“ഹുർ...

“ഹെഹെഹെഹെ...ഹോ...ഹെഹെഹെ...ഹോ”

പെട്ടെന്ന്, പഴത്തോട്ടത്തിന്റെ മുകളിലെ ആകാശത്ത് അസംഖ്യം പക്ഷികൾ പ്രത്യക്ഷമായി. സൂരജ് ഉണ്ടക്കുന്ന ഈ ശബ്ദം കേട്ട്, ആ പറക്കും ജീവികൾ ഭയന്നുപോയി. പിയർ ഫലവൃക്ഷങ്ങളുടെ സൂക്ഷിപ്പുകാരൻ എന്ന നിലയിൽ, വിശന്നുവലഞ്ഞ ആ പക്ഷികളെ ആട്ടിയകറ്റേണ്ടത്, അവന്റെ ജോലിയാണ്. അവയെ ആട്ടിയോടിക്കാനാണ് അവൻ ഈ ശബ്ദം പുറപ്പെടുവിക്കുന്നത്. ഇടയ്ക്ക് ചിലപ്പോൾ കവണകളെടുത്ത് അവയ്ക്കുനേരെ കല്ലുകളും എറിയും.

വടക്കു-പടിഞ്ഞാറൻ പഞ്ചാബിലെ താൺ തരൺ ജില്ലയുടെ അരികിലുള്ള പട്ടി, അവിടുത്തെ പഴത്തോട്ടങ്ങൾക്ക് പുകൾപെറ്റതാണ്. പിയർ, പീച്ച് മരങ്ങൾ പരിപാലിക്കാൻ വർഷം‌തോറും അവിടേക്ക് കുടിയേറ്റത്തൊഴിലാളികൾ എത്തുന്നു. പാകമാവുന്ന പഴങ്ങൾ കൊത്താനും തിന്നാനുമെത്തുന്ന പക്ഷികളെ ആട്ടിയകറ്റുകയാണ് അവരുടെ ജോലി. സൂരജിനെപ്പോലെ, പഴത്തോട്ടങ്ങൾ പരിപാലിക്കുന്ന ഈ തൊഴിലാളികളെ രാഖേസ് എന്നാണ് വിളിക്കുന്നത്.

സൂരജ് ബഹർദാർ പരിപാലിക്കുന്ന, രണ്ടേക്കറോളം വരുന്ന ഈ പഴത്തോട്ടത്തിൽ, ഏതാണ്ട് 144 പിയർ മരങ്ങളുണ്ട്. പിയർ പഴങ്ങൾ വിളയുന്ന ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലത്ത്, അതിനെ പരിപാലിക്കുന്നത് 15 വയസ്സുള്ള സൂരജ് ഒറ്റയ്ക്കാണ്. തോട്ടത്തിന്റെ ഉടമസ്ഥർ അവന് കൊടുക്കുന്ന മാസശമ്പളം, 8,000 രൂപയും.

“മരങ്ങൾ പൂവിടാൻ തുടങ്ങുമ്പോൾ, ഭൂവുടമകൾ തോട്ടങ്ങൾ പാട്ടത്തിന് കൊടുക്കും. പാട്ടത്തിനെടുക്കുന്ന തെക്കേദാറുകൾ രാഖേസിനെ പണിക്ക് വെക്കുകയും ചെയ്യും”, സൂരജ് ഞങ്ങളോട് പറയുന്നു. മിക്ക രാഖേസുകളും ഉത്തർ പ്രദേശ് ബിഹാർ സംസ്ഥാനങ്ങളിൽനിന്നുള്ള കുടിയേറ്റത്തൊഴിലാളികളാണ്.

A pile of rodas (pellets) made from wet clay and a kaman (bow) are the tools of the caretaker's trade.
PHOTO • Kamaljit Kaur
Suraj is aiming with a kaman at birds in the orchard
PHOTO • Kamaljit Kaur

ഇടത്ത്: നനഞ്ഞ ചളികൊണ്ടുണ്ടാക്കിയ കല്ലുകളുടെ കൂമ്പാരവും കവണയുമാണ് (വലത്ത്) തോട്ടങ്ങൾ പരിപാലിക്കുന്നവരുടെ ആയുധങ്ങൾ. വലത്ത്: തോട്ടത്തിലെ പക്ഷികൾക്കുനേരെ കവണ ഉന്നം വെക്കുന്ന സൂരജ്

2,000 കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ബിഹാർ സ്വദേശിയായ സൂരജ് ഈ തൊഴിലന്വേഷിച്ച് ഇവിടെയെത്തിയത്. ബിഹാ‍റിലെ അരാരിയ ജില്ലയിലെ ഗ്രാമമായ ഭഗ്പർവാഹയിൽനിന്ന് തുടങ്ങിയതാണ് അവന്റെ യാത്ര. ആദ്യം, സഹർസ എന്ന വലിയ പട്ടണത്തിലെത്തി, അവിടെനിന്ന് ട്രെയിൻ പിടിച്ച്, 1,732 കിലോമീറ്ററുകൾ താണ്ടി, പഞ്ചാബിലെ അമൃത്‌സറിലേക്ക്. അവനെപ്പോലെയുള്ള തൊഴിലാളികളെ പട്ടിയിലേക്ക് കൊണ്ടുവരാൻ തെക്കേദാറുമാർ ഒരു ബസ് തയ്യാറാക്കിയിരുന്നു. അമൃത്‌സറിൽനിന്ന് അവിടേക്ക് ഒരു മണിക്കൂർ ദൂരമുണ്ട്.

*****

ബിഹാറിലെ തീവ്ര പിന്നാക്കജാതി വിഭാഗത്തിൽ‌പ്പെടുന്ന (ഇ.ബി.സി) ബഹർദാർ സമുദായാംഗമാണ് സൂരജ്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കുടുംബത്തിന്റെ അധ:പ്പതിച്ചുക്കൊണ്ടിരുന്ന സാമ്പത്തികാവസ്ഥമൂലം അവന് സ്കൂൾ പഠനം പാതിവഴിക്ക് നിർത്തേണ്ടിവന്നത്. “വേറെ വഴിയുണ്ടായിരുന്നില്ല. പക്ഷേ നാട്ടിലേക്ക് തിരിച്ചുപോയാൽ, ഈ സമ്പാദ്യംവെച്ച് ഞാൻ സ്കൂളിൽ വീണ്ടും ചേരും”, അവൻ പറയുന്നു.

പഞ്ചാബിലെ മജ്ഝ ക്ഷേത്ര പ്രദേശത്ത് സ്ഥിതിചെയ്യുന്ന പട്ടി, താൺ തരൺ പട്ടണത്തിൽനിന്ന് 22 കിലോമീറ്റർ അകലെയാണ്. പാക്കിസ്താനിലെ ലഹോറിലേക്ക് ഒരു മണിക്കൂർ ദൂരമേയുള്ളു അവിടെനിന്ന്. ഉപരിവർഗ്ഗമായ ജാട്ട് സമുദായത്തിന്റെ കീഴിലാണ് അവിടുത്തെ മിക്ക പഴത്തോട്ടങ്ങളും. പഴത്തോട്ടങ്ങൾക്ക് പുറമേ, കൃഷിയോഗ്യമായ ഭൂമികളും അവരുടെ ഉടമസ്ഥതയിലാണ്.

പിയർ, പീച്ച് തോട്ടങ്ങളിൽനിന്ന് വ്യത്യസ്തമായി, പേരയ്ക്കാത്തോട്ടങ്ങളിൽ, വർഷത്തിൽ രണ്ടുതവണ തൊഴിലാളികളെ ആവശ്യം വരും. ചിലപ്പോൾ തെക്കേദാറുകൾ പ്രദേശവാസികളേയോ, അവിടെത്തന്നെ സ്ഥിരതാമസമാക്കിയ അന്യസംസ്ഥാന തൊഴിലാളികളേയോ ഈ തൊഴിൽ ചെയ്യാൻ നിയോഗിക്കാറുണ്ട്.

ബിഹാറിൽനിന്ന് കുടിയേറുന്ന മിക്ക ജോലിക്കാരും സൂരജിനേക്കാൾ പ്രായമുള്ളവരാണ്. ഈ ചെറിയ പ്രായത്തിൽ പഴത്തോട്ടത്തിൽ ജോലി ചെയ്യുന്ന കുട്ടികൾ വളരെ അപൂർവ്വമാണ്. പക്ഷികളെ ആട്ടിയോടിക്കുന്നതിന് പുറമേ ഭക്ഷണമുണ്ടാക്കലും, തുണിയുണക്കലും മറ്റ് വീട്ടുജോലികളും അവന്റെ ചുമലിലാണ്. ഉടമസ്ഥർ അവരുടെ വീടുകളിലെ പണിക്കും, കടയിൽനിന്നും മറ്റും സാധനങ്ങൾ കൊണ്ടുവരാനും തന്നെ ചുമതലപ്പെടുത്താറുണ്ടെന്ന് സൂരജ് പറയുന്നു. “പഴത്തോട്ടത്തിലെ ജോലിക്ക് പുറമേ ഈ പണികളും ചെയ്യേണ്ടിവരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാനൊരിക്കലും അങ്ങോട്ട് പോവില്ലായിരുന്നു”, വീട്ടിലേക്ക് തിരിച്ചുപോയ സൂരജ് ഞങ്ങളോട് ഫോണിൽ പറയുകയായിരുന്നു.

Suraj's meagre food rations on the table.
PHOTO • Kamaljit Kaur
He is crafting pellets (right) from wet clay
PHOTO • Kamaljit Kaur

ഇടത്ത്: സൂരജിന്റെ ശുഷ്കമായ ഭക്ഷണം. നനഞ്ഞ ചെളിയുപയോഗിച്ച് അവൻ കല്ലുകളുണ്ടാക്കുകയാണ്

ഏപ്രിലിൽ പട്ടിയിലെ ഫലവൃക്ഷങ്ങളിൽ പൂക്കൾ തളിരിടുമ്പോഴാണ് തൊഴിലാളികളുടെ പണി ആരംഭിക്കുക. പഴങ്ങൾ ശേഖരിക്കുന്ന ഓഗസ്റ്റ് കാലംവരെ അത് നീളും. തലയ്ക്ക് മുകളിൽ സ്ഥിരമായ ഒരു മേൽക്കൂരയില്ലാതെ ആ അഞ്ച് മാസവും അവർ കഴിയുന്നു. മരങ്ങൾക്കിടയിൽ മുളകൊണ്ട് കെട്ടിയ ചെറിയ കുടിലുകളിൽ, ടർപോളിന്റെ കൂരയ്ക്ക് താഴെയാണ് അവരുടെ ജീവിതം. വേനൽച്ചൂടും വർഷകാലത്തെ ഈർപ്പവും പാമ്പുകളേയും മറ്റ് ജീവികളേയും ക്ഷണിച്ചുവരുത്തുന്നു. പാമ്പുകളിൽ ചിലത് വിഷമുള്ളതുമാവും.

“സമ്പാദിക്കണമെന്നുള്ള ആഗ്രഹത്തിന്റെ മുമ്പിൽ, ഇഴജീവികളെക്കുറിച്ചുള്ള പേടിയൊന്നും വിലപ്പോവില്ല”, തൊഴിൽ വേണ്ടെന്ന് വെച്ച് വെറും‌കൈയ്യോടെ തിരിച്ചുപോവുക എന്നത് ആലോചിക്കാൻ പോലും പറ്റില്ല”, സൂരജ് പറയുന്നു.

*****

പട്ടിയിലെ ശിംഗാര സിംഗ് ഒരു മൂന്നേക്കർ തോട്ടം പാട്ടത്തിനെടുത്തിട്ടുണ്ട്. അയാളും ഭാര്യ പരംജിത്ത് കൌറും രാക്കേസായി ജോലി ചെയ്യുകയാണ് അവിടെ. 49 വയസ്സുള്ള ശിംഗാര മെഹ്ര സിഖ് സമുദായത്തിൽ‌പ്പെടുന്ന ആളാണ്. പഞ്ചാബിൽ അവർ പിന്നാക്കവിഭാഗത്തിൽ (ബി.സി.) ഉൾപ്പെടുന്നു. “മൊത്തം സ്ഥലത്തിന്റെ വലിപ്പത്തിനുപകരം, വൃക്ഷങ്ങളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി വില നിശ്ചയിച്ചതുമൂലം, വളരെ ചുരുങ്ങിയ വിലയ്ക്കാണ് ഇതിന്റെ ഉടമസ്ഥൻ ഈ തോട്ടം എനിക്ക് തന്നത്”,  ശിംഗാര സിംഗ് പറയുന്നു.

മിക്കവരും, ഒരേക്കറിൽ 55 – 56 പേരയ്ക്കാമരങ്ങളാണ് നടാറുള്ളതെന്ന് അയാൾ പറഞ്ഞു. എന്നാൽ, ഈ തോട്ടത്തിലാകട്ടെ, ആകെ 60 മരങ്ങളേ ഉള്ളൂ. പഴങ്ങൾ ചന്തയിൽ വിറ്റ്, സിംഗ് 50,000 രൂപമുതൽ 55,000 രൂപവരെ സമ്പാദിക്കുന്നു. വരുമാനം വളരെ കുറവായതിനാൽ, ആരെയെങ്കിലും രാഖെയായി ജോലിക്ക് വെക്കാൻ അയാൾക്ക് കഴിയുന്നില്ല.

“അടുത്ത രണ്ടുവർഷം ഈ ഭൂമി ഞങ്ങളുടേതാണ്. തണുപ്പുകാലത്ത്, പേരയ്ക്കക്ക് പുറമേ, ഒഴിവുള്ള സ്ഥലങ്ങളിൽ ഞങ്ങൾ പച്ചക്കറികളും കൃഷി ചെയ്ത്, ചന്തയിൽ കൊണ്ടുപോയി വിൽക്കും. വേനൽക്കാലത്ത്, ഞങ്ങളുടെ സമ്പാദ്യം മുഖ്യമായും തോട്ടത്തിലെ പഴവർഗ്ഗങ്ങളെ മാത്രം ആശ്രയിച്ചാണ്”, സിംഗ് പറയുന്നു.

തോട്ടം നോക്കിനടത്തുന്നതിലെ വെല്ലുവിളികളെക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു. “പക്ഷികളിൽ തത്തയാണ് ഞങ്ങൾക്ക് ഏറ്റവും പ്രശമുണ്ടാക്കുന്നത്. പേരയ്ക്ക അവയുടെ ഇഷ്ടഭക്ഷണമാണ്. പേരയ്ക്ക മുഴുവൻ കഴിക്കുമെങ്കിൽ സാരമില്ലെന്ന് വെക്കാമായിരുന്നു. പക്ഷേ ഇവയ്ക്ക് അതിന്റെ കുരു മാത്രം മതി. ബാക്കിയുള്ളതൊക്കെ അവ കടിച്ച് കഷണങ്ങളായി ഉപേക്ഷിക്കുന്നതാണ് പ്രശ്നം”.

Shingara Singh in his three-acre guava orchard in Patti. Along with fruits, turnip is also cultivated
PHOTO • Kamaljit Kaur
A temporary camp (right) in the orchard
PHOTO • Kamaljit Kaur

ഇടത്ത്: പട്ടിയിലെ തന്റെ മൂന്നേക്കർ പേരയ്ക്കാത്തോട്ടത്തിൽ ശിംഗാര സിംഗ്. പഴങ്ങളോടൊപ്പം, മധുരമുള്ളങ്കിയും കൃഷി ചെയ്യുന്നു. തോട്ടത്തിലെ ഒരു താത്ക്കാലിക കൂര (വലത്ത് )

തത്തകളിൽത്തന്നെ മഹാ തെമ്മാടികളുണ്ടെന്ന് സിംഗ് ചൂണ്ടിക്കാട്ടുന്നു. “അവയിൽ ഒരു അലക്സാണ്ട്രിയൻ ഇനമുണ്ട്. അവയാണ് ഏറ്റവും നാശനഷ്ടമുണ്ടാക്കുന്നത്. ഒരു പറ്റം തത്തകൾ വന്ന് പഴത്തോട്ടത്തിൽ പറന്നിരുന്നാൽ‌പ്പിന്നെ, ആ തോട്ടത്തിൽനിന്ന് ഒന്നും പ്രതീക്ഷിക്കാതിരിക്കുകയാവും ഭേദം”, അത്തരം അവസരങ്ങളിൽ, അവയെ ബഹളം‌വെച്ച് ആട്ടിയോടിക്കുകയോ സൂരജിനെപ്പോലെ കവണകളുപയോഗിച്ച് എറിയുകയോ മാത്രമേ രക്ഷയുള്ളു.

പ്രദേശവാസികൾക്ക് കൊടുക്കുന്നതിനേക്കാൾ കുറഞ്ഞ കൂലിയാണ് സൂരജിനെപ്പോലെയുള്ള കുടിയേറ്റത്തൊഴിലാളികൾക്ക് കൊടുക്കുന്നത്. “യുപി.യിൽനിന്നും ബിഹാറിൽനിന്നുമുള്ള ജോലിക്കാർ കുറഞ്ഞ വേതനത്തിന് തൊഴിലെടുക്കാൻ സമ്മതിക്കുന്നു. അതുകൊണ്ട് കരാറുകാർക്ക് ഇവരെ രജിസ്റ്റർ ചെയ്യേണ്ട ബുദ്ധിമുട്ടും ഒഴിവായിക്കിട്ടും”, ശിംഗാര പറയുന്നു.

2011-ലെ സെൻസസ് പ്രകാരം, ഉത്തർപ്രദേശിൽനിന്നും ബിഹാറിൽനിന്നുമാണ് ഏറ്റവുമധികം ആളുകൾ തൊഴിൽ തേടി കുടിയേറുന്നത്. ചരിത്രപരമായിത്തന്നെ അരികുവത്ക്കരിക്കപ്പെട്ട സമുദായങ്ങളാണ് അവരിൽ അധികവും. അവർ ഫാക്ടറികളിലും, പാടങ്ങളിലും, ഇഷ്ടികക്കളങ്ങളിലും തോട്ടങ്ങളിലും തൊഴിലാളികളായി ജോലിയെടുക്കുന്നു. എത്ര തൊഴിലാളികൾ ഇത്തരം മേഖലകളിൽ ജോലി ചെയ്യുന്നുണ്ടെന്നതിനെക്കുറിച്ച് ഈ സംസ്ഥാനങ്ങളുടെ കൈവശം കൃത്യമായ രേഖകളുമില്ലെന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന കാ‍ര്യം. തൊഴിലാളി സംഘടനകൾക്കോ, തൊഴിലുമായി ബന്ധപ്പെട്ട മറ്റ് സംഘടനകൾക്കോ ആകട്ടെ, വിശദമാ‍യ വിവരങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനങ്ങളുമില്ല.

“കുടിയേറ്റത്തൊഴിലാളികൾ രണ്ട് പ്രതിസന്ധികളാണ് നേരിടുന്നത്. “ഇത്തരം തൊഴിലാളികളെ അവരുടെ തൊഴിൽ‌ദാതാക്കൾക്കൊപ്പം രജിസ്റ്റർ ചെയ്യണമെന്നത് നിർബന്ധമാക്കുന്ന നിയമമാണ് ഇന്റർ സ്റ്റേറ്റ് മൈഗ്രന്റ് വർക്കേഴ്സ് ആക്ട് . ആരും പക്ഷേ ഈ നിയമം അനുസരിക്കുന്നില്ല”, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) സെൻ‌ട്രൽ കമ്മിറ്റി അംഗമായ കൻ‌വൽജിത്ത് സിംഗ് പറഞ്ഞു. “ഇതിന്റെ ഫലമായി, ഇവിടെ ജോലി ചെയ്യാൻ വരുന്നവരെക്കുറിച്ചുള്ള ഒരു സ്ഥിതിവിവരക്കണക്കുകളും ലഭ്യമല്ല. അതുകൊണ്ടുതന്നെ, അവരെ ഉദ്ദേശിച്ചുകൊണ്ടുള്ള ക്ഷേമപദ്ധതികളുടെ ഗുണവും അവർക്ക് ലഭ്യമാവുന്നില്ല”, സിംഗ് ചൂണ്ടിക്കാട്ടുന്നു,

*****

Suraj getting ready to scare birds away with a kaman. He was hoping he could earn enough from this job to get back into school
PHOTO • Kamaljit Kaur

കവണയുമായി പക്ഷികളെ ആട്ടിയോടിക്കാൻ തയ്യാറെടുക്കുന്ന സൂരജ്. സ്കൂൾ പഠനം തുടരാനുള്ള പണം സമ്പാദിക്കാൻ കഴിയുമെന്നായിരുന്നു അവന്റെ പ്രതീക്ഷ

രണ്ടേക്കറോളം വരുന്ന ഈ പഴത്തോട്ടത്തിൽ, ഏതാണ്ട് 144 പിയർ മരങ്ങളുണ്ട്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ നീളുന്ന പഴത്തിന്റെ സീസണിൽ അതിനെ പരിപാലിക്കാൻ 15 വയസ്സുള്ള സൂരജ് മാത്രമേയുള്ളു തോട്ടത്തിന്റെ ഉടമസ്ഥർ അവന് കൊടുക്കുന്ന മാസശമ്പളം, 8,000 രൂപയും

സൂരജിന്റെ നാട്ടിലെ ഗ്രാമത്തിൽ (അരാരിയ ജില്ലയിലെ ഭഗ്പർവഹ ഗ്രാമം) അവന്റെ അച്ഛൻ അനിരുദ്ധ ബഹർദാർ ഗ്രാമമുഖ്യന്റെ സഹായിയായിട്ടാണ് ജോലി ചെയ്യുന്നത്. മാസത്തിൽ 12,000 രൂപ ശമ്പളത്തിന്. ഈ ഭൂരഹിത കുടുംബത്തിന്റെ ഏക സ്ഥിരവരുമാനമാണത്. താൻ ഇത്ര ദൂരെ പോയി ജോലി ചെയ്യുന്നത് അച്ഛന് ഇഷ്ടമായിരുന്നില്ലെങ്കിലും, മറ്റ് മാർഗ്ഗങ്ങളില്ലായിരുന്നുവെന്ന് സൂരജ് സൂചിപ്പിക്കുന്നു. “ഇവിടെ നല്ല പൈസ കിട്ടുമെന്ന് ഒരു ബന്ധു പറയുന്നത് ഒരിക്കൽ ഞാൻ കേട്ടു”, സൂരജ് കൂട്ടിച്ചേർത്തു. അങ്ങിനെയാണ് അവൻ പഞ്ചാബിൽ എത്തിപ്പെട്ടത്.

ആറുപേരുള്ള ആ കുടുംബം ഒരു കൂരയിലാണ് കഴിയുന്നത്. ഓട് പാകിയ മേൽക്കൂരയ്ക്ക് താഴെ. “മഴക്കാലമായാൽ വെള്ളം വീട്ടിനകത്തേക്ക് വരും. ഞങ്ങളുടെ ഗ്രാമത്തിലെ എല്ലാ വീടുകളും മണ്ണുകൊണ്ട് നിർമ്മിച്ചവയാണ്. തകര മേൽക്കൂരയുള്ള വീടുകൾ വളരെ കുറച്ചേ ഉള്ളൂ”, സൂരജിന്റെ അമ്മ സുർതി ദേവി പറയുന്നു. പഞ്ചാബിൽനിന്ന് സൂരജ് സമ്പാദിക്കുന്ന പണം, അവൻ ആഗ്രഹിച്ചതുപോലെ വിദ്യാഭ്യാസത്തിനല്ല ചിലവഴിക്കുന്നത്. വീടിന്റെ അറ്റകുറ്റപ്പണികൾക്കാണ്. “എനിക്ക് തീരെ താത്പര്യമില്ലെങ്കിലും, വീണ്ടും പഞ്ചാബിലേക്ക് പോകേണ്ടിവരുമെന്നാണ് തോന്നുന്നത്”, വീട്ടിലേക്ക് തിരിച്ചെത്തിയ സൂരജ് ഫോണിൽ ഞങ്ങളോട് പറഞ്ഞു.

35 വയസ്സുള്ള അമ്മ സുർതി ദേവിയാണ് വീട്ടിലെ കാര്യങ്ങൾ നോക്കുന്നത്. അധികവരുമാനത്തിനായി, തരം കിട്ടുമ്പോഴെല്ലാം അവർ പുറത്ത് പണിക്കും പോവും. സൂരജിന്റെ മൂന്ന് ഇളയ സഹോദരന്മാർ സർക്കാർ സ്കൂളിലാണ് പഠിക്കുന്നത്. 13 വയസ്സുള്ള നീരജ് 6-ആം ക്ലാസ്സിലും, 11 വയസ്സുള്ള ബിപിൻ 4-ലും ഏറ്റവും ചെറിയ 6 വയസ്സുള്ള അനിയൻ അഷീഷ് കിന്റർഗർട്ടനിലും. കുടുംബത്തിന് സ്വന്തമായി വീടില്ല. 2.5 ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് അതിൽ 1.5 ഏക്കറിൽ ഒരു കുളം നിർമ്മിച്ച് മീൻ വളർത്തുകയാണ് കുടുംബം. ബാക്കിയുള്ള സ്ഥലത്ത് അവർ നെല്ലും പച്ചക്കറിയും കൃഷി ചെയ്യുന്നു. വീട്ടിലെത്തുമ്പോൾ, സൂരജ്, പച്ചക്കറി ചന്തയിൽ കൊണ്ടുപോയി വിൽക്കും. അങ്ങിനെയൊക്കെയായി, വർഷത്തിൽ 20,000 രൂപയാണ് കുടുംബം ആകെ സമ്പാദിക്കുന്നത്. അതും എല്ലായ്പ്പോഴും സ്ഥിരമായിക്കൊള്ളണമെന്നുമില്ല.

വീട്ടിലെത്തിയ സൂരജിന് ഭാവിയെക്കുറിച്ച് ഒരു നിശ്ചയവുമില്ല. പൈസ സമ്പാദിക്കാനായി വീണ്ടും പഞ്ചാബിലേക്ക് പോകേണ്ടിവന്നേക്കും. എന്നാൽ അവന്റെ മനസ്സ് ഇപ്പോഴും പഠനത്തിൽത്തന്നെ ഉറച്ചുനിൽക്കുന്നു. “മറ്റ് കുട്ടികൾ സ്കൂളിലേക്ക് പോവുന്നത് കാണുമ്പോൾ, എനിക്കും പോകാൻ തോന്നും”, അവൻ പറയുന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

Kamaljit Kaur

ಕಮಲಜಿತ್ ಕೌರ್ ಪಂಜಾಬ್‌ನ ಸ್ವತಂತ್ರ ಅನುವಾದಕರು. ಅವರು ಪಂಜಾಬಿ ಸಾಹಿತ್ಯದಲ್ಲಿ ಎಂಎ ಮಾಡಿದ್ದಾರೆ. ಕಮಲಜಿತ್ ಸಮತೆ ಮತ್ತು ಸಮಾನತೆಯ ಜಗತ್ತಿನಲ್ಲಿ ನಂಬಿಕೆ ಇಟ್ಟಿದ್ದಾರೆ ಮತ್ತು ಅದನ್ನು ಸಾಧ್ಯವಾಗಿಸುವ ನಿಟ್ಟಿನಲ್ಲಿ ಕೆಲಸ ಮಾಡುತ್ತಿದ್ದಾರೆ.

Other stories by Kamaljit Kaur
Editor : Devesh

ದೇವೇಶ್ ಓರ್ವ ಕವಿ, ಪತ್ರಕರ್ತ, ಚಲನಚಿತ್ರ ನಿರ್ಮಾಪಕ ಮತ್ತು ಅನುವಾದಕ. ಅವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದಲ್ಲಿ ಹಿಂದಿ ಭಾಷಾ ಸಂಪಾದಕ ಮತ್ತು ಅನುವಾದ ಸಂಪಾದಕರಾಗಿದ್ದಾರೆ.

Other stories by Devesh
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat