മഹാരാഷ്ട്ര ഗ്രാമങ്ങളിലെ സ്ത്രീകളുടെ ഒരുലക്ഷത്തിലധികം വരുന്ന നാടൻപാട്ടുകളിൽ ആദ്യത്തേത് കേൾക്കുക . അഭൂതപൂര്‍വ്വമായ രീതിയില്‍ പാരിയിൽ കൃത്യമായി നടന്നു കൊണ്ടിരിക്കുന്ന ഗ്രൈൻഡ്മിൽ സോങ്സ് പ്രോജക്റ്റാണിത്. ഇവയിൽ 30,000 എണ്ണം ഡിജിറ്റലായി റെക്കോര്‍ ഡ് ചെയ്യുകയും 40,000 എണ്ണത്തിലധികം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട് . ഈ കവിതാ - സംഗീത പാരമ്പര്യങ്ങളുടെ അസാധാരണമായ സംരക്ഷണ യജ്ഞത്തിൽ ആയിരത്തിലധികം ഗ്രാമങ്ങളിൽ നിന്നുള്ള 3,302 കലാകാരന്മാർ പങ്കെടുത്തു .

‘ഗ്രൈൻഡ്മിൽ സോങ്സ് പ്രോജക്റ്റി’ലേക്ക് സ്വാഗതം. തലമുറകളായി മഹാരാഷ്ട്രയിലെ സ്ത്രീകൾ വീട്ടിലെ ആട്ടുകല്ലുകള്‍ (ഇംഗ്ലീഷ്: ഗ്രൈൻഡ്മിൽ) ഉപയോഗിച്ചപ്പോഴും മറ്റു വീട്ടു ജോലികളില്‍ ഏർപ്പെട്ടുകൊണ്ടിരുന്നപ്പോഴും ചിട്ടപ്പെടുത്തുകയും പാടുകയും ചെയ്തിട്ടുള്ള ഒരുലക്ഷത്തിലധികം നാടൻ പാട്ടുകളുടെ സമാഹാരമാണ് പ്രസ്തുത പദ്ധതി.

അനേകം നരവംശശാസ്ത്രജ്ഞരുടെയും നാടോടി സംഗീത ഗവേഷകരുടെയും ദശാബ്ദങ്ങൾ നീണ്ടുനിന്ന വളരെ ശ്രദ്ധാപൂർവ്വമായ ഗവേഷണത്തിന്‍റെ പരിണതഫലമാണ് ഈ സംഗീത വിവരശേഖരം. സ്ത്രീകൾ ആട്ടുകല്ലിൽ പണിയെടുത്തിരുന്ന സമയത്ത് പാടിക്കൊണ്ടിരുന്ന ഗാനങ്ങളുടെ വലിയൊരു സഞ്ചയം റെക്കോർഡ് ചെയ്യുകയും പരിഭാഷപ്പെടുത്തുകയും രേഖപ്പെടുത്തി സൂക്ഷിക്കുകയും പുന:സൃഷ്ടിക്കുകയും ചെയ്യുക എന്ന ദീർഘകാല താൽപര്യമാണ് ഈ പ്രോജക്റ്റിനു പ്രചോദനമായത്. കൈകൊണ്ടു പ്രവർത്തിപ്പിച്ചിരുന്ന ആട്ടുകല്ലുകളുടെ സ്ഥാനത്ത് മോട്ടോറുകളുടെ സഹായത്താൽ പ്രവർത്തിക്കുന്ന ഗ്രൈൻഡ്മില്ലുകൾ വന്നതോടുകൂടി ആട്ടുകല്ലിൽ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തികൾ കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ട് വലിയൊരളവോളം ഇല്ലാതായിക്കഴിഞ്ഞു.

അസാധാരണമായ ഈ പദ്ധതിയിലൂടെ സമാഹരിച്ചിരിക്കുന്ന ഗാനങ്ങൾ ഗ്രാമീണ ജീവിതം-സംസ്കാരം, ലിംഗഭേദം, വർഗ്ഗ-ജാതി പ്രശ്നങ്ങൾ, മതം, സ്ത്രീകൾക്ക് കുട്ടികളോടും ഭർത്താക്കന്മാരോടും സഹോദരങ്ങളോടും സമുദായങ്ങളോടുമുള്ള ബന്ധം, വിവിധ സമകാലിക സാമൂഹ്യ-രാഷ്ട്രീയ താൽപര്യങ്ങൾ എന്നിവയെക്കുറിച്ചൊക്കെ  ഉൾക്കാഴ്ച നൽകുന്നു.

ഈ സംഗീത സഞ്ചയം ഗ്രാമീണ മഹാരാഷ്ട്രയിലെ സ്ത്രീകളുടെ നിശ്ചയദാർഢ്യത്തിനും കലാ ചാതുരിക്കുമായി വെബ്സൈറ്റില്‍ തുറന്നു തരുന്നതില്‍ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ അഭിമാനിക്കുന്നു. ഇതിന്‍റെ സമാരംഭം 2017 മാർച്ച് 8-നു നടന്ന അന്താരാഷ്ട്ര വനിതാ ദിനത്തെ ആദരിക്കുകയും ചെയ്തു.

ഗ്രൈൻഡ്മിൽ സോങ്സ് ശേഖരം ആവിഷ്കരിച്ചത് സാമൂഹിക പ്രവർത്തകരും ശ്രദ്ധേയരായ പണ്ഡിതരുമായ ഹേമാ റായിര്‍ക്കറും ഗി പോയ്ടെവിനുമാണ് ( Guy Poitevin ). ഇവർ രണ്ടുപേരും ചേർന്നായിരുന്നു പൂനെയിലെ സെൻറർ ഫോർ കോ-ഓപ്പറേറ്റീവ് റിസർച്ച് ഇൻ സോഷ്യൽ സയൻസസ് സ്ഥാപിച്ചതും. ഇരുപതിലധികം വർഷങ്ങളെടുത്ത് 110,000-ലധികം നാടൻ പാട്ടുകൾ അവർ ഒരുമിച്ചു ചേർന്ന് പകർത്തി എഴുതിയിട്ടുണ്ട്.

എഴുത്തുകളുടെയും വ്യാഖ്യാനങ്ങളുടെയും ഒരു ശേഖരം ഉണ്ടാക്കിക്കൊണ്ടും 120 മണിക്കൂറുകളിലധികം വരുന്ന ശബ്ദം റെക്കോർഡ് ചെയ്തു കൊണ്ടും ഫ്രഞ്ച് നാഷണൽ സെന്‍റർ ഫോർ സയന്‍റിഫിക് റിസർച്ചിൽ എൻജിനീയയായിരുന്ന കമ്പ്യൂട്ടേഷണൽ മ്യൂസിക്കോളജിസ്റ്റ് ബെർണാഡ് ബെൽ 1990-കളിൽ ഈ പ്രോജക്റ്റിനോടു ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള ‘ആർക്കൈവ്സ് ആൻഡ് റിസർച്ച് സെന്‍റർ ഫോർ എത്നോമ്യൂസിക്കോളജി’ ഇത് സംരംക്ഷിച്ചു പോന്നു. പിന്നീടത് ഫ്രാൻസിലെ ഐക്സൻ പ്രദേശത്തുള്ള സ്പീച്ച് ആൻഡ് ലാംഗ്വേജ് ഡേറ്റ റിപ്പോസിറ്ററിയിലേക്കു മാറ്റി. പ്രൊഫ: ബെല്ലും ഇതില്‍ പ്രവര്‍ത്തിച്ചിരുന്നു. അവിടെ ഗ്രൈൻഡ്മിൽ ഗാന ശേഖരം ഓപ്പൺ ആർക്കൈവൽ ഇൻഫർമേഷൻ സിസ്റ്റത്തിന്‍റെ ആദിരൂപമായിത്തീരുകയും മാനവികതയുമായി ബന്ധപ്പെട്ട് തുടർന്നുണ്ടായിട്ടുള്ള ഡിജിറ്റൽ ഉദ്യമങ്ങൾക്ക് വഴികാട്ടിയായിത്തീരുകയും ചെയ്തു.

1993-നും 1998-നും ഇടയിൽ ഗ്രൈൻഡ്മിൽ സോങ്സ് പ്രോജക്റ്റ് യുനെസ്കോ, നെതർലൻഡ്സ് മിനിസ്ട്രി ഫോർ ഡെവലപ്മെൻറ് കോ-ഓപ്പറേഷൻ, ചാൾസ് ലിയോപോൾഡ് മേയർ ഫൗണ്ടേഷൻ എന്നിവിടങ്ങളിൽ നിന്നും സാമ്പത്തികസഹായം സ്വീകരിച്ചിട്ടുണ്ട്.

"ഗ്രൈൻഡ്മിൽ സഞ്ചയം രേഖപ്പെടുത്തി സൂക്ഷിക്കുക (documentation)/ ക്രമീകരിക്കുക/ പരിഭാഷപ്പെടുത്തുക എന്നീ ജോലികളൊക്കെ പൂർത്തിയാക്കിയതിലും പൊതുവായി ലഭ്യമാകുന്ന തരത്തില്‍ അവ പ്രസിദ്ധീകരിച്ചതിലും ഹേമാ റായിര്‍ക്കറോടും ഗി പോയ്ടെവിനോടും എനിക്ക് വ്യക്തിപരമായ കടപ്പാടുണ്ട്”, പ്രൊഫ: ബെൽ പറഞ്ഞു. “പൂനയിൽ പ്രവർത്തിക്കുന്ന ഗ്രൈൻഡ്മിൽ സംഗീത വിദഗ്ദരുടെ സംഘത്തിന് ഞാൻ 2015 ജനുവരിയിൽ സാമഗ്രികൾ നൽകിയതോടുകൂടി പ്രോജക്റ്റ് പുനരുദ്ധരിക്കപ്പെട്ടു. പാട്ടുകള്‍  പ്രസിദ്ധീകരിക്കുന്നതിനായി തുടക്കത്തിലുള്ള  മാതൃകയ്ക്കു വേണ്ടി ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചു. വിവര ശേഖരങ്ങൾ പുനരാവിഷ്കരിച്ചുകൊണ്ടും ദേവനാഗിരി രീതിയിൽ കോഡ് ചെയ്തിരിക്കുന്ന എഴുത്തുകളെ മറ്റൊരുതരത്തിൽ കോഡ് ചെയ്തുകൊണ്ടും ഗൗരവതരമായ ഒരു പ്രയത്നം അതിന് ആവശ്യമായിരുന്നു.”

പാരി കൂടി ഉൾപ്പെട്ടതോടുകൂടി പുതിയതും പഴയതുമായ സഹകാരികളോടൊപ്പം ഈ അടുത്ത സമയത്ത് പ്രോജക്റ്റ് പുനരുദ്ധരിക്കപ്പെട്ടു. പൂനെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സിലെ മുൻ ഡോക്യുമെന്‍റേഷൻ ഓഫീസറായ ആശാ ഒഗാലെയും അവരുടെ സഹപ്രവർത്തകരായ രജനി ഖലദ്കറും ജിതേന്ദ്ര മൈഡും ചേർന്നാണ് പരിഭാഷപ്പെടുത്തിയിട്ടില്ലാത്ത എഴുപതിനായിരത്തിലധികം വരുന്ന ഗാനങ്ങൾ കൈകാര്യം ചെയ്യുന്നത്. മറാത്തി ഭാഷയെക്കുറിച്ചും ഗ്രാമീണ ജീവിതത്തെക്കുറിച്ചുമുള്ള അവരുടെ കൂട്ടായ ആഴത്തിലുള്ള അറിവ് പരിഭാഷാ ഉദ്യമത്തിന് അമൂല്യമായ ഒരു അവസരമാണ് ഒരുക്കുന്നത്.

2016-ൽ ഹരിയാനയിലെ സോനിപതിലെ അശോകാ സർവ്വകലാശാലയുമായി, അവിടുത്തെ രാഷ്ട്രമീമാംസ അസിസ്റ്റൻറ് പ്രൊഫസറായ ജിൽസ് വെർണിയേഴ്സിന്‍റെ ( Gilles Verniers ) നേതൃത്വത്തിൽ, ഒരു പങ്കാളിത്തവും സ്ഥാപിക്കപ്പെട്ടു. 2016-17-ലെ യങ് ഇന്ത്യ ഫെലോഷിപ് വിഭാഗം – മെഹേരിഷ് ദേവകി, സ്നേഹാ മാധുരി, പൂർണ്ണപ്രജ്ഞ കുൽക്കർണി - പരിഭാഷകൾ അവലോകനം ചെയ്യുകയും കൂടുതലായി വേണ്ടിവരുന്ന ആർക്കൈവൽ സഹായങ്ങൾ നൽകുകയും ചെയ്യുന്നു. പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ അതിന്‍റെ മാനേജിങ് എഡിറ്ററായ നമിതാ വൈകറാണ് ഗ്രൈൻഡ്മിൽ സോങ്സ് പ്രോജക്റ്റിന്‍റെ മേൽനോട്ടം വഹിക്കുന്നത്. അമേരിക്കൻ ഇന്ത്യാ ഫൗണ്ടേഷൻ ക്ലിന്‍റൺ ഫെലോ ആയ ഒലീവിയ വാറിംഗും വിവരശേഖര സമ്പാദനത്തിനുവേണ്ട സംഭാവനകൾ നൽകുന്നു.

ഭീംസെൻ നാണേക്കർ (അഭിമുഖം നടത്തിയയാൾ), ദത്ത ശിന്ദെ (ഗവേഷക പങ്കാളി), മാളവിക താലൂദ്കർ (ഫോട്ടോഗ്രാഫർ), ലതാ ഭോറേ (ഡാറ്റാ ഇന്‍പുട്ട്/വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് കൈമാറൽ), ഗജരാജബായ് ധരേക്കർ (പകർത്തിയെഴുത്ത്) എന്നിവരായിരുന്നു പ്രോജക്റ്റിനു ഗണ്യമായ സംഭാവനകൾ നൽകിയവരിൽ പ്രധാനികൾ.

പ്രോജക്റ്റിന്‍റെ പ്രധാന പങ്കാളിയും പാട്ടുകാരിയുമായ ഗംഗുബായ് അമ്പോറെ പാട്ടുകള്‍ അവതരിപ്പിക്കുന്നതിന്‍റെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ വീഡിയോകളും ഫോട്ടോഗ്രാഫുകളും ആൻഡ്രിയൻ ബെല്ലാണ് ചെയ്തിട്ടുള്ളത്.

പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിലേക്ക് ഏറ്റവും അവസാനം കൂട്ടിച്ചേർക്കപ്പെട്ട ഈ സംരംഭം വരും മാസങ്ങളിലും വർഷങ്ങളിലും വർദ്ധിതമായ രീതിയിൽ ശ്രദ്ധിക്കപ്പെടും. എല്ലാ ഗ്രൈൻഡ്മിൽ സോങ്സ് പങ്കാളികൾക്കും പാരി അതിന്‍റെ ഹൃദയംഗമായ നന്ദി അറിയിച്ചുകൊള്ളുന്നു. പ്രത്യേകിച്ച് പാടപ്പെടാതെപോയ ഗ്രാമീണ മഹാരാഷ്ട്രയിലെ ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതങ്ങളെയും നേട്ടങ്ങളെയും അംഗീകരിക്കുന്നു. പക്ഷെ അവർക്കുവേണ്ടി പാട്ടുകളുമില്ല വിവര ശേഖരങ്ങളുമില്ല.


അവതാരക/ പാട്ടുകാരി: ഗംഗുബായ് അമ്പോറെ

ഗ്രാമം: താഡ്കലസ്

താലൂക്ക് : പൂർണ്ണ

ജില്ല : പർഭണി

ലിംഗം: സ്ത്രീ

ജാതി : മറാത്താ

പ്രായം : 56

വിദ്യാഭ്യാസം : ഇല്ല

മക്കൾ : ഒരു മകൾ

തൊഴിൽ : 14 ഏക്കർ സ്ഥലം ഉള്ള ഒരു കുടുംബത്തിൽ നിന്നും വരുന്നു. ഉപേക്ഷിക്കപ്പെട്ട അവർ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽ ജീവിച്ചു.

തീയതി : 1996 ഏപ്രിൽ 7-നും 1997 ഫെബ്രുവരി 5-നുമാണ് അവരുമായി നടത്തിയ ഇന്‍റർവ്യൂവും അവരുടെ പാട്ടുകളും റെക്കോർഡ് ചെയ്തത്.

കാട്ടിൽ, മരങ്ങളിൽ, ആരാണു കരയുന്നത്? ശ്രദ്ധിക്കൂ!
ബോരി-ബാഭലി [ജുജുബെ അക്കേഷ്യാ മരങ്ങൾ] സീതയെ കേൾക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന ‘സ്ത്രീകൾ’ ആണ്.


കുറിപ്പ്: ഈ പാട്ടില്‍ സീത കരയുന്നു. അവർ വനത്തിലാണ് – രാമായണം പറയുന്നതുപോലെ രാമഭഗവാനാൽ ശിക്ഷിക്കപ്പെട്ട അവർ വനത്തിലേക്ക് അയയ്ക്കപ്പെട്ടു. അവർ ഒറ്റയ്ക്കാണ്. ബോറി (ജുജുബെ), ബാഭലി (അക്കേഷ്യ) മരങ്ങൾ മാത്രമാണ് ദുഃഖം പങ്കിടാൻ അവർക്ക് ആകെയുള്ള സുഹൃത്തുക്കൾ. പിളർപ്പുള്ള തോലുകളോടു കൂടിയതാണ് മുള്ളുകൾ നിറഞ്ഞ ഈ മരം. അവയുടെ അവസ്ഥ സമൂഹത്തിലെ സ്ത്രീകളുടെ മുള്ളുകൾ നിറഞ്ഞ, അസമത്വം നിറഞ്ഞ, പദവിയെ സൂചിപ്പിക്കുന്നുവെന്നാണ് പാട്ട് ഉദ്ദേശിക്കുന്നത്. ഈ ഈ മരങ്ങൾ സ്ത്രീകളുടെ രൂപത്തിൽ സീതയെ ആശ്വസിപ്പിക്കുകയും തങ്ങളും സീതയെപ്പോലെ ഒറ്റയ്ക്കായവരും പാർശ്വവത്കൃതരും ആണെന്ന് അവരോടു പറയുകയും ചെയ്യുന്നു. ഈ പാട്ടുകൾ പാടുന്ന ഗംഗുബായി അമ്പോറെ അവരെത്തന്നെയാണ് കരയുന്ന സീതയിൽ കാണുന്നത്.


പർഭണി ജില്ലയിലെ തദ്കലാസ് ഗ്രാമത്തിലെ ഗംഗുബായി അമ്പോറെയാണ് ദുഃഖം നിറഞ്ഞ പാട്ടുകൾ പാടിയത് . വർഷങ്ങളായുള്ള ഏകാന്തത അവരുടെ ശബ്ദങ്ങളിൽ കാണാം . ഇത് കേൾവിക്കാരെ പിടിച്ചിരുത്തുന്നു.

വായിക്കുക ജിതേന്ദ്രാ മൈഡ് തയ്യാറാക്കിയ Gangubai: village voice, Marathi soul

പോസ്റ്റർ : ആദിത്യാ ദീപാങ്കർ , ശ്രേയാ കാർത്യായനി , സിഞ്ചിത മാജി

പരിഭാഷ: റെന്നിമോന്‍ കെ. സി.

PARI GSP Team

ʼಪರಿʼ ಗ್ರೈಂಡ್‌ಮಿಲ್ ಸಾಂಗ್ಸ್ ಪ್ರಾಜೆಕ್ಟ್ ತಂಡ: ಆಶಾ ಒಗಲೆ (ಅನುವಾದ); ಬರ್ನಾರ್ಡ್ ಬೆಲ್ (ಡಿಜಿಟಲೀಕರಣ, ಡೇಟಾಬೇಸ್ ವಿನ್ಯಾಸ, ಅಭಿವೃದ್ಧಿ ಮತ್ತು ನಿರ್ವಹಣೆ); ಜಿತೇಂದ್ರ ಮೇಡ್ (ಪ್ರತಿಲೇಖನ, ಅನುವಾದ ಸಹಾಯ); ನಮಿತಾ ವಾಯ್ಕರ್ (ಪ್ರಾಜೆಕ್ಟ್ ಲೀಡ್ ಮತ್ತು ಕ್ಯುರೇಶನ್); ರಜನಿ ಖಲಡ್ಕರ್ (ಡೇಟಾ ಎಂಟ್ರಿ).

Other stories by PARI GSP Team
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.