“ചൂടുകൊണ്ട് എന്‍റെ പുറം പൊളിഞ്ഞു”, ഗജുവാസ് ഗ്രാമത്തിന് പുറത്തെ ഖേജ്രി മരങ്ങളുടെ ചെറിയ തണലിനുകീഴെയുള്ള നിലത്തിരുന്ന് ബജ്രംഗദൾ ഗോസ്വാമി പറഞ്ഞു. “ചൂട് വർദ്ധിക്കുകയാണ് വിളവെടുപ്പ് കുറയുകയും ചെയ്യുന്നു”, കുന്നുകൂടിയിട്ട ബജ്രയുടെ വിളവിലേക്ക് കണ്ണയച്ച് അയാൾ പറഞ്ഞു. രാജസ്ഥാനിലെ ചുരു ജില്ലയിലെ താരാനഗർ തെഹ്സിലിൽ അയാളും ഭാര്യ രാജ് കൗറും പങ്കാളിത്ത കൃഷി നടത്തുന്ന ആ 22 ബിഘ ഭൂമിയിലെ ഉണങ്ങിയ പുല്ല് ചവച്ചുതിന്ന് ഒരു ഒട്ടകവും അവിടെ നിൽക്കുന്നുണ്ടായിരുന്നു.

“സൂര്യൻ തലയിലും മണ്ണ് കാൽക്കലും ചുട്ടുപഴുത്തിരിക്കുന്നു”, താരാനഗറിന്‍റെ തെക്കുഭാഗത്തുള്ള സുജാൻ‌ഗഢ് തെഹ്സിലിലെ ഗീതാ ദേവി നായക് പറഞ്ഞു. ഭഗ്‌വാനി ദേവി ചൗധരി കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലത്ത് ജോലിയെടുക്കുകയായിരുന്നു, കൃഷിഭൂമി ഇല്ലാത്ത വിധവയായ ഗീതാ ദേവി. വൈകീട്ട് അഞ്ചുമണിയോടെ ഗുദാവരി ഗ്രാമത്തിലെ അന്നത്തെ ജോലി തീർത്തുകഴിഞ്ഞിരുന്നു ഇരുവരും. “ഈയിടെയായി കൂടുതൽക്കൂടുതൽ ചൂടാണ്”, ഭഗ്‌വാനി ദേവി പറഞ്ഞു.

വേനൽക്കാലത്ത് നില ചുട്ടുപഴുക്കുകയും ഉലയിൽനിന്നെന്നപോൽ കാറ്റ് വീശുകയും ചെയ്യുന്ന വടക്കൻ രാജസ്ഥാനിലെ ചുരു ജില്ലയിൽ, ചൂടിനെക്കുറിച്ചുള്ള വർത്തമാനങ്ങൾ ഒരു സ്ഥിരം വിഷയമാണ്. ആ മാസങ്ങളിൽ ചൂട് വളരെ പെട്ടെന്ന് 40 ഡിഗ്രിയിലേക്ക് ഉയരും. കഴിഞ്ഞ മാസം, 2020 മേയിൽ, 50 ഡിഗ്രിവരെ എത്തി ചൂട്. ലോകത്തിലേക്കും‌വെച്ച് ഏറ്റവും വലിയ ചൂടായിരുന്നു അതെന്ന് മേയ് 26-ലെ പത്രങ്ങൾ പറഞ്ഞു.

അതിനാൽ, കഴിഞ്ഞ തവണ, 2019 ജൂൺ ആദ്യവാരം, 51 ഡിഗ്രി സെൽ‌ഷ്യസിലേക്ക് ചൂട് കുതിച്ചപ്പോൾ - വെള്ളം തിളയ്ക്കാനാവശ്യമായതിന്‍റെ പകുതിയിലേറെ – പലർക്കും അതൊരു ചെറിയ വാർത്ത മാത്രമായിരുന്നു. “30 വർഷങ്ങൾക്കുമുൻപ് 50 ഡിഗ്രിയിലേക്ക് ചൂടെത്തിയത് എനിക്കോർമ്മയുണ്ട്”, ഗജുവാസ് ഗ്രാമത്തിലെ തന്‍റെ വലിയ വീട്ടിലെ കട്ടിലിൽ ചാഞ്ഞുകിടന്നുകൊണ്ട്, 75 വയസ്സുള്ള ഹർദയാൽജി സിംഗ് ഓർത്തെടുത്തു. ഭൂവുടമയും വിരമിച്ച സ്കൂൾ അദ്ധ്യാപകനുമാണ് ഹർദയാൽജി.

ചില വർഷങ്ങളിൽ ഡിസംബർ-ജനുവരി മാസത്തോടെ താപനില പൂജ്യത്തിലേക്ക് എത്തുന്നതിനും ചുരു സാക്ഷിയായിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ ഇന്ത്യൻ കാലാവസ്ഥാവകുപ്പ് ചുരുവിൽ രേഖപ്പെടുത്തിയത് 4.1 ഡിഗ്രിയാണ്. ഇന്ത്യൻ സമതലപ്രദേശങ്ങളിലെ ഏറ്റവും താഴ്ന്ന താപനിലയായിരുന്നു അത്.

Geeta Devi and Bhagwani Devi of of Sujangarh tehsil, Churu: ' Garmi hee garmi pade aaj kal' ('It’s heat and more heat nowadays')
PHOTO • Sharmila Joshi

സുജാൻ‌ഗഢ് തെഹ്സിലിലെ ഗീതാ ദേവിയും ഭഗ്‌വാനി ദേവിയും . 'ഈയിടെയായി കൂടുതൽക്കൂടുതൽ ചൂടാണ്'

താപനിലയിലെ ഈ രണ്ട് തീവ്രനിലകളിൽ - 1 മുതൽ 51 വരെയുള്ളത് – ജില്ലയിലെ ആളുകൾ കൂടുതലും സംസാരിക്കുന്നത് ചൂടിനെക്കുറിച്ചാണ്. കഴിഞ്ഞ മാസത്തെ 50 ഡിഗ്രിയെക്കുറിച്ചോ കഴിഞ്ഞ വർഷത്തെ 50-ന് മുകളിലുള്ള ചൂടിനെക്കുറിച്ചോ അല്ല, മറിച്ച്, ഈ രണ്ട് ഋതുക്കളെയും ഉൾക്കൊള്ളുന്ന ദീർഘകാലം നിലനിൽക്കുന്ന ഒരു ചൂടുകാലത്തെക്കുറിച്ചാണ് അവരുടെ ചർച്ച.

“കഴിഞ്ഞ തവണയൊക്കെ (ഈ ചൂട്) ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമേ നീണ്ടുനിൽക്കാറുണ്ടായിരുന്നുള്ളു. ഇപ്പോൾ അത് ധാരാളം ദിവസം നിൽനിൽക്കുന്നുണ്ട്. വേനൽക്കാലത്തിന്‍റെ ദൈർഘ്യം കൂടിയിട്ടുണ്ട്”. പ്രൊഫസ്സർ എച്ച്. ആർ. ഇസ്രാൻ പറഞ്ഞു. നിരവധി പേർ ഗുരുസ്ഥാനീയനായി കണക്കാക്കുന്ന അദ്ദേഹം ചുരു നിവാസിയും, സിക്കാർ ജില്ലയിലെ എസ്.കെ. ഗവണ്‍മെന്‍റ് കോളേജിന്‍റെ മുൻ പ്രിൻസിപ്പലുമാണ്.

2019 ജൂണിൽ “റോഡിലൂടെ നട്ടുച്ചയ്ക്ക് നടക്കാനാകുമായിരുന്നില്ല. ചെരിപ്പ് ടാറിൽ ഒട്ടാറുണ്ടായിരുന്നു”, എന്ന് അമൃത ചൗധരി പറഞ്ഞു. സുജാൻ‌ഗഢ് പട്ടണത്തിൽ, ദിശ ശേഖാവതി എന്ന പേരിൽ ടൈ ആൻഡ് ഡൈ എന്ന പ്രത്യേകതരം ചിത്രവേലകളുള്ള വസ്ത്രങ്ങൾ നിർമ്മിക്കുന്ന സ്ഥാപനം നടത്തുന്ന ചൗധരിയും വേവലാതിപ്പെടുന്നത് വേനലിന്‍റെ ദൈർഘ്യത്തെക്കുറിച്ചാണ്. “ഈ പ്രദേശത്തും വേനൽ നേരത്തെ ആരംഭിക്കുകയും വർദ്ധിക്കുകയും ചെയ്യുന്നു”, ചൗധരി പറഞ്ഞു.

“ഒന്നരമാസം അധികമാണ് ഇപ്പോൾ വേനൽക്കാലം”, ഗുദാവരി ഗ്രാമത്തിലെ ഭഗ്‌വാനി ദേവി പറഞ്ഞു. വേനൽക്കാലം തണുപ്പുകാലത്തിലേക്ക് നീളുന്നതും, മഴക്കാലത്തെ ആ രണ്ട് ഋതുക്കൾക്കുള്ളിൽ ഒതുക്കുന്നതുമാണ്, മറ്റ് പലരേയും പോലെ, ഭഗ്‌വാനിയുടേയും സംസാരവിഷയം. വർഷത്തിലെ 12 മാസ കലണ്ടർ ആകെ കുഴഞ്ഞുമറിഞ്ഞ നിലയിലാണ്.

ഒരാഴ്ച നീണ്ടുനിന്ന 51 ഡിഗ്രി ചൂടോ, ഏതാനും ദിവസങ്ങൾ നീണ്ടുനിന്ന 51 ഡിഗ്രി ചൂടോ അല്ല, കാലാവസ്ഥയിലേക്ക് നൂണ്ടുകയറുന്ന ഈ മാറ്റത്തെ ഓർത്താണ് അവർക്ക് ആധി.

*****

2019-ൽ ജൂൺ 1-നും സെപ്റ്റംബർ 30-നുമിടയിൽ ചുരുവിൽ 369 മി.മീ. മഴ കിട്ടി.സാധാരായായി മഴക്കാലത്ത് ശരാശരി കിട്ടാറുള്ള 314 മി.മീ.യേക്കാൾ അല്പം അധികമായിരുന്നു അത്. വർഷത്തിൽ ശരാശരി 576 മി.മീ. മഴ കിട്ടുന്ന രാജസ്ഥാൻ ഇന്ത്യയിലെ ഏറ്റവും വലുതും വരണ്ടതുമായ സംസ്ഥാനമാണ്. ഇന്ത്യയുടെ മൊത്തം ഭൂപ്രദേശത്തിന്‍റെ 10.4 ശതമാനം വരും ഈ സംസ്ഥാനത്തിന്‍റെ വലിപ്പം.

In the fields that Bajrang Goswami and his wife Raj Kaur cultivate as sharecroppers outside Gajuvas village in Taranagar tehsil
PHOTO • Sharmila Joshi
In the fields that Bajrang Goswami and his wife Raj Kaur cultivate as sharecroppers outside Gajuvas village in Taranagar tehsil
PHOTO • Sharmila Joshi
In the fields that Bajrang Goswami and his wife Raj Kaur cultivate as sharecroppers outside Gajuvas village in Taranagar tehsil
PHOTO • Sharmila Joshi

താരാനഗർ തെഹ്സിലിലെ ഗാജുവാസ് ഗ്രാമത്തിന്‍റെ പുറത്ത് , പങ്കാളിത്തകൃഷിക്കാരായി ബജ്രംഗദൾ ഗോസ്വാമിയും രാജ് കൌറും പണിയെടുക്കുന്ന പാടം

രാജസ്ഥാന്‍റെ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന 7 കോടി മനുഷ്യരിൽ 75 ശതമാനത്തിന്‍റെയും തൊഴിൽ കൃഷിയും കന്നുകാലി വളർത്തലുമാണ്. ചുരു ജില്ലയിലെ 2.5 ദശലക്ഷം ആളുകളിൽ 72 ശതമാനവും ജീവിക്കുന്ന ഗ്രാമപ്രദേശങ്ങളിൽ കൃഷി മുഖ്യമായും മഴയെ ആശ്രയിച്ചാണ് നടത്തുന്നത്.

മഴയെ ആശ്രയിക്കുന്നത് പലരും പതുക്കെപ്പതുക്കെ നിർത്തിവരികയാണ്. “1990 മുതൽ കുഴൽക്കിണറുകൾ (500 – 600 അടി താഴ്ചയിൽ) കുഴിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഭൂഗർഭജലത്തിൽ ക്ഷാരാംശമുള്ളതിനാൽ, അതത്ര വിജയിച്ചിട്ടില്ല” എന്ന് പ്രൊഫ. ഇസ്രാൻ പറഞ്ഞു. “ജില്ലയിലെ ആറ് തെഹ്സിലുകളിലായി 899 ഗ്രാമങ്ങളിൽ കുഴൽക്കിണറുപയോഗിച്ച് കുറച്ചുകാലം കർഷകർ രണ്ടാം വിളയായി നിലക്കടല കൃഷി ചെയ്തിരുന്നുവെങ്കിലും, ഭൂമി വല്ലാതെ വരളുകയും, ഏതാനും ഗ്രാമങ്ങളിലൊഴിച്ച് മിക്കവാറും എല്ലായിടത്തും കുഴൽക്കിണറുകൾ ഉപയോഗശൂന്യമാവുകയും ചെയ്തു”.

രാജസ്ഥാനിൽ വിത്തിറക്കിയ മൊത്തം സ്ഥലങ്ങളുടെ 38 ശതമാനം ഭാഗത്ത് (അല്ലെങ്കിൽ 62,94,000 ഹെക്ടർ സ്ഥലത്ത്) ജലസേചനം നടക്കുന്നുണ്ടെന്ന് കാലാവസ്ഥാമാറ്റത്തെ ചെറുക്കാനുള്ള സംസ്ഥാന കർമ്മപദ്ധതിയുടെ (Rajasthan State Action Plan for Climate Change - RSAPCC , 2010).  കരടുരേഖ പറയുന്നു. ചുരുവിൽ അത് കഷ്ടിച്ച് 8 ശതമാനം മാത്രമാണ്. ജില്ലയിലെ ചില ഗ്രാമങ്ങളിലും പാടങ്ങളിലും വെള്ളമെത്തിക്കുന്നത്, പണി തീർന്നുകൊണ്ടിരിക്കുന്ന ചൗധരി കുംഭാരം ലിഫ്റ്റ് കനാലാണെങ്കിലും, അവിടുത്തെ കൃഷിയും നാല് വിരിപ്പു വിളകളും (ബജ്രയും നിലക്കടലയും വൻ‌പയർ, കോതമര പയർ എന്നിവയും) പ്രധാനമായും ആശ്രയിക്കുന്നത് മഴയെയാണ്. എങ്കിലും കഴിഞ്ഞ 20 വർഷമായി, മഴയുടെ പെയ്യലിൽ മാറ്റങ്ങൾ വരുന്നുണ്ട്. രണ്ട് വ്യത്യാസങ്ങളാണ് ചുരുവിലെ ആളുകൾ സൂചിപ്പിക്കുന്നത്: മഴമാസങ്ങളിൽ വരുന്ന വ്യത്യാസവും, അളവുകളിൽ - ചില സ്ഥലങ്ങളിൽ കനത്തതും ചിലയിടങ്ങളിൽ ദുർബ്ബലവുമായ പെയ്യൽ - വരുന്ന വ്യത്യാസവും.

ഭൂതകാലത്ത് പെയ്തിരുന്ന ശക്തമായ മഴയെക്കുറിച്ച് പഴയ കർഷകർ ഓർമ്മിക്കുന്നുണ്ട്. “ആഷാഢമാസത്തില്‍ (ജൂൺ-ജൂലായ്) ഇടിമിന്നൽ കാണുമ്പോൾ മഴ വരുന്നുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലാവുകയും, വേഗത്തിൽ റൊട്ടി ഉണ്ടാക്കുകയും ചെയ്യും” എന്ന് 59 വയസ്സുള്ള ഗോവർദ്ധൻ സഹാരണ്‍ എന്ന കർഷകൻ പറഞ്ഞു. ജാട്ട് സമുദായത്തിൽ‌പ്പെട്ട അദ്ദേഹത്തിന്‍റെ കൂട്ടുകുടുംബത്തിന് ഗാജുവാസ് ഗ്രാമത്തിൽ 1120 ഏക്കർ ഭൂമിയുണ്ട്. ചുരുവിലെ കർഷകരിലെ പ്രബല വിഭാഗമായ ജാട്ടുകളും ചൗധരികളും ഒ.ബി.സി. സമുദായത്തിൽ ഉൾപ്പെട്ടവരാണ്. “ഈയിടെയായി ഇടിമിന്നലൊക്കെ ഉണ്ടാവുമെങ്കിലും, അതോടെ അത് തീരും. മഴ കിട്ടാറില്ല” സഹാരണ്‍ കൂട്ടിച്ചേർത്തു.

Bajrang Goswami and Raj Kaur (left) say their 'back has burnt with the heat', while older farmers like Govardhan Saharan (right) speak of the first rains of a different past
PHOTO • Sharmila Joshi
Bajrang Goswami and Raj Kaur (left) say their 'back has burnt with the heat', while older farmers like Govardhan Saharan (right) speak of the first rains of a different past
PHOTO • Sharmila Joshi

‘ചൂടുകൊണ്ട് പുറം വെന്തുപോയി ’ എന്ന് ബജ്രംഗദൾ ഗോസ്വാമിയും രാജ് കൗറും (ഇടത്ത്) പറയുമ്പോൾ, ഗോവർദ്ധൻ സഹാരണ്‍ (വലത്ത്) പറയുന്നത്, പഴയ കാലത്തുണ്ടായിരുന്ന വ്യത്യസ്തമായ മഴയെക്കുറിച്ചാണ്

“ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത്, വടക്കുഭാഗത്തുനിന്ന് മഴക്കാറുകൾ വരുമ്പോൾ, മഴ വരുന്നുണ്ടെന്ന് ഞങ്ങൾക്ക് പറയാൻ സാധിച്ചിരുന്നു. അരമണിക്കൂറിനുള്ളിൽ മഴ വരുകയും ചെയ്യും” അയൽ‌വക്കത്തുള്ള സികർ ജില്ലയിലെ സദിൻ‌സർ ഗ്രാമത്തിലെ 80 വയസ്സുള്ള നാരായൻ പ്രസാദ് പറഞ്ഞു. “ഇപ്പോൾ മഴക്കാറുണ്ടെങ്കിലും അത് പെയ്യാതെ കടന്നുപോവുകയാണ് ചെയ്യുന്നത്” കൃഷിസ്ഥലത്തെ കട്ടിലിൽ കിടന്നുകൊണ്ട് അയാൾ പറയുന്നു. മഴവെള്ളം ശേഖരിക്കാൻ തന്‍റെ 8 ഏക്കർ കൃഷിസ്ഥലത്ത് പ്രസാദ് ഒരു വലിയ കോൺ‌ക്രീറ്റ് ജലസംഭരണി നിർമ്മിച്ചിട്ടുണ്ട്. (നവംബർ 2019-ൽ ഞാൻ അദ്ദേഹത്തെ കാണുമ്പോൾ അത് വറ്റിയിരുന്നു).

ബജ്ര നടുന്ന ജൂൺ മാസാവസാനത്തോടെ പണ്ട് ആദ്യമഴ തുടങ്ങിയിരുന്നുവെങ്കിലും, ഇപ്പോൾ, ആഴ്ചകൾക്കുശേഷമാണ് പതിവുമഴ ആരംഭിക്കുന്നത്. സാധാരണത്തേതിലും ഒരുമാസം മുൻപ്, ഓഗസ്റ്റ് അവസാനത്തോടെ മഴ തീരുകയും ചെയ്യുമെന്ന് കർഷകർ പറഞ്ഞു.

അതുകൊണ്ട്, വിത്ത് നടുന്നതിനെക്കുറിച്ചുള്ള ആസൂത്രണവും സമയക്രമവുമൊക്കെ ബുദ്ധിമുട്ടാവുന്നു. “എന്‍റെ മുത്തച്ഛന്‍റെ കാലത്ത്, അവർക്ക് കാറ്റിനെക്കുറിച്ചും നക്ഷത്രങ്ങളുടെ സ്ഥാനത്തെക്കുറിച്ചും, പക്ഷികളുടെ പാട്ടിനെക്കുറിച്ചുമൊക്കെ അറിയാമായിരുന്നു. അതിനെ അടിസ്ഥാനമാക്കിയാണ് അവർ കൃഷിയെക്കുറിച്ചുള്ള തീരുമാനങ്ങളെടുത്തിരുന്നത്”, അമൃത ചൗധരി പറഞ്ഞു.

“ഇപ്പോൾ ആ സംവിധാനമൊക്കെ പൂർണ്ണമായും തകർന്നിരിക്കുന്നു”, എഴുത്തുകരനും കർഷകനുമായ ദുലാറാം സഹാരണ്‍ കാര്യങ്ങൾ ലളിതമായി ചുരുങ്ങിയ വാക്കുകളിൽ ഉപസംഹരിച്ചു. താരാനഗർ ബ്ലോക്കിലെ ഭാരംഗ് ഗ്രാമത്തിൽ ഏകദേശം 200 ബിഘ സ്ഥലം സഹാരന്‍റെ കൂട്ടുകുടുംബം കൃഷിചെയ്യുന്നുണ്ട്.

കാലവർഷം വൈകി എത്തുകയും നേരത്തേ അവസാനിക്കുകയും ചെയ്യുമ്പോഴും, മഴവെള്ളത്തിന്‍റെ തോതിൽ കുറവ് വന്നിട്ടുണ്ട് - വാർഷിക ശരാശരി ഏതാണ്ട് സ്ഥിരമായി നിൽക്കുന്നുണ്ടെങ്കിലും. “ഇപ്പോൾ മഴയുടെ ശക്തി കുറവാണ്”, ധർമ്മപാൽ സഹാരണ്‍ പറഞ്ഞു. ഗാജുവാസ് ഗ്രാമത്തിൽ 12 ബിഘ സ്ഥലം കൃഷി നടത്തുന്നുണ്ട് ധർമ്മപാൽ. “മഴ വരുമോ ഇല്ലേ എന്നൊന്നും ആർക്കുമറിയില്ല” അയാൾ പറഞ്ഞു. മഴ വളരെ അവ്യവസ്ഥയിലാണ് പെയ്യുന്നതും. “ചിലപ്പോൾ ഒരേ കൃഷിസ്ഥലത്തിന്‍റെ ഒരു ഭാഗത്ത് മാത്രം പെയ്യുക പോലും പതിവാണ്. മറുഭാഗത്ത് ഒരുതുള്ളി മഴ ഉണ്ടാവുകയുമില്ല”.

Left: Dharampal Saharan of Gajuvas village says, 'I am not sowing chana because there is no rain after September'. Right: Farmers in Sadinsar village speak of the changing weather – Raghubir Bagadiya (also a retired army captain), Narain Prasad (former high school lecturer) and Shishupal Narsara (retired school principal)
PHOTO • Sharmila Joshi
Left: Dharampal Saharan of Gajuvas village says, 'I am not sowing chana because there is no rain after September'. Right: Farmers in Sadinsar village speak of the changing weather – Raghubir Bagadiya (also a retired army captain), Narain Prasad (former high school lecturer) and Shishupal Narsara (retired school principal)
PHOTO • Sharmila Joshi

ഇടത്ത് : “സെപ്റ്റംബറിനുശേഷം മഴയില്ലാത്തതുകൊണ്ട് ഞാൻ കടല നടുന്നില്ല“ എന്ന് പറയുന്നു ഗാജുവാസ് ഗ്രാമത്തിലെ ധർമ്മപാൽ സഹാരണ്‍. വലത്ത്: സദിൻസർ ഗ്രാമത്തിലെ കർഷകർ കാലാവസ്ഥയിലെ മാറ്റത്തെക്കുറിച്ച് സംസാരിക്കുന്നു. രഘുബീർ ബഗഡിയ (സൈന്യത്തിൽനിന്ന് വിരമിച്ച കാപ്റ്റനാണ്), നാരായൻ പ്രസാദ് (ഹൈസ്കൂളിൽ ലക്ചററായിരുന്നു), ശിശുപാൽ നാർസാര (വിരമിച്ച സ്കൂൾ പ്രിൻസിപ്പൽ)

1951 മുതൽ 2007വരെ അതിശക്തമായ മഴയുണ്ടായ സന്ദർഭങ്ങളും സൂചിപ്പിക്കുന്നുണ്ട് ആർ.എസ്.എ.പി.സി.സി. പക്ഷേ കാലാവസ്ഥാവ്യതിയാനം മൂലം സംസ്ഥാനത്ത് മൊത്തത്തിലുള്ള മഴ കുറയാനും മണ്ണിന്‍റെ ഉപരിതലത്തിൽനിന്നും ചെടികളിൽനിന്നും വെള്ളം ആവിയായിപ്പോവുന്നത് വർദ്ധിക്കാനും സാധ്യതയുണ്ടെന്ന് അത് കണക്കാക്കുന്നു.

മഴക്കാലത്തിനുശേഷം ഒക്ടോബറിലും, ജനുവരി-ഫെബ്രുവരി മാസങ്ങളിലും കിട്ടാറുള്ള ചെറിയ ചാറ്റൽമഴയേയും ചുരുവിലെ കർഷകർ ആ‍ശ്രയിക്കാറുണ്ട്. നിലക്കടലയും ബാർളിയും പോലുള്ള റാബി കൃഷിയെ സഹായിക്കുന്നത് ആ ചാറ്റൽമഴയാണ്. “യൂറോപ്പിനും അമേരിക്കക്കുമിടയിലുള്ള സമുദ്രങ്ങളിൽനിന്ന് രൂപം കൊണ്ട് പാക്കിസ്ഥാന്‍റെ മുകളിലൂടെ എത്തുന്ന ഈ ചാറ്റൽമഴ – ചക്രവാത മഴ – ഇപ്പോൾ ഏതാണ്ട് അപ്രത്യക്ഷമായി എന്ന് പറയാം” ഹർദയാൽജി പറയുന്നു.

ആ മഴയാണ് കടലക്കൃഷിയേയും നനയ്ക്കുന്നത്. രാജ്യത്തിന്‍റെ കടലപ്പാത്രം എന്നാണ് താരാനഗർ അറിയപ്പെടുന്നതുതന്നെ. ഇവിടുത്തെ കർഷകരെ സംബന്ധിച്ച് അതൊരു അഭിമാനമുള്ള കാര്യമാണെന്ന് ദുലാറാം പറയുന്നു. “മുറ്റത്ത് കുന്നുകൂട്ടി ഇടാൻ പറ്റുന്ന വിധം നല്ല വിള കിട്ടിയിരുന്നു”, ദുലാറാം കൂട്ടിച്ചേർത്തു. ആ പാത്രം ഇപ്പോൾ ഏതാണ്ട് ശൂന്യമായിരിക്കുന്നു. “സെപ്തംബറിനുശേഷം മഴ കിട്ടാത്തതിനാൽ 2007-നുശേഷം ഞാനിപ്പോൾ കടല നടുകപോലും ചെയ്യുന്നില്ല”, ധർമ്മപാൽ പറഞ്ഞു.

നവംബറോടെ താപനില കുറയാൻ തുടങ്ങുമ്പോൾ ചുരുവിലെ കടലക്കൃഷി നന്നായി വിളയും. എന്നാല്‍ കാലങ്ങളായി ഇവിടുത്തെ ശൈത്യകാലത്തിന് പോലും മാറ്റം വന്നിരിക്കുന്നു.

*****

ജമ്മു കശ്മീർ കഴിഞ്ഞാൽ ഏറ്റവുമധികം ശീതതരംഗമുണ്ടായിട്ടുള്ളത് രാജസ്ഥാനിലാണെന്ന് ആർ.എസ്.എ.പി.സി.സി. റിപ്പോർട്ട് പറയുന്നു - 1901 മുതൽ 1999-വരെയുള്ള ഏതാണ്ട് ഒരു നൂറ്റാണ്ടിൽ 195 തവണ (1999-ന് ശേഷമുള്ള കണക്ക് ലഭ്യമല്ല). കൂ‍ടിയ താപനിലാപ്രവണത കാണിക്കുമ്പോൾത്തന്നെ ഏറ്റവും താഴ്ന്ന താപനിലാപ്രവണതയും –ഇന്ത്യയിലെ സമതലപ്രദേശങ്ങളിൽ‌വെച്ച് ഏറ്റവും താഴ്ന്ന താപനില ഉണ്ടായ 2020 ഫെബ്രുവരിലെ ചുരുവിലെ താപനില- രാജസ്ഥാനിൽ കാണാമെന്ന് ഈ റിപ്പോർട്ട് പറയുന്നു.

എന്നിട്ടും, പഴയ കാലത്തെ തണുപ്പ് ഇപ്പോൾ അവിടെ അനുഭവപ്പെടുന്നില്ലെന്ന് ചുരുവിലെ പലരും സാക്ഷ്യപ്പെടുത്തുന്നു. “ഞാൻ കുട്ടിയായിരുന്ന കാലത്ത് (50 വർഷം മുൻപ്) നവംബർ ആദ്യമൊക്കെ രാവിലെ 4 മണിക്ക് പാടത്ത് വരുമ്പോൾ ഞാൻ കമ്പിളി പുതയ്ക്കാറുണ്ടായിരുന്നു” ഗാജുവാസ് ഗ്രാമത്തിലെ ഗോവർദ്ധൻ സഹാരൺ പറയുന്നു. “ഇപ്പോൾ, നവംബർ മാസത്തിൽ ഞാൻ വെറും ബനിയൻ ധരിച്ചാണ് വരുന്നത്” വിളവെടുത്ത തന്‍റെ ബജ്ര, ഖെജ്രി പാടത്തിരുന്നുകൊണ്ട് അയാൾ പറഞ്ഞു.

Prof. Isran (left) of Churu town says: 'The entire summer has expanded'. Amrita Choudhary (right) of the Disha Shekhawati organisation in Sujangarh says, 'Even in this hot region, the heat is increasing'
PHOTO • Sharmila Joshi
Prof. Isran (left) of Churu town says: 'The entire summer has expanded'. Amrita Choudhary (right) of the Disha Shekhawati organisation in Sujangarh says, 'Even in this hot region, the heat is increasing'
PHOTO • Sharmila Joshi

ചുരു പട്ടണത്തിലെ പ്രൊഫ . ഇസ്രാൻ (ഇടത്ത്) പറയുന്നു: 'വേനൽക്കാലം ദീർഘിച്ചിരിക്കുന്നു”. സുജാൻ‌ഗഢിലെ ദിശ ശേഖാവാടി സംഘടനയുടെ അമൃത ചൗധരി (വലത്ത്) പറയുന്നു: “ഈ ഊഷര പ്രദേശത്തുപോലും ചൂട് കൂടുകയാണ്'

പണ്ടുകാലത്ത്, മാർച്ചിൽ ഞങ്ങളുടെ സംഘടന അന്തർദ്ദേശീയ വനിതാദിന പരിപാടികൾ നടത്തുമ്പോൾ, കമ്പിളിയുടുപ്പുകൾ ആവശ്യമായിരുന്നു. ഇപ്പോൾ ഞങ്ങൾക്ക് ഫാനില്ലാതെ പരിപാടികൾ നടത്താൻ പറ്റാത്ത അവസ്ഥയാണ്. ഓരോ കൊല്ലവും അപ്രവചനീയമായ രീതിയിലാണ് കാലാവസ്ഥ”, അമൃത പറയുന്നു.

“തണുപ്പുകാലത്തേക്കുള്ള വസ്ത്രമാണ് അവർ ഇട്ടിരിക്കുന്നത്. പക്ഷേ നവംബറിൽ‌പ്പോലും നല്ല ചൂടാണ്. അവരോട് എന്ത് ധരിക്കണമെന്ന് പറയാൻ ഞങ്ങൾക്ക് കഴിയുന്നില്ല”,  3നും 5നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ ഒരു ചെറിയ സംഘത്തെ ചൂണ്ടിക്കാട്ടി അങ്കണവാടി പ്രവർത്തക സുശീല പുരോഹിത് പറഞ്ഞു.

പ്രശസ്ത കോളമിസ്റ്റും എഴുത്തുകാരനുമായ ചുരുവിലെ 83 വയസ്സുള്ള മാധവ് ശർമ്മ കാലാവസ്ഥാമാറ്റത്തെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: “കമ്പിളിയുടേയും കോട്ടിന്‍റേയും നവംബർ കാലം അവസാനിച്ചിരിക്കുന്നു”.

*****

വ്യാപിക്കുന്ന വേനൽക്കാലം ആ കമ്പിളി-കോട്ടുകളുടെ ദിവസത്തെ വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നു. “പണ്ട് ഞങ്ങൾക്ക്, വസന്തകാലമടക്കം നാല് വ്യത്യസ്ത ഋതുക്കളുണ്ടായിരുന്നു”, മാധവ്ജി ഓർമ്മിപ്പിച്ചു. “ഇപ്പോൾ പ്രധാനമായും ഒരേയൊരു കാലമേയുള്ളു. എട്ട് മാസം നീണ്ടുനിൽക്കുന്ന വേനൽ. ദീർഘകാലമായി നിലനിൽക്കുന്ന ഒരു മാറ്റമാണത്”.

“കഴിഞ്ഞ കാലങ്ങളിൽ മാർച്ചിൽ പോലും തണുപ്പുണ്ടായിരുന്നു”വെന്ന് താരാനഗറിലെ കാർഷിക പ്രവർത്തകനായ നിർമ്മൽ പ്രജാപതി സൂചിപ്പിച്ചു. “ഈയിടെയായി ഫെബ്രുവരി അവസാനത്തോടെത്തന്നെ ചിലപ്പോൾ ചൂട് ആരംഭിക്കുന്നു. ഓഗസ്റ്റിൽ അവസാനിക്കേണ്ടതിനുപകരം, ഒക്ടോബറുവരെ അത് നീണ്ടുപോവുകയും ചെയ്യുന്നു”.

ഈ വർദ്ധിച്ച ചൂടിനെ നേരിടാനായി, ചുരുവിലെ കൃഷിയിടങ്ങളിൽ ഒന്നാകെ, തൊഴിൽ‌സമയത്തിലും മാറ്റം വരുത്തിയതായി പ്രജാപതി സൂചിപ്പിച്ചു. താരത‌മ്യേന കുറവ് ചൂടുള്ള അതിരാവിലെകളിലും വൈകുന്നേരങ്ങളിലുമാണ് ആളുകൾ പാടത്ത് പണിയെടുക്കുന്നത്.

പോരാത്തതിന്, ഈ ചൂട് മറ്റ് ചില മാറ്റങ്ങൾക്കുകൂടി കാരണമായിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ, മിക്കവാറും എല്ലാ ആഴ്ചയും ഒരു പൊടിക്കാറ്റ് (ഇതിനെ ആന്ധി എന്ന് വിളിക്കുന്നു) ഗ്രാമങ്ങളിലൂടെ വീശുക പതിവായിരുന്നു. എല്ലായിടത്തും അത് പൊടി നിറയ്ക്കും. തീവണ്ടിപ്പാളങ്ങളെ അത് മൂടിക്കളയും. മണൽക്കൂനകൾ ഇടയ്ക്കിടയ്ക്ക് സ്ഥലം മാറിക്കൊണ്ടിരിക്കും. മുറ്റത്ത് കിടന്നുറങ്ങുന്ന കർഷകനെപ്പോലും അത് മൂടിക്കളയും. “പടിഞ്ഞാറൻ കാറ്റാണ് ഈ പൊടിക്കാറ്റിനെ കൊണ്ടുവരുന്നത്” വിരമിച്ച സ്കൂൾ അദ്ധ്യാപകൻ ഹർദയാൽ‌ജി പറഞ്ഞു. “മണൽ വന്ന് വിരിപ്പുകളിലൊക്കെ നിറയും. ഇപ്പോൾ ആ പൊടിക്കാറ്റിനെയും കാണാനില്ല”.

Left: The Chakravat drizzles have mostly disappeared, says Hardayalji Singh, retired teacher and landowner. Centre: Sushila Purohit, anganwadi worker in Sujangarh, says 'It is still hot in November. Right: Nirmal Prajapati, farm activist in Taranagar, says work hours have altered to adapt to the magnifying summer
PHOTO • Sharmila Joshi
Left: The Chakravat drizzles have mostly disappeared, says Hardayalji Singh, retired teacher and landowner. Centre: Sushila Purohit, anganwadi worker in Sujangarh, says 'It is still hot in November. Right: Nirmal Prajapati, farm activist in Taranagar, says work hours have altered to adapt to the magnifying summer
PHOTO • Sharmila Joshi
Left: The Chakravat drizzles have mostly disappeared, says Hardayalji Singh, retired teacher and landowner. Centre: Sushila Purohit, anganwadi worker in Sujangarh, says 'It is still hot in November. Right: Nirmal Prajapati, farm activist in Taranagar, says work hours have altered to adapt to the magnifying summer
PHOTO • Sharmila Joshi

ഇടത്ത് : ചക്രവാത ചാറ്റലുകൾ മിക്കവാറും അപ്രത്യക്ഷമായിരിക്കുന്നുവെന്ന് വിരമിച്ച സ്കൂൾ അദ്ധ്യാപകനും ഭൂവുടമയുമായ ഹർദയാൽ‌ജി സിംഗ് (ഇടത്ത്) പറഞ്ഞു. “നവംബറിലും ചൂടാണ്” എന്ന് സുശീലാ പുരോഹിത് എന്ന അങ്കണവാടി പ്രവർത്തക (മദ്ധ്യത്തിൽ). വർദ്ധിക്കുന്ന ചൂടിനനുസരിച്ച് തൊഴിൽ‌സമയത്തിലും മാറ്റം വന്നിട്ടുണ്ടെന്ന് താരാനഗറിലെ കാർഷിക പ്രവർത്തകൻ നിർമ്മൽ പ്രജാപതി (വലത്ത്)

ഈ പൊടിക്കാറ്റിനോടൊപ്പം, ചിലപ്പോൾ വരണ്ട, ചൂടുള്ള പ്രചണ്ഡമായ കാറ്റും വീശാറുണ്ട്. മേയ്, ജൂൺ മാസങ്ങളിൽ വീശുന്ന ഈ കാറ്റ് മണിക്കൂറുകളോളം നീണ്ടുനിൽക്കും. 30 കൊല്ലങ്ങൾക്ക് മുൻപ് പതിവായുണ്ടായിരുന്ന ഈ പൊടിക്കാറ്റും, വരണ്ട കാറ്റും താപനില കുറയ്ക്കാൻ സഹായിച്ചിരുന്നുവെന്ന് നിർമ്മൽ പറഞ്ഞു. മാത്രമല്ല, “പൊടിക്കാറ്റ് കൊണ്ടുവരുന്ന മണൽ, മണ്ണിന്‍റെ ഫലഭൂയിഷ്ഠതയെയും സഹായിച്ചിരുന്നു”. ഇപ്പോൾ ചൂട് കെട്ടിക്കിടക്കുകയാണ്. താപനില 40 വരെ എത്തുകയും ചെയ്യുന്നു. “ആറേഴ് വർഷങ്ങൾക്കുശേഷം 2019 ഏപ്രിലിൽ, ഒരു പൊടിക്കാറ്റുണ്ടായി” എന്ന് ഓർമ്മിക്കുന്നു നിർമ്മൽ.

ആ കെട്ടിക്കിടക്കുന്ന ചൂട് വേനലിനെ ദീർഘിപ്പിക്കുകയും രൂക്ഷമാക്കുകയും ചെയ്യുന്നു. “രാജസ്ഥാനിൽ ഞങ്ങൾക്ക് ചൂട് പരിചിതമാണ്. പക്ഷേ ഇതാദ്യമായി, ഇവിടുത്തെ കർഷകർ ചൂടിനെ പേടിക്കാൻ തുടങ്ങിയിരിക്കുന്നു”, ഹർദയാൽ‌ജിയുടെ മകനും, താരാനഗറിലെ കാർഷിക പ്രവർത്തകനുമായ ഉംറാവ് സിംഗ് പറഞ്ഞു.

****

2019 ജൂണിൽ മാത്രമല്ല, ആദ്യമായി രാജസ്ഥാനിലെ താപനില 50 ഡിഗ്രി സെൽ‌ഷ്യസിലെത്തിയത്. 1993 ജൂണിലും ചുരുവിലെ താപനില 49.8-ൽ എത്തിയിരുന്നുവെന്ന് ജയ്പുരിലെ കാലാവസ്ഥാകേന്ദ്രം രേഖപ്പെടുത്തിയിട്ടുണ്ട്. 1995 മേയ് മാസത്തിൽ ബാഡ്മേര്‍ അതിനെ 0.1 ഡിഗ്രിക്ക് മറികടന്നു. അതിനുമുമ്പ്, 1934 ജൂണിൽ ഗംഗാനഗറിൽ 50 ഡിഗ്രിയും 1956 മേയിൽ ആൾ‌വാറിലും ചൂട് 50.6 ഡിഗ്രിയും കടന്നിരുന്നു.

2019 ജൂണിലെ ചില പത്രറിപ്പോർട്ടുകൾ പ്രകാരം, ഭൂമിയിലെ ഏറ്റവും ചൂടുള്ള പ്രദേശമായി ചുരുവിനെ രേഖപ്പെടുത്തിയിരുന്നുവെങ്കിലും, ലോകത്തിന്‍റെ മറ്റ് ചില ഭാഗങ്ങളിൽ - ചില അറബ് രാജ്യങ്ങളടക്കം - 50 ഡിഗ്രി ചൂട് അനുഭവപ്പെട്ടതായി 2019-ലെ ലോക തൊഴിൽ സംഘടനയുടെ (ഐ.എൽ.ഒ.) റിപ്പോർട്ടിൽ പറയുന്നു. ആഗോളതാപ മാതൃകയുടെ പരിണാമം നോക്കിയാൽ 2025 മുതൽ 2085വരെയുള്ള കാലഘട്ടത്തിൽ, ഇന്ത്യയിലെ താപനിലയിൽ 1.1 മുതൽ 3 ഡിഗ്രിവരെ ചൂട് കൂടാനിടയുണ്ടെന്ന്, Working on a warmer planet എന്ന് പേരായ ആ റിപ്പോർട്ട് പ്രവചിക്കുന്നുണ്ട്.

21-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ പടിഞ്ഞാറൻ രാജസ്ഥാനിലെ മുഴുവൻ മരുഭൂ പ്രദേശങ്ങളിലും (19.61 ദശലക്ഷം ഹെക്ടർ) അധിക ചൂടുള്ള പകലുകളും ചൂടുള്ള രാത്രികളും മഴക്കുറവും ഉണ്ടാകാനിടയുണ്ടെന്ന്, കാലാവസ്ഥാവ്യതിയാനത്തിനെക്കുറിച്ചുള്ള അന്തർസർക്കാർ പാനലും (Intergovernmental Panel on Climate Change) ഇതര സ്രോതസ്സുകളും മുന്നറിയിപ്പ് നൽകുന്നുമുണ്ട്.

ചൂട് നിത്യപരിചയമായിക്കഴിഞ്ഞ ആളുകളെപ്പോലും, 48 ഡിഗ്രി ചൂടിനുശേഷം താപനിലയിൽ വരുന്ന “കേവലം ഒരു ഡിഗ്രി ചൂട് സാരമായി ബാധിക്കാമെന്ന്”, ചുരു പട്ടണത്തിലെ ഡോക്ടർ സുനിൽ ജണ്ഡു പറയുന്നു 48 ഡിഗ്രിക്ക് മുകളിലുള്ള ചൂട് മനുഷ്യശരീരത്തിൽ. തളർച്ച,  നിർജ്ജലീകരണം, വൃക്കയിലെ കല്ല്, സൂര്യാഘാതം, തലചുറ്റൽ, വമനേച്ഛ, മറ്റ് അസുഖങ്ങൾ എന്നിവ ഉണ്ടാക്കാം. പക്ഷേ 2019 മേയ് – ജൂണിലെ ചൂടിൽ ഇത്തരം കേസുകളൊന്നും വർദ്ധിച്ചതായി കണ്ടിട്ടില്ലെന്ന്, ജില്ലയിലെ പ്രത്യുത്പാദന, ശിശു ആരോഗ്യ ഉദ്യോഗസ്ഥനായ ഡോ. ജണ്ഡു സൂചിപ്പിച്ചു. മാത്രമല്ല, അക്കാലത്ത്, സൂര്യാഘാതമേറ്റ് ഏതെങ്കിലും മരണങ്ങളും ചുരുവിൽ‌നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

തീവ്രമായ താപത്തിന്‍റെ അപകടങ്ങളെക്കുറിച്ച് ഐ.എൽ.ഒ. റിപ്പോർട്ടും സൂചിപ്പിക്കുന്നുണ്ട്. “കാലാവസ്ഥാമാറ്റം മൂലം ഉണ്ടാവുന്ന ആഗോളതാപനത്തിലെ വർദ്ധനവ്....താപസംബന്ധമായ സമ്മർദ്ദത്തെ സർവ്വസാധാരണമാക്കും... മാനസികക്ഷതത്തിന് കാരണമാകാതെ, ശരീരത്തിന് താങ്ങാൻ കഴിയുന്നതിലുമധികം ചൂട് അനുഭവിക്കുന്നത്...അധികരിച്ച ചൂടിന് ശരീരം വിധേയമാക്കുന്നത്.. സൂര്യാഘാതത്തിലേക്കും ചിലപ്പോൾ മരണത്തിലേക്കുപോലും നയിച്ചേക്കാം”.

Writer-farmer Dularam saharan (left) of Bharang village at the house of well-known veteran columnist Madhavji Sharma, in Churu town: 'Kambal and coat ka jamaana chala gaya'
PHOTO • Sharmila Joshi

“കമ്പിളിയുടേയും കോട്ടിന്‍റേയും കാലം കഴിഞ്ഞു”, ഭരാംഗ് ഗ്രാമത്തിലെ എഴുത്തുകാരനും കർഷകനുമായ ദുലാറാം സഹാരണ്‍  (ഇടത്ത്), പ്രശസ്തനായ കോളമിസ്റ്റ് മാധവ്‌ജി ശർമ്മയുടെ ചുരുവിലെ വീട്ടിൽ

താപസമ്മർദ്ദം ഏറ്റവും ഗുരുതരമായി ബാധിക്കുക ദക്ഷിണേഷ്യൻ രാജ്യങ്ങളെയാണെന്നും, ദാരിദ്ര്യം, അനൗപചാരിക തൊഴിലുകൾ, ഏറ്റവും കുറഞ്ഞ തോതിലുള്ള കൃഷി എന്നിവയുടെ നിരക്ക് ആ രാജ്യങ്ങളുടെ പൊതുവായ സ്വഭാവമായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു.

പക്ഷേ ഇത്തരം പ്രത്യാഘാതങ്ങൾ പെട്ടെന്ന് പ്രത്യക്ഷമാവുന്നവയല്ല. ആളുകൾ ആശുപത്രികളിലേക്ക് ഒഴുകിത്തുടങ്ങുന്നതിലേക്കൊന്നും ഉടനടി ഇത് നയിക്കില്ല.

മറ്റ് പ്രശ്നങ്ങൾക്ക് പുറമേ, ഈ താപസമ്മർദ്ദം “കർഷകത്തൊഴിലാളികളെ ഗ്രാമപ്രദേശങ്ങൾ ഉപേക്ഷിക്കാൻ നിർബന്ധിതമാക്കും... 2005-2015 കാലഘട്ടത്തിൽ, പുറനാടുകളിലേക്കുള്ള തൊഴിലാളികളുടെ ഒഴുക്കിന് ഈ ചൂടിലെ വർദ്ധനവ് കാരണമായിട്ടുണ്ട് (അതിനുമുമ്പുള്ള പത്ത് വർഷങ്ങളിൽ അത്തരമൊരു ലക്ഷണം കണ്ടിട്ടില്ല). മറ്റിടങ്ങളിലേക്ക് കുടിയേറുന്നതിനെക്കുറിച്ച് തീരുമാനങ്ങളെടുക്കാൻ ഈ കാലാവസ്ഥാ മാറ്റം കുടുംബങ്ങളെ പ്രേരിപ്പിക്കുന്നു [ഊന്നല്‍ കൂട്ടിച്ചേര്‍ത്തതാണ്] എന്ന് ഐ.എൽ.ഒ. റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സമയംതെറ്റി പെയ്യുന്ന കാലവർഷവും, അതുമൂലം ഉണ്ടാവുന്ന വിളനഷ്ടവും അതുണ്ടാക്കുന്ന വരുമാനനഷ്ടവുമൊക്കെ കുടിയേറ്റത്തിലേക്ക് നയിക്കുന്ന ഒരു നീണ്ട പ്രക്രിയയുടെ ഭാഗമാണ്. “കഴിഞ്ഞകാലങ്ങളിൽ ഞങ്ങളുടെ കൃഷിസ്ഥലത്തുനിന്ന് 100 മന്‍ (3,750 കിലോഗ്രാം) ബജ്ര കിട്ടിയിരുന്നു. ഇപ്പോൾ 20-30 മന്നാണ് കിട്ടുന്നത്. എന്‍റെ ഗ്രാ‍മമായ ഭാരംഗിൽ 50 ശതമാനം ആളുകൾ മാത്രമാണ് ഇപ്പോഴും കൃഷിയിലേർപ്പെട്ടിരിക്കുന്നത്. ബാക്കിയുള്ളവർ കൃഷി ഉപേക്ഷിക്കുകയോ കുടിയേറുകയോ ഒക്കെ ചെയ്തിരിക്കുന്നു”, ദുലാരാം സഹാരണ്‍  പറഞ്ഞു.

തന്‍റെ വിളകളിലും കുറവ് വന്നിട്ടുണ്ടെന്ന് ഗാജുവാസ് ഗ്രാമത്തിലെ ധർമ്മപാൽ സഹാരണ്‍  പറഞ്ഞു. അതിനാൽ, വർഷത്തിൽ 3-4 മാസം അയാൾ ജയ്പുരിലേക്കോ ഗുജറാത്തിലെ മറ്റ് നഗരങ്ങളിലേക്കോ പോയി ടെമ്പോ ഡ്രൈവറായി ജോലി ചെയ്യുന്നു.

വിളനഷ്ടത്തിൽനിന്നുണ്ടാവുന്ന വരുമാനക്കുറവിൽനിന്ന് രക്ഷതേടി, ചുരുവിൽനിന്ന് ധാരാളം പേർ ഗൾഫ് നാടുകളിലേക്കും, കർണ്ണാടക, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിലെ ഫാക്ടറികളിലേക്കും തൊഴിൽതേടി പോവുന്നുണ്ടെന്ന് പ്രൊഫ. ഇസ്രാൻ പറഞ്ഞു. (സർക്കാർ നയങ്ങളിലെ പാളിച്ചമൂലം കന്നുകാലിക്കച്ചവടത്തിലുണ്ടായ തകർച്ചയാണ് മറ്റൊരു കാരണം. പക്ഷേ അത് മറ്റൊരു കഥയാണ്).

അടുത്ത പത്ത് വർഷത്തിനുള്ളിൽ, താപവർദ്ധനമൂലം “80 ദശലക്ഷം മുഴുവൻസമയ തൊഴിലിന് തുല്യമായ ഉത്പാദന നഷ്ടം“ ലോകത്ത് സംഭവിക്കുമെന്ന് ഐ.എൽ.ഓ. റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതായത്, നിലവില്‍ പറയുന്നതുപോലെ 21-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ആഗോള ഊഷ്മാവ് 1.5 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിക്കുകയാണെങ്കില്‍

*****

എന്തുകൊണ്ടാണ് ചുരുവിലെ കാലാവസ്ഥയിൽ മാറ്റം വരുന്നത്?

പാരിസ്ഥിതിക മലിനീകരണം എന്നാണ് പ്രൊഫ. ഇസ്രാനും മാധവ് ശർമ്മയും പറയുന്നത്. അത് ചൂടിനെ പിടിച്ചുവെക്കുകയും കാലാവസ്ഥാ രൂപക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. “ആഗോളതാപനവും കോൺക്രീറ്റുവത്ക്കരണവും മൂലമാണ് ചൂട് വർദ്ധിക്കുന്നത്. കാടുകൾ കുറഞ്ഞു. വാഹനങ്ങൾ കൂടി”, രാമസ്വരൂപ് സഹാരണ്‍  പറഞ്ഞു. താരാനഗർ തെഹ്സിലിലെ ഭാലേരി ഗ്രാമത്തിലെ മുൻ സ്കൂൾ പ്രിൻസിപ്പലും കർഷകനുമാണ് അദ്ദേഹം.

'After around 48 degrees Celsius,” says Dr. Sunil Jandu (left) in Churu town, even to people used to very high heat, 'every rise by a degree matters a lot'. Ramswaroop Saharan of Bhaleri village attributes the growing heat to global warming
PHOTO • Sharmila Joshi
'After around 48 degrees Celsius,” says Dr. Sunil Jandu (left) in Churu town, even to people used to very high heat, 'every rise by a degree matters a lot'. Ramswaroop Saharan of Bhaleri village attributes the growing heat to global warming
PHOTO • Sharmila Joshi

48 ഡിഗ്രി ചൂടിനുശേഷം താപനിലയിൽ വരുന്ന 'കേവലം ഒരു ഡിഗ്രി ചൂടുപോലും മനുഷ്യരെ സാരമായി ബാധിക്കാമെന്ന്', ചുരു പട്ടണത്തിലെ ഡോക്ടർ സുനിൽ ജണ്ഡു (ഇടത്ത്) പറയുന്നു. ഭാലേരി ഗ്രാമത്തിലെ രാംസ്വരൂപ് സഹരാന്‍റെ അഭിപ്രായത്തിൽ, 'ആഗോളതാപനമാണ് താപവർദ്ധനയ്ക്ക് കാരണം'

“വ്യവസായങ്ങൾ വളരുന്നു, ശീതീകരണയന്ത്രങ്ങളുടെ ഉപയോഗം വർദ്ധിച്ചു, കാറുകളുടെ എണ്ണം കൂടി. പരിസ്ഥിതി മലിനമായിരിക്കുന്നു. ഇതെല്ലാം ആഗോളതാപനത്തിനെ സഹായിച്ചു” എന്ന് ജയ്പുർ ആസ്ഥാനമായ മുതിർന്ന പത്രപ്രവർത്തകൻ നാരായൺ ബാരേഠ് പറഞ്ഞു.

‘താർ മരുഭൂമിയുടെ പ്രവേശനകവാടം’ എന്ന് ചിലയിടങ്ങളിൽ വിശേഷിപ്പിക്കുന്ന ചുരു, കാലാവസ്ഥാമാറ്റത്തിന്‍റെ ആഗോളശൃംഖലയിലെ കേവലം ഒരു ചെറിയ കണ്ണി മാത്രമാണ്. 1970-ന് ശേഷം ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലിലുണ്ടായിട്ടുള്ള വർദ്ധനയെക്കുറിച്ച് ആർ.എസ്.എ.പി.സി.സി. (Rajasthan State Action Plan on Climate Change) ചർച്ച ചെയ്യുന്നു. ഹരിതഗൃഹവാതകങ്ങളാൽ ഉണ്ടാകുന്ന വലിയ തോതിലുള്ള മാറ്റങ്ങളിലേക്ക് നയിക്കുന്ന, രാജസ്ഥാനിന് പുറത്തുള്ള ദേശീയമായ ഘടകങ്ങളിലേക്ക് അത് ശ്രദ്ധ പതിപ്പിക്കുന്നു. ഊർജ്ജമേഖലയിലും, ഫോസിൽ ഇന്ധനത്തിലുണ്ടാവുന്ന വർദ്ധനവിലും, വ്യവസായ പ്രക്രിയയുടെ വളർച്ചയിലും, കാർഷികമേഖലയിലെ പുറന്തള്ളലിലും ഭൂ ഉപയോഗത്തിലും, വനവത്ക്കരണത്തിലുമാണ് ഇവയിൽ പലതും സംഭവിക്കുന്നത്. കാലാവസ്ഥാ‍മാറ്റത്തിന്‍റെ സങ്കീർണ്ണമായ ശൃംഖലയിലെ സ്ഥിരമായി ചലിക്കുന്ന കണ്ണികളാണ് ഇവയോരോന്നും.

ചുരുവിലെ ഗ്രാമങ്ങളിലെ മനുഷ്യർ ഹരിതഗൃഹവാതകങ്ങളെക്കുറിച്ച് സംസാരിച്ചു എന്ന് വരില്ല. പക്ഷേ അതിന്‍റെ അനന്തരഫലങ്ങളിലാണ് അവർ ജീവിതം ജീവിച്ചുതീർക്കുന്നത്. “പണ്ടൊക്കെ, ഫാനുകളും ശീതീകരണികളുമില്ലാതെത്തന്നെ ചൂടിനെ ഞങ്ങൾ കൈകാര്യം ചെയ്തിരുന്നു. പക്ഷേ ഇപ്പോൾ അവയില്ലാതെ ഞങ്ങൾക്ക് ജീവിക്കാനാവില്ല”, ഹർദയാൽജി പറയുന്നു.

ദരിദ്ര്യ കുടുംബങ്ങൾക്ക് ഫാനുകളും എയർകണ്ടീഷനറുകളും താങ്ങാനാവില്ല. അസഹനീയമായ ചൂട് ച്ഛർദ്ദിയും വയറിളക്കവും മറ്റ് രോഗങ്ങളും ഉണ്ടാക്കുന്നു. അതിനായുള്ള ചികിത്സയും വീട്ടുചിലവിനെ ബാധിക്കുന്നു”, അമൃത കൂട്ടിച്ചേർത്തു.

ദിവസത്തിന്‍റെ അവസാനം, സുജാൻ‌ഗഢിലെ വീട്ടിലേക്കുള്ള ബസ്സ്പിടിക്കുന്നതിന് മുൻപ്, ഭഗ്‌വാനി ദേവി പറയുന്നു. “ഈ ചൂടിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടാണ്. തലചുറ്റലും ഛർദ്ദിയും അനുഭവപ്പെടും. അപ്പോൾ ഞങ്ങൾ മരച്ചോട്ടിൽ വിശ്രമിച്ച്, നാരങ്ങവെള്ളവും കുടിച്ച്, പിന്നെയും ജോലിക്കിറങ്ങും”.

ജയ്പുരിലെ നാരായൺ ബാരേഠ് , താരാനഗറിലെ നിർമ്മൽ പ്രജാപതി, ഉംറാവ് സിംഗ് എന്നിവർ, സുജാൻ‌ഗഢിലെ അമൃത ചൗ ധരി , ചുരു പട്ടണത്തിലെ ദലീപ് സര്‍വാഗ് എന്നിവരുടെ അകമഴിഞ്ഞ സഹായത്തിനും വിവരങ്ങൾക്കും ആത്മാർത്ഥമായ നന്ദിയോടെ.

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് യു.എന്‍.ഡി.പി.യുടെ സഹായത്തോടെ പാരി നടത്തുന്ന ദേശീയവ്യാപകമായ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റ് പ്രസ്തുത പ്രതിഭാസത്തെ സാധാരണക്കാരുടെ ശബ്ദങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിന്‍റെ ഭാഗമാണ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

പരിഭാഷ: രാജീവ് ചേലനാട്ട്

Reporter : Sharmila Joshi

ಶರ್ಮಿಳಾ ಜೋಶಿಯವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಮಾಜಿ ಕಾರ್ಯನಿರ್ವಾಹಕ ಸಂಪಾದಕಿ ಮತ್ತು ಬರಹಗಾರ್ತಿ ಮತ್ತು ಸಾಂದರ್ಭಿಕ ಶಿಕ್ಷಕಿ.

Other stories by Sharmila Joshi

ಪಿ. ಸಾಯಿನಾಥ್ ಅವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಸ್ಥಾಪಕ ಸಂಪಾದಕರು. ದಶಕಗಳಿಂದ ಗ್ರಾಮೀಣ ವರದಿಗಾರರಾಗಿರುವ ಅವರು 'ಎವೆರಿಬಡಿ ಲವ್ಸ್ ಎ ಗುಡ್ ಡ್ರಾಟ್' ಮತ್ತು 'ದಿ ಲಾಸ್ಟ್ ಹೀರೋಸ್: ಫೂಟ್ ಸೋಲ್ಜರ್ಸ್ ಆಫ್ ಇಂಡಿಯನ್ ಫ್ರೀಡಂ' ಎನ್ನುವ ಕೃತಿಗಳನ್ನು ರಚಿಸಿದ್ದಾರೆ.

Other stories by P. Sainath

ಪಿ. ಸಾಯಿನಾಥ್ ಅವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಸ್ಥಾಪಕ ಸಂಪಾದಕರು. ದಶಕಗಳಿಂದ ಗ್ರಾಮೀಣ ವರದಿಗಾರರಾಗಿರುವ ಅವರು 'ಎವೆರಿಬಡಿ ಲವ್ಸ್ ಎ ಗುಡ್ ಡ್ರಾಟ್' ಮತ್ತು 'ದಿ ಲಾಸ್ಟ್ ಹೀರೋಸ್: ಫೂಟ್ ಸೋಲ್ಜರ್ಸ್ ಆಫ್ ಇಂಡಿಯನ್ ಫ್ರೀಡಂ' ಎನ್ನುವ ಕೃತಿಗಳನ್ನು ರಚಿಸಿದ್ದಾರೆ.

Other stories by P. Sainath
Series Editors : Sharmila Joshi

ಶರ್ಮಿಳಾ ಜೋಶಿಯವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಮಾಜಿ ಕಾರ್ಯನಿರ್ವಾಹಕ ಸಂಪಾದಕಿ ಮತ್ತು ಬರಹಗಾರ್ತಿ ಮತ್ತು ಸಾಂದರ್ಭಿಕ ಶಿಕ್ಷಕಿ.

Other stories by Sharmila Joshi
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat