2021 ജൂലായിൽ പ്രളയജലം വീട്ടിലേക്ക് കയറിയപ്പോൾ, സ്വത്തുവകകളെല്ലാം ഉപേക്ഷിച്ച് ശുഭാംഗി കാംബ്ലെ സ്ഥലം വിട്ടു.പോകുന്നതിനിടയ്ക്ക്, രണ്ട് നോട്ടുബുക്കുകൾ മാത്രം അവർ ധൃതിയിൽ കൈയ്യിലെടുത്തു.

പിന്നീടുള്ള ആഴ്ചകളിലും മാസങ്ങളിലും ഈ രണ്ട് പുസ്തകങ്ങൾ - 172 പേജുകൾ വീതമുള്ള രണ്ട് പുസ്തകങ്ങൾ - പലരുടേയും ജീവൻ രക്ഷിക്കാൻ അവരെ സഹായിച്ചു.

കാരണം, അപ്പോൾ, മഹാരാഷ്ട്രയിലെ കോലാപ്പുർ ജില്ലയിലെ അവരുടെ ഗ്രാമമായ അർജുൻ‌വാഡ് മറ്റൊരു ദുരന്തത്തെ നേരിടുകയായിരുന്നു. കോവിഡ്-19 കേസുകളുടെ വർദ്ധനയെ. ശുഭാംഗിയുടെ ആ നോട്ടുബുക്കുകളിൽ, ഗ്രാമത്തിലെ കൊറോണ വൈറസ് കേസുകളെ സംബന്ധിച്ച എല്ലാ വിവരങ്ങളും വൃത്തിയായി രേഖപ്പെടുത്തിയിരുന്നു. ആളുകളുടെ പേരുകൾ, ബന്ധപ്പെടേണ്ട് നമ്പറുകൾ, മേൽ‌വിലാസം, രോഗവിവരങ്ങൾ, ആരോഗ്യരേഖകൾ, എല്ലാം.

കോവിഡ് റിപ്പോർട്ടുകൾ (ഗ്രാമത്തിൽ നടത്തിയ ആർ ടി – പി.സിആർ പരിശോധനകൾ) ആദ്യം എനിക്കാണ് വന്നിരുന്നത്”, 33 വയസ്സുള്ള ആ ആശ പ്രവർത്തക പറയുന്നു. 2005-ലെ ദേശീയ ഗ്രാമീണാരോഗ്യ മിഷൻ‌വഴി നിയമിച്ച ഇന്ത്യയിലെ ദശലക്ഷം സാമൂഹികാരോഗ്യ പ്രവർത്തകരിൽ (അക്രഡിറ്റഡ് സോഷ്യൽ ഹെൽ‌ത്ത് ആക്ടിവിസ്റ്റ് – ആശ) ഒരാളായിരുന്നു അവർ. ശിരോൾ താലൂക്കിലെ പ്രളയ ദുരിതാശ്വാസക്യാമ്പിലേക്ക് താമസം മാറ്റിയ ഒരു കോവിഡ് ബാധിതനെ തിരിച്ചറിയാൻ ശുഭാംഗിയുടെ ആ നോട്ടുബുക്കുകളിൽനിന്ന് സാധിച്ചു. ആ ഒരാളിൽനിന്ന് 5,000-ത്തോളം ആളുകൾക്ക് കോവിഡ് പകരാൻ സാധ്യതയുണ്ടായിരുന്നു.

“പ്രളയം കാരണം, മിക്ക ആളുകളുടേയും ഫോണുകൾ പ്രവർത്തനരഹിതമായിരുന്നു. അതല്ലെങ്കിൽ നെറ്റ്‌വർക്ക് മോശവും”, അവർ പറയുന്നു. 15 കിലോമീറ്റർ അകലെയുള്ള, തെർവാദിലെ അമ്മയുടെ വീട്ടിലേക്ക് താമസം മാറ്റിയ ശുഭാംഗി ഉടനേ തന്റെ നോട്ടുബുക്ക് നോക്കി, ക്യാമ്പിലെ മറ്റുള്ളവരുടെ നമ്പർ തപ്പിയെടുത്തു. “ആ കോവിഡ് ബാധിതനുമായി ബന്ധപ്പെടാൻ എങ്ങിനെയോ എനിക്ക് സാധിച്ചു”.

A house in Arjunwad village that was destroyed by the floods in 2019
PHOTO • Sanket Jain

2019-ലെ പ്രളയത്തിൽ തകർന്ന, അർജുൻ‌വാദ് ഗ്രാമത്തിലെ ഒരു വീട്

An ASHA worker examining the damage in the public health sub-centre in Kolhapur's Bhendavade village, which was ravaged by the floods in 2021
PHOTO • Sanket Jain
Medical supplies destroyed in the deluge
PHOTO • Sanket Jain

ഇടത്ത്: 2021-ലെ പ്രളയത്തിൽ തകർന്ന കോലാപ്പുരിലെ ഭെണ്ടാവദെ ഗ്രാമത്തിലെ പൊതുജനാരോഗ്യ ഉപകേന്ദ്രത്തിന്റെ കേടുപാടുകൾ പരിശോധിക്കുന്ന ഒരു ആശാപ്രവർത്തക

സമീപത്തുള്ള അഗർ ഗ്രാമത്തിലെ കോവിഡ് സെന്ററിൽ ഒരു കട്ടിൽ സംഘടിപ്പിക്കാനും, രോഗിയെ അതിലേക്ക് മാറ്റാനും അവർ ഒരുക്കങ്ങൾ ചെയ്തു. “ആ നോട്ടുബുക്ക് എടുത്തില്ലായിരുന്നെങ്കിൽ നൂറുകണക്കിനാളുകൾക്ക് വൈറസ് ബാധ ഉണ്ടായേനേ”, ശുഭാംഗി പറയുന്നു.

ഇതാദ്യമായിട്ടല്ല ശുഭാംഗി തന്റെ ഗ്രാമത്തിനെ ഒരു മുഖ്യ പ്രതിസന്ധിയിൽനിന്ന് രക്ഷിക്കുന്നതും തന്റെ വ്യക്തിപരമായ സുരക്ഷയേക്കാൾ തന്റെ കർത്തവ്യത്തിന് പ്രാധാന്യം കൊടുക്കുന്നതും.. 2019 ഓഗസ്റ്റിൽ, പ്രളയത്തിനുശേഷം തന്റെ തകർന്നുപോയ വീടിന്റെ കാര്യങ്ങൾ ശരിയാക്കുന്നതിനുമുന്നേ അവർ ജോലിക്ക് ഹാജരാവുകയാണ് ചെയ്തത്. “പഞ്ചായത്തിന്റെ ആവശ്യപ്രകാരം, ഗ്രാമത്തിന് പൊതുവായുണ്ടായ കേടുപാടുകൾ പരിശോധിക്കുന്ന തിരക്കിലായിരുന്നു ഞാൻ”, അവർ പറയുന്നു.

അതിനുശേഷമുള്ള മൂന്ന് മാസക്കാലത്തോളം, അവർ ഗ്രാമത്തിലുടനീളം പോയി, പ്രളയത്തെ അതിജീവിച്ചവരുമായി സംസാരിക്കുകയും, നാശനഷ്ടങ്ങൾ വിലയിരുത്തുകയും ചെയ്തു. കണ്ടതും കേട്ടതുമായ കാര്യങ്ങൾ അവരെ വല്ലാതെ അസ്വസ്ഥയാക്കി. താൻ പരിശോധിച്ച 1,100 വീടുകളുടെ നഷ്ടങ്ങൾ കണക്കാക്കാൻ തുടങ്ങിയപ്പോൾ മാനസികസമ്മർദ്ദവും ആകാക്ഷയും അനുഭവപ്പെടാൻ തുടങ്ങി.

“ഞാനെന്റെ മാനസികാരോഗ്യത്തെ അവഗണിക്കുകയായിരുന്നു. പക്ഷേ വേറെ എന്ത് വഴിയാണുള്ളത്?”, അവർ ചോദിക്കുന്നു.

പ്രളയം തീർത്ത മാനസികസമ്മർദ്ദത്തിൽനിന്ന് കരകയറുന്നതിനുമുന്നേ, 2020-ൽ കോവിഡ് ആശ്വാസപ്രവർത്തനങ്ങളുടെ മുൻ‌പന്തിയിലേക്ക് എടുത്തുചാടേണ്ടിവന്നു അവർക്ക്. മഹാവ്യാധി പടർന്നുപിടിക്കുമ്പോൾത്തന്നെ, 2021-ജൂലായിലെ പ്രളയബാധിതരെ സഹായിക്കാൻ അവർ മടങ്ങിവന്നു. “പ്രളയും കോവിഡും ഒരുമിച്ച് വന്നപ്പോൾ സങ്കല്പിക്കാനാവുന്നതിനേക്കാളേറെ വലിയ ദുരന്തമായി അത് മാറി”, ശുഭാംഗി പറയുന്നു.

മാനസികാരോഗ്യത്തെ തുടർച്ചയായി അവഗണിച്ചത് വേറെ ചില വഴികളിലൂടെ വെളിയിൽ പ്രത്യക്ഷപ്പെടാ‍ൻ തുടങ്ങി.

2022 ഏപ്രിൽ മാസം, അവർക്ക് ന്യൂമോണിയയും ചെറിയ അളവിലുള്ള വിളർച്ചയും ബാധിച്ചു. “എട്ടുദിവസത്തോളം പനിക്കുന്നതുപോലെ തോന്നി. എങ്കിലും ജോലിത്തിരക്ക് കാരണം, ഞാൻ ആ ലക്ഷണങ്ങൾ അവഗണിച്ചു”, അവർ പറയുന്നു. ഹീമോഗ്ലോബിൻ അളവ് 7.9-ലേക്ക് താഴുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.. സ്ത്രീകൾക്ക് ഒരു ഡെസിലിറ്റർ രക്തത്തിൽ 12 മുതൽ 16 ഗ്രാംവരെ ഹീമോഗ്ലോബിൻ അളവ് ഉണ്ടാവണമെന്നാണ് വൈദ്യശാസ്ത്രം അനുശാസിക്കുന്നത്.

ASHA worker Shubhangi Kamble’s X-ray report. In April 2022, she was diagnosed with pneumonia and also moderate anaemia
PHOTO • Sanket Jain
Shubhangi walking to a remote part of Arjunwad village to conduct health care surveys. ASHAs like her deal with rains, heat waves and floods without any aids
PHOTO • Sanket Jain

ഇടത്ത്: ആശാപ്രവർത്തകയായ ശുഭാംഗി കാംബെയുടെ എക്സ്‌റേ റിപ്പോർട്ട്. 2022 ഏപ്രിലിൽ അവർക്ക് ന്യൂമോണിയയും ചെറിയ അളവിലുള്ള വിളർച്ചയും ബാധിച്ചു. വലത്ത്: ആരോഗ്യ പരിരക്ഷാ സർവ്വേ നടത്താൻ അർജുൻ‌വാദ് ഗ്രാമത്തിന്റെ വിദൂരപ്രദേശത്തേക്ക് നടന്നുപോവുന്ന ശുഭാംഗി. അവരെപ്പോലെയുള്ള ആശാപ്രവർത്തകർക്ക്, മഴയും, ചുടുകാറ്റും, പ്രളയവുമൊക്കെ കൈകാര്യം ചെയ്യേണ്ടിവരുന്നു

രണ്ട് മാസങ്ങൾ കഴിഞ്ഞ്, ആരോഗ്യം ഒന്ന് വീണ്ടെടുത്തപ്പോഴേക്കും അവരുടെ ഗ്രാമം, മറ്റൊരു പേമാരിക്ക് സാക്ഷിയായി. പ്രളയജലം കയറുന്നത് കണ്ട്, വീണ്ടും ശുഭാംഗിക്ക് സംഘർഷം അനുഭവപ്പെടാൻ തുടങ്ങി. “ഒരിക്കൽ ഞങ്ങൾ മഴയ്ക്കുവേണ്ടി കാത്തിരിക്കാറുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ, ഞങ്ങൾ മറ്റൊരു പ്രളയമുണ്ടാവുമോ എന്ന് ഭയക്കുന്നു”, അവർ പറയുന്നു. “ഈ ഓഗസ്റ്റിൽ വെള്ളം അത്ര പെട്ടെന്നാണ് പൊങ്ങിയത്. കുറേ ദിവസങ്ങൾ എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല”. ( കോലാപ്പൂരിൽ അത്‌ലറ്റുകൾ നിരാശയിലാഴുന്നു എന്ന ലേഖനവും വായിക്കാം).

തുടർച്ചയായി ചികിത്സകൾ നടത്തിയിട്ടും, ശുഭാംഗിയുടെ ഹീമോഗ്ലോബിൻ അളവ് കൂടുകയുണ്ടായില്ല. തലചുറ്റലും ക്ഷീണവും അനുഭവപ്പെട്ടെന്നും അവർ പറയുന്നു. എന്നാലും വിശ്രമവും, രോഗവിമുക്തിയും ഉണ്ടായതുമില്ല. “ആശാപ്രവർത്തകർ എന്ന നിലയ്ക്ക്, സ്വയം ബുദ്ധിമുട്ടുകൾ നേരിടുമ്പോഴും.

*****

ശിരോളിലെ ഗണേശ്‌വാഡി ഗ്രാമത്തിലെ 38 വയസ്സുള്ള ആശാ പ്രവർത്തക ഛായാ കാംബ്ലെ 2001-ലെ പ്രളയത്തിന്റെ വിശദാംശങ്ങൾ ഓർക്കുന്നുണ്ട്. രക്ഷപ്പെടുത്താനുള്ള ബോട്ട്, ഞങ്ങളുടെ വീടിന്റെ മുകളിലൂടെയായിരുന്നു പോയിരുന്നത്”, അവർ പറയുന്നു.

ശുഭാംഗിയെപ്പോലെ ഛായയും, പ്രളയജലം താഴ്ന്നയുടനേ ജോലിയിലേക്ക് തിരിച്ചുവന്നു. വീടിന്റെ കാര്യം പിന്നത്തേക്ക് മാറ്റിവെച്ചു അവരും. ഞങ്ങളെല്ലാവരും (ഗണേശ്‌വാഡിയിലെ ആശാപ്രവർത്തകർ) ആദ്യം സബ് സെന്ററിലേക്ക് പോയി”, അവർ പറയുന്നു. പ്രളയത്തിലെ സബ് സെന്റർ കെട്ടിടത്തിന് കേടുപാടുകൾ വന്നതുകൊണ്ട്, അവർ അടുത്തുള്ള വീട്ടിൽ താത്ക്കാലികമായി ഒരു സംവിധാനമുണ്ടാക്കി.

“ന്യൂമോണിയ, കോളറയും ത്വഗ്രോഗങ്ങളും, പനിയും ബാധിച്ചവർ എല്ലാ ദിവസവും എത്താറുണ്ടായിരുന്നു”, ഒരു ദിവസം‌പോലും ഒഴിവില്ലാതെ, ഒരു മാസത്തോളം നീണ്ടുനിന്നു ആ ജോലി.

Chhaya Kamble (right) conducting a health survey in Ganeshwadi village
PHOTO • Sanket Jain

ഗണേശ്‌വാഡി ഗ്രാമത്തിൽ ആരോഗ്യ സർവേ നടത്തുന്ന ഛായാ കാംബ്ലെ (വലത്ത്)

Chhaya says the changes in climate and the recurring floods have affected her mental health
PHOTO • Sanket Jain
PHOTO • Sanket Jain

ഇടത്ത്: കാലാവസ്ഥാ മാറ്റവും അടിയ്ക്കടി ഉണ്ടാവുന്ന പ്രളയവും തന്റെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്ന് ഛായ പറയുന്നു. വലത്ത്: ഇവിടെ അവർ സർവേ റിക്കാർഡുകൾ സമാഹരിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നു

“എല്ലാവരും കരയുന്നത് കാണുമ്പോൾ നമ്മളെയും അത് ബാധിക്കില്ലേ? നിർഭാഗ്യവശാൽ മാനസികാരോഗ്യം പരിശോധിക്കാൻ ഒരു സൌകര്യങ്ങളുമില്ല. പിന്നെ എങ്ങിനെയാണ് രോഗം ഭേദമാവുക?”, ഛായ ചോദിക്കുന്നു. ഛായയുടെ രോഗവും മാറിയിട്ടില്ല.

അവളുടെ മാനസികസംഘർഷങ്ങൾ വർദ്ധിക്കാൻ തുടങ്ങുകയും ശ്വാസോച്ഛ്വാസത്തിന് തടസ്സം അനുഭവപ്പെടുകയും ചെയ്തു. “ജോലിഭാരംകൊണ്ടായിരിക്കുമെന്ന് കരുതി ഞാനത് അവഗണിച്ചുകൊണ്ടേയിരുന്നു”, ഏതാനും മാസം കഴിഞ്ഞപ്പോൾ അവർക്ക് ആസ്ത്‌മ സ്ഥിരീകരിച്ചു. “മാ‍നസികസംഘർഷംകൊണ്ടാണെന്ന് ഡോക്ടർ പറഞ്ഞു”, അവർ പറയുന്നു. മാനസിക സംഘർഷവും ആസ്ത്‌മയും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിരവധി പഠനങ്ങളുണ്ട് .

മരുന്നുകൾ ഛായയ്ക്ക് സഹായകമായെങ്കിലും കാലാവസ്ഥയിലെ മാറ്റങ്ങളെക്കുറിച്ച് ആശങ്കപ്പെടാതിരിക്കാൻ അവർക്കാവുന്നില്ല. ഈ വർഷത്തെ മാർച്ച്-ഏപ്രിലിലെ ചുടുകാറ്റിന്റെ സമയത്ത്, അവർക്ക് തലചുറ്റലും ശ്വാസതടസ്സവും ഇടയ്ക്കിടയ്ക്ക് അനുഭവപ്പെട്ടിരുന്നു.

“ആ കാലത്ത് ജോലി ചെയ്യാൻ നല്ല ബുദ്ധിമുട്ടാണ്. തൊലി ചുട്ടുപൊള്ളുന്നതുപോലെ തോന്നി”, അവർ ഓർമ്മിക്കുന്നു. ഉയർന്ന അന്തരീക്ഷോഷ്മാവ് ബുദ്ധിയുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുകയും, ആത്മഹത്യാനിരക്ക് , അക്രമം, കൈയ്യേറ്റം എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഛായയുടേതിന് സമാനമായ രോഗലക്ഷണങ്ങൾ മറ്റ് നിരവധി ആശാപ്രവർത്തകരും റിപ്പോർട്ട്ചെയ്തിട്ടുണ്ട്. “ഇതിൽ അത്ഭുതമൊന്നുമില്ല. ഇതെല്ലാം, കാലികമായി ബാധിക്കുന്ന രോഗങ്ങൾ (സീസണൽ അഫക്ടീവ് ഡിസോർഡർ - സാഡ്) ആണെന്ന്, കോലാപ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ശൽമാലി രൺ‌മാലെ കകാഡെ പറയുന്നു.

ഋതുക്കളിൽ വരുന്ന മാറ്റങ്ങളാൽ ഉണ്ടാവുന്ന വിഷാദരോഗത്തിന്റെ ഒരു വകഭേദമാണ് സാഡ്. പൊതുവെ, ഉയർന്ന അക്ഷാംശങ്ങളിലെ രാജ്യങ്ങളിൽ തണുപ്പുകാലത്ത് കാണപ്പെടുന്ന ലക്ഷണങ്ങളാണെങ്കിലും ഇന്ത്യപോലുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിലും ആളുകളെ ഈ രോഗം ബാധിക്കുന്നതായി കൂടുതൽക്കൂടുതൽ അറിവായി വരുന്നു.

Shubhangi Kamble weighing a 22-day-old newborn in Kolhapur’s Arjunwad village
PHOTO • Sanket Jain

കോലാപ്പുരിൽ അർജുൻ‌വാദ് ഗ്രാമത്തിൽ ഒരു 22 ദിവസം പ്രായമായകുഞ്ഞിനെ ശുഭാംഗി കാംബ്ലെ തൂക്കിനോക്കുന്നു

Stranded villagers being taken to safety after the floods
PHOTO • Sanket Jain
Floodwater in Shirol taluka in July 2021
PHOTO • Sanket Jain

ഇടത്ത്: പ്രളയത്തിനുശേഷം ഒറ്റപ്പെട്ട ഗ്രാമീണരെ സുരക്ഷിത ഇടങ്ങളിലേക്ക് കൊണ്ടുപോകുന്നു. വലത്ത്: 2021 ജൂലായിൽ ശിരോൾ താലൂക്കിലുണ്ടായ പ്രളയം

“കാലാവസ്ഥ മാറുമ്പോൾ എനിക്ക് ആധി കൂടുന്നു. തലചുറ്റലും ഉണ്ടാവുന്നു. ഇതിൽക്കൂടുതൽ ഇതെനിക്ക് സഹിക്കാൻ പറ്റില്ല”, ശുഭാംഗി പറയുന്നു. പ്രളയം ബാധിച്ച മിക്ക ആശാപ്രവർത്തകരിലും ഇത്തരം മാനസികസമ്മർദ്ദങ്ങൾ പ്രകടമാവുന്നുണ്ട്. അത് കൂടുതൽ ഗൌരവമാ‍യ അസുഖങ്ങളിലേക്കും നയിക്കുന്നു. ഇത്രയധികം ആളുകളെ സഹായിക്കുന്ന ഞങ്ങൾക്ക് എന്നിട്ടും സർക്കാർ ഒരു സഹായവും ചെയ്തുതരുന്നില്ല”.

ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥർ ഇത് അംഗീകരിക്കുന്നില്ല എന്നല്ല. ആവശ്യമായ നടപടികൾ, ശരിയായ നടപടികൾ അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടോ എന്നതാണ് പ്രശ്നം.

പ്രളയത്തിനും കോവിഡിനും ശേഷം മേഖലയിലെ ആരോഗ്യപരിചരണ പ്രവർത്തകരുടെ അദ്ധ്വാനഭാരവും മാനസികസമ്മർദ്ദവും വർദ്ധിച്ചിട്ടുണ്ടെന്ന്, സമീപത്തെ മറ്റൊരു പ്രളയബാധിത താലൂക്കായ ഹട്കനംഗലെയിലെ താലൂക്ക് ആരോഗ്യ ഉദ്യോഗസ്ഥൻ ഡോ. പ്രസാദ് ദത്തർ പറയുന്നു. “ഇത്തരം ആശങ്കകൾ പരിഹരിക്കുന്നതിനായി, ഞങ്ങൾ ആശാ പ്രവർത്തകർക്കായി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ഈ സാംസ്കാരിക പരിപാടികൾകൊണ്ടൊന്നും ഒരു ഗുണവുമില്ലെന്നാണ് കോലാപ്പുരിലെ ശിരോളി താലൂക്കിലെ ആശാ യൂണിയൻ നേതാവായ നേത്രദീപ പാട്ടിൽ പറയുന്നത്. “ഞാൻ ഇവരുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ, ഇത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അവർ (ആശാ പ്രവർത്തകർ) പഠിക്കണമെന്ന് പറഞ്ഞ്, അത് തള്ളിക്കളയുകയാണ് അവർ ചെയ്തത്”, അവർ സൂചിപ്പിച്ചു.

നിരന്തരമായ മാനസികസമ്മർദ്ദങ്ങൾ നേരിടാൻ ആശാ പ്രവർത്തകർക്ക് തെറാപ്പിയും കൌൺസലിംഗും ആവശ്യമാണെന്ന് രൺ‌മാലെ-കകാഡെ പറയുന്നു. “സഹായിക്കുന്ന കരങ്ങൾക്കും സഹായം ആവശ്യമാണ്. നിർഭാഗ്യവശാൽ നമ്മുടെ സമൂഹത്തിൽ അത് നടക്കുന്നില്ല”, അവർ പറയുന്നു. മാത്രമല്ല, മറ്റുള്ളവരെ സഹായിക്കാനുള്ള വ്യഗ്രതയിൽ, അവനവന്റെ ആരോഗ്യം നശിക്കുന്നതും, വൈകാരികവിക്ഷോഭങ്ങളും സംഘർഷങ്ങളും തിരിച്ചറിയാൻ ആരോഗ്യമേഖലയിലെ ഈ മുൻ‌നിര പ്രവർത്തകർക്ക് കഴിയുന്നില്ലെന്നും അവർ പറഞ്ഞു.

കാലാവസ്ഥാമാറ്റം പോലെയുള്ള നിരന്തരമായ സമ്മർദ്ദങ്ങളെ നേരിടുന്നതിന്, കൂടുതൽ ശക്തമായ ഇടപെടലുകളും അതിന്റെ തുടർച്ചകളും നടക്കേണ്ടതുണ്ടെന്നും അവർ സൂചിപ്പിച്ചു.

*****

കോലാപ്പുരിലെ ആശാപ്രവർത്തകരുടെ ക്ഷയിക്കുന്ന മാനസികാരോഗ്യത്തിൽ, കാലാവസ്ഥാമാറ്റത്തിന് ഒന്നിലധികം പങ്ക് വഹിക്കാനുണ്ട്.

ASHA worker Netradipa Patil administering oral vaccine to a child at the Rural Hospital, Shirol
PHOTO • Sanket Jain
Netradipa hugs a woman battling suicidal thoughts
PHOTO • Sanket Jain

ഇടത്ത്: ശിരോളിയിലെ ഗ്രാമീണാശുപത്രിയിൽ ഒരു കുട്ടിക്ക് കഴിക്കാനുള്ള വാ‍ക്സിൻ നൽകുന്ന നേത്രദീപ പാട്ടിൽ എന്ന ആശാപ്രവർത്തക. വലത്ത്: ആത്മഹത്യാപ്രവണതയുള്ള ഒരു സ്ത്രീയെ ആശ്ലേഷിക്കുന്ന നേത്രദീപ

Rani Kohli (left) was out to work in Bhendavade even after floods destroyed her house in 2021
PHOTO • Sanket Jain
An ASHA checking temperature at the height of Covid-19
PHOTO • Sanket Jain

ഇടത്ത്: 2021-ലെ പ്രളയം തന്റെ വീട് തകർത്തതിനുശേഷവും റാണി കോഹ്ലി (ഇടത്ത്) ഭെൻഡവാഡയിൽ ജോലിക്ക് പോയി. വലത്ത്: കോവിഡ്-19-ന്റെ മൂർദ്ധന്യത്തിൽ ഊഷ്മാവ് പരിശോധിക്കുന്ന ഒരു ആശാ പ്രവർത്തക

ജോലിഭാരം കൂടുതലായിട്ടുപോലും – ഓരോ ആശാപ്രവർത്തകയും ഗ്രാമത്തിലെ 1,000 ആളുകളുടെ 70-ലധികം ആരോഗ്യകാര്യങ്ങൾ നോക്കുന്നു – ഈ ആരോഗ്യപ്രവർത്തകർക്ക് കിട്ടുന്നത് തുച്ഛമായ വേതനമാണ്. ചൂഷണത്തിനും ഇരയാകുന്നുണ്ട് അവർ.

മഹാരാഷ്ട്രയിലെ ആശാപ്രവർത്തകർക്ക് മാസത്തിൽ 3,500-നും 5,000-ത്തിനും ഇടയിലാണ്, വേതനമെന്ന് നേത്രദീപപറയുന്നു. അതും, ചില സമയങ്ങളിൽ മൂന്നുമാസം വൈകിയാണ് ആ തുക കിട്ടുന്നഹ്റ്റുപോലും. “ഇന്നും, ഞങ്ങളെ കണക്കാക്കുന്നത് സന്നദ്ധപ്രവർത്തകരായിട്ടാണ്, അതിനാൽത്തന്നെ, മിനിമം വേതനവും മറ്റ് ആനുകൂല്യങ്ങളും ഞങ്ങൾക്ക് നിഷേധിക്കപ്പെടുന്നു”, അവർ വിശദീകരിക്കുന്നു. ‘പ്രവൃത്തിയെ അടിസ്ഥാനപ്പെടുത്തിയ വരുമാന’മാണ് സർക്കാർ ആശാപ്രവർത്തകർക്ക് നൽകുന്നത്. അതിനർത്ഥം, സമൂഹത്തിൽ അവർ പൂർത്തിയാക്കുന്ന ചില ചുമതലകളുടെ അടിസ്ഥാനത്തിലാണ് ശമ്പളം. സ്ഥിരമായ ഒരു വേതനം അവർക്കില്ല. ഓരോ സംസ്ഥാനങ്ങളിലും വേതനം വ്യത്യസ്തവുമാണ്.

അതുകൊണ്ടുതന്നെ, സാമൂഹികാരോഗ്യ പ്രവർത്തനംകൊണ്ടുമാത്രം പല ആശാപ്രവർത്തകർക്കും നിലനിൽക്കാനാവില്ല. ഉദാഹരണത്തിന്, ശുഭാംഗിയാകട്ടെ, കർഷകത്തൊഴിലാളിയായി ജോലി ചെയ്തിട്ടാണ് നിത്യവൃത്തി നടത്തുന്നത്.

“2019-ലെയും 2021-ലെയും പ്രളയങ്ങൾക്കുശേഷം, കൃഷിയിടങ്ങളൊക്കെ മുങ്ങിപ്പോയതിനാൽ, മൂന്ന് മാസത്തോളം എനിക്ക് ജോലി കണ്ടെത്താനായില്ല”, അവർ പറയുന്നു. “കാലാവസ്ഥാമാറ്റം മൂലം മഴ പ്രവചിക്കാനാവാതായി. മഴ വല്ലപ്പോഴും പെയ്താൽത്തന്നെ, അത് എല്ലാം നശിപ്പിക്കുന്നു. കൃഷിപ്പണി കിട്ടുമെന്ന ഞങ്ങളുടെ പ്രതീക്ഷയെപ്പോലും”. 2021 ജൂലായിലെ കനത്ത മഴയും വെള്ളപ്പൊക്കവും, കോലാപ്പുർ അടക്കം, മഹാരാഷ്ട്രയീൽ 24 ജില്ലകളിലെ 4.43 ലക്ഷം ഹെക്ടർ കൃഷിപ്രദേശങ്ങളെ പാടെ തകർത്തു.

2019 മുതൽ, ഇടയ്ക്കിടയ്ക്കുണ്ടായ പ്രളയവും, വസ്തുവകകളുടെ നാശവും, കാർഷികവൃത്തിയുടെ അലഭ്യതയും എല്ലാം ചേർന്ന്, വിവിധ പണമിടപാടുകാരിൽനിന്ന്, കൂടിയ പലിശയ്ക്ക് 100,000 രൂപ വായ്പയെടുക്കാൻ ശുഭാംഗിയെ നിർബന്ധിതയാക്കി. സ്വർണ്ണം പണയം വെക്കേണ്ടിവരികയും, വീട് പുനർനിർമ്മിക്കാൻ ആവാത്തതിനാൽ, 10/15 അടി വലിപ്പമുള്ള കുടിലിലേക്ക് താമസം മാറ്റേണ്ടിവരികയും ചെയ്തു അവർക്ക്.

2019-ലും, 2021-ലും, 30 മണിക്കൂറിനുള്ളിൽ വീട്ടിൽ വെള്ളം കയറി. ഒന്നും രക്ഷിക്കാനായില്ല”, ശുഭാംഗിയുടെ 37 വയസ്സുള്ള ഭർത്താവ് സഞ്ജയ് പറയുന്നു. കാർഷികത്തൊഴിൽ കിട്ടാത്തതിനാൽ ഇപ്പോൾ അയാൾ ഒരു കൽ‌പ്പണിക്കാരനായി ജോലിചെയ്യുകയാണ്.

After the floodwater had receded, Shubhangi Kamble was tasked with disinfecting water (left) and making a list (right) of the losses incurred by villagers
PHOTO • Sanket Jain
After the floodwater had receded, Shubhangi Kamble was tasked with disinfecting water (left) and making a list (right) of the losses incurred by villagers
PHOTO • Sanket Jain

പ്രളയജലം ഇറങ്ങിയതിനുശേഷം, വെള്ളത്തിലെ അണുബാധ നീക്കലും (ഇടത്ത്), ഗ്രാമീണർക്കുണ്ടായ നഷ്ടങ്ങളുടെ കണക്കെടുക്കലുമൊക്കെ ശുഭാംഗി കാംബ്ലെയുടെ ചുമലിലായി

സ്വന്തം നിലയ്ക്ക് നഷ്ടവും ദുരിതവുമുണ്ടായിട്ടും, ആശാപ്രവർത്തക എന്ന നിലയ്ക്ക്, മറ്റുള്ളവരുടെ ആവശ്യങ്ങൾ നിവർത്തിക്കാനാണ് അവർക്ക് കൂടുതൽ സമയം ചിലവഴിക്കേണ്ടിവന്നത്.

പ്രളയമുണ്ടാക്കിയ നാശനഷ്ടങ്ങൾ കണക്കാക്കുന്നതിന് പുറമേ, ജലജന്യരോഗങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ, കുടിവെള്ളത്തെ അണുവിമുക്തമാക്കലും ആശാപ്രവർത്തകരുടെ ചുമതലയിലായി. പല തൊഴിലിനും വേതനം‌പോലും കിട്ടുന്നില്ലെന്ന് നേത്രദീപ പറയുന്നു. “പ്രളയാനന്തര ദുരിതാശ്വാസപ്രവർത്തനങ്ങൾ ചെയ്തതിന് – അവയിൽ പലതും ഞങ്ങൾക്ക് മാനസികസമ്മർദ്ദമുണ്ടാക്കുന്നവയായിരുന്നു – ഒരു നയാപൈസയും കിട്ടിയില്ല. എല്ലാം സൌജന്യതൊഴിലായിരുന്നു”.

“ഓരോ വീടും സന്ദർശിച്ച്, ആർക്കെങ്കിലും ജലജന്യരോഗങ്ങളുടേയോ അണുബാധയുടേയോ ലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടിവന്നു. കൃത്യസമയത്ത് ചികിത്സ കൊടുക്കാനായതുകൊണ്ട് നിരവധിപേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞ ആശാപ്രവർത്തകർക്ക്”, ശുഭാംഗി പറയുന്നു.

പക്ഷേ, ഈ വർഷം ഏപ്രിലിൽ അവർ രോഗബാധിതയായപ്പോൾ, ഈ സംവിധാനത്തിൽനിന്ന് ഒരു സഹായവും ലഭിച്ചില്ല. “ആരോഗ്യപ്രവർത്തകയായിട്ടുപോലും എനിക്കൊരു അസുഖം വന്നപ്പോൾ സ്വകാര്യാശുപത്രിയിൽ പോയി 22,000 രൂപ ചിലവഴിക്കേണ്ടിവന്നു. കാരണം, സർക്കാർ ആശുപത്രിയിൽ മരുന്നുകൾ കുറിച്ചുകൊടുക്കുക മാത്രമേ ചെയ്യുന്നുള്ളു. എനിക്കാണെങ്കിൽ ആശുപത്രിയിൽ കിടക്കേണ്ടിവരികയും ചെയ്തു”, അവർ പറയുന്നു. പബ്ലിക് സബ് സെന്ററിൽനിന്ന് സൌജന്യമായി ഫോളിക്ക് ആസിഡും അയേൺ സപ്ലിമെന്റുകളും കിട്ടുന്നുണ്ടെങ്കിലും, മറ്റ് മരുന്നുകൾക്കായി മാസത്തിൽ 500 രൂപയോളം അവർക്ക് ചിലവ് വരുന്നുണ്ട്.

മാസം 4,000 രൂപ ശമ്പളം വാങ്ങുന്ന ഛായ എന്ന ആശാപ്രവർത്തകയ്ക്ക്, മാസത്തിൽ 800 രൂപ മരുന്നിന് ചിലവാക്കേണ്ടിവരുന്നു. അതവർക്ക് താങ്ങാനാവുന്നതല്ല. “ഞങ്ങൾ സാമൂഹികപ്രവർത്തകരാണ്, ഇതെല്ലാം അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണ് എന്ന യാഥാർത്ഥ്യം ഒടുവിൽ, ഞങ്ങൾക്ക് സമ്മതിക്കേണ്ടിവന്നു”, അവർ പറയുന്നു.

ഒറ്റപ്പെട്ട സമൂഹങ്ങളെ പൊതുജനാരോഗ്യവുമായി ബന്ധപ്പെടുത്തി ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിന് ലോകാരോഗ്യസംഘടന, 2022-ൽ ആശാപ്രവർത്തകരെ ഗ്ലോബൽ ഹെൽത്ത് ലീഡേഴ്സ് പുരസ്കാരം കൊടുത്ത് ആദരിച്ചു. “ഞങ്ങൾക്കതിൽ അഭിമാനമുണ്ട്. പക്ഷേ ശമ്പളം വൈകുന്നതിനെക്കുറിച്ചോ തുച്ഛമായ ശമ്പളത്തെക്കുറിച്ചോ മേലുദ്യോഗസ്ഥരോട് ഞങ്ങൾ എന്തെങ്കിലും ചോദിച്ചാൽ, അവരുടെ ഉത്തരം, നമ്മൾ മാനവികതയ്ക്ക് വലിയ സേവനമാണ് ചെയ്യുന്നത് എന്നായിരിക്കും. ‘നിങ്ങൾക്ക് ശമ്പളം തുച്ഛമായിരിക്കും പക്ഷേ ആളുകളുടെ അനുഗ്രഹം നിങ്ങൾക്കുണ്ട്’, അതാണ് അവർ ഞങ്ങളോട് പറയുന്നത്.

‘For recording 70 health parameters of everyone in the village, we are paid merely 1,500 rupees,’ says Shubhangi
PHOTO • Sanket Jain

‘ഗ്രാമത്തിലെ ഓരോരുത്തരുടേയും 70 ആരോഗ്യ മാനദണ്ഡങ്ങൾ കണക്കാക്കുന്നതിന് ഞങ്ങൾക്ക് കിട്ടുന്നത് വെറും 1,500 രൂപയാണ്- - ശുഭാംഗി പറയുന്നു

An ASHA dressed as Durga (left) during a protest outside the Collector’s office (right) in Kolhapur. Across India, ASHA workers have been demanding better working conditions, employee status, monthly salary and timely pay among other things
PHOTO • Sanket Jain
An ASHA dressed as Durga (left) during a protest outside the Collector’s office (right) in Kolhapur. Across India, ASHA workers have been demanding better working conditions, employee status, monthly salary and timely pay among other things
PHOTO • Sanket Jain

കോലാപ്പുരിലെ കളക്ടറുടെ ഓഫീസിന് മുന്നിൽ (വലത്ത്) ദുർഗ്ഗയുടെ വേഷം ധരിച്ച് (ഇടത്ത്) പ്രതിഷേധിക്കുന്ന ഒരു ആശാപ്രവർത്തക. ഇന്ത്യയിലൊട്ടാകെയുള്ള ആശാപ്രവർത്തകർ മെച്ചപ്പെട്ട തൊഴിൽ‌സാഹചര്യങ്ങൾ, തൊഴിലാളി പദവി, പ്രതിമാസ ശമ്പളം, കൃത്യമായ വിതരണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കുന്നു

എന്നാൽ, ആരോഗ്യമേഖലയിലെ ഈ മുൻ‌നിര പ്രവർത്തകരുടെ മാനസികാരോഗ്യത്തെ കാലാവസ്ഥാമാറ്റം ബാധിക്കുന്നതിന്റെ പ്രാധാന്യം, ഒരു ലോകാരോഗ്യസംഘടനാ നയരേഖ ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു: “തീവ്രമായ കാലാവസ്ഥാ സംഭവങ്ങൾ മൂലം, വിഷാദരോഗം, ഉത്കണ്ഠ, മാനസികസമ്മർദ്ദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ വളരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്”.

കാലാവസ്ഥാ സംഭവങ്ങളും, തകർന്നുകൊണ്ടിരിക്കുന്ന തൊഴിൽ സാ‍ഹചര്യങ്ങളും, അവരുടെ അവസ്ഥയോടുള്ള നിസ്സംഗതയും എല്ലാം ആശാപ്രവർത്തകരുടെ ഭൌതികവും മാനസികവുമായ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്ന് നേത്രദീപ പറയുന്നു. “ഈ വർഷത്തെ ഉഷ്ണതരംഗം സർവേ ചെയ്തപ്പോൾ, പലർക്കും ത്വക്കിൽ വല്ലായ്മയും, ചുട്ടുനീറുന്ന അനുഭവവും, ക്ഷീണവും റിപ്പോർട്ട് ചെയ്തിരുന്നു. ഞങ്ങൾക്ക് സുരക്ഷാ സാമഗ്രികളൊന്നും (കയ്യുറ, മുഖാവരണം എന്നിവ) നൽകിയിരുന്നില്ല”, അവർ പറയുന്നു.

ഏതെല്ലാം ദിവസങ്ങളിലാണ് ഉഷ്ണതരംഗങ്ങളും അതിതീവ്ര കാലാവസ്ഥയും ഉണ്ടാവുന്നതെന്ന് കൃത്യമായി രേഖപ്പെടുത്തുന്ന ഒരു ‘കാലാവസ്ഥാ പ്രവൃത്തിപദ്ധതി’ (ക്ലൈമറ്റ് ആക്ഷൻ പ്ലാൻ) ആവശ്യമാണെന്ന് റോക്സി കോൾ എടുത്തുപറയുന്നു. പുനെയിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് ട്രോപ്പിക്കൽ മെറ്റിയൊരോളജിയിൽ (ഐ.ഐ.ടി.എം) കാലാവസ്ഥാ ശാസ്ത്രജ്ഞനും, ഐക്യരാഷ്ട്രസഭയുടെ ഇന്റർ ഗവണ്മെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് റിപ്പോർട്ടിൽ പങ്കുവഹിക്കുകയും ചെയ്യുന്ന ആളാണ് റോക്സി കോൾ. “അടുത്ത ഏതാനും വർഷങ്ങൾ മുതൽ, ദശാബ്ദംവരേക്കുള്ള കാലാവസ്ഥാ വിലയിരുത്തലുകൾ നമ്മുടെ പക്കലുണ്ട്. അതുകൊണ്ട്, ദിവസത്തിലെ ഏതൊക്കെ സമയങ്ങളിലും ഏതേത് പ്രദേശങ്ങളിലുമാണ് ആ സമയത്ത് തൊഴിലാളികൾ പുറത്ത് പോകാൻ അരുതാത്തത് എന്ന് എളുപ്പത്തിൽ നമുക്ക് തിരിച്ചറിയാൻ പറ്റും. ഇതത്ര വലിയ കാര്യമൊന്നുമല്ല. സ്ഥിതിവിവരക്കണക്കുകൾ ഇപ്പോൾത്തന്നെ കൈയ്യിലുണ്ട്”, അദ്ദേഹം പറയുന്നു.

ഔദ്യോഗികമായ നയങ്ങളുടേയും ഇതിനായുള്ള ശ്രമങ്ങളുടേയും അഭാവത്തിൽ, ആശാപ്രവർത്തകർക്ക് സ്വന്തം നിലയ്ക്കുതന്നെ സാഹചര്യങ്ങളെ നേരിടേണ്ടിവരുന്നു. അതിനാൽ, കാലാവസ്ഥ മുൻ‌കൂട്ടി നോക്കിയിട്ടാണ് ശുഭാംഗി തന്റെ ദിവസം ആരംഭിക്കുന്നത്. “എനിക്ക് എന്റെ ചുമതല ഒഴിവാക്കാനാവില്ല. പക്ഷേ ചുരുങ്ങിയത്, ആ ദിവസത്തെ കാലാവസ്ഥയെ നേരിടാൻ എനിക്ക് തയ്യാറാവാൻ സാധിക്കും”, അവർ പറയുന്നു.

സ്വതന്ത്രമായ ഒരു പത്രപ്രവർത്തന ഗ്രാന്റ് റിപ്പോർട്ടർക്ക് നൽകിക്കൊണ്ട് ഇന്റർന്യൂസ് എർത്ത് ജേണലിസം നെറ്റ്‌വർക്കിന്റെ പിന്തുണയ്ക്കുന്ന ഒരു പരമ്പരയുടെ ഭാഗമാണ് ഈ റിപ്പോർട്ട്

പരിഭാഷ: രാജീവ് ചേലനാട്ട്

Sanket Jain

ಸಂಕೇತ್ ಜೈನ್ ಮಹಾರಾಷ್ಟ್ರದ ಕೊಲ್ಹಾಪುರ ಮೂಲದ ಪತ್ರಕರ್ತ. ಅವರು 2022 ಪರಿ ಸೀನಿಯರ್ ಫೆಲೋ ಮತ್ತು 2019ರ ಪರಿ ಫೆಲೋ ಆಗಿದ್ದಾರೆ.

Other stories by Sanket Jain
Editor : Sangeeta Menon

ಸಂಗೀತಾ ಮೆನನ್ ಮುಂಬೈ ಮೂಲದ ಬರಹಗಾರು, ಸಂಪಾದಕರು ಮತ್ತು ಸಂವಹನ ಸಲಹೆಗಾರರು.

Other stories by Sangeeta Menon
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat