'മീനുകളൊക്കെ തീർന്നു,' മുറിഞ്ഞ ബംഗാളിയിൽ, പുഞ്ചിരിച്ചുകൊണ്ട് മുരളി പറഞ്ഞു. “എല്ലാം മാറിയിരിക്കുന്നു”വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ ജൽധ ഗ്രാമത്തിനടുത്തുള്ള രാംനഗർ മത്സ്യ മാർക്കറ്റിൽവെച്ചാണ് കണ്ടുമുട്ടിയത്. ബംഗാൾ ഉൾക്കടലിലെ മത്സ്യങ്ങൾ അപ്രത്യക്ഷമാകുന്നത് അന്നേ മുരളിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

സമുദ്രത്തിന്റെ നടുവിലുള്ള ഒരു 'കാലോ ജോനെ'ക്കുറിച്ച് അദ്ദേഹം പറഞ്ഞു. 2017-ൽ, ശാസ്ത്രജ്ഞർ, ഏകദേശം 60,000 ചതുരശ്ര കിലോമീറ്ററിൽ ഈ സമുദ്രത്തിൽ രൂപപ്പെട്ടുവരുന്ന ഒരു ചാവ് പ്രദേശത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. തുച്ഛമായ അളവിലുള്ള ഓക്‌സിജനും കുറഞ്ഞുവരുന്ന നൈട്രജൻന്റെ അളവും സമുദ്രജീവികളുടെ സാന്നിധ്യം ഇവിടെ ഇല്ലാതാക്കുന്നു. ഇത് സ്വാഭാവികപ്രക്രിയകളുടെയും മനുഷ്യ ഇടപെടലുകളുടെയും ഫലമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ബെസ്ത മത്സ്യത്തൊഴിലാളിസമുദായത്തിൽപ്പെട്ട മുരളി (അവസാന പേര് ലഭ്യമല്ല) ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ ഗോവുണ്ഡപാളം ഗ്രാമത്തിലാണ് (സെൻസസിൽ ഗുണ്ട്‌ലപ്പാളം) വളർന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി, ഒക്ടോബർ-മാർച്ചിലെ മത്സ്യബന്ധനസമയത്ത് അദ്ദേഹം ബംഗാൾ ഉൾക്കടൽതീരത്തുള്ള പുർബ മേദിനിപൂർ ജില്ലയിലെ രാംനഗർ ബ്ലോക്കിലെ ജല്ധ ഗ്രാമത്തിലേക്ക് യാത്ര ചെയ്യുന്നു. വർഷങ്ങൾകൊണ്ട് അദ്ദേഹം കുറച്ച് ബംഗാളി ഭാഷ പഠിച്ചെടുത്തു. ഹിന്ദിയും ഇംഗ്ലീഷും ഇടകലർത്തിയാണ് അദ്ദേഹം സംസാരിക്കുന്നത്.

ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്കൻ തീരങ്ങളിലെ തുറമുഖങ്ങളിലെല്ലാം തനിക്ക് കുടുംബവും സുഹൃത്തുക്കളും ഉണ്ടെന്ന് 40 വയസ്സുള്ള മുരളി അഭിമാനിക്കുന്നു. “ജാഫ്‌നാ മുതൽ ജംബുദ്വീപുവരെ എല്ലാവരും എന്റെ കുടുംബമാണ്”, അദ്ദേഹം സന്തോഷത്തോടെ വീമ്പിളക്കി. അദ്ദേഹം എന്നോട് കൂടുതൽ വിശദാംശങ്ങൾ പങ്കുവെച്ചില്ലെങ്കിലും തന്റെ സുഹൃത്ത് സ്വപൻ ദാസിനെ “ഇവൻ എന്റെ സഹോദരനാണ്” എന്നുപറഞ്ഞ് പരിചയപ്പെടുത്തിത്തന്നു,

Murali
PHOTO • Neha Simlai
An owner-captain of a modified fishing boat, Sobahan Shordaar guides his boat FB Manikjaan through the waters of coastal Bangladesh
PHOTO • Neha Simlai

2000-ത്തിന്റെ തുടക്കംമുതൽ ഇവിടെ ജോലി ചെയ്യുന്നത് ബുദ്ധിമുട്ടായി മാറിയെന്ന് മുരളി (ഇടത്) പറയുന്നു. അദ്ദേഹവും മറ്റുള്ളവരും സോബഹൻ ഷോർദാറിന്റെ ഉടമസ്ഥതയിലുള്ള ഇതുപോലെയുള്ള മത്സ്യബന്ധന ബോട്ടിൽ (വലത്) സീസൺ അനുസരിച്ച് ജോലി തേടുന്നു

35-കാരനായ സ്വപനും ധാരാളം സഞ്ചരിച്ചിട്ടുള്ള ആളാണ്. ഈ മാർക്കറ്റിലെ മറ്റനേകമാളുകളെപ്പോലെ ഇവരും കുടിയേറ്റക്കാരാണ്. ദിവസക്കൂലിക്കും ഭക്ഷണത്തിനുമായി മത്സ്യബന്ധനബോട്ടുകളിൽ ജോലിയെടുക്കുകയാണ് ഇവർ. ഒക്ടോബർ-മാർച്ച് മാസങ്ങളിൽ പ്രതിമാസം 3,000 രൂപ മുതൽ 10,000 രൂപ വരെ സമ്പാദിക്കാറുണ്ട്. മത്സ്യത്തിന്റെ ലഭ്യതയനുസരിച്ച്.

ഞങ്ങൾ മൂവരും സാവധാനം സൗത്ത് ട്വന്റി-ഫോർ പർഗാനാസ് ജില്ലയിലെ അബ്ജഖാലി ഗ്രാമത്തിലേക്ക് നീങ്ങി. ആദ്യം ഒരു ബസിലും പിന്നീട് ബോട്ടിലുമായ് യാത്ര ചെയ്ത് ജംബുദ്വിപിലെത്തി (സെൻസസിൽ ജമ്മു ദ്വീപ്) ഞങ്ങൾ അബ്ജഖാലിയിലെ മത്സ്യബന്ധനവും പ്രശസ്തമായ ചുവന്ന ഞണ്ടുകളെയും കാണാനാണ് ഞങ്ങൾ പോകുന്നത്. സാഗർ ദ്വീപും ഫ്രേസർഗഞ്ചും ചേർന്നുള്ള ജംബുദ്വീപിൽ വർഷത്തിൽ പകുതിയും ജനവാസമുണ്ടാവാറില്ല. പിന്നീട് ഒക്ടോബർ മുതൽ മാർച്ച് വരെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന മത്സ്യബന്ധന ക്യാമ്പായി ഇത് മാറുന്നു. വീട്ടിലേക്ക് എപ്പോൾ മടങ്ങുമെന്ന് ഞാൻ സ്വപനോട് ചോദിച്ചപ്പോൾ അവൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു 'ഇതാണ് എന്റെ വീട്'.

ഈ സീസണൽ മത്സ്യബന്ധനപ്രവർത്തനവും മത്സ്യത്തൊഴിലാളികളുടെ താൽക്കാലിക ഭവനങ്ങളും പ്രാദേശികമായി സബർ എന്നറിയപ്പെടുന്നു. വളരെക്കാലമായി, മത്സ്യത്തൊഴിലാളികൾ ജംബുദ്വീപ് പോലുള്ള താഴ്ന്ന ദ്വീപുകളിൽ താൽക്കാലിക ഗ്രാമങ്ങൾ സ്ഥാപിച്ച് താമസിച്ചുവരുന്നു. ഈ മത്സ്യബന്ധനഗ്രാമങ്ങളിൽ ഓരോന്നും നിരവധി യൂണിറ്റുകൾ ചേർന്നതാണ്. 1 മുതൽ 10 മത്സ്യബന്ധനബോട്ടുകളുടെവരെ ഉത്തരവാദിത്തമുള്ള ഒരു 'ഉടമ'യുണ്ടായിരിക്കും ഓരോ യൂണിറ്റിലും. ഏത് നാട്ടുകാരാണെന്ന വിവേചനമില്ലാതെത്തന്നെ എല്ലാ മൽസ്യത്തൊഴിലാളികളും പരസ്പരം പരിചയക്കാരാണ്. ബോട്ടിൽ പണിയെടുക്കാനും ശൈത്യകാലത്ത് മത്സ്യം ഉണക്കാനുമായി മിക്കപ്പോഴും പലരും സ്വന്തം കുടുംബത്തോടൊപ്പംതന്നെ ഇവിടെയെത്താറുണ്ട്.

എന്നിരുന്നാലും, കർശനമായ അതിർത്തിനിയന്ത്രണംമൂലം 2000-കളുടെ തുടക്കം മുതൽ  കുറച്ചുനാളത്തേക്കായാൽ‌പ്പോലും ഇവിടെ താമസിക്കാൻ പലർക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് മുരളിയും സ്വപനും പറഞ്ഞു. “ബോട്ടുകളിലെ ജോലി ഇനിയത്ര എളുപ്പവുമല്ല'.'' മത്സ്യശേഖരം കുറഞ്ഞുവരികയും ചെയ്യുന്നു, ഇപ്പോൾ കൂടുതൽ പോലീസുകാരുമുണ്ട് [പട്രോളിംഗ്] അതിനാൽ തൊഴിൽ ഏതാണ്ട് അവസാനിച്ച മട്ടാണ്.'' മുരളി പറഞ്ഞു.

Fishing boats engaged in sabar near Jambudwip
PHOTO • Neha Simlai
The Indian Sundarbans
PHOTO • Neha Simlai

ഇടത്: ജംബുദ്വീപ് പോലുള്ള ദ്വീപുകളിൽ മത്സ്യത്തൊഴിലാളികൾ താത്കാലിക ഗ്രാമങ്ങൾ സ്ഥാപിച്ചിരിക്കുന്നു. വലത്: എന്നാൽ ഒരുകാലത്ത് സാധാരണമായിരുന്ന മത്സ്യങ്ങൾ ഇന്ന് സുന്ദർബനിൽ അപ്രത്യക്ഷമാ വുകയാണ്

ചാവുനിലത്തിന്റെ വ്യാപിതിയും, മത്സ്യങ്ങളുടെ പ്രജനനക്കുറവിനു പുറമേ ചൈനീസ്, സിംഗപ്പൂർ, എന്നിവിടങ്ങളിൽനിന്ന് വരുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള മറ്റ് ട്രോളറുകളുമായി മത്സരിക്കാനും നന്നേ ബുദ്ധിമുട്ടുകയാണ് മുരളിയും മറ്റ് മത്സ്യത്തൊഴിലാളികളും. 1990-കളുടെ അവസാനം മുതൽ കടലിലെ മത്സ്യബന്ധനത്തിന്റെ വാണിജ്യവത്ക്കരണം വർദ്ധിച്ചുവന്നതോടെ, മത്സ്യബന്ധനത്തിന്റെ നിരക്കും ക്രമാനുഗതമായി കുറഞ്ഞു. ഇന്ധനവില വർധിച്ചതിനാൽ ചെറുവള്ളങ്ങൾ പ്രവർത്തിപ്പിക്കാനും ചെലവ് കൂടും. ''എല്ലാം മാറിക്കൊണ്ടിരിക്കുന്നു കടൽ, മത്സ്യം, ഞങ്ങളുടെ ജോലി... എല്ലാം,'' മുരളി പറഞ്ഞു.

വിദേശ ട്രോളറുകൾ വന്ന് കടലിൽ അനിയന്ത്രിതമായി വലയിടാൻ തുടങ്ങിയതായി സ്വപൻ പറഞ്ഞു. ഇതിനെത്തുടർന്ന് ചില ഇനം കടൽമത്സ്യങ്ങളെ കണ്ടെത്തുന്നത് ഇപ്പോൾ ബുദ്ധിമുട്ടായിരിക്കുന്നുവെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. സുന്ദർബനുകളിൽ ഒരുകാലത്ത് സുലഭമായിരുന്ന ശുദ്ധജലമത്സ്യങ്ങളായ ചപ്പില, മോള, കജ്ലി, ബറ്റാസി തുടങ്ങിയ ശുദ്ധജല മത്സ്യങ്ങളും അതിവേഗം അപ്രത്യക്ഷമാവുകയാണ്.

അക്വാട്ടിക് ഇക്കോസിസ്റ്റം ഹെൽത്ത് ആൻഡ് മാനേജ്മെന്റ് ജേർണലിലെ ഒരു പ്രബന്ധത്തിലെ പഠനമനുസരിച്ച് ഗംഗാ-ബ്രഹ്‌മപുത്ര ഡെൽറ്റയിലെ അക്വാകൾച്ചറിന് ഉപയോഗിക്കുന്ന നദികളുടെയും തടാകങ്ങളുടെയും ഏറ്റവും കുറഞ്ഞ താപനിലയിൽ 0.5 മുതൽ 1.4 ഡിഗ്രി സെൽഷ്യസ് വരെ വർദ്ധനവുണ്ടായിട്ടുണ്ട്. ഇത് മത്സ്യബന്ധനത്തെ മാത്രമല്ല, മറ്റ് ഉപജീവനമാർഗങ്ങളൊന്നുംതന്നെയില്ലാത്ത മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെയും സാരമായി ബാധിച്ചു. തന്മൂലം മറ്റ് തൊഴിലുകളിലേക്ക് തിരിയാനും ഇതരജോലികൾക്കായിയി മറ്റിടങ്ങളിലേക്ക് കുടിയേറാനും അവർ നിർബന്ധിതരാകുന്നു.

മതങ്ങൾക്ക് ചുറ്റും സംഭവിക്കുന്നത് വിശദീകരിക്കാൻ കാലാവസ്ഥാവ്യതിയാനം എന്ന വലിയ പദമൊന്നും ഈ മത്സ്യത്തൊഴിലാളികൾ ഉപയോഗിച്ചേക്കില്ല പക്ഷേ തങ്ങളുടെ ജീവിതത്തേയും, താമസത്തേയും വരുമാനത്തേയും അത് ബാധിക്കുന്നത് അവർ തിരിച്ചറിയുന്നു. ഈ വർഷം സബർ ലാഭകരമല്ലെന്ന് മുരളി തിരിച്ചറിഞ്ഞു. മീൻ പിടിക്കാൻ മറ്റെവിടെയെങ്കിലും പോകേണ്ടിവരുമെന്ന് അയാൾക്കറിയാം. സ്വപനെ സംബന്ധിച്ചിടത്തോളം, പരമ്പരാഗത മത്സ്യബന്ധനരീതികളിൽ മാത്രമാണ് അയാളുടെ വൈദഗ്ദ്ധ്യം. ഇതിൽനിന്നുള്ള വരുമാനം സമീപഭാവിയിൽത്തന്നെ അവസാനിക്കുമെന്ന് അയാൾക്കറിയാം. മറ്റൊരു സീസൺ ഉണ്ടാകുമെന്നോ അല്ലെങ്കിൽ അടുത്ത വർഷം ഇവിടെ തിരിച്ചെത്താനാവുമോ എന്നൊന്നും അയാൾക്ക് തീർച്ചയുമില്ല.

പരിഭാഷ: അനിറ്റ് ജോസഫ്

Neha Simlai

ನೇಹಾ ಸಿಮ್ಲೈ ದೆಹಲಿ ಮೂಲದ ಸಲಹೆಗಾರರಾಗಿದ್ದಾರೆ, ಅವರು ದಕ್ಷಿಣ ಏಷ್ಯಾದಾದ್ಯಂತ ಪರಿಸರ ಸುಸ್ಥಿರತೆ ಮತ್ತು ಸಂರಕ್ಷಣೆಯಲ್ಲಿ ಕೆಲಸ ಮಾಡುತ್ತಾರೆ.

Other stories by Neha Simlai
Translator : Anit Joseph

Anit Joseph is a freelance journalist based in Kottayam, Kerala.

Other stories by Anit Joseph