പോൾ അവൻ അവന്റെ സഹോദരി ഉമേയുടെ (നൃപയുടെ ഒരേയൊരു കൂടെപ്പിറപ്പ്) അടുക്കൽ പണം കടം ചോദിയ്ക്കാൻ പോയിരുന്നു.", ബൂട്ടെ പറയുന്നു. വിവാഹിതയായ ഉമേ സമീപത്തുതന്നെയുള്ള ഗ്രാമത്തിലാണ് താമസിക്കുന്നത് (മാൽപാഡാ എന്നും അറിയപ്പെടുന്ന മാൽപ്പാറ ഗ്രാമം). "അവൾ അവളുടെ ആഭരണങ്ങൾ അവന് കൊടുത്തു. അത്രയ്ക്ക് സ്നേഹമായിരുന്നു അവർ തമ്മിൽ," ബൂട്ടെ കൂട്ടിച്ചേർത്തു. ആ ആഭരണങ്ങൾ പണയംവെച്ച് കിട്ടിയ ഏതാനും ആയിരങ്ങളും നൃപയുടെ ചികിത്സയ്ക്കുതന്നെ ചിലവായി.

Left: The two kachha houses in which the family of late Nrupa Majhi live.
PHOTO • Anil Sharma
Right: These stones were purchased by Bute and her husband Gopi Majhi to construct their house under Indira Awaas Yojna, but Gopi's demise has paused that work
PHOTO • Anil Sharma

ഇടത്: പരേതനായ നൃപ മാജിയുടെ കുടുംബം താമസിക്കുന്ന രണ്ട് താത്ക്കാലിക കൂരകൾ. വലത്: ഇന്ദിരാ ആവാസ് യോജനയ്ക്ക് കീഴിൽ വീട് പണിയാനായി ബൂട്ടെയും അവരുടെ ഭർത്താവ് ഗോപി മാജിയും വാങ്ങിച്ചിട്ട കല്ലുകൾ; ഗോപിയുടെ മരണത്തോടെ പണി നിന്നുപോയി

2013-ൽ ബൂട്ടെയ്ക്കും അവരുടെ ഭർത്താവ് പരേതനായ ഗോപി മാജിക്കും സർക്കാർ ഒരു വീട് അനുവദിച്ചിരുന്നു. പക്ഷെ 2014-ൽ ഗോപി മരണപ്പെട്ടു. "ഗോപി ജീവിച്ചിരുന്ന സമയത്ത് 10,000, 15,000, 15,000 എന്നിങ്ങനെ മൂന്ന് ഗഡുക്കളായി 40,000 രൂപ ഞങ്ങൾക്ക് ലഭിച്ചിരുന്നു," ബൂട്ടെ പറയുന്നു.  വീട് പണിയാനുള്ള കല്ലും മണലുമെല്ലാം ഈ കുടുംബം വാങ്ങിച്ചിട്ടെങ്കിലും ഗോപിയുടെ മരണത്തോടെ വീടുപണി നിലച്ചു.

"ഞങ്ങൾ എങ്ങനെയൊക്കെയോ ഈ അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിഞ്ഞുകൂടുകയാണ്," ഉപയോഗിക്കാതെ കിടക്കുന്ന കല്ലുകൾ ചൂണ്ടിക്കാട്ടി ബൂട്ടെ പറഞ്ഞു.

ബൂട്ടെ മകനെയോ മരുമകളെയോപോലെ ജോലിയ്ക്കായി മറ്റു സംസ്ഥാനങ്ങളിലേക്ക് ഒരിക്കലും പോയിട്ടില്ല. "ഞങ്ങൾ ഞങ്ങളുടെ കുടുംബഭൂമിയിൽ കൃഷി ചെയ്താണ് ജീവിച്ചിരുന്നത്.  നൃപയാണ് ആദ്യമായി ജോലിയ്ക്ക് അന്യസംസ്ഥാനങ്ങളിലേയ്ക്ക് പോയത്," അവർ പറഞ്ഞു. ഭൂമി പണയംവെച്ച് ഗ്രാമത്തിലെ പലിശക്കാരനിൽനിന്ന് ഈ കുടുംബം 10,000 രൂപ കടം വാങ്ങിയിട്ടുണ്ട്.

ഇനി ജുധിഷ്ഠിർ (നൃപയുടെ മകൻ) ജോലി ചെയ്തുവേണം ആ ഭൂമി തിരിച്ചെടുക്കാൻ," ബൂട്ടെ കൂട്ടിച്ചേർത്തു.

*****

നമനി അവരുടെ വിവാഹത്തിന് മുൻപ് ഒരിയ്ക്കൽപ്പോലും ജോലിയ്ക്കായി ഒഡീഷയ്ക്ക് പുറത്തേയ്ക്ക് പോയിരുന്നില്ല. ആദ്യമായി അവർ പോയത് ഭർത്താവിനൊപ്പമാണ്; അന്ന് ആന്ധ്രാ പ്രദേശിലെ മഹ്ബൂബ് നഗറിലേക്ക് അവർ പോകുമ്പോൾ മൂത്ത മകൻ ജുധിഷ്ഠിർ മൂന്നാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. "അന്നെല്ലാം ജോലിക്ക് മുൻകൂറായി ലഭിച്ചിരുന്ന തുക വളരെ കുറവായിരുന്നു - 8,000 രൂപയാണ് ഞങ്ങൾക്ക് കിട്ടിയത്. വർഷം കൃത്യമായി ഓർമ്മയില്ലെങ്കിലും സജ്നെയ്ക്ക് ഏതാനും മാസമേ തികഞ്ഞിരുന്നുള്ളു എന്നതുകൊണ്ട് അവളെയും ഞങ്ങൾ കൂടെ കൊണ്ടുപോയി." 17 വർഷം മുൻപത്തെ ആ യാത്രയ്ക്കുശേഷം പിന്നെ എല്ലാ വർഷവും തങ്ങൾ ജോലി തേടി വ്യത്യസ്ത സ്ഥലങ്ങളിലേക്ക് പോകാറുണ്ടെന്ന് നമനി പറയുന്നു.

Left: Bute standing in front of her mud house along with her grandchildren and great grandchildren .
PHOTO • Anil Sharma
Right: Namani's eldest son Judhisthir holding his daughter Dhartiri
PHOTO • Anil Sharma

ഇടത്: ബൂട്ടെ പേരക്കിടാങ്ങൾക്കും പേരക്കുട്ടിയുടെ കുട്ടികൾക്കുമൊപ്പം തന്റെ മൺവീടിന് മുൻപിൽ. വലത്: നമനിയുടെ മകൻ ജുധിഷ്ഠിർ മകൾ ധരിത്രിയ്‌ക്കൊപ്പം

ആദ്യത്തെ യാത്രയ്ക്ക് പിന്നാലെ എല്ലാ വർഷവും ഈ കുടുംബം ജോലിയ്ക്കായി കുടിയേറുന്നത് തുടർന്നു. "അടുത്ത രണ്ടുവർഷം ഞങ്ങൾ ആന്ധ്രയിലേയ്ക്കുതന്നെയാണ് പോയത്. ആ സമയത്ത് 9,500 രൂപ അഡ്വാൻസായി കിട്ടിയിരുന്നു," അവർ പറയുന്നു. പിന്നീടുള്ള നാല് വർഷവും അവർ അവിടേയ്ക്കുതന്നെ തിരികെ പോയിക്കൊണ്ടിരുന്നു. ഇതിനിടയിൽ അഡ്വാൻസ് തുക പതിയെ വർധിച്ച് കുടുംബാംഗങ്ങൾക്കെല്ലാവർക്കും 15,000 രൂപയാകുകയും ചെയ്തു.

ചെന്നൈയിലേക്ക് പോകുമ്പോഴാണ് അവർക്ക് ഏറ്റവും കൂടുതൽ പണം ലഭിച്ചിരുന്നത് - 2019-ൽ 25,000 രൂപ അഡ്വാൻസായി അവർക്ക് കിട്ടി. ചെന്നൈയിൽ ജോലി ചെയ്യവേ, ഓരോ 1,000 ഇഷ്ടികയ്ക്കും ഒരു കൂട്ടം തൊഴിലാളികൾക്ക് 350 രൂപവെച്ച് ലഭിച്ചിരുന്നു. ഇത്തരത്തിൽ ഒരാഴ്ച കൊണ്ട് നാല് തൊഴിലാളികൾ അടങ്ങുന്ന ഒരു സംഘത്തിന് 1,000 - 1,500 രൂപ സമ്പാദിക്കാനാകും.

ആഴ്ചതോറും ലഭിച്ചിരുന്ന ഈ ശമ്പളത്തിൽനിന്നാണ് അവർ ഭക്ഷണസാധനങ്ങളും സോപ്പും ഷാംപൂവും മറ്റ് സാധനങ്ങളുമെല്ലാം വാങ്ങിച്ചിരുന്നത്. "അഡ്വാൻസ് തന്ന വകയിൽ കുറച്ച് തുക പിടിച്ച്, ബാക്കിയുള്ള പണമാണ് സൂപ്പർവൈസർ ഞങ്ങൾക്ക് ശമ്പളമായി തന്നിരുന്നത്," നമനി വിശദീകരിച്ചു. അഡ്വാൻസ് തുക മുഴുവൻ ഈടാക്കുന്നതുവരെ ഈ പിടുത്തം തുടരുകയും ചെയ്യും.

പിടുത്തമെല്ലാം കഴിച്ച് ഒടുവിൽ മിക്ക തൊഴിലാളികൾക്കും 100 രൂപയിൽ താഴെ മാത്രമാണ് ലഭിക്കുക. നിർമ്മാണമേഖലയിലെ അവിദഗ്ധ തൊഴിലാളികൾക്ക് നിശ്ചയിച്ചിട്ടുള്ള മിനിമം വേതനത്തിന്റെ പകുതിയിൽത്താഴെ മാത്രമാണ് ഈ തുക. ചെന്നൈപോലുള്ള നഗരപ്രദേശങ്ങളിൽ ഇഷ്ടിക നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഒരു ദിവസം 610 രൂപ (ഓരോ ആയിരം ഇഷ്ടികയ്ക്കും) ശമ്പളമായി കൊടുക്കണമെന്നാണ് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലെ ചീഫ് ലേബർ കമ്മീഷണറുടെ ഓഫീസ് നിഷ്ക്കർഷിക്കുന്നത്.

നൃപയ്ക്കും കുടുംബത്തിനും ലഭിച്ചിരുന്ന ശമ്പളം മേൽപ്പറഞ്ഞ തൊഴിൽനിയമങ്ങളുടെ നഗ്നമായ ലംഘനത്തിന്റെ സാക്ഷ്യമാണ്.

Namani holding a labour card issued by the Balangir district labour office. It has been more than a year since her husband died and Namani is struggling to get the death benefits that his family are entitled to under the Odisha Building and other Construction Workers Act, 1996
PHOTO • Anil Sharma
It has been more than a year since her husband died and Namani is struggling to get the death benefits that his family are entitled to under the Odisha Building and other Construction Workers Act, 1996
PHOTO • Anil Sharma

ബലംഗീർ ജില്ലാ ലേബർ ഓഫീസിൽനിന്ന് അനുവദിച്ച ലേബർ കാർഡുമായി നമനി. ഭർത്താവ് മരണപ്പെട്ട് ഒരു വർഷത്തിലേറെ പിന്നിട്ടിട്ടും, 1996-ലെ ഒഡീഷ ബിൽഡിങ് ആൻഡ് അതർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ആക്ടിന് കീഴിൽ അദ്ദേഹത്തിന് അർഹതപ്പെട്ട മരണാനന്തര നഷ്ടപരിഹാരം നേടിയെടുക്കാൻ പാടുപെടുകയാണ് നമനി

കെട്ടിട നിർമ്മാണത്തിലും മറ്റ് നിർമ്മാണത്തൊഴിലുകളിലും ഏർപ്പെട്ടിരിക്കുന്ന ഭൂരിഭാഗം ഒഡിയ അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളികളും 1996-ലെ ഒഡീഷ ബിൽഡിങ് ആൻഡ് അതർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ആക്ടിന് കീഴിൽ ഗുണഭോക്താക്കളായി രജിസ്റ്റർ ചെയ്തിട്ടില്ല. നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവുമടക്കമുള്ള ക്ഷേമപ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിയമമാണിത്.

ഈ നിയമം അനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കാനായി നൃപ സ്വയം രജിസ്റ്റർ ചെയ്തിരുന്നെങ്കിലും വ്യവസ്ഥകളിലെ ഒരു പഴുത് ആയുധമാക്കി അദ്ദേഹത്തിന്റെ കുടുംബത്തെ ശിക്ഷിക്കുകയാണ് അധികാരികൾ. ഗുണഭോക്താവായി രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു തൊഴിലാളിക്ക് മേൽപ്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ, ആ വ്യക്തി തുടർച്ചയായി മൂന്ന് വർഷം നിർദ്ദിഷ്ട ഫണ്ടിലേക്ക് 50 രൂപ വീതം സംഭാവന ചെയ്യണമെന്നാണ് ചട്ടം. തൊഴിൽവകുപ്പിന്റെ ബലംഗീറിലുള്ള ജില്ലാ ഓഫീസിലാണ് ഈ തുക അടയ്‌ക്കേണ്ടത്. നൃപയുടെ വീടിരിക്കുന്ന, ബലംഗീർ ജില്ലയിൽത്തന്നെയുള്ള ഹിയാൽ ഗ്രാമത്തിൽനിന്ന് 80 കിലോമീറ്റർ അകലെയാണ് ഈ ഓഫീസ്.

2022 മെയ് 1-നു ശേഷം, ഈ പ്രക്രിയ ഓൺലൈനായി ചെയ്യാനുള്ള സംവിധാനം നിലവിൽ വന്നിരുന്നു. ചെന്നൈയിലേക്ക് പോകുന്നതിന് തൊട്ടുമുൻപാണ് നൃപയ്ക്ക് ലേബർ കാർഡ് ലഭിച്ചത്. അതിനുശേഷം ലോക്ക്ഡൗണും അസുഖവുമെല്ലാം മൂലം ജില്ലാ ഓഫീസുവരെ യാത്ര ചെയ്ത് പണം അടയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചതുമില്ല. ഇന്ന്, തങ്ങൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ഏറെ ബുദ്ധിമുട്ടുകയാണ് അദ്ദേഹത്തിന്റെ കുടുംബം.

ബലംഗീർ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർക്ക് ഈ ലേഖകൻ കത്തയക്കുകയും കലക്ടറുടെ ഔദ്യോഗിക വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. നമനിക്കും കുടുംബത്തിനും ഒഡീഷ ബിൽഡിങ് ആൻഡ് അതർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ആക്ടിന് കീഴിൽ അർഹതപ്പെട്ട ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതുവരെ കളക്ടറുടെ പ്രതികരണം ലഭിച്ചിട്ടില്ല.

പരിഭാഷ: പ്രതിഭ ആര്‍. കെ .

Anil Sharma

ಅನಿಲ್ ಶರ್ಮಾ ಒಡಿಶಾದ ಕಾಂತಾಬಂಜಿ ಪಟ್ಟಣದ ವಕೀಲರು ಮತ್ತು ಭಾರತ ಸರ್ಕಾರದ ಗ್ರಾಮೀಣಾಭಿವೃದ್ಧಿ ಸಚಿವಾಲಯದ ಪ್ರಧಾನ ಮಂತ್ರಿ ರೂರಲ್‌ ಡೆವಲಪ್ಮೆಂಟ್ ಫೆಲೋಸ್ ಯೋಜನೆಯ ಮಾಝಿ ಫೆಲೋ.

Other stories by Anil Sharma
Editor : S. Senthalir

ಸೆಂದಳಿರ್ ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದಲ್ಲಿ ಸಹಾಯಕ ಸಂಪಾದಕರು. ಅವರು ಲಿಂಗ, ಜಾತಿ ಮತ್ತು ಶ್ರಮದ ವಿಭಜನೆಯ ಬಗ್ಗೆ ವರದಿ ಮಾಡುತ್ತಾರೆ. ಅವರು 2020ರ ಪರಿ ಫೆಲೋ ಆಗಿದ್ದರು

Other stories by S. Senthalir
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.