1980’കളിലെ ബോളിവുഡ് സിനിമയിൽ നിന്നുള്ള ഒരു ഗാനം ഉച്ചഭാഷിണിയിൽ നിന്നുയർന്ന് അന്തരീക്ഷത്തിൽ മുഴങ്ങുമ്പോൾ അസാധാരണക്കാരായ ഒരുകൂട്ടം കാണികളെ, അതായത് സിംഘുവിൽ സമരം ചെയ്യുന്ന ഒരുകൂട്ടം കർഷകരെ, സന്തോഷിപ്പിക്കുന്നതിനായി കൊച്ചു റാണി അടുത്ത 45 മിനിറ്റത്തെ പ്രദർശനത്തിനുവേണ്ടി തയ്യാറെടുക്കുകയായിരുന്നു.

" യേ ആംസു യേ ജസ് ബാത് തും ബേച്തെ ഹോ , ഗരീബോം കെ ഹാലത്
തും ബേച്തെ ഹോ , അമിറോം കി ശാം ഗരീബോം കെ നാം

(“ഈ കണ്ണീർ, ഈ വികാരങ്ങൾ, ദരിദ്രരുടെ കഷ്ടപ്പാടുകൾ,
അവയെല്ലാം നിങ്ങൾ വിൽക്കുന്നു
സമ്പന്നരുടെയും സമൃദ്ധിയുടെയും ഈ സന്ധ്യ
നിങ്ങൾ ദരിദ്രരുടെ പേരിൽ ആഘോഷിക്കുന്നു”)

ഇത് 2021 സെപ്തംബർ ആണ്. കോവിഡ്-19-ന്‍റെ ഭയാനകമായ രണ്ടാം തരംഗം ശമിച്ചിരിക്കുന്നു. 26-കാരനായ വിക്രം നടും, അദ്ദേഹത്തിന്‍റെ ഭാര്യ 22-കാരിയായ ലിലും, 12-കാരിയായ മരുമകൾ റാണിയും ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിൽ പ്രദർശനവുമായി തിരികെ എത്തിയിരിക്കുന്നു.

കോവിഡ്-19 മഹാമാരി തുടങ്ങിയതിൽപ്പിന്നെ രണ്ടാംതവണയാണ് 2021 ഏപ്രിലിൽ അവർ ഛത്തീസ്‌ഗഢിലെ അവരുടെ ഗ്രാമമായ ബഡ്ഗാവിലേക്ക് പോയത്. കർഷക സമരങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ ചെയ്യുന്ന സമയത്ത് അവരെ കണ്ടുമുട്ടിയതിന് ഏകദേശം ഒരു മാസത്തിനു ശേഷമായിരുന്നു അത്. കർഷകർക്കുവേണ്ടി പ്രദർശനങ്ങൾ നടത്തുന്നതിനായി മാർച്ചിൽ അവർ സിംഘുവിലേക്ക് നീങ്ങി. ഇപ്പോഴും അവർ പ്രദർശനം നടത്തുന്നു.

നാല് കിലോഗ്രാമിനടുത്ത് ഭാരമുള്ള 16 അടി നീളമുള്ള തടിക്കഷണം റാണി കൈയിൽ പിടിച്ചിട്ടുണ്ട്. രണ്ട് വശങ്ങളിലായി കെട്ടിയ 18-20 അടി നീളുള്ള ചാഞ്ചാടുന്ന കേബിളിൽ നഗ്നപാദയായി തലയിൽ മൂന്ന് ഓട്ടു കുടങ്ങൾ മറിയാതെ നിര്‍ത്തിക്കൊണ്ട് മനോഹരമായി അവള്‍ നടക്കുന്നു. ഓട്ടു കുടങ്ങൾക്കു മുകളിൽ ചെറിയൊരു കൊടി പറക്കുന്നുണ്ട്. അതിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ വായിക്കാം: ‘കർഷകരില്ലാതെ ഭക്ഷണമില്ല’.

Rani Nat gets ready to walk on the wobbling cable with a plate beneath her feet. She moves with a long wooden staff, balancing brass pots on her head
PHOTO • Amir Malik
Rani Nat gets ready to walk on the wobbling cable with a plate beneath her feet. She moves with a long wooden staff, balancing brass pots on her head
PHOTO • Amir Malik

പാദത്തിനടിയിൽ പാത്രവുമായി റാണി നട് ആടുന്ന കേബിളിൽ നടക്കാൻ തയ്യാറെടുക്കുന്നു. ഒരു നീണ്ട തടിക്കഷണവുമായി തലയിൽ ഓട്ടു കുടങ്ങൾ മറിയാതെ നിര്‍ത്തിക്കൊണ്ട് അവർ നീങ്ങുന്നു

കുറച്ചു നടന്നശേഷം, ഉയർത്തി കെട്ടിയ വയറിന്മേലുള്ള തന്‍റെ നൃത്തത്തിനുവേണ്ടി മറ്റൊന്നുകൂടി, ഒരു സൈക്കിൾ ചക്രം കൂടി, ഉൾപ്പെടുത്തുന്നതിനു മുൻപ്, അതേദൂരംതന്നെ തിരിച്ചു പോകുന്നതിനായി തന്‍റെ പാദത്തിനടിയിൽ ഒരു പാത്രം വച്ചുകൊണ്ട് റാണി മുട്ടിലിരുന്നു. വീണ്ടും വീണ്ടും അവൾ വളരെവേഗം, വെറും മണ്ണില്‍നിന്നും 10 അടി ഉയരത്തിൽ അത്ര സുരക്ഷിതമല്ലാത്ത കയറിന്മേൽ തികഞ്ഞ ശ്രദ്ധയോടെ, താളാത്മകമായി, അന്തരീക്ഷത്തിൽ ചാഞ്ചാടുന്നു.

“അവൾ വീഴില്ല”, വിക്രം എന്നോടുറപ്പിച്ചു പറഞ്ഞു. " ഇത് ഞങ്ങളുടെ നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള നൃത്തമാണ്. തലമുറകളായി ഞങ്ങളിലേക്കു പകർന്ന പാടവം. ഇതിൽ ഞങ്ങൾ വിദഗ്ദരാണ്.” സംഗീതത്തിന്‍റെയും ഉച്ചഭാഷിണികളുടെയും കാര്യങ്ങൾ നോക്കിക്കൊണ്ട് അദ്ദേഹം വിശദീകരിച്ചു.

ഡൽഹിയിൽ നിന്നും 1,200 കിലോമീറ്റർ അകലെ ഛത്തീസ്‌ഗഢിലെ ജാഞ്ച്ഗീർ-ചാമ്പ ജില്ലയിൽ നിന്നുള്ള വിക്രമും അദ്ദേഹത്തിന്‍റെ കുടുംബവും നട് ജാതിയിൽ പെട്ടവരാണ്. ഞാണിന്മേൽകളിക്ക് പ്രശസ്തരായ ദളിത് സമുദായത്തിൽപെട്ട കുടിയേറ്റ കലാകാരാണവർ.

വിക്രമിന്‍റെ ഭാര്യയായ ലിൽ കയറിന്‍റെ അടിയിലൂടെ നടക്കുന്നു. റാണി വീഴുകയാണെങ്കിൽ അവളെ പിടിക്കാൻ ലിൽ വിദഗ്ദയാണെന്ന് വിക്രം ഉറപ്പു പറഞ്ഞു. "റാണിയുടെ പ്രായത്തിൽ ഞാനും കയറിൽ നൃത്തം ചെയ്യുമായിരുന്നു”, ലിൽ പറഞ്ഞു. "പക്ഷെ ഇപ്പോൾ പറ്റില്ല, ശരീരം അത് അനുവദിക്കില്ല”. ലിൽ വീണിട്ടുണ്ട്. "3 വയസ്സുള്ളപ്പോൾ അഭ്യസിക്കാൻ തുടങ്ങിയ റാണി പെട്ടെന്നുതന്നെ പ്രദർശനം നടത്താനും ആരംഭിച്ചു”, അവർ തുടർന്നു പറഞ്ഞു.

ബഡ്ഗാവിലെ നട് തെരുവിൽ നിന്നുള്ള വിക്രം കുടുംബം കയർ നൃത്തം അവതരിപ്പിക്കുന്ന കുറച്ചു കുടുംബങ്ങളിൽ പെടുന്നു. വിക്രമിന്‍റെ ഓർമ്മയനുസരിച്ച് 5 തലമുറകളായി അവര്‍ ഇത് ആഭ്യസിക്കുന്നു. ജീവിക്കാനായി ട്രാഫിക് വെളിച്ചത്തിനടിയിൽ പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് അവർ രാജസ്ഥാൻ, പഞ്ചാബ്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലേക്ക് നീങ്ങിയിരിക്കുന്നു.

Left: Lil, Rani (centre) and Vikram moved to Singhu early this year. Right: Rani, 12, started practicing the high-wire dance when she was 3 years old
PHOTO • Amir Malik
Left: Lil, Rani (centre) and Vikram moved to Singhu early this year. Right: Rani, 12, started practicing the high-wire dance when she was 3 years old
PHOTO • Amir Malik

ഇടത് : ലിൽ , റാണി ( മദ്ധ്യത്തിൽ ) വിക്രം എന്നിവർ ഈ വർഷം ആദ്യം സിംഘുവിലേക്ക് നീങ്ങി. വലത് : റാണി (12) അവൾക്കു 3 വയസ്സുള്ളപ്പോൾ ഉയരത്തിൽ വലിച്ചു കെട്ടിയ വയറിന്മേൽ ചെയ്യുന്ന നൃത്തം അഭ്യസിച്ചു തുടങ്ങി

ഡൽഹിയിലുള്ള തന്‍റെ മുത്തശ്ശനോടൊപ്പം ആദ്യമായി ചേർന്നപ്പോൾ വിക്രമിന് കഷ്ടിച്ച് 9 വയസ്സായിരുന്നു. മുത്തശ്ശൻ ചെറുപ്പം മുതലെ പരിപാടി അവതരിപ്പിച്ചു തുടങ്ങിയതാണ് - "നെഹ്രു തന്‍റെ കുപ്പായത്തിൽ റോസാപ്പൂ ധരിച്ചു അവിടെ നടന്നപ്പോൾ”, വിക്രം പറഞ്ഞു.

കഴിഞ്ഞ വർഷം വിക്രമും അദ്ദേഹത്തിന്‍റെ കുടുംബവും പടിഞ്ഞാറൻ ഡൽഹിയിലെ പട്ടേൽ നഗർ റയിൽവേ സ്‌റ്റേഷനടുത്തുള്ള ഒരു ചേരി പ്രദേശത്ത് താമസിക്കുകയായിരുന്നു. പക്ഷെ 2020 മാർച്ചിൽ ദേശവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് കുറച്ചു മുൻപ് അവർ സ്വന്തം ഗ്രാമത്തിലേക്ക് തിരികെപ്പോയി. "ചുറ്റുവട്ടത്തൊക്കെ കൊറോണ വൈറസ് ഉണ്ടെന്ന് ഞങ്ങൾ കേട്ടു. ഞങ്ങളെപ്പോലുള്ള പാവങ്ങളെ നോക്കാൻ ആശുപത്രിയോ ഡോക്ടർമാരോ ഇല്ല. അവർ സമ്പന്നരെ ചികിത്സിക്കുന്ന തിരക്കിലാണ്. കൂടാതെ, മരിക്കേണ്ടി വന്നാൽ മാതാപിതാക്കൾ വസിക്കുന്ന സ്വന്തം വീടുകളിൽ മരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.”

2020 നവംബറിലാണ് കുടുംബം ഡൽഹിയിലേക്ക് തിരിച്ചു വന്നത്. നാട്ടിൽ അവർക്ക് സ്ഥിര വരുമാന മാർഗ്ഗമില്ല. എം.ജി.എൻ.ആർ.ഇ.ജി.എ.യുടെ (മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം) കീഴിൽ തൊഴിലെടുത്ത് കിട്ടുന്നത് തികയില്ല. "ഒരു മുറിയുടെ വലിപ്പത്തിൽ ഭൂമി കുഴിച്ചാൽ എനിക്കു കിട്ടുന്നത് 180 രൂപയാണ്. മിച്ചംവരുന്ന ചോറിൽ വെള്ളമൊഴിച്ചാണ് ഞങ്ങൾ കഴിക്കുന്നത്. എങ്ങനെയൊക്കെയോ 9 മാസങ്ങള്‍കൊണ്ട് 8,000-9,000 രൂപ ഞാൻ സമ്പാദിച്ചു. ട്രെയിനിൽ തിരികെ വരാനായി ആ പണം മുഴുവനും ഞങ്ങൾ ഉപയോഗിച്ചു. ആ യാത്രയിൽപ്പോലും വിശന്നപ്പോഴൊക്കെ ഞങ്ങൾ ഒരു തവി വീതം മാത്രമാണ് കഴിച്ചത്. അതുകൊണ്ട് ഇത് ഉടനെ തീരാൻ പോകുന്നില്ല”, അദ്ദേഹം പറഞ്ഞു.

ഡൽഹി അതിർത്തികളായ സിംഘുവിലെയും ടിക്രിയിയിലെയും കർഷകസമരത്തെക്കുറിച്ച് കേട്ടപ്പോൾ അവർ 2021-ന്‍റെ ആദ്യ ദിവസങ്ങളിൽ ഗാസിയാബാദിൽ പരിപാടി അവതരിപ്പിക്കുകയായിരുന്നു. പിന്നീടവർ താമസിക്കാനും പരിപാടി അവതരിപ്പിക്കാനുമായി സമരസ്ഥലത്തിനടുത്ത് പ്രതിമാസം 2,000 രൂപ വാടകയ്ക് വീടെടുത്ത് സിംഘുവിലേക്കു പോന്നു. കർഷകരുടെ കുടുംബത്തിൽ നിന്നല്ല തങ്ങൾ വരുന്നതെങ്കിലും അവരുടെ സമരത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുമെന്ന് വിക്രം പറഞ്ഞു. "ഞങ്ങൾക്ക് ഭൂമി ഉണ്ടായിരുന്നോ ഇല്ലയോ എന്നുള്ള കാര്യമറിയില്ല. പക്ഷെ കുടുംബം പറഞ്ഞത് ഉണ്ടെന്നാണ്. ഒന്നുകിൽ ഞങ്ങളുടെ പൂർവ്വപിതാക്കന്മാർ അവ വിറ്റു, അല്ലെങ്കിൽ ആരെങ്കിലും അവ കൈവശപ്പെടുത്തി”, വിക്രം പറഞ്ഞു.

കുടുംബത്തിന്‍റെ സിംഘുവിലെ അനുഭവം തികച്ചും വ്യത്യസ്തമായിരുന്നു. മോശമായി അവരോടു പെരുമാറുന്ന ആളുകളിൽ നിന്നും വ്യത്യസ്തമായി 'സമരം ചെയ്യുന്ന കർഷകർ വലിയ ആതിഥ്യ മര്യാദയോടെ ഞങ്ങളെ സ്വീകരിച്ചു', ലിൽ പറഞ്ഞു

വീഡിയോ കാണുക : സിംഘുവിൽ നൃത്തം ചെയ്യുമ്പോള്‍: ഛത്തീസ്‌ഗഢിൽ നിന്നുള്ള നട് നർത്തകർ കർഷക സമരത്തില്‍

വലിച്ചുകെട്ടിയ കയറില്‍ നടക്കുന്നതിന് പ്രതിദിനം അവര്‍ക്ക് സാധാരണയായി ലഭിക്കുന്നത് 400-500 രൂപയായിരുന്നു. പക്ഷെ സിംഘുവില്‍ അവര്‍ക്ക് 800 മുതല്‍ 1,500 രൂപവരെ ലഭിക്കാന്‍ തുടങ്ങി. “പണമുണ്ടാക്കാനാണ് ഞങ്ങളിവിടെ വന്നത്, പക്ഷെ കര്‍ഷകര്‍ക്കുവേണ്ടി നിലകൊള്ളേണ്ടതിന്‍റെ ആവശ്യം ഞങ്ങള്‍ക്കിപ്പോള്‍ ബോദ്ധ്യപ്പെട്ടു. ഞങ്ങളവരെ പിന്തുണയ്ക്കുന്നു. അവരെ ഇവിടെയെത്തിച്ച ആവശ്യങ്ങള്‍ നിറവേറട്ടെയെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു”, ലില്‍ പറഞ്ഞു. അവര്‍ തങ്ങളുടെ ഹൃദയങ്ങളിലൂടെ സിംഘുവിലെ കര്‍ഷകരോട് ഐക്യപ്പെടുകയാണെന്ന് വിക്രം കൂട്ടിച്ചേര്‍ത്തു. 2020 സെപ്തംബറില്‍ പാര്‍ലമെന്‍റ് പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിരവധി മാസങ്ങളായി കര്‍ഷകര്‍ നിശ്ചയദാര്‍ഢ്യത്തോടെ സമരം ചെയ്യുകയാണ് .

ഡല്‍ഹിയിലെ മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ സമരഭൂമിയിലെ കര്‍ഷകര്‍ അവരോട് വിവേചനം കാണിക്കുന്നില്ല. റാണി ആദ്യമായി നഗരത്തിലെത്തി മെട്രോയില്‍ യാത്ര ചെയ്യണമെന്ന് ആഗ്രഹിച്ചപ്പോഴുള്ള അവസ്ഥ അദ്ദേഹം ഓര്‍മ്മിക്കുന്നു. നിരവധി തവണ പരിശ്രമിച്ചിട്ടും അദ്ദേഹത്തിനവളെ മെട്രോയില്‍ കയറ്റാന്‍ പറ്റിയില്ല. “മെട്രോ കാവല്‍ക്കാര്‍ ഞങ്ങളെ അകത്തുകയറാന്‍ അനുവദിച്ചില്ല. ‘നിങ്ങളെ കണ്ടാല്‍ വൃത്തിയില്ല’ എന്ന് അവര്‍ പറഞ്ഞു”, വിക്രം വിശദീകരിച്ചു. മെട്രോ ട്രെയിനില്‍ കയറുക എന്ന ഒരേയൊരു ഉദ്ദേശ്യത്തോടുകൂടെ അലക്കിയ വസ്ത്രങ്ങള്‍ ധരിച്ചെത്തിയിട്ടുപോലും ഇതായിരുന്നു അവസ്ഥ. അവസാനം, എല്ലായിടത്തും തങ്ങളുടെ ഉപകരണങ്ങള്‍ എത്തിക്കുന്നതിനായുള്ള വലിക്കാവുന്ന ചെറിയൊരു വണ്ടി അവര്‍ കൊണ്ടുവരികയും ഒരു മോട്ടോര്‍ അതില്‍ ഘടിപ്പിക്കുകയും ചെയ്തു. “അതായിരുന്നു ഞങ്ങളുടെ മെട്രോ യാത്ര. ഞങ്ങള്‍ക്ക് ഞങ്ങളുടെ വണ്ടിയുണ്ട്. അതിലിരുന്ന് ഞങ്ങള്‍ ഡല്‍ഹി കണ്ടു”, വിക്രം തുടര്‍ന്നു.

“ഞങ്ങള്‍ പാര്‍ക്കുകളിലും ചന്ത സ്ഥലങ്ങളിലുമൊക്കെ പരിപാടി അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ആളുകള്‍ ഞങ്ങളെ അവിടെനിന്നോടിക്കുന്നു. ട്രാഫിക് ലൈറ്റുകള്‍ ഉള്ളയിടത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന സമയത്ത് പരിപാടി അവതരിപ്പിച്ച് യാത്രക്കാരുടെയടുത്തുനിന്നും 10 രൂപ കിട്ടുമ്പോള്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. പക്ഷെ ചിലസമയത്ത് ഞങ്ങള്‍ക്ക് അതുപോലും കിട്ടില്ല. ആളുകള്‍ ഞങ്ങളോട് പോകാന്‍ പറയുന്നു”, വിക്രം പറഞ്ഞു.

എന്നിരിക്കിലും കുടുംബത്തിന്‍റെ സിംഘുവിലെ അനുഭവം തികച്ചും വ്യത്യസ്തമായിരുന്നു. മോശമായി അവരോടു പെരുമാറുന്ന ആളുകളിൽ നിന്നും വ്യത്യസ്തമായി "സമരം ചെയ്യുന്ന കർഷകർ വലിയ ആതിഥ്യ മര്യാദയോടെ ഞങ്ങളെ സ്വീകരിച്ചു”, ലിൽ പറഞ്ഞു. “അവരുടെ കുടുംബാംഗങ്ങള്‍ എന്നപോലെ അവര്‍ ഞങ്ങള്‍ക്ക് ഭക്ഷണം തന്നു. ഞങ്ങള്‍ പരിപാടികള്‍ അവതരിപ്പിച്ച മറ്റു സ്ഥലങ്ങളില്‍ സംഭവിച്ചതുപോലെ ആരും ഞങ്ങളെ ഇവിടെ വഴക്കുപറഞ്ഞില്ല. ഇവിടെനിന്നും ഞങ്ങള്‍ക്ക് ലഭിച്ച ബഹുമാനം മറ്റൊരിടത്തുനിന്നും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.”

A flag fluttering on the pots atop Rani's head says, 'No Farmers, No Food'. It expresses the Nat family's solidarity with the protesting farmers
PHOTO • Amir Malik

റാണിയുടെ തലയുടെ മുകള്‍ഭാഗത്ത് പറക്കുന്ന കൊടിയില്‍ ഇങ്ങനെ കാണുന്നു, ‘കര്‍ഷകരില്ലാതെ ഭക്ഷണമില്ല’. സമരം ചെയ്യുന്ന കര്‍ഷകരോടുള്ള നട് കുടുംബത്തിന്‍റെ ഐക്യദാര്‍ഢ്യമാണ് ഇത് പ്രകടിപ്പിക്കുന്നത്

“ലോകം ഞങ്ങളെ മനസ്സിലാക്കുന്നില്ല. മാദ്ധ്യമങ്ങള്‍ ഞങ്ങളെ പുച്ഛത്തോടെ സമീപിക്കുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ അവരോട് സംസാരിക്കാത്തത്. അതുകൊണ്ടാണ് പോലീസിനാല്‍ ജയിലിലാക്കപ്പെടുന്നതുപോലുള്ള പ്രത്യാഘാതങ്ങള്‍ ഞങ്ങള്‍ക്കുണ്ടാകുന്നത്. ജയിലുകള്‍ക്കുള്ളില്‍ ഞങ്ങളുടേത് ശരീരങ്ങളും അവരുടേത് ലാത്തികളുമാകുന്നു”, ലില്‍ കൂട്ടിച്ചേര്‍ത്തു.

സിംഘുവില്‍നിന്നും 7 കിലോമീറ്റര്‍ അകലെയുള്ള നരേലയില്‍ ഒരിക്കല്‍ അവര്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍, “ഞങ്ങള്‍ ഞങ്ങളുടെ ജീവിതം വച്ചുകളിക്കുകയാണെന്നു പറഞ്ഞ് കഷ്ടപ്പെട്ടുണ്ടാക്കിയ ഞങ്ങളുടെ രണ്ടു ദിവസത്തെ പണം പോലീസുകാര്‍ എടുത്തു”, വിക്രം പരാതി പറഞ്ഞു. മറ്റൊരിക്കല്‍ ഗാസിയാബാദില്‍ വച്ച് മോഷണം സംശയിച്ച് അദ്ദേഹത്തെ ജയിലിലാക്കി. “അഗര്‍ ചുരാനാ ഹോഗാ തൊ അംബാനി കാ ആല്‍മിറ ചുരായേംഗെ” (“യഥാര്‍ത്ഥത്തില്‍ എനിക്ക് മോഷ്ടിക്കണമെന്നുണ്ടെങ്കില്‍ ഞാന്‍ അമ്പാനിയുടെ അലമാര അന്വേഷിച്ചേ പോകൂ”), അദേഹം പോലീസുകാരോട് പറഞ്ഞു. “പക്ഷെ എന്നെ നിര്‍ദ്ടയമായി മര്‍ദ്ദിച്ചു”.

കര്‍ഷകര്‍ വ്യത്യസ്തരാണ്. “അവര്‍ ഞങ്ങള്‍ക്കെതിരെ ഒരു വാക്ക് പറയുകയോ, ഞങ്ങളോട് സ്ഥലംവിടാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. പാഠം ചൊല്ലുമ്പോള്‍ [ഗുരു ഗ്രന്ഥസാഹിബില്‍ നിന്നും വായിക്കുക] മാത്രമാണ് ഞങ്ങളുടെ ഉച്ചഭാഷിണികളുടെ ശബ്ദം കുറയ്ക്കാന്‍ അവര്‍ വിനയപൂര്‍വ്വം ആവശ്യപ്പെടുന്നത്”, വിക്രം പറഞ്ഞു.

മാഹാമാരിയുടെ രണ്ടാംതരംഗത്തില്‍ നിന്നും രക്ഷപെടാനായി ഗ്രാമത്തിലേക്കു പോയതോടെ 5 മാസത്തിനുള്ളില്‍ കുടുംബത്തിന്‍റെ സിംഘുവിലെ താമസം അവസാനിച്ചു. ഇപ്പോള്‍ സെപ്തംബറില്‍ തിരിച്ചുവന്നപ്പോള്‍ അവര്‍ വാടകയ്ക്കെടുത്ത വീട് ലഭിക്കാനില്ല. കര്‍ഷകര്‍ ഉണ്ടാക്കിയ ചെറുവീടുകളും കൂടാരങ്ങളും ഇപ്പോഴും സമരസ്ഥലത്തുണ്ട്. ട്രാക്ടറുകളും ട്രോളികളും ഗ്രാമങ്ങള്‍ക്കും സമരസ്ഥലത്തിനുമിടയില്‍ അങ്ങോട്ടുമിങ്ങോട്ടും ആളുകളെയുംകൊണ്ട് യാത്രചെയ്യുന്നത് തുടരുന്നു. പക്ഷെ, കൃഷികാലം ആരംഭിച്ചു. അതിനാല്‍ കുറച്ചുമാസങ്ങള്‍ക്കു മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ കുറച്ച് ആളുകളാണ് ഇപ്പോഴവിടുള്ളത്. അതിനര്‍ത്ഥം പരിപാടി അവതരിപ്പിക്കുന്ന ഇവരുടെ ചെറിയ വരുമാനത്തില്‍ ഇടിവുണ്ടായി എന്നാണ്.

കുറച്ചുകൂടി പണമുണ്ടാക്കാനായി അടുത്തുള്ള പ്രദേശങ്ങളിലേക്ക് പോകുമ്പോഴും വിക്രമും ലില്ലും റാണിയും സിംഘുവിനടുത്തെ താമസം തുടരുന്നു. ദീര്‍ഘനാളായി നീണ്ടുനില്‍ക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ആഴ്ചയില്‍ മൂന്ന് ദിവസം കര്‍ഷകര്‍ക്കുവേണ്ടി അവര്‍ പരിപാടി അവതരിപ്പിക്കുന്നു.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Amir Malik

ಅಮೀರ್ ಮಲಿಕ್ ಸ್ವತಂತ್ರ ಪತ್ರಕರ್ತ ಮತ್ತು 2022 ರ ಪರಿ ಫೆಲೋ.

Other stories by Amir Malik
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.