പിടിതരാത്ത കൂമന്റെ കൂവലും നാലുതരം വായാടിപ്പക്ഷികളുടെ ശബ്ദവുമൊക്കെ അയാൾക്ക് തിരിച്ചറിയാനാവും. ദേശാടനക്കാരായ കഴുത്തിൽ പൂടയുള്ള കൊക്കുകൾ എത്തരത്തിലുള്ള കുളങ്ങളിലാണ് മുട്ടയിടാൻ വരുന്നതെന്നും അയാൾക്കറിയാം.

ബി. സിദ്ധന് സ്കൂൾ പഠനം അവസാനിപ്പിക്കേണ്ടിവന്നുവെങ്കിലും തമിഴ് നാട്ടിലെ നീലഗിരിയിലുള്ള വീടിന് ചുറ്റുമുള്ള പക്ഷിവർഗ്ഗത്തെക്കുറിച്ചുള്ള അയാളുടെ അറിവ് ഏതൊരു പക്ഷിശാസ്ത്രജ്ഞനും അത്ഭുതമുളവാക്കുന്ന ഒന്നാണ്.

“എന്റെ ഗ്രാമമായ ബൊക്കാപുരത്ത് സിദ്ധൻ എന്നുപേരായ മൂന്ന് ആൺകുട്ടികളുണ്ടായിരുന്നു. തന്നെക്കുറിച്ച് സൂചിപ്പിക്കാൻ അവർ കുരുവി സിദ്ധൻ - എല്ലായ്പ്പോഴും പക്ഷികളുടെ പിന്നാലെ ഭ്രാന്തുപിടിച്ച് നടക്കുന്നവർ - എന്നാണ് പറഞ്ഞിരുന്നതെന്ന്, തെല്ലൊരു അഭിമാനത്തോടെ ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു.

ഔദ്യോഗികനാമം ബി. സിദ്ധൻ എന്നാണെങ്കിലും മുതുമലൈക്കു ചുറ്റുമുള്ള കാടുകളിലും ഗ്രാമങ്ങളിലും അയാളെ അറിയുന്നത് കുരുവി സിദ്ധൻ എന്ന പേരിലാണ്. പക്ഷിവർഗ്ഗത്തിലെ പകുതിയോളം വരുന്ന ജീവിവർഗ്ഗങ്ങൾ കുരുവി എന്ന ഇനത്തിൽ‌പ്പെട്ടവയാണ്.

“പശ്ചിമഘട്ടത്തിൽ എവിടെയാണെങ്കിലും നിങ്ങൾക്ക് നാലോ അഞ്ചോ പക്ഷികൾ പാട്ടു പാടുന്നത് കേൾക്കാൻ സാധിക്കും. അത് ശ്രദ്ധിച്ച് പഠിച്ചാൽ മാത്രം മതി”, നീലഗിരിയുടെ താഴ്വാരത്തിലെ കുന്നിൽ സ്ഥിതി ചെയ്യുന്ന ആനക്കട്ടി എന്ന ഗ്രാമത്തിലെ സ്കൂൾ അദ്ധ്യാപികയായ 28 വയസ്സുള്ള വിജയ സുരേഷ് പറയുന്നു. പക്ഷികളെക്കുറിച്ചുള്ള തന്റെ അറിവ് മുഴുവനും സിദ്ധനിൽനിന്ന് ലഭിച്ചതാണെന്ന് അവർ പറയുന്നു. മുതുമല കടുവസങ്കേതത്തിനടുത്തുള്ള ധാരാളം ചെറുപ്പക്കാരുടെ മാർഗ്ഗദർശിയാണ് സിദ്ധൻ. ആ പ്രദേശത്തിന് ചുറ്റുമുള്ള 150-ഓളം പക്ഷികളെ തിരിച്ചറിയാൻ വിജയ്ക്ക് സാധിക്കും.

Left: B. Siddan looking out for birds in a bamboo forest at Bokkapuram near Sholur town in the Nilgiri district.
PHOTO • Sushmitha Ramakrishnan
Right: Vijaya Suresh can identify 150 birds
PHOTO • Sushmitha Ramakrishnan

നീലഗിരി ജില്ലയിലെ ഷോളൂർ പട്ടണത്തിനടുത്തുള്ള ബൊക്കാപുരം എന്ന മുളങ്കാട്ടിലെ പക്ഷികളെ അന്വേഷിച്ച് നടക്കുന്ന ബി. സിദ്ധൻ. വലത്ത്: വിഅജയ സുരേഷിന് 150-ഓളം പക്ഷികളെ വേർതിരിച്ചറിയാൻ കഴിയും

The W oolly-necked stork (left) is a winter migrant to the Western Ghats. It is seen near Singara and a puff-throated babbler (right) seen in Bokkapuram, in the Nilgiris
PHOTO • Sushmitha Ramakrishnan
The W oolly-necked stork (left) is a winter migrant to the Western Ghats. It is seen near Singara and a puff-throated babbler (right) seen in Bokkapuram, in the Nilgiris
PHOTO • Sushmitha Ramakrishnan

തണുപ്പുകാലത്ത് പശ്ചിമഘട്ടത്തിലേക്ക് ദേശാടനം നടത്തുന്ന പക്ഷികളാണ് കഴുത്തിൽ പൂടയുള്ള കൊക്കുകൾ (ഇടത്ത്). സിംഗാരയ്ക്കടുത്താണ് അവയെ കാണാനാവുക. നീലഗിരിയിലെ ബൊക്കാപുരത്ത് കാണാൻ കഴിയുന്ന തടിച്ച കഴുത്തുള്ള വായാടിപ്പക്ഷി (വലത്ത്)

തമിഴ് നാട്ടിലെ നീലഗിരി ജില്ലയിലുള്ള മുതുമല കടുവസങ്കേതത്തിന്റെ കരുതൽ‌മേഖലയിലുള്ള ബൊക്കാപുരം ഗ്രാമത്തിലാണ് സിദ്ധന്റെ താമസം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി, ഫോറസ്റ്റ് ഗൈഡായും, പക്ഷിനിരീക്ഷകനായും കൃഷിക്കാരനായും ജീവിക്കുകയാണ് അദ്ദേഹം. ഇന്ത്യയിലെമ്പാടുമുള്ള 800 ഇനം പക്ഷികളുടെ പേരുകൾ പറയാനും അവയെക്കുറിച്ച് വിശദമായി സംസാരിക്കാനും കഴിവുള്ള ആളാണ് 46 വയസ്സുള്ള ഈ പക്ഷിസ്നേഹി. തമിഴ് നാട്ടിലെ പട്ടികഗോത്രമായ ഇരുളർ (ഇരുള എന്നും പറയുന്നു) വിഭാഗത്തിൽ‌പ്പെട്ടയാളാണ് സിദ്ധൻ. മുതുമലയ്ക്ക് ചുറ്റുമുള്ള സ്കൂളുകളിലെ കുട്ടികളുമായി തന്റെ അറിവുകൾ പങ്കിടുകയും, അവരുമായി സംസാരിക്കുകയും കാട്ടുനടത്തങ്ങളിൽ അവരെ അനുഗമിക്കുകയും ചെയ്യാറുണ്ട് അദ്ദേഹം.

പക്ഷികളിലുള്ള അദ്ദേഹത്തിന്റെ താത്പര്യത്തെ ആദ്യമൊക്കെ കളിയായി കണ്ടിരുന്നു കുട്ടികൾ. “പക്ഷേ പിന്നീട്, ഒരു പക്ഷിയെ കണ്ടാൽ അവർ എന്റെയടുത്ത് വന്ന്, അതിന്റെ നിറം, വലിപ്പം, അതുണ്ടാക്കുന്ന ശബ്ദം എന്നിവയൊക്കെ പറഞ്ഞുതരും”, അദ്ദേഹം ഓർത്തെടുക്കുന്നു.

മോയാർ ഗ്രാമത്തിലെ പൂർവ്വവിദ്യാർത്ഥിയായിരുന്നു 38 വയസ്സുള്ള രാജേഷ്. പക്ഷിമനുഷ്യനുമായി ചിലവഴിച്ച തന്റെ കാലത്തെക്കുറിച്ച് അയാൾ പറയുന്നത് ഇപ്രകാരമാണ്: “വീണുകിടക്കുന്ന മുളയുടെ ഇലകളിൽ ചവിട്ടി നടക്കരുതെന്ന് അദ്ദേഹം എന്നോട് പറയാറുണ്ടായിരുന്നു. കാരണം, മരത്തിലെ കൂടുകൾക്ക് പകരം, ആ ഇലകളുടെ അടിയിലാണ് നീലക്കൂളൻ എന്ന പക്ഷി മുട്ടകൾ സൂക്ഷിക്കുന്നത്. ആദ്യമൊക്കെ എനിക്ക് ഇത്തരം ചെറിയ കാര്യങ്ങളെക്കുറിച്ച് എനിക്ക് കൌതുകം മാത്രമാണ് തോന്നിയിരുന്നത്. പിന്നീടാണ് പക്ഷികളുടെ ലോകത്തേക്ക് ഞാൻ പ്രവേശിക്കുന്നത്”.

തോഡ, കോട, ഇരുളർ, കാട്ടുനായ്ക്കൻ, പണിയ തുടങ്ങി നിരവധി ആദിവാസി സമൂഹങ്ങളുടെ നാടാണ് നീലഗിരി. “സമീപത്തുള്ള ഗോത്രവിഭാഗത്തിലെ കുട്ടികൾ താത്പര്യം കാണിച്ചുതുടങ്ങിയപ്പോൾ ഞാൻ അവർക്ക് പഴയ പക്ഷിക്കൂടുകൾ കൊടുക്കും. അല്ലെങ്കിൽ, പക്ഷിക്കുഞ്ഞുങ്ങളുള്ള കൂടുകൾ സംരക്ഷിക്കാൻ ഏൽ‌പ്പിക്കും”.

2014-ൽ, ബൊക്കാപുരത്തെ സർക്കാർ സ്കൂളിലെ കുട്ടികളോട് പക്ഷികളെക്കുറിച്ച് സംസാരിക്കാൻ മസിനഗുഡി ഇക്കോ നാച്ചുറലിസ്റ്റ്സ് ക്ലബ്ബ് (എം.ഇ.എൻ.സി) ക്ഷണിച്ചതോടെയാണ് സ്കൂളുകളുമായുള്ള ബന്ധം തുടങ്ങുന്നത്. “അതിനുശേഷം അടുത്തുള്ള ഗ്രാമങ്ങളിലെ പല സ്കൂളുകളും ഞങ്ങളെ ക്ഷണിച്ചുതുടങ്ങി”, അദ്ദേഹം പറയുന്നു.

‘എന്റെ ഗ്രാമമായ ബൊക്കാപുരത്ത് സിദ്ധൻ എന്നുപേരായ മൂന്ന് ആൺകുട്ടികളുണ്ടായിരുന്നു. ഏത് സിദ്ധൻ എന്ന് ആരെങ്കിലും ചോദിച്ചാൽ അവർ കുരുവി സിദ്ധൻ - എല്ലായ്പ്പോഴും പക്ഷികളുടെ പിന്നാലെ ഭ്രാന്തുപിടിച്ച് നടക്കുന്നവർ - എന്ന് പറയും’

വീഡിയോ കാണാം: ഒരു കാടിന് നിലനിൽക്കാൻ അതിന്റെ ആളുകൾ വേണം

*****

അച്ഛനമ്മമാരെ കൃഷിപ്പണിയിൽ സഹായിക്കാൻ എട്ടാം ക്ലാസ്സിൽ‌വെച്ച് പഠനം നിർത്തേണ്ടിവന്നു സിദ്ധന്. 21 വയസ്സായപ്പോൾ വനംവകുപ്പ് അദ്ദേഹത്തിനെ ബംഗ്ലാവ് സൂക്ഷിപ്പുകാരനായി വേതനാടിസ്ഥാനത്തിൽ എടുത്തു. ചുറ്റുവട്ടത്ത് ആനകളെത്തിയാൽ ഗ്രാമങ്ങളിലും കൃഷിസ്ഥലങ്ങളിലും അറിയിക്കുക, അടുക്കളയിൽ സഹായിക്കുക, ക്യാമ്പുകൾ നിർമ്മിക്കാൻ സഹായിക്കുക എന്നിവയായിരുന്നു സിദ്ധന്റെ ചുമതലകൾ.

ജോലിക്ക് കയറി രണ്ടുവർഷം കഴിഞ്ഞപ്പോഴേക്കും സിദ്ധൻ അതുപേക്ഷിച്ചു. “എന്റെ ശമ്പളമായ 600 രൂപ അഞ്ചുമാസത്തോളം കിട്ടാതിരുന്നപ്പോൾ ഞാനത് വിട്ടു. അത്ര സമ്മർദ്ദമില്ലായിരുന്നെങ്കിൽ ഞാൻ വകുപ്പിൽ തുടർന്നുപോയേനേ. എനിക്ക് എന്റെ ജോലി ഇഷ്ടമായിരുന്നു. കാട്ടിലെ ജോലി വിടാൻ താത്പര്യമില്ലാത്തതിനാൽ ഞാനൊരു ഫോറസ്റ്റ് ഗൈഡായി”.

90-കളുടെ അവസാനം, 23 വയസ്സുള്ളപ്പോൾ പ്രദേശത്തെ പക്ഷികളുടെ കണക്കെടുക്കാൻ വന്ന പ്രകൃതിശാസ്ത്രജ്ഞരെ അനുഗമിക്കാൻ സിദ്ധന് അവസരം ലഭിച്ചു. “പക്ഷികളുടെ കണക്കെടുക്കുമ്പോൾ ചുറ്റുമുള്ള അപകടങ്ങളെ ശ്രദ്ധിക്കാൻ അവർ വിട്ടുപോവും“ എന്നതിനാൽ, ഈ സംഘത്തിന് ആനകളെക്കുറിച്ച് മുന്നറിയിപ്പ് കൊടുക്കാനാണ് സിദ്ധൻ അവരുടെ കൂട്ടത്തിൽ പോയത്.

Left: Siddan looking for birds in a bamboo thicket.
PHOTO • Sushmitha Ramakrishnan
Right: Elephants crossing the road near his home, adjacent to the Mudumalai Tiger Reserve in the Nilgiris
PHOTO • Sushmitha Ramakrishnan

ഇടത്ത്: മുളങ്കൂട്ടങ്ങൾക്കിടയിൽ പക്ഷികളെ അന്വേഷിക്കുന്ന സിദ്ധൻ. വലത്ത്: നീലഗിരിയിലെ മുതുമല കടുവസങ്കേതത്തിനടുത്തുള്ള അദ്ദേഹത്തിന്റെ വീടിനടുത്ത് റോഡ് മുറിച്ചുകടക്കുന്ന ആനകൾ

ആ യാത്രയിൽ അപ്രതീക്ഷിതമായ ഒന്ന് സംഭവിച്ചു. “ഈ കൊച്ച് പക്ഷിയെ കണ്ടപ്പോൾ ഈ വലിയ ആളുകൾ നിലത്ത് കിടന്ന് ഉരുളാൻ തുടങ്ങി”, അയാൾ പറയുന്നു. അവർ ഏത് പക്ഷിയെയാണ് നോക്കുന്നതെന്ന് അയാൾ ശ്രദ്ധിച്ചു. വെളുത്ത വയറുള്ള തീക്കുരുവി എന്ന് വിളിക്കുന്ന ഒരു കാട്ടുപക്ഷിയായിരുന്നു അത്. അതിനുശേഷം അയാൾക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ആ പക്ഷികളുടെ തമിഴിലും കന്നഡയിലുമുള്ള പേരുകൾ അയാൾ പഠിച്ചു. കുറച്ച് വർഷങ്ങൾക്കുശേഷം, പ്രദേശത്തെ നാട്ടുകാരും, മുതിർന്ന പക്ഷിനിരീക്ഷകരുമായ കുട്ടപ്പൻ, സുദേശൻ, ഡാനിയൽ എന്നിവരെ സിദ്ധനെ തങ്ങളുടെ കൂട്ടത്തിൽ കൂട്ടുകയും പരിശീലിപ്പിക്കുകയും ചെയ്തു.

മുംബൈയുടെ വടക്കുനിന്ന്, കന്യാകുമാരിവരെ നീളുന്നതാണ് പശ്ചിമഘട്ടം. 508 തരം പക്ഷിവർഗ്ഗങ്ങളുടെ വീടാണ് ആ മേഖലയെന്ന്, പശ്ചിമഘട്ടത്തിലെ ഫോറസ്റ്റ് ഗാർഡിയൻസ് എന്ന 2017-ലെ ഒരു പ്രബന്ധം സൂചിപ്പിക്കുന്നു. അവയിൽ തവിട്ടുനിറമുള്ള ചിലുചിലപ്പൻ, നീലഗിരി മരം‌കൊത്തി, വെള്ളവയറുള്ള ചോലക്കിളി, വീതിയുള്ള ചിറകുകളുള്ള പോതക്കിളി, ചെഞ്ചിലപ്പൻ, ചാരത്തലയുള്ള ബുൾബുൾ എന്നിങ്ങനെ 16 ഇനങ്ങൾ ആ മേഖലയിൽ മാത്രം കാണുന്നവയാണ്

കാടുകളിൽ നിരവധി മണിക്കൂറുകൾ കഴിഞ്ഞിട്ടുള്ള സിദ്ധൻ പറയുന്നത്, പതിവായി കണ്ടുവരുന്ന പല ഇനങ്ങളും ഇപ്പോൾ അപൂർവ്വമായി കഴിഞ്ഞുവെന്നാണ്. “ഈ സീസണിൽ എനിക്ക് ഒരു ചാരത്തലയുള്ള ബുൾബുള്ളിനെപ്പോലും കാണാൻ കഴിഞ്ഞില്ല. എപ്പോഴും കണ്ടിരുന്ന ഇനമാണ്. ഇപ്പോൾ അപൂർവ്വമായിരിക്കുന്നു”.

*****

ഒരു തിത്തിരിപ്പക്ഷിയുടെ അപായസൂചന കാട്ടിൽ മുഴങ്ങി.

“ഇങ്ങനെയാണ് വീരപ്പൻ കുറേക്കാലം അറസ്റ്റിൽനിന്ന് രക്ഷപ്പെട്ടത്”, സിദ്ധൻ മെല്ലെപ്പറയുന്നു. സിദ്ധന്റെ സുഹൃത്തും പക്ഷിനിരീക്ഷണത്തിൽ വിദഗ്ദ്ധനുമായിരുന്നു വീരപ്പൻ. അനധികൃതമായ നായാട്ടിനും, ചന്ദനക്കടത്തിനും മറ്റ് പല കുറ്റകൃത്യങ്ങൾക്കും പൊലീസ് വേട്ടയാടിയിരുന്ന ആളായിരുന്നു വീരപ്പൻ. ദശകങ്ങളോളം അയാൾ സത്യമംഗലം കാട്ടിൽ പൊലീസിനെ വെട്ടിച്ച് കഴിഞ്ഞിരുന്നത് ആൾക്കാട്ടി പറവയുടെ (ആളുകൾ കാട്ടിലേക്ക് പ്രവേശിക്കുമ്പോൾ മുന്നറിയിപ്പ് നൽകുന്ന പക്ഷി) മുന്നറിയിപ്പ് കേട്ടിട്ടായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു.

Left: The call of the Yellow-wattled Lapwing (aalkaati paravai) is known to alert animals and other birds about the movement of predators.
PHOTO • Sushmitha Ramakrishnan
Right: N. Sivan says the call also alerts poachers about the movement of other people
PHOTO • Sushmitha Ramakrishnan

ഇടത്ത്: മഞ്ഞക്കഴുത്തുള്ള തിത്തിരിപ്പക്ഷികളുടെ ശബ്ദം, ഇരപിടിയന്മാരുടെ ചലനത്തെക്കുറിച്ച് മറ്റ് മൃഗങ്ങൾക്കും പക്ഷികൾക്കും മുൻ‌കൂട്ടി അറിയിപ്പ് കൊടുക്കുന്നുവെന്ന് പറയപ്പെടുന്നു. വലത്ത്: മറ്റുള്ള ആളുകളുടെ നീക്കത്തെക്കുറിച്ചും ഈ പക്ഷി അനധികൃത നായാട്ടുകാർക്ക് സൂചന നൽകാറുണ്ടെന്ന് എൻ. ശിവൻ പറയുന്നു

Siddan (right) is tracking an owl (left) by its droppings in a bamboo forest at Bokkapuram
PHOTO • Sushmitha Ramakrishnan
Siddan (right) is tracking an owl (left) by its droppings in a bamboo forest at Bokkapuram
PHOTO • Sushmitha Ramakrishnan

ബൊക്കാപുരത്തെ മുളങ്കാട്ടിൽ, ഒരു കൂമനെ, അതിന്റെ വിസർജ്ജ്യം നോക്കി പിന്തുടരുന്ന സിദ്ധൻ (വലത്ത്)

“കാടിനകത്ത് ഇരപിടിയനേയോ അപരിചിതരേയോ കണ്ടാൽ തിത്തിരിപ്പക്ഷികൾ ശബ്ദിക്കാൻ തുടങ്ങും. പൊന്തകളുടെ മുകളിലിരുന്ന് ഇരപിടിയനെ കാട്ടിലെ വായാടിപ്പക്ഷികൾ പിന്തുടരുകയും, അതിന്റെ നീക്കത്തിനനുസരിച്ച് ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യും”, എന്ന്, പക്ഷികളെ കാണുമ്പോഴൊക്കെ ഒരു പുസ്തകത്തിൽ അത് കുറിച്ചുവെച്ചുകൊണ്ട് എൻ. ശിവൻ പറഞ്ഞു. “ഈവിധത്തിലാണ് ഞങ്ങൾ ഒരുവർഷത്തോളം പരിശീലനം നടത്തിയത്”, അയാൾ പറഞ്ഞു. പക്ഷിയിനങ്ങളുടെ പേരുകൾ ഓർമ്മിച്ചുവെക്കാൻ നന്നായി ബുദ്ധിമുട്ടിയെന്ന് 50 വയസ്സുള്ള അദ്ദേഹം പറഞ്ഞു. “പക്ഷികൾ നമുക്ക് പ്രധാനപ്പെട്ടതാണ്. പഠിക്കാൻ പറ്റുമെന്ന് എനിക്കറിയാമായിരുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു.

90-കളുടെ അവസാനത്തോടെ, സിദ്ധനും ശിവനും ബൊക്കാപുരത്തെ ഒരു സ്വകാര്യ റിസോർട്ടിൽ ട്രെക്കിംഗ് ഗൈഡുകളായി ചേർന്നു. അവിടെവെച്ച്, ലോകമൊട്ടുക്കുള്ള പക്ഷിസ്നേഹികളെ കണ്ടുമുട്ടാനും പരിചയപ്പെടാനും അവർക്ക് അവസരം കിട്ടി.

*****

മസിനഗുഡിയിലെ മാർക്കറ്റിലൂടെ നടക്കുമ്പോൾ ചെറുപ്പക്കാർ സിദ്ധനെ “ഹലോ മാസ്റ്റർ” എന്ന് വിളിച്ച് അഭിസംബോധന ചെയ്യുന്നുണ്ടായിരുന്നു. മുതുമലയ്ക്ക് ചുറ്റും ജീവിക്കുന്ന ആദിവാസി, ദളിത് പശ്ചാ‍ത്തലത്തിൽനിന്ന് വരുന്നവരാണ് അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ ഭൂരിഭാ‍ഗവും.

Left: B. Siddan sitting with his family outside their house in Bokkapuram. His youngest daughter, Anushree (third from the right) is also interested in birds, and says. 'I was very excited when I saw a bulbul nest.
PHOTO • Sushmitha Ramakrishnan
Right: S. Rajkumar, 33, visiting B. Siddan at his home
PHOTO • Sushmitha Ramakrishnan

ഇടത്ത്: ബൊക്കാപുരത്തെ തന്റെ വീടിന്റെ മുമ്പിൽ കുടുംബാംഗങ്ങളോടൊത്ത് ഇരിക്കുന്ന ബി. സിദ്ധൻ. ചെറിയ മകൾ അനുശ്രീക്കും (വലത്തുനിന്ന് മൂന്നാമത്) പക്ഷികളോട് താത്പര്യമുണ്ട്. ‘ഒരു ബുൾബുളിന്റെ കൂട് കണ്ടപ്പോൾ എനിക്ക് വലിയ സന്തോഷമായി’, അവൾ പറയുന്നു. വലത്ത്: 33 വയസ്സുള്ള എസ്. രാജ്കുമാർ ബി.സിദ്ധനെ വീട്ടിൽ‌ പോയി സന്ദർശിക്കുന്നു

“നാലുപേരടങ്ങുന്ന ഞങ്ങളുടെ കുടുംബത്തിൽ അമ്മയ്ക്ക് മാത്രമേ ജോലിയുണ്ടായിരുന്നുള്ളു. അതുകൊണ്ട് കോത്തഗിരിയിലെ സ്കൂളിലേക്ക് എന്നെ അയയ്ക്കാൻ അവർക്ക് സാധിച്ചില്ല”, ഇരുള സമുദായാംഗവും, പൂർവ്വ വിദ്യാർത്ഥിയുമായ 33 വയസ്സുള്ള ആർ. രാജ്കുമാർ പറയുന്നു. അതുകൊണ്ട്, സ്കൂൾ പഠനം അവസാനിപ്പിച്ച്, കരുതൽ മേഖലയിൽ അയാൾ സമയം ചിലവഴിക്കാൻ തുടങ്ങി. ഒരുദിവസം സിദ്ധൻ അയാളോട് സഫാരിക്ക് വരാൻ പറഞ്ഞു. “അദ്ദേഹം പ്രവർത്തിക്കുന്നത് കണ്ടപ്പോൾ എനിക്ക് പെട്ടെന്ന് ഈ രംഗത്തോട് താത്പര്യം തോന്നി. അങ്ങിനെ ഒടുവിൽ ഞാൻ ട്രെക്കിംഗും, സഫാരികളിൽ ഡ്രൈവർമാരെ കൊണ്ടുപോകാനും ആരംഭിച്ചു”. രാജ്കുമാർ പറയുന്നു.

*****

മദ്യപാനം ആ പ്രദേശത്ത് ഒരു ഗുരുതര പ്രശ്നമായി കഴിഞ്ഞിരിക്കുന്നു (വായിക്കുക: നീലഗിരിയിലെ ആദിവാസികൾ പോഷകാഹാരക്കുറവിന്‍റെ പ്രശ്നങ്ങള്‍ നേരിടുമ്പോൾ ). കാടുമായി ബന്ധപ്പെട്ട തൊഴിലുകൾ ആദിവാസി സമൂഹത്തിലെ പുതിയ തലമുറയെ മദ്യപാനത്തിൽനിന്ന് അകറ്റുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് സിദ്ധൻ പറയുന്നു. “മദ്യാസക്തിയുടെ ഒരു കാരണം, സ്കൂൾ പഠനം നിർത്തിക്കഴിഞ്ഞാൽ അവർക്ക് മറ്റൊന്നും ചെയ്യാനില്ലാതെയാവുന്നു എന്നതാണ്. നല്ല തൊഴിലവസരങ്ങൾ ഇല്ലാത്തതിനാൽ അവർ മദ്യത്തിലേക്ക് തിരിയുന്നു”

Left: B. Siddan showing his collection of books on birds and wildlife.
PHOTO • Sushmitha Ramakrishnan
Right: A drongo perched on a fencing wire in Singara village in Gudalur block
PHOTO • Sushmitha Ramakrishnan

ഇടത്ത്: പക്ഷികളെക്കുറിച്ചും വന ആവാസത്തെക്കുറിച്ചുമുള്ള തന്റെ പുസ്തകശേഖരം കാണിക്കുന്ന ബി. സിദ്ധൻ. വലത്ത്: ഗൂഡല്ലൂർ ബ്ലോക്കിലെ സിംഗാര ഗ്രാമത്തിലെ ഒരു കമ്പിവേലിയിലിരിക്കുന്ന ഇരട്ടവാലൻ പക്ഷി

തദ്ദേശീയരായ ആൺകുട്ടികൾക്ക് കാടുകളിൽ താത്പര്യമുണ്ടാക്കുകയും അവരെ ലഹരിയിൽനിന്ന് വിമുക്തരാക്കുകയും ചെയ്യുക എന്നത് ഒരു ദൌത്യമായിട്ടാണ് സിദ്ധൻ കാണുന്നത്. “ഞാൻ ഒരുതരത്തിൽ ആ ഇരട്ടവാലൻ പക്ഷികളെപ്പോലെയാണ്” എന്ന് ദൂരെ, ഇരട്ടവാലുകളുമായി ഇരിക്കുന്ന ഒരു ചെറിയ പക്ഷിയെ ചൂണ്ടിക്കൊണ്ട് സിദ്ധൻ പറഞ്ഞു. “വലിപ്പംകൊണ്ട് ചെറുതാണെങ്കിലും, പ്രാപ്പിടിയനുകളുമായി യുദ്ധം ചെയ്യാൻ ധൈര്യമുള്ള ഒരേയൊരു പക്ഷിയാണ് അത്”.

പരിഭാഷ: രാജീവ് ചേലനാട്ട്

Sushmitha Ramakrishnan

ಸುಶ್ಮಿತಾ ರಾಮಕೃಷ್ಣನ್ ಬಹುಮಾಧ್ಯಮ ಪತ್ರಕರ್ತರಾಗಿದ್ದು, ವಿಜ್ಞಾನ ಮತ್ತು ಪರಿಸರದ ಬಗ್ಗೆ ಹೆಚ್ಚು ವರದಿ ಮಾಡುತ್ತಾರೆ. ಅವರಿಗೆ ಪಕ್ಷಿ ವೀಕ್ಷಣೆಯೆಂದರೆ ಪ್ರೀತಿ.

Other stories by Sushmitha Ramakrishnan
Editor : Vishaka George

ವಿಶಾಖಾ ಜಾರ್ಜ್ ಪರಿಯಲ್ಲಿ ಹಿರಿಯ ಸಂಪಾದಕರಾಗಿದ್ದಾರೆ. ಅವರು ಜೀವನೋಪಾಯ ಮತ್ತು ಪರಿಸರ ಸಮಸ್ಯೆಗಳ ಬಗ್ಗೆ ವರದಿ ಮಾಡುತ್ತಾರೆ. ವಿಶಾಖಾ ಪರಿಯ ಸಾಮಾಜಿಕ ಮಾಧ್ಯಮ ಕಾರ್ಯಗಳ ಮುಖ್ಯಸ್ಥರಾಗಿದ್ದಾರೆ ಮತ್ತು ಪರಿಯ ಕಥೆಗಳನ್ನು ತರಗತಿಗೆ ತೆಗೆದುಕೊಂಡು ಹೋಗಲು ಮತ್ತು ವಿದ್ಯಾರ್ಥಿಗಳು ತಮ್ಮ ಸುತ್ತಲಿನ ಸಮಸ್ಯೆಗಳನ್ನು ದಾಖಲಿಸಲು ಸಹಾಯ ಮಾಡಲು ಎಜುಕೇಷನ್ ತಂಡದಲ್ಲಿ ಕೆಲಸ ಮಾಡುತ್ತಾರೆ.

Other stories by Vishaka George
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat