“അവർ പറയുന്നത്, ഈ സ്ഥലത്ത് നാറ്റമുണ്ട്, വൃത്തിയില്ല, ചവറുകൾ നിറഞ്ഞിരിക്കുന്നു എന്നൊക്കെയാണ്,” റോഡിന്റെ ഇരുവശത്തും നിരന്നിരിക്കുന്ന കച്ചവടക്കാരേയും മീൻ‌പെട്ടികളേയും ചൂണ്ടിക്കൊണ്ട് എൻ. ഗീത രോഷാകുലയാവുന്നു. “ഈ ചവറുകളാണ് ഞങ്ങളുടെ സ്വത്ത്, ഈ നാറ്റം ഞങ്ങളുടെ ഉപജീവനമാണ്. ഇതൊക്കെ വിട്ട് ഞങ്ങളെങ്ങോട്ട് പോവാനാണ്?’ 42 വയസ്സുള്ള അവർ ചോദിക്കുന്നു.

മറീന ബീച്ചിൽ 2.5 കിലോമീറ്റർ നീണ്ടുകിടക്കുന്ന ലൂപ്പ് റോഡിലെ  നൊചികുപ്പം താത്ക്കാലിക മത്സ്യച്ചന്തയിൽ നിൽക്കുകയായിരുന്നു ഞങ്ങൾ. ‘അവർ’ എന്നതുകൊണ്ട്, ഗീത ഉദ്ദേശിച്ചത്, സൌന്ദര്യവത്കരണത്തിന്റെ പേരിൽ ഈ കച്ചവടക്കാരെ ഇവിടെനിന്ന് ഒഴിപ്പിക്കാൻ ശ്രമിക്കുന്ന നിയമസാമാജികരേയും തദ്ദേശഭരണാധികാരികളേയുമാണ്. ഗീതയെപ്പോലെയുള്ള മുക്കുവർക്ക്, നൊചിക്കുപം അവരുടെ ഊരാണ് (ഗ്രാമം). സുനാമികളും കാലവർഷവുമൊക്കെ ഉണ്ടായിട്ടും അവർ ഉപേക്ഷിക്കാതിരുന്ന അവരുടെ സ്വന്തം സ്ഥലം.

ചന്തയിൽ തിരക്കാരംഭിക്കുന്നതിനുമുമ്പ് തന്റെ സ്റ്റോൾ ഒരുക്കുന്ന തിരക്കിലായിരുന്നു രാവിലെ ഗീത. മറിച്ചിട്ട പ്ലാസ്റ്റിക്ക് ട്രേകളുടെ മുകളിൽ ഒരു പ്ലാസ്റ്റിക്ബോർഡ് വെച്ച് ഉണ്ടാക്കിയ താത്ക്കാലിക മേശയിൽ അവർ വെള്ളം തളിക്കുന്നു. ഉച്ചയ്ക്ക് 2 മണിവരെ അവരിവിടെ ഉണ്ടാവും. രണ്ട് പതിറ്റാണ്ട് മുമ്പ് വിവാഹം കഴിഞ്ഞതുമുതൽ അവരിവിടെ മത്സ്യം വിൽക്കുകയാണ്.

എന്നാൽ ഒരുവർഷം മുമ്പ്, 2023 ഏപ്രിൽ 11-ന്, ലൂപ്പ് റോഡിലിരുന്ന് കച്ചവടം ചെയ്യുന്ന അവർക്കും മുന്നൂറോളം മറ്റ് കച്ചവടക്കാർക്കും ഒഴിഞ്ഞുപോകാനുള്ള കടലാസ് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിൽനിന്ന് (ജി.സി.സി.) കിട്ടി. ഒരാഴ്ചയ്ക്കുള്ളിൽ സ്ഥലം ഒഴിപ്പിക്കാൻ ഒരു വിധിയിലൂടെ മദ്രാസ് ഹൈക്കോർട്ട് ജി.സി.സി.ക്ക് നിർദ്ദേശവും നൽകി.

“നിയമങ്ങളെല്ലാം കൃത്യമായി പാലിച്ചുകൊണ്ട് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ എല്ലാ കൈയേറ്റങ്ങളും (മത്സ്യക്കച്ചവടക്കാർ, സ്റ്റാളുകൾ, പാർക്ക് ചെയ്ത വാഹനങ്ങൾ) ഒഴിവാക്കേണ്ടതാണ്. റോഡിന്റെ എല്ലാ ഭാഗങ്ങളും നടപ്പാതയും കൈയേറ്റങ്ങളിൽനിന്ന് വിമുക്തമാക്കാനും, ഗതാഗതവും ആളുകളുടെ സ്വതന്ത്രമായ സഞ്ചാരവും സുഗമമവുമാക്കാൻ പൊലീസ് കോർപ്പറേഷന് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്” എന്ന് കോടതിവിധി സൂചിപ്പിക്കുന്നു.

PHOTO • Abhishek Gerald
PHOTO • Manini Bansal

ഇടത്ത്: നൊചികുപ്പം ചന്തയിൽ തിലാപ്പിയ, അയല, കിളിമീൻ മത്സ്യങ്ങൾ വിൽക്കുന്ന ഗീത. വലത്ത്: നൊചിക്കുപ്പം ചന്തയിലെത്തിയ മത്സ്യങ്ങൾ വേർതിരിക്കുന്ന മുക്കുവർ

PHOTO • Abhishek Gerald
PHOTO • Manini Bansal

ഇടത്ത്: കെട്ടിടത്തിന്റെ അകത്തുനിന്ന് കാണുന്ന പുതിയ മാർക്കറ്റിന്റെ ഒരു ഭാഗം. മധ്യത്തിൽ കാർ പാർക്കിംഗ് ഏരിയ. വലത്ത്: നൊചികുപ്പം ഭാഗത്ത് പാർക്ക് ചെയ്തിട്ടിരിക്കുന്ന 200-ഓളം ബോട്ടുകൾ

എന്നാൽ, മുക്കുവരെ സംബന്ധിച്ചിടത്തോളം, അവരാണ് ആ സ്ഥലത്ത്, ഏറ്റവുമാദ്യം താമസിച്ചിരുന്നവർ, അഥവാ പൂർവകുടി . ചരിത്രപരമായി അവർക്കവകാശപ്പെട്ട സ്ഥലത്തെ നഗരമാണ്  കൈയ്യേറുന്നത്.

ചെന്നൈയോ (മദ്രാസുപോലുമോ) നിർമ്മിക്കപ്പെടുന്നതിന് മുന്നേ, ഈ തീരത്ത് നിന്നാൽ, കടലിൽ കാട്ടുമരങ്ങൾ തത്തിക്കളിക്കുന്നത് കാണാൻ കഴിഞ്ഞിരുന്നു. അരണ്ട വെളിച്ചത്തിൽ, കാറ്റുംകൊണ്ട്, അതിന്റെ ഗന്ധവും ആസ്വദിച്ച്, തിരയിൽ, എക്കൽ (വണ്ട-താന്നി) അടിയുന്നതും കാത്ത് ഇരിക്കാറുണ്ടായിരുന്നു മുക്കുവർ. കാവേരി, കൊള്ളിടം പുഴകളിൽനിന്ന് ഇടയ്ക്കിടയ്ക്ക് ഒഴുക്കിൽ, എക്കൽ തീരത്തടിഞ്ഞിരുന്നു. ഒരുകാലത്ത്, ഒഴുകിയെത്തുന്ന ആ വെള്ളത്തിൽനിന്ന് മീനും സുലഭമായി കിട്ടിയിരുന്നു അവർക്ക്. ഇന്ന് മീനുകൾ അത്രയധികം കിട്ടാറില്ലെങ്കിലും, ചെന്നൈയിലെ മുക്കുവർ ഇപ്പോഴും ബീച്ചിൽ മീനുകൾ വിൽക്കുന്നുണ്ട്.

“മുക്കുവർ ഇന്നും വണ്ട - താന്നി ക്കുവേണ്ടി കാത്തിരിക്കാറുണ്ടെങ്കിലും, അവരുടെ കുപ്പങ്ങളുടെ (കോളനികളുടെ) കേന്ദ്രമായിരുന്ന ചെന്നൈയെക്കുറിച്ചുള്ള ഓർമ്മ മുഴുവൻ, നഗരത്തിലെ മണ്ണും കോൺ‌ക്രീറ്റും മായ്ച്ചുകളഞ്ഞിരിക്കുന്നു” എന്ന് ഊരൂർ ഓൽകോട്ട് കുപ്പത്തെ എസ്. പാളയം എന്ന മുക്കുവൻ നെടുവീർപ്പിടുന്നു. “ആളുകൾ അത് വല്ലതും ഓർക്കുന്നുണ്ടോ?”, നൊചികുപ്പം ചന്തയുടെ അപ്പുറത്തുള്ള പുഴയുടെ മറുകരയിലാണ് പാളയത്തിന്റെ ആ ഗ്രാമം.

മുക്കുവരുടെ ജീവന്റെ ആശ്രയമാണ് കടൽത്തീരത്തെ ചന്ത. ജി.സി.സി. ഉദ്ദേശിക്കുന്നതുപോലെയുള്ള ഒരു സ്ഥലം‌മാറ്റം മറ്റ് നഗരവാസികൾക്ക് ചെറിയൊരു അസൌകര്യം മാത്രമാണ്. എന്നാൽ നൊചികുപ്പത്തെ മാർക്കറ്റിൽ മീൻ വിൽക്കുന്ന മുക്കുവരെ സംബന്ധിച്ചിടത്തോളം, അത് അവരുടെ ഉപജീവനത്തേയും സ്വത്വബോധത്തെയും ബാധിക്കുന്ന ഒന്നാണ്.

*****

മറീന ബീച്ചിനുവേണ്ടിയുള്ള ഈ പോരാട്ടത്തിന് പഴക്കമേറെയുണ്ട്.

ബ്രിട്ടീഷുകാരുടെ കാലം‌‌മുതൽ വരികയും പോവുകയും ചെയ്ത ഓരോ സർക്കാരുകൾക്കും, മറീന ബീച്ചിന്റെ സൌന്ദര്യവത്കരണത്തിൽ അവർ നിർവഹിച്ച പങ്കിനെക്കുറിച്ച് പറയാൻ കഥകളുണ്ട്. നീളത്തിലുള്ള ഒരു കടൽത്തീരം, അതിന്റെ അതിരിലുള്ള പുൽ‌മൈതാനം, വൃത്തിയായി പരിപാലിച്ച മരങ്ങൾ, വൃത്തിയുള്ള നടപ്പാതകൾ, ലഘുഭക്ഷണശാലകൾ, ചരിവുകൾ അങ്ങിനെ പലതും.

PHOTO • Manini Bansal
PHOTO • Manini Bansal

ഇടത്ത്: നൊചികുപ്പം ലൂപ്പ് റോഡിൽ റോന്തുചുറ്റുന്ന പൊലീസുകാർ. വലത്ത്: നൊചികുപ്പം ചന്തയിൽ വിൽക്കാൻ‌വെച്ച കടൽക്കൊഞ്ചുകൾ

PHOTO • Manini Bansal
PHOTO • Sriganesh Raman

ഇടത്ത്: വലകൾ സൂക്ഷിക്കാനും വിനോദത്തിനുമായി മുക്കുവർ ഉപയോഗിക്കുന്ന താത്ക്കാലിക കൂടാരങ്ങളും ഷെഡ്ഡുകളും. വലത്ത്: മറീന ബീച്ചിൽ, വലകളിൽനിന്ന് അന്ന് കിട്ടിയ മത്സ്യങ്ങളെ മാറ്റുന്ന മുക്കുവർ

ഇത്തവണ, ലൂപ്പ് റോഡിൽ ഗതാഗതക്കുരുക്കുണ്ടുണ്ടാക്കിയതിന്റെ പേരിലാണ് കോടതി മുക്കുവസമുദായത്തിനെതിരേ സ്വമേധയാ നടപടിയെടുത്തത്. ദിവസേന യാത്ര ചെയ്യുന്നതിന് മദ്രാസ് ഹൈക്കോടതി ജഡ്ജിമാർ ഉപയോഗിക്കുന്ന റോഡാണത്. ദിവസത്തിന്റെ തിരക്കുള്ള സമയങ്ങളിൽ കുരുക്കുണ്ടാക്കുന്നു എന്ന കാരണത്താൽ റോഡിന്റെ അരികുകളിൽനിന്ന് മത്സ്യ സ്റ്റാളുകൾ പൊളിച്ചുമാറ്റാനുള്ള ഉത്തരവ് വന്നു.

ഏപ്രിൽ 12-ന് ലൂപ്പ് റോഡിലെ പടിഞ്ഞാറൻ ഭാഗത്തുള്ള ഫിഷ് സ്റ്റാളുകൾ ജിസിസിയും പൊലീസുദ്യോഗസ്ഥരും ചേർന്ന് പൊളിച്ചുമാറ്റാൻ ആരംഭിച്ചപ്പോൾ, പ്രദേശത്തെ മുക്കുവസമുദായം ഒന്നിൽക്കൂടുതൽ തവണ പ്രതിഷേധവുമായി രംഗത്ത് വന്നു. ആധുനിക ഫിഷ് മാർക്കറ്റ് പൂർത്തീകരിക്കുന്നതുവരെ, ലൂപ്പ് റോഡിലെ മുക്കുവരെ നിയന്ത്രിച്ചുകൊള്ളാമെന്ന് ജിസിസി കോടതിക്ക് ഉറപ്പ് കൊടുത്തതിനുശേഷമാണ് പ്രതിഷേധങ്ങൾ പിൻ‌വലിച്ചത്. ഇപ്പോൾ ആ പ്രദേശത്ത് പൊലീസുകാരുടെ നിരന്തര സാന്നിധ്യമുണ്ട്.

“ജഡ്ജായാലും ചെന്നൈ കോർപ്പറേഷനായാലും, ഇവരെല്ലാവരും സർക്കാരിന്റെ ഭാഗമാണ്, അല്ലേ? അപ്പോൾ സർക്കാർ ഇങ്ങനെ ചെയ്യുന്നത് എന്തിനാണ്? ഞങ്ങളെ തീരത്തിന്റെ പ്രതിനിധികളായി ചിത്രീകരിക്കുമ്പോൾത്തന്നെ ഉപജീവനത്തിൽനിന്ന് അവർ ഞങ്ങളെ തടയുകയും ചെയ്യുന്നു,” ബീച്ചിലെ ഒരു മത്സ്യവിൽ‌പ്പനക്കാരിയായ 52 വയസ്സുള്ള എസ്.സരോജ പറയുന്നു

2009-2015-നിടയ്ക്ക് സർക്കാർ അനുവദിച്ച നൊചികുപ്പം ഹൌസിംഗ് കോം‌‌പ്ലക്സിന് പുതുമോടി നൽകാൻ അതിൽ വരച്ചുവെച്ച ചുവർച്ചിത്രങ്ങളെ ഉദ്ദേശിച്ചാണ് അവരത് പറഞ്ഞത്. ബീച്ചിൽനിന്ന് അവരെ വേർതിരിക്കുന്ന റോഡിന്റെ മറുഭാഗത്താണ് ആ ഹൌസിംഗ് കോം‌പ്ലക്സുള്ളത്. 2023 മാർച്ചിൽ തമിഴ് നാട് അർബൻ ഹൌസിംഗ് ഡെവലപ്പ്മെന്റ് ബോർഡും St+Art എന്ന സർക്കാരിതര സ്ഥാപനവും ഏഷ്യൻ പെയിന്റ്സും ചേർന്ന്, ആ പാർപ്പിടകേന്ദ്രത്തിന് ‘മോടി കൂട്ടാൻ’ തീരുമാനിച്ചു. നേപ്പാൾ, ഒഡിഷ, കേരള, റഷ്യ, മെക്സിക്കോ എന്നിവിടങ്ങളിൽനിന്നുള്ള കലാകാരന്മാരെ, നൊചികുപ്പത്തെ 24 കെട്ടിടങ്ങളിൽ ചുവർച്ചിതങ്ങൾ വരയ്ക്കാൻ ക്ഷണിച്ചു.

“അവർ ചുമരുകളിൽ ഞങ്ങളുടെ ചിത്രങ്ങൾ വരയ്ക്കുകയും, പ്രദേശത്തുനിന്ന് തുരത്തുകയും ചെയ്യുന്നു,” കെട്ടിടങ്ങളിലേക്ക് നോക്കി, ഗീത പറയുന്നു. കെട്ടിടങ്ങളിലെ ‘സൌജന്യ വീടുകൾ’ പക്ഷേ സൌജന്യമായിരുന്നില്ല. ഒരു വീടിന് 5 ലക്ഷം രൂപവരെ ഒരു ഏജന്റ് ആവശ്യപ്പെട്ടു,” നൊചികുപ്പത്തെ, 47 വയസ്സുള്ള പരിചയസമ്പന്നനായ മുക്കുവൻ പി. കണ്ണദാസൻ പറയുന്നു. “പൈസ കൊടുത്തില്ലെങ്കിൽ ആ വീട് മറ്റാരുടെയെങ്കിലും പേരിൽ അനുവദിക്കുമായിരുന്നു,” അയാളുടെ സുഹൃത്തായ 47 വയസ്സുള്ള അരസു ശരി വെക്കുന്നു.

ചെന്നൈയുടെ അതിവേഗത്തിലുള്ള നഗരവത്കരണവും, മുക്കുവരുടേയും ബീച്ചിന്റേയും ഇടയിലൂടെയുള്ള ലൂപ്പ് റോഡിന്റെ നിർമ്മാണവും മൂലം, മുക്കുവരും കോർപ്പറേഷൻ അധികൃതരും തമ്മിൽ നിരവധി വഴക്കുകൾ ഉടലെടുക്കാൻ തുടങ്ങി.

PHOTO • Manini Bansal
PHOTO • Manini Bansal

ഇടത്ത്: കണ്ണദാസൻ നൊചികുപ്പത്ത്. വലത്ത്: അരസുവും (വെളുത്ത താടി), മകൻ നിതീഷും (ബ്രൌൺ ടീഷർട്ടിൽ), നിതീഷിന്റെ അമ്മൂമ്മയും, ചന്തയിൽ, ഒരു കുടയുടെ തണലിൽ, ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു

PHOTO • Sriganesh Raman
PHOTO • Sriganesh Raman

ഇടത്ത്: നൊചികുപ്പത്ത് മീൻ വിൽക്കുന്ന രഞ്ജിത്ത്. വലത്ത്: മുക്കുവർക്ക് അനുവദിച്ച സർക്കാർവക പാർപ്പിട കേന്ദ്രത്തിലെ ചുവർച്ചിത്രങ്ങൾ

കുപ്പത്തിന്റെ, കോളനിയുടെ സ്വന്തം ആളുകളായിട്ടാണ് മുക്കുവർ സ്വയം കാണുന്നത്. “പുരുഷന്മാർ കടലിലും ബീച്ചിലും പണിയെടുക്കാൻ പോവുകയും സ്ത്രീകൾ വീട്ടിൽനിന്നകലെ ജോലി ചെയ്യാനും പോയാൽ കുപ്പത്തിന്റെ സ്ഥിതി എന്താവും,” 60 വയസ്സുള്ള പാളയം ചോദിക്കുന്നു. “ഞങ്ങൾക്ക് തമ്മിൽത്തമ്മിലും കടലുമായുമുള്ള ബന്ധം മുഴുവൻ അറ്റുപോകും.” ആണുങ്ങളുടെ ബോട്ടിൽനിന്ന് സ്ത്രീകളുടെ സ്റ്റാളുകളിലേക്ക് മീൻ മാറ്റുമ്പോൾ മാത്രമാണ് പല കുടുംബങ്ങൾക്കും തമ്മിൽ സംസാരിക്കാനുള്ള അവസരം ലഭിക്കുന്നത്. കാരണം, പുരുഷന്മാർ രാത്രി മുഴുവൻ കടലിൽ മീൻ പിടിക്കുകയും പകൽ കിടന്നുറങ്ങുകയും ചെയ്യുമ്പോൾ, സ്ത്രീകൾ പകൽ‌സമയത്താണ് മീനുകൾ വിൽക്കുന്നത്.”

നടക്കാനും ജോഗ് ചെയ്യാനും പോകുന്നവരാകട്ടെ, ആ സ്ഥലം മുക്കുവരുടേതാണെന്ന് തിരിച്ചറിയുന്നുണ്ട്. “ധാരാളമാളുകൾ രാവിലെ ഇവിടെ വരാറുണ്ട്,” മറീനയിൽ സ്ഥിരമായി നടക്കാൻ പോകുന്ന 52 വയസ്സുള്ള ചിട്ടിബാബു പറയുന്നു. “അവർ പ്രധാനമായും മീൻ വാങ്ങാനാണ് വരുന്നത്. ഇത് അവരുടെ പൂർവ്വികമായ തൊഴിലാണ്. അവർ ഏറെക്കാലമായി ഇവിടെയുള്ളവരാണ്. അവരോട് ഇവിടെനിന്ന് ഒഴിയാൻ പറയുന്നതിൽ ഒരു യുക്തിയുമില്ല,” അയാൾ പറയുന്നു.

നൊചികുപ്പത്തെ മുക്കുവനായ 29 വയസ്സുള്ള രഞ്ജിത്ത് കുമാർ പറയുന്നു. “വിവിധ തരക്കാരായ ആളുകൾ ഈ സ്ഥലം ഉപയോഗിക്കുന്നുണ്ട്. രാവിലെ 6-8 മണി സമയത്ത്, നടക്കാൻ വരുന്നുവരുണ്ടാകും. ആ സമയത്ത് ഞങ്ങൾ കടലിലായിരിക്കും. ഞങ്ങൾ തിരിച്ചുവരുമ്പോഴേക്കും സ്ത്രീകൾ സ്റ്റാളുകൾ തുറന്നിട്ടുണ്ടാകും. നടക്കാൻ വന്നവർ പോയിക്കഴിഞ്ഞിരിക്കും അപ്പോഴേക്കും. ഞങ്ങളും അവരും തമ്മിൽ ഒരു പ്രശ്നങ്ങളുമില്ല. അധികാരികളാണ് കുഴപ്പങ്ങളുണ്ടാക്കുന്നത്,” അയാൾ പറയുന്നു.

*****

വിവിധയിനം മത്സ്യങ്ങൾ വിൽ‌പ്പനയ്ക്ക് ഉണ്ടാവും. കിലോഗ്രാമിന് 200-300 രൂപ വിലയുള്ള, ചെറുതും, ആഴമില്ലാത്ത വെള്ളത്തിൽ കണ്ടുവരുന്നതുമായ ക്രെസന്റ് ഗ്രണ്ടറും (ടെറാപോൺ ജർബുവ) പഗ് നോസ് പോണിഫിഷും (ഡെവെക്സിമെന്റും ഇൻസിഡിയേറ്റർ) ഇവിടെ ലഭ്യമാണ്. ഗ്രാ‍മത്തിന്റെ 20 കിലോമീറ്റർ ചുറ്റളവിലുള്ള കടൽഭാഗത്തുനിന്ന് പിടിക്കുന്ന ഇവയെ മാർക്കറ്റിൽ നിരത്തിവെച്ചിരിക്കുന്നത് കാണാം. മാർക്കറ്റിന്റെ മറുഭാഗത്തായി, കിലോഗ്രാമിന് 900-10,000 രൂപ വിലവരുന്ന സീർ ഫിഷും  (സ്കോംബെറോമോറസ് കോമേർസൺ)), കിലോയ്ക്ക് 500-700 രൂപ വലിയ ട്രെവല്ലികളും (സ്യൂഡോകാരാൻ‌ക്സ് ഡെണ്ടെക്സ്) ലഭിക്കും. വിൽക്കുന്ന സമയത്ത്, മുക്കുവർ ഇതിനൊക്കെ നാടൻ പേരുകളാണ് ഉപയോഗിക്കുന്നത്. കീചൻ, കാരപ്പൊടി, വഞ്ജരം, പാറൈ തുടങ്ങിയവ.

ചൂട് കൂടുന്നതനുസരിച്ച് അതിവേഗം മത്സ്യങ്ങൾ കേടുവരാൻ തുടങ്ങും. സൂക്ഷ്മമായ കണ്ണുകളുള്ള ഉപഭോക്താക്കൾക്ക് നല്ല മീനും, കേടുവരാൻ തുടങ്ങിയവയും തിരിച്ചറിയാൻ എളുപ്പത്തിൽ സാധിക്കും.

PHOTO • Manini Bansal
PHOTO • Sriganesh Raman

മത്തി വേർതിരിക്കുന്ന നൊച്ചികുപ്പത്തെ ഒരു മത്സ്യക്കച്ചവടക്കാരി. വലത്ത്: മാർക്കറ്റിനടുത്തെ റോഡിലിരുന്ന് മീൻ വൃത്തിയാക്കുന്ന മുക്കുവസ്ത്രീകൾ

PHOTO • Abhishek Gerald
PHOTO • Manini Bansal

ഇടത്ത്: നൊചികുപ്പത്ത് ഉണക്കാനിട്ട അയല വലത്ത്: ഫ്ലൌണ്ടേഴ്സ്, ഗോട്ട്ഫിഷ്, സിൽ‌വർ ബിഡ്ഡീസ് തുടങ്ങിയ മീനുകൾ ഒരുമിച്ചിട്ട് വിൽക്കാൻ വെച്ചിരിക്കുന്നു

“ആവശ്യത്തിന് മീൻ വിൽക്കാൻ സാധിച്ചില്ലെങ്കിൽ എന്റെ കുട്ടികളുടെ ഫീസ് ആര് കെട്ടും?” ഗീത ചോദിക്കുന്നു. അവർക്ക് രണ്ട് കുട്ടികളാണുള്ളത്. ഒരാൾ സ്കൂളിലും മറ്റയാൾ കൊളേജിലും. “ഭർത്താവിന് എല്ലാ ദിവസവും കടലിൽ പോകാൻ പറ്റിയെന്ന് വരില്ല. അതുകൊണ്ട് രാവിലെ 2 മണിക്ക് എഴുന്നേറ്റ് ഞാൻ കാശിമേടിൽ (നൊചികുപ്പത്തുനിന്ന് 10 കിലോമീറ്റർ വടക്ക്) പോയി മീൻ വാങ്ങി, സമയത്തിന് ഇവിടെയെത്തി, സ്റ്റാൾ തുറക്കും. അതിന് പറ്റിയില്ലെങ്കിൽ, ഫീസെന്നല്ല, ഭക്ഷണം കഴിക്കാൻ‌പോലും കാശുണ്ടാവില്ല കൈയ്യിൽ,” അവർ പറയുന്നു.

തമിഴ് നാട്ടിൽ കടൽമീൻ കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്ന 608 ഗ്രാമങ്ങളിലെ 10.48 ലക്ഷം മുക്കുവരിൽ പകുതിയും സ്ത്രീകളാണ്. താത്ക്കാലിക മത്സ്യ സ്റ്റാളുകൾ നടത്തുന്നതും അധികവും കോളനികളിലെ സ്ത്രീകളാണ്. അവരുടെ കൃത്യമായ വരുമാനം കണക്കാക്കാൻ ബുദ്ധിമുട്ടാണെങ്കിലും, മറ്റ് ഇൻഡോർ മാർക്കറ്റുകളിലേയും, ദൂരെയുള്ള കാശിമേടിലെ സർക്കാർ അംഗീകൃത ഹാർബറിലേയും തൊഴിലാളികളേക്കാൾ ഭേദപ്പെട്ട ജീവിതമാണ് നൊചികുപ്പത്തെ മുക്കുവരുടേയും കച്ചവടക്കാരുടേയും എന്ന് സ്ത്രീകൾ സൂചിപ്പിക്കുന്നു.

“വാരാ‍ന്ത്യങ്ങൾ എനിക്ക് തിരക്കുള്ള സമയമാണ്,” ഗീത പറയുന്നു. ഓരോ വിൽ‌പ്പനയിൽനിന്നും എനിക്ക് ഏകദേശം 300-500 രൂപ കിട്ടാറുണ്ട്. രാവിലെ 8.30-9 മുതൽ ഉച്ചയ്ക്ക് 1 മണിവരെ തുടർച്ചയായി ഞാൻ ജോലി ചെയ്യും. എന്നാൽ വരുമാനം എത്രയാണെന്ന് പറയാൻ പറ്റില്ല. കാരണം, മീൻ വാങ്ങാൻ പോകാനും വരാനും ചിലവുണ്ട്. മാത്രമല്ല, ഓരോ ദിവസവും കിട്ടുന്ന മീനിന്റെ ഇനത്തിനനുസരിച്ച് വില കൂടുകയും കുറയുകയും ചെയ്യു.“

നിർദ്ദേശിക്കപ്പെട്ട ഇൻഡോർ മാർക്കറ്റിലേക്കുള്ള മാറ്റം വരുമാനത്തിലുണ്ടാക്കിയേക്കാവുന്ന ഇടിവ് എല്ലാവരേയും ആശങ്കപ്പെടുത്തുന്നുണ്ട്. “ഇവിടെനിന്ന് കിട്ടുന്ന വരുമാനംകൊണ്ട് വീട്ടുചിലവുകൾ നടത്താനും കുട്ടികളുടെ കാര്യങ്ങൾ നോക്കാനും സാധിക്കുന്നുണ്ട്,” പേര് വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെ ഒരു മുക്കുവസ്ത്രീ പറയുന്നു. “എന്റെ മകൻ കൊളേജിലും പോകുന്നുണ്ട്. പുതിയ സ്ഥലത്ത് മീൻ വാങ്ങാൻ ആരും വന്നില്ലെങ്കിൽ, അവനേയും എന്റെ മറ്റ് മക്കളേയും എങ്ങിനെയാണ് തുടർന്ന് പഠിപ്പിക്കുക. സർക്കാർ ആ കാര്യവും നോക്കുമോ?’ സർക്കാരിനോട് പരാതി പറഞ്ഞാലുണ്ടായേക്കാവുന്ന ദോഷവും പ്രത്യാഘാതവുമോർത്ത് അവർക്ക് ഭയമുണ്ട്.

ബസന്ത് നഗർ ബസ് സ്റ്റാൻഡിന്റെ അടുത്തുള്ള മറ്റൊരു മത്സ്യമാർക്കറ്റിലേക്ക് പോകാൻ നിർബന്ധിതയായ, 45 വയസ്സുള്ള ആർ. ഉമ പറയുന്നു: “300 രൂപയ്ക്ക് നൊചികുപ്പത്ത് വിൽക്കുന്ന പുള്ളിയുള്ള ക്യാറ്റ്ഫിഷ് (സ്കാറ്റോഫാഗസ് ആർഗസ്), ബസന്ത് നഗറിൽ 150 രൂപയ്ക്കപ്പുറം വിൽക്കാനാവില്ല. വില കൂട്ടിയാൽ ആരും വാങ്ങില്ല. ചുറ്റും നോക്കൂ. വൃത്തിയില്ലാത്ത മാർക്കറ്റാണ്. വിൽക്കാൻ അധികം മീനുമില്ല. ആരാണ് ഇവിടെ വന്ന് വാങ്ങുക? പുതിയ മത്സ്യം ബീച്ചിലിരുന്നുതന്നെ വിൽക്കാനാണ് ഞങ്ങൾക്കിഷ്ടം. എന്നാൽ അധികാരികൾ സമ്മതിക്കില്ല. അവർ ഞങ്ങളെ ഇൻഡോർ മാർക്കറ്റിലേക്ക് മാറ്റി. അപ്പോൾ ഞങ്ങൾക്ക് വില കുറയ്ക്കേണ്ടിവന്നു. തുച്ഛമായ വിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ബീച്ചിലിരുന്ന് വിൽക്കാൻ വേണ്ടി നൊചികുപ്പത്തെ സ്ത്രീകൾ പൊരുതുന്നത് മനസ്സിലാക്കാൻ എനിക്ക് കഴിയും. ഞങ്ങളും അത് ചെയ്യേണ്ടതായിരുന്നു.”

PHOTO • Manini Bansal
PHOTO • Manini Bansal

ഇടത്ത്: മറീന ലൈറ്റ്‌ഹൌസ് ഭാഗത്ത് നടക്കാൻ വരുമ്പോഴൊക്കെ ചിട്ടിബാബു ചന്തയിൽ വരാറുണ്ട്. വലത്ത്: നൊചികുപ്പം മാർക്കറ്റിലേക്ക് മാറേണ്ടിവരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ പ്രകടിപ്പിക്കുന്ന, പ്രായമായ മുക്കുവൻ കൃഷ്ണരാജ്

ബീച്ചിൽ വന്ന് മീൻ വാങ്ങാറുള്ള ആളാണ് ചിട്ടിബാബു. “നൊചികുപ്പം മാർക്കറ്റിൽനിന്ന് പുതിയ മീൻ വാങ്ങാൻ അല്പം കൂടുതൽ പണം കൊടുക്കേണ്ടിവരുമെന്ന് എനിക്കറിയാം. എന്നാൽ ഗുണമേന്മ ഉറപ്പുണ്ടെങ്കിൽ ആ വിലക്കൂടുതൽ മുതലാവും,” അയാൾ പറയുന്നു. നൊചികുപ്പം മാർക്കറ്റ് പരിസരത്തേക്ക് നോക്കി അയാൾ തുടർന്ന്. “കോയമ്പേട് മാർക്കറ്റ് (പഴവർഗ്ഗങ്ങളും പൂക്കളും പച്ചക്കറിയും വിൽക്കുന്ന ചന്ത) എപ്പോഴും വൃത്തിയുള്ളതാണോ? എല്ലാ ചന്തകളും വൃത്തികേടാണ്. തുറന്ന സ്ഥലത്താണെങ്കിൽ അത്രയും ഭേദമല്ലേ.”

“ഒരു ബീച്ചിലെ ചന്തയിൽ മണമുണ്ടാകാം. എന്നാൽ വെയിൽ അതിനെ ഉണക്കുന്നു. അവ ഒലിച്ചുപോവുകയും ചെയ്യും. സൂര്യൻ അഴുക്കിനെ വൃത്തിയാക്കുന്നു,” സരോജ പറയുന്നു.

“മാലിന്യവണ്ടികൾ വന്ന് വീടുകളിലെ മാലിന്യം എടുത്തുകൊണ്ടുപോകാറുണ്ട്. എന്നാൽ ചന്തയിലെ മാലിന്യം എടുക്കാറില്ല. സർക്കാർ ഇവിടുത്തെ (ലൂപ്പ് റോഡ് മാർക്കറ്റ്) ചന്തയും വൃത്തിയാക്കണം,”  നൊചികുപ്പത്തെ 75 വയസ്സുള്ള മുക്കുവൻ ആർ. കൃഷ്ണരാജ് പറയുന്നു.

“സർക്കാർ പൌരന്മാർക്ക് ധാരാളം പൊതുസൌകര്യങ്ങൾ ചെയ്തുകൊടുക്കാറുണ്ട്. എങ്കിൽ എന്തുകൊണ്ട്, അവർക്ക് ലൂപ്പ് റോഡും വൃത്തിയാക്കിക്കൂടാ? വൃത്തിയാക്കേണ്ടത് ഞങ്ങളും, ഉപയോഗിക്കേണ്ടത് വേറെച്ചിലരും എന്നാണോ സർക്കാരിന്റെ ന്യായം?” പാളയം ചോദിക്കുന്നു.

കണ്ണദാസൻ പറയുന്നു, “സർക്കാരിന് പണക്കാരോട് മാത്രമേ അടുപ്പമുള്ളു. അവർക്കുവേണ്ടി നടപ്പാതകളും, റോപ്പ് കാറുകളും മറ്റും ഉണ്ടാക്കുന്നു. ഇതൊക്കെ ചെയ്തുകിട്ടാൻ അവർ സർക്കാരിന് പണം കൊടുക്കുന്നുണ്ടാവും. സർക്കാർ ഇടനിലക്കാർക്ക് പണം കൊടുത്ത് അത് ചെയ്യിപ്പിക്കുകയും ചെയ്യുന്നു.”

PHOTO • Manini Bansal
PHOTO • Manini Bansal

ഇടത്ത്: നൊചികുപ്പം ബീച്ചിൽ, തന്റെ വലയിൽനിന്ന് മത്തികൾ എടുത്തുമാറ്റുന്ന ഒരു മുക്കുവൻ. വലത്ത്: കണ്ണദാസൻ തന്റെ വലയിൽനിന്ന് മീനുകൾ മാറ്റുന്നു

“തീരത്തിന്റെ അടുത്ത് താമസിക്കാൻ കഴിഞ്ഞാലേ ഒരു മുക്കുവന് ജീവിതം നിലനിർത്താനാവൂ. അകത്തേക്ക് മാറ്റിയാൽ എങ്ങിനെ അയാൾ നിലനിൽക്കും? എന്നാൽ മുക്കുവർ പ്രതിഷേധിച്ചാൽ അവരെ പിടിച്ച് ജയിലിലിടും. മധ്യവർഗ്ഗക്കാർ പ്രതിഷേധിച്ചാൽ ചിലപ്പോൾ സർക്കാർ കേട്ടെന്നുവരും. ഞങ്ങൾ ജയിലിൽ പോയാൽ ആരാണ് ഞങ്ങളുടെ കുടുംബം നോക്കുക?” കണ്ണദാസൻ ചോദിക്കുന്നു. “പൌരന്മാരായി പരിഗണിക്കപ്പെടാത്ത മുക്കുവരുടെ പ്രശ്നങ്ങളാണ് ഇവയൊക്കെ,” അയാൾ പറയുന്നു

“ഈ സ്ഥലത്ത് അവർക്ക് നാറ്റം അനുഭവപ്പെടുന്നുണ്ടെങ്കിൽ അവർ ഒഴിഞ്ഞുപോകട്ടെ,” ഗീത പറയുന്നു. “ഞങ്ങൾക്ക് അവരുടെ സഹായമോ സൌജന്യമോ ആവശ്യമില്ല. ഞങ്ങളെ ശല്യപ്പെടുത്തുകയോ കുറ്റംചുമത്തുകയോ ചെയ്യരുത്. ഞങ്ങൾക്ക് പണവും, മത്സ്യം ശേഖരിച്ചുവെക്കാൻ പെട്ടിയും, വായ്പയും ഒന്നും വേണ്ട. ഞങ്ങളുടെ സ്ഥലത്ത് ജീവിക്കാൻ അനുവദിച്ചാൽ മാത്രം മതി,” അവർ കൂട്ടിച്ചേർക്കുന്നു.

“നൊചികുപ്പത്ത് വിൽക്കുന്ന മീനുകൾ അധികവും ഇവിടെനിന്നുള്ളവതന്നെയാണ്. ചിലപ്പോൾ കാശിമേടിൽനിന്നും വാങ്ങും,” ഗീത പറയുന്നു. “മീൻ എവിടെനിന്ന് വരുന്നു എന്നതൊരു പ്രശ്നമല്ല ഞങ്ങളെല്ലാവരും ഇവിടെ മീൻ വിൽക്കുന്നു. ഞങ്ങളെപ്പോഴും ഒരുമിച്ചാണ്. അങ്ങോട്ടുമിങ്ങോട്ടും ഒച്ചവെക്കുകയും വഴക്ക് കൂടുകയുമൊക്കെ ചെയ്തേക്കാം. പക്ഷേ അതൊക്കെ നിസ്സാരമായ പിണക്കങ്ങളാണ്. ഒരു പ്രശ്നമുണ്ടായാൽ അപ്പോൾ ഞങ്ങൾ ഒറ്റക്കെട്ടാവും. ഞങ്ങളുടെ ജോലി നിർത്തിവെച്ച് പ്രതിഷേധിക്കുന്നത് ഞങ്ങൾക്കുവേണ്ടി മാത്രമല്ല, മറ്റ് മത്സ്യഗ്രാമങ്ങൾക്കുവേണ്ടിയുമാണ്”.

ലൂപ്പ് റോഡിലെ മൂന്ന് മത്സ്യക്കോളനികളിലെ സമുദായങ്ങൾക്ക് പുതിയ മാർക്കറ്റിൽ സ്റ്റാളുകൾ കിട്ടുമോ എന്നതുതന്നെ തീർച്ചയില്ല. “352 സ്റ്റാളുകളുണ്ടാവും പുതിയ മാർക്കറ്റ് പണി കഴിയുമ്പോൾ”, വസ്തുതകൾ വിവരിച്ചുകൊണ്ട്, നൊചികുപ്പം മത്സ്യ സൊസൈറ്റിയുടെ തലവനായ രഞ്ജിത്ത് പറയുന്നു. “നൊചികുപ്പത്തെ വിൽ‌പ്പനക്കാർക്ക് മാത്രമാണ് കൊടുക്കുന്നതെങ്കിൽ അത് തികയും. എന്നാൽ എല്ലാ വിൽ‌പ്പനക്കാർക്കും മാർക്കറ്റിൽ സ്ഥലം ലഭിക്കില്ല. ലൂപ്പ് റോഡിലെ 3 ഫിഷിംഗ് കോളനികളിലേയും എല്ലാ വിൽ‌പ്പനക്കാരേയും ഉദ്ദേശിച്ചാണ് മാർക്കറ്റ് ഉണ്ടാക്കുന്നത്. നൊചികുപ്പം മുതൽ പട്ടിണപക്കംവരെയുള്ള മുഴുവൻ വഴികളിലേയും 500 കച്ചവടക്കാരെ ഉദ്ദേശിച്ച്. അപ്പോൾ ബാക്കിയുള്ളവർ എന്ത് ചെയ്യും? ആർക്കൊക്കെ കിട്ടും, ബാക്കിയുള്ളവർ എവിടേക്ക് പോവും എന്നതിനെക്കുറിച്ചൊന്നും ഒരു തീർച്ചയുമില്ല,” അയാൾ പറയുന്നു.

“ഞാൻ എന്റെ മീൻ ഫോർട്ട് സെന്റ് ജോർജ്ജിൽ (നിയമസഭ നിൽക്കുന്ന സ്ഥലം) കൊണ്ടുപോയി വിൽക്കും. മുഴുവൻ കോളനികളും അവിടെ പോയി പ്രതിഷേധിക്കും,” അരസു പറയുന്നു.

കഥയിലെ സ്ത്രീകളുടെ പേരുകൾ അവരുടെ ആവശ്യപ്രകാരം മാറ്റിയിട്ടുണ്ട്.

പരിഭാഷ: രാജീവ് ചേലനാട്ട്

Divya Karnad

ದಿವ್ಯಾ ಕಾರ್ನಾಡ್ ಅಂತರರಾಷ್ಟ್ರೀಯ ಪ್ರಶಸ್ತಿ ವಿಜೇತ ಸಾಗರ ಭೂಗೋಳಶಾಸ್ತ್ರಜ್ಞರು ಮತ್ತು ಸಂರಕ್ಷಣಾವಾದಿ. ಅವರು ಇನ್ ಸೀಸನ್ ಫಿಶ್ ಸಂಸ್ಥೆಯ ಸಹ-ಸಂಸ್ಥಾಪಕರು. ಅವರಿಗೆ ಬರವಣಿಗೆ ಮತ್ತು ವರದಿಗಾರಿಕೆಯೆಂದರೆ ಪ್ರೀತಿ.

Other stories by Divya Karnad
Photographs : Manini Bansal

ಮಾನಿನಿ ಬನ್ಸಾಲ್ ಬೆಂಗಳೂರು ಮೂಲದ ದೃಶ್ಯ ಸಂವಹನ ವಿನ್ಯಾಸಕರು ಮತ್ತು ಛಾಯಾಗ್ರಾಹಕರು. ಅವರು ಸಾಕ್ಷ್ಯಚಿತ್ರ ಛಾಯಾಗ್ರಹಣವನ್ನೂ ಮಾಡುತ್ತಾರೆ.

Other stories by Manini Bansal
Photographs : Abhishek Gerald

ಅಭಿಷೇಕ್ ಜೆರಾಲ್ಡ್ ಚೆನ್ನೈ ಮೂಲದ ಸಾಗರ ಜೀವಶಾಸ್ತ್ರಜ್ಞ. ಅವರು ಫೌಂಡೇಶನ್ ಫಾರ್ ಇಕಾಲಜಿಕಲ್ ರಿಸರ್ಚ್ ಅಡ್ವೊಕೆಸಿ ಅಂಡ್ ಲರ್ನಿಂಗ್ ಮತ್ತು ಇನ್ ಸೀಸನ್ ಫಿಶ್ ಸಂಸ್ಥೆಯೊಂದಿಗೆ ಸಂರಕ್ಷಣೆ ಮತ್ತು ಸುಸ್ಥಿರ ಸಮುದ್ರಾಹಾರದ ಬಗ್ಗೆ ಕೆಲಸ ಮಾಡುತ್ತಾರೆ.

Other stories by Abhishek Gerald
Photographs : Sriganesh Raman

ಶ್ರೀಗಣೇಶ್ ರಾಮನ್ ಮಾರ್ಕೆಟಿಂಗ್ ವೃತ್ತಿಪರರು, ಅವರಿಗೆ ಛಾಯಾಗ್ರಹಣವೆಂದರೆ ಪ್ರೀತಿ. ಟೆನಿಸ್ ಆಟಗಾರರಾದ ಅವರು ವಿವಿಧ ವಿಷಯಗಳ ಬಗ್ಗೆ ಬ್ಲಾಗ್ ಬರೆಯುತ್ತಾರೆ. ಇನ್ ಸೀಸನ್ ಫಿಶ್ ಸಂಸ್ಥೆಯಲ್ಲಿ ಅವರ ಕೆಲಸವು ಪರಿಸರದ ಕುರಿತು ಸಾಕಷ್ಟು ಕಲಿಯುವುದನ್ನು ಒಳಗೊಂಡಿದೆ.

Other stories by Sriganesh Raman
Editor : Pratishtha Pandya

ಪ್ರತಿಷ್ಠಾ ಪಾಂಡ್ಯ ಅವರು ಪರಿಯ ಹಿರಿಯ ಸಂಪಾದಕರು, ಇಲ್ಲಿ ಅವರು ಪರಿಯ ಸೃಜನಶೀಲ ಬರವಣಿಗೆ ವಿಭಾಗವನ್ನು ಮುನ್ನಡೆಸುತ್ತಾರೆ. ಅವರು ಪರಿಭಾಷಾ ತಂಡದ ಸದಸ್ಯರೂ ಹೌದು ಮತ್ತು ಗುಜರಾತಿ ಭಾಷೆಯಲ್ಲಿ ಲೇಖನಗಳನ್ನು ಅನುವಾದಿಸುತ್ತಾರೆ ಮತ್ತು ಸಂಪಾದಿಸುತ್ತಾರೆ. ಪ್ರತಿಷ್ಠಾ ಗುಜರಾತಿ ಮತ್ತು ಇಂಗ್ಲಿಷ್ ಭಾಷೆಗಳಲ್ಲಿ ಕೆಲಸ ಮಾಡುವ ಕವಿಯಾಗಿಯೂ ಗುರುತಿಸಿಕೊಂಡಿದ್ದು ಅವರ ಹಲವು ಕವಿತೆಗಳು ಮಾಧ್ಯಮಗಳಲ್ಲಿ ಪ್ರಕಟವಾಗಿವೆ.

Other stories by Pratishtha Pandya
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat