രണ്ട് കുട്ടികൾ അകത്തുണ്ടെന്ന് റോപി സ്വകാര്യ പ്രസവ ക്ലിനിക്കിലെ ഡോക്ടറോട് ആത്മവിശ്വാസത്തോടെ പറഞ്ഞു – ഒരു തരത്തിലുള്ള അൾട്ര സൗണ്ട് റിപ്പോർട്ടുകളും പരിശോധിക്കാനായി ലഭ്യമല്ലെങ്കിൽ പോലും.

ഏകദേശം രണ്ട് വർഷം മുൻപ് നടന്ന സംഭവം റോപി മന്നു ബേതെ സന്തോഷത്തോടെയും ഉല്ലാസത്തോടെയും ഓർത്തെടുത്തു. " കാൻ മേം വോ ലഗായാ [അവർ അത് ചെവിയിൽ വച്ചിട്ടുണ്ടായിരുന്നു]”, ഡോക്ടർ സ്റ്റെതസ്കോപ്പ് ഉപയോഗിക്കുന്നത് അനുകരിച്ചുകൊണ്ട് അവർ പറഞ്ഞു. ദുർബലയായ ഗർഭിണിയുടെ ഇടത്തരം വലിപ്പമുള്ള വയറിൽ അവസാനമായി നോക്കി ഇരട്ടകളാണെന്ന് റോപി പ്രവചിച്ചതിനോട് ഡോക്ടർ വിയോജിച്ചു.

"മേഡം, ദോ ഹോതാ, ദോ [രണ്ട് മേഡം, രണ്ട് പേരുണ്ട്]”, ക്ലിനിക്കിലെ പ്രസവ മുറിയിലെ സ്റ്റൂളിൽ ഇരിക്കാനായി തിരിച്ചു നടക്കുന്നതിനിടയിൽ അവർ ആവർത്തിച്ചു. 70 കഴിഞ്ഞ റോപിയും ആ സമയത്ത് വേദനകൊണ്ട് പുളയുകയായിരുന്ന അമ്മയാകാനിരുന്ന സ്ത്രീയും വടക്ക്-കിഴക്കൻ മഹാരാഷ്ട്രയിലെ മേൽഘാട് വനത്തിന് സമീപത്തുള്ള തങ്ങളുടെ ഗ്രാമമായ ജൈതാദേഹിയിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള പറത്‌വാഡാ പട്ടണത്തിലായിരുന്നു.

വൈകുന്നേരമായതോടെ ഒരു ആൺകുട്ടി പിറന്നു, സെക്കൻഡുകൾക്കു ശേഷം രണ്ടാമതൊരു കുട്ടിയുടെ തലകൂടി പുറത്തു വന്നു. രണ്ടാമത്തേത് പെൺകുഞ്ഞായിരുന്നു – ഒരു ഇരട്ട സഹോദരി.

പരമ്പരാഗത രീതിയിലുള്ള തന്‍റെ മൺഭിത്തി വീടിന്‍റെ വരാന്തയുടെ ഒരറ്റത്തിട്ടിരുന്ന തടിക്കട്ടിലിലിരുന്ന് റോപി ഉറക്കെ ചിരിച്ചു. അതിന്‍റെ തറ ചാണകം കൊണ്ട് മെഴുകിയതായിരുന്നു. തടിക്കഴുക്കോലുകളുള്ള അകത്തെ മൂന്ന് മുറികൾ ശൂന്യമായിരുന്നു. മുതിർന്ന മൂന്ന് ആൺമക്കൾ കുടുംബം കൃഷിചെയ്യുന്ന രണ്ടേക്കറിൽ പണി ചെയ്യുകയായിരുന്നു.

കോരകു ഭാഷയിൽ അവർ ഒരുവാക്ക് കൂട്ടിച്ചേർത്തു - അക്ഷരാർത്ഥത്തിൽ കഴുതയുടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ച്. പിന്നെ കുറച്ചുകൂടി ചിരിച്ചു. അവരുടെ മുഖത്തെ ചുളിവുകൾ ആഴത്തിലുള്ളതായിരുന്നു. "അതാണ് ഞാൻ അവരോട് പറഞ്ഞത്”, അവർ പറഞ്ഞു – നഗരത്തിലെ ഒരു ഡോക്ടറെ ശകാരിച്ചതിന്‍റെ ഓർമ്മയിൽ ചെറിയൊരു അഭിമാനത്തോടെ.

Ropi, Jaitadehi village's last remaining traditional dai, says she must have delivered at least 500-600 babies
PHOTO • Kavitha Iyer

ജൈതാദേഹി ഗ്രാമത്തിലെ അവസാന പരമ്പരാഗത ദായിയായ റോപി പറയുന്നത് 500-600 കുട്ടികൾക്കെങ്കിലും ജന്മം നൽകാൻ താൻ സഹായിച്ചിട്ടുണ്ടെന്നാണ്

ആ ആത്മവിശ്വാസം വരുന്നത് 4 ദശകത്തിലധികം നീണ്ട അനുഭവ പരിചയത്തിൽ നിന്നാണ്. കോരകു സമുദായത്തിൽപ്പെട്ട റോപി ജൈതാദേഹിയിലെ അവസാനത്തെ അവശേഷിക്കുന്ന പരമ്പരാഗത ദായിയാണ്. 500-600 കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ താൻ സഹായിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. അവരൊരിക്കലും കണക്ക് സൂക്ഷിച്ചിട്ടില്ല. താൻ പ്രസവമെടുത്ത ഒരു സമയത്ത് പോലും ചാപിള്ള ഉണ്ടായിട്ടില്ലെന്ന് പ്രകടമായ അഭിമാനത്തോടെ അവർ പറഞ്ഞു. " സബ് ചോഖാ [അവരെല്ലാം സുഖമായിരിക്കുന്നു]”. പരമ്പരാഗത പ്രസവമെടുപ്പുകാര്‍ അല്ലെങ്കില്‍ പ്രസവശുശ്രൂഷകരാണ് (Traditional Birth Attendants - TBA) ദായിമാർ. ഒരു ആധുനിക പരിശീലനവും സർട്ടിഫിക്കറ്റുമില്ലെങ്കിലും അവർ ഈ ശുശ്രൂഷ ചെയ്യുന്നു.

മഹാരാഷ്ട്രയിലെ വിദർഭ പ്രദേശത്തെ അമരാവതി ജില്ലയിലെ ചിഖൽദര ബ്ലോക്കിലെ ധാരണി ഗ്രാമത്തിൽ മേൽഘാട് വനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന കോരകു ആദിവാസികൾക്ക് റോപിയെപോലുള്ളവർ കുട്ടികൾ വീട്ടിൽ ജനിക്കുന്ന പാരമ്പര്യം കാത്തു സൂക്ഷിക്കാൻ സഹായിക്കുന്ന സ്ത്രീകൾ മാത്രമല്ല. പരിചയ സമ്പന്നരായ പ്രസവ ശുശ്രൂകരെന്ന നിലയിൽ അവർ പ്രസവപൂർവ പരിചരണo നൽകുകയും പ്രസവം കൈകാര്യം ചെയ്യുകയും ആരോഗ്യ സേവനങ്ങൾ നൽകുകയും ചെയ്യുന്നു. നഗരങ്ങളിൽ നിന്ന് അകലെ, കാടിനോട് ചേർന്ന ഈ മലമ്പ്രദേശത്തു നിന്ന് ആശുപത്രി ആവശ്യങ്ങൾക്കായി പുറത്തോട്ടു പോവുക അസാദ്ധ്യമാണ്.

മേൽഘാട്ടിലെ മിക്ക ഗ്രാമങ്ങളിലും ഇപ്പോഴും ഒന്നോ രണ്ടോ ദായിമാരുണ്ടെന്നും, പക്ഷെ അവരെല്ലാം പ്രായമായവരാണെന്നും അടുത്ത തലമുറയിൽ ശുശ്രൂഷകരാകാനുള്ളവർ ഉണ്ടായിട്ടില്ലെന്നും റോപി പറഞ്ഞു. ജൈതാദേഹിയിലെ മറ്റൊരു ദായി വളരെ വർഷങ്ങൾക്ക് മുൻപ് മരിച്ചു. അവർക്ക് ഒരു മകളേയോ മരുമകളേയോ, സിദ്ധികൾ പകർന്നു നൽകി, തനിക്കു ശേഷം അവശേഷിപ്പിക്കാമായിരുന്നുവെന്ന് റോപി പറഞ്ഞു. പക്ഷെ അതിനു ശേഷം ആ വീട്ടിൽ നിന്ന് ദായിമാർ ഉണ്ടായിട്ടില്ല.

റോപിയുടെ സ്വന്തം മക്കളെല്ലാം റോപിയുടെ അമ്മയുടെയും ദായിയുടെയും സഹായത്താൽ വീട്ടിൽ ജനിച്ചവരാണ്. അവർക്ക് 4 പുത്രന്മാർ ഉണ്ടായിരുന്നു. അവരിലൊരാൾ അസുഖം മൂലം ഒരു ദശകത്തിന് മുൻപ് മരിച്ചു. വിവാഹിതരായ രണ്ട് പെൺമക്കൾ ജൈതാദേഹിയിൽ തന്നെ താമസിക്കുന്നു. കൂടാതെ കുറച്ച് കൊച്ചുമക്കളും അവരുടെ മക്കളുമുണ്ട്. (അവരുടെ പെൺമക്കളും, അതിലൊരാൾ കുറച്ച് പഠിച്ചെങ്കിലും, ഈ ജോലി ഏറ്റെടുക്കാൻ വിസമ്മതിച്ചുവെന്ന് റോപി പറഞ്ഞു.)

“എന്‍റെ മരുമകൾ വല്ലാതെ ഭയന്നിരുന്നു. സ്ത്രീകൾ പ്രസവിക്കുന്ന മുറിയിൽ അവൾ എന്നോടൊപ്പം നിൽക്കുക പോലും ഇല്ലായിരുന്നു”, അവർ കൂട്ടിച്ചേർത്തു. "തുന്നലുകളോ തുണിയോ മറ്റെന്തെങ്കിലും സാധനമോ ഒന്നും അവൾ നോക്കുകയോ എനിക്ക് കൈമാറുകയോ പോലും ചെയ്യില്ലായിരുന്നു. ഐസാ കാപ്നെ ലഗ്താ [അവൾ വിറയ്ക്കാൻ തുടങ്ങി]”, രക്തം കണ്ടപ്പോൾ ചെറുപ്പക്കാരിയായ സ്ത്രീ വിറയ്ക്കുന്നത് അനുകരിച്ചു കാണിച്ചു കൊണ്ട് അവർ പറഞ്ഞു.

പഴയ തലമുറയിലെ സ്ത്രീകൾ ശാരീരിക പ്രവർത്തനങ്ങളെ ഭയന്നിരുന്നില്ലെന്ന് റോപി ഓർമ്മിച്ചു. “ഞങ്ങൾക്ക് മറ്റ് മാർഗ്ഗമില്ലായിരുന്നു, ധൈര്യവതികളാകേണ്ടിയിരുന്നു. ഓരോ ചെറിയ കാര്യങ്ങൾക്കും ഓടാനായി ഡോക്ടർമാരും നഴ്സുമാരും ഇല്ലായിരുന്നു.”

Ropi with her great grandchildren: her own children were all born at home, assisted by her mother and a dai
PHOTO • Kavitha Iyer

റോപി കൊച്ചുമക്കളുടെ മക്കളോടൊപ്പം : അമ്മയുടെയും മറ്റൊരു ദായിയുടെയും സഹായത്തോടെ റോപിയുടെ മക്കളെല്ലാം വീട്ടിലാണ് ജനിച്ചത്

അവരുടെ അമ്മയും മുത്തശ്ശിയും ദായിമാരായിരുന്നു. മുത്തശ്ശിയെ അനുഗമിച്ചായിരുന്നു അവർ ഈ തൊഴിൽ പഠിച്ചത്. അസ്വസ്ഥയായിരുന്ന മകളെ (അവർ സ്ക്കൂളിൽ പോയിട്ടില്ല) അമ്മ പ്രസവമെടുക്കാനായി വീടുകളിൽ പോകുമ്പോൾ കൊണ്ടുപോകാറില്ലായിരുന്നു എന്ന് റോപി പറഞ്ഞു. "ബാക്കേയി ഹേജേദോ [അവിടെത്തന്നെ നിൽക്കുക]”, ചെറിയ പെൺകുട്ടിയെ കോരകു ഭാഷയിൽ അമ്മ ശാസിച്ചത് അവർ ഓർക്കുന്നു. "പക്ഷെ, എനിക്ക് 12 അല്ലെങ്കിൽ 13 വയസ്സ് ഉള്ളപ്പോൾ പോലും മുത്തശ്ശി എന്നെ കൊണ്ടു പോകുമായിരുന്നു.” ഏതാണ്ട് 16 വയസ്സുള്ളപ്പോൾ, വിവാഹിതയാകുന്നതിനു മുൻപുതന്നെ, മുത്തശ്ശിയുടെ സഹായിയായി റോപി പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു.

*****

1,500 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന വിശാലമായ മേൽഘാട് കടുവ സംരക്ഷണ കേന്ദ്രത്തിന്‍റെ അഭയമാണ് മേൽഘാട്ടിലെ കുന്നുകളും വനങ്ങളും (ഒരു പ്രധാന ജൈവ വൈവിധ്യ കലവറ). വരണ്ട, ഇല കൊഴിയും മരങ്ങളുടെ വനത്തിലെ ഗ്രാമങ്ങൾ കോരകു, ഗോണ്ഡ് എന്നിങ്ങനെയുള്ള തദ്ദേശീയ വിഭാഗങ്ങളുടെ വാസകേന്ദ്രങ്ങളാണ്. ഇത്തരത്തിലുള്ള നിരവധിയായ വാസസ്ഥലങ്ങൾ കടുവ സംരക്ഷണ കേന്ദ്രത്തിനകത്തും അരികുകളിലുമായാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ജനങ്ങൾ പ്രധാനമായും കർഷകരും ഇടയന്മാരുമാണ്. വനവിഭവങ്ങളായ മുള, പച്ചമരുന്നുകൾ എന്നിവയെയൊക്കെയാണ് അവരുടെ വരുമാന സ്രോതസ്സുകൾ.

വനത്തിന്‍റെ കേന്ദ്ര ഭാഗത്ത് 150 കുടുംബങ്ങളെ വസിക്കുന്ന ബോറാട്യഖേഡ എന്ന ചെറു ഗ്രാമം ചിഖൽദാര എന്ന താലൂക്ക് പട്ടണത്തിൽ നിന്നും 50 കിലോമീറ്റർ മാറിയാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 70 വയസ്സുള്ള ചര്‍ക്കു ബാബുലാൽ കസദേകർ പറയുന്നത് "എനിക്കോർമ്മയുള്ള കാലമായി” ഇവിടുത്തെ ദായി ആണെന്നാണ്‌. ദശകങ്ങൾ കൊണ്ട് മെഡിക്കൽ സൗകര്യങ്ങളുടെ ലഭ്യത വർദ്ധിച്ചിട്ടുണ്ടെങ്കിലും ഇന്നും മേൽഘാട്ടിലെ വിദൂര ഗ്രാമങ്ങളിൽ ഓരോ 10 ഗർഭിണികളിലും ഏകദേശം 5 പേരുടെ കുടുംബങ്ങൾ വീട്ടിലെ പ്രസവത്തിന് മുൻഗണന കൊടുക്കുന്നവരാണെന്ന് അവർ പറഞ്ഞു. (2015-16-ലെ ദേശീയ കുടുംബാരോഗ്യ സർവെ, എൻ.എഫ്.എച്.എസ്-4 , ചൂണ്ടിക്കാണിക്കുന്നത് ഗ്രാമീണ മേഖലകളിലെ 91 ശതമാനം പ്രസവങ്ങളും നടക്കുന്നത് സ്ഥാപനങ്ങളിലാണെന്നാണ്. മേൽഘാട്ടിലെ വിദൂര ഗ്രാമങ്ങളിലെ പ്രത്യേക അവസ്ഥകളെ ഈ സംഖ്യ ഉൾക്കൊള്ളുന്നില്ലായിരിക്കാം.)

2021 എപ്രിലിൽ ബോറാട്യഖേഡയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ (പി.എച്.സി.) ഒരു ഉപകേന്ദ്രം (സബ്-സെന്‍റർ) സ്ഥാപിച്ചു. ഒരു ഒറ്റനിലക്കെട്ടിടമായിരുന്നു അത്. ഞാൻ സന്ദർശിച്ച സമയത്ത് അവിടെ പൈപ്പ് വെള്ളം ലഭിക്കുന്നതിനായി വീണ്ടും രണ്ടു മാസം കൂടി കാത്തിരിക്കണമായിരുന്നു. വിളിക്കുമ്പോൾ സേവനം ലഭ്യമാകുന്ന ഒരു പ്രസവ സഹായ ശുശ്രൂഷക (auxiliary nurse-midwife - ANM) അവിടെയുണ്ട്. 24 മണിക്കൂറും അവരുടെ സേവനം ലഭ്യമായിരുന്നു. താമസ സൗകര്യാർത്ഥം സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് അവർ താമസിക്കേണ്ടത്. പക്ഷെ പ്രദേശവാസി കൂടിയായ ബോറാട്യഖേഡയിലെ എ.എൻ.എം. ശാന്ത വിഹികെ ദുർവെ അവിടുത്തെ ഗ്രാമത്തിൽ തന്നെയാണ് വിവാഹിതയായിരിക്കുന്നത്.

കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ എന്ന പദവിയിൽ ഉപകേന്ദ്രത്തിൽ ഡോക്ടറുടെ ഒരു തസ്തിക ഉണ്ട്. പക്ഷെ പൈപ്പ് വെള്ളം ഇല്ലാത്തതാണ് ആരെയെങ്കിലും അവിടെ നിയമിക്കുന്നതിന് തടസ്സമാകുന്നതെന്ന് ഗ്രാമീണർ എന്നോടു പറഞ്ഞു. പുതുതായി ബിരുദം നേടിയ ഒരു ഡോക്ടർ ഉടനെ ചേരുമെന്ന് അവർ തീക്ഷിച്ചിരുന്നു (കഴിഞ്ഞ വർഷം ഞാൻ സന്ദർശിച്ച സമയത്ത്). അദ്ദേഹം സേമാഡോഹ് ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിശീലനം നേടുകയായിരുന്നു.

Bortyakheda’s ANM Shanta Durve (left) urges Charku, the village's elderly dai, to come along even for deliveries the PHC
PHOTO • Kavitha Iyer

ബോറാട്യ ഖേഡയിലെ എ . എൻ.എം. ശാന്താ ദുർവെ (ഇടത് ) ഗ്രാമത്തിലെ മുതിർന്ന ദായിയായ ചര്‍ക്കുവിനോട് പി.എച്.സി.യിലെ പ്രസവങ്ങൾക്കു പോലും എത്തണമെന്ന് ആവശ്യപ്പെടുന്നു

പക്ഷെ ഗർഭിണികളായ നിരവധി സ്ത്രീകളും ഉപകേന്ദ്രത്തിൽ വരാതിരിക്കാനാണ് താൽപര്യപ്പെടുന്നതെന്ന് എ.എൻ.എം. പറഞ്ഞു. "തന്‍റെ പ്രസവത്തിന് മേൽനോട്ടം വഹിക്കുന്നവരിൽ ഒരാൾ തന്‍റെ സമൂഹത്തിൽ നിന്നുളള ഒരാളാകുമ്പോൾ ഒരു സ്ത്രീയിലുണ്ടാകുന്ന വിശ്വാസത്തിന്‍റെ ഒരു ഘടകമുണ്ട്”, 30-കളുടെ തുടക്കത്തിലുള്ള ശാന്ത കൂട്ടിച്ചേർത്തു. തൊട്ടടുത്തുള്ള മോർശി ബ്ലോക്കിലെ ഉപകേന്ദ്രത്തിൽ ഒരു ദശകത്തോളം ജോലി ചെയ്ത പരിചയത്തിനു ശേഷമാണ് അവരെ ഇവിടെ നിയമിച്ചത്.

സേമാഡോഹിലെ പി.എച്.സി.യിലെ പ്രസവങ്ങൾക്കു പോലും എത്താൻ അവർ ഗ്രാമത്തിലെ മുതിർന്ന ദായിയായ ചര്‍ക്കുവിനോട് ആവശ്യപ്പെട്ടു. ദായിമാരുടെ ഉപദേശങ്ങൾക്ക് കുടുംബങ്ങൾ എളുപ്പം വഴങ്ങുമെന്ന് ശാന്ത പറഞ്ഞു. ബോറാട്യഖേഡയിൽ ചെറുപ്പക്കാരികളായ ദായിമാരൊന്നും ഇനിയില്ല എന്നതിൽ അവർ ദുഃഖിക്കുകയും ചെയ്തു. ചക്രുവിന്‍റെ സേവന പാരമ്പര്യം മുന്നോട്ടു കൊണ്ടു പോകാൻ ആരുമില്ല. ഗ്രാമത്തിൽ രണ്ടാമതൊരു ദായി ഉള്ളത് പ്രായാധിക്യത്താൽ പ്രവർത്തനം ഏതാണ്ട് അവസാനിപ്പിച്ചു. കൂടാതെ കുറച്ചു വർഷങ്ങൾക്ക് മുമ്പ് സർക്കാർ യൂണിസെഫുമായി ചേർന്ന് നടത്തിയ ഒരു ചെറിയ പരിശീലന പരിപാടിയിൽ അവർ പങ്കെടുത്തുമില്ല.

"ഞങ്ങൾ വിചാരിച്ചു എല്ലാം ഞങ്ങൾക്കറിയാമെന്ന്. പക്ഷെ അവർ ഞങ്ങളെ കൂടുതൽ പ്രാധാന്യമുള്ള ചില കാര്യങ്ങൾ പഠിപ്പിച്ചു. സോപ്പ് ഉപയോഗിക്കുന്നത് എത്രമാത്രം പ്രധാനപ്പെട്ടതാണ്, കൈകൾ എങ്ങനെ കഴുകണം, എങ്ങനെ പുതിയൊരു ബ്ലേഡ് ഉപയോഗിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങൾ”, ഒരു ദിവസം നീണ്ട കോഴ്സിൽ പങ്കെടുത്ത ചര്‍ക്കു പറഞ്ഞു.

പ്രസവ വേദനയെടുക്കുന്ന ഒരു സ്ത്രീയെ പി.എച്.സി.യിലേക്ക്, അല്ലെങ്കിൽ അപൂർവമായി ഒരു സ്വകാര്യ ക്ലിനിക്കിലേക്ക്, അവർ അനുഗമിക്കുമ്പോൾ പ്രസവം കൈകാര്യം ചെയ്യുന്നത് ഒരു (വനിത) നഴ്സ് ആയിരിക്കും. തനിക്കിത് കൈകാര്യം ചെയ്യാൻ പറ്റില്ലെന്ന് നഴ്സ് പറയുന്നതുവരെ സ്ത്രീകൾ പുരുഷ ഡോക്ടറെ ഒഴിവാക്കുമെന്ന് ചർക്കു പറയുന്നു. സങ്കീർണ്ണമാണെങ്കിൽ മാത്രമെ ഡോക്ടറെ വിളിക്കൂ. ചർക്കുവിന് പണമൊന്നും നൽകാറില്ല.

എന്തുകൊണ്ടാണ് അവരിപ്പോഴും കൂടെ പോകുന്നത്? " ചലോ ബോലാ തോ ജാതി [എന്നോടവർ വരാമോയെന്ന് ചോദിച്ചാൽ ഞാൻ പോകും]. ഞാൻ കൂടെയുളളതുകൊണ്ട് അമ്മയ്ക്ക് ആശ്വാസമുണ്ടെങ്കിൽ ഞാനെന്തിന് പോകാതിരിക്കണം?"

വർഷങ്ങൾക്ക് മുമ്പ് ധാന്യമായി തനിക്ക് കൂലി നൽകിയിരുന്നുവെന്ന് ചർക്കു പറഞ്ഞു. രണ്ടോ മൂന്നോ അളവ് അരി അല്ലെങ്കിൽ ഗോതമ്പ് – ഒരു പായയിൽ അല്ലെങ്കിൽ വലിയ ടംബ്ലർ പോലെ തോന്നിക്കുന്ന പരമ്പരാഗത പിച്ചള പാത്രത്തിൽ. ചിലപ്പോൾ ചെറിയൊരു തുക പണമായും തരും.

ദശകങ്ങളായി ദായിയുടെ വരുമാനം കാര്യമായി കൂടിയിട്ടില്ല. 2021 ജൂണിൽ ഞാൻ ചർക്കുവിനെ സന്ദർശിച്ചപ്പോൾ അതിന് ഒരാഴ്ച മുമ്പ് ചെയ്ത അവസാന പ്രസവ ശുശ്രൂഷയ്ക്ക് അവർക്ക് ലഭിച്ചത് 500 രൂപയും നാല് കിലോ ഗോതമ്പുമാണ്. അത് പെട്ടെന്നുള്ള ഒരു ജനനമായിരുന്നു. പ്രസവ വേദന ആരംഭിച്ച് ഏതാണ്ട് ഉടനെ തന്നെ കുട്ടി പുറത്ത് വന്നു. "അത് നീണ്ട വേദന ആയാൽ പോലും അതേ തുക മാത്രമേ എനിക്ക് ലഭിക്കൂ”, അവർ പറഞ്ഞു.

Charku with two of her great grandkids: at least half of the babies born in Bortyakheda over the past three decades had Charku present at the time of their birth, and she has delivered her own grandchildren and a great-grandchild
PHOTO • Kavitha Iyer

ചർക്കു തന്‍റെ പേരക്കുട്ടികളുടെ രണ്ട് കുട്ടികളോടൊപ്പം : ബോറാട്യ ഖേഡയിൽ കഴിഞ്ഞ മൂന്ന് ദശകങ്ങൾക്കുള്ളിൽ ജനിച്ച പകുതിയോളം കുട്ടികളുടെ കാര്യത്തിലെങ്കിലും ജനന സമയത്ത് ചർക്കുവിന്‍റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. തന്‍റെ തന്നെ കൊച്ചുമക്കളുടെയും അവരിലൊരാളുടെ കുഞ്ഞിന്‍റെയും ജനനം നടത്തിയത് അവർ തന്നെയായിരുന്നു

ഏതാണ്ട് 5 വർഷങ്ങൾക്ക് മുൻപ് ചർക്കുവിന്‍റെ ഭർത്താവ് മരിച്ചു. അവർ ഒരേക്കർ സ്ഥലത്ത് നേരത്തെ കൃഷി ചെയ്തിരുന്നു. അവരുടെ മകളും മരുമകനും ചേർന്നാണ് ഇപ്പോൾ അവിടെ കൃഷി നടത്തുന്നത്. ദായി എന്ന നിലയിലുള്ള തന്‍റെ ജോലിക്ക് സ്ഥിരമായ വരുമാനം ഇല്ലായിരുന്നുവെന്ന് ചർക്കു പറഞ്ഞു. കഴിഞ്ഞ ചില വർഷങ്ങളിലെ ചില മാസങ്ങളിൽ 4,000 രൂപവരെ ലഭിച്ചിട്ടുണ്ട്, ചില മാസങ്ങളിൽ 1,000 രൂപ പോലും ലഭിച്ചിട്ടില്ല.

ബോറാട്യഖേഡയിൽ കഴിഞ്ഞ മൂന്ന് ദശകങ്ങൾക്കുള്ളിൽ ജനിച്ച പകുതിയോളം കുട്ടികളുടെ കാര്യത്തിലെങ്കിലും ജനന സമയത്ത് ചർക്കുവിന്‍റെ സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്ന് ഇവിടുത്തെ സ്ത്രീകൾ കണക്കു കൂട്ടുന്നു. തന്‍റെ തന്നെ കൊച്ചുമക്കളുടെയും അവരിലൊരാളുടെ കുഞ്ഞിന്‍റെയും ജനനം ചർക്കു നടത്തി.

താൻ പ്രസവ ശുശ്രൂഷ നിർവഹിച്ചിട്ടുള്ള ചില നവജാത ശിശുക്കൾ കുറച്ചു ദിവസങ്ങൾക്കു ശേഷം മരിച്ചുവെന്ന കാര്യം അവർ ഓർമ്മിക്കുന്നു. "ജനന സമയത്തല്ല, കുറച്ച് ദിവസങ്ങൾക്ക് ശേഷം.” ഈ മരണങ്ങളുടെ കാരണം അവർക്കറിയില്ല. ആർക്കുമറിയില്ലെന്നും അവർ വാദിച്ചു.

ഇപ്പോൾ കാഴ്ച മങ്ങിക്കൊണ്ടിരിക്കുന്നതിനാൽ അവർ തന്നെ കുടുംബങ്ങളോട് സ്ഥിരമായി പറയുന്നത് പി.എച്.സി.യിലേക്കോ അല്ലെങ്കിൽ പുതിയ ഉപകേന്ദ്രത്തിലേക്കോ പോകാനാണ്.

*****

തന്‍റെ പ്രായമെത്രയെന്ന് റോപിക്ക് കൃത്യമായി അറിയില്ല. അടുത്തിടെയായി കാലിന് പ്രശ്നവുമുണ്ട്. കണങ്കാലിന് ചുറ്റും നീരുണ്ട്. കാൽമുട്ടുകളിൽ കടുത്ത വേദനയുമുണ്ട്. ഇതിനായി നഗരത്തിലെ ഡോക്ടറെ അവർ കണ്ടിട്ടില്ല. ഒരു പ്രാദേശിക വൈദ്യൻ നിർദ്ദേശിച്ച എണ്ണ തേച്ചതുകൊണ്ട് പ്രയോജനം ഉണ്ടായതുമില്ല.

പ്രായമുള്ള സുഹൃത്തുക്കളെ കണ്ടുമുട്ടിയും പെൺമക്കളെ സന്ദർശിച്ചുകൊണ്ടും അവർ ഗ്രാമത്തിൽ ചുറ്റി സഞ്ചരിക്കാറുണ്ടെങ്കിലും പ്രസവശുശ്രൂഷയ്ക്കായി തന്നെ സമീപിക്കുന്ന മുഴുവൻ കുടുംബങ്ങളുടെയും അഭ്യർത്ഥന അവർ നിരസിക്കുന്നു. തന്‍റെ വീടിന് പുറത്ത് ഒരുപാട് സമയം ചിലവഴിക്കാൻ പറ്റുമോയെന്ന കാര്യത്തിലും മതിയായ കാഴ്ച ഉണ്ടോ എന്ന കാര്യത്തിലും അവർക്കുറപ്പില്ല. "നഗരത്തിലെ [പറത്‌വാഡാ പട്ടണത്തിലെ] ക്ലിനിക്കിലേക്ക് വിളിക്കാൻ ഞാനവരോട് പറയും. ആംബുലൻസ് വരുന്നതുവരെ ഞാനവരോടൊപ്പം കാത്തിരിക്കും. വാഹനം ഉടൻതന്നെ ഗ്രാമത്തിലേക്ക് തിരിച്ചു വരുമെന്നുണ്ടെങ്കിൽ ചിലപ്പോൾ ഞാനൊപ്പം പോകും”, റോപി പറഞ്ഞു.

Ropi's family has a small goat-rearing business, and they also cultivate two acres. Her earning as a dai remain modest, and have not improved greatly over the decades
PHOTO • Kavitha Iyer
Ropi's family has a small goat-rearing business, and they also cultivate two acres. Her earning as a dai remain modest, and have not improved greatly over the decades
PHOTO • Kavitha Iyer

റോപിയുടെ കുടുംബത്തിന് ചെറിയൊരു അടുവളർത്തൽ ബിസിനസുണ്ട്. അവർ രണ്ടേക്കറിൽ കൃഷി ചെയ്യുകയും ചെയ്യുന്നു. ദായി എന്ന നിലയിലുള്ള അവരുടെ വരുമാനം ചെറുതാണ്. ദശകങ്ങൾ കൊണ്ട് അത് കാര്യമായി വർദ്ധിച്ചിട്ടുമില്ല

തിരക്കുള്ള ദായിയായിരുന്ന സമയങ്ങളിൽ സാഹചര്യങ്ങളോട് പെട്ടെന്നും ശാന്തവുമായ രീതിയിൽ പ്രതികരിക്കുന്നതിന്‍റെ പേരിൽ അവർ ജൈതദേഹിയിൽ അറിയപ്പെട്ടിരുന്നു. "നേരത്തെ എന്നെ വിളിക്കാനായി അവർ വരുമ്പോൾ എന്തൊക്കെ സാധനങ്ങൾ വേണമെന്ന് ആദ്യം തന്നെ അവരോട് ഞാൻ പറയുമായിരുന്നു – ഒരു കത്തി, ചരട്, സൂചി.” ഒരുപാട് ദായിമാരും പെരിനിയൽ ടിയർ തുന്നുന്നതിൽ വിദഗ്ദ്ധരാണ്. അത് വലിയ കാര്യമല്ല എന്ന അർത്ഥത്തിൽ അവർ ചുമൽ കുലുക്കി.

പ്രസവ വേദന തുടങ്ങിയതേയുള്ളോ അതോ നേരത്തെ തന്നെ കൂടുതലായിരുന്നോ എന്നതിനെ ആശ്രയിച്ച് അവർ വീട്ടുജോലികൾ തീർത്ത് അമ്മയാകാൻ പോകുന്ന സ്ത്രീയുടെ വീട്ടിലേക്ക് പെട്ടെന്ന് തന്നെ പോകുമായിരുന്നു. അവിടെ ഉത്കണ്ഠാകുലരായ കുടുംബാംഗങ്ങൾ കൂടിനിൽക്കുകയും ചെയ്യുമായിരുന്നു.

റോപി എല്ലായ്പ്പോഴും പ്രാർത്ഥനയോടെയാണ് തുടങ്ങുന്നത്. പിന്നീട്, പ്രസവ വേദനയുള്ള സ്ത്രീയുടെ വികസിച്ചു വരുന്ന ഗർഭാശയ മുഖം പരിശോധിക്കുന്നതിന് മുൻപ് കൈ കഴുകുന്നു.

"അമ്മ [അമ്മയാകാൻ പോകുന്ന സ്ത്രീയുടെ അമ്മ] ഒന്നും ചെയ്യില്ല. പക്ഷെ അവർ എല്ലായ്പ്പോഴും മകളുടെ അരികിലുണ്ടാവും, കരയുന്നുമുണ്ടാവും. അമ്മയുടെ അഭ്യർത്ഥനകൾ മകളുടെ വേദന മൂലമുള്ള കരച്ചിലുകളോട് ചേരുന്നതായിരിക്കും. ‘ഓ മായി ജൽദി കർദോ മായി’ എന്ന് അമ്മമാർ വിളിച്ചുകരയും [ഓ അമ്മേ, പെട്ടെന്നവളുടെ വേദന അവസാനിപ്പിക്കൂ, അമ്മേ]. അതെന്‍റെ കൈയിലാണെന്ന പോലെ”, റോപി ആശ്ചര്യപ്പെട്ടു.

ചിലപ്പോൾ പ്രസവ വേദന മണിക്കൂറുകളോളം നീളും. അപ്പോൾ റോപി എന്തെങ്കിലും കഴിക്കാനോ ഭർത്താവിനോ മകനോ ഭക്ഷണം നൽകാനോ വീട്ടിലേക്ക് വരുന്നു. "കുട്ടി ജനിക്കുന്നതുവരെ പോകരുതെന്ന് പറഞ്ഞുകൊണ്ട് അത്തരം സംഭവങ്ങളിൽ അമ്മമാർ ഉറക്കെ കരയും. പക്ഷെ വേദന ചിലപ്പോൾ രാത്രി മുഴുവൻ, അല്ലെങ്കിൽ ദിവസം മുഴുവൻ നീളാം. അത്തരം സാഹചര്യങ്ങളിൽ എല്ലാവരും ഭയന്നു പോകും – പക്ഷെ ഞാൻ ഭയക്കില്ല.”

ഗർഭിണിയായ സ്ത്രീയുടെ വയറിൽ തേക്കുന്നതിനായി ഇടയ്ക്കിടെ അവർ കുറച്ച് എണ്ണ ആവശ്യപ്പെടും (അടുക്കളയിൽ ലഭ്യമായ ഏത് എണ്ണയും). റോപി പറയുന്നത് വയറിൽ സ്പർശിക്കുന്നതിലൂടെ കുട്ടി തിരിഞ്ഞാണോ കിടക്കുന്നത്, അല്ലെങ്കിൽ ശരിയായ രീതിയിൽ നന്നായി തിരുമ്മി കുട്ടിയുടെ തല ശരിയായ സ്ഥലത്തെത്തിക്കാൻ പറ്റുമോയെന്ന്, അവർക്ക് അറിയാൻ പറ്റും എന്നാണ്. ആദ്യം കുട്ടിയുടെ കാൽ പുറത്തു വന്ന അനുഭവങ്ങളിലൂടെ അവർ കടന്നു പോയിട്ടുണ്ട്. പക്ഷെ ഇത്തരം ജനനങ്ങളിലും താൻ വലിയ പ്രശ്നങ്ങൾ നേരിട്ടിട്ടില്ലെന്ന് അവർ അവകാശപ്പെടുന്നു.

മറ്റ് പരമ്പരാഗത വിശ്വാസങ്ങളെയൊക്കെ ഇളക്കാൻ ബുദ്ധിമുട്ടാണ്. ഒമ്പത് മാസം പൂർത്തിയായ ശേഷം പ്രസവ വേദന വരുന്നില്ലെങ്കിൽ ഭൂംകാൾ അനുഗ്രഹിച്ച കുറച്ച് വെളളം താൻ ശുപാർശ ചെയ്യുമെന്ന് ചര്‍ക്കു പറഞ്ഞു

പ്രസവം പൂർത്തിയായ ശേഷം ദായി സാധാരണയായി സ്ഥലം ശുചിയാക്കാറുണ്ടെന്നും റോപി ചൂണ്ടിക്കാണിച്ചു. "നേരത്തെ ഞങ്ങൾ കുട്ടിയെ ഉടൻതന്നെ കുളിപ്പിക്കുമായിരുന്നു. ഇപ്പോൾ ഞങ്ങൾ അത് നിർത്തി”, റോപി കൂട്ടിച്ചേർത്തു. കുട്ടിയെ കുളിപ്പിച്ചതിനു ശേഷം മാത്രം അമ്മയുടെ കൈയിൽ മുലയൂട്ടാനായി ഏൽപ്പിക്കുക എന്നതാണ് സാധാരണയായി ചെയ്തു വന്നിരുന്നത്.

ചർക്കുവും അതിനോട് യോജിച്ചു. "നേരത്തെ ഞങ്ങൾ കുട്ടിയെ ജനിച്ചയുടനെ ചൂട് വെള്ളത്തിൽ കുളിപ്പിക്കുമായിരുന്നു. ചിലപ്പോൾ കുട്ടിക്ക് അമ്മയുടെ പാൽ കൊടുക്കുന്നത് രണ്ട് ദിവസത്തിന് ശേഷമായിരുന്നു.” ചില കുടുബങ്ങൾ കുട്ടിക്ക് ആദ്യ ദിവസം ശർക്കര വെള്ളമോ തേൻ വെള്ളമോ മാത്രമാണ് കൊടുക്കുന്നത്.

പ്രധാനമായും പ്രാദേശിക തലത്തിലുള്ള എ.എൻ.എം.മാരുടെ ഉപദേശത്തെയും, സ്ഥാപനങ്ങളിൽ പ്രസവം നടത്തുന്നത് പ്രോത്സാഹിപ്പിക്കാനുള്ള പ്രചരണത്തെയും, മേൽഘാട്ടിലെ ശിശുമരണ പ്രശ്നങ്ങളിന്മേലുള്ള സംസ്ഥാനതല ജാഗ്രതയേയും തുടർന്ന് നവജാത ശിശുവിനെ കുളിപ്പിക്കുന്ന ചടങ്ങ് ഇപ്പോൾ അപൂർവമായാണ് ചെയ്യുന്നത്. (പ്രദേശത്തെ ഉയർന്ന ശിശുമരണ നിരക്കിനെയും രൂക്ഷമായ പോഷകാഹാരക്കുറവിനെയും പറ്റി വിവിധ പഠനങ്ങളും റിപ്പോർട്ടുകളും പറയുന്നുണ്ട്.) ജനന ശേഷമുള്ള ആചാരങ്ങളേക്കാളും ദൈവങ്ങൾക്കുള്ള കാഴ്ചകളേക്കാളും കുഞ്ഞിന്‍റെ ആരോഗ്യത്തിനാണ് ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നതെന്ന് ബോറാട്യഖേഡയിലെ എ.എൻ.എം. ശാന്ത പറഞ്ഞു. കൂടാതെ സർക്കാരും യൂണിസെഫും ചേർന്ന് നടത്തിയ പരിശീലനം, വീട്ടിൽ നടക്കുന്ന ജനനങ്ങളുടെ നടപടിക്രമങ്ങളിൽ മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാനും സഹായിച്ചു.

ഇപ്പോൾ, കിടന്നുകൊണ്ടോ ഇരുന്നുകൊണ്ടോ സുരക്ഷിതമായ രീതിയിൽ എങ്ങനെ കുഞ്ഞിനെ മുലയൂട്ടണമെന്ന് ദായിമാർ കാണിച്ചു കൊടുക്കുന്നു. ഇപ്പോൾ അര മണിക്കൂറിനകം കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്നുവെന്ന് ചർക്കു പറഞ്ഞു.

മറ്റ് പരമ്പരാഗത വിശ്വാസങ്ങളെയൊക്കെ ഇളക്കാൻ ബുദ്ധിമുട്ടാണ്. ഒമ്പത് മാസം പൂർത്തിയായ ശേഷം പ്രസവ വേദന വരുന്നില്ലെങ്കിൽ ഭൂംകാൾ (പരമ്പരാഗത ആത്മീയ ചികിത്സകൻ) അനുഗ്രഹിച്ച കുറച്ച് വെളളം താൻ ശുപാർശ ചെയ്യുമെന്ന് ചർക്കു പറഞ്ഞു.

ഒരു ഗർഭിണിക്ക് ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ ഉണ്ടാകുന്നതെന്ന് പ്രവചിക്കാൻ താൻ ഇഷ്ടപ്പെടുന്നുവെന്ന് റോപി പറഞ്ഞു. ആൺഭ്രൂണം വയർ മുന്നോട്ട് കൂടുതലായി തള്ളി വരുത്താനുള്ള പ്രവണത കാണിക്കുന്നുവെന്ന് അവർ അവകാശപ്പെട്ടു. "പെൺഭ്രൂണം വയറിനെ വശങ്ങളിൽ കൂടുതൽ പരത്തി കാണിക്കുന്നു.” എന്നാൽ ഇത് കുറച്ചൊക്കെ ഊഹാപോഹങ്ങളാണെന്നും ഒരു കുട്ടി ജനിക്കുന്നതു വരെ അതിന്‍റെ ലിംഗം എന്താണെന്ന് മനുഷ്യനെ അറിയിക്കാൻ ദൈവം ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ട് അവർ തന്നെ ഈ സാമാന്യവൽക്കരണത്തെ ചിരിച്ചു തള്ളുകയും ചെയ്യുന്നു.

Charku's eyesight is dimming, and she tells families more and more frequently to head to the PHC or the new sub-centre.
PHOTO • Kavitha Iyer
Ropi too sends away most people who come to seek her help, tellign them, 'I can’t do it any longer'
PHOTO • Kavitha Iyer

ഇടത്: ചർക്കു വിന്‍റെ കാഴ്ച മങ്ങിക്കൊണ്ടിരിക്കുന്നതുകൊണ്ട് അവർ തന്നെ കുടുംബങ്ങളോട് സ്ഥിരമായി പറയുന്നത് പി.എച്.സി.യിലേക്കോ അല്ലെങ്കിൽ പുതിയ ഉപകേന്ദ്രത്തിലേക്കോ പോകാനാണ്. വലത് : സഹായം തേടി തന്‍റെയടുത്തേക്ക് വരുന്ന മിക്ക ആളുകളേയും പറഞ്ഞയച്ചുകൊണ്ട് റോപിയും അവരോട് പറയുന്നത് ‘ഇനിയെനിക്ക് ഇത് ചെയ്യാൻ കഴിയില്ല എന്നാണ്’

ബോറാട്യഖേഡയിൽ ഗ്രാമീണർ ചൂണ്ടിക്കാണിക്കുന്നത് ഗർഭിണികളായ സ്ത്രീകൾക്കുവേണ്ട സഹായങ്ങളെത്തിക്കുന്ന അവസാന കണ്ണി (സ്ഥിരമായ പരിശോധനകൾ, അയൺ- ഫോളിക് ആസിഡ് ഗുളികകളുടെയും കാൽസ്യം ഗുളികകളുടെയും വിതരണം) മെച്ചപ്പെടുത്തിക്കൊണ്ടും, ജനനം ആസൂത്രണം ചെയ്തുകൊണ്ടും, സമയത്ത് ആശുപത്രിയിലെത്തിക്കുന്ന കാര്യം ഉറപ്പാക്കിക്കൊണ്ടും പരമ്പരാഗത ദായിമാർ സാമൂഹ്യാരോഗ്യ രംഗത്ത് ഒരു സഹായ ഹസ്തമാകുന്നുവെന്നാണ്.

പറത്‌വാഡ പട്ടണത്തിലെ സ്വകാര്യ ചികിത്സ നടത്തുന്ന ഡോക്ടർമാരുടെ സമീപത്ത് കഴിയുന്ന ജൈതാദേഹിയിലെ ഗ്രാമീണർക്ക് റോപിക്ക് ശേഷം ഒരു ദായി ഇല്ല എന്നത് അത്ര പ്രശ്നമുള്ള കാര്യമല്ല. അതേസമയം കുട്ടികളെ പ്രസവിക്കുന്ന സർക്കാർ സ്ഥാപനങ്ങളോട് തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് റോപി പറഞ്ഞു. "ചില സ്ത്രീകൾ വളരെ മെലിഞ്ഞതാണ്, 9 മാസങ്ങൾ മുഴുവനായും എല്ലാ ദിവസവും ഛർദ്ദിക്കുന്നു. അവർ ഇറച്ചി കഴിക്കാൻ വിസമ്മതിക്കുന്നു, ചില ഭക്ഷണങ്ങൾക്കു നേരെ അവർ മുഖം തിരിക്കുന്നു. ഗർഭിണികൾ എല്ലാം കഴിക്കണം. ഒന്നും വിലക്കപ്പെട്ടതല്ല”, അവർ പറഞ്ഞു. “ഡോക്ടർമാർ ഗർഭിണികളെ ഈ കാര്യങ്ങളിലും ഉപദേശിക്കണം.”

ഇവരുടെ സമുദായത്തിൽ ഒരു കുട്ടി ജനിച്ച ശേഷമുള്ള അഞ്ചാമത്തെ ദിവസത്തെ ആഘോഷങ്ങൾക്ക് ദായിയെ കോരകു കുടുംബത്തിലേക്ക് ക്ഷണിക്കുന്നു. മിക്കപ്പോഴും അവർക്ക് അന്നത്തെ ദിവസം പണം നൽകാറുണ്ട് – കുട്ടി ആദ്യത്തെ അനിശ്ചിത ഘട്ടം പിന്നിട്ടു എന്നതിന്‍റെ അടയാളമായി. "ചില കുട്ടികൾ അപകടത്തിൽ മരിക്കുന്നു, ചിലത് അസുഖങ്ങൾ മൂലം, ചിലത് മരിച്ചു ജനിക്കുന്നു”, റോപി താത്വികമായി പറഞ്ഞു. "എല്ലാവരും ഒരു ദിവസം മരിക്കും. പക്ഷെ ജനനത്തെ അതിജീവിക്കുക എന്നത് അമ്മയ്ക്കും കുഞ്ഞിനും ഭാഗ്യമാണ്.”

കുട്ടികൾ അതിജീവിച്ചതിന് തനിക്ക് ലഭിച്ച നന്ദിയാണ് ദായി എന്ന നിലയിൽ തന്‍റെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്ന് എന്ന് റോപി പറഞ്ഞു. പ്രവർത്തനനിരതയല്ലാത്തതിനാൽ നിലവിൽ ഈയൊരു സന്തോഷം നഷ്ടപ്പെടുന്നു. സഹായം തേടി തന്‍റെയടുത്തേക്ക് വരുന്ന മിക്ക ആളുകളേയും പറഞ്ഞയച്ചുകൊണ്ട് അവർ അവരോട് പറയുന്നത് "ജാവോ ബാബ, അബ് മേരെ സെ ഹോത്ത നഹി” എന്നാണ്. "ഇനിയെനിക്ക് ഇത് ചെയ്യാൻ കഴിയില്ല.”

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

പരിഭാഷ : റെന്നിമോന്‍ കെ. സി.

Kavitha Iyer

ಕವಿತಾ ಅಯ್ಯರ್ 20 ವರ್ಷಗಳಿಂದ ಪತ್ರಕರ್ತರಾಗಿದ್ದಾರೆ. ಇವರು ‘ಲ್ಯಾಂಡ್‌ಸ್ಕೇಪ್ಸ್ ಆಫ್ ಲಾಸ್: ದಿ ಸ್ಟೋರಿ ಆಫ್ ಆನ್ ಇಂಡಿಯನ್ ಡ್ರಾಟ್’ (ಹಾರ್ಪರ್ ಕಾಲಿನ್ಸ್, 2021) ನ ಲೇಖಕಿ.

Other stories by Kavitha Iyer
Illustration : Priyanka Borar

ಕವರ್ ಇಲ್ಲಸ್ಟ್ರೇಷನ್: ಪ್ರಿಯಾಂಕಾ ಬೋರಾರ್ ಹೊಸ ಮಾಧ್ಯಮ ಕಲಾವಿದೆ. ಹೊಸ ಪ್ರಕಾರದ ಅರ್ಥ ಮತ್ತು ಅಭಿವ್ಯಕ್ತಿಯನ್ನು ಕಂಡುಹಿಡಿಯಲು ತಂತ್ರಜ್ಞಾನವನ್ನು ಪ್ರಯೋಗಿಸುತ್ತಿದ್ದಾರೆ. ಅವರು ಕಲಿಕೆ ಮತ್ತು ಆಟಕ್ಕೆ ಎಕ್ಸ್‌ಪಿರಿಯೆನ್ಸ್ ವಿನ್ಯಾಸ‌ ಮಾಡುತ್ತಾರೆ. ಸಂವಾದಾತ್ಮಕ ಮಾಧ್ಯಮ ಇವರ ಮೆಚ್ಚಿನ ಕ್ಷೇತ್ರ. ಸಾಂಪ್ರದಾಯಿಕ ಪೆನ್ ಮತ್ತು ಕಾಗದ ಇವರಿಗೆ ಹೆಚ್ಚು ಆಪ್ತವಾದ ಕಲಾ ಮಾಧ್ಯಮ.

Other stories by Priyanka Borar
Editor and Series Editor : Sharmila Joshi

ಶರ್ಮಿಳಾ ಜೋಶಿಯವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಮಾಜಿ ಕಾರ್ಯನಿರ್ವಾಹಕ ಸಂಪಾದಕಿ ಮತ್ತು ಬರಹಗಾರ್ತಿ ಮತ್ತು ಸಾಂದರ್ಭಿಕ ಶಿಕ್ಷಕಿ.

Other stories by Sharmila Joshi
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.