“എന്റെ രണ്ട് പെൺകുട്ടികൾക്കും വ്യത്യസ്തമായ ഒരു ജീവിതമാണ് ഞാൻ ആഗ്രഹിക്കുന്നത്”, പരത്തിവെച്ച വെള്ളിനിറമുള്ള മീനുകൾക്കുമീതെ ഉപ്പ് എറിഞ്ഞുകൊണ്ട് അവർ പറയുന്നു. കഴിഞ്ഞ 20 വർഷമായി, തമിഴ്നാടിന്റെ തീരപ്രദേശത്തുള്ള ഗൂഡല്ലൂരിലെ ഓൾഡ് ടൌൺ ഹാർബറിൽ മീനുണക്കുന്ന ജോലിയിലാണ് 43 വയസ്സായ അവർ.

“ഭൂരഹിതരായ ദളിത് കുടുംബത്തിൽ, നെൽ‌ക്കൃഷിയിലേർപ്പെട്ടിരുന്ന കർഷകത്തൊഴിലാളികളായ അച്ഛനമ്മമാരെ സഹായിച്ചുകൊണ്ടാ‍ണ് ഞാൻ വളർന്നത്. എനിക്ക് ഒട്ടും വിദ്യാഭ്യാസം കിട്ടിയിട്ടില്ല”, അവർ പറയുന്നു. 15 വയസ്സിൽ അവർ ശക്തിവേലിനെ വിവാഹം കഴിച്ചു. രണ്ടുവർഷം കഴിഞ്ഞ്, ആദ്യത്തെ കുട്ടി ശാലിനി ഗൂഡല്ലൂർ ജില്ലയിലെ ഭീമ റാവു നഗർ എന്ന കോളനിയിൽ‌വെച്ച് ജനിച്ചു.

ഭീമ റാവു നഗറിൽ കാർഷികത്തൊഴിലൊന്നും കിട്ടാതായപ്പോൾ വിശാലാക്ഷി ഗൂഡല്ലൂർ ഓൾഡ് ടൌൺ ഹാർബറിൽ ജോലിയന്വേഷിച്ചു ചെന്നു. 17 വയസ്സിലാണ് കമലാവേണിയെ അവർ കണ്ടുമുട്ടുന്നത്. കമലാവേണിയാണ് മീനുണക്കുന്ന പണിയും കച്ചവടവും പഠിപ്പിച്ചത്. ഇന്നും അവർ ആ കച്ചവടം ചെയ്യുന്നു.

തുറസ്സായ സ്ഥലത്ത് മീനുണക്കുന്ന തൊഴിൽ, മത്സ്യസംസ്കരണത്തിന്റെ വളരെ പഴയൊരു രൂപമാണ്. ഉപ്പിലിടുക, പുകയ്ക്കുക, അച്ചാറുണ്ടാക്കുക തുടങ്ങിയ അനുബന്ധ ജോലികളും അതിലുൾപ്പെടുന്നു. ഗൂഡല്ലൂർ ജില്ലയിലെ 5,000-ത്തോളം സജീവരായ മുക്കുവരിൽ 10 ശതമാനം ആളുകൾ മീനുണക്കുന്നതിലും, തൊലിയുരിച്ച് സംരക്ഷിക്കുന്നതിലും വ്യാപൃതരാണെന്ന് കൊച്ചിയിലെ സെൻ‌ട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിട്യൂറ്റ് പുറത്തിറക്കിയ 2016ലെ മറൈൻ ഫിഷറീസ് സെൻസസ് പറയുന്നു.

സംസ്ഥാനത്തുടനീളം, ഈ എണ്ണം ഇനിയും കൂടും. 2020-2021-ൽ തമിഴ്നാട്ടിലെ മറൈൻ ഫിഷറിയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന സ്ത്രീകളുടെ എണ്ണം 2.6 ലക്ഷമാണെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഫിഷറീസിന്റെ സംസ്ഥാന വെബ്‌സൈറ്റ് ചൂണ്ടിക്കാണിക്കുന്നു.

Visalatchi stands near the fish she has laid out to dry in the sun. Drying fish is the oldest form of fish processing and includes a range of activities such as salting, smoking, pickling and more
PHOTO • M. Palani Kumar

വെയിലത്ത് പരത്തിയിട്ട മീനിന്റെ അടുത്ത് നിൽക്കുന്ന വിശാലാക്ഷി. മത്സ്യസംസ്കരണത്തിന്റെ പഴയ രൂപമാണ് മീനുണക്കൽ എന്നത്. ഉപ്പിലിടുകയും, പുകയ്ക്കുകയും അച്ചാറുണ്ടാക്കുകയും അതുപോലുള്ള മറ്റ് പണികളും ഇതിൽ ഉൾപ്പെടുന്നു

Visalatchi throwing grains of salt on the fish. According to the Department of Fisheries, the number of women involved in marine fishery activities was estimated to be around 2.6 lakh in (2020-2021)
PHOTO • M. Palani Kumar
Fish drying at the Cuddalore Old Town harbour
PHOTO • M. Palani Kumar

ഇടത്ത്: മത്സ്യങ്ങളുടെ മീതെ വിശാലാക്ഷി ഉപ്പ് വിതറുന്നു. 2020-2021-ൽ തമിഴ്നാട്ടിലെ മറൈൻ ഫിഷറിയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന സ്ത്രീകളുടെ എണ്ണം 2.6 ലക്ഷമാണെന്നാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫിഷറീസ് പറയുന്നത്

വിശാലാക്ഷി ഇത് തുടങ്ങുമ്പോൾത്തന്നെ, 40 വയസ്സ് കഴിഞ്ഞിരുന്ന കമലാവേണി എന്ന മാർഗ്ഗദർശി മത്സ്യം ലേലം വിളിക്കലും വിൽക്കലും ഉണക്കലുമടക്കം സാമാന്യം ഒരു നല്ല വ്യാപാരസംരംഭം നടത്തുന്നുണ്ടായിരുന്നു. 20 തൊഴിലാളികളാണ് അവർക്കുണ്ടായിരുന്നത്. അവരിലൊരാളായിരുന്നു വിശാലാക്ഷി. എല്ല് നുറുങ്ങുന്ന പണിയാണത്. രാവിലെ 4 മണിക്ക് തുറമുഖത്തെത്തണം. വൈകീട്ട് 6 മണിയാവും വീട്ടിൽ തിരിച്ചെത്താൻ. 200 രൂപയായിരുന്നു ശമ്പളം. തൊഴിലാളികൾക്ക് പ്രാതലും, ചായയും ഉച്ചയൂണും നൽകിയിരുന്നുവെന്ന് അവർ ഓർക്കുന്നു. “ഞങ്ങൾക്ക് കമലാവേണിയെ ഇഷ്ടമായിരുന്നു. ദിവസം മുഴുവൻ അവരും മീൻ ലേലം വിളിക്കലും വിൽക്കലും, തൊഴിലാളികളുടെ മേൽനോട്ടം നിർവ്വഹിച്ചും ജോലിയിലായിരിക്കും”

*****

2004-ലെ സുനാമി വിശാലാക്ഷിയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. “സുനാമിക്കുശേഷം ദിവസവേതനം 350 രൂപയായി. മത്സ്യോത്പാദനത്തിലും വർദ്ധനവുണ്ടായി”.

വലിയ മത്സ്യങ്ങളെ പിടിക്കുന്ന റിംഗ് സീൻ മത്സ്യബന്ധനം വർദ്ധിച്ചതോടെ, മത്സ്യമേഖലയിൽ വലിയ വളർച്ചയുണ്ടായി. സാധാരണയായി ഉപയോഗിക്കുന്നതും , മത്സ്യങ്ങളെ ഒന്നാകെ വലയം ചെയ്ത് പിടിക്കുന്നതുമായ രീതിയാണ് റിംഗ് സീൻ എന്നത്. അയല, മത്തി, കൊഴുവ എന്നിവയെ പിടിക്കാൻ അനുയോജ്യമായ രീതിയാണ് ഇത്. 1990-കളുടെ അവസാനത്തോടെ ഗൂഡല്ലൂരിൽ റിംഗ് സീൻ വലിയ പ്രചാരത്തിലായി. വായിക്കുക. ‘ചങ്കൂറ്റമുള്ള സ്ത്രീയായി മാറി’: വേണിയുടെ കഥ

“ധാരാളം ജോലിയുണ്ടായിരുന്നു, കൂടാതെ, ലാഭവും ശമ്പളവും”, വിശാലാക്ഷി ഓർക്കുന്നു. വിശ്വസ്തയായിരുന്നതിനാൽ, പുറത്തേക്ക് പോവുമ്പോഴൊക്കെ കമലാവേണി, തന്റെ മീനുണക്കൽ ഷെഡ്ഡിന്റെ താക്കോൽ വിശാലാക്ഷിയെ ഏൽ‌പ്പിക്കും. “അവധിയൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ഞങ്ങളോട് വളരെ ബഹുമാനത്തോടെ അവർ പെരുമാറി”, അവർ പറയുന്നു

മത്സ്യത്തിന്റെ വില വർദ്ധിച്ചതോടെ, അത്യാവശ്യസാധനങ്ങളുടെ വിലയും കൂടി. ആ ദമ്പതിമാർക്ക് രണ്ട് പെണ്മക്കളാണ് ഉണ്ടായിരുന്നത്. സ്കൂളിൽ പോവുന്ന ശാലിനിയും സൌ‌‌മ്യയും. ഭർത്താവ് ശക്തിവേൽ ഒരു വാട്ടർ ടാങ്കിന്റെ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്നു. ദിവസവേതനം 300 രൂപ ആയിരുന്നുവെങ്കിലും അത് ആവശ്യങ്ങൾക്ക് തികയാതെ വരികയും സാമ്പത്തികസ്ഥിതി ബുദ്ധിമുട്ടിലാവുകയും ചെയ്തു.

Visalatchi with one of her workers carrying freshly purchased fish. She paid  the workers a daily wage of Rs. 300 with lunch and tea
PHOTO • M. Palani Kumar

പുതുതായി വാങ്ങിച്ച മത്സ്യം ഒരു തൊഴിലാളിയോടൊപ്പം ചുമക്കുന്ന വിശാലാക്ഷി. തൊഴിലാളികൾക്ക് അവർ 300 രൂപ ദിവസവേതനവും ചായയും ഉച്ചയ്യൂണും നൽകുന്നു

Visalatchi inspecting her purchase of fresh fish;  3-4 kilos of fresh fish yield a kilo of dried fish
PHOTO • M. Palani Kumar

പുതുതായി വാങ്ങിയ മത്സ്യം പരിശോധിക്കുന്ന വിശാലാക്ഷി; 3-4 കിലോഗ്രാം പച്ച മത്സ്യത്തിൽനിന്ന് ഒരു കിലോഗ്രാം ഉണക്കമത്സ്യം ലഭിക്കും

“എനിക്ക് കമലാവേണിയെ ഇഷ്ടമായിരുന്നെങ്കിലും, ലാഭം എത്രയായാലും ദിവസവേതനം മാത്രമേ കിട്ടിയിരുന്നുള്ളു”, തന്റെ അടുത്ത ചുവടിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് അവർ പറയുന്നു.

അതിനാൽ ഇത്തവണ വിശാലാക്ഷി, സ്വന്തമായി ഉണക്കി വിൽക്കാനായി മത്സ്യം വാങ്ങി. യാത്രയിലായിരുന്ന കമലാവേണി ഈ വിവരമറിഞ്ഞപ്പോൾ 12 വർഷമായി ചെയ്തിരുന്ന ജോലിയിൽനിന്ന് വിശാലാക്ഷിയെ പുറത്താക്കി.

അതോടെ, പെണ്മക്കളുടെ വാർഷിക സ്കൂൾഫീസായ 6,000 രൂപ കൊടുക്കാൻ സാധിക്കാതെയായി. കുടുംബം ബുദ്ധിമുട്ടിലായി.

ഒരുമാസം കഴിഞ്ഞ്, ഒരു മത്സ്യവ്യാപാരിയായ കുപ്പമാണിക്കത്തെ അവർ കണ്ടുമുട്ടി. അയാൾ അവരോട് ഹാർബറിലേക്ക് തിരിച്ചുവരാൻ ആവശ്യപ്പെട്ടു. ഒരു കൊട്ട മത്സ്യവും തന്റെ ഷെഡ്ഡിലിരുന്ന് വിൽക്കാൻ അല്പം സ്ഥലവും അയാൾ വിശാലാക്ഷിക്ക് നൽകി. എന്നാലും വരുമാനം മതിയായിരുന്നില്ല.

സ്വന്തമായി കച്ചവടത്തിനിറങ്ങാൻ 2020-ൽ അവർ തീരുമാനിച്ചു. ഒരാഴ്ച അവർ എല്ലാ ദിവസവും, ഒരു പ്രാദേശിക ബോട്ടുടമയിൽനിന്ന് 2,000 രൂപയ്ക്കുള്ള മത്സ്യം ‘കട’മായി എടുക്കാൻ തുടങ്ങി. കൂടുതൽ അദ്ധ്വാനം ആവശ്യമായിരുന്നു. രാവിലെ 3 മണിക്ക് ഹാർബറിലെത്തി, മത്സ്യം വാങ്ങി, ഉണക്കി, വിറ്റ് വൈകീട്ട് 8 മണിയോടെ വീട്ടിലേക്ക് മടങ്ങും. രണ്ടുവർഷത്തെ കാ‍ലാവധിക്ക്, ഒരു വനിത സ്വയംസഹായസംഘത്തിൽനിന്ന് (എസ്.എച്ച്.ജി) 40 ശതമാനം വാർഷികപ്പലിശയ്ക്കവർ 30,000 രൂപ വായ്പയെടുത്തു. എസ്.എച്ച്.ജി.യുടെ പലിശ കൂടുതലായിരുന്നുവെങ്കിലും സ്വകാര്യ പണമിടപാടുകാരേക്കാൾ കുറവായിരുന്നു.

മത്സ്യമുണക്കാൻ സ്ഥലം നൽകിയ കുപ്പമാണിക്കവുമായി പതുക്കെ അഭിപ്രായവ്യത്യാസങ്ങൾ തുടങ്ങി. “സാമ്പത്തികമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. എന്നെ എത്ര സഹായിച്ചുവെന്നൊക്കെ ഇടയ്ക്കിടയ്ക്ക് എന്നെ അയാൾ ഓർമ്മിപ്പിക്കാൻ തുടങ്ങി”, അവർ പറയുന്നു. ഉണക്കാനുള്ള മത്സ്യം ശേഖരിച്ചുവെക്കാൻ സ്വന്തമായി ഒരു ഷെഡ്ഡ് 1,000 രൂപ മാസവാടകയ്ക്കെടുക്കാൻ അവർ തീരുമാനിച്ചു.

Visalatchi brings a box  (left) from her shed to collect the dried fish. Resting with two hired labourers (right) after lunch. After the Tamil Nadu government enforced a ban on ring seine fishing in 2020, her earnings declined steeply and she had to let go her workers
PHOTO • M. Palani Kumar
Visalatchi brings a box  (left) from her shed to collect the dried fish. Resting with two hired labourers (right) after lunch. After the Tamil Nadu government enforced a ban on ring seine fishing in 2020, her earnings declined steeply and she had to let go her workers
PHOTO • M. Palani Kumar

ഉണക്കിയ മത്സ്യം ശേഖരിക്കാൻ ഷെഡ്ഡിൽനിന്ന് വിശാലാക്ഷി ഒരു കൊട്ട (ഇടത്ത്) കൊണ്ടുവരുന്നു. വാടകയ്ക്കെടുത്ത രണ്ട് തൊഴിലാളികളോടൊപ്പം (വലത്ത്) ഉച്ചയൂണിനുശേഷം വിശ്രമിക്കുന്നു, 2020-ൽ തമിഴ്നാട് സർക്കാർ റിംഗ് സീൻ ഫിഷിംഗിന് നിരോധനമേർപ്പെടുത്തിയതോടെ, അവരുടെ വരുമാനം ക്ഷയിക്കുകയും തൊഴിലാളികളെ പറഞ്ഞയക്കേണ്ടിവരികയും ചെയ്തു

Visalatchi and her husband Sakthivel (standing) and a worker cleaning and drying fish
PHOTO • M. Palani Kumar
As evening approaches, Sakthivel collects the drying fish
PHOTO • M. Palani Kumar

ഇടത്ത്: വിശാലാക്ഷിയും ഭർത്താവ് ശക്തിവേലും (നിൽക്കുന്നത്) ഒരു തൊഴിലാളിയും ചേർന്ന് മത്സ്യമുണക്കുന്നു. വലത്ത്: വൈകുന്നേരമാവുന്നതോടെ, ശക്തിവേൽ ഉണങ്ങിയ മത്സ്യം ശേഖരിക്കുന്നു

സ്വയം പര്യാപ്തതയും സംരംഭകത്വവും കാണിക്കുന്നതിന് ചുറ്റുമുള്ളവരിൽനിന്ന് ഇടയ്ക്കിടയ്ക്ക് വിശാലാക്ഷി ചീത്ത കേൾക്കാറുണ്ട്. ഗൂഡല്ലൂരിൽ, ഏറ്റവും പിന്നാക്ക വിഭാഗക്കാരായ (എം.ബി.സി - മോസ്റ്റ് ബാക്ൿവേഡ് കമ്മ്യൂണിറ്റി) പട്ടണവർ, പർവതരാജകുലം സമുദായങ്ങൾക്കാണ് മത്സ്യവ്യാപാരത്തിൽ അധീശത്വമുള്ളത്. വിശാലാക്ഷിയാവട്ടെ, ദളിത് സമുദായക്കാരിയാണ്. “ഹാർബറിൽ ജോലി ചെയ്യാനും കച്ചവടം നടത്താനും അനുവദിക്കുന്നതിലൂടെ എനിക്കെന്തോ വലിയ സൌജന്യം ചെയ്തുതരികയാണെന്നാണ് മത്സ്യസമുദായങ്ങളുടെ ഭാവം. അവർ എന്നെ വായിൽത്തോന്നിയതൊക്കെ പറയും. അത് വേദനിപ്പിക്കാറുണ്ട്”, അവർ പറയുന്നു.

മത്സ്യമുണക്കുന്ന കച്ചവടം ഒറ്റയ്ക്കാണ് തുടങ്ങിയതെങ്കിലും ഭർത്താവ് അവരെ സഹായിക്കാൻ തുടങ്ങിയിട്ടുണ്ട്. കച്ചവടം വളർന്നപ്പോൾ വിശാലാക്ഷി രണ്ട് സ്ത്രീത്തൊഴിലാളികളെ ദിവസക്കൂലിക്ക് വെച്ചു. 300 രൂപയും ഉച്ചയൂണും ചായയും കൊടുക്കും അവർക്ക്. മത്സ്യം പാക്ക് ചെയ്ത്, ഉണക്കാനിടുന്ന പണിയാണ് അവർക്കുള്ളത്. മത്സ്യത്തിൽ ഉപ്പിടാനും മറ്റ് ചെറിയ ജോലികൾക്കുമായി, പ്രതിദിനം 300 രൂപയ്ക്ക് ഒരു പയ്യനേയും അവർ നിയമിച്ചിട്ടുണ്ട്

റിംഗ് സീൻ മത്സ്യബന്ധനക്കാരിൽനിന്ന് മത്സ്യം വലിയ തോതിൽ ലഭിക്കാൻ തുടങ്ങിയതോടെ, ആഴ്ചയിൽ 8,000 മുതൽ 10,000 രൂപവരെ സമ്പാദിക്കാൻ തുടങ്ങി വിശാലാക്ഷി.

ചെറിയ മകൾ സൌമ്യയെ ഒരു നഴ്സിംഗ് കോഴ്സിന് ചേർക്കാനും, മൂത്തവൾ ശാലിനിയെ ഒരു കെമിസ്ട്രി ബിരുദധാരിയാക്കാനും അവർക്ക് കഴിഞ്ഞു. അവർ രണ്ടുപേരുടെ വിവാഹം നടത്താൻ സഹായിച്ചതും ഇതേ ജോലിയാണ്.

*****

റിംഗ് സീൻ ഫിഷിംഗിൽനിന്ന് വിശാലാക്ഷിയും മറ്റും നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിലും, ഈ രീതിമൂലം, മത്സ്യങ്ങളുടെ അളവ് കുറയുന്നുവെന്ന് പരിസ്ഥിതിവാദികളും ശാസ്ത്രജ്ഞരും ആരോപിക്കുന്നു. അതുകൊണ്ട്, ഈ രീതിയെ നിരോധിക്കാൻ ദീർഘകാലം പോരാട്ടങ്ങൾ നടന്നിട്ടുണ്ട്. റിംഗ് സീൻ അടക്കമുള്ള പഴ്സ് സീൻ മത്സ്യബന്ധനവലകൾ 2000 മുതൽ നിരോധിക്കപ്പെട്ടുവെങ്കിലും, 2020-ൽ തമിഴ് നാട് സർക്കാരിന്റെ നിരോധനം വരുന്നതുവരെ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. 2020 -ലെ നിയമത്തിലൂടെയാണ് മത്സ്യബന്ധനത്തിന് വലിയ വലകൾ ഉപയോഗിക്കുന്ന രീതി പാടെ നിരോധിച്ചത്.

Visalatchi placing the salted fish in a box to be taken to the drying area
PHOTO • M. Palani Kumar

ഉണക്കാനുള്ള സ്ഥലത്തേക്ക് കൊണ്ടുപോകാനായി ഉപ്പ് പുരട്ടിയ മത്സ്യം പെട്ടിയിലാക്കുന്ന വിശാലാക്ഷി

A boy helping Visalatchi to salt the fish
PHOTO • M. Palani Kumar

മത്സ്യത്തിൽ ഉപ്പിടാൻ വിശാ‍ലാക്ഷിയെ സഹായിക്കുന്ന ആൺകുട്ടി


“ഞങ്ങളെല്ലാം നന്നായി സമ്പാദിച്ചിരുന്നു. എന്നാലിന്ന് എങ്ങിനെയൊക്കെയോ ജീവിച്ചുപോവുന്നു എന്നുമാത്രം. അന്നന്നത്തേക്കുള്ള ഭക്ഷണത്തിനുള്ളത് കിട്ടുന്നുവെന്ന് മാത്രം”, തന്റെ മാത്രമല്ല, നിരോധനംമൂലം മത്സ്യബന്ധന സമൂഹത്തിന് ആകമാനം സംഭവിച്ച നഷ്ടത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് വിശാലാക്ഷി പറയുന്നു. റിംഗ് സീൻ ബോട്ടുടമകളിൽനിന്ന് ഇപ്പോൾ അവർക്ക് മത്സ്യം വാങ്ങാൻ പറ്റുന്നില്ല. കേടുവന്നതും ബാക്കിയായതുമായ മത്സ്യം മാത്രമാണ് കുറഞ്ഞ വിലയ്ക്ക് അവരിൽനിന്ന് കിട്ടുന്നത്.

കൂടിയ വിലയ്ക്ക് മത്സ്യം വിൽക്കുന്ന ട്രോളർ ബോട്ടുകളിൽനിന്നാണ് ഇപ്പോൾ അവർ മത്സ്യം വാങ്ങുന്നത്. ഏപ്രിൽ - ജൂൺ മാസങ്ങളിൽ മത്സ്യങ്ങളുടെ പ്രജനന കാലത്ത് അവ പ്രവർത്തനം നിർത്തുമ്പോൾ, കൂടുതൽ വിലകൊടുത്ത് മത്സ്യങ്ങൾ വിൽക്കുന്ന ഫൈബർ ബോട്ടുകളെ അവർക്ക് ആശ്രയിക്കേണ്ടിവരുന്നു.

സീസൺ നല്ലതും മത്സ്യം സുലഭവുമായാൽ, ആഴ്ചയിൽ 4,000 – 5,000-ത്തിനുമിടയിൽ രൂപ സമ്പാദിക്കാൻ അവർക്ക് കഴിയും. വിലകുറഞ്ഞ ആവോലിയും പാറൈയും ഉണക്കുന്ന ജോലിയും ഇതിലുൾപ്പെടുന്നു. ഉണക്കിയ ആവോലിക്ക് കിലോഗ്രാമിന് 150-200 രൂപ കിട്ടുമ്പോൾ പാറൈയ്ക്ക് 200-300 രൂപവരെ കിട്ടും. ഒരു കിലോഗ്രാം ഉണക്കമത്സ്യം കിട്ടാൻ വിശാലാക്ഷിക്ക് 3-4 കിലോഗ്രാം പച്ച മത്സ്യം ആവശ്യമാണ്. പച്ച ആവോലിയുടേയും പാറൈയുടേയും വില യഥാക്രമം 30-നും 70-നുമിടയിൽ രൂപയാണ്.

“120 രൂപയ്ക്ക് ഞങ്ങൾ വാങ്ങുന്നത് 150 രൂപയ്ക്ക് വിൽക്കാൻ സാധിക്കും. പക്ഷേ കമ്പോളത്തിൽ എത്ര ഉണക്കമത്സ്യം വരുന്നുണ്ടെന്നതിനെ ആശ്രയിച്ചിരിക്കും അത്. ചില ദിവസങ്ങളിൽ ഞങ്ങൾക്ക് സമ്പാദിക്കാൻ പറ്റും. ചിലപ്പോൾ നഷ്ടവും”, തന്റെ അവസ്ഥ വിലയിരുത്തിക്കൊണ്ട് അവർ പറയുന്നു.

ആഴ്ചയിലൊരിക്കൽ ഒരു വാഹനം വാടകയ്ക്കെടുത്ത് രണ്ട് ഉണക്കമീൻ മാർക്കറ്റുകളിലേക്ക് മത്സ്യം കൊണ്ടുപോവും. ഗൂഡല്ലൂരിലും നാഗപട്ടിണം ജില്ലയിലുമുള്ള ഓരോ മാർക്കറ്റുകളിൽ. കഷ്ടി 30 കിലോഗ്രാം വരുന്ന ഉണക്കമീനിന്റെ ഒരു പെട്ടി കൊണ്ടുപോകാൻ 20 രൂപ വേണം. മാസത്തിൽ 20 പെട്ടിയെങ്കിലും ഉണ്ടാക്കാൻ അവർ ശ്രമിക്കും.

Visalatchi at home, relaxing at the end of a long day. Her leisure time though is limited with longer working hours
PHOTO • M. Palani Kumar
Visalatchi at home, relaxing at the end of a long day. Her leisure time though is limited with longer working hours
PHOTO • M. Palani Kumar

ദീർഘമായ ഒരു ദിവസത്തിനുശേഷം വിശാലാക്ഷി വിശ്രമിക്കുന്നു. ജോലിസമയവുമായി തട്ടിച്ചുനോക്കിയാൽ വിശ്രമസമയം വളരെ കുറവാണ്

Visalatchi and Sakthivel standing outside their home (right). Sakthivel has been helping her with the business. Visalatchi is happy that  she could educate and pay for the marriages of her two daughters. However, she now faces mounting debts
PHOTO • M. Palani Kumar
PHOTO • M. Palani Kumar

തങ്ങളുടെ വീടിന് (വലത്ത്) പുറത്ത് നിൽക്കുന്ന വിശാലാക്ഷിയും ശക്തിവേലും. വിശാലാക്ഷിയുടെ കച്ചവടത്തിൽ ശക്തിവേലുവും സഹായിക്കുന്നുണ്ട്. തന്റെ രണ്ട് പെണ്മക്കളെ വിദ്യാഭ്യാസം ചെയ്യിക്കാനും വിവാഹം കഴിച്ചയപ്പിക്കാനും സാധിച്ചു എന്നതിൽ അവർ സന്തോഷവതിയാണ്. എന്നാലിപ്പോൾ അവർക്ക് ഭീമമായ കടബാധ്യതയുണ്ട്

റിംഗ് സീൻ ഫിഷിംഗ് നിരോധിച്ചതിലൂടെ മത്സ്യത്തിന്റെ വില ഉയർന്നതും, ഉപ്പിന്റെ വിലവർദ്ധനയും, ഉണക്കമത്സ്യം കൊണ്ടുപോകാനുള്ള ബാഗിന്റേയും ഗതാഗതത്തിന്റേയും ചിലവുകളും എല്ലാം അവരുടെ ചിലവ് വർദ്ധിപ്പിച്ചിരിക്കുന്നു. പോരാത്തതിന്, 300 രൂപ കൊടുത്തിരുന്ന സ്ഥാനത്ത് ഇപ്പോളവർ തൊഴിലാളികൾക്ക് 350 രൂപയാണ് ശമ്പളം കൊടുക്കുന്നത്.

എന്നാൽ, ഉണക്കമത്സ്യത്തിന്റെ വില അതിനനുസരിച്ച് ഉയർന്നിട്ടുമില്ല. 2022 ഏപ്രിലോടെ, 80,000 രൂപ കടബാധ്യതയായി വിശാലാക്ഷിക്ക്. 60,000 രൂപ വായ്പയെടുത്ത്, പച്ചമത്സ്യം കിട്ടാൻ ഒരു ബോട്ടുടമയ്ക്ക് കൊടുത്തതും, ഒരു സ്വയംസഹായ ഗ്രൂപ്പിൽനിന്ന് എടുത്ത വായ്പയും അതിൽ‌പ്പെടുന്നു.

ഓഗസ്റ്റ് 2022-ഓടെ, തൊഴിലാളികളെ ഒഴിവാക്കി കച്ചവടം അല്പം പരിമിതപ്പെടുത്തേണ്ടിവന്നു വിശാലാക്ഷിക്ക്. “ഞാൻ‌തന്നെയാണ് ഇപ്പോൾ മത്സ്യത്തിൽ മീൻ പുരട്ടുന്നത്. ഇടയ്ക്ക് ആരെയെങ്കിലും സഹായത്തിന് വിളിച്ച്, ഞാനും ഭർത്താവും കൂടി കച്ചവടം നടത്തിപ്പോകുന്നു. ദിവസം ഒരു നാലുമണിക്കൂർ മാത്രമേ വിശ്രമിക്കാനാവൂ”, അവർ പറയുന്നു.

26 വയസ്സുള്ള ശാലിനിയുടേയും 23 വയസ്സുള്ള സൌ‌മ്യയുടേയും വിദ്യാഭ്യാസവും വിവാഹവും ഭംഗിയായി നടത്താൻ കഴിഞ്ഞു എന്നതാണ് അവരുടെ ഒരേയൊരു ആശ്വാസം. എന്നാൽ ഈയിടെയായി വരുമാനത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടങ്ങളിൽ അവർ ആശങ്കാകുലയാണ്.

“ഇപ്പോൾ ഒരു പ്രതിസന്ധിയുണ്ട്. ഞാൻ വലിയ കടത്തിലുമാണ്, അവർ പറയുന്നു.

2023 ജനുവരിയിൽ, പരിമിതമായ രീതിയിലും ചില നിബന്ധനകളുടെ അടിസ്ഥാനത്തിലും പഴ്സ് സീൻ മത്സ്യബന്ധനം അനുവദിച്ചുകൊണ്ട് ഒരാശ്വാസവിധി സുപ്രീം കോടതിയിൽനിന്ന് വന്നിട്ടുണ്ട്. തന്റെ വരുമാനം വർദ്ധിക്കാൻ ഇത് സഹായിക്കുമെന്ന് വിശാലാക്ഷിക്ക് ഉറപ്പില്ല.

ഗൂഡല്ലൂർ ഫിഷിംഗ് ഹാർബറിൽ സ്ത്രീകൾ വ്യത്യസ്ത തൊഴിലുകളെടുക്കുന്നു എന്ന വീഡിയോ കാണുക.

യു. ധിവ്യാഉതിരന്റെ പിന്തുണയോടെ

പരിഭാഷ: രാജീവ് ചേലനാട്ട്

Text : Nitya Rao

ನಿತ್ಯಾ ರಾವ್ ಅವರು, ಜೆಂಡರ್ ಎಂಡ್ ಡೆವಲಪ್ಮೆಂಟ್, ಯೂನಿವರ್ಸಿಟಿ ಆಫ್ ಈಸ್ಟ್ ಆಂಗ್ಲಿಯಾ, ನಾರ್ವಿಚ್, ಯುಕೆಯ ಪ್ರೊಫೆಸರ್ ಆಗಿದ್ದು. ಕಳೆದ ಮೂರು ದಶಕಗಳಿಂದ ಮಹಿಳಾ ಹಕ್ಕುಗಳು, ಉದ್ಯೋಗ ಮತ್ತು ಶಿಕ್ಷಣ ಕ್ಷೇತ್ರದಲ್ಲಿ ಸಂಶೋಧಕರಾಗಿ, ಶಿಕ್ಷಕಿಯಾಗಿ ಮತ್ತು ವಕೀಲರಾಗಿ ವ್ಯಾಪಕವಾಗಿ ಕೆಲಸ ಮಾಡಿದ್ದಾರೆ.

Other stories by Nitya Rao
Photographs : M. Palani Kumar

ಪಳನಿ ಕುಮಾರ್ ಅವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಸ್ಟಾಫ್ ಫೋಟೋಗ್ರಾಫರ್. ದುಡಿಯುವ ವರ್ಗದ ಮಹಿಳೆಯರು ಮತ್ತು ಅಂಚಿನಲ್ಲಿರುವ ಜನರ ಬದುಕನ್ನು ದಾಖಲಿಸುವುದರಲ್ಲಿ ಅವರಿಗೆ ಆಸಕ್ತಿ. ಪಳನಿ 2021ರಲ್ಲಿ ಆಂಪ್ಲಿಫೈ ಅನುದಾನವನ್ನು ಮತ್ತು 2020ರಲ್ಲಿ ಸಮ್ಯಕ್ ದೃಷ್ಟಿ ಮತ್ತು ಫೋಟೋ ದಕ್ಷಿಣ ಏಷ್ಯಾ ಅನುದಾನವನ್ನು ಪಡೆದಿದ್ದಾರೆ. ಅವರು 2022ರಲ್ಲಿ ಮೊದಲ ದಯನಿತಾ ಸಿಂಗ್-ಪರಿ ಡಾಕ್ಯುಮೆಂಟರಿ ಫೋಟೋಗ್ರಫಿ ಪ್ರಶಸ್ತಿಯನ್ನು ಪಡೆದರು. ಪಳನಿ ತಮಿಳುನಾಡಿನ ಮ್ಯಾನ್ಯುವಲ್‌ ಸ್ಕ್ಯಾವೆಂಜಿಗ್‌ ಪದ್ಧತಿ ಕುರಿತು ಜಗತ್ತಿಗೆ ತಿಳಿಸಿ ಹೇಳಿದ "ಕಕ್ಕೂಸ್‌" ಎನ್ನುವ ತಮಿಳು ಸಾಕ್ಷ್ಯಚಿತ್ರಕ್ಕೆ ಛಾಯಾಗ್ರಾಹಕರಾಗಿ ಕೆಲಸ ಮಾಡಿದ್ದಾರೆ.

Other stories by M. Palani Kumar
Editor : Urvashi Sarkar

ಇಂಡಿಪೆಂಡೆಂಟ್ ಜರ್ನಲಿಸ್ಟ್ ಆಗಿರುವ ಊರ್ವಶಿ ಸರ್ಕಾರ್ 2016 ರ ಪರಿ ಫೆಲೋ ಕೂಡ ಹೌದು.

Other stories by Urvashi Sarkar
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat