ഏപ്രിലില്‍ നടന്ന ഉത്തര്‍ പ്രദേശ്‌ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ ചുമതലയില്‍ നിര്‍ബ്ബന്ധിതമായി നിയോഗിക്കപ്പെട്ടതിനെ തുടര്‍ന്ന് കോവിഡ്-19 മൂലം മരിച്ച അദ്ധ്യാപകരുടെ എണ്ണം 1,621 ആയി ഉയര്‍ന്നിരിക്കുന്നു - 1,181 പുരുഷന്മാരും 440 സ്ത്രീകളും ഉള്‍പ്പെടെ. ഉത്തര്‍ പ്രദേശ്‌ ശിക്ഷക് മഹാസംഘും (അദ്ധ്യാപക ഫെഡറേഷന്‍) അതിനോടു ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന യൂണിയനുകളും നല്‍കിയ പുതിയ വിവരമാണിത്. ഇംഗ്ലീഷിലും ഹിന്ദിയിലുമായി പാരിയില്‍ അതിന്‍റെ മുഴുവന്‍ പട്ടികയും ലഭ്യമാണ് .

മെയ് 10-ന് ഞങ്ങള്‍ ഒരു വിവരണം പ്രസിദ്ധീകരിച്ചിരുന്നു – താഴെ അത് ലഭ്യമാണ്. എങ്ങനെയാണ് ഈ മനുഷ്യ നിര്‍മ്മിത ദുരന്തം സംഭവിച്ചതെന്ന സമഗ്രമായ വിവരണം അതു നല്‍കുന്നുണ്ട്. വോട്ടെടുപ്പ് നീട്ടിവയ്ക്കാനുള്ള അദ്ധ്യാപക യൂണിയനുകളുടെ ആവര്‍ത്തിച്ചുള്ള അപേക്ഷ സംസ്ഥാന ഇലക്ഷന്‍ കമ്മീഷനും (എസ്.എ.സി.) യു.പി. സര്‍ക്കാരും നിസ്സാരമായി അവഗണിച്ചു. ആ സമയത്ത് തിരഞ്ഞെടുപ്പു ചുമതലകള്‍ നിര്‍വ്വഹിച്ചതിനെത്തുടര്‍ന്നു കോവിഡ്-19 മൂലം മരിച്ച അദ്ധ്യാപകരുടെ എണ്ണം 713 ആയിരുന്നു - 540 പുരുഷന്മാരും 173 സ്ത്രീകളും.

ഈ സംസ്ഥാനത്ത് 8 ലക്ഷത്തിനടുത്ത് അദ്ധ്യാപകർ സർക്കാർ വക പ്രാഥമിക വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്നു - അവരിൽ നിന്നും പതിനായിരക്കണക്കിന് അദ്ധ്യാപകരെയാണ് തിരഞ്ഞെടുപ്പ് ചുമതല നിര്‍വ്വഹിക്കാന്‍ അയച്ചത്. തിരഞ്ഞെടുപ്പ് വളരെ ബൃഹത്തായ ഒന്നാണ്. 1.3 ദശലക്ഷം സ്ഥാനാര്‍ത്ഥികള്‍ 8 ലക്ഷം സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ യോഗ്യരായ സമ്മതിദായകരുടെ എണ്ണം 130 ദശലക്ഷമാണ്. വസ്തുതയെന്തെന്നാല്‍ പരിമിതമായ പെരുമാറ്റ ചട്ടങ്ങള്‍ മാത്രം ഉണ്ടായിരുന്നപ്പോഴും തിരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ക്ക് (അദ്ധ്യാപകരും മറ്റുള്ളവരും) ആയിരക്കണക്കിന് ആളുകളുമായി ഇടപഴകേണ്ടതുണ്ടായിരുന്നു എന്നുള്ളതാണ്.

യു.പി. പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ മുന്‍കാലങ്ങളില്‍ നീട്ടിവച്ചിട്ടുണ്ട് – ഉദാഹരണത്തിന് 1994 സെപ്തംബറില്‍ നിന്നും 1995 ഏപ്രിലിലേക്ക്. അങ്ങനെയെങ്കില്‍ അഭൂതപൂര്‍വ്വമായ ഒരു മഹാമാരിയും മാനുഷികത നേരിട്ട ഒരു പ്രതിസന്ധിയും നമ്മെ തുറിച്ചു നോക്കുന്നതിനിടയില്‍ എന്തിനായിരുന്നു ഈ തിടുക്കം ? മുന്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണര്‍ സതീഷ് കുമാര്‍ അഗര്‍വാള്‍ ചോദിച്ചു.

സ്ക്കൂള്‍ അദ്ധ്യാപകരുടെയും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും മരണത്തിന് തിരഞ്ഞെടുപ്പു നടത്തിയതുമായുള്ള ഏതു ബന്ധത്തെയും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തള്ളിക്കളയുന്നു. “ഡല്‍ഹിയില്‍ എന്തെങ്കിലും തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നോ? മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നോ? മാര്‍ച്ച് 21-ന് അദ്ദേഹം നോയിഡയില്‍ വച്ച് റിപ്പോര്‍ട്ടര്‍മാരോടു ചോദിച്ചു . ഇതിനിടയില്‍ അലഹാബാദ് ഹൈക്കോടതിയുടെ മേല്‍ കുറ്റം ചാര്‍ത്താനുള്ള ശ്രമവും നടത്തി. മുഖ്യമന്ത്രി ആദിത്യനാഥ് റിപ്പോര്‍ട്ടര്‍മാരോട് ഇങ്ങനെ പറഞ്ഞിരുന്നു: “ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത്.”

ഇത് ഭാഗികമായ സത്യമാണ്. തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഹര്‍ജി കോടതി തള്ളിയിരുന്നു. എന്നാല്‍ അതൊരു സ്വകാര്യ ഹര്‍ജി ആയിരുന്നു, സംസ്ഥാനം സമര്‍പ്പിച്ചതായിരുന്നില്ല. (ഭരണഘടനാപരമായ ആവശ്യം നിറവേറ്റുന്നതിനായി 2021 ജനുവരി 21-നു മുമ്പ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കേണ്ടതുണ്ടായിരുന്നു). പക്ഷെ കോടതി ഉത്തരവിട്ടത് കോവിഡ്-19 പെരുമാറ്റ ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടായിരിക്കണം തിരഞ്ഞെടുപ്പു നടത്തേണ്ടത് എന്നാണ്.

അലഹാബാദ് ഹൈക്കോടതി ഏപ്രില്‍ 6-നു പറഞ്ഞത് സംസ്ഥാനം എല്ലാ സുരക്ഷാ പെരുമാറ്റ ചട്ടങ്ങളും പാലിക്കുമെന്നു വിശ്വസിക്കുന്നു എന്നാണ്. യു.പി. സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ “ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു .” കോടതി ഇങ്ങനെകൂടി പറഞ്ഞു: “ആളുകള്‍ കൂട്ടം ചേരാത്ത തരത്തില്‍ പഞ്ചായത്തിരാജ് തിരഞ്ഞെടുപ്പു നടത്തണം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോഴാകട്ടെ വോട്ടഭ്യര്‍ത്ഥനയുടെ സമയത്താകട്ടെ യഥാര്‍ത്ഥ വോട്ടെടുപ്പിന്‍റെ സമയത്താകട്ടെ, എപ്പോഴായാലും കോവിഡ്-19 പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കണം.” മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ “ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങളനുസരിച്ച്” അല്ല തിരഞ്ഞെടുപ്പ് നടന്നത്. പ്രസ്തുത കോടതി ഉത്തരവുകളുടെ ലംഘനം അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം വിനാശകരമായിരുന്നുവെന്ന് അവരുടെ യൂണിയനുകള്‍ പറഞ്ഞു.

അദ്ധ്യാപക യൂണിയനുകള്‍ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു സമര്‍പ്പിച്ച ഏറ്റവും അവസാനത്തെ കത്ത് പറയുന്നത് ഇങ്ങനെയാണ്: “ബഹുമാനപ്പെട്ട സുപ്രീം കോടതി വാദം കേട്ട ഒരു സമയത്തു പോലും ഫെഡറേഷന്‍ അതിന്‍റെ നിലപാട് അഭിഭാഷകരിലൂടെ വിശദീകരിച്ചതാണ്. എന്നിരിക്കിലും, കോവിഡ് ബാധയില്‍ നിന്നും ആളുകളെ സംരക്ഷിക്കുന്നതിനായി വോട്ടെണ്ണല്‍ സമയത്ത് സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചു കൊള്ളാമെന്ന് സര്‍ക്കാര്‍ വക്കീല്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക് ഉറപ്പു കൊടുത്തിരുന്നു.”

ഹൃദയ ഭേദകമായ ഒരു വാചകത്തില്‍ കത്ത് ഇങ്ങനെ നിരീക്ഷിക്കുന്നു: “ഇത്രയധികം അദ്ധ്യാപകര്‍ മരിച്ചിട്ടും അടിസ്ഥാന വിദ്യാഭ്യാസ വകുപ്പോ ഉത്തര്‍ പ്രദേശ്‌ സര്‍ക്കാരോ ഇതുവരെ ഒരു ദുഃഖവും പ്രകടിപ്പിച്ചിട്ടില്ല എന്നത് നിര്‍ഭാഗ്യകരമാണ്.”

“കൃത്യമായി അനുസരിക്കേണ്ടതായ” മുഖാവരണം ധരിക്കല്‍, സാമൂഹ്യാകലം പാലിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള പ്രസ്തുത പെരുമാറ്റ ചട്ടങ്ങള്‍ ”അനുസരിക്കാതിരുന്നതിന്”ഏപ്രില്‍ 26-ന് കോടതി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാരോ തിരഞ്ഞെടുപ്പു കമ്മീഷനോ കോടതിയുത്തരവില്‍ അതൃപ്തരായിരുന്നെങ്കില്‍ അവര്‍ക്ക് സുപ്രീം കോടതിയില്‍ പോകാന്‍ കഴിയുമായിരുന്നു. പക്ഷെ അവര്‍ ചെയ്തില്ല. നേരത്തെ തന്നെ, മാര്‍ച്ച് അവസാന ആഴ്ച, വലിയ രീതിയില്‍ ഹോളി ആഘോഷിച്ചപ്പോഴും സംസ്ഥാനം കോവിഡ്-19 പെരുമാറ്റച്ചട്ടം  ഒരുതരത്തിലും നടപ്പാക്കാന്‍ ശ്രമിച്ചില്ല.

അലഹാബാദ് ഹൈക്കോടതി മെയ് 12-ന് പറഞ്ഞത് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചുമതല നിര്‍വ്വഹിക്കുന്നതിനായി നിയോഗിക്കപ്പെട്ട ശേഷം കോവിഡ്-19 മൂലം മരണമടഞ്ഞ പോളിംഗ് ഉദ്യോഗസ്ഥരുടെ (അദ്ധ്യാപകരുടെയും മറ്റു സര്‍ക്കാര്‍ ജീവനക്കാരുടെയും) കുടുംബങ്ങള്‍ക്ക്  സംസ്ഥാനം നഷ്ടപരിഹാരം എന്ന നിലയിലുള്ള സഹായധനമായി കുറഞ്ഞത് ഒരുകോടി രൂപയെങ്കിലും നലികിയിരിക്കണം എന്നാണ്. ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ വര്‍മ്മയും അജിത് കുമാറും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച്‌ ഇങ്ങനെ പറഞ്ഞു: “തിരഞ്ഞെടുപ്പു സമയത്ത് ആരെങ്കിലും അവരുടെ സേവനങ്ങള്‍ സ്വയംസന്നദ്ധമായി നല്‍കിയ കേസല്ല ഇത്. മറിച്ച്, തിരഞ്ഞെടുപ്പു സമയത്ത് ചുമതല നിറവേറ്റാനായി നിയോഗിക്കപ്പെട്ടവര്‍ അവരുടെ താല്‍പ്പര്യമില്ലായ്മ പ്രകടിപ്പിച്ചിട്ടുപോലും അവരെ ചുമതല നിറവേറ്റുന്നതിനു ബാദ്ധ്യസ്ഥരാക്കിയതുമായി ബന്ധപ്പെട്ടുള്ള കേസാണ്.”

ശ്രദ്ധിക്കേണ്ട കാര്യം: രാജ്യത്തെ ഒരു കോടതിയും ഉത്തരാഖണ്ടിലേയോ ഉത്തര്‍ പ്രദേശിലേയോ സര്‍ക്കാരിനോട് കുംഭമേള ഒരുവര്‍ഷം മുന്നോട്ടാക്കാന്‍ കല്‍പ്പിച്ചിട്ടില്ല. ഹരിദ്വാറിലെ കുംഭമേള എല്ലാ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കലും നടക്കുന്നതാണ് . അടുത്തത് നടക്കേണ്ടത് 2022-ലായിരുന്നു. എന്നിരിക്കിലും കുംഭമേളയായിരുന്നു മറ്റൊരു പ്രധാന ജനകീയ സംഭവം. പഞ്ചായത്തു തിരഞ്ഞെടുപ്പിന്‍റെ സമയത്തുതന്നെ നിരവധി ദിവസങ്ങള്‍ ഇതും ആഘോഷിക്കപ്പെട്ടു. 2022-ല്‍ നിന്നും 2021-ലേക്ക് കുംഭമേള ആക്കുന്നതിനു പിന്നില്‍ ജ്യോതിഷ സംബന്ധിയും മതപരവുമായ തീക്ഷണ യുക്തികള്‍ ഉണ്ടായിരുന്നു. പക്ഷെ അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കേണ്ട ഉത്തര്‍ പ്രദേശ്‌ അസ്സംബ്ലി തിരഞ്ഞെടുപ്പിനു മുന്‍പ് ‘വിജയകരമായി’ കുംഭമേളയും പഞ്ചായത്തു തിരഞ്ഞെടുപ്പും നടത്തേണ്ടതിന്‍റെ രാഷ്ട്രീയ ആവശ്യത്തെപ്പറ്റി വളരെ കുറച്ചു ചര്‍ച്ചകളെ ഉണ്ടായുള്ളൂ. ഇത്രത്തോളം വിനാശകരമായിരുന്നില്ലെങ്കില്‍ ഈ രണ്ടു സംഭവങ്ങളേയും അന്ന് മഹത്തായ നേട്ടങ്ങള്‍ ആയി എടുത്തു കാണിക്കുമായിരുന്നു.

ഇതാണ് ദുരന്തത്തെക്കുറിച്ചുള്ള പാരിയുടെ മുഖ്യ വിവരണം (മെയ് 10-നു പ്രസിദ്ധീകരിച്ചത്):

യു.പി.യിലെ പഞ്ചായത്തുകൾ: വോട്ടെടുപ്പ് ആർക്കുവേണ്ടിയാണ് മരണമണി മുഴക്കുന്നത്?

ഉത്തർ പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോളിംഗ് ഉദ്യോഗസ്ഥരായി പ്രവർത്തിച്ച 700-ലധികം സ്ക്കൂൾ അദ്ധ്യാപകർ കോവിഡ്-19 മൂലം മരിക്കുകയും കൂടുതൽ പേരുടെ നില അപകടകരമായി തീരുകയും ചെയ്തിരിക്കുന്നു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട 30 ദിവസങ്ങൾക്കുള്ളിൽ 8 ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ജിഗ്യാസ മിശ്ര ചിത്രീകരണം: അന്‍താര രാമന്‍

സീതാപൂരിലെ ആശുപത്രിക്കിടക്കയിൽ ഓക്സിജൻ നൽകപ്പെട്ട്, ജീവനു വേണ്ടി പോരാടിക്കൊണ്ട് കിടക്കുമ്പോഴും ഋതേഷ് മിശ്രയുടെ സെൽ ഫോൺ ശബ്ദിച്ചുകൊണ്ടിരുന്നു. മരണത്തോടടുത്തു കൊണ്ടിരുന്ന ആ സ്ക്കൂൾ അദ്ധ്യാപകൻ മെയ് 2-ന് ഡ്യൂട്ടിക്കു ഹാജരാകുന്ന കാര്യം സ്ഥിരീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനിൽ നിന്നും സർക്കാർ അധികാര കേന്ദ്രങ്ങളിൽ നിന്നുമായിരുന്നു ആ വിളികൾ വന്നത്.

"ഫോൺ നിര്‍ത്താതെ ബെൽ അടിക്കുകയായിരുന്നു”, അദ്ദേഹത്തിന്‍റെ ഭാര്യ അപർണ പറഞ്ഞു. "ഋതേഷ് ആശുപത്രിയിൽ ആണെന്നും ഡ്യൂട്ടിക്ക് ഹാജരാകാൻ സാധിക്കില്ലെന്നും ഫോൺ എടുത്തുകൊണ്ട് ഞാൻ പറഞ്ഞപ്പോൾ തെളിവായി അദ്ദേഹം ആശുപത്രിക്കിടക്കയിൽ ആയിരിക്കുന്നതിന്‍റെ ഒരു ഫോട്ടോഗ്രാഫ് അയച്ചു കൊടുക്കണം എന്ന് അവർ ആവശ്യപ്പെട്ടു. ഞാൻ അത് അയയ്ക്കുകയും ചെയ്തു. ആ ഫോട്ടോഗ്രാഫ് ഞാൻ നിങ്ങൾക്ക് അയച്ചു തരാം”, അവർ പാരിയോടു പറഞ്ഞു. പറഞ്ഞതുപോലെ അയയ്ക്കുകയും ചെയ്തു.

മുപ്പത്തിനാലുകാരിയായ അപർണ മിശ്ര പ്രധാനമായും സംസാരിച്ചത് ഭർത്താവിനോട്  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകരുതെന്ന് താന്‍ വളരെ ശക്തമായി ആവശ്യപ്പെട്ടതിനെക്കുറിച്ചാണ്. "അദ്ദേഹത്തിന്‍റെ ഡ്യൂട്ടി സമയപ്പട്ടിക എത്തിയതു മുതൽ അദ്ദേഹത്തോട് ഞാനത് പറയുകയായിരുന്നു”, അവർ പറഞ്ഞു. "പക്ഷെ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലി റദ്ദാക്കാൻ പറ്റുകയില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ അധികാരികൾ അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ. എടുക്കുക പോലും ചെയ്യുമായിരുന്നു.

കോവിഡ്-19 മൂലം ഏപ്രിൽ 29-ന് ഋതേഷ് മരിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം അതേ രീതിയിൽ മരിച്ച 700-ലധികം ഉത്തർ പ്രദേശ് സ്ക്കൂൾ അദ്ധ്യാപകരിൽ ഒരാളാണ് അദ്ദേഹം. പാരിയുടെ പക്കൽ മുഴുവൻ പട്ടികയും ഉണ്ട് . നിലവിൽ അത് 713 പേരാണ് – 540 പുരുഷന്മാരും 173  സ്ത്രീകളും. ഈ സംസ്ഥാനത്ത് 8 ലക്ഷത്തിനടുത്ത് അദ്ധ്യാപകർ സർക്കാർ വക പ്രാഥമിക വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്നു - അവരിൽ നിന്നും പതിനായിരക്കണക്കിന് അദ്ധ്യാപകരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അയച്ചത്.

സഹാദ്ധ്യാപകനായ (assistant teacher) ഋതേഷ് കുടുംബത്തോടൊപ്പം സീതാപ്പൂർ ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലാണ് ജീവിച്ചിരുന്നത്. പക്ഷെ, പഠിപ്പിച്ചു കൊണ്ടിരുന്നത് ലഖ്നൗവിലെ ഗോസായിഗഞ്ച് ബ്ലോക്കിലെ ഒരു പ്രാഥമിക വിദ്യാലയത്തിലും. ഏപ്രിൽ 15, 19, 26, 29 എന്നീ തീയതികളിൽ 4 ഘട്ടങ്ങളായി നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ ഉദ്യോഗസ്ഥനായി നിയമിച്ചത് തൊട്ടടുത്ത ഗ്രാമത്തിലെ ഒരു സ്ക്കൂളിലാണ്.

'When I said Ritesh is hospitalised and could not accept the duty – they demanded I send them a photograph of him on his hospital bed – as proof. I did so. I will send you that photograph', says his wife Aparna. Right: Ritesh had received this letter asking him to join for election duty.
PHOTO • Aparna Mishra
'When I said Ritesh is hospitalised and could not accept the duty – they demanded I send them a photograph of him on his hospital bed – as proof. I did so. I will send you that photograph', says his wife Aparna. Right: Ritesh had received this letter asking him to join for election duty.
PHOTO • Aparna Mishra

‘ഋതേഷ് ആശുപത്രിയിൽ ആണെന്നും ഡ്യൂട്ടിക്ക് ഹാജരാകാൻ സാധിക്കില്ലെന്നും ഫോൺ എടുത്തുകൊണ്ട് ഞാൻ പറഞ്ഞപ്പോൾ തെളിവായി അദ്ദേഹം ആശുപത്രിക്കിടക്കയിൽ ആയിരിക്കുന്നതിന്‍റെ ഒരു ഫോട്ടോഗ്രാഫ് അയയ്ക്കണം എന്ന് അവർ ആവശ്യപ്പെട്ടു . ഞാൻ അത് അയയ്ക്കുകയും ചെയ്തു . ആ ഫോട്ടോഗ്രാഫ് ഞാൻ നിങ്ങൾക്ക് അയച്ചു തരാം’, അദ്ദേഹത്തിന്‍റെ ഭാര്യ അപര്‍ണ പറഞ്ഞു. വലത്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ചേരാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഋതേഷ് സ്വീകരിച്ച കത്ത്.

യു.പി.യിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരു വലിയ സംഭവമാണ്. ഈ തിരഞ്ഞെടുപ്പിൽ 1.3 ദശലക്ഷം സ്ഥാനാർത്ഥികൾ 8 ലക്ഷത്തിലധികം സീറ്റുകളിൽ മത്സരിക്കുന്നുണ്ടായിരുന്നു. നേരിട്ടു തിരഞ്ഞെടുക്കപ്പെടുന്ന 4 വ്യത്യസ്ത സ്ഥാനങ്ങളിലേക്കുള്ളവരെ തിരഞ്ഞെടുക്കപ്പെടുക്കാൻ 130 ദശലക്ഷം യോഗ്യരായ സമ്മതിദായകര്‍ ഉണ്ടായിരുന്ന ഈ തിരഞ്ഞെടുപ്പിനുവേണ്ടി 520 ദശലക്ഷം ബാലറ്റ് പേപ്പറുകൾ അച്ചടിക്കുകയും ചെയ്തു. ഈ പ്രക്രിയ നടത്തിയെടുക്കുക എന്നത് എല്ലാ പോളിംഗ് ഉദ്യോഗസ്ഥരെയും സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്.

മഹാമാരിയുടെ ഉത്തുംഗത്തിലെത്തി നിൽക്കുമ്പോൾ ഇത്തരത്തിലൊരു ഡ്യൂട്ടി ഏൽപ്പിച്ചതിനെതിരെ അദ്ധ്യാപകരും അവരുടെ സംഘടനകളും നടത്തിയ പ്രതിഷേധങ്ങൾ അവഗണിക്കപ്പെട്ടു. യു.പി. ശിക്ഷക് മഹാസംഘ് (അദ്ധ്യാപക ഫെഡറേഷൻ) ഏപ്രിൽ 12-ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്കുള്ള ഒരു കത്തിൽ ചൂണ്ടിക്കാണിച്ചതുപോലെ ഒരു തരത്തിലുമുള്ള സുരക്ഷയോ, പെരുമാറ്റ ചട്ടങ്ങളോ അല്ലെങ്കിൽ വൈറസിൽ നിന്നും അദ്ധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളോ അവിടെ ഉണ്ടായിരുന്നില്ല. പരിശീലനം നടത്തുമ്പോഴും ബാലറ്റ് പെട്ടികൾ കൈകാര്യം ചെയ്യുമ്പോഴും ആയിരക്കണക്കിന് ആളുകളുമായി അദ്ധ്യാപകർ സമ്പർക്കത്തിലേർപ്പെടുമ്പോഴും ഉണ്ടാകാവുന്ന അപകടങ്ങളെ സംബന്ധിച്ച് കത്ത് മുന്നറിയിപ്പു നൽകി. കൂടാതെ, ഏപ്രിൽ 28, 29 എന്നീ തീയതികളിലെ കത്തുകൾ വോട്ടെണ്ണൽ തീയതി മാറ്റി വയ്ക്കാമോയെന്ന് അഭ്യർത്ഥിച്ചിരുന്നു.

“ഞങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഇ-മെയിലായും നേരിട്ടും കത്തുകൾ അയച്ചിരുന്നു. പക്ഷെ ഞങ്ങൾക്ക് ഒരു പ്രതികരണവും ലഭിച്ചില്ല. കത്തു കിട്ടിയതായുള്ള അറിയിപ്പു പോലും ലഭിച്ചില്ല”, യു.പി. ശിക്ഷക് മഹാസംഘിന്‍റെ പ്രസിഡന്‍റായ ദിനേശ് ചന്ദ്ര ശർമ പാരിയോടു പറഞ്ഞു. "ഞങ്ങളുടെ കത്തുകൾ മുഖ്യമന്ത്രിക്കും ലഭിച്ചു. പക്ഷെ, ഒരു പ്രതികരണവും ഉണ്ടായില്ല.”

അദ്ധ്യാപകർ ആദ്യം ഏകദിന പരിശീലനത്തിനാണ് പോയത്, പിന്നീട് രണ്ടു ദിവസത്തെ വോട്ടെടുപ്പ് ഡ്യൂട്ടിക്കും. ആദ്യത്തെ ദിവസം തയ്യാറെടുപ്പുകൾ നടത്തുന്നതിനു വേണ്ടിയും രണ്ടാമത്തെ ദിവസം യഥാര്‍ത്ഥ വോട്ടെടുപ്പിനു വേണ്ടിയുമായിരുന്നു. പിന്നീട്, ആയിരക്കണക്കിന് അദ്ധ്യാപകരോട് വോട്ടെണ്ണലിനു ഹാജരാകാൻ ആവശ്യപ്പെട്ടു. ഈ ജോലികൾ ചെയ്യുന്നത് നിര്‍ബ്ബന്ധമാക്കുകയും ചെയ്തു. പരിശീലനത്തിനു ശേഷം ഋതേഷ് ഏപ്രിൽ 18-ന് വോട്ടെണ്ണൽ ഡ്യൂട്ടിക്ക് ഹാജരായി. "വിവിധ വകുപ്പുകളിൽ നിന്നുള്ള സർക്കാർ ജീവനക്കാർക്കൊപ്പം അദ്ദേഹം ജോലി ചെയ്തു. പക്ഷെ അവരിലാരെയും നേരത്തെ അറിയില്ലായിരുന്നു”, അപർണ പറഞ്ഞു.

"ഡ്യൂട്ടി കേന്ദ്രത്തിലേക്കു പോകുന്ന വഴിക്ക് അദ്ദേഹം അയച്ച സെൽഫികൾ ഞാൻ നിങ്ങൾക്കു കാണിച്ചു തരാം. ഒരു സുമോയിലോ ബൊലേറോയിലോ മറ്റോ മറ്റു രണ്ടു പുരുഷന്മാർക്കൊപ്പമായിരുന്നു അദ്ദേഹം ഇരുന്നത്. തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കുള്ള 10 പേരെ വഹിച്ച  അത്തരത്തിലുളള മറ്റൊരു വാഹനത്തിന്‍റെയും ചിത്രം അദ്ദേഹം എനിക്കയച്ചു. ഞാന്‍ മരവിച്ചുപോയി”, അവര്‍ കൂട്ടിച്ചേര്‍ത്തു. “വോട്ടെടുപ്പു നടക്കുന്ന ബൂത്തില്‍ കൂടുതല്‍ ശാരീരിക സമ്പര്‍ക്കം ഉണ്ടായിരുന്നു.”

ചിത്രീകരണം: ജിഗ്യാസ മിശ്ര

അദ്ധ്യാപകർ ആദ്യം ഏകദിന പരിശീലനത്തിനും പിന്നീട് രണ്ടു ദിവസത്തെ വോട്ടെടുപ്പ് ഡ്യൂട്ടിക്കും പോയിരുന്നു. പിന്നീട്, ആയിരക്കണക്കിന് അദ്ധ്യാപകരോട് നിര്‍ബ്ബന്ധമായും വോട്ടെണ്ണലിനു ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു.

"വോട്ടിങ്ങിന് ശേഷം ഏപ്രിൽ 19-ന് 103 ഡിഗ്രി പനിയും ചൂടുമായാണ് അദ്ദേഹം തിരിച്ചുവന്നത്. സുഖം തോന്നുന്നില്ല എന്ന് പറഞ്ഞു വരുന്നതിനുമുമ്പ് വിളിച്ചപ്പോൾ എത്രയും പെട്ടന്ന് തിരികെയെത്താനാണ് ഞാൻ പറഞ്ഞത്. ശരീരം ആയാസപ്പെട്ടതുകൊണ്ടുള്ള സാധാരണ പനിയായി അതിനെ ഞങ്ങൾ കരുതി. പക്ഷെ ഏപ്രിൽ 22-ന് മൂന്നാം ദിവസവും പനി തുടർന്നപ്പോൾ ഡോക്ടറെ കാണുകയും ഉടൻ തന്നെ കോവിഡ് പരിശോധനയും സി.റ്റി. സ്കാനും നടത്താൻ ഡോക്ടർ നിർദേശിക്കുകയും ചെയ്തു.”

'അതൊക്കെ ഞങ്ങൾ ചെയ്തു, കോവിഡ് പോസിറ്റീവ് ഫലം അറിഞ്ഞു, പിന്നെ ഒരു ആശുപത്രി കിടക്കയ്ക്കായി നെട്ടോട്ടമാരംഭിച്ചു. ലഖ്നൗവിൽ ഒരു പത്തു ആശുപത്രികളിലെങ്കിലും ഞങ്ങൾ അന്വേഷിച്ചിട്ടുണ്ടാകും. ഒരു ദിവസം മുഴുവൻ നടത്തിയ അലച്ചിലിനൊടുവിൽ രാത്രിയോടു കൂടി സീതാപൂർ ജില്ലയിലെ ഒരു സ്വകാര്യ ക്ലിനിക്കിലാക്കി. അപ്പോഴേക്കും കടുത്ത ശ്വാസതടസ്സ പ്രശ്നങ്ങൾ ബാധിച്ചുകഴിഞ്ഞിരുന്നു.'

'അവിടെ ദിവസത്തിലൊരിക്കലേ ഡോക്ടർ വരുമായിരുന്നുള്ളൂ, അതും അർദ്ധരാത്രിയിൽ. ഞങ്ങൾ വിളിച്ചാൽ ഒരു ആശുപത്രി ജീവനക്കാരൻ കൂടി പ്രതികരിക്കില്ലായിരുന്നു. ഏപ്രിൽ 29-നു വൈകുന്നേരം അഞ്ചേകാൽ മണിയോടുകൂടി അദ്ദേഹം കോവിഡിന് കീഴടങ്ങി. അദ്ദേഹം കഴിവിന്‍റെ പരമാവധി ശ്രമിച്ചു – ഞങ്ങളെല്ലാവരും. പക്ഷെ ഞങ്ങളുടെ കൺമുമ്പിൽ വെച്ച് തന്നെ അദ്ദേഹം പോയി.’

ഋതേഷും, അപർണയും, ഒരു വയസ്സുള്ള അവരുടെ പെൺകുഞ്ഞും, അച്ഛനമ്മമാരുമടങ്ങുന്ന ആ അഞ്ചംഗകുടുംബത്തിന്‍റെ ഏക വരുമാനം അയാളുടെ ജോലിയായിരുന്നു. 2013ൽ വിവാഹിതരായ അവർക്ക് 2020 ഏപ്രിലിൽ ആണ് ആദ്യ സന്താനമുണ്ടായത്. "ഈ മെയ് 12-ന് എട്ടാം വിവാഹവാർഷികം ആഘോഷിക്കേണ്ടിയിരുന്നതാണ്”, അപർണ വിതുമ്പി. "പക്ഷെ അദ്ദേഹം എനിക്കുമുമ്പേ പോയി..." അവർക്കു വാക്കുകൾ പൂർത്തിയാക്കാൻ സാധിച്ചില്ല.

*****

കോവിഡ്-19 മഹാമാരിക്കിടെ രാഷ്ട്രീയ യോഗങ്ങൾ നടത്താൻ അനുവദിച്ച ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പാത്രമായി. കമ്മീഷന്‍റെ അഭിഭാഷകനോട് മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജി ഇപ്രകാരം പറഞ്ഞു: “കോവിഡ് രണ്ടാം തരംഗത്തിന്‍റെ പൂർണ്ണ ഉത്തരവാദിത്തം നിങ്ങളുടെ സ്ഥാപനത്തിനാണ്. മിക്കവാറും നിങ്ങളുടെ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന്‌ നടപടിയെടുക്കേണ്ടതാണ് ", എന്നുവരെ ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെടുകയുണ്ടായി.

കോടതിയുത്തരവുണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മുഖാവരണത്തിന്‍റെയും സാനിറ്റൈസറിന്‍റെയും ഉപയോഗം, സാമൂഹികാകല പാലനം എന്നിവ നടപ്പിൽ വരുത്തന്നതിൽ കമ്മീഷന് വന്ന വീഴ്ചയും മദ്രാസ് ഹൈക്കോടതിയുടെ രോഷത്തിന് കാരണമായി.

At Lucknow’s Sarojini Nagar, May 2, counting day: Panchayat polls in UP are gigantic and this one saw nearly 1.3 million candidates contesting over 8 lakh seats
PHOTO • Jigyasa Mishra
At Lucknow’s Sarojini Nagar, May 2, counting day: Panchayat polls in UP are gigantic and this one saw nearly 1.3 million candidates contesting over 8 lakh seats
PHOTO • Jigyasa Mishra

മെയ് 2-ന് ലഖ്നൗവിലെ സരോജിനി നഗറിൽ നിന്നും പകർത്തിയ ദൃശ്യം: യു. പി. പഞ്ചായത് തിരഞ്ഞെടുപ്പ് ഒരു ബൃഹത് പരിപാടിയാണ്. ഇത്തവണ 8 ലക്ഷത്തിലേറെ സ്ഥാനങ്ങളിലേക്ക് 1.3 ദശലക്ഷം സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.

"ഈയിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ വിവിധ ഘട്ടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നതിൽ ഉണ്ടായ വീഴ്ചകൾ പരിഹരിക്കുന്നതിൽ എന്തുകൊണ്ട് പരാജയപ്പെട്ടു എന്നും, മേല്പറഞ്ഞ കാര്യങ്ങളിൽ കമ്മീഷനും ഉദ്യോഗസ്ഥർക്കും എതിരെ എന്തുകൊണ്ട് നടപടികൾ എടുത്തുകൂടാ എന്നും, ഈ ലംഘനങ്ങൾക്ക് കാരണക്കാരായവരെ എന്തുകൊണ്ട് കുറ്റാരോപിതരാക്കിക്കൂട എന്നും' അടുത്തദിവസം, അതായത് ഏപ്രിൽ 27-നു, ക്ഷുഭിതരായ അലഹാബാദ് ഹൈകോടതി ബഞ്ച് യു. പി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കാരണം കാണിക്കുന്നതിനായി നൽകിയ ഒരു നോട്ടീസിൽ ചോദിച്ചു.

"ഇനി വരുന്ന പഞ്ചായത് തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ സാമൂഹികാകലം പാലിക്കുകയും മുഖാവരണം ധരിക്കുകയും ചെയ്യുന്നതു പോലുള്ള കോവിഡ് മാനദണ്ഡങ്ങൾ ത്വരിതമായും നിഷ്ഠയോടും കൂടി നടപ്പിലാക്കേണ്ടതാണ്. അല്ലാത്തപക്ഷം തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി കൈക്കൊള്ളുന്നതായിരിക്കും”, എന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ ഒരു ഘട്ടവും വോട്ടെണ്ണലും അവശേഷിക്കുന്ന വേളയിൽ കോടതി കമ്മീഷനോട് ഉത്തരവിട്ടു.

135 മരണങ്ങൾ നടന്നുകഴിഞ്ഞിരുന്ന ആ ഘട്ടത്തിൽ അമർ ഉജാല എന്ന പത്രത്തിൽ വന്ന ഒരു വാർത്താക്കുറിപ്പിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രസ്തുത നടപടി സ്വീകരിച്ചത്.

പക്ഷെ കാര്യമായ ഒരു മാറ്റവും ഉണ്ടായില്ല.

മെയ് 1-ാം തീയതി, വോട്ടെണ്ണലിന് കഷ്ടിച്ച് 24 മണിക്കൂർ മാത്രമുള്ളപ്പോൾ ഏതാണ്ടതേ രീതിയിൽ തന്നെ അസ്വസ്ഥരായ സുപ്രീംകോടതി സർക്കാരിനോടു ചോദിച്ചു : "ഏകദേശം 700 അദ്ധ്യാപകർ ഈ തിരഞ്ഞെടുപ്പ് കാലത്തു മരണപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ നിങ്ങൾ എന്ത് നടപടിയാണ് കൈക്കൊണ്ടിട്ടുള്ളത്?" (അതിനുമുമ്പുള്ള 24 മണിക്കൂറിനിടയിൽ ഉത്തർപ്രദേശിൽ 34,372 കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തു).

ഇതായിരുന്നു അഡീഷണൽ സോളിസിറ്റർ ജനറലിന്‍റെ മറുപടി: "തിരഞ്ഞെടുപ്പില്ലാത്ത സംസ്ഥാനങ്ങളിലും കോവിഡ് നിരക്ക് ഉയരുന്നുണ്ട്. ഡൽഹിയിൽ തിരഞ്ഞെടുപ്പില്ലെങ്കിലും കോവിഡ് നിരക്ക് അധികമാണ്. തിരഞ്ഞെടുപ്പ് ആരംഭിച്ചപ്പോൾ നമ്മൾ രണ്ടാം തരംഗത്തിന്‍റെ മദ്ധ്യത്തിലല്ലായിരുന്നു.”

അതായത്, തിരഞ്ഞെടുപ്പുകൾക്കും വോട്ടെടുപ്പിനും ഈ മരണങ്ങളുമായി ഒരു ബന്ധവുമില്ലെന്ന്.

'The arrangements for safety of the government staff arriving for poll duty were negligible', says Santosh Kumar
PHOTO • Jigyasa Mishra
'The arrangements for safety of the government staff arriving for poll duty were negligible', says Santosh Kumar
PHOTO • Jigyasa Mishra

'തിരഞ്ഞെടുപ്പ് ജോലിക്കായി എത്തിയ സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ തുച്ഛമായിരുന്നു', സന്തോഷ് കുമാർ പറയുന്നു.

"ആരൊക്കെയാണ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളതെന്നും അല്ലാത്തതെന്നും സൂചിപ്പിക്കാൻ കഴിയുന്ന ആധികാരിക വിവരപട്ടിക നമുക്കില്ല”, ഉത്തർപ്രദേശ് പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി സതീഷ് ചന്ദ്ര ദ്വിവേദി 'പാരി'യോടു പറഞ്ഞു: “ഇതു സംബന്ധിച്ച് നമ്മൾ ഒരു ഔദ്യോഗിക തിട്ടപ്പെടുത്തലും നടത്തിയിട്ടില്ല. മാത്രമല്ല, ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ കോവിഡ്ബാധിതരായത് അദ്ധ്യാപകർ മാത്രമല്ല. ഡ്യൂട്ടിക്ക് പോകുന്നതിന് മുമ്പ് തന്നെ അവർ രോഗബാധിതരായിരുന്നില്ല എന്ന കാര്യത്തിൽ എന്താണുറപ്പ്?”

പക്ഷെ ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു വാർത്താകുറിപ്പിൽ ഉദ്ധരിച്ചിരിക്കുന്ന ഔദ്യോഗിക കണക്കു പ്രകാരം "2020 ജനുവരി 30-നും 2021 ഏപ്രിൽ 4-നുമിടയിൽ - അതായത് 15 മാസക്കാലയളവിനിടയിൽ - ഉത്തർ പ്രദേശിൽ 6.3 ലക്ഷം പേർ കോവിഡ് ബാധിതരായി. ഏപ്രിൽ 4-ാം തീയതി തുടങ്ങിയ ഒരു മാസക്കാലയളവിനുള്ളിൽ 8 ലക്ഷം പുതിയ കേസുകൾ കൂടി വന്നപ്പോൾ സംസ്ഥാനത്തെ കോവിഡ് കേസ് 14 ലക്ഷം കടന്നു. ഗ്രാമീണമേഖലകളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായിരുന്നു ഇത്.” അതായത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു മാസക്കാലയളവിൽ മാത്രമുണ്ടായ കോവിഡ്-19 കേസുകളുടെ എണ്ണം അതിനു തൊട്ടുമുമ്പുവരെയുള്ള മുഴുവൻ കാലയളവിലുണ്ടായിട്ടുള്ളതിനേക്കാൾ കൂടുതലാണ്.

മരണപ്പെട്ട 706 അദ്ധ്യാപകരടങ്ങുന്ന പട്ടിക - അതിൽ തന്നെ ഏറ്റവും കൂടുതൽ പേർ അസംഗഢ് ജില്ലയിൽ നിന്നുമാണ് (34 പേർ) - തയ്യാറാക്കിയത് ഏപ്രിൽ 29-നാണ്. മറ്റു തീവ്രബാധിത ജില്ലകൾ ഗോരഖ്പൂർ (28 പേർ), ജാൻപൂർ (23 പേർ), ലഖ്നൗ (27 പേർ) എന്നിവയാണ്. മരണങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് യു. പി. ശിക്ഷക് മഹാസംഘ് ലഖ്നൗ ജില്ലാ അധ്യക്ഷൻ സുധാൻഷു മോഹൻ പറയുന്നു. മെയ് 4-ന് ഞങ്ങൾ അദ്ദേഹത്തെ കണ്ട് സംസാരിച്ചപ്പോൾ ഇങ്ങനെയാണ് പറഞ്ഞത്, "കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞു വന്ന ഏഴ് അദ്ധ്യാപകർ കൂടി മരണമടഞ്ഞു.” (പാരി ലൈബ്രറിയുടെ പട്ടികയിൽ ഈ കണക്കുകൂടി  ചേർത്തിട്ടുണ്ട്).

ഋതേഷ് കുമാറിന്‍റെ ജീവിതദുരന്തം ചുരുങ്ങിയത് മറ്റു 713 കുടുംബങ്ങളെങ്കിലും കടന്നുപോകുന്ന ദുരിതപർവ്വത്തിന്‍റെ ഒരു അർദ്ധവീക്ഷണം മാത്രമേ നമുക്ക് കാണിച്ചുതരുന്നുള്ളൂ. കോവിഡുമായി മല്ലിടുന്നവർ, കോവിഡ് പരിശോധന നടത്താൻ കാത്തുനിൽക്കുന്നവർ, പരിശോധനാഫലം കാത്തിരിക്കുന്നവർ അങ്ങനെ അനവധിയാളുകൾ ബാക്കിയുണ്ട്. ലക്ഷണങ്ങൾ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും സ്വയം തീരുമാനിച്ചു ക്വാറന്‍റൈനിൽ കഴിയുന്നവർ പോലുമുണ്ട്. മദ്രാസ്, അലഹാബാദ് ഹൈക്കോടതികളുടെയും, സുപ്രീംകോടതിയുടെയും രോഷത്തിനും ആശങ്കയ്ക്കും കാരണമായ കഠിനയാഥാർത്ഥ്യങ്ങൾ ഈ ജീവിതകഥകളിലുണ്ട്.

"തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തുന്ന സർക്കാർ ജീവനക്കാർക്കായി തുച്ഛമായ സുരക്ഷാക്രമീകരണങ്ങളേ ഒരുക്കിയിരുന്നുള്ളൂ”, 43-കാരനായ സന്തോഷ് കുമാർ പറഞ്ഞു. ലഖ്നൗവിലെ ഗോസായിഗഞ്ച് ബ്ലോക്കിലുള്ള ഒരു പ്രാഥമിക വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപകനായ അദ്ദേഹം തിരഞ്ഞെടുപ്പ് ദിനത്തിലും, വോട്ടെണ്ണൽ ദിനത്തിലും ജോലി ചെയ്തിരുന്നു. "സാമൂഹിക അകലം എന്ന ഒരു ചിന്തയും ഇല്ലാതെ ക്രമീകരിക്കപ്പെട്ട ബസുകളിലും മറ്റു വാഹനങ്ങളിലുമാണ് ഞങ്ങൾക്കു സഞ്ചരിക്കേണ്ടിയിരുന്നത്. തിരഞ്ഞെടുപ്പ് കേന്ദ്രത്തിലാകട്ടെ ഞങ്ങൾക്ക് മുഖാവരണം, സാനിറ്റൈസർ തുടങ്ങിയ പ്രതിരോധ സംവിധാനങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല. ഞങ്ങൾ സ്വന്തമായി കരുതിയിരുന്നകാര്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല ഞങ്ങളുടെ പക്കൽ  അധികമുണ്ടായിരുന്ന മുഖാവരണങ്ങൾ അവയില്ലാതെ വോട്ട് ചെയ്യാൻ എത്തിയവർക്കിടയിൽ വിതരണം ചെയ്തു.”

ചിത്രീകരണം: അന്‍താരാ

തന്‍റെ ഗ്രാമത്തിലെ ഗുരുതരമായികൊണ്ടിരിക്കുന്ന അവസ്ഥയെപ്പറ്റി എല്ലാ രണ്ടു ദിവസം കൂടുമ്പോഴും ഞങ്ങളുടെ വിദ്യാലയത്തിലെ പാചകജോലി വഹിക്കുന്ന സ്ത്രീ വിളിച്ചറിയിക്കാറുണ്ട്. എന്താണ് മരണകാരണം എന്നു പോലും അവിടുത്തെ ജനങ്ങൾക്ക് അറിയില്ല.'

“ഞങ്ങൾക്ക് ഡ്യൂട്ടി ഉപേക്ഷിക്കാൻ ഒരു മാർഗ്ഗവുമുണ്ടായിരുന്നില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു. "റോസ്‌റ്ററിൽ ഒരിക്കൽ പേര് ചേർക്കപ്പെട്ടാൽ ഡ്യൂട്ടിക്ക് പോകാതെ നിവൃത്തിയില്ല. ഗർഭിണികളായവർ പോലും പോകാൻ നിർബന്ധിതരായി. അവധിക്കായി അവർ നൽകിയ അപേക്ഷകൾ നിരസിക്കപ്പെട്ടു.” കുമാറിന് ലക്ഷണങ്ങൾ ഒന്നും ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. മെയ് 2-ാം തീയതി നടന്ന വോട്ടെണ്ണലിലും അദ്ദേഹം പങ്കെടുത്തു.

ലഖിംപൂർ ജില്ലയിൽ നിന്നുള്ള പ്രധാനാദ്ധ്യാപികയായ മീട്ടു അവസ്തിക്ക് പക്ഷെ അത്രയും ഭാഗ്യമുണ്ടായിരുന്നില്ല. പരിശീലനത്തിനു പോയ ദിവസം തന്നെ "മറ്റ് 60 പേരെ മുറിയിൽ കണ്ടിരുന്നു. ലഖിംപൂർ ബ്ലോക്കിലെ പല വിദ്യാലയങ്ങളിൽ നിന്നുമുള്ളവരായിരുന്നു അവർ. തിങ്ങിക്കൂടിയിരുന്ന് അവിടെയുണ്ടായിരുന്ന ഒരേയൊരു ബാലറ്റു പെട്ടിയിൽ ഞങ്ങൾ തിരഞ്ഞെടുപ്പ് നടപടികൾ പരിശീലിച്ചു. ആ അവസ്ഥ എത്ര ഭീതിതമായിരുന്നു എന്ന് സങ്കൽപ്പിക്കാൻ പോലുമാവില്ല”, അവർ പാരിയോടു പറഞ്ഞു.

38-കാരിയായ അവസ്തി കോവിഡ് പോസിറ്റീവായി. രോഗബാധയ്ക്കു കാരണമായ പരിശീലനം പൂർത്തിയാക്കിയിരുന്നെങ്കിലും വോട്ടെടുപ്പുമായോ  വോട്ടെണ്ണലുമായോ ബന്ധപ്പെട്ട ചുമതലകൾ നിർവഹിക്കേണ്ടി വന്നില്ല. എന്നിരിക്കിലും വിദ്യാലയത്തിലെ മറ്റു ജീവനക്കാരെ അത്തരം ജോലികൾ ഏൽപ്പിച്ചിരുന്നു.

"ഞങ്ങളുടെ സഹാദ്ധ്യാപകരിൽ ഒരാളായ ഇന്ദ്രകാന്ത് യാദവിന്‌ ഒരിക്കലും തിരഞ്ഞെടുപ്പ് ജോലികൾ കിട്ടിയിരുന്നില്ല. പക്ഷെ ഇത്തവണ കിട്ടി...”, അവസ്തി പറഞ്ഞു. “യാദവ് ഭിന്ന ശേഷിക്കാരനാണ്. ഒരു കൈ മാത്രമെ ഉള്ളെങ്കിലും അദ്ദേഹത്തെ ജോലിക്കയച്ചു. തിരികെയെത്തി രണ്ടു ദിവസത്തിനുള്ളിൽ അസുഖബാധിതനാവുകയും അവസാനം മരിക്കുകയും ചെയ്തു.”

'തന്‍റെ ഗ്രാമത്തിലെ ഗുരുതരമായികൊണ്ടിരിക്കുന്ന അവസ്ഥയെപ്പറ്റി എല്ലാ രണ്ടു ദിവസം കൂടുമ്പോഴും ഞങ്ങളുടെ രസോയിയ (വിദ്യാലയത്തിലെ പാചകജോലി വഹിക്കുന്ന സ്ത്രീ) വിളിച്ചറിയിക്കാറുണ്ട്. എന്താണ് മരണകാരണം എന്ന് പോലും അവിടുത്തെ ജനങ്ങൾക്ക് നിശ്ചയമില്ല. തങ്ങൾക്ക് പിടിപെട്ടിരിക്കുന്ന ചുമയും പനിയെപ്പറ്റിയും പരാതി പറയുന്നുണ്ടെങ്കിലും അതിനെ പറ്റി കൂടുതൽ ഒരു ധാരണയുമില്ല — കോവിഡ്-19 ആകാനുള്ള എല്ലാ സാദ്ധ്യതയും ഉണ്ട്.' അവസ്തി പറയുന്നു.

27-കാരനായ ശിവ കെ. ചിത്രകൂട് ജില്ലയിലെ മൗ ബ്ലോക്കിൽ അദ്ധ്യാപകനായി ജോലി നോക്കാൻ തുടങ്ങിയിട്ട് ഒരു വർഷം പോലും തികഞ്ഞിരുന്നില്ല. ഡ്യൂട്ടിക്ക് പോകുന്നതിന് മുമ്പു തന്നെ ശിവ കോവിഡ് പരിശോധന നടത്തിയിരുന്നു: “തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്നതിനു മുമ്പുതന്നെ ഒരു മുൻകരുതലെന്നവണ്ണം ആര്‍.റ്റി.-പി.സി.ആര്‍. പരിശോധന നടത്തുകയും, കുഴപ്പമൊന്നുമില്ലെന്ന് ഫലം വരികയും ചെയ്തിരുന്നു.” തുടർന്ന് അതേ ബ്ലോക്കിൽ തന്നെയുള്ള ബിയവാൾ ഗ്രാമത്തിൽ ഏപ്രിൽ 18, 19 തീയതികളിൽ ജോലിക്ക് ഹാജരായി. "പക്ഷെ, തിരികെവന്ന് നടത്തിയ രണ്ടാമത്തെ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു”, അദ്ദേഹം പാരിയോട് പറഞ്ഞു.

Bareilly (left) and Firozabad (right): Candidates and supporters gathered at the counting booths on May 2; no distancing or Covid protocols were in place
PHOTO • Courtesy: UP Shikshak Mahasangh
Bareilly (left) and Firozabad (right): Candidates and supporters gathered at the counting booths on May 2; no distancing or Covid protocols were in place
PHOTO • Courtesy: UP Shikshak Mahasangh

ബറേലി (ഇടത്) ഫിറോസാബാദ് (വലത്): മെയ് 2-ാം തീയതി വോട്ടെണ്ണൽ കേന്ദ്രത്തിൽ സാമൂഹിക അകലമോ, മറ്റു കോവിഡ് ചട്ടങ്ങളോ പാലിക്കാതെ തടിച്ചുകൂടിയ സ്ഥാനാർത്ഥികളും അനുഭാവികളും.

“ചിത്രകൂട് ജില്ലാ ആസ്ഥാനത്തുനിന്നും മത്ദാൻ (വോട്ടിംഗ് കേന്ദ്രം) കേന്ദ്രത്തിലേക്കുള്ള യാത്രാമദ്ധ്യേ ബസ്സിൽ നിന്നുമാണ് എനിക്ക് രോഗം പകർന്നതെന്ന് തോന്നുന്നു. ആ ബസ്സിൽ പോലീസുകാരടക്കം 30 പേരുണ്ടായിരുന്നു.” ചികിത്സയിലുള്ള അദ്ദേഹം ക്വാറന്‍റൈനിൽ കഴിയുകയാണ്.

വോട്ടിംഗ്കേന്ദ്രങ്ങളിൽ എത്തിച്ചേരുന്ന പോളിംഗ് ഏജന്‍റുമാർക്ക് നെഗറ്റീവ് ആര്‍.റ്റി.-പി.സി.ആര്‍. പരിശോധനാഫലം നിർബന്ധമാക്കിയിരുന്നെങ്കിലും അത് പരിശോധിക്കാൻ ആരും ഉണ്ടായിരുന്നില്ല എന്നത് വെളിപ്പെടാനിരുന്ന ദുരന്തത്തിന്‍റെ ലക്ഷണമായിരുന്നു. ഇതും മറ്റു പല കോവിഡ് മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ലെന്ന് വോട്ടെണ്ണലിൽ കൂടി പങ്കെടുത്ത സന്തോഷ് കുമാർ പറഞ്ഞു.

*****

"മെയ് 2-ാം തീയതി നടക്കേണ്ട വോട്ടെണ്ണൽ നീട്ടിവയ്ക്കാൻ അപേക്ഷിച്ചു കൊണ്ട് യു. പി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഏപ്രിൽ 28-ന് ഞങ്ങൾ കത്തയച്ചിരുന്നു”, ശിക്ഷക് മഹാസംഘ് അധ്യക്ഷൻ ദിനേശ് ചന്ദ്ര ശർമ്മ പറഞ്ഞു. “ബ്ലോക്ക് തലത്തിലുള്ള ഞങ്ങളുടെ യൂണിയൻ ശാഖകൾ വഴി ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ, 700-ലേറെ വരുന്ന മരണപ്പെട്ടവരുടെ പട്ടിക അടുത്തദിവസം തന്നെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും, മുഖ്യമന്ത്രിക്കും കൈമാറിയിരുന്നു.”

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി നടത്തിയ പരാമർശങ്ങളെപ്പറ്റി ധാരണയുണ്ടെങ്കിലും  ഒന്നും തന്നെ പറയാൻ ശർമ തയ്യാറായില്ല. പക്ഷെ അതീവദുഃഖത്തോടെ അദ്ദേഹം ഇങ്ങനെ പറഞ്ഞു, "ധനികർ അല്ലാത്ത, സാധാരണക്കാർ ആയതിനാലാണ് ഞങ്ങളുടെ ജീവന് യാതൊരു വിലയുമില്ലാത്തത്. തിരഞ്ഞെടുപ്പ് നീട്ടിവച്ചു പ്രബലവിഭാഗങ്ങളെ അതൃപ്തിപ്പെടുത്താൻ സർക്കാർ തയ്യാറായിരുന്നില്ല, കാരണം തിരഞ്ഞെടുപ്പിനായി തന്നെ അവർ ധാരാളം പണമൊഴുക്കിയിരുന്നു. എന്നിട്ടിപ്പോൾ കള്ളക്കണക്ക് കാണിച്ചുവെന്ന ആക്ഷേപം ഞങ്ങൾക്ക്.”

"പ്രാഥമിക, ഉപരി പ്രാഥമിക വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന 3 ലക്ഷത്തോളം സർക്കാർ അദ്ധ്യാപകരെ പ്രതിനിധീകരിക്കുന്ന, 100 വർഷം പഴക്കമുള്ള ഒരു സംഘടനയാണ് ഞങ്ങളുടേത്. നുണയും, ചതിയും നടത്തി 100 വർഷമൊക്കെ പിടിച്ചുനിൽക്കാൻ എന്തെങ്കിലും യൂണിയന് സാധിക്കുമോ?"

"ഞങ്ങൾ നൽകിയ കണക്ക് പരിഗണിക്കാനോ, അംഗീകരിക്കാനോ തയ്യാറായില്ലെന്നു മാത്രമല്ല, അതേപറ്റി അന്വേഷണം നടത്താനുള്ള നീക്കം നടക്കുകയുമാണ്. ഞങ്ങളുടെ ഭാഗത്തുനിന്നു നോക്കുമ്പോൾ 706 മരണങ്ങൾ രേഖപ്പെടുത്തിയ ആദ്യ പട്ടികയിൽ തന്നെ കുറെ പേരുകൾ വിട്ടുപോയിട്ടുണ്ടെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. അതുകൊണ്ട് ഞങ്ങൾക്ക് പട്ടിക പരിഷ്കരിക്കേണ്ടതുണ്ട്.”

ചിത്രീകരണം: ജിഗ്യാസ മിശ്ര

അതീവദുഃഖത്തോടെ അദ്ദേഹം ഇങ്ങനെ പറഞ്ഞു, 'ധനികർ അല്ലാത്ത, സാധാരണക്കാർ ആയതിനാലാണ് ഞങ്ങളുടെ ജീവന് യാതൊരു വിലയുമില്ലാത്തത്. തിരഞ്ഞെടുപ്പ് നീട്ടിവെച്ചു പ്രബലവിഭാഗങ്ങളെ അതൃപ്തിപ്പെടുത്താൻ സർക്കാർ തയ്യാറായിരുന്നില്ല, കാരണം തിരഞ്ഞെടുപ്പിനായി തന്നെ അവർ ധാരാളം പണമൊഴുക്കിയിരുന്നു.’

"വോട്ടെണ്ണൽ കഴിഞ്ഞു കോവിഡ് പോസിറ്റീവ് ആയ അദ്ധ്യാപകരുടെ പട്ടികയും ഞങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ലക്ഷണങ്ങൾ ഉണ്ടെങ്കിലും പരിശോധനയിൽ തെളിയാത്ത അനേകം പേർ രണ്ടാഴ്ചത്തെ കരുതൽ ക്വാറന്‍റൈനിൽ പോയിട്ടുണ്ട്”, മഹാസംഘ് ലഖ്നൗ ജില്ലാ അധ്യക്ഷൻ സുധാൻഷു മോഹൻ പാരിയോട് പറഞ്ഞു.

"ഇലക്ഷൻ പ്രക്രിയയിൽ പങ്കെടുത്ത എല്ലാവർക്കും കോവിഡ് സംരക്ഷണോപാധികൾ ലഭ്യമാക്കണം” എന്ന് യൂണിയൻ നൽകിയ ആദ്യ കത്തിൽ തന്നെ ആവശ്യപ്പെട്ടതാണെന്ന് ദിനേശ് ശർമ്മ ചൂണ്ടിക്കാട്ടി. എന്നാൽ ഒന്നുമുണ്ടായില്ലെന്ന് മാത്രം.

"എന്‍റെ ഭർത്താവിനെ ഇങ്ങനെ നഷ്ടപ്പെടുമെന്നറിഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകാൻ ഞാൻ സമ്മതിക്കില്ലായിരുന്നു. കൂടിപ്പോയാൽ ജോലിയല്ലേ നഷ്ടപ്പെടുമായിരുന്നുള്ളൂ, ജീവൻ പോകില്ലായിരുന്നല്ലോ”, അപർണ മിശ്ര പറഞ്ഞു.

"കോവിഡ് ബാധിതനാകുന്ന വ്യക്തിക്ക് കുറഞ്ഞത് 20 ലക്ഷം രൂപയെങ്കിലും ചികിത്സാ ചെലവിലേക്കായി അനുവദിക്കണം. അപകടമോ, മരണമോ ഉണ്ടാകുന്ന പക്ഷം മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം കൊടുക്കണം.” തുടങ്ങിയ ആവശ്യങ്ങളാണ് ശിക്ഷക് മഹാസംഘിന്‍റെ ആദ്യ കത്ത് അധികാരികളോട് ഉന്നയിച്ചത്.

ഈ ആവശ്യം അംഗീകരിക്കപ്പെടുകയാണെങ്കിൽ അപർണയ്ക്കും അവരെപ്പോലെ ജീവിതപങ്കാളികളുടേയും, കുടുംബാംഗങ്ങളുടേയും ജോലിയോ ജീവനോ നഷ്ടപ്പെട്ട അനേകർക്കും അത് ഒരാശ്വാസമാകുമായിരുന്നു.

കുറിപ്പ്: ഇപ്പോൾ കിട്ടിയ വാർത്തപ്രകാരം "മരണപ്പെട്ട പോളിംഗ് ഓഫീസർമാരുടെ കുടുംബങ്ങൾക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരത്തുക  നൽകു”മെന്ന് ഉത്തർപ്രദേശ് സർക്കാർ അലഹബാദ് ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്. പക്ഷെ 28 ജില്ലകളിൽ നിന്നുമായി ഇതുവരെ 77 മരണങ്ങൾ സംബന്ധിച്ച വിവരമെ സർക്കാരിന്‍റെ പക്കലുള്ളൂ എന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത് .

പരിഭാഷ: റെന്നിമോന്‍ കെ. സി. & ഗ്രീഷ്മ ജസ്റ്റിന്‍ ജോണ്‍

ಪಿ. ಸಾಯಿನಾಥ್ ಅವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಸ್ಥಾಪಕ ಸಂಪಾದಕರು. ದಶಕಗಳಿಂದ ಗ್ರಾಮೀಣ ವರದಿಗಾರರಾಗಿರುವ ಅವರು 'ಎವೆರಿಬಡಿ ಲವ್ಸ್ ಎ ಗುಡ್ ಡ್ರಾಟ್' ಮತ್ತು 'ದಿ ಲಾಸ್ಟ್ ಹೀರೋಸ್: ಫೂಟ್ ಸೋಲ್ಜರ್ಸ್ ಆಫ್ ಇಂಡಿಯನ್ ಫ್ರೀಡಂ' ಎನ್ನುವ ಕೃತಿಗಳನ್ನು ರಚಿಸಿದ್ದಾರೆ.

Other stories by P. Sainath
Illustration : Antara Raman

ಅಂತರಾ ರಾಮನ್‌ ಸಾಮಾಜಿಕ ಪ್ರಕ್ರಿಯೆಗಳು ಮತ್ತು ಪೌರಾಣಿಕ ಚಿತ್ರಣಗಳಲ್ಲಿ ಆಸಕ್ತಿ ಹೊಂದಿರುವ ಇಲಸ್ಟ್ರೇಟರ್‌ ಮತ್ತು ವೆಬ್‌ಸೈಟ್‌ ಡಿಸೈನರ್‌ ಆಗಿದ್ದು . ಬೆಂಗಳೂರಿನ ಸೃಷ್ಟಿ ಇನ್ಸ್ಟಿಟ್ಯೂಟ್ ಆಫ್ ಆರ್ಟ್, ಡಿಸೈನ್ ಅಂಡ್ ಟೆಕ್ನಾಲಜಿಯ ಪದವೀಧರೆ, ಕಥಾ ಜಗತ್ತು ಮತ್ತು ಚಿತ್ರವು ಜೊತೆಯಾಗಿ ಬದುಕುತ್ತವೆ ಎಂದು ಅವರು ನಂಬುತ್ತಾರೆ

Other stories by Antara Raman
Translator : Greeshma Justin John

Greeshma Justin John is a research student at the Centre for Regional Studies, University of Hyderabad.

Other stories by Greeshma Justin John
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.