സംസാരിക്കുമ്പോൾപോലും മുഹമ്മദ് അസ്ഗറിന്റെ കൈകൾ യന്ത്രത്തിന്റെ കൃത്യതയോടെ ജോലി ചെയ്തുകൊണ്ടിരിക്കുന്നു.

"അല്പനിമിഷത്തേക്ക് എന്റെ കൈകൾ ജോലി നിർത്തിയാൽപ്പോലും ഇതുവരെ ചെയ്തതെല്ലാം വെറുതെയാകും," മൂന്ന് നൂറ്റാണ്ട് പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഒരു കരവിരുത് ചെയ്തുവരുന്ന ആ 40 വയസ്സുകാരൻ പറയുന്നു.

ഒരു പതിറ്റാണ്ടോളമായി, ചാപ്പ കാരിഗാർ (കൈകൊണ്ട് ബ്ലോക്ക് പ്രിന്റിംഗ് ചെയ്യുന്ന കൈപ്പണിക്കാരൻ) ആയി ജോലി ചെയ്യുകയാണ് അസ്ഗർ. തടിയിൽ തീർത്ത ബ്ലോക്കുകൾ ചായത്തിൽ മുക്കി വസ്ത്രത്തിൽ ഡിസൈനുകൾ പതിപ്പിക്കുന്ന മറ്റ് ബ്ലോക്ക് പ്രിന്റിംഗ്‌ കൈപ്പണിക്കാരിൽനിന്ന് വ്യത്യസ്തമായി, വളരെയധികം നേർത്ത ഒരു അലുമിനിയം പാളി ഉപയോഗിച്ചാണ് അസ്ഗർ പൂവുകളുടെയും മറ്റ് ഡിസൈനുകളുടെയും ലോഹത്തിൽ തീർത്ത മാതൃകകൾ വസ്ത്രത്തിൽ പതിപ്പിക്കുന്നത്.

സാരികൾ, ശരാരകൾ, ലെഹങ്കകൾ എന്നിങ്ങനെ സ്ത്രീകൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളിൽ തബക് എന്നറിയപ്പെടുന്ന ഈ നേർത്ത അലുമിനിയം പാളി പതിപ്പിക്കുന്നതോടെ, അവയ്ക്ക് പൊലിമയും തിളക്കവും ലഭിക്കുന്നു. സാധാരണ വസ്ത്രങ്ങൾക്ക് ആഘോഷഛായ പകരാൻ സഹായിക്കുന്ന, സങ്കീർണ്ണമായ ഡിസൈനുകൾ കൊത്തിയ ഡസൻ കണക്കിന് തടി അച്ചുകൾ അസ്ഗറിന്റെ പുറകിലുള്ള അലമാരയിൽ കാണാനാകും.

Mohammad Asghar (left) is a chhapa craftsman during the wedding season. The rest of the year, when demand shrinks, he works at construction sites. He uses wooden moulds (right) to make attractive designs on clothes that are worn on festive occasions, mostly weddings of Muslims in Bihar's Magadh region
PHOTO • Shreya Katyayini
Mohammad Asghar (left) is a chhapa craftsman during the wedding season. The rest of the year, when demand shrinks, he works at construction sites. He uses wooden moulds (right) to make attractive designs on clothes that are worn on festive occasions, mostly weddings of Muslims in Bihar's Magadh region
PHOTO • Shreya Katyayini

വിവാഹസീസണിൽ മുഹമ്മദ് അസ്ഗർ (ഇടത്) ഒരു ചാപ്പ കൈപ്പണിക്കാരനായി ജോലി ചെയ്യുന്നു. മറ്റ് മാസങ്ങളിൽ, ഈ കരവിരുതിന് ആവശ്യക്കാർ കുറയുമ്പോൾ അദ്ദേഹം കെട്ടിടനിർമ്മാണപ്പണിക്ക് പോകും. ആഘോഷവേളകളിൽ, പ്രധാനമായും ബീഹാറിലെ മഗധ് പ്രദേശത്ത് താമസിക്കുന്ന മുസ്ലീങ്ങൾ വിവാഹവേളയിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങളിൽ, അദ്ദേഹം തടിയിൽ തീർത്ത അച്ചുകൾ (വലത്) ഉപയോഗിച്ച് ആകർഷകമായ ഡിസൈനുകൾ പതിപ്പിക്കുന്നു

ബീഹാറിലെ നളന്ദ ജില്ലയിലുള്ള ബീഹാർഷരീഫ് പട്ടണത്തിൽ അര ഡസൻ ചാപ്പ കടകളുണ്ട്. ചാപ്പ കൈപ്പണി ചെയ്ത വസ്ത്രങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളെപ്പോലെത്തന്നെ ചാപ്പ കൈപ്പണിക്കാരും കൂടുതലും മുസ്ലീങ്ങളാണ്. ബീഹാറിൽ ഇവർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വർഗ്ഗമായി (ഇ.ബി.സി-സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ) പട്ടികപ്പെടുത്തിയിട്ടുള്ള രംഗ്റേസ് (തുണികളിൽ ചായം അടിക്കുന്നവർ) ജാതിവിഭാഗക്കാരാണ്. ബീഹാർ സർക്കാർ അടുത്തിടെ നടത്തിയ ജാതി കണക്കെടുപ്പനുസരിച്ച്, ഈ ജാതിവിഭാഗത്തിൽപ്പെട്ട 43,347 പേരാണ് സംസ്ഥാനത്തുള്ളത്.

"മുപ്പത് വർഷം മുൻപ് എനിക്ക് വേറെ ജോലിയൊന്നും ലഭിക്കാതിരുന്നപ്പോഴാണ് ഞാനിത് ചെയ്യാൻ തുടങ്ങിയത്," പപ്പു പറയുന്നു. "എന്റെ അമ്മയുടെ അച്ഛൻ ചാപ്പ ചെയ്യുമായിരുന്നു. അദ്ദേഹത്തിൽനിന്നാണ് ഞാൻ ഈ ജോലി പഠിച്ചത്. അദ്ദേഹം ഇത് ചെയ്ത് കാലം കഴിച്ചതുപോലെ ഇപ്പോൾ ഞാനും കാലം കഴിക്കുകയാണ്," ബീഹാറിന്റെ തലസ്ഥാനമായ പട്നയിലെ തിരക്കേറിയതും ജനസാന്ദ്രതയേറിയതുമായ സബ്‌സിബാഗ് പ്രദേശത്ത് കഴിഞ്ഞ 30 വർഷമായി ചാപ്പ വസ്ത്രങ്ങൾ വിൽക്കുന്ന കട നടത്തുന്ന ഈ 55 വയസ്സുകാരൻ പറയുന്നു.

എന്നാൽ ഈയിടെയായി ഈ കരവിരുതിന് ആവശ്യക്കാർ കുറയുകയാണെന്ന് അദ്ദേഹം പറയുന്നു: നേരത്തെ പട്നയിൽ 300 കടകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 100 കടകൾ മാത്രമാണ് പ്രവർത്തിക്കുന്നത്." ചാപ്പ പതിപ്പിക്കാൻ ആരും ഇപ്പോൾ വെള്ളിയും സ്വർണവും ഉപയോഗിക്കുന്നില്ലെന്നും അലുമിനിയം അവയുടെ സ്ഥാനം കയ്യടക്കിയെന്നും അദ്ദേഹം പറയുന്നു.

സബ്ജി ബസാറിൽത്തന്നെയുള്ള ഒരു ചെറിയ വർക്ക് ഷോപ്പിൽ ജോലി ചെയ്യുന്ന അസ്ഗറും, 20 വർഷം മുൻപുവരെ ബീഹാർഷരീഫ് പട്ടണത്തിൽത്തന്നെയാണ് തബക് നിർമ്മിച്ചിരുന്നതെന്ന് പറയുന്നു. "നേരത്തെ, തബക് ഇവിടെ നഗരത്തിൽത്തന്നെയാണ് ഉണ്ടാക്കിയിരുന്നത്; എന്നാൽ ഇപ്പോൾ തൊഴിലാളികളുടെ കുറവ് കാരണം തബക് ഇവിടെ ഉണ്ടാക്കുന്നില്ല. ഇപ്പോൾ പട്നയിൽനിന്നാണ് അത് കൊണ്ടുവരുന്നത്," അദ്ദേഹം പറയുന്നു.

Left: Pappu inherited chhapa skills from his maternal grandfather, but he he says he will not pass it on to his sons.
PHOTO • Umesh Kumar Ray
Right: Chhapa clothes at Pappu's workshop in the Sabzibagh area of Patna, Bihar. The glue smells foul and the foil comes off after a couple of washes, so the clothes are not very durable
PHOTO • Umesh Kumar Ray

ഇടത്ത്: പപ്പു ചാപ്പ ചെയ്യാൻ പഠിച്ചത് അദ്ദേഹത്തിന്റെ അമ്മയുടെ അച്ഛനിൽനിന്നാണെങ്കിലും, ഈ കഴിവ് താൻ മക്കൾക്ക് കൈമാറുകയില്ലെന്ന് അദ്ദേഹം ആണയിടുന്നു. വലത്ത്: ബീഹാറിലെ പട്നയിലുള്ള സബ്‌സിബാഗ് പ്രദേശത്ത് പ്രവർത്തിക്കുന്ന പപ്പുവിന്റെ വർക്ക് ഷോപ്പിലെ ചാപ്പ പതിച്ച വസ്ത്രങ്ങൾ. ചാപ്പ പതിപ്പിക്കാൻ ഉപയോഗിക്കുന്ന പശയ്ക്ക് ദുർഗന്ധം ഉള്ളതിനാലും, ഒന്നുരണ്ട് തവണ അലക്കുമ്പോൾത്തന്നെ ലോഹത്തിന്റെ പാളി ഇളകിവരുമെന്നതിനാലും ഇത്തരം വസ്ത്രങ്ങൾ അധികകാലം ഈടുനിൽക്കുകയില്ല

ചാപ്പ പ്രകടനത്തിലെ പ്രധാന താരം തബക് ആണ്; ചെറിയ കാറ്റടിച്ചാൽപ്പോലും പറന്നു പോകുന്നത്ര നേർത്തതായ തബക്, അസ്ഗറിന്റെ മുഖത്തും വസ്ത്രങ്ങളിലും പറ്റിപ്പിടിച്ചിരിപ്പുണ്ട്. ഓരോ ദിവസത്തെ ജോലി അവസാനിക്കുമ്പോഴും അദ്ദേഹം ഇത് തട്ടിക്കളയുകയും കൈകളിൽ മുഴുവൻ പറ്റിപ്പിടിച്ചിരിക്കുന്ന പശ കഴുകി വൃത്തിയാക്കുകയും ചെയ്യും. "കയ്യിൽനിന്ന് പശ നീക്കം ചെയ്യാൻ രണ്ട് മണിക്കൂറെടുക്കും. ചൂടുവെള്ളം ഉപയോഗിച്ചാണ് ഞാൻ ഇത് ചെയ്യുന്നത്," അദ്ദേഹം പറയുന്നു.

"പശ പെട്ടെന്ന് ഉണങ്ങിപ്പോകുമെന്നതുകൊണ്ട് ഇതിലെ പ്രക്രിയകളെല്ലാം വേഗത്തിൽ ചെയ്യേണ്ടതുണ്ട്," ചാപ്പ പതിപ്പിക്കുന്നതിന്റെ ഓരോ ഘട്ടങ്ങളും ഞങ്ങൾക്ക് കാണിച്ചുതരുന്നതിനിടെ അസ്ഗർ പറയുന്നു. ഒരു തകരപ്പാത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന പശയിൽനിന്ന് കുറച്ചെടുത്ത് ഇടത് കൈത്തലത്തിൽ തിരുമ്മിയാണ് അദ്ദേഹം ജോലി ആരംഭിക്കുന്നത്. കൈത്തലമാകെ പശ പുരട്ടിയതിനുശേഷം, അദ്ദേഹം തടിയിൽ തീർത്ത, പൂവിന്റെ ആകൃതിയുള്ള അച്ച് പശ പിടിപ്പിക്കുന്നതിനായി കൈത്തലത്തിൽവെച്ച് കറക്കുകയും പിന്നാലെ പശയോടെ അച്ച് തുണിയിൽ പതിപ്പിക്കുകയും ചെയ്യുന്നു.

അടുത്തതായി, അദ്ദേഹം ഒട്ടും സമയം പാഴാക്കാതെ ഒരു പേപ്പർ വെയ്റ്റിന് കീഴിൽ വെച്ചിരിക്കുന്ന, നേർത്ത പാളികളിലൊരെണ്ണം സാവധാനം പുറത്തെടുത്ത്, അത് നേരത്തെ തുണിയിൽ അച്ച് വെച്ചതിന്റെ മുകളിലായി പതിപ്പിക്കുന്നു. തുണിയിലുള്ള പശ, അച്ചിന്റെ ഡിസൈനിൽ ലോഹപ്പാളി പതിയാൻ സഹായിക്കും.

പാളി തുണിയിൽ പതിഞ്ഞതിനുശേഷം, അത് പൂർണ്ണമായും ഒട്ടിപ്പിടിക്കുന്നതുവരെ കട്ടിയുള്ള തുണികൊണ്ട് അമർത്തുന്നു. "തബക് നല്ലപോലെ പശയിൽ ഒട്ടുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്," അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഏറെ സൂക്ഷ്മതയോടെ ചെയ്യേണ്ട ഈ പ്രവൃത്തി ഞൊടിയിടയിൽ പൂർത്തിയാകുന്നതോടെ, ക്ഷണനേരംകൊണ്ട് തുണിയിൽ, തിളങ്ങുന്ന, വൃത്താകൃതിയിലുള്ള രൂപം തെളിയുന്നു. പുതുതായി ചാപ്പ പതിപ്പിച്ച തുണി പശ നേരെ ഉണങ്ങുവാനും പാളി നല്ലവണ്ണം പതിയുവാനുമായി കുറഞ്ഞത് ഒരു മണിക്കൂർ നേരത്തേയ്ക്കെങ്കിലും വെയിലത്ത് വെക്കേണ്ടതുണ്ട്.

ഇടതടവില്ലാതെ ജോലി തുടരുകയാണ് നികൈപ്പണിക്കാരൻ. ഇപ്പോൾ അദ്ദേഹം ചാപ്പ പതിപ്പിക്കുന്ന ചുവന്ന വസ്ത്രത്തിന് ദൽദാഖാൻ - മുളങ്കൂടകൾ മൂടാൻ ഉപയോഗിക്കുന്ന തുണി  - എന്നാണ് പേര്.

Left: Mohammad Asghar rubs the glue kept in a tin pot onto his left palm. Due to continuous application, a thick layer of glues sticks to the palm and takes him two hours to remove.
PHOTO • Shreya Katyayini
Right: He rotates the wooden flower mould on his palm to soak up the glue
PHOTO • Shreya Katyayini

ഇടത്ത്: ഒരു തകരപ്പാത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന പശ അൽ‌പ്പമെടുത്ത് മുഹമ്മദ് അസ്ഗർ ഇടത് കൈത്തലത്തിൽ തിരുമ്മുന്നു. തുടർച്ചയായി പുരട്ടുന്നതുമൂലം, കൈത്തലത്തിൽ കട്ടിയിൽ പറ്റിപ്പിടിക്കുന്ന പശ നീക്കംചെയ്യാൻ രണ്ട് മണിക്കൂറെടുക്കും. വലത്ത്: തടിയിൽ തീർത്ത, പൂവിന്റെ ആകൃതിയിലുള്ള അച്ചിൽ പശ പിടിക്കുന്നതിനായി അദ്ദേഹം അത് കൈത്തലത്തിൽ വട്ടത്തിൽ ചുറ്റുന്നു

Left: Asghar stamps the sticky mould onto the cloth. Then he carefully pastes the foil sheet on the stamped part and further presses down with a pad until it is completely stuck.
PHOTO • Shreya Katyayini
Right: The delicate process is performed swiftly and the design appears on the cloth which now has to be laid out to dry in the sun
PHOTO • Shreya Katyayini

ഇടത്ത്: പശ തേച്ചുപിടിപ്പിച്ച അച്ച് അസ്ഗർ തുണിയിൽ പതിപ്പിക്കുന്നു. അടുത്തതായി അദ്ദേഹം ഏറെ സൂക്ഷ്മതയോടെ ലോഹപ്പാളി അതിന്മേൽ പതിപ്പിക്കുകയും അത് പൂർണ്ണമായും ഒട്ടുന്നതുവരെ കട്ടിയുള്ള ഒരു തുണികൊണ്ട് അമർത്തിപ്പിടിക്കുകയും ചെയ്യുന്നു. വലത്ത്: ഏറെ സൂക്ഷമതയോടെ ചെയ്യേണ്ടുന്ന ഈ പ്രവൃത്തി ദ്രുതഗതിയിൽ പൂർത്തിയാകുന്നതോടെ തുണിയിൽ ഡിസൈൻ തെളിയുകയും ഉണങ്ങാൻ വെയിലത്ത് വെക്കുകയും ചെയ്യുന്നു

10-12 സ്‌ക്വയർ സെന്റീമീറ്റർ വീതം വിസ്‌തീർണമുള്ള, അലുമിനിയം ലോഹപ്പാളികളുടെ ഷീറ്റ് 400 എണ്ണത്തിന് 400 രൂപയാണ് വില, ഒരു കിലോ പശയ്ക്ക് 100 മുതൽ 150 രൂപയാകും. "ചാപ്പ ചെയ്യുന്നതോടെ തുണിയുടെ വിലയിൽ 700 -800 രൂപയുടെ വർദ്ധനവുണ്ടാകും," ചാപ്പ ചെയ്ത വസ്ത്രങ്ങൾ വിൽക്കുന്ന കട നടത്തുന്ന പപ്പു (ഈ പേര് മാത്രം ഉപയോഗിക്കാനാണ് അദ്ദേഹം താത്പര്യപ്പെടുന്നത്) പറയുന്നു. "എന്നാൽ വസ്ത്രങ്ങൾ വാങ്ങാനെത്തുന്നവർ അധികം പണം നൽകാൻ തയ്യാറാകില്ല."

ബീഹാറിലെ മുസ്ലിം സമുദായക്കാർ -  പ്രത്യേകിച്ചും സംസഥാനത്തിന്റെ തെക്കൻ പ്രദേശമായ മഗധയിൽനിന്നുള്ള മുസ്‌ലിം സമുദായക്കാർ  അവരുടെ വിവാഹങ്ങളിൽ പരമ്പരാഗതമായി ചാപ്പ വസ്ത്രങ്ങൾ ഉപയോഗിച്ചുവരുന്നു. വിവാഹവുമായി ബന്ധപ്പെട്ട ചില ചടങ്ങുകളിൽ ചാപ്പ വസ്ത്രം ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് - വധുവിന്റെ സാമൂഹികപശ്ചാത്തലം എന്തുതന്നെയായാലും, അവളും കുടുംബവും വിവാഹത്തിന് ചാപ്പ പതിപ്പിച്ച സാരിയും വിവാഹ വസ്ത്രങ്ങളും അണിയണമെന്നത് നിർബന്ധമാണ്.

ചാപ്പ വസ്ത്രങ്ങൾക്ക് സാംസ്‌കാരിക പ്രാധാന്യമുണ്ടെങ്കിലും, അവ അധികനേരം ധരിക്കേണ്ടതില്ല. "ചാപ്പ ചെയ്യാൻ ഉപയോഗിക്കുന്ന പശയ്ക്ക് കടുത്ത ദുർഗന്ധമാണ്. അത് കൂടാതെ, ചാപ്പ ചെയ്യുമ്പോൾ ഡിസൈനുകൾ ഏറെ ദുർബലമായാണ് പതിയുന്നത് എന്നത് കൊണ്ടുതന്നെ ഒന്നുരണ്ട് തവണ അലക്കുമ്പോഴേക്കും അലുമിനിയം പാളി മുഴുവനായും ഇളകിവരും," പപ്പു പറയുന്നു.

മൂന്ന്-നാല് മാസം നീളുന്ന വിവാഹസീസൺ അവസാനിക്കുന്നതോടെ, ചാപ്പ മേഖല നിശ്ചലമാവുകയും കൈപ്പണിക്കാർ മറ്റ് ജോലികൾ അന്വേഷിക്കാൻ തുടങ്ങുകയും ചെയ്യും.

Mohammad Reyaz (wearing glasses) works as a chhapa karigar in Pappu’s shop. He is also a plumber and a musician and puts these skills to use when chhapa work is not available
PHOTO • Umesh Kumar Ray
Mohammad Reyaz (wearing glasses) works as a chhapa karigar in Pappu’s shop. He is also a plumber and a musician and puts these skills to use when chhapa work is not available
PHOTO • Umesh Kumar Ray

മുഹമ്മദ് റെയാസ് (കണ്ണട ധരിച്ചയാൾ) പപ്പുവിന്റെ കടയിൽ ചാപ്പ കൈപ്പണിക്കാരനായി ജോലി ചെയ്യുന്നു. സംഗീതജ്ഞനും പ്ലംബിംഗ് തൊഴിലാളിയുംകൂടിയായ അദ്ദേഹം ചാപ്പ ജോലി ലഭ്യമല്ലാത്തപ്പോൾ ഈ കഴിവുകൾ ഉപയോഗിച്ചാണ് ഉപജീവനം കണ്ടെത്തുന്നത്

"ഞാൻ ഒരു ദിവസം കടയിൽ എട്ടുമുതൽ പത്തുമണിക്കൂർവരെ ജോലി ചെയ്ത് മൂന്ന് സാരികളിൽ ചാപ്പ ജോലി പൂർത്തിയാക്കും," അസ്ഗർ പറയുന്നു. 'ഈ ജോലിയ്ക്ക് എനിക്ക് ഒരുദിവസം 500 രൂപ ലഭിക്കുമെങ്കിലും, വർഷത്തിൽ മൂന്നോ നാലോ മാസം മാത്രമേ ഈ ജോലി ഉണ്ടാവുകയുള്ളൂ. ചാപ്പ ജോലി ഇല്ലാത്ത സമയത്ത് ഞാൻ കെട്ടിടം പണി ചെയ്താണ് ഉപജീവനം കണ്ടെത്തുന്നത്."

ബീഹാർഷരീഫ് പട്ടണത്തിലുള്ള അസ്ഗറിന്റെ വീട്, അദ്ദേഹം രാവിലെ 10 മണിമുതൽ രാത്രി 8 മണിവരെ ജോലി ചെയ്യുന്ന വർക്ക് ഷോപ്പിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയാണ്. "പണം ലാഭിക്കാനായി, ഉച്ചയ്ക്ക് എന്റെ മകൻ വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കൊണ്ടുവന്നുതരും," അദ്ദേഹം പറയുന്നു.

ഇടക്കാലത്ത് ഒരു അഞ്ച് വർഷം, അസ്ഗർ ഡൽഹിയിലേക്ക് കുടിയേറി കെട്ടിട നിർമ്മാണമേഖലയിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ അദ്ദേഹം ഭാര്യയ്ക്കും 14-ഉം 16-ഉം വയസ്സുള്ള സ്കൂൾ വിദ്യാർത്ഥികളായ രണ്ട് ആൺമക്കൾക്കുമൊപ്പം ഇവിടെത്തന്നെയാണ് താമസം. ബീഹാർഷരീഫിൽ ലഭിക്കുന്ന വരുമാനത്തിൽ താൻ സംതൃപ്തനാണെന്ന് അസ്ഗർ പറയുന്നു; കുടുംബത്തോടൊപ്പം താമസിക്കാമെന്ന മെച്ചവുമുണ്ട്. "എനിക്ക് ഇവിടെത്തന്നെ ജോലി ലഭിക്കുന്നുണ്ടെന്നിരിക്കെ, ഞാൻ എന്തിനാണ് പുറത്തേക്ക് പോകുന്നത്?" അദ്ദേഹം ഈ ലേഖകനോട് ചോദിക്കുന്നു.

മുഹമ്മദ് റെയാസ് പപ്പുവിന്റെ കടയിൽ ചാപ്പ കൈപ്പണിക്കാരനായി ജോലി ചെയ്യുകയാണ്. ചാപ്പ ചെയ്യുന്ന പണി ഇല്ലാത്ത സമയത്ത് ജീവനോപാധിക്ക് ഈ 65 വയസ്സുകാരൻ മറ്റ് കഴിവുകൾ വിനിയോഗിക്കുന്നു. "ചാപ്പ ജോലി ഇല്ലാത്തപ്പോൾ ഞാൻ ഒരു (സംഗീത) ബാൻഡിന്റെ കൂടെ ജോലി ചെയ്യും. ഇതിനുപുറമേ, എനിക്ക് പ്ലംബിങ് ജോലിയും അറിയാം. ഈ ജോലികൾകൊണ്ട് ഞാൻ വർഷം മുഴുവൻ പിടിച്ചുനിൽക്കും."

പപ്പു പറയുന്നത് തനിക്ക് ഈ ജോലിയിൽനിന്ന് ലഭിക്കുന്ന വരുമാനം തീർത്തും അപര്യാപ്തമാണെന്നും ഭാര്യയും ഏഴിനും 16-നും ഇടയിൽ പ്രായമുള്ള മൂന്ന് മക്കളും ഉൾപ്പെടുന്ന കുടുംബം പുലർത്താൻ താൻ ബുദ്ധിമുട്ടുകയാണെന്നുമാണ്.  "ഇതിൽനിന്ന് കാര്യമായ വരുമാനമൊന്നുംതന്നെ ഇല്ലെന്ന് പറയാം. നാളിതുവരെയും ഒരു ചാപ്പ വസ്ത്രത്തിൽനിന്ന് എത്രയാണ് ലാഭം കിട്ടുന്നതെന്ന് കണക്കാക്കാൻ എനിക്ക് സാധിച്ചിട്ടില്ല. എങ്ങനെയൊക്കെയോ ഞാൻ കുടുംബത്തിന് ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്നുവെന്ന് മാത്രം," അദ്ദേഹം പറയുന്നു.

ഇത്രയും വരുമാന അസ്ഥിരതയുള്ള ഒരു കരവിരുത് മക്കൾക്ക് കൈമാറാൻ അദ്ദേഹത്തിന് താത്പര്യമില്ല. "എന്റെ മക്കളും ഈ ജോലി ചെയ്യണമെന്ന് ആഗ്രഹിക്കാൻ എനിക്ക് ഭ്രാന്തൊന്നുമില്ല."

The star of the chhapa show is tabak (aluminium foil), so fine that it starts flying in the slightest breeze, some of it sticking to the craftsmen's face and clothes
PHOTO • Umesh Kumar Ray


ചാപ്പ പ്രകടനത്തിലെ പ്രധാന താരം തബക് ആണ്; ചെറിയ കാറ്റടിച്ചാൽപ്പോലും പറന്നുപോകുന്നത്ര നേർത്തതായ തബക്, അസ്ഗറിന്റെ മുഖത്തും വസ്ത്രങ്ങളിലും പറ്റിപ്പിടിച്ചിരിപ്പുണ്ട്

*****

ചാപ്പ കരവിരുതിന്റെ ചരിത്രം എന്താണെന്നോ ബീഹാറി മുസ്ലീങ്ങളുടെ സംസ്കാരത്തിൽ അതിന് ഇത്രയും പ്രധാനപ്പെട്ട സ്ഥാനം ലഭിച്ചത് എങ്ങനെയെന്നോ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ബ്രിട്ടീഷ് ഇന്ത്യയിൽ ശസ്ത്രക്രിയാ വിദഗ്ധനും സർവ്വേയറുമായിരുന്ന ഫ്രാൻസിസ് ബുക്കാനൻ, ബീഹാറിൽ കൈകൊണ്ട് ബ്ലോക്ക് പ്രിന്റിംഗ് ചെയ്യുന്ന കൈപ്പണിക്കാരെ 'ചാപ്പാഗർ' എന്നാണ് വിശേഷിപ്പിച്ചത്. "മുസ്‌ലിം വിവാഹങ്ങളിൽ ചാപ്പ ചെയ്ത വസ്ത്രങ്ങൾ ധരിക്കുന്ന സംസ്കാരം എങ്ങനെയാണ് ബീഹാറിൽ എത്തിയതെന്ന് കണ്ടെത്തുക ബുദ്ധിമുട്ടാണ്. എന്നാൽ ബീഹാറിലെ മഗധ പ്രദേശത്ത് താമസിക്കുന്ന മുസ്ലീങ്ങളുടെ ഇടയിലാണ് ഈ സംസ്കാരം കൂടുതലും കണ്ടുവരുന്നത് എന്നതിനാൽ, അവിടെയാണ് അത് ഉടലെടുത്തത് എന്ന് വിശ്വസിക്കപ്പെടുന്നു," പട്ന ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചരിത്രകുതുകിയായ ഉമർ അഷ്‌റഫ് പറയുന്നു.

ബീഹാറിലെ മുസ്ലീങ്ങളുടെ നഷ്ടപ്പെട്ടുപോയ സംസ്കാരവും പൈതൃകവും രേഖപ്പെടുത്തുന്ന ഹെറിറ്റേജ് ടൈംസ് എന്ന വെബ് പോർട്ടലും ഒരു ഫെയിസ്ബുക്ക് പേജും അഷ്‌റഫ് കൈകാര്യം ചെയ്യുന്നുണ്ട്.

12-ആം നൂറ്റാണ്ടിൽ മഗധ പ്രദേശത്തേക്ക് കുടിയേറിയെത്തിയ മുസ്ലീങ്ങളാണ് ഇവിടെ ഈ കരവിരുത് പ്രചരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. "വിവാഹങ്ങളിൽ ചാപ്പ വസ്ത്രങ്ങൾ ധരിക്കുന്ന സമ്പ്രദായം അവർ മുറുകെപ്പിടിക്കുകയും മഗധയിൽ അത് തുടരുകയും ചെയ്തതാകണം," അഷ്‌റഫ് കൂട്ടിച്ചേർക്കുന്നു.

ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും ചാപ്പ സംസ്കാരം പുതുജീവൻ നേടിയിരിക്കുകയാണ്. യൂറോപ്പിലും അമേരിക്കയിലും കാനഡയിലും മറ്റ് രാജ്യങ്ങളിലും സ്ഥിരതാമസമാക്കിയ ബീഹാറി മുസ്ലീങ്ങൾ ഇന്ത്യയിൽനിന്ന് ചാപ്പ വസ്ത്രങ്ങൾ കൊണ്ടുപോയി അവിടെ നടക്കുന്ന വിവാഹങ്ങളിൽ ധരിക്കുന്നതായി ധാരാളം ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്," അദ്ദേഹം പറയുന്നു.

ബിഹാറിലെ പാർശ്വവത്കൃതരായ ജനങ്ങൾക്കുവേണ്ടി മുൻപന്തിയിൽനിന്ന് പ്രവർത്തിച്ച ഒരു ട്രേഡ് യൂണിയൻ പ്രവർത്തകന്റെ ഓർമ്മയ്ക്കായുള്ള ഫെല്ലോഷിപ്പിന്റെ സഹായത്തോടെ എഴുതിയ റിപ്പോർട്ടാണിത്.

പരിഭാഷ : പ്രതിഭ ആർ . കെ .

Umesh Kumar Ray

ಉಮೇಶ್ ಕುಮಾರ್ ರೇ ಪರಿ ಫೆಲೋ (2022). ಸ್ವತಂತ್ರ ಪತ್ರಕರ್ತರಾಗಿರುವ ಅವರು ಬಿಹಾರ ಮೂಲದವರು ಮತ್ತು ಅಂಚಿನಲ್ಲಿರುವ ಸಮುದಾಯಗಳ ಕುರಿತು ವರದಿಗಳನ್ನು ಬರೆಯುತ್ತಾರೆ.

Other stories by Umesh Kumar Ray
Editors : Priti David

ಪ್ರೀತಿ ಡೇವಿಡ್ ಅವರು ಪರಿಯ ಕಾರ್ಯನಿರ್ವಾಹಕ ಸಂಪಾದಕರು. ಪತ್ರಕರ್ತರು ಮತ್ತು ಶಿಕ್ಷಕರಾದ ಅವರು ಪರಿ ಎಜುಕೇಷನ್ ವಿಭಾಗದ ಮುಖ್ಯಸ್ಥರೂ ಹೌದು. ಅಲ್ಲದೆ ಅವರು ಗ್ರಾಮೀಣ ಸಮಸ್ಯೆಗಳನ್ನು ತರಗತಿ ಮತ್ತು ಪಠ್ಯಕ್ರಮದಲ್ಲಿ ಆಳವಡಿಸಲು ಶಾಲೆಗಳು ಮತ್ತು ಕಾಲೇಜುಗಳೊಂದಿಗೆ ಕೆಲಸ ಮಾಡುತ್ತಾರೆ ಮತ್ತು ನಮ್ಮ ಕಾಲದ ಸಮಸ್ಯೆಗಳನ್ನು ದಾಖಲಿಸುವ ಸಲುವಾಗಿ ಯುವಜನರೊಂದಿಗೆ ಕೆಲಸ ಮಾಡುತ್ತಾರೆ.

Other stories by Priti David
Editors : Sarbajaya Bhattacharya

ಸರ್ಬಜಯ ಭಟ್ಟಾಚಾರ್ಯ ಅವರು ಪರಿಯ ಹಿರಿಯ ಸಹಾಯಕ ಸಂಪಾದಕರು. ಅವರು ಅನುಭವಿ ಬಾಂಗ್ಲಾ ಅನುವಾದಕರು. ಕೊಲ್ಕತ್ತಾ ಮೂಲದ ಅವರು ನಗರದ ಇತಿಹಾಸ ಮತ್ತು ಪ್ರಯಾಣ ಸಾಹಿತ್ಯದಲ್ಲಿ ಆಸಕ್ತಿ ಹೊಂದಿದ್ದಾರೆ.

Other stories by Sarbajaya Bhattacharya
Photographs : Shreya Katyayini

ಶ್ರೇಯಾ ಕಾತ್ಯಾಯಿನಿ ಅವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಚಲನಚಿತ್ರ ನಿರ್ಮಾಪಕರು ಮತ್ತು ಹಿರಿಯ ವೀಡಿಯೊ ಸಂಪಾದಕರಾಗಿದ್ದಾರೆ. ಅವರು ಪರಿಗಾಗಿ ಚಿತ್ರವನ್ನೂ ಬರೆಯುತ್ತಾರೆ.

Other stories by Shreya Katyayini
Photographs : Umesh Kumar Ray

ಉಮೇಶ್ ಕುಮಾರ್ ರೇ ಪರಿ ಫೆಲೋ (2022). ಸ್ವತಂತ್ರ ಪತ್ರಕರ್ತರಾಗಿರುವ ಅವರು ಬಿಹಾರ ಮೂಲದವರು ಮತ್ತು ಅಂಚಿನಲ್ಲಿರುವ ಸಮುದಾಯಗಳ ಕುರಿತು ವರದಿಗಳನ್ನು ಬರೆಯುತ್ತಾರೆ.

Other stories by Umesh Kumar Ray
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.