“എലികൾ പുരപ്പുറത്തുനിന്ന് ചത്ത് താഴെ വീഴുന്നത് എനിക്കോർമ്മയുണ്ട്. ഇതിനേക്കാൾ ഭീതിദമായ മറ്റൊരു കാഴ്ചയും ഞാൻ കണ്ടിട്ടില്ല. നിങ്ങളൊരുപക്ഷേ ചിരിച്ചേക്കാം, പക്ഷേ പുരപ്പുറത്തുനിന്ന് എലികൾ വീഴുക എന്നതിനർത്ഥം, എന്ന് തിരിച്ചുവരാനാകുമെന്നറിയാതെ വീടുകൾ ഉപേക്ഷിച്ച് പോവുക എന്നതാണ്.”

കോയമ്പത്തൂരിലെ കാളപ്പട്ടിയിൽ താമസിക്കുന്ന എ. കുഴന്തൈയമ്മാളാണ് ആ ഓർമ്മകൾ ഒരു ദൃശ്യം പോലെ വിവരിച്ചത്. 1940-കളിൽ പ്ലേഗ് കോയമ്പത്തൂരിനെ ഗ്രസിക്കുമ്പോൾ കൗമാരപ്രായമായിട്ടുണ്ടായിരുന്നില്ല, ഇന്ന് 80 കഴിഞ്ഞ കുഴന്തൈയമ്മാളിന്.

വസൂരി മുതൽ പ്ലേഗും കോളറയും വരെയുള്ള മഹാവ്യാധികളുടെ ചരിത്രം, കോയമ്പത്തൂരിൽ ഒരു സവിശേഷപ്രതിഭാസത്തിന് തുടക്കം കുറിച്ചു. മറ്റിടങ്ങളിലും ആ പ്രതിഭാസം സാധാരണമാണെങ്കിലും, ഈ നഗരത്തിൽ അത് വളരെക്കൂടുതലായിരുന്നു. പ്ലേഗ് മാരിയമ്മൻ (‘കറുത്ത മാരിയമ്മന്‍’ എന്നും വിളിക്കുന്നു) കോവിലുകളുടെ ആവിർഭാവം. ഈ നഗരത്തിൽമാത്രം അത്തരം 16 കോവിലുകളാണ് നിർമ്മിക്കപ്പെട്ടത്.

ഇതാ ഇപ്പോൾ, കോവിഡ് 19 മഹാവ്യാധി ഒരു ‘കൊറോണ ദേവി’ ക്ഷേത്രത്തിനും ജന്മം കൊടുത്തിട്ടുണ്ട്. പക്ഷേ പ്ലേഗ് മാരിയമ്മൻ മന്ദിരങ്ങൾക്കാണ് ഇപ്പൊഴും കൂടുതൽ ഭക്തരുള്ളത്. സമീപത്തുള്ള തിരുപ്പുർ ജില്ലയിലും ചില മന്ദിരങ്ങളുണ്ട്. അവിടെ നടക്കുന്ന ഉത്സവങ്ങളും ഭക്തരെ ആകർഷിക്കുന്നു.

ആയിരക്കണക്കിനാളുകളുടെ മരണത്തിലേക്ക് നയിച്ചുകൊണ്ട് 1903 മുതല്‍ 1942 വരെ 10 തവണയെങ്കിലും കോയമ്പത്തൂരിനെ പ്ലേഗ് ബാധിച്ചു. അതിനുശേഷം ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും, അതിനെക്കുറിച്ചുള്ള ഓർമ്മകൾ ഈ നഗരത്തിന്‍റെ പൊതുബോധത്തിന്‍റെ ഓർമ്മസഞ്ചയത്തിൽ മായാതെ കിടക്കുന്നുണ്ട്. കുഴന്തൈയമ്മാളിനെപ്പോലെയുള്ള പ്രായമായ ആളുകൾക്ക് പ്ലേഗിനെക്കുറിച്ചുള്ള പരാമർശം‌പോലും ആ നഗരത്തിന് കടന്നുപോകേണ്ടിവന്ന നടുങ്ങുന്ന അനുഭവങ്ങളുടെ ഓർമ്മപ്പെടുത്തലാണ്.

തിരക്കേറിയ ടൗൺ ഹാൾ ഭാഗത്തെ ഏറ്റവും പ്രസിദ്ധമായ പ്ലേഗ് മാരിയമ്മൻ ക്ഷേത്രത്തിന്‍റെ പുറത്ത്, ഒരു പൂവില്പനക്കാരി വൈകുന്നേരത്തെ തിരക്കുള്ള കച്ചവടത്തിന് തയ്യാറെടുക്കുകയായിരുന്നു. “ഇന്ന് വെള്ളിയാഴ്ചയാണ്. നല്ല തിരക്കുണ്ടാവും”, പൂക്കൾ കോർക്കുന്ന തന്‍റെ കൈകളിൽനിന്ന് കണ്ണെടുക്കാതെ, 40 കഴിഞ്ഞ കണ്ണമ്മാൾ പറഞ്ഞു

“അറിയാമോ, നല്ല ശക്തിയുള്ളവളാണ് അവൾ. കൊറോണ ദേവി ക്ഷേത്രം വന്നിട്ടുണ്ടെങ്കിലും കറുത്ത മാരിയമ്മൻ ഞങ്ങളുടെ സ്വന്തം ആളാണ്. ഞങ്ങൾ ഇനിയും അവളെ ആരാധിക്കും. പ്രത്യേകിച്ചും എന്തെങ്കിലും അസുഖങ്ങൾ വന്നാലും, മറ്റ് പൊതുവായ കാര്യങ്ങൾക്കും”. ‘പൊതുവായ കാര്യങ്ങൾ’ എന്ന് പറഞ്ഞത്, ഭക്തരുടെ സാധാരണമായ ആവശ്യങ്ങളെയാണ് – അഭിവൃദ്ധി, വിജയം, ദീർഘായുസ്സ് തുടങ്ങിയവ. പ്ലേഗ് അവസാനിച്ച്, നാല് പതിറ്റാണ്ടുകൾക്കുശേഷമാണ് കണ്ണമ്മാൾ ജനിച്ചത്. പക്ഷേ അവരുടെ തലമുറയിൽ പലരും ഇപ്പോഴും മാരിയമ്മന്‍റെ അടുത്തേക്കാണ് പോവുക.

The Plague Mariamman temple in Coimbatore’s Town Hall area is 150 years old.
PHOTO • Kavitha Muralidharan
Devotees believe that the deity can cure them when they fall sick
PHOTO • Kavitha Muralidharan

ഇടത്: കോയമ്പത്തൂര്‍ ടൗ ണ്‍ ഹാള്‍ പ്രദേശത്തെ പ്ലേഗ് മാരിയമ്മന്‍ കോവില്‍ 150 വര്‍ഷം പഴക്കമുള്ളതാണ്. വലത്: ഭക്തര്‍ വിശ്വസിക്കുന്നത് തങ്ങള്‍ അസുഖ ബാധിതരാവുമ്പോള്‍ സുഖപ്പെടുത്താനുള്ള ശേഷി ദേവിക്കുണ്ടെന്നാണ്

കോയമ്പത്തൂരിന്‍റെ സാംസ്കാരിക വംശചരിത്രത്തിന്‍റെ ഭാഗമായി മാറുന്ന വിധത്തിലായിരുന്നു പ്ലേഗിന്‍റെ സ്വാധീനമുണ്ടായത്. “പട്ടണത്തിലെ തദ്ദേശീയർ, പ്ലേഗ് വരുത്തിയ ദുരിതത്തിന്‍റെ വെറും സാക്ഷികൾ മാത്രമായിരുന്നില്ല. അവർ അതിന്‍റെ ഇരകളായിരുന്നു. പ്ലേഗുമായി ബന്ധപ്പെട്ടിട്ടില്ലാത്ത ഒരു കുടുംബത്തെപ്പോലും നിങ്ങൾക്കിവിടെ കാണാനാവില്ല”, കോയമ്പത്തൂർ ആസ്ഥാനമായ എഴുത്തുകാരൻ സി.ആർ. ഇളങ്കോവൻ പറയുന്നു.

1961-ലെ ജില്ല സെൻസസ് കൈപ്പുസ്തകത്തിലെ കണക്കുപ്രകാരം, വിവിധ പ്ലേഗ് ബാധകളില്‍ നിന്നായി, കോയമ്പത്തൂർ നഗരം 1909-ൽ 5,582 മരണങ്ങൾക്കും, 1920-ൽ 3,860 മരണങ്ങൾക്കും സാക്ഷ്യം വഹിച്ചു. 1911-ൽ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടതോടെ, കോയമ്പത്തൂരിലെ ജനസംഖ്യ 47,000-മായി കുറഞ്ഞുവെന്ന് മറ്റൊരു റിപ്പോർട്ടും സൂചിപ്പിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, 1901-ൽ 53,000 ജനങ്ങളുണ്ടായിരുന്ന നഗരത്തിന്, വലിയ വിലകൊടുക്കേണ്ടിവന്നു.

കോയമ്പത്തൂരിൽനിന്ന് രക്ഷപ്പെട്ട തന്‍റെ കുടുംബത്തിന്, കുറച്ചുകാലം “കാട്ടിൽ കഴിഞ്ഞതിന്” ശേഷമാണ് “കുഴപ്പമൊന്നുമില്ലാതെ” തിരികെ നഗരത്തിലെത്താൻ കഴിയുമെന്ന പ്രതീക്ഷ ഉണ്ടായതെന്ന് ഇളങ്കോവൻ പറയുന്നു. ഇന്നാലോചിക്കുമ്പോൾ, വളരെ അസാധാരണമായി തോന്നുന്ന ഒരു പ്രതീക്ഷയാണത്.

“യാതൊരുവിധ ചികിത്സകളും ലഭ്യമല്ലാതിരുന്ന ആ ഇരുണ്ട കാലഘട്ടത്തിൽ, ജനങ്ങൾ ദൈവികതയിലേക്ക് തിരിഞ്ഞു“. ജില്ലയുടെ വംശചരിത്രത്തിൽ അതിയായ താത്പര്യവും, കീടങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്യുന്ന, കോയമ്പത്തൂർ ആസ്ഥാനമായ ഗവേഷകൻ പി. ശിവകുമാർ പറഞ്ഞു.

ആ പ്രതീക്ഷ, പലപ്പോഴും സംഭവിക്കാറുള്ളതുപോലെ, ഭയവും നിരാശയുമായി ബന്ധപ്പെട്ടുള്ളതാണ്. 1927-ൽ, നഗരത്തിൽ പ്ലേഗ് നടമാടുന്നതിനിടയിലാണ് ബെർട്രാൻഡ് റസ്സൽ മതത്തെക്കുറിച്ചൊരു നിരീക്ഷണം നടത്തിയത്. “മതം, പ്രാഥമികമായും മുഖ്യമായും ഭയത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഭാഗികമായി, അജ്ഞാതമായതിനെക്കുറിച്ചുള്ള ഭീതിയും, ഭാഗികമായി, തങ്ങളുടെ എല്ലാ കഷ്ടതകൾക്കും പ്രതിസന്ധികൾക്കുമിടയിലും തങ്ങളെ രക്ഷിക്കാൻ കെല്പുള്ള ഒരു ജ്യേഷ്ഠനുണ്ടെന്ന പ്രതീക്ഷയിലുമാണ് അത് നിലനിൽക്കുന്നത്”.

ദേവതയ്ക്ക് അർപ്പിച്ചുകൊണ്ടുള്ള ആ 16 മന്ദിരങ്ങളുടെ നിലനിൽ‌പ്പും, മുകളിൽ സൂചിപ്പിച്ച ആ വിവിധ കാരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ആ ദേവതയുടെ പേരിൽ‌പ്പോലും മാറ്റങ്ങളുണ്ടായി. “ആളുകൾ അതിനെ ‘പ്ലേഗ് മാരിയമ്മൻ’ എന്നും പിന്നീട് ‘കറുത്ത മാരിയമ്മൻ‘ എന്നും വിളിക്കാൻ തുടങ്ങി”, ഇളങ്കോവൻ പറയുന്നു. “ മാരി എന്നത്, തമിഴിൽ കറുപ്പിനെ സൂചിപ്പിക്കുന്ന വാക്കായതിനാൽ, ആ പേരുമാറ്റവും അർത്ഥഗർഭമായിരുന്നു”

പ്ലേഗ് ചരിത്രത്തിന്‍റെ നിഴലിലേക്ക് പിൻ‌വലിഞ്ഞപ്പോഴും, തലമുറ തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട ഓർമ്മകളുടെ ആഘാതം വിവിധ രീതിയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരുന്നു.

People turn to Plague Mariamman for prosperity and long life, but they also seek relief from diseases like chicken pox, skin ailments, viral infections, and now Covid-19
PHOTO • Kavitha Muralidharan

ആപത്തില്‍ സഹായത്തിനും, അഭിവൃദ്ധിക്കും, ദീര്‍ഘായുസ്സിനുമായി ആളുകള്‍ പ്ലേഗ് മാരിയമ്മനിലേക്ക് തിരിയുന്നു. കൂടാതെ ചിക്കൻപോക്സ്, ത്വക്ക് രോഗങ്ങള്‍, വൈറസ് ബാധകള്‍ എന്നിവയില്‍ നിന്നും, ഇപ്പോള്‍ കോവിഡില്‍ നിന്നും അവര്‍ ആശ്വാസം തേടുന്നു

“എന്തെങ്കിലും ഒരസുഖം വന്നാൽ, അച്ഛനമ്മമാർ എന്നെ അമ്പലത്തിലേക്ക് കൊണ്ടുപോകാറുണ്ടായിരുന്നത് എനിക്കോർമ്മയുണ്ട്”, കോയമ്പത്തൂരിലെ താമസക്കാരിയായ 32 വയസ്സുള്ള നിഖില സി. പറയുന്നു. “എന്‍റെ അമ്മമ്മ സ്ഥിരമായി അമ്പലം സന്ദർശിക്കാറുണ്ടായിരുന്നു. അവിടെനിന്ന് കിട്ടുന്ന പുണ്യജലത്തിന് അസുഖങ്ങൾ ഭേദപ്പെടുത്താനുള്ള വീര്യമുണ്ടെന്ന് എന്‍റെ അച്ഛനമ്മമാർ വിശ്വസിച്ചു. അവർ പൂജകളും നടത്താറുണ്ടായിരുന്നു. ഇന്ന്, എന്‍റെ മകൾക്ക് സുഖമില്ലാതെ വന്നാൽ, ഞാനും അതുതന്നെ ചെയ്യുന്നു. ഞാനവളെ അവിടെ കൊണ്ടുപോയി പൂജ ചെയ്ത് അവള്‍ക്ക് പുണ്യജലം നല്‍കുന്നു. എന്‍റെ അച്ഛനമ്മമാരുടെ അത്രതന്നെ പതിവായിട്ടല്ലെങ്കിലും ഞാനും പോകാറുണ്ട്. ഈ നഗരത്തിലെ ഒരു താമസക്കാരിയായതിന്‍റെ ഭാഗമാണ് അതെന്ന് എനിക്ക് തോന്നുന്നു”.

*****

“ഈ അമ്പലത്തിലെ നാലാം തലമുറയിൽ‌പ്പെടുന്ന പൂജാരിയാണ് ഞാൻ. ഇപ്പൊഴും ആളുകൾ ഇവിടേക്ക് ചിക്കൻ പോക്സിനും, ത്വക്ക് രോങ്ങൾക്കും, കോവിഡിനും അണുബാധകൾക്കും മറ്റും ചികിത്സ തേടി വരാറുണ്ട്”, ടൗൺ ഹാൾ പരിസരത്തെ പ്ലേഗ് മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരിയായ 42 വയസ്സുള്ള എം. രാജേഷ് കുമാർ പറയുന്നു. “ഈ അമ്പലത്തിലെ ദേവി, ഇത്തരം അസുഖങ്ങളൊക്കെ ഭേദപ്പെടുത്തുമെന്നാണ് വിശ്വാസം”.

“150 വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. 1903-1940 കാലത്ത്, നഗരത്തിൽ പ്ലേഗ് പടർന്നുപിടിച്ചപ്പോൾ, പ്ലേഗ് മാരിയമ്മനുള്ള ഒരു പ്രത്യേക പ്രതിഷ്ഠ നടത്താൻ എന്‍റെ മുതുമുത്തച്ഛൻ തീരുമാനിച്ചു. അതിനുശേഷം എന്‍റെ മുത്തച്ഛനും എന്‍റെ അച്ഛനുമൊക്കെ അതിനെ പരിപാലിക്കുകയും ചെയ്തു. ഇപ്പോൾ ഞാനും. അതിനുശേഷം, ഈ ദേവിയുടെ ചുറ്റുവട്ടത്തുള്ള സ്ഥലത്ത് പ്ലേഗ് ഉണ്ടായിട്ടില്ല. അതുകൊണ്ട് ജനങ്ങൾക്ക് അവളിൽ ഇപ്പോഴും വിശ്വാസമാണ്”.

കോയമ്പത്തൂരിലെ സായിബാബ കോളണിയിലെ ഒരു അമ്പലത്തിനെക്കുറിച്ചും സമാനമായ ഒരു കഥയുണ്ട്. “ഈ ക്ഷേത്രം ഏറ്റവുമാദ്യം നിർമ്മിച്ചത് 150 കൊല്ലം മുൻപാണ്”, ഈ പ്രദേശത്തെ പ്ലേഗ് മാരിയമ്മൻ ക്ഷേത്രത്തിന്‍റെ ഭരണസമിതി അംഗമായ 63 വയസ്സുള്ള വി.ജി. രാജശേഖരൻ പറയുന്നു. അതായത്, പ്ലേഗ് വരുന്നതിന് മുൻപ് പണിതീർത്ത ക്ഷേത്രമാണിത്.

ഒരുപക്ഷേ കൗതുകകരമായി തോന്നാം, പക്ഷേ ഇതും ഇതുപോലുള്ള മറ്റ് പല ക്ഷേത്രങ്ങളും ആദ്യം മാരിയമ്മൻ കോവിലുകൾ മാത്രമായിരുന്നു. പ്ലേഗ് വന്നതിനുശേഷമാണ് ദേവി പുതിയ അവതാരങ്ങളെടുത്ത്, അഥവാ, പുതിയ ചുമതലകൾ ഏറ്റെടുത്ത് ആരാധിക്കപ്പെടുന്നതെന്നുമാത്രം. ദുരിതങ്ങൾ വിതച്ച് പ്ലേഗ് വന്നപ്പോൾ, ഈ അമ്പലങ്ങളിൽ ദേവിയുടെ വിഗ്രഹങ്ങള്‍, - കല്ലുകൊണ്ടുള്ളത് – പ്ലേഗ് മാരിയമ്മൻ എന്ന പേരിൽ അധികമായി സ്ഥാപിക്കുകയാണ് ഉണ്ടായത്.

താൻ പൂജ ചെയ്യുന്ന ക്ഷേത്രം സ്ഥാപിതമായി മൂന്ന് ദശകങ്ങൾ കഴിഞ്ഞപ്പോഴാണ് പ്ലേഗ് നഗരത്തിലെത്തിയത്. “ഓരോ കുടുംബത്തിലും അന്ന് ചുരുങ്ങിയത് അഞ്ചും ആറും ആളുകൾ മരിച്ചു” എന്ന് രാജശേഖരൻ പറഞ്ഞു. “പ്ലേഗ് പടർന്ന് കൂടുതൽ ആളുകൾ മരിക്കുകയും പുരപ്പുറത്തുനിന്ന് എലികൾ ചത്തുവീഴുകയും ചെയ്യാൻ തുടങ്ങിയതോടെ ആളുകൾ വീടുകളുപേക്ഷിച്ച് പോവാൻ തുടങ്ങി. നാലഞ്ച് മാസം കഴിഞ്ഞിട്ടാണ് അവർക്ക് തിരിച്ചുവരാനായത്”, അദ്ദേഹം പറയുന്നു.

V.G. Rajasekaran is an administrative committee member of the Plague Mariamman shrine in Coimbatore’s Saibaba Colony.
PHOTO • Kavitha Muralidharan
The temple existed from before the plague outbreaks in early to mid-20th century
PHOTO • Kavitha Muralidharan

ഇടത്: കോയമ്പത്തൂര്‍ സായിബാബ കോളനിയിലെ പ്ലേഗ് മാരിയമ്മന്‍ കോവില്‍ ഭരണസമിതി അംഗമായ വി. ജി. രാജശേഖരന്‍. വലത്: 20-ാം നൂറ്റാണ്ടില്‍ പ്ലേഗ് പൊട്ടിപ്പുറപ്പെടുന്നതിനും മുമ്പേയുള്ള കോവില്‍

അന്ന് ഒരു ചെറിയ ഗ്രാമമായിരുന്ന ഇന്നത്തെ സായിബാബ കോളണിയിലെ ആളുകൾ പ്ലേഗിൽനിന്ന് രക്ഷതേടാനായി ഒരു പ്രത്യേക വിഗ്രഹം സ്ഥാപിക്കുകയും അതിനെ പ്ലേഗ് മാരിയമ്മൻ എന്ന് വിളിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. “ഞങ്ങളുടെ കുടുംബത്തിൽ രണ്ട് മരണങ്ങളുണ്ടായി. അമ്മാവൻ അസുഖബാധിതനായപ്പോൾ മൂപ്പരെ എന്‍റെ അമ്മമ്മ, അമ്പലത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന് പ്ലേഗ് മാരിയമ്മന്‍റെ മുമ്പിൽ കിടത്തി, മഞ്ഞളും ആര്യവേപ്പും പുരട്ടി. അമ്മാവൻ സുഖം‌പ്രാപിക്കുകയും ചെയ്തു”, രാജശേഖരൻ പറഞ്ഞു.

അതിൽ‌പ്പിന്നെ ആ ഗ്രാമത്തിലും മറ്റ് ഗ്രാമത്തിലുള്ളവരും (ഇന്ന് അതൊക്കെ കോയമ്പത്തൂർ നഗരത്തിന്‍റെ ഭാഗമാണ്) മാരിയമ്മനിൽ വിശ്വസിക്കാൻ തുടങ്ങി.

അതുകൊണ്ടായിരിക്കണം, ഇത്രയധികം പ്ലേഗ് മാരിയമ്മൻ ക്ഷേത്രങ്ങൾ അടുത്തടുത്ത സ്ഥലങ്ങളിലായി പൊങ്ങിവരാൻ കാരണമെന്ന് ഇളങ്കോവൻ പറയുന്നു. “സായിബാബ കോളണിയും, പീളമേടും, പാപ്പനായ്ക്കൻ‌പാളയവും, ടൗൺഹാൾ പ്രദേശവുമൊക്കെ ഒരു നൂറ്റാണ്ട് മുൻപ്, വിവിധ ഗ്രാമങ്ങളായിരുന്നിരിക്കണം. ഇന്ന് അവയെല്ലാം കോയമ്പത്തൂർ നഗരത്തിന്‍റെ ഭാഗമാണ്”.

പ്ലേഗ് മാരിയമ്മൻ ആരാധന “ദുരിതം വിതച്ച മഹാവ്യാധിയോടുള്ള സ്വാഭാവികമായ പ്രതികരണമായിരിക്കണം. അതിന്‍റെ ആശയം ഇതാണ്: നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള ഒരു ദൈവത്തിൽ നമ്മൾ വിശ്വസിക്കുന്നു. മനുഷ്യസമൂഹത്തിന്‍റെ എക്കാലത്തെയും പ്രശ്നം രോഗങ്ങളായിരുന്നു. അതുകൊണ്ട് സ്വാഭാവികമായും, രോഗശാന്തിയെ കേന്ദ്രീകരിച്ചായിരുന്നു വിശ്വാസങ്ങൾ”, തമിഴ് സാംസ്കാരികചരിത്രത്തിന്‍റെ സമ്പാദകനും എഴുത്തുകാരനുമായ സ്റ്റാലിൻ രാജാംഗം പറയുന്നു.

“ക്രിസ്ത്യൻ ‌മതത്തിലും ഇസ്ലാമിലുമൊക്കെ ഇത് സാധാരണയാണ്. കുട്ടികളെ മുസ്ലിം പള്ളിയിൽ കൊണ്ടുപോയി ചികിത്സിക്കാറുണ്ട്. ക്രിസ്ത്യൻ മതത്തിലാകട്ടെ, ആരോഗ്യമാതയെ (ആരോഗ്യത്തിന്‍റെ അമ്മ) ആരാധിക്കുന്ന പതിവുണ്ട്. ബുദ്ധഭിക്ഷുക്കൾ വൈദ്യം പരിശീലിച്ചിരുന്നു. തമിഴ്‌നാട്ടിൽ ഞങ്ങൾക്ക് സിദ്ധന്മാരുണ്ടായിരുന്നു. യഥാർത്ഥത്തിൽ ചികിത്സകരായിരുന്നു അവർ. അതിൽനിന്നാണ് സിദ്ധവൈദ്യം എന്ന ചികിത്സാസമ്പ്രദായം വന്നത്”, രാജാംഗം പറയുന്നു.

തമിഴ്‌നാട്ടിലെ മിക്കവാറും എല്ലാ ഗ്രാമങ്ങളിലും ഒരു മാരിയമ്മൻ ക്ഷേത്രമെങ്കിലും ഉണ്ടായിരിക്കും. ചില സ്ഥലങ്ങളിൽ വേറെ പേരായിരിക്കുമെന്ന് മാത്രം. പക്ഷേ അവൾക്ക് അമ്പലങ്ങളുണ്ട്. ഏതെങ്കിലുമൊരു പ്രത്യേക രോഗം ചികിത്സിക്കാനുള്ള ദൈവത്തിന്‍റെ ശേഷിയിലുള്ള വിശ്വാസം എല്ലാ മതങ്ങളിലും രാജ്യങ്ങളിലും നിലനിന്നുപോരുന്നുണ്ട്. പ്ലേഗിനോടും മറ്റ് മഹാവ്യാധികളോടുമുള്ള മതങ്ങളുടെ പ്രതികരണത്തെക്കുറിച്ച് കഴിഞ്ഞ ചില പതിറ്റാണ്ടുകളായി ലോകമെങ്ങുമുള്ള പണ്ഡിതർ ഗൗരവമായി ചിന്തിക്കാൻ ആരംഭിച്ചിരിക്കുന്നു.

A temple in the Pappanaickenpudur neighbourhood of Coimbatore. Painted in red, the words at the entrance say, Arulmigu Plague Mariamman Kovil ('temple of the compassionate Plague Mariamman')
PHOTO • Kavitha Muralidharan

കോയമ്പത്തൂരിനടുത്തുള്ള പാപ്പനായിക്കന്‍പുതൂരിലെ ഒരു കോവില്‍. കവാടത്തില്‍ ചുവന്ന അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നത് ‘അരുള്‍മിഗു പ്ലേഗ് മാരിയമ്മന്‍ കോവില്‍’ (കാരുണ്യവതിയായ പ്ലേഗ് മാരിയമ്മന്‍റെ കോവില്‍) എന്നാണ്

2008-ൽ പ്രസിദ്ധീകരിച്ച റിലീജിയൺ ആൻഡ് എപ്പിഡമിക്ക് ഡിസീസ് (മതവും മഹാവ്യാധികളും) എന്ന പ്രബന്ധത്തിൽ ചരിത്രകാരനായ ഡുയേൻ ജെ ഓഷീം (Duane J. Osheim) സൂചിപ്പിക്കുന്നത് നോക്കുക: “മതങ്ങള്‍ക്ക് മഹാവ്യാധികളോട് ഏകവും പ്രവചിക്കാനാവുന്നതുമായ പ്രതികരണങ്ങളില്ല. മതങ്ങളുടെ പ്രതികരണങ്ങൾ സർവ്വനാശം വിതയ്ക്കുന്നതാണെന്ന് ധരിക്കുന്നതും ശരിയായിരിക്കില്ല. ലിംഗം, വർഗ്ഗം, വംശം എന്നിവയെപ്പോലെത്തന്നെ, അപഗ്രഥനത്തിനുള്ള മറ്റൊരു സൂചികയാണ് മതവും എന്ന് തിരിച്ചറിയുന്നത് നന്നായിരിക്കും. മഹാവ്യാധികളോടുള്ള മതത്തിന്‍റെ പ്രതികരണത്തെ ഒരു ചട്ടക്കൂടായി കാണുന്നതായിരിക്കും ഉത്തമം. രോഗങ്ങളെ സ്വാധീനിക്കാനും അതിനോടുള്ള മനുഷ്യന്‍റെ പ്രതികരണത്തെ പഠിക്കാനുമുള്ള, സദാ മാറിമറിയുന്ന ഒരു ചട്ടക്കൂട്”.

*****

വർഷം‌തോറുമുള്ള അമ്മൻ തിരുവിഴകൾ (മാരിയമ്മൻ ഉത്സവങ്ങൾ) തമിഴ്‌നാട്ടിൽ ഇപ്പോഴും വളരെ സാധാരണമാണ്. പൊതുജനാരോഗ്യവും മതവിശ്വാസവും തമ്മിലുള്ള ബന്ധത്തെ മനസ്സിലാക്കേണ്ടതിന്‍റെ ആവശ്യകതയെ ഇത് ഊട്ടിയുറപ്പിക്കുന്നു എന്ന് സ്റ്റാലിൻ രാജാംഗം പറയുന്നു. ആടി മാസത്തിലാണ് (ജൂലായ് പകുതി മുതൽ ഓഗസ്റ്റ് പകുതിവരെ) സംസ്ഥാനത്തുടനീളം അമ്മൻ ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ നടക്കാറുള്ളത്.

അതിനുമുമ്പുള്ള മാസങ്ങളിൽ - ചിത്തിര (ഏപ്രിൽ പകുതി മുതൽ മേയ് പകുതിവരെ), വൈകാശി (മേയ് പകുതി മുതൽ ജൂൺ പകുതിവരെ), ആവണി (ജൂൺ പകുതിമുതൽ ജൂലായ് പകുതിവരെ) - തമിഴ്‌നാട്ടിൽ ചൂട് വളരെ കൂടുതലായിരിക്കും”, രാജാംഗം പറയുന്നു. “ഭൂമിയും ശരീരവും വരണ്ടുണങ്ങും. അമ്മൈ എന്ന രോഗത്തിലേക്ക് (ചിക്കൻ പോക്സും വസൂരിയും) നയിക്കുന്നത് ഈ ഉഷ്ണമാണ്. രണ്ടിനുമുള്ള പ്രതിവിധിയാകട്ടെ, തണുപ്പും. തിരുവിഴകളെക്കൊണ്ടുള്ള ആവശ്യം അതാണ്”.

ചിക്കൻപോക്സിൽനിന്നും വസൂരിയിൽനിന്നും ദൈവീകമായ രക്ഷ നേടുന്നതിനായിട്ടാണ് മുത്തുമാരിയമ്മനെ (മറ്റൊരു പേരാണ്) ആരാധിക്കാൻ തുടങ്ങിയത്. “ഈ രോഗം ത്വക്കിലാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത് എന്നതുകൊണ്ടാണ് ആ ദേവതയെ മുത്തുമാരിയമ്മൻ എന്ന് വിശേഷിപ്പിക്കുന്നത്”. തമിഴിൽ മുത്ത് എന്നതിന് പവിഴമെന്നും അർത്ഥമുണ്ട്. “ചിക്കൻ പോക്സിനെയും വസൂരിയെയുമൊക്കെ പ്രതിരോധിക്കാൻ ശേഷിയുള്ള മരുന്നുകൾ വന്നിട്ടും, രോഗശാന്തി തേടി അമ്പലങ്ങളിൽ വരുന്നവർക്ക് ഒരു കുറവുമില്ല”.

ഉത്സവങ്ങളോടനുബന്ധിച്ചുള്ള ചില ചടങ്ങുകളെക്കുറിച്ചും രാജാംഗം സൂചിപ്പിക്കുന്നു. ശാസ്ത്രീയമെന്നതിനേക്കാൾ, ഔഷധഗുണത്തെ സംബന്ധിക്കുന്ന ചില ചടങ്ങുകൾ. “തിരുവിഴ പ്രഖ്യാപിച്ചുകഴിഞ്ഞാൽ, ‘കാപ്പ് കാട്ടുതൽ‘ എന്നൊരു ചടങ്ങുണ്ട്. അതിനുശേഷം, ഗ്രാമത്തിലുള്ളവർക്ക് പുറത്തേക്ക് പോകാൻ സാധിക്കില്ല. കുടുംബത്തിലും തെരുവിലും ഗ്രാമത്തിലും അവര്‍ ശുചിത്വം പാലിക്കണം. അണുനാശിനികളായി കരുതപ്പെടുന്ന ആര്യവേപ്പിന്‍റെ ഇലകൾ ഈ ഉത്സവകാലത്ത് സ‌മൃദ്ധമായി ഉപയോഗിക്കപ്പെടുന്നു.”

കോവിഡിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് ശാസ്ത്രസമൂഹത്തിന് ധാരണയില്ലാതിരുന്ന ആദ്യനാളുകളിലെ മാർഗ്ഗനിർദ്ദേശങ്ങൾ, ഏകദേശം ഇതുപോലെയായിരുന്നു എന്ന് രാജാംഗം സൂചിപ്പിക്കുന്നു. “ശാരീരികാകലം പാലിക്കലും, അണുനാശിനി ഉപയോഗിക്കലുമായിരുന്നു ഉണ്ടായിരുന്നത്. ചില സമയങ്ങളിൽ ആളുകൾ ആര്യവേപ്പിന്‍റെ ഇലകളും ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. കാരണം, കോവിഡിനെ പ്രതിരോധിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് നിശ്ചയമുണ്ടായിരുന്നില്ല”.

രോഗിയെ ഒറ്റയ്ക്ക് പാർപ്പിക്കലും ഏതെങ്കിലും വിധത്തിലുള്ള അണുനാശിനികൾ ഉപയോഗിക്കലും സാർവ്വത്രികമായിരുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ, സാമൂഹികാകലത്തെക്കുറിച്ചും ഏകാന്തവാസത്തെക്കുറിച്ചും ബോധവത്ക്കരിക്കാൻ ഒഡിഷയിലെ പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ ഉപയോഗിച്ചത് പുരി ജഗന്നാഥക്ഷേത്രത്തിന്‍റെ ഉദാഹരണമാണ്. വർഷം‌തോറുമുള്ള രഥയാത്രയ്ക്ക് മുൻപ്, ജഗന്നാഥ ഭഗവാൻ അനസർ ഘർ എന്ന പ്രത്യേകമായ മുറിയിൽ അടച്ചിരിക്കുന്നത് അധികാരികൾ ഉയര്‍ത്തിക്കാട്ടി .

The doorway of a Plague Mariamman temple in Coimbatore’s Peelameedu area
PHOTO • Kavitha Muralidharan

കോയമ്പത്തൂരിലെ പീളമേട് പ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്ലേഗ് മാരിയമ്മന്‍ കോവിലിന്‍റെ പ്രവേശന വാതില്‍

രോഗത്തോട് പൊരുതുന്ന ദേവതകളെക്കുറിച്ചുള്ള സങ്കല്പം സാർവ്വത്രികമാണെന്നും, കർണ്ണാടകയിൽ എയ്ഡ്സിനായി ഒരു അമ്മൻ കോവില്‍ സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്നും, എസ് പെരുന്തേവി സൂചിപ്പിച്ചു. ന്യൂയോർക്കിലെ സിയന്ന സർവ്വകലാശാലയിലെ മതപഠനവിഭാഗത്തിലെ അസോസിയേറ്റ് പ്രഫസറും എഴുത്തുകാരിയുമാണ് അവർ.

“മാരിയമ്മൻ ആരാധന സമഗ്രമായ ഒന്നാണ്. തമിഴിൽ മാരി എന്ന വാക്കിന് മഴ എന്നും അർത്ഥമുണ്ട്. മുളൈപാരി (ഒരു കാർഷികോത്സവം) പോലുള്ള ചടങ്ങുകളിൽ മാരിയമ്മനെ ആരാധിക്കുന്നതും കാണുന്നതും വിളകളുടെ രൂപത്തിലാണ്. ചില സമയങ്ങളിൽ അവളെ രത്നങ്ങളുടെ രൂപത്തിലും പൂജിക്കാറുണ്ട്. ഒരേസമയം രോഗമായും, അതിന്‍റെ പ്രതിവിധിയായും മാരിയമ്മനെ ആരാധിക്കുന്ന സമ്പ്രദയവും നിലവിലുണ്ട്. പ്ലേഗിനെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്“, പെരുന്തേവി പറഞ്ഞു. എന്നാൽ, രോഗത്തെ കാല്പനികവത്ക്കരിക്കരുതെന്നും അവർ മുന്നറിയിപ്പ് തരുന്നു. “രോഗവുമായുള്ള ഏറ്റുമുട്ടൽ ജീവിതത്തിന്‍റെ ഭാഗമായി കാണാനും പരിഹാരം കണ്ടെത്താനുമുള്ള ശ്രമമാണ് മാരിയമ്മനെക്കുറിച്ചുള്ള നാടോടിക്കഥകൾ” അവർ പറയുന്നു.

*****

അപ്പോൾ ആരാണ് മാരിയമ്മൻ?

എത്രയോ കാലമായി ഗവേഷരേയും ചരിത്രകാരന്മാരേയും നാടോടിവ്ജ്ഞാനീയം കൈകാര്യം ചെയ്യുന്നവര്‍ എന്നിവരെയൊക്കെ വശീകരിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ഈ ദ്രാവിഡ മൂർത്തി.

രക്ഷാമൂർത്തിയായി കരുതിവരുന്ന മാരിയമ്മൻ, തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിലെ ഏറ്റവും പ്രചാരമുള്ള ദേവതയായിരുന്നു. ഇപ്പോഴും അങ്ങിനെത്തന്നെയാണ്. അവളെപ്പറ്റിയുള്ള കഥകളുടെ സ്രോതസ്സുകളെപ്പോലെത്തന്നെ വൈവിധ്യമുള്ളതാണ് ആ ദേവതയെപ്പറ്റിയുള്ള കഥകളും.

നാഗപ്പട്ടണത്തെ ഒരു ബുദ്ധസന്ന്യാസിനിയായിരുന്നു അവരെന്ന്  തെളിയിക്കാൻ ചില ചരിത്രകാരന്മാർ ബുദ്ധമത പാരമ്പര്യം ഉദ്ധരിക്കാറുണ്ട്. രോഗാതുരരായ മനുഷ്യർ, പ്രത്യേകിച്ചും വസൂരി ബാധിച്ചവർ, രോഗശമനത്തിനായി ആശ്രയിച്ചിരുന്നത് അവരെയായിരുന്നുവത്രെ. ബുദ്ധനിൽ വിശ്വസിക്കാൻ അവൾ അവരെ ഉപദേശിച്ചു. കൂടാതെ, ആര്യവേപ്പിന്‍റെ ഇല ചതച്ച മരുന്നും പ്രാർത്ഥനകളുംകൊണ്ട് ചികിത്സിച്ച് ഭേദമാക്കുകയും ചെയ്തു. ശുചിത്വം, വൃത്തി, ജീവകാരുണ്യം എന്നിവ ഉപദേശിക്കുകയും ചെയ്തിരുന്നു. അവർ നിർവ്വാണം പ്രാപിച്ചപ്പോൾ ജനങ്ങൾ അവരുടെ ഒരു പ്രതിമ പണിഞ്ഞുവെന്നും അതിൽനിന്നാണ് മാരിയമ്മന്‍റെ കഥ തുടങ്ങുന്നതെന്നുമാണ് ഐതിഹ്യം.

വേറെയും നിരവധി ഭാഷ്യങ്ങളുണ്ട് ഈ കഥയ്ക്ക്. നാഗപട്ടണത്ത് വന്ന പോർത്തുഗീസുകാർ അവളെ മാരിയമ്മൻ എന്ന് വിളിക്കുകയും ക്രിസ്ത്യൻ ദേവതയായി ആരാധിക്കുകയും ചെയ്തിരുന്നുവത്രെ.

Wall panels in the inner sanctum in Peelamedu temple give the details of consecration ceremonies performed in 1990 and 2018.
PHOTO • Kavitha Muralidharan
Stone figures representing three goddesses in the temple: (from the left) Panniyariamman, Plague Mariamman and Badrakaliamman
PHOTO • Kavitha Muralidharan

ഇടത്: പീളമേട് കോവിലിനുള്ളിലെ ശ്രീകോവിലിന്‍റെ വശത്തുള്ള പാനലുകള്‍ 1990-ലും 2018-ലും നടത്തിയ പ്രതിഷ്ഠ ചടങ്ങുകളുടെ വിവരങ്ങള്‍ നല്‍കുന്നു. വലത്: കോവിലിനകത്ത് മൂന്ന് മൂര്‍ത്തികളെ പ്രതിനിധീകരിക്കുന്ന കല്‍ രൂപങ്ങള്‍. ഇടത്തുനിന്ന്: പന്നിയാരമ്മന്‍ പ്ലേഗ് മാരിയമ്മനും ഭദ്രകാളിയമ്മനും

വസൂരിയുടേയും മറ്റ് പകർച്ചവ്യാധികളുടേയും വടക്കേന്ത്യൻ ദേവതയായ ശീതളയുടെ പ്രതിരൂപമാണ് മാരിയമ്മൻ എന്ന് ചിലർ അവകാശപ്പെടുന്നു. ഭഗവാൻ ശിവന്‍റെ ഭാര്യയായ പാർവ്വതീദേവിയുടെ അവതാരമായിട്ടാണ് ശീതള പരിഗണിക്കപ്പെട്ടുവരുന്നത്. സംസ്കൃതത്തിൽ ശീതള എന്നതിന്‍റെ അർത്ഥം, തണുപ്പിക്കുന്നത് എന്നാണ്.

പക്ഷേ കഴിഞ്ഞ ചില ദശാബ്ദങ്ങളായി നടക്കുന്ന ഗവേഷണങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞുവരുന്നത്, ദളിതരും മറ്റ് കീഴ്ജാതിക്കാരും ആരാധിച്ചുപോന്നിരുന്ന ഒരു ഗ്രാമദേവതയാണ് യഥാർത്ഥത്തിൽ മാരിയമ്മൻ എന്നാണ്. ശരിക്കും പറഞ്ഞാൽ, ജന്മനാ ദളിതയായ ഒരു മൂർത്തി.

മാരിയമ്മന്‍റെ ശക്തിയും പ്രചാരവും കണ്ട് അത്ഭുതപ്പെട്ട ഉന്നതജാതിക്കാർ കാലക്രമത്തിൽ, അവളെ അംഗീകരിക്കാനും സ്വാംശീകരിക്കാനും ശ്രമിച്ചതിൽ അത്ഭുതപ്പെടാനില്ല.

“തമിഴ്‌നാട്ടിലെ ആദിമനിവാസികൾ ആരാധിച്ചിരുന്ന പ്രാചീന ദ്രാവിഡ ദേവതയായിരുന്നു മാരിയമ്മ എന്നതിനുള്ള തെളിവ്, ആ ദേവതയ്ക്ക് പറയ ജാതിക്കാരും (ഒരുകാലത്ത് തൊട്ടുകൂടാത്തവർ എന്ന ഗണത്തിൽപ്പെട്ടവരും പിന്നീട് പട്ടികജാതിയിൽ ഉൾപ്പെട്ടിരുന്നവരുമായ ആളുകൾ)‌ തമിഴ്‌നാട്ടിലെ ദ്രാവിഡ ജനതയുടെ പ്രാചീന പ്രതിനിധികളുമായുള്ള അഭേദ്യമായ ബന്ധംതന്നെയാണ്” എന്ന്, 1980-ൽ എഴുതപ്പെട്ട, തമിഴ്‌നാട്ടിലെ മാരിയമ്മൻ ആരാധന എന്നൊരു പ്രബന്ധത്തിൽ ചരിത്രകാരനും എഴുത്തുകാരനുമായ കെ. ആർ. ഹനുമന്തൻ സൂചിപ്പിക്കുന്നു.

ഈ മൂർത്തിയുടെ ധാരാളം ക്ഷേത്രങ്ങളിൽ ഏറെക്കാലം പൂജാരിമാരായി പ്രവർത്തിച്ചിരുന്നത് പറയരാണെന്ന് ഹനുമന്തന്‍ പറയുന്നു. ഉദാഹരണത്തിന് “ചെന്നൈക്ക് സമീപത്തുള്ള തിരുവേർകാടിലെ കരുമാരിയമ്മൻ ക്ഷേത്രം. പറയരായിരുന്നു യഥാർത്ഥത്തിൽ അവിടത്തെ പുരോഹിതർ. പക്ഷേ 1863-ലെ റിലീജിയസ് എൻഡോവ്‌മെന്‍റ്  ആക്ട് (Religious Endowments Act) വന്നതോടെ, ആ സ്ഥാനം ബ്രാഹ്മണന്മാർക്ക് കൈവന്നു”. സവർണ്ണജാതിക്കാർക്ക് സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട ജനതകളുടെ ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ 1863-ലെ ഈ ബ്രിട്ടീഷ് കൊളോണിയൽ നിയമം സഹായകമായി. സ്വാതന്ത്ര്യലബ്ധിക്കുശേഷം, ഈ അനീതി പരിഹരിക്കുന്നതിനും തെറ്റുകൾ തിരുത്തുന്നതിനുമായി, തമിഴ്‌നാടുപോലുള്ള സംസ്ഥാനങ്ങൾ സ്വന്തമായ നിയമങ്ങൾ കൊണ്ടുവരികയും ചെയ്തു.

*****

ഒടുവിൽ ഇപ്പോൾ ‘കൊറോണ ദേവി ക്ഷേത്രമോ? ശരിക്കും?

അതെ, കോയമ്പത്തൂരിലെ പ്രാന്തപ്രദേശമായ ഇരുഗൂറിലെ, ആ പേരിലുള്ള ക്ഷേത്രത്തിന്‍റെ മാനേജരായ ആനന്ദ ഭാരതി പറയുന്നു. “പ്ലേഗ് മാരിയമ്മൻ ആരാധനയുടെ അതേ ചുവട് പിടിച്ചാണ് ഇത്. നിലവിലുള്ള ഒരമ്പലത്തിൽ കൊറോണ ദേവിക്ക് പ്രതിമ പണിയാൻ ഞങ്ങൾ തീരുമാനിച്ചപ്പോൾ, മഹാവ്യാധി അതിന്‍റെ മൂർദ്ധന്യത്തിലായിരുന്നു. പ്രാർത്ഥനയ്ക്ക് മാത്രമേ നമ്മെ രക്ഷിക്കാനാവൂ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു”.

അങ്ങിനെ, കോവിഡ് ആരംഭിച്ചതോടെ, 2020-ന്‍റെ രണ്ടാം പകുതിയിൽ, ആ രോഗത്തിനെതിരേ പ്രാർത്ഥിക്കാൻ ഇന്ത്യയിൽ നിലവിൽ‌വന്ന അപൂർവ്വം ആരാധനാലയങ്ങളിൽ ഒന്ന് കോയമ്പത്തൂരിൽ തുടങ്ങി.

പക്ഷേ എന്തുകൊണ്ടാണ് കൊറോണ മാരിയമ്മൻ എന്നതിനുപകരം, കൊറോണ ദേവി എന്ന് പേരിട്ടത്? ഞങ്ങൾ ചോദിച്ചു. ഭാഷാപരമായ അർത്ഥവ്യാപ്തിമൂലം ആ വാക്ക് പ്രയോഗിക്കുന്നതിൽ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്ന് ഭാരതി കണ്ടെത്തുന്നു. “മാരിയമ്മൻ എന്ന വാക്കിന് പ്ലേഗിനോടാണ് കൂടുതൽ ചാർച്ച. കൊറോണയോടല്ല. അതുകൊണ്ടാണ് ഞങ്ങൾ ദേവി എന്ന് പേരിട്ടത്”.

There is a Mariamman temple in almost every village of Tamil Nadu. She may have a different name in some regions, but her shrines are there

തമിഴ്‌നാട്ടിലെ മിക്കവാറും എല്ലാ ഗ്രാമങ്ങളിലും ഒരു മാരിയമ്മൻ ക്ഷേത്രമെങ്കിലും ഉണ്ടായിരിക്കും. ചില സ്ഥലങ്ങളിൽ വേറെ പേരായിരിക്കുമെന്ന് മാത്രം. പക്ഷേ അവൾക്ക് അമ്പലങ്ങളുണ്ട്

ചികിത്സാ സംവിധാനങ്ങളൊക്കെ വന്നിട്ടും, ആ ദേവീ ആരാധനയും അനുബന്ധ ചടങ്ങുകളും, ആരോഗ്യപ്രശ്നങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണത്തിന്‍റെ ഭാഗമായി ഇപ്പൊഴും നിലനിൽക്കുന്നു.

പക്ഷേ, പ്ലേഗ് മാരിയമ്മനിൽനിന്ന് വ്യത്യസ്തമായി, കൊറോണ ദേവി അമ്പലത്തിൽ ഭക്തർ നേരിട്ട് പ്രവേശിക്കുന്നത് ഇക്കാലത്തിനുള്ളിൽ അധികം അനുവദിക്കുകയുണ്ടായിട്ടില്ല. അടച്ചുപൂട്ടലായിരുന്നു അതിനുള്ള കാരണം. മാരകമായ വൈറസിന്‍റെ പേരിൽ ഉണ്ടായിട്ടുള്ള അമ്പലത്തിൽ, മൂർത്തിയുടെ കാര്യത്തിൽ മാത്രമല്ല, മഹാവ്യാധിക്കാലത്തെ പെരുമാറ്റച്ചട്ടങ്ങൾക്കും ദിവ്യത്വം കൽ‌പ്പിക്കണമല്ലോ. 48 ദിവസത്തെ ഒരു യജ്ഞം നടത്തിയതിനുശേഷം മണ്ണുകൊണ്ടുണ്ടാക്കിയ വിഗ്രഹം പുഴയില്‍ നിമജ്ജനം ചെയ്തു എന്ന് അമ്പലത്തിന്‍റെ അധികാരികൾ അവകാശപ്പെടുന്നു. അമ്പലത്തിൽ ഇപ്പോൾ ഭക്തർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും, ആരാധിക്കാൻ ഒരു വിഗ്രഹമില്ലെന്ന യാഥാർത്ഥ്യം അവരെ അലട്ടുന്നതേയില്ല.

കോയമ്പത്തൂരിന്‍റെ സാംസ്കാരികപൈതൃകത്തിൽ പ്ലേഗ് മാരിയമ്മൻ ക്ഷേത്രത്തിനുള്ളത്ര പ്രാധാന്യം കൊറോണ ദേവിക്കും ഉണ്ടെന്ന സങ്കല്പത്തെ ഇളങ്കോവനെപ്പോലുള്ള എഴുത്തുകാർ തള്ളിക്കളയുന്നു. “കൂടിവന്നാൽ ഒരു പ്രചാരണവേല മാത്രമാണത്. പ്ലേഗ് മാരിയമ്മൻ ക്ഷേത്രവുമായൊന്നും അതിനെ താരത‌മ്യം ചെയ്യനാവില്ല. അതുമായി ബന്ധവുമില്ല. പ്ലേഗ് മാരിയമ്മൻ ക്ഷേത്രം കോയമ്പത്തൂരിന്‍റെ ചരിത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഭാഗമാണ്“, അദ്ദേഹം പറയുന്നു.

പ്ലേഗ് ഇപ്പോൾ ഒരു പഴയ ദുരന്തസ്മരണ മാത്രമാണെങ്കിലും, നഗരത്തിലുള്ള പ്ലേഗ് മാരിയമ്മൻ ക്ഷേത്രങ്ങൾ ഇപ്പോഴും വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്നുണ്ട്. 2019-ൽ കോവിഡിന്‍റെ ആരംഭത്തിനുമുൻപ്, പാപനായ്ക്കൻപാളയത്തിലെ പ്ലേഗ് മാരിയമ്മൻ ക്ഷേത്രം വാർത്തകളിൽ നിറയുകയുണ്ടായി. അവിടുത്തെ ദേവതയുടെ പ്രതിമയിൽ ഒരു തത്ത പറന്നുവന്നിരുന്നത് അന്ന് അവിടെക്കൂടിയ ആളുകളെ ഭക്തിയുടെ ലഹരിയിൽ ആറാടിച്ചു.

പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, ആ ‘സംഭവം’ ഒരു മണിക്കൂറോളം നീണ്ടുനിൽക്കുകയും, ധാരാളം ആരാധകർ കേട്ടറിഞ്ഞ് ഒഴുകിയെത്തുകയും ചെയ്തു. “മാരിയമ്മൻ ഒരു ഗ്രാമദേവതയാണ്. സാധാരണ ജനങ്ങൾക്കിടയിൽ അതിന്‍റെ പ്രാധാന്യം ഒരിക്കലും കുറയുകയില്ല. ഉദാഹരണത്തിന്, ടൗൺഹാളിലെ കോണിയമ്മൻ ക്ഷേത്രോത്സവത്തിന് അതേ പ്രദേശത്തെ പ്ലേഗ് മാരിയമ്മൻ ക്ഷേത്രത്തിലും പവിത്രമായ അഗ്നികുണ്ഡം നിർമ്മിക്കുകയുണ്ടായി. ചടങ്ങുകളെല്ലാം പരസ്പരബന്ധിതമാണ്. കോയമ്പത്തൂരിന്‍റെ രക്ഷാദേവതയാന് കോണിയമ്മൻ”, ഇളങ്കോവൻ പറഞ്ഞു.

സങ്കീർണ്ണമായ ഈ ചരിത്രവും മിത്തുമൊന്നും പുതിയ തലമുറയിലധികം പേർക്കും അറിയില്ല. എന്നിട്ടുപോലും, അവരുടെയിടയിൽ ഈ മന്ദിരങ്ങൾക്ക് സവിശേഷ സ്ഥാനമുണ്ട്. “സത്യം പറഞ്ഞാൽ, അമ്പലങ്ങൾക്ക് ഇത്തരമൊരു ചരിത്രമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു”, കോയമ്പത്തൂരിലെ ഒരു സംരംഭകനായ 28 വയസ്സുള്ള ആർ. നാരായൻ പറയുന്നു. “പക്ഷേ എന്‍റെ അമ്മയോടൊപ്പം ഞാനും ഈ അമ്പലത്തിലെ സ്ഥിരം സന്ദർശകനാണ്. ഇനിയുള്ള കാലത്തും ഞാൻ ഇവിടം സ്ഥിരമായി സന്ദർശിക്കും. എന്നെസംബന്ധിച്ച് അതിനൊരു മാറ്റവും വരുന്നില്ല. ഒരുപക്ഷേ പണ്ടത്തേക്കാൾ ഭക്തിയോടെയാണ് ഞാനിപ്പോൾ ഇതിനെ കാണുന്നത്”, അയാൾ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തിന് താക്കൂർ ഫാമിലി ഫൗണ്ടേഷൻ നൽകുന്ന ഗ്രാന്‍റുപയോഗിച്ച് , പൊതുജനാരോഗ്യത്തെക്കുറിച്ചും പൗരാവകാശത്തെക്കുറിച്ചും റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകയാണ് കവിതാ മുരളീധരൻ . ഈ റിപ്പോർട്ടിന്‍റെ ഉള്ളടക്കത്തിൽ താക്കൂർ ഫാമിലി ഫൗണ്ടേഷൻ ഒരുവിധത്തിലുമുള്ള സ്വാധീനവും ചെലുത്തിയിട്ടില്ല .

പരിഭാഷ: രാജീവ് ചേലനാട്ട്

Kavitha Muralidharan

ಪತ್ರಿಕೋದ್ಯಮದ ವೃತ್ತಿಯನ್ನು ಸ್ವತಂತ್ರವಾಗಿ ನಿರ್ವಹಿಸುತ್ತಿರುವ ಕವಿತ ಮುರಳೀಧರನ್ ಅನುವಾದಕರೂ ಹೌದು. ಈ ಹಿಂದೆ ‘ಇಂಡಿಯ ಟುಡೆ’ (ತಮಿಳು) ಪತ್ರಿಕೆಯ ಸಂಪಾದಕರಾಗಿದ್ದು, ಅದಕ್ಕೂ ಮೊದಲು ‘ದಿ ಹಿಂದು’ (ತಮಿಳು) ಪತ್ರಿಕೆಯ ವರದಿ ವಿಭಾಗದ ಮುಖ್ಯಸ್ಥರಾಗಿದ್ದ ಕವಿತ, ಪ್ರಸ್ತುತ ‘ಪರಿ’ಯ ಸ್ವಯಂಸೇವಕರಾಗಿದ್ದಾರೆ.

Other stories by Kavitha Muralidharan
Illustrations : Priyanka Borar

ಕವರ್ ಇಲ್ಲಸ್ಟ್ರೇಷನ್: ಪ್ರಿಯಾಂಕಾ ಬೋರಾರ್ ಹೊಸ ಮಾಧ್ಯಮ ಕಲಾವಿದೆ. ಹೊಸ ಪ್ರಕಾರದ ಅರ್ಥ ಮತ್ತು ಅಭಿವ್ಯಕ್ತಿಯನ್ನು ಕಂಡುಹಿಡಿಯಲು ತಂತ್ರಜ್ಞಾನವನ್ನು ಪ್ರಯೋಗಿಸುತ್ತಿದ್ದಾರೆ. ಅವರು ಕಲಿಕೆ ಮತ್ತು ಆಟಕ್ಕೆ ಎಕ್ಸ್‌ಪಿರಿಯೆನ್ಸ್ ವಿನ್ಯಾಸ‌ ಮಾಡುತ್ತಾರೆ. ಸಂವಾದಾತ್ಮಕ ಮಾಧ್ಯಮ ಇವರ ಮೆಚ್ಚಿನ ಕ್ಷೇತ್ರ. ಸಾಂಪ್ರದಾಯಿಕ ಪೆನ್ ಮತ್ತು ಕಾಗದ ಇವರಿಗೆ ಹೆಚ್ಚು ಆಪ್ತವಾದ ಕಲಾ ಮಾಧ್ಯಮ.

Other stories by Priyanka Borar
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat