“അമ്മയെ കൊണ്ടുവരാന്‍ പറഞ്ഞ് അവള്‍ മണിക്കൂറുകളായി കരയുന്നു”, തന്‍റെ എഴുവയസ്സുകാരിയായ മകള്‍ നവ്യയെക്കുറിച്ച് ശിശുപാല്‍ നിഷാദ് പറഞ്ഞു. “പക്ഷെ ഞാന്‍ എവിടുന്ന് അവളെ കൊണ്ടുവരും? എനിക്കുപോലും വിവേകം നഷ്ടപ്പെടുന്നതായി തോന്നുന്നു. ആഴ്ചകളായി ഞാന്‍ ഉറങ്ങിയിട്ടില്ല”, ഉത്തര്‍പ്രദേശിലെ സിംഗ്ടോളി ഗ്രാമത്തില്‍ നിന്നുള്ള തൊഴിലാളിയായ 38-കാരന്‍ പറഞ്ഞു.

ശിശുപാലിന്‍റെ ഭാര്യയായ മഞ്ജു - നവ്യയുടെ അമ്മ - ജാലോന്‍ ജില്ലയിലെ കുഠോന്ദ്‌ ബ്ലോക്കിലെ സിംഗ്ടോളിയിലുള്ള പ്രാഥമിക വിദ്യാലയത്തില്‍ ‘ശിക്ഷ മി ത്രം അഥവാ പാരാ-ടീച്ചര്‍ (para-teacher) ആയിരുന്നു. യു.പി.യിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ നിര്‍ബ്ബന്ധിതമായി നിയമിച്ചതിനെത്തുടര്‍ന്ന് കോവിഡ്-19 ബാധിച്ചു മരിച്ച സ്ക്കൂള്‍ അദ്ധ്യാപകരുടെ പട്ടികയില്‍ 1,282-ാമത്തെ പേരാണ് അവരുടേത്. അഞ്ചംഗങ്ങള്‍ ഉണ്ടായിരുന്ന കുടുംബത്തില്‍ മഞ്ജു നിഷാദിന്‍റെ വില വെറുമൊരു സംഖ്യയ്ക്ക് അപ്പുറമായിരുന്നു.

അവര്‍ മൂന്നു കുട്ടികളുടെ മാതാവും കുടുംബത്തില്‍ വരുമാനമുണ്ടായിരുന്ന ഏക വ്യക്തിയും ആയിരുന്നു. പതിനായിരം രൂപയായിരുന്നു അവരുടെ പ്രതിമാസ വരുമാനം. ജോലി സ്ഥിരത ഇല്ലാതെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ശിക്ഷാ മിത്രങ്ങളുടെ അവസ്ഥ പരിതാപകരമാണ്. 19 വര്‍ഷങ്ങളായി അതേ ജോലി ചെയ്ത മഞ്ജുവിനെ പോലുള്ള ഒരാളുടെ കാര്യം പോലും മറിച്ചല്ല. ഒരു ശിക്ഷ മിത്രത്തിന് പഠിപ്പിക്കേണ്ട ഉത്തരവാദിത്തമില്ല. മറിച്ച് അദ്ധ്യാപക അസിസ്റ്റന്‍റ്  (അല്ലെങ്കില്‍ അദ്ധ്യാപക സഹായി) എന്ന ഗണത്തിലാണ് അവരെ പെടുത്തിയിരിക്കുന്നത്.

ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ്സ്‌വേയുടെ നിര്‍മ്മാണത്തില്‍ പ്രതിദിനം 300 രൂപ ലഭിക്കുന്ന ഒരു തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ശിശുപാല്‍. “ഞാന്‍ ജോലി ചെയ്തുകൊണ്ടിരുന്ന ഘട്ടം രണ്ടു മാസം മുന്‍പ് പൂര്‍ത്തിയാകുന്നതുവരെ എക്സ്പ്രസ്സ്‌വേയുമായി ബന്ധപ്പെട്ട എന്‍റെ ജോലി തുടര്‍ന്നു. അടുത്തെങ്ങും മറ്റൊരു നിര്‍മ്മാണ പ്രവര്‍ത്തനവും നടക്കുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ മാസങ്ങളില്‍ ഭാര്യയുടെ ശമ്പളത്തിലാണ് ഞങ്ങള്‍ വീട്ടിലെ കാര്യങ്ങള്‍ നീക്കിയിരുന്നത്”

നാലു ഘട്ടങ്ങളായി ഏപ്രില്‍ 15, 19, 26, 29 എന്നീ തീയതികളില്‍ യു.പി.യിലെ പഞ്ചായത്തുകളിലേക്കു നടത്തിയ വന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനായി ആയിരക്കണക്കിന് അദ്ധ്യാപകരെ നിയമിച്ചിരുന്നു. അദ്ധ്യാപകർ ആദ്യം ഏകദിന പരിശീലനത്തിനാണ് പോയത്, പിന്നീട് രണ്ടു ദിവസത്തെ വോട്ടെടുപ്പ് ചുമതലയ്ക്കും. ആദ്യത്തെ ദിവസം തയ്യാറെടുപ്പുകൾ നടത്തുന്നതിനു വേണ്ടിയും രണ്ടാമത്തെ ദിവസം യഥാര്‍ത്ഥ വോട്ടെടുപ്പിനു വേണ്ടിയുമായിരുന്നു. പിന്നീട്, ആയിരക്കണക്കിന് അദ്ധ്യാപകരോട് മെയ് 2-നുള്ള വോട്ടെണ്ണലിനു ഹാജരാകാൻ വീണ്ടും ആവശ്യപ്പെട്ടു. ഈ ജോലികൾ ചെയ്യുന്നത് നിര്‍ബ്ബന്ധമാക്കുകയും വോട്ടെടുപ്പു നീട്ടി വയ്ക്കണമെന്ന അദ്ധ്യാപക യൂണിയനുകളുടെ അഭ്യര്‍ത്ഥന തള്ളിക്കളയുകയും ചെയ്തു.

യു.പി. ശിക്ഷക് മഹാസംഘ് (അദ്ധ്യാപക ഫെഡറേഷന്‍) തയ്യാറാക്കിയ മരിച്ച 1,621 പേരുടെ പട്ടികയില്‍ 193 ശിക്ഷാ മിത്രങ്ങളുടെ പേരുകളാണുള്ളത്. ഇവരില്‍ മഞ്ജു ഉള്‍പ്പെടെ 72 പേര്‍ സ്ത്രീകളാണ്. എന്നിരിക്കിലും മെയ് 18-ന് യു.പി. അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുപ്പു കമ്മീഷന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പുറത്തുവിട്ട ഒരു പത്രക്കുറിപ്പു പ്രകാരം ജോലിക്കിടയില്‍ മരിച്ചവര്‍ക്കു മാത്രമാണ് നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളത്. ഇതിനര്‍ത്ഥം അദ്ധ്യാപകരുടെ കാര്യത്തില്‍ ചുമതല നിര്‍വ്വഹിച്ച സ്ഥലത്തു തന്നെയോ അല്ലെങ്കില്‍ വീട്ടിലേക്കു തിരിച്ചു പോകുന്ന വഴിയോ മരണപ്പെട്ടവര്‍ക്കു മാത്രമേ ഇത് ബാധകമാവൂ എന്നാണ്. പത്രക്കുറിപ്പ്‌ ഇങ്ങനെയാണ് പറയുന്നത്: “എന്തുകാരണം കൊണ്ടായാലും ഈയൊരു സമയത്ത് ഒരു വ്യക്തി മരിക്കുകയാണെങ്കില്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കുന്ന നഷ്ടപരിഹാരത്തിന് അര്‍ഹമാണ്.”

Shishupal Nishad with Navya, Muskan, Prem and Manju: a last photo together of the family
PHOTO • Courtesy: Shishupal Nishad

നവ്യ, മുസ്കന്‍, പ്രേം, മഞ്ജു എന്നിവരോടൊപ്പം ശിശുപാല്‍ നിഷാദ്: കുടുംബത്തോടൊപ്പം അവസാനമെടുത്ത ഫോട്ടോ.

അത്തരം ഒരു വ്യാഖ്യാനം നല്‍കിക്കൊണ്ട് പത്രക്കുറിപ്പ് പറഞ്ഞതിങ്ങനെയാണ്: “ജില്ലാ ഭരണാധികാരികള്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനെ [എസ്.ഇ.സി.] മൂന്ന് അദ്ധ്യാപരുടെ മരണങ്ങള്‍  അറിയിച്ചിട്ടുണ്ട്.” പരിശീലനം, വോട്ടെടുപ്പ്, വോട്ടെണ്ണല്‍ എന്നിങ്ങനെയുള്ള ഘട്ടങ്ങളില്‍ അണുബാധയേറ്റ് പിന്നീട് വീട്ടില്‍ വച്ചു മരിച്ച ബാക്കിയുള്ള 1,618 അദ്ധ്യാപകരുടെ കാര്യം ഇവിടെ ഒഴിവാക്കപ്പെടുകയാണ്. കൊറോണ വൈറസ് ബാധയുടെ സ്വഭാവത്തെ, അതായത് എങ്ങനെയാണ് ഇത് കൊല്ലുന്നതെന്നും അതിന് എത്ര സമയം എടുക്കും എന്നിവ പോലെയുള്ള കാര്യങ്ങളെ, ഇവിടെ പരിഗണിക്കുന്നേയില്ല.

ശിക്ഷക് മഹാ സംഘ് പുച്ഛത്തോടെ അതിനോടു പ്രതികരിച്ചുകൊണ്ട് പറഞ്ഞത് അധികാരികള്‍ തങ്ങളുടെ പക്കലുള്ള മുഴുവന്‍ പട്ടികയും കാണണമെന്നാണ്. “അങ്ങനെയെങ്കില്‍ മൂന്ന് അദ്ധ്യാപകരുടെ മരണം മാത്രം സ്ഥിരീകരിച്ചപ്പോള്‍ സര്‍ക്കാരിന് നഷ്ടമായ ബാക്കിയുള്ള 1,618 പേരേക്കൂടി കണക്കു കൂട്ടിയെടുക്കാം”, മഹാസംഘ് പ്രസിഡന്‍റ്  ദിനേശ് ശര്‍മ്മ പാരിയോടു പറഞ്ഞു.

ജാലോന്‍ ജില്ലയിലെ കദൗറ ബ്ലോക്കിലുള്ള വോട്ടെടുപ്പ് കേന്ദ്രത്തിലാണ് ഏപ്രില്‍ 26-നുള്ള യഥാര്‍ത്ഥ വോട്ടെടുപ്പിന് തയ്യാറാകുന്നതിന്‍റെ ഭാഗമായി ഏപ്രില്‍ 25-ന് മഞ്ജു നിഷാദ് ഡ്യൂട്ടിക്കു ഹാജരായത്. അതിനു കുറച്ചു ദിവസം മുന്‍പ് അവര്‍ ഒരു പരിശീലന ക്യാമ്പില്‍ പങ്കെടുത്തിരുന്നു. ഏപ്രില്‍ 25-ന് രാത്രിയിലാണ് അവര്‍ യഥാര്‍ത്ഥത്തില്‍ അസുഖ ബാധിതയായത്.

“ഇതുമുഴുവന്‍ സംഭവിച്ചത് സര്‍ക്കാരിന്‍റെ അശ്രദ്ധ കൊണ്ടാണ്. വീട്ടില്‍ പോരണമെന്ന് തോന്നിയതിനാല്‍ അവധിക്ക് അപേക്ഷിച്ചുകൊണ്ട് എന്‍റെ ഭാര്യ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. പ്രസ്തുത ഉദ്യോഗസ്ഥന്‍ അവളോടു പറഞ്ഞത് ഇങ്ങനെയാണ്: ‘അവധി വേണമെന്നുണ്ടെങ്കില്‍ ജോലി ഉപേക്ഷിക്കുക’ – അങ്ങനെ അവള്‍ ചുമതലയില്‍ തുടര്‍ന്നു”, ശിശുപാല്‍ പറഞ്ഞു.

ഏപ്രില്‍ 26-ന് വോട്ടെടുപ്പു ജോലി പൂര്‍ത്തിയാക്കിയ ശേഷം രാത്രി വൈകിയാണ് ഒരു വാടക വാഹനത്തില്‍ അവര്‍ തിരിച്ചെത്തിയത്. “അസ്വസ്ഥതയും പനിയും തോന്നുന്നതായി അവള്‍ പറഞ്ഞു”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊട്ടടുത്ത ദിവസം പരിശോധനയില്‍ കോവിഡ്-19 പോസിറ്റീവായപ്പോള്‍ ശിശുപാല്‍ അവരെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമില്‍ എത്തിച്ചു. ഒരാഴ്ച ആശുപത്രിയില്‍ കിടക്കണമെന്ന് അവിടുന്നു പറഞ്ഞു – ഒരു രാത്രിക്ക് 10,000 രൂപ വീതം ചിലവില്‍. ലളിതമായി പറഞ്ഞാല്‍ ഓരോ ദിവസവും ആശുപത്രിയില്‍ ചിലവാക്കേണ്ടത് ഓരോ മാസത്തെയും അവരുടെ വരുമാനമായിരുന്നു. “അപ്പോള്‍ ഞാനവളെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ആക്കി”, ശിശുപാല്‍ പറഞ്ഞു.

മഞ്ജുവിന്‍റെ ഉത്കണ്ഠ മുഴുവന്‍ അവരില്ലാതെ കുട്ടികള്‍ വീട്ടില്‍ എന്തു ചെയ്യും, അവര്‍ എന്തു തിന്നും എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ പൂര്‍ണ്ണമായും കേന്ദ്രീകരിച്ചിരുന്നുവെന്ന് എന്ന് അദ്ദേഹം പറഞ്ഞു. മെയ് 2-ന് ആശുപത്രിയില്‍ അവരുടെ അഞ്ചാമത്തെ ദിവസം, അതായത് വോട്ടെണ്ണല്‍ ചുമതലയ്ക്ക് ഹാജരാവേണ്ടിയിരുന്ന ദിവസം, അവര്‍ മരിച്ചു.

Manju's duty letter. Thousands of teachers were assigned election duty in UP’s mammoth four-phase panchayat elections in April. On May 2, her fifth day in the hospital – and what would have been her counting duty day – Manju (right, with her children) died
PHOTO • Courtesy: Shishupal Nishad
Manju's duty letter. Thousands of teachers were assigned election duty in UP’s mammoth four-phase panchayat elections in April. On May 2, her fifth day in the hospital – and what would have been her counting duty day – Manju (right, with her children) died
PHOTO • Courtesy: Shishupal Nishad

മഞ്ജുവിന്‍റെ ഡ്യൂട്ടി കത്ത്. നാലു ഘട്ടങ്ങളായി ഏപ്രില്‍ മാസത്തില്‍ യു.പി.യിലെ പഞ്ചായത്തുകളിലേക്കു നടത്തിയ വന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനായി ആയിരക്കണക്കിന് അദ്ധ്യാപകരെ നിയമിച്ചിരുന്നു. മെയ് 2-ന് ആശുപത്രിയില്‍ അവരുടെ അഞ്ചാമത്തെ ദിവസം, അതായത് വോട്ടെണ്ണല്‍ ചുമതലയ്ക്ക് ഹാജരാവേണ്ടിയിരുന്ന ദിവസം, മഞ്ജു (വലത്, കുട്ടികളോടൊപ്പം) മരിച്ചു.

“എന്‍റെ അമ്മ മൂന്നു ദിവസങ്ങള്‍ക്കു ശേഷം ഹൃദയാഘാതം മൂലം മരിച്ചു. ‘എന്‍റെ ബാഹു (മരുമകള്‍) മരിച്ച ശേഷം ഞാന്‍ ജീവിച്ചിരുന്നിട്ട് എന്തു ചെയ്യാന്‍, എന്ന് അമ്മ പറഞ്ഞുകൊണ്ടേയിരുന്നു”, ശിശുപാല്‍ പറഞ്ഞു.

മക്കള്‍ക്ക്‌ എന്തു നല്‍കുമെന്ന് അലോചിക്കുകയാണ് അദ്ദേഹം. നവ്യക്ക് 2 സഹോദരങ്ങള്‍ ഉണ്ട് – 13 വയസ്സുള്ള സഹോദരി മുസ്കനും 9 വയസ്സുള്ള സഹോദരന്‍ പ്രേമും. അവര്‍ താമസിക്കുന്നിടത്തെ മാസ വാടക 1,500 രൂപയാണ്. അതൊക്കെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അദ്ദേഹത്തിന് ഒരു രൂപവുമില്ല. “എനിക്കിപ്പോള്‍ ഒന്നും മനസ്സിലാകുന്നില്ല. മനസ്സു തന്നെ എനിക്കു നഷ്ടപ്പെട്ടിരിക്കുന്നു – മാസങ്ങള്‍ക്കകം എന്‍റെ ജീവനും പോകും”, നിസ്സഹായനായി അദ്ദേഹം പറഞ്ഞു.

*****

മനുഷ്യ ദുരന്തത്തെക്കുറിച്ച് മനസ്സിലാക്കി തരുന്നതു കൂടാതെ ശിക്ഷാ മിത്ര സമ്പ്രദായത്തിന്‍റെ ദുരിതങ്ങളിലേക്കും ഈ അവസ്ഥ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. മറ്റു പല സംസ്ഥാനങ്ങളിലും നിലവിലുള്ള ഈ പദ്ധതി ഉത്തര്‍ പ്രദേശില്‍ എത്തുന്നത് 2000-01 വര്‍ഷമാണ്‌. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പോകുന്ന, വിശേഷാവകാശങ്ങള്‍ ഒന്നുമില്ലാത്ത കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി വരുന്ന ബജറ്റ് കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗമായിട്ടായിരുന്നു ഈ അദ്ധ്യാപ സഹായികളെ കരാര്‍ അടിസ്ഥാനത്തില്‍ എടുത്തിരുന്നത്. ഒരു മോശം തൊഴില്‍ വിപണിയില്‍ ഉയര്‍ന്ന യോഗ്യതയുള്ള ആളുകളെ മാസം 10,000 രൂപയ്ക്ക് - സ്ഥിരാദ്ധ്യാപര്‍ക്ക് നല്കിയിരുന്നതിന്‍റെ ഒരംശം - ലഭ്യമാക്കി എന്നതാണ് ഇവിടെ സംഭവിച്ചത്.

ഒരു ശിക്ഷാ മിത്രം ഇന്‍റര്‍മീഡിയറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയ ആളായിരിക്കണം. യോഗ്യത തീര്‍ത്തും കുറച്ചു എന്ന കാരണം പറഞ്ഞാണ് ഇത്രയും താഴ്ന്ന ഒരു വേതനത്തെ ന്യായീകരിച്ചത്. പക്ഷെ മഞ്ജു നിഷാദിന് എം.എ. ബിരുദം ഉണ്ടായിരുന്നു. അവരെപ്പോലെ ആയിരക്കണക്കിന് മറ്റു ശിക്ഷാ മിത്രങ്ങളും ഈ ജോലിക്ക് അധികയോഗ്യരാണ്. പക്ഷെ അവര്‍ക്കു മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. “അവര്‍ മോശമായ രീതിയില്‍ ചൂഷണം ചെയ്യപ്പെടുകയാണെന്നു നിസ്സംശയം പറയാം. അല്ലെങ്കില്‍ എന്തിന് എം.എ.യും ബി.എഡ്.ഉം, എന്തിന് പിഎച്.ഡി. വരെയുള്ളവര്‍, 10,000 രൂപയ്ക്കു പണിയെടുക്കണം?”, ദിനേശ് ശര്‍മ്മ ചോദിച്ചു.

പ്രയാഗ്രാജ് ജില്ലയിലെ സൊറാവോ ബ്ലോക്കിലെ ഥര്‍വായി എന്ന സ്ഥലത്തുള്ള ഒരു പ്രാഥമിക വിദ്യാലയത്തിലായിരുന്നു 38-കാരിയായ ജ്യോതി യാദവ് ശിക്ഷാ മിത്രമായി ജോലി ചെയ്തിരുന്നത്. മരിച്ചുപോയ അദ്ധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും പട്ടികയില്‍ 750-ാമത്തെ പേരാണ് അവരുടേത്. ബി.എഡ്. ബിരുദമുള്ള അവര്‍ കഴിഞ്ഞ ജനുവരിയില്‍ സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (സി.റ്റി.ഇ.റ്റി.) വരെ വിജയിച്ച ആളാണ്‌. പ്രസ്തുത തസ്തികയില്‍ അവര്‍ 15 വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു.

Sanjeev, Yatharth and Jyoti at home: 'I took her there [for poll training] and found huge numbers of people in one hall bumping into each other. No sanitisers, no masks, no safety measures'
PHOTO • Courtesy: Sanjeev Kumar Yadav

സഞ്ജീവും യഥാര്‍ത്ഥും ജ്യോതിയും വീട്ടില്‍: ‘ഞാനവളെ അവിടെ എത്തിച്ചു [തിരഞ്ഞെടുപ്പു പരിശീലനത്തിനായി]. അവിടെ ഒരു ഹാളില്‍ ഒരുപാടുപേര്‍ തിക്കിത്തിരക്കി ഇരിപ്പുണ്ടായിരുന്നു. സാനിറ്റൈസറുകളുമില്ല മുഖാവരണങ്ങളുമില്ല സുരക്ഷാ മാര്‍ഗ്ഗങ്ങളുമില്ല.’

“എന്‍റെ ഭാര്യയുടെ തിരഞ്ഞെടുപ്പു പരിശീലനം ഏപ്രില്‍ 12-ന് പ്രയാഗ്രാജ് നഗരത്തിലെ മോത്തിലാല്‍ നെഹ്രു എന്‍ജിനീയറിംഗ് കോളേജില്‍ ആയിരുന്നു”, 42-കാരനായ അവരുടെ ഭര്‍ത്താവ് സഞ്ജീവ് കുമാര്‍ യാദവ് പറഞ്ഞു. “ഞാനവളെ അവിടെ എത്തിച്ചു.  അവിടെ ഒരു ഹാളില്‍ ഒരുപാടുപേര്‍ തിക്കിത്തിരക്കി ഇരിപ്പുണ്ടായിരുന്നു. സാനിറ്റൈസറുകളുമില്ല മുഖാവരണങ്ങളുമില്ല സുരക്ഷാ മാര്‍ഗ്ഗങ്ങളുമില്ല.”

“തിരിച്ചു വന്ന് തൊട്ടടുത്ത ദിവസം തന്നെ അവള്‍ അസുഖ ബാധിതയായി. 14-ാം തീയതി ഡ്യൂട്ടിക്ക് പോകേണ്ടിയിരുന്നതിനാല്‍ (ഏപ്രില്‍ 15-നായിരുന്നു പ്രയാഗ്രാജിലെ തിരഞ്ഞെടുപ്പ്) എങ്ങനെയവള്‍ ഡ്യൂട്ടിക്കു പോകും എന്ന് ചോദിക്കുന്നതിനായി ഞാനവളുടെ പ്രിന്‍സിപ്പാളിനെ വിളിച്ചു. ‘ഒന്നും ചെയ്യാന്‍ കഴിയില്ല, ഡ്യൂട്ടി ചെയ്തേ പറ്റൂ’, എന്നദ്ദേഹം പറഞ്ഞു. അങ്ങനെ ഞാന്‍ അവളെ എന്‍റെ ബൈക്കില്‍ അവിടെയെത്തിച്ചു. ഞാനും അവളുടെ കൂടെ അവിടെ 14-ാം തീയതി രാത്രി താമസിക്കുകയും 15-ാം തീയതി ഡ്യൂട്ടി കഴിഞ്ഞപ്പോള്‍ അവളെ തിരിച്ചു വീട്ടില്‍ എത്തിക്കുകയും ചെയ്തു. അവളുടെ പരിശീലന കേന്ദ്രം നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ഞങ്ങളുടെ വീട്ടില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയായിരുന്നു.”

കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ നില പെട്ടെന്നു വഷളായി. “ഞാനവളെ പല ആശുപത്രികളില്‍ എത്തിക്കാന്‍ ശ്രമിച്ചു. പക്ഷെ എല്ലാ ആശുപത്രികളും അവളെ എടുക്കാന്‍ വിസമ്മതിച്ചു. മെയ് രണ്ടിന് രാത്രി ശ്വസനപ്രശ്നം തീര്‍ത്തും വഷളായി. മെയ് 3-ന് പെട്ടെന്നു തന്നെ അവളെയും കൊണ്ട് ഞാന്‍ വീണ്ടും ആശുപത്രിയിലേക്കു പോയി. പക്ഷെ പോകുന്ന വഴിക്ക് അവള്‍ മരിച്ചു.”

കോവിഡ്-19 മൂലമുള്ള അവരുടെ മരണം കുടുംബത്തെ തകര്‍ത്തു. സഞ്ജീവ് കുമാര്‍ കോമേഴ്സില്‍ ബിരുദവും യോഗയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് – പക്ഷെ തൊഴില്‍ രഹിതനാണ്. അദ്ദേഹം ഒരു ടെലിക്കോം കമ്പനിയില്‍, 2017-ല്‍ അത് അടച്ചുപൂട്ടുംവരെ ജോലി ചെയ്തിരുന്നു. അതിനു ശേഷം സ്ഥിരമായി ഒരു വരുമാനം അദ്ദേഹത്തിനു കണ്ടെത്താന്‍ പറ്റിയിട്ടില്ല. അതുകൊണ്ടുതന്നെ കുടുംബത്തിലേക്ക് കൂടുതലൊന്നും നല്‍കാനും കഴിഞ്ഞിട്ടില്ല. കുടുംബത്തിന്‍റെ ജോലി കാര്യങ്ങള്‍ ജ്യോതിയാണ് നോക്കിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടാം ക്ലാസ് വിജയിച്ച 9 വയസ്സുകാരനായ മകന്‍ യഥാര്‍ത്ഥിനേയും കൂടെ താമസിക്കുന്ന പ്രായമുള്ള മാതാപിതാക്കളേയും എങ്ങനെ പരിരക്ഷിക്കുമെന്നോര്‍ത്ത് സഞ്ജീവ് ആശങ്കാകുലനാകുന്നു. “എനിക്ക് സര്‍ക്കാരില്‍ നിന്നും സഹായം വേണം”, അദ്ദേഹം വിതുമ്പി.

Sanjeev worries about how he will now look after nine-year-old Yatharth
PHOTO • Courtesy: Sanjeev Kumar Yadav

ഒന്‍പതു വയസ്സുള്ള യഥാര്‍ത്ഥ ിനെ എങ്ങനെ പരിരക്ഷിക്കുമെന്നുള്ള കാര്യത്തില്‍ സഞ്ജീവ് ആശങ്കപ്പെടുന്നു.

“സംസ്ഥാനത്ത് 1.5 ലക്ഷം ശിക്ഷാ മിത്രങ്ങള്‍ ആണുള്ളത്. ഒരു ദശകത്തിലധികമായി അവരുടെ ശമ്പള നിരക്കില്‍ വലിയ മാറ്റം വന്നിരിക്കുന്നു”, ദിനേശ് ശര്‍മ്മ പറഞ്ഞു. “അവരുടെ പ്രയാണം ദൗര്‍ഭാഗ്യകരമായ ഒന്നാണ്. അവര്‍ ആദ്യം പരിശീലിപ്പിക്കപ്പെട്ടത് 2,250 രൂപയോ മറ്റോ ശമ്പളത്തോടുകൂടി മായാവതി സര്‍ക്കാരിന്‍റെ കാലത്താണ്. പിന്നീട് അഖിലേഷ് കുമാര്‍ യാദവ് സര്‍ക്കാരിന്‍റെ കീഴില്‍ 35,000 രൂപ ശമ്പളത്തില്‍ [അത് 40,000 രൂപ അടുത്തുവരെ പോയിരുന്നു] അവരെയെല്ലാം തസ്തികയില്‍ സ്ഥിരപ്പെടുത്തി. പക്ഷെ യോഗ്യതയുമായി ബന്ധപ്പെട്ട് ആ സമയത്ത് നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ കണക്കിലെടുത്ത് ബി.എഡ്. ബിരുദമുള്ള അദ്ധ്യാപകര്‍ പ്രസ്തുത നീക്കത്തെ എതിര്‍ക്കുകയും വിഷയം സുപ്രീം കോടതിയില്‍ എത്തുകയും ചെയ്തു.”

“ഇന്‍ഡ്യന്‍ ഗവണ്‍‌മെന്‍റിന് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുവാനും ദശകങ്ങളായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന മിത്രങ്ങളുടെ കാര്യത്തില്‍ റ്റി.ഇ.റ്റി. (ടീചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്) വിജയിക്കണമെന്നത് നിര്‍ബ്ബന്ധമല്ലാതാക്കി തീര്‍ക്കുവാനും പറ്റുമായിരുന്നു. പക്ഷെ സര്‍ക്കാര്‍ അത് ചെയ്തില്ല. അങ്ങനെ അവരുടെ ശമ്പളം, അവരില്‍ പലരെയും നിരാശരാക്കി ആത്മഹത്യയിലേക്കു തള്ളിവിട്ടുകൊണ്ട്, പെട്ടെന്ന് 3,500 രൂപയിലേക്കു കൂപ്പു കുത്തി. പിന്നീട് ഇപ്പോഴത്തെ സര്‍ക്കാര്‍ അത് 10,000 രൂപയാക്കി.”

അതിനിടയില്‍ ഇതുവരെ മൂന്ന് അദ്ധ്യാപകരുടെ മരണങ്ങള്‍ മാത്രമാണ് മാനദണ്ഡങ്ങള്‍ പ്രകാരം നഷ്ടപരിഹാരത്തിനു പരിഗണിക്കാന്‍ പറ്റുന്നതെന്ന അടിസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റെ അമ്പരപ്പിക്കുന്ന കുറിപ്പ് സര്‍ക്കാരിനെ പ്രതികരിക്കാന്‍ നിര്‍ബ്ബന്ധിതമാക്കി.

മെയ് 18-ന് പാരി റിപ്പോര്‍ട്ട് ചെയ്തതു പോലെ അലഹാബാദ് ഹൈക്കോടതി പറഞ്ഞത് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചുമതല നിര്‍വ്വഹിക്കുന്നതിനായി നിയോഗിക്കപ്പെട്ട ശേഷം കോവിഡ്-19 മൂലം മരണമടഞ്ഞ പോളിംഗ് ഉദ്യോഗസ്ഥരുടെ (അദ്ധ്യാപകരുടെയും മറ്റു സര്‍ക്കാര്‍ ജീവനക്കാരുടെയും) കുടുംബങ്ങള്‍ക്ക്  സംസ്ഥാനം നഷ്ടപരിഹാരം എന്ന നിലയിലുള്ള സഹായധനമായി കുറഞ്ഞത് ഒരുകോടി രൂപയെങ്കിലും നലികിയിരിക്കണം എന്നാണ്.

മെയ് 20-ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ “നിലവിലുള്ള അവസ്ഥയെ സംബോധന ചെയ്യുന്നതിനു വേണ്ടി” സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍ തന്‍റെ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി . “കോവിഡ്-19-ന്‍റെ ആഘാതങ്ങളെ നിലവില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല... അതിന്‍റെ പരിധിക്കുള്ളില്‍... അനുഭാവപൂര്‍വ്വമായ ഒരു നിലപാട് സ്വീകരിച്ചുകൊണ്ട്‌ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്”, അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാന സര്‍ക്കാര്‍ “ജീവനക്കാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും നല്‍കാന്‍ തയ്യാറാണ്, പ്രത്യേകിച്ച് അവര്‍ തിരഞ്ഞെടുപ്പുമായി അല്ലെങ്കില്‍ മറ്റെന്തെങ്കിലുമായി ബന്ധപ്പെട്ട്  ചുമതലകള്‍ നിര്‍വ്വഹിച്ചിട്ടുള്ള സമയത്ത്”, അദ്ദേഹം പറഞ്ഞു.

എന്നിരിക്കിലും അദ്ധ്യാപക ഫെഡറേഷന്‍ നേതാവായ ദിനേശ് ശര്‍മ്മ ഇങ്ങനെ പറഞ്ഞു, “സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നോ എസ്.ഇ.സി.യുടെ ഭാഗത്തുനിന്നോ ഞങ്ങളുടെ കത്തിനോട് ഇതുവരെ നേരിട്ടൊരു പ്രതികരണവും ഉണ്ടായിട്ടുള്ളതായി ഞങ്ങള്‍ക്കറിയില്ല. എത്ര അദ്ധ്യാപകരെ അവര്‍ പരിഗണിക്കുന്നുവെന്നോ എന്ത് ഭേദഗതികളാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വരുത്താന്‍ പോകുന്നതെന്നോ ഞങ്ങള്‍ക്ക് ഒരു രൂപവുമില്ല.”

ഏപ്രിലില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തിയ കാര്യത്തില്‍ തങ്ങള്‍ നിഷ്കളങ്കരാണെന്ന സര്‍ക്കാരിന്‍റെ അവകാശവാദം അദ്ധ്യാപകര്‍ സ്വീകരിക്കാന്‍ പോകുന്നില്ല. “ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത് തിരഞ്ഞെടുപ്പുകള്‍ നടത്തിയതിലൂടെ അദ്ദേഹം ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കുകയായിരുന്നു എന്നാണ്. പക്ഷെ ഹൈക്കോടതി സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയി. കൂടാതെ ഏപ്രില്‍ മാസത്തോടെ പ്രക്രിയ പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞതെങ്കില്‍ കോവിഡ്-19-ന്‍റെ രണ്ടാം തരംഗം വളരെ പെട്ടെന്ന് ഉയര്‍ന്നു വരികയായിരുന്നു. സര്‍ക്കാരിന് പുനഃപരിശോധന ആവശ്യപ്പെടാമായിരുന്നു, പക്ഷെ ചെയ്തില്ല.”

“വോട്ടെണ്ണല്‍ മെയ് 2-നു നടത്തുന്നതിനു പകരം 15 ദിവസത്തേക്ക് നീട്ടിവയ്ക്കാമോ എന്ന് സുപ്രീം കോടതി യഥാര്‍ത്ഥത്തില്‍ ചോദിച്ചിരുന്നു. അവരും (സര്‍ക്കാര്‍) സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനും ഇതിനോടു യോജിച്ചില്ല. അവര്‍ ഹൈക്കോടതിയെക്കുറിച്ച് സംസാരിക്കുന്നു – പക്ഷെ വോട്ടെണ്ണല്‍ നീട്ടി വയ്ക്കാനുള്ള സുപ്രീം കോടതിയുടെ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു .

*****

“വോട്ടെടുപ്പു കേന്ദ്രത്തില്‍ ഡ്യൂട്ടിയിലായിരുന്ന പ്രിസൈഡിംഗ് ഓഫീസറോട് മമ്മിയെ ഏപ്രില്‍ 14-ാം തീയതി രാത്രി വീട്ടില്‍ കൊണ്ടുപോയ്ക്കോട്ടെ എന്നും 15-ാം തീയതി - അന്നായിരുന്നു ജില്ലയില്‍ വോട്ടെടുപ്പ് നടന്നത് - ഡ്യൂട്ടിക്ക് തിരിച്ചെത്തിക്കാമെന്നും ഞാന്‍ പറഞ്ഞു നോക്കി”, പ്രയാഗ്രാജില്‍ നിന്നും (മുന്‍പ് അലഹാബാദ്) മുഹമ്മദ്‌ സുഹൈല്‍ പാരിയോടു ഫോണില്‍ പറഞ്ഞു.

A favourite family photo: Alveda Bano, a primary school teacher in Prayagraj district died due to Covid-19 after compulsory duty in the panchayat polls
PHOTO • Courtesy: Mohammad Suhail

ഒരു പ്രിയപ്പെട്ട കുടുംബ ഫോട്ടോ: പ്രയാഗ്രാജ് ജില്ലയില്‍ നിന്നുള്ള പ്രാഥമിക വിദ്യാലയ അദ്ധ്യാപികയായ അല്‍വേദാ ബാനു പഞ്ചായത്ത് തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട നിര്‍ബ്ബന്ധിത ഡ്യൂട്ടിയെത്തുടര്‍ന്ന് കോവിഡ് -1 9 മൂലം മരിച്ചു.

സുഹൈലിന്‍റെ അമ്മ 44-കാരിയായ അല്‍വേദാ ബാനു പ്രയാഗ്രാജ് ജില്ലയിലെ ചാക്കാ ബ്ലോക്കിലെ ബോഗിയിലുള്ള പ്രാഥമിക വിദ്യാലയത്തിലെ അദ്ധ്യാപികയായിരുന്നു. അവരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കേന്ദ്രവും അതേ ബ്ലോക്കില്‍ തന്നെയായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട നിര്‍ബ്ബന്ധിത ഡ്യൂട്ടിയെത്തുടര്‍ന്ന് കോവിഡ്-19 മൂലം മരിച്ച അദ്ധ്യാപകരുടെ പട്ടികയിലെ 731-ാമത്തെ പേരാണ് അവരുടേത്.

“രാത്രി മുഴുവന്‍ നിര്‍ബ്ബന്ധമായും അവിടെത്തന്നെ തങ്ങണമെന്നു പറഞ്ഞ് പ്രിസൈഡിംഗ് ഓഫീസര്‍ എന്‍റെ അഭ്യര്‍ത്ഥന നിരസിച്ചു. അങ്ങനെ ഏപ്രില്‍ 15-ന് രാത്രിയിലാണ് എന്‍റെ അമ്മ തിരിച്ചെത്തിയത്. അച്ഛനായിരുന്നു അമ്മയെ കൂട്ടിക്കൊണ്ടു വന്നത്. തിരിച്ചെത്തി മൂന്നു ദിവസങ്ങള്‍ക്കു ശേഷം അവരുടെ ആരോഗ്യം വഷളാകാന്‍ തുടങ്ങി”, സുഹൈല്‍ പറഞ്ഞു. വീണ്ടുമൊരു മൂന്നു ദിവസത്തിനു ശേഷം അവര്‍ ആശുപത്രിയില്‍ വച്ചു മരിച്ചു.

മുഹമ്മദ്‌ സുഹൈലിന് മുതിര്‍ന്ന ഒരു സഹോദരിയുണ്ട്. വിവാഹിതയായ അവര്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്നു. 13 വയസ്സുകാരനായ സഹോദരന്‍ മുഹമ്മദ്‌ തുഫൈല്‍ 9-ാം ക്ലാസ്സില്‍ പഠിക്കുന്നു. 12-ാം ക്ലാസ് വിജയിച്ച സുഹൈല്‍ കോളേജില്‍ പ്രവേശിക്കാമെന്ന പ്രതീക്ഷയിലാണ്.

“കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണിനു തൊട്ടുമുന്‍പ് ഒരു ചെറിയ മെഡിക്കല്‍ സ്റ്റോര്‍ തുറന്നു. ഒരു ദിവസം കഷ്ടി 100 രൂപയാണ് എനിക്ക് അതില്‍ നിന്നും ലാഭം കിട്ടുന്നത്. അല്‍വേദയുടെ ശമ്പളമായ 10,000 രൂപയായിരുന്നു ഞങ്ങളുടെ എല്ലാ ആശ്രയവും”, സുഹൈലിന്‍റെ അച്ഛന്‍ 52-കാരനായ സര്‍ഫുദ്ദീന്‍ പറഞ്ഞു. കടയില്‍ വാങ്ങാനെത്തുന്നവര്‍ ഇപ്പോള്‍ വളരെ കുറവാണ്.

ശിക്ഷാ മിത്രങ്ങളെ 35,000 രൂപ ശമ്പളത്തില്‍ സ്ഥാനക്കയറ്റം നല്‍കി അദ്ധ്യാപകരാക്കിയപ്പോള്‍ അവര്‍ അതിനു [ആ ശമ്പള പദവിക്ക്] യോഗ്യരല്ലെന്നു പ്രഖ്യാപിച്ചു. ഇപ്പോള്‍ അതേ ശിക്ഷാ മിത്രങ്ങള്‍ അതേ സ്ക്കൂളില്‍ തന്നെ 10,000 രൂപ മാസ ശമ്പളത്തില്‍ പഠിപ്പിക്കുന്നു – യോഗ്യതകളെക്കുറിച്ച് ഒരു ചോദ്യവും ചര്‍ച്ചയും ഇപ്പോഴില്ല”, ദിനേശ് ശര്‍മ്മ പറഞ്ഞു.

താക്കൂര്‍ ഫാമിലി ഫൗണ്ടേഷനില്‍ നിന്നുള്ള സ്വതന്ത്ര ജേര്‍ണലിസം ഗ്രാന്‍റിന്‍റെ സഹായത്താല്‍ ജിഗ്യാസ മിശ്ര പൊതു ആരോഗ്യത്തെക്കുറിച്ചും പൗര സ്വാതന്ത്ര്യത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ റിപ്പോര്‍ട്ടിന്മേല്‍ താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്‍ ഒരു എഡിറ്റോറിയല്‍ നിയന്ത്രണവും നടത്തിയിട്ടില്ല.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Reporting and Cover Illustration : Jigyasa Mishra

ಉತ್ತರ ಪ್ರದೇಶದ ಚಿತ್ರಕೂಟ ಮೂಲದ ಜಿಗ್ಯಾಸ ಮಿಶ್ರಾ ಸ್ವತಂತ್ರ ಪತ್ರಕರ್ತೆಯಾಗಿ ಕೆಲಸ ಮಾಡುತ್ತಾರೆ.

Other stories by Jigyasa Mishra
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.