മേ തേസ് ദോഡ് കെ ആവൂംഗ , ഔർ കൂനോ മേ ബസ് ജാവൂംഗ (ഞാൻ അതിവേഗം ഓടിയെത്തി കൂനോയിൽ താമസമുറപ്പിക്കാൻ പോകുകയാണ്)”

ചിന്‍റു എന്ന ചീറ്റയുടെ വാക്കുകളാണിത്. ചുമരിൽ പതിപ്പിച്ചിട്ടുള്ള ഒരു പോസ്റ്ററിലെ കഥാപാത്രമായ ചിന്‍റു, തന്‍റെ വാക്കുകൾ കേൾക്കാൻ തയ്യാറുള്ള, വായിക്കാൻ കഴിയുന്ന എല്ലാവരോടുമായി പറയുന്ന വാക്കുകൾ.

ആറ് മാസം മുൻപാണ് മധ്യ പ്രദേശിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ മേലധികാരികളുടെ നിർദ്ദേശമനുസരിച്ച് ഈ പോസ്റ്റർ പതിപ്പിക്കുന്നത്. പോസ്റ്ററിലെ നിരുപദ്രവകാരിയായ കഥാപാത്രമായ 'ചിന്‍റു ചീറ്റ' തനിക്ക് വീട് വയ്ക്കാനായി കണ്ടെത്തിയിരിക്കുന്ന കൂനോ ദേശീയ ഉദ്യാനത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളിലേയ്ക്കെല്ലാം ഈ പോസ്റ്റർ ഇതിനകം വ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

50 യഥാർത്ഥ ആഫ്രിക്കൻ ചീറ്റകൾക്കൊപ്പം ചിന്‍റു തന്‍റെ പുതിയ വീട് പങ്കിടും. എന്നാൽ ആ വീട്ടിൽ ഇടമില്ലാത്ത, ബാഗ്ച ഗ്രാമത്തിലെ 556 മനുഷ്യരെ അവിടെ നിന്ന് കുടിയിറക്കി, മറ്റൊരിടത്തേക്ക് മാറ്റിപ്പാർപ്പിക്കുകയാണ്. അവരിൽ ഏറിയ പങ്കും സഹരിയ ആദിവാസികളാണ്. കാടുമായി ഇഴചേർന്ന് ജീവിക്കുന്ന ഇവരുടെ ജീവനോപാധിയെയും അസ്തിത്വത്തെ തന്നെയും പ്രതിസന്ധിയിലാക്കുന്ന നാടുകടത്തലാണിത്.

വിദേശത്ത് നിന്ന് കൊണ്ടു വരുന്ന ചീറ്റകളെ കാണാനായി ചിലവേറിയാതാകുമെന്ന് അനുമാനിക്കാവുന്ന സഫാരി യാത്രകൾ നടത്താൻ സാമ്പത്തിക ശേഷിയുള്ള ടൂറിസ്റ്റുകൾക്ക് മാത്രമേ ദേശീയോദ്യാനത്തിനകത്തേയ്ക്ക് പ്രവേശനമുണ്ടാകുകയുള്ളു. സ്വാഭാവികമായും, നല്ലൊരു ശതമാനം പേരും ദാരിദ്ര്യ രേഖയ്ക്ക് കീഴിലുള്ളവരായ തദ്ദേശീയർ അക്കൂട്ടത്തിൽ നിന്ന് പുറന്തള്ളപ്പെടും.

ഇതേസമയം, ദേശീയോദ്യാനത്തിന് 20 കിലോമീറ്റർ പുറത്തുള്ള പൈറ ജാതവ് എന്ന ഗ്രാമത്തിലെ എട്ട് വയസ്സുകാരനായ സത്യൻ ജാതവിനെ പോലെ ചിലർ,  പോസ്റ്ററുകളിൽ കാണുന്ന 'സ്നേഹവാനായ' പുള്ളിപ്പുലിയെ കണ്ട് ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. “ഇത് ആടാണോ?”, അവൻ അച്ഛനോട് ചോദിക്കുന്നു. സത്യയുടെ നാല് വയസ്സുകാരനായ അനിയൻ അനുരോധ് അതൊരു നായയാണെന്ന് ഉടനെ മറുപടിയേകുന്നു.

Chintu Cheetah poster
PHOTO • Priti David
Village near Kuno National Park
PHOTO • Priti David

ഇടത്ത് : ' ചിന്‍റു ചീറ്റ ' പ്രത്യക്ഷപ്പെടുന്ന പോസ്റ്റർ കൂനോ ദേശീയോദ്യാനത്തിന്‍റെ ഗേറ്റിൽ പതിച്ചിരിക്കുന്നു . വലത്ത് : ദേശീയോദ്യാനത്തിന്‍റെ അരികത്ത് സ്ഥിതി ചെയ്യുന്ന ബാഗ്ച ഗ്രാമം

ചിന്‍റു ചീറ്റയുടെ പ്രഖ്യാപനത്തിന് പിന്നാലെ കാര്യങ്ങൾ വിശദമായി വിവരിക്കുന്ന രണ്ട് ചിത്രകഥകൾ കൂടി പോസ്റ്റർ രൂപത്തിൽ ഇറങ്ങുകയുണ്ടായി. അവയിൽ മിന്‍റു എന്നും മീനു എന്നും പേരായ രണ്ട് കുട്ടികൾ ചീറ്റകളെ പറ്റിയുള്ള വസ്തുതകൾ പങ്കുവയ്ക്കുന്നു. ചീറ്റകൾ മനുഷ്യരെ ഒരിക്കലും ഉപദ്രവിക്കാത്ത, പുള്ളിപുലികളുടെ അത്ര പോലും ഉപദ്രവകാരിയല്ലാത്ത മൃഗങ്ങളാണെന്നാണ് അവർ അവകാശപ്പെടുന്നത്. താൻ ചീറ്റയുമായി ഓട്ടമത്സരം നടത്താൻ പോകുകയാണെന്ന് വരെ മിന്‍റു പറയുന്നുണ്ട്.

ജാതവ് കുടുംബത്തിലെ കുട്ടികൾ ചീറ്റയുടെ മുന്നിൽ ചെന്ന് പെടുമ്പോൾ, അവർ അതിനെ ഓമനിക്കാൻ മുതിരില്ലെന്ന് പ്രതീക്ഷിക്കാം.

ഇനി പറയാൻ പോകുന്നതാണ് യാഥാർഥ്യം; ഈ ചിത്രകഥകളിൽ പറയുന്നത് പോലെ നിഷ്കളങ്കമല്ല ഒന്നും.

ആസിനോനിക്സ് ജുബാറ്റസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ചീറ്റ കരയിലെ വേഗതയേറിയ മൃഗവും അപകടം നേരിടുന്ന സ്പീഷീസും അതീവ അപകടകാരിയായ വലിയ സസ്തനിയുമാണ്. ഇന്ത്യൻ ആവാസവ്യവസ്ഥയിൽ സ്വാഭാവികമായി കാണാത്ത ഇവയ്ക്കായി നൂറുക്കണക്കിന് തദ്ദേശീയ കുടുംബങ്ങളെയാണ് ഭവനരഹിതരാക്കുന്നത്.

*****

“ഈ വർഷം മാർച്ച് 6-ന് അവിടെ താഴെയുള്ള വനം വകുപ്പിന്‍റെ ചൗക്കിയിൽ ഒരു യോഗം വിളിച്ചു കൂട്ടിയിരുന്നു.”, തന്‍റെ ഗ്രാമമായ ബാഗ്ചയുടെ അറ്റത്ത് തുടങ്ങി വ്യാപിച്ചു കിടക്കുന്ന കൂനോ കാട്ടിലേക്ക് ചൂണ്ടിക്കൊണ്ട് നാല്പതുകാരനായ ബല്ലു ആദിവാസി പറയുന്നു. “ഈ പ്രദേശം ദേശീയോദ്യാനമായി പ്രഖ്യാപിച്ചിരിക്കുന്നുവെന്നും ഞങ്ങൾ ഇവിടെ നിന്ന് മാറിത്താമസിക്കണമെന്നും യോഗത്തിൽ പറഞ്ഞു.”

മധ്യപ്രദേശിലെ ശിവ്പൂർ ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ബാഗ്ച ഗ്രാമം സഹരിയ ആദിവാസികളുടേതാണ്. സംസ്ഥാനത്തെ അതീവ ദുർബല ഗോത്ര വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇവർക്കിടയിലെ സാക്ഷരത 42 ശതമാനമാണ്. വിജയ്പ്പൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ബാഗ്ച ഗ്രാമത്തിൽ 2011ലെ സെൻസസ് അനുസരിച്ച് 556 ആണ് ജനസംഖ്യ. മണ്ണും ഇഷ്ടികയും കൊണ്ട് നിർമ്മിച്ച, കല്ല് കൊണ്ടുള്ള സ്ലാബുകളാൽ മേൽക്കൂര തീർത്ത വീടുകളാണ് ഇവിടെയധികവും. ഗ്രാമത്തിനു ചുറ്റും വ്യാപിച്ചു കിടക്കുന്ന വന്യജീവി സങ്കേതത്തിലൂടെ (കൂനോ പാൽപ്പൂർ എന്നും അറിയപ്പെടുന്നു) കൂനോ നദി ഒഴുകുന്നു.

ചെറിയ വിസ്തൃതിയുള്ള നിലങ്ങളിൽ മഴയെ ആശ്രയിച്ച് കൃഷിയിറക്കിയും കൂനോയിൽ നിന്ന് തടിയേതര വനവിഭവങ്ങൾ ശേഖരിച്ച് വിറ്റുമാണ് സഹരിയകൾ ഉപജീവനം കണ്ടെത്തുന്നത്

വീഡിയോ കാണുക : കൂനോ ദേശീയോദ്യാനത്തിലെ ആദിവാസികൾ ആഫ്രിക്കയിൽ നിന്ന് കൊണ്ട് വരുന്ന ചീറ്റകൾക്കായി കുടിയൊഴിപ്പിക്കപ്പെടുന്നു

അറുപതുകളിൽ പ്രായമുള്ള കല്ലോ ആദിവാസി തന്‍റെ വിവാഹാനന്തര ജീവിതം മുഴുവൻ കഴിഞ്ഞിട്ടുള്ളത് ബാഗ്ചയിലാണ്. “ഞങ്ങളുടെ ഭൂമി ഇവിടെയാണ്. ഞങ്ങളുടെ കാടും നാടും ഇവിടെയാണ്; ഇവിടെയുള്ളതെല്ലാം ഞങ്ങളുടേതാണ്. പക്ഷെ ഇപ്പോൾ ഇവിടെ നിന്ന് പോകാൻ ഞങ്ങൾ നിർബന്ധിതരാകുകയാണ്.” കർഷകയും വനവിഭവങ്ങൾ ശേഖരിക്കുന്ന വ്യക്തിയും ഏഴ് മക്കളുടെ അമ്മയും അനേകം കൊച്ചുമക്കളുടെ - എല്ലാവരും അവരോടൊപ്പം തന്നെയാണ് താമസിക്കുന്നത് - മുത്തശ്ശിയുമായ അവർ ചോദിക്കുന്നു, “ചീറ്റയെ കൊണ്ടുവരുന്നത് കൊണ്ട് ആർക്ക്, എന്താണ് ഗുണം?”

ശിവ്പൂരിൽ നിന്ന് സിറോണി പട്ടണത്തിലേക്ക് പോകുന്ന ഹൈവേയിൽ നിന്ന് തിരിഞ്ഞ്, കാർദായി , ഖൈർ , സലായ് തുടങ്ങിയ വൃക്ഷങ്ങൾ തിങ്ങി വളരുന്ന കാടുകൾക്കിടയിലൂടെ കടന്നു പോകുന്ന മൺപാതയിലൂടെ സഞ്ചരിച്ചു വേണം ബാഗ്ച ഗ്രാമത്തിലെത്താൻ. മൺപാതയിൽ 12 കിലോമീറ്റർ പിന്നിടുമ്പോൾ, ഉയർന്നു നിൽക്കുന്ന ഒരു ഭൂപ്രദേശത്ത്, ഗ്രാമം തെളിഞ്ഞു തുടങ്ങും. ഗ്രാമത്തിലുടനീളം കന്നുകാലികൾ യഥേഷ്ടം അലഞ്ഞു നടക്കുന്നു. ബാഗ്ച ഗ്രാമത്തിൽ നിന്ന് ഏറ്റവുമടുത്ത പൊതുജനാരോഗ്യ കേന്ദ്രം 20 കിലോമീറ്റർ അകലെയാണ്. ഫോൺ ലൈനുകളും നെറ്റ്‌വർക്കും പ്രവർത്തനക്ഷമമായിട്ടുള്ള സമയങ്ങളിൽ മാത്രം 108ലേക്ക് വിളിച്ച് ആരോഗ്യ സേവനങ്ങൾ ആവശ്യപ്പെടാൻ സാധിക്കും. ഗ്രാമത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസാവശ്യത്തിനായി ഉള്ളത് ഒരു പ്രാഥമിക വിദ്യാലയമാണ്. അഞ്ചാം ക്ലാസ്സിന് അപ്പുറം പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 20 കിലോമീറ്റർ അകലെ, ഓച്ചയിലുള്ള മിഡിൽ സ്കൂളിനെ ആശ്രയിക്കണം. ക്ലാസ് മുടങ്ങാതിരിക്കണമെങ്കിൽ അവിടെ താമസിച്ച് പഠിക്കുകയും വേണം.

ചെറിയ വിസ്തൃതിയുള്ള നിലങ്ങളിൽ മഴയെ ആശ്രയിച്ച് കൃഷിയിറക്കിയും കൂനോയിൽ നിന്ന് തടിയേതര വനവിഭവങ്ങൾ (non-timber forest produce - NTFP) ശേഖരിച്ച് വിറ്റുമാണ് സഹരിയകൾ ഉപജീവനം കണ്ടെത്തുന്നത്. ഇവിടെ നിന്ന് കുടിയൊഴിക്കപ്പെട്ടാൽ ഇതിൽ രണ്ടാമത്തേത് അസാധ്യമാകും. ചീർ മരങ്ങളിൽ നിന്ന് ശേഖരിക്കുന്ന മരപ്പശ ( ഗോണ്ട് ) പോലെയുള്ള വനവിഭവങ്ങളാണ് ഇവർക്ക് വരുമാനത്തിന്‍റെ നല്ലൊരു പങ്കും നേടിക്കൊടുക്കുന്നത്. പലതരം മരപ്പശകൾ, തേന്ദു ഇലകൾ, ഫലങ്ങൾ, വേരുകൾ, മരുന്നുചെടികൾ എന്നിവ പുറമെയും. വർഷത്തിലുടനീളം നല്ല വിളവുണ്ടെങ്കിൽ, വനവിഭവങ്ങൾ ശേഖരിച്ച് വിൽക്കുന്നതിലൂടെ ഓരോ വീട്ടിലും (ഒരു വീട്ടിൽ 10 അംഗങ്ങൾ എന്ന സാമാന്യ കണക്കിൽ) രണ്ട് മുതൽ മൂന്ന് ലക്ഷം രൂപ വരെ വാർഷിക വരുമാനമുണ്ടാകുന്നുവെന്നാണ് സഹരിയകൾ കണക്കു കൂട്ടുന്നത്. ഈ വരുമാനവും ദാരിദ്ര്യ രേഖയ്ക്ക് കീഴിലുള്ളവർക്ക് (ബി.പി.എൽ) റേഷൻ കാർഡ് ഉപയോഗിച്ച് വാങ്ങാനാവുന്ന റേഷനും ലഭിക്കുമ്പോഴാണ് ഇക്കൂട്ടർക്ക് ഭക്ഷ്യസുരക്ഷ ഇല്ലെങ്കിലും ഭക്ഷ്യലഭ്യതയെങ്കിലും ഒരു പരിധി വരെ ഉറപ്പാക്കാനാകുന്നത്.

വനത്തിൽ നിന്ന് പുറത്തു പോകേണ്ടി വന്നാൽ ഇതെല്ലാം അസാധ്യമാകും. “കാടിന്‍റെ തുണ ഞങ്ങൾക്ക് നഷ്ടമാകും. ഇപ്പോൾ ചെയ്യുന്നത് പോലെ കാട്ടിൽ നിന്ന് ചീറും മറ്റ് ഗോണ്ടുകളും ശേഖരിച്ച് വിറ്റ് ഞങ്ങൾക്ക് ഉപ്പും എണ്ണയും വാങ്ങാനാകില്ല. അതെല്ലാം അസാധ്യമാകും. വരുമാനം കണ്ടെത്താൻ കൂലിപ്പണിക്ക് പോകുക എന്ന സാധ്യത മാത്രമേ ഞങ്ങൾക്ക് മുന്നിൽ അവശേഷിക്കുകയുള്ളൂ.”, ബാഗ്ചയിലെ സഹരിയകളിൽ ഒരാളായ ഹരേഥ് ആദിവാസി പറയുന്നു.

Ballu Adivasi, the headman of Bagcha village.
PHOTO • Priti David
Kari Adivasi, at her home in the village. “We will only leave together, all of us”
PHOTO • Priti David

ഇടത്ത് : ബാഗ്ച ഗ്രാമത്തിലെ ഗ്രാമത്തലവനായ ബല്ലു ആദിവാസി . വലത്ത് : കാരി ആദിവാസി , ഗ്രാമത്തിലുള്ള അവരുടെ വീട്ടിൽ . ‘ഞങ്ങൾ ഒരുമിച്ചു മാത്രമേ ഇവിടെ നിന്ന് പോകുകയുള്ളൂ . എല്ലാവരും ഒരുമിച്ച് മാത്രം’

ഇത്തരം കുടിയൊഴിപ്പിക്കലുകൾ സൃഷ്ടിക്കുന്ന സാമ്പത്തികവും മാനുഷികവുമായ നഷ്ടങ്ങൾ ബൃഹത്താണ്, പ്രൊഫസർ അസ്മിത കാബ്ര പറയുന്നു. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ടു നടക്കുന്ന കുടിയൊഴിപ്പിക്കലുകൾ എന്ന മേഖലയിൽ വിദഗ്ദ്ധയായ അവർ 2004ൽ ബാഗ്ചയിൽ നടത്തിയ പഠനങ്ങൾ കാണിക്കുന്നത്, ഗ്രാമീണരുടെ വരുമാനത്തിന്‍റെ സിംഹഭാഗവും വിപണി മൂല്യമുള്ള വനവിഭവങ്ങളുടെ വില്പനയിൽ നിന്ന് നേടുന്നതാണ് എന്നതാണ്. “വിറക്, തടി, മരുന്ന് ചെടികൾ, ഫലങ്ങൾ, മഹുവ , മറ്റു വിഭവങ്ങൾ എന്നിങ്ങനെ എല്ലാം ഈ ഭൂപ്രകൃതിയിൽ നിന്ന് ലഭിക്കുന്നു”, അവർ പറയുന്നു. ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച് 748 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കൂനോ ദേശീയോദ്യാനം 1235 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുള്ള കൂനോ വൈൽഡ്‌ലൈഫ് ഡിവിഷന്‍റെ ഭാഗമാണ്.

വനത്തിൽ നിന്ന് യഥേഷ്ടം ലഭിക്കുന്ന വിഭവങ്ങൾക്ക് പുറമെ, സഹരിയകൾ തലമുറകളായി കൃഷി ഇറക്കുന്ന കൃഷിഭൂമിക്ക് പകരം ഭൂമി കണ്ടെത്തുന്നതും ദുഷ്കരമാകും. “മഴ പെയ്യുമ്പോൾ ഞങ്ങൾ ബജ്‌റ, മണിച്ചോളം, മക്ക , ഉഴുന്ന് പരിപ്പ്, തിൽ, മൂങ്, റമാസ് (ലോബിയ) തുടങ്ങിയ വിളകൾ കൃഷി ചെയ്യാറുണ്ട്; ഭീണ്ടി (വെണ്ടയ്ക്ക), കദ്ദു, തോരി തുടങ്ങിയ പച്ചക്കറികളും ഞങ്ങൾക്ക് ലഭിക്കും”, ഹരേഥ് ആദിവാസി പറയുന്നു.

15 ബീഗ (അഞ്ച് ഏക്കറിൽ താഴെ)  നിലം സ്വന്തമായുള്ള കല്ലോയും ഇതിനോട് യോജിക്കുന്നു. “ഞങ്ങളുടെ ഈ നിലം ഏറെ ഫലഭൂയിഷ്ടമാണ്. ഞങ്ങൾക്ക് ഇവിടെ നിന്ന് പോകാൻ താത്പര്യമില്ല; പക്ഷെ അവർക്ക് ഞങ്ങളെ പറഞ്ഞയയ്ക്കാനാകും.”

കാട്ടിൽ നിന്ന് സഹരിയകളെ പുറത്താക്കി, ചീറ്റകൾക്ക് സ്വൈരവിഹാരം നടത്താനുള്ള ഇടം സൃഷ്ടിക്കാനുള്ള ഈ പദ്ധതി കൃത്യമായ പാരിസ്ഥിതിക പഠനം നടത്താതെയാണ് നടപ്പിലാക്കുന്നതെന്ന് പ്രൊഫസർ കാബ്ര പറയുന്നു. “വനത്തിൽ നിന്ന് ഗോത്രവിഭാഗങ്ങളെ പുറത്താക്കുന്നത് എളുപ്പമാണ്; കാരണം ചരിത്രപരമായി തന്നെ, വനം വകുപ്പും ഗോത്രവിഭാഗവും തമ്മിലുള്ളത് അധികാരത്തിന്‍റെ, ആധിപത്യത്തിന്‍റെ ബന്ധമാണ് - ഗോത്രജീവിതം പല തലത്തിലും വകുപ്പിന്‍റെ നിയന്ത്രണത്തിലാണ്.

രാം ചരൺ ആദിവാസിയ്ക്ക് ഈയിടെയുണ്ടായ ജയിൽ അനുഭവം ഈ വസ്തുതയ്ക്ക് അടിവരയിടുന്നു. കുഞ്ഞായിരിക്കുമ്പോൾ, കാടിനകത്തേയ്ക്ക് വിറക് ശേഖരിക്കാൻ പോകുന്ന അമ്മയുടെ തോളത്തേറി പോയത് മുതൽ, താൻ ജനിച്ചതിനു ശേഷമുള്ള 50 വർഷവും അദ്ദേഹം കൂനോയിലെ കാടുകൾ കയറിയിറങ്ങിയാണ് ജീവിച്ചിട്ടുള്ളത്. എന്നാൽ, കഴിഞ്ഞ അഞ്ച്, ആറ് കൊല്ലങ്ങളായി വനം വകുപ്പ് രാം ചരണിനും അദ്ദേഹത്തിന്‍റെ സമുദായത്തിനും വനത്തിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചതോടെ, അവരുടെ വരുമാനം പകുതിയിലധികമായി കുറഞ്ഞു. “ഞങ്ങൾ മൃഗങ്ങളെ വേട്ടയാടിയെന്നും മോഷ്ടിച്ചുവെന്നും ആരോപിച്ച് റേഞ്ചർമാർ ഞങ്ങൾക്ക് മേൽ കള്ളക്കേസുകൾ ചുമത്തുകയും (കഴിഞ്ഞ അഞ്ച് വർഷത്തിൽ) ഞങ്ങളെ (അദ്ദേഹത്തെയും മകൻ മഹേഷിനെയും) ശിവ്പൂരിലെ ജയിലിൽ അടയ്ക്കുകയും ചെയ്തു. ജാമ്യതുകയ്ക്കും മറ്റു ചിലവുകൾക്കുമായി പത്ത്, പതിനയ്യായായിരം രൂപ കണ്ടെത്താൻ ഞങ്ങൾ ഏറെ ബുദ്ധിമുട്ടി”, അദ്ദേഹം പറയുന്നു.

Residents of Bagcha (from left): Mahesh Adivasi, Ram Charan Adivasi, Bachu Adivasi, Hari, and Hareth Adivasi. After relocation to Bamura village, 35 kilometres away, they will lose access to the forests and the produce they depend on
PHOTO • Priti David

ബാഗ്ച ഗ്രാമവാസികൾ ( ഇടത്ത് നിന്ന് ) : മഹേഷ് ആദിവാസി , രാം ചരൺ ആദിവാസി , ബച്ചു ആദിവാസി , ഹരി , ഹരേഥ് ആദിവാസി . 35 കിലോമീറ്റർ അകലെയുള്ള ബമുറയിലേയ്ക്ക് മാറിത്താമസിക്കേണ്ടി വന്നാൽ , ഇവർക്ക് വനത്തിലേക്ക് പ്രവേശിക്കാനോ ഉപജീവനത്തിനായി വനവിഭവങ്ങൾ ശേഖരിച്ച് വിൽക്കാനോ കഴിയാതെയാകും .

സമീപ ഭാവിയിൽ തന്നെ കുടിയൊഴിപ്പിക്കപ്പെട്ടേക്കാമെന്ന ഭീഷണിക്കും നിത്യേനയെന്നോണം വനം വകുപ്പിലെ ഉദ്യോഗസ്ഥരുമായി ഉണ്ടാകുന്ന കശപിശകൾക്കിടയിലും ബാഗ്ച ഗ്രാമവാസികൾ ധൈര്യം കൈവിടാതിരിക്കാൻ ശ്രമിക്കുന്നുണ്ട്. “ഞങ്ങൾ ഇപ്പോഴും കുടിയൊഴിക്കപ്പെട്ടിട്ടില്ല. ഗ്രാമസഭാ യോഗം കൂടിയ സമയത്ത് ഞങ്ങൾ ഞങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി മുന്നോട്ട് വച്ചിട്ടുണ്ട്”, ഒരു കൂട്ടം ഗ്രാമവാസികൾക്കിടയിൽ നിന്നുകൊണ്ട് ഹരേഥ് ഉറച്ച സ്വരത്തിൽ പറയുന്നു. കുടിയൊഴിപ്പിക്കലും പുനരധിവാസവും നടപ്പിലാക്കാനുള്ള പ്രക്രിയയ്ക്ക് തുടക്കമെന്നോണം വനം വകുപ്പിന്‍റെ നിർദേശാനുസരണം 2022 മാർച്ച് 6-നു രൂപീകരിച്ച പുതിയ ഗ്രാമസഭയിലെ അംഗമാണ് ഈ എഴുപതുകാരൻ. 2006ലെ വനാവകാശ നിയമത്തിലെ സെക്ഷൻ 4 (2) (ഇ) പ്രകാരം ഏതൊരു കുടിയൊഴിപ്പിക്കൽ പ്രക്രിയയും തുടങ്ങുന്നതിനു മുൻപ് നിർദ്ദിഷ്ട ഗ്രാമസഭയുടെ സമ്മതം എഴുതി വാങ്ങേണ്ടതുണ്ട്.

ബാക്കിയുള്ളവർ ഗ്രാമത്തലവനെന്ന് വിശേഷിപ്പിക്കുന്ന ബല്ലു ആദിവാസി ഞങ്ങളോട് പറയുന്നു: “നഷ്ടപരിഹാരത്തിന് അർഹതയുള്ളവരെന്ന് അധികാരികൾ കണക്കാക്കി നൽകിയ പട്ടികയിൽ 178 പേരുകൾ മാത്രമാണുള്ളതെന്നും യഥാർത്ഥത്തിൽ ഈ ഗ്രാമത്തിൽ നഷ്ടപരിഹാരത്തിന് അർഹതയുള്ളവർ ഞങ്ങൾ 265 പേരുണ്ടെന്നും ഞങ്ങൾ അവരെ അറിയിച്ചു. ഉദ്യോഗസ്ഥർ ഞങ്ങളുടെ കണക്ക് അംഗീകരിക്കാതെ വന്നതോടെ, എല്ലാവർക്കും നഷ്ടപരിഹാരം അനുവദിക്കാത്ത പക്ഷം ഞങ്ങൾ ഇവിടെ നിന്ന് ഇറങ്ങില്ലെന്ന് ഞങ്ങളും വ്യക്തമാക്കി. 30 ദിവസത്തിനകം വേണ്ട നടപടികൾ എടുക്കാമെന്ന് അവർ സമ്മതിച്ചതാണ്.”

ഒരു മാസത്തിനു ശേഷം, അതായത് 2022 ഏപ്രിൽ 7നാണ് അടുത്ത യോഗം നടന്നത്. യോഗത്തിൽ ഗ്രാമത്തിലെ ജനങ്ങൾ എല്ലാവരും തന്നെ പങ്കെടുക്കണമെന്ന് തലേന്ന് വൈകീട്ട് തന്നെ നിർദ്ദേശം വന്നിരുന്നു. 11 മണിക്ക് യോഗം തുടങ്ങിയപ്പോൾ, തങ്ങൾ ഇവിടെ നിന്ന് പോകാൻ നിർബന്ധിക്കപ്പെടുന്നില്ലെന്നും സ്വന്തം തീരുമാനപ്രകാരമാണ് പോകുന്നതെന്നും എഴുതിയിട്ടുള്ള ഒരു കടലാസ്സിൽ ഒപ്പിടാൻ ഗ്രാമീണരോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. കടലാസ്സിൽ നഷ്ടപരിഹാരത്തിന് അർഹതയുള്ളവരുടേതായി 178 പേരുകൾ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെ ആ കടലാസ്സിൽ ഒപ്പിടാൻ ഗ്രാമസഭ വിസമ്മതിച്ചു.

സഹരിയകളുടെ ഈ നിർബന്ധബുദ്ധിക്ക് പിന്നിൽ, കൂനോ കാടുകളിലെ അവരുടെ അയൽവാസികൾക്ക് ലഭിച്ച, ഇനിയും പാലിക്കപ്പെടാതെ തുടരുന്ന വാഗ്ദാനങ്ങളുടെ വേദനിപ്പിക്കുന്ന ഓർമ്മകളുണ്ട്. 1999ൽ ഗുജറാത്തിൽ നിന്നും കൊണ്ടുവരാനിരുന്ന സിംഹങ്ങൾക്ക് ഇടമൊരുക്കാനായി 28 ഗ്രാമങ്ങളിലെ ഏകദേശം 1650 കുടുംബങ്ങളെയാണ് ധൃതി പിടിച്ച് അവരുടെ വീടുകളിൽ നിന്ന് കുടിയിറക്കിയത്. “സർക്കാർ അവർക്ക് നൽകിയ വാഗ്ദാനങ്ങൾ ഇന്ന് വരേയ്ക്കും നടപ്പിലാക്കിയിട്ടില്ല. തങ്ങൾക്ക് ലഭിക്കാനുള്ള ബാക്കി തുകയ്ക്കായി അവർ ഇപ്പോഴും സർക്കാരിന്‍റെ പിന്നാലെ നടക്കുകയാണ്. ഞങ്ങൾക്കും അതേ അവസ്ഥയിൽ എത്തിപ്പെടാൻ ഉദ്ദേശമില്ല”, ബല്ലു കൂട്ടിച്ചേർക്കുന്നു.

എല്ലാത്തിനുമൊടുവിൽ സിംഹങ്ങളെ കൊണ്ടുവന്നില്ലെന്നതാണ് വസ്തുത. വർഷം 22 കഴിഞ്ഞിരിക്കുന്നു.

*****

Painted images of cheetahs greet the visitor at the entrance of Kuno National Park in Madhya Pradesh's Sheopur district
PHOTO • Priti David

മധ്യ പ്രദേശിലെ ശിവ്പൂർ ജില്ലയിലുള്ള കൂനോ ദേശീയോദ്യാനത്തിന്‍റെ പ്രവേശന കവാടത്തിനു സമീപം സന്ദർശകരെ സ്വാഗതം ചെയ്തു കൊണ്ട് ചീറ്റയുടെ വർണ്ണാഭമായ ചിത്രങ്ങൾ പതിപ്പിച്ചിരിക്കുന്നു

വേട്ടയാടൽ നിമിത്തം ഇന്ത്യയില്‍ വംശനാശം സംഭവിച്ച ഏഷ്യാറ്റിക് ചീറ്റ ( ആസിനോനിക്സ് ജുബാറ്റസ് വെനാറ്റിക്കസ് ) എന്ന മഞ്ഞ നിറമുള്ള പുള്ളിപ്പുലി ചരിത്രപുസ്തകങ്ങളിലെയും പ്രസിദ്ധമായ വേട്ടക്കഥകളിലെയും നിറസാന്നിധ്യമാണ്. രാജ്യത്തെ അവസാന 3 ഏഷ്യാറ്റിക് ചീറ്റകളെ 1947ൽ ഇന്നത്തെ ഛത്തീസ്‌ഗഢിലെ താരതമ്യേന അറിയപ്പെടാത്ത നാട്ടുരാജ്യമായ കോരിയയിലെ മഹാരാജാവായ രാമാനുജ് പ്രതാപ് സിങ് ദേവ് വെടിവച്ചു കൊല്ലുകയാണുണ്ടായത്.

ദേവിന്‍റെ പ്രവൃത്തി നിമിത്തം, പൂച്ച വർഗ്ഗത്തിലെ ആറ് വലിയ ജീവിയിനങ്ങൾ - സിംഹം, പുലി, ചീറ്റ, പുള്ളിപ്പുലി, ഹിമപ്പുലി, മേഘപ്പുലി - സഹവസിക്കുന്ന ഈ ഗ്രഹത്തിലെ തന്നെ ഏക പ്രദേശം എന്ന ഖ്യാതി ഇന്ത്യയ്ക്ക് നഷ്ടമായി. “കാടിന്‍റെ രാജാക്കന്മാരായ”, വേഗതയേറിയവരും ശക്തരുമായ പൂച്ചയിനങ്ങളുടെ രൂപങ്ങൾ നമ്മുടെ ഔദ്യോഗിക ചിഹ്നങ്ങളിൽ പ്രബലമായി കാണാവുന്നതാണ്. ഔദ്യോഗിക സീലുകളിലും കറൻസി നോട്ടുകളിലും അച്ചടിക്കുന്ന അശോക ചക്രത്തിൽ ഏഷ്യാറ്റിക് സിംഹത്തിന്‍റെ രൂപമുണ്ട്. നേരത്തെ സൂചിപ്പിച്ച സ്ഥാനഭ്രംശം ദേശത്തിന്‍റെ അഭിമാനത്തിനേറ്റ ക്ഷതമായി കണ്ട സർക്കാരുകൾ ചീറ്റകളുടെ നഷ്ടത്തെ വന്യജീവിസംരക്ഷണ ചർച്ചകളുടെയും പ്രവർത്തനങ്ങളുടെയും ഭാഗമായി നിലനിർത്താൻ ശ്രദ്ധിച്ചു വന്നു.

ഈ വർഷം ജനുവരിയിൽ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് “ആക്ഷൻ പ്ലാൻ ഫോർ ഇൻട്രൊഡക്ഷൻ ഓഫ് ചീറ്റ ഇൻ ഇന്ത്യ” എന്ന പേരിൽ ഒരു രേഖ പുറത്തിറക്കുകയുണ്ടായി. 'ചീറ്റ' എന്ന വാക്കിന്‍റെ ഉത്ഭവം സംസ്കൃതത്തിലാണെന്നും അതിനർത്ഥം 'പുള്ളിയുള്ളത്' എന്നാണെന്നും ഈ രേഖ പറയുന്നു. ഇതിനു പുറമെ, മധ്യ ഇന്ത്യയിൽ കണ്ടെടുത്ത, നവീന ശിലായുഗത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഗുഹാചിത്രങ്ങളിലും ചീറ്റയുടെ സാന്നിധ്യമുണ്ട്. 1970കൾ ആയപ്പോഴേക്കും, ഇന്ത്യയിൽ ചീറ്റകളുടെ സാന്നിധ്യം പുനഃസ്ഥാപിക്കാനായി ഇറാനിൽ നിന്നും ഏതാനും ഏഷ്യാറ്റിക് ചീറ്റകളെ വിട്ടുകിട്ടാൻ ഇന്ത്യൻ സർക്കാർ ഇറാനിലെ ഷായുമായി ചർച്ചകൾ തുടങ്ങിയിരുന്നു.

ഈ വിഷയം വീണ്ടും സജീവമാകുന്നത് 2009ൽ പരിസ്ഥിതി മന്ത്രാലയം വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയോടും വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയോടും രാജ്യത്ത് ചീറ്റകളെ കൊണ്ടുവരാനാകുമോ എന്ന് വിലയിരുത്തി പരിശോധിക്കാൻ ആവശ്യപ്പെടുമ്പോഴാണ്. ഏഷ്യാറ്റിക് ചീറ്റകൾ അവശേഷിക്കുന്നത് ഇറാനിൽ മാത്രമാണ്; അവ തന്നെ എണ്ണത്തിൽ കുറവായതിനാൽ ഇന്ത്യയിലേയ്ക് കൊണ്ടുവരുക സാധ്യവുമല്ല. അങ്ങനെയാണ് ഏഷ്യാറ്റിക് ചീറ്റയോട് രൂപസാദൃശ്യമുള്ള, നമീബിയയിലും സൗത്ത് ആഫ്രിക്കയിലും കാണപ്പെടുന്ന ആഫ്രിക്കൻ ചീറ്റ സർക്കാരിന്‍റെ പരിഗണയിൽ വരുന്നത്. ഈ രണ്ടു ജീവികളുടെയും പരിണാമ ചരിത്രം അവയെ 70,000 വർഷങ്ങളുടെ കാലാന്തരത്തിൽ രേഖപ്പെടുത്തുന്നുവെന്നത് അവിടെ പ്രസക്തമായതേയില്ല.

മധ്യ ഇന്ത്യയിലെ പത്ത് വന്യജീവി സങ്കേതങ്ങളിൽ സർവ്വേ നടത്തിയതിന് പിന്നാലെ, 345 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള കൂനോ സങ്കേതം (2018ൽ സിംഹങ്ങളെ കൊണ്ടുവരാനായി ഈ സങ്കേതത്തെ 748 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള കൂനോ പാൽപൂർ ദേശീയോദ്യാനമായി ഉയർത്തിയിരുന്നു) ചീറ്റകളെ അധിവസിപ്പിക്കാൻ ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തുകയുണ്ടായി. അത് നടപ്പാക്കുന്നതിന് ഒരു അസൗകര്യം മാത്രമെ ഉണ്ടായിരുന്നുള്ളൂ - ദേശീയോദ്യാനത്തിന്‍റെ പരിധികൾക്കുളിൽ വരുന്ന ബാഗ്ച ഗ്രാമത്തിലെ ജനങ്ങളെ ഒഴിപ്പിക്കേണ്ടി വരുമെന്നുള്ളത്. 2022 ജനുവരിയിൽ പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ കൂനോയിൽ “മനുഷ്യവാസ മേഖലകളുടെ അഭാവം...” എന്ന് പരാമർശിക്കുന്നുവെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.

Bagcha is a village of Sahariya Adivasis, listed as a Particularly Vulnerable Tribal Group in Madhya Pradesh. Most of them live in mud and brick houses
PHOTO • Priti David
Bagcha is a village of Sahariya Adivasis, listed as a Particularly Vulnerable Tribal Group in Madhya Pradesh. Most of them live in mud and brick houses
PHOTO • Priti David

ബാഗ്ച ഗ്രാമവാസികൾ പ്രധാനമായും സഹരിയ ആദിവാസികളാണ് . മധ്യപ്രദേശിലെ അതീവ ദുർബല ഗോത്ര വിഭാഗങ്ങളിൽ അവരെ ഉൾപ്പെടുത്തിയിട്ടുണ്ട് . ഇവരിലധികം പേരും മണ്ണും ഇഷ്ടികയും കൊണ്ട് നിർമ്മിച്ച വീടുകളിലാണ് താമസിക്കുന്നത്

ആക്ഷൻ പ്ലാൻ ഡോക്യൂമെന്‍റിൽ പറയുന്നത് പ്രകാരം ചീറ്റകളെ കൊണ്ടുവരിക വഴി “സിംഹത്തിനും കടുവയ്ക്കും പുള്ളിപുലിക്കും ചീറ്റയ്ക്കും ഭൂതകാലത്തിലെന്ന പോലെ സഹവസിക്കാനുള്ള അവസരമൊരുങ്ങും.” ഈ പ്രസ്താവനയിൽ മുഴച്ചു നിൽക്കുന്ന രണ്ട് പിശകുകളുണ്ട്. ഒന്ന്, നിലവിലെ പദ്ധതി പ്രകാരം കൊണ്ടുവരാൻ പോകുന്നത് ഇന്ത്യയിൽ സ്വാഭാവികമായി കാണപ്പെടുന്ന ഏഷ്യാറ്റിക് ചീറ്റകളെയല്ല, മറിച്ച് ആഫ്രിക്കൻ ചീറ്റകളെയാണ്. രണ്ടാമത്, കൂനോയിലെ കാടുകളിൽ നിലവിൽ സിംഹങ്ങളില്ല. 2013ലെ സുപ്രീം കോടതി വിധിക്ക് ശേഷവും ഗുജറാത്ത് സർക്കാർ സിംഹങ്ങളെ അയക്കാൻ തയാറാകാത്തതിനാലാണിത്.

“22 വർഷങ്ങൾ കഴിഞ്ഞിട്ടും സിംഹങ്ങളെ ഇവിടേയ്ക് കൊണ്ടുവന്നിട്ടില്ല, ഭാവിയിൽ കൊണ്ട് വരാൻ പോകുന്നുമില്ല.”, രഘുനാഥ് ആദിവാസി പറയുന്നു. ഏറെ കാലമായി ബാഗ്ചയിൽ താമസിക്കുന്ന രഘുനാഥ് ഇപ്പോൾ തന്‍റെ വീട് നഷ്ടപ്പെട്ട് പോകുമോ എന്ന ആശങ്കയിലാണ്. കൂനോയുടെ പരിസരത്തുള്ള ഗ്രാമങ്ങൾ അവഗണിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും ചെയ്യുന്നത് ഇതാദ്യമല്ല എന്നത് തന്നെ കാരണം.

'കാട്ടിലെ രാജാക്കന്മാരുടെ' ഇത്തരമൊരു സ്ഥലം മാറ്റലിനു കാരണമായത്, അവശേഷിക്കുന്ന ഏഷ്യാറ്റിക് സിംഹങ്ങൾ (പാന്തേറ ലിയോ ലിയോ) എല്ലാം തന്നെ ഗുജറാത്തിലെ സൗരാഷ്ട്ര ഉപദ്വീപിൽ കേന്ദ്രീകരിച്ചിരിക്കുന്നു എന്ന വന്യജീവിസംരക്ഷരുടെ ആശങ്കയാണ്. കുറച്ച് ഏഷ്യാറ്റിക് സിംഹങ്ങളെയെങ്കിലും മാറ്റിപാർപ്പിക്കാത്ത പക്ഷം, 'കനൈൻ ഡിസ്ടെംപർ വൈറസ്' പടർന്നു പിടിക്കുകയോ കാട്ടുതീ പോലെയുള്ള മറ്റെന്തെങ്കിലും അപകടം സംഭവിക്കുകയോ ചെയ്താൽ ഏഷ്യാറ്റിക് സിംഹങ്ങളുടെ വംശം തന്നെ നാമാവശേഷമാകുന്ന അവസ്ഥയുണ്ടാകും.

ആദിവാസികൾക്ക് പുറമെ, ദളിതരും മറ്റു പിന്നാക്ക വിഭാഗങ്ങളിൽ പെടുന്നവരുമായ വനവാസികൾ എല്ലാവരും തന്നെ, തങ്ങൾ മൃഗങ്ങൾക്കൊത്ത് സഹവസിക്കാൻ തയ്യാറാണെന്ന് വനംവകുപ്പിനെ അറിയിച്ചിരുന്നു. “ഞങ്ങൾ ചിന്തിച്ചപ്പോൾ, സിംഹങ്ങളെ കൊണ്ടുവരാനായി ഞങ്ങൾ ഇവിടെ നിന്ന് പോകുന്നതെന്തിനാണ്? ഞങ്ങൾക്ക് മൃഗങ്ങളെ അറിയാം; അവയെ ഞങ്ങൾക്ക് ഭയമില്ല. ഞങ്ങൾ കാട്ടിൽ വളർന്നവരാണ്. ഞങ്ങളും സിംഹങ്ങൾ തന്നെയാണ്!”, എഴുപതുകാരനായ രഘുലാൽ ജാതവ് പറയുന്നു. മുൻപ് ദേശീയോദ്യാനത്തിന്‍റെ അതിർത്തിക്കുള്ളിലായിരുന്ന പൈറ ഗ്രാമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. തന്‍റെ അൻപതാം വയസ്സ് വരെ അവിടെ ജീവിച്ച കാലത്തൊന്നും അപകടങ്ങൾ ഒന്നും തന്നെയുണ്ടായിട്ടില്ലെന്ന് ജാതവ് പറയുന്നു.

ചീറ്റകൾ മനുഷ്യനെ ആക്രമിച്ച സംഭവങ്ങൾ ചരിത്രത്തിലോ സമീപകാലത്തോ രേഖപ്പെടുത്തിയിട്ടില്ലെന്ന് വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡ്യയുടെ ഡീനും സംരക്ഷണ പ്രവർത്തകനും ജീവശാസ്ത്രജ്ഞനുമായ ഡോക്ടർ യാദവേന്ദ്ര ഝാല പറയുന്നു. “മനുഷ്യരുമായുള്ള സംഘർഷം ഇവിടെ വലിയ ഭീഷണിയുയർത്തുന്നില്ല. ചീറ്റകളെ പാർപ്പിക്കാനായി കണ്ടെത്തിയിട്ടുള്ള സ്ഥലത്തിന് ചുറ്റും ജീവിക്കുന്ന മനുഷ്യർ മാംസഭുക്കുകളായ വലിയ ജന്തുക്കളൊത്ത് സഹവസിച്ച് ശീലമുള്ളവരാണ്. മൃഗങ്ങൾക്കും മനുഷ്യർക്കുമിടയിലെ സംഘർഷം പരമാവധി ലഘൂകരിക്കാനുതകുന്ന ജീവിതശൈലിയും കന്നുകാലി വളർത്തൽ രീതിയുമാണ് അവർ പിന്തുടർന്ന് പോരുന്നത്.“ ഇതിനു ശേഷവും കന്നുകാലികൾ നഷ്ടപ്പെടുന്നത് മൂലമുണ്ടായേക്കാവുന്ന നഷ്ടം നികത്താൻ ഒരു ബഡ്ജറ്റ് വിഹിതം നീക്കിവച്ചാൽ ധാരാളമാകും.

The Asiatic cheetah was hunted into extinction in India in 1947, and so the African cheetah is being imported to 're-introduce' the animal
PHOTO • Priti David

ഏഷ്യാറ്റിക് ചീറ്റയ്ക്ക് 1947 ഇന്ത്യയിൽ വേട്ടയാടൽ നിമിത്തം വംശനാശം സംഭവിച്ചു . ചീറ്റയെ ഇന്ത്യയിൽ ' പുനരവതരിപ്പിക്കാനുള്ള’ ശ്രമങ്ങളുടെ ഭാഗമായാണ് ആഫ്രിക്കൻ ചീറ്റകളെ കൊണ്ടുവരുന്നത്

ഒരു മാസത്തിനു ശേഷം, അതായത് 2022 ഏപ്രിൽ 7നാണ് അടുത്ത യോഗം നടന്നത്. യോഗത്തിൽ ഗ്രാമത്തിലെ ജനങ്ങൾ എല്ലാവരും തന്നെ പങ്കെടുക്കണമെന്ന് തലേന്ന് വൈകീട്ട് തന്നെ നിർദ്ദേശം വന്നിരുന്നു. 11 മണിക്ക് യോഗം തുടങ്ങിയപ്പോൾ, തങ്ങൾ ഇവിടെ നിന്ന് പോകാൻ നിർബന്ധിക്കപ്പെടുന്നില്ലെന്നും സ്വന്തം തീരുമാനപ്രകാരമാണ് പോകുന്നതെന്നും എഴുതിയിട്ടുള്ള ഒരു കടലാസ്സിൽ ഒപ്പിടാൻ ഗ്രാമീണരോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു

തദ്ദേശീയരായ ജനങ്ങളുടെയും ശാസ്ത്രജ്ഞരുടെയും വാക്കുകൾക്ക് വിലകൊടുക്കാതിരുന്ന കേന്ദ്ര സർക്കാർ 2022 ജനുവരിയിൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇങ്ങനെ പറഞ്ഞു: “പ്രൊജക്റ്റ് ചീറ്റയിലൂടെ സ്വതന്ത്ര ഇന്ത്യയിലെ വംശനാശം സംഭവിച്ച, ഒരേയൊരു വലിയ സസ്തനിയെ-ചീറ്റയെ-തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്നു.“ ഈ നീക്കം “പരിസ്ഥിതി ടൂറിസത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും കുതിപ്പേകും” എന്നും കുറിപ്പിൽ പ്രസ്താവിച്ചിരുന്നു.

വിരോധാഭാസമെന്തെന്നാൽ, ആഫ്രിക്കൻ ചീറ്റകൾ ഇന്ത്യയിൽ എത്തുന്നത് ഈ വർഷം ഓഗസ്റ്റ് 15നാണ് - സ്വാതന്ത്ര്യ ദിനത്തിൽ.

അവയുടെ ആദ്യത്തെ ഇര ബാഗ്ചയിലെ ജനങ്ങളാകും.

ബാഗ്ചയിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന ജില്ലാ ഫോറസ്റ്റ് ഓഫീസറായ പ്രകാശ് വർമ്മ പറയുന്നതനുസരിച്ച്, ചീറ്റകളെ കൊണ്ടുവരുന്ന പദ്ധതിയുടെ മൊത്തം ബഡ്ജറ്റായ 38.7കോടി രൂപയിൽ നിന്നും 26.5  കോടി രൂപ നീക്കിവച്ചിരിക്കുന്നത് ജനങ്ങളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചിലവുകൾക്കാണ്. “ഏകദേശം ആറ്‌ കോടി രൂപയാണ് ചീറ്റകൾക്കായി വേലി കെട്ടി തിരിച്ച ഇടങ്ങൾ തീർക്കാനും വെള്ളവും റോഡുകളും തയ്യാറാക്കാനും മൃഗങ്ങളെ എങ്ങനെ പരിപാലിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് പരിശീലനം നല്കാനുമായി വിലയിരുത്തിയിട്ടുള്ളത്”, അദ്ദേഹം പറയുന്നു.

35 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ വേലി കെട്ടി തിരിച്ചതിൽ ഓരോ 2 കിലോമീറ്റർ ഇടവിട്ട് നിരീക്ഷണ ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുള്ളിൽ തന്നെ 5 ചതുരശ്ര കിലോമീറ്റർ വലിപ്പത്തില്‍ ചെറിയ ഇടങ്ങളുണ്ടാക്കി തിരിച്ചാണ് ആഫ്രിക്കയിൽ നിന്ന് ആദ്യമെത്തുന്ന 20 ചീറ്റകളെ താമസിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ഇവിടെ കൊണ്ടുവരുന്ന ചീറ്റകൾക്ക് ആരോഗ്യത്തോടെ വളരാൻ സാധ്യമാകുന്ന എല്ലാ നടപടികളും എടുക്കുന്നുണ്ട്. അതിനു കാരണവുമുണ്ട്: ആഫ്രിക്കയിലെ വന്യജീവിസമ്പത്ത് സംബന്ധിച്ച് തയ്യാറാക്കപ്പെട്ട ഐ.യു.സി.എൻ. റിപ്പോർട്ടിൽ ആഫ്രിക്കൻ ചീറ്റയെ ( ആസിനോനിക്സ് ജുബാറ്റസ് ) അപകടം നേരിടുന്ന ജന്തുക്കളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മറ്റു പല രേഖകളിലും ഇവയുടെ അംഗസംഖ്യ ആശങ്കയുണർത്തും വിധം കുറഞ്ഞു വരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ചുരുക്കത്തിൽ, ഏകദേശം നാല്പത് കോടി രൂപ മുതൽമുടക്കിൽ, ഇന്ത്യൻ ആവാസവ്യവസ്ഥയിൽ സ്വാഭാവികമായി കാണാത്ത, അപകടം നേരിടുന്ന ഒരു സ്പീഷീസിനെ അതിനു അപരിചിതമായ പരിസ്ഥിതിയിലേയ്ക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്; അതിനു വേണ്ടി തദ്ദേശീയരായ, അതീവ ദുർബല വിഭാഗത്തിൽ പെടുന്ന പട്ടിക വർഗ്ഗക്കാരെ അവരുടെ ഭൂമിയിൽ നിന്ന് മാറ്റുകയും ചെയ്യുന്നു. 'വന്യജീവി-മനുഷ്യ സംഘർഷം' എന്ന വാക്കിന് തന്നെ പുതിയ മാനങ്ങൾ നൽകുന്ന ഒരു നീക്കമാണിത്.

The enclosure built for the first batch of 20 cheetahs from Africa coming to Kuno in August this year.
PHOTO • Priti David
View of the area from a watchtower
PHOTO • Priti David

ഇടത്ത് : വർഷം ഓഗസ്റ്റിൽ ആഫ്രിക്കയിൽ നിന്ന് കൂനോയിലേയ്ക്ക് ആദ്യ ഘട്ടത്തിൽ എത്തുന്ന 20 ചീറ്റകളെ സംരക്ഷിക്കാനായി വേലി കെട്ടി തിരിച്ച പ്രദേശം . വലത്ത് : നിരീക്ഷണ ടവറിൽ നിന്നുള്ള പ്രദേശത്തിന്‍റെ ദൃശ്യം

“മനുഷ്യർക്കും മൃഗങ്ങൾക്കും സഹവസിക്കാനാകില്ലെന്ന വാദത്തിൽ ഊന്നുന്ന, എല്ലാവരെയും ഉൾക്കൊള്ളാതെയുള്ള ഇത്തരം സംരക്ഷണ പ്രവർത്തനങ്ങൾ തെളിവുകളേക്കാൾ മുൻധാരണകളുടെ അടിസ്ഥാനത്തിലാണ് രൂപം കൊള്ളുന്നത്”, പ്രൊഫസർ കാബ്ര പറയുന്നു. സംരക്ഷണ പ്രവർത്തനങ്ങളുടെ പേരിൽ നടക്കുന്ന കുടിയൊഴിക്കലുകൾ സംബന്ധിച്ച് ഈ വർഷം ജനുവരിയിൽ പുറത്തിറങ്ങിയ ഒരു ഗവേഷണ പ്രബന്ധത്തിന്‍റെ സഹരചയിതാവാണ് അവർ. വനാവകാശ നിയമം നിലവിൽ വരുകയും വനവാസികളുടെ അവകാശങ്ങൾ സംബന്ധിച്ച കൃത്യമായ മാർഗരേഖകൾ ഉണ്ടായിരിക്കുകയും ചെയ്തിട്ടും എങ്ങനെയാണ് ഇന്ത്യയിലുടനീളമുള്ള കടുവ സങ്കേതങ്ങളിൽ നിന്നും 14,500 കുടുംബങ്ങളോളം കുടിയൊഴിപ്പിക്കപ്പെട്ടതെന്ന് അവർ ചോദിക്കുന്നു. ഇത്തരം ഒഴിപ്പിക്കലുകൾ ദ്രുതഗതിയിൽ നടക്കുന്നതിന്‍റെ കാരണം പന്ത് എപ്പോഴും അധികാരികളുടെ കോർട്ടിൽ ആകുന്നുവെന്നതാണെന്ന് അവർ വാദിക്കുന്നു. നിയമപരവും നടപടിക്രമങ്ങൾ സംബന്ധിച്ചതുമായ പലതരം നടപടികളിലൂടെ അധികാരികൾ ഗ്രാമീണരെ “സ്വമനസ്സാലെ” മാറ്റിപ്പാർപ്പിക്കുന്നതാണ് കണ്ടുവരുന്നത്.

ബാഗ്ചയിലെ താമസക്കാർ പറയുന്നത് അവർക്ക് ഒഴിഞ്ഞു പോകാനായി 15 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ്. ഒന്നുകിൽ മുഴുവൻ തുകയും പണമായോ അല്ലെങ്കിൽ ഭൂമിയും വീട് വയ്ക്കാനുള്ള തുകയുമായോ വാങ്ങാം. “വീട് വയ്ക്കാനായി 3.7 ലക്ഷം രൂപയും ബാക്കി തുകയ്ക്ക് കൃഷിയാവശ്യത്തിനായി ഭൂമിയും വാങ്ങാമെന്നതാണ് ഒരു വഴി. പക്ഷെ, വൈദ്യുതി, പക്കാ റോഡുകൾ, ഹാന്‍ഡ് പമ്പുകൾ, കുഴൽക്കിണറുകൾ എന്നിവയെല്ലാം സ്ഥാപിക്കാനുള്ള പണം പിടിച്ചതിനു ശേഷം ബാക്കി തുകയാണ് ഒടുവിൽ അനുവദിക്കുന്നത്”, രഘുനാഥ് പറയുന്നു.

ബാഗ്ച ഗ്രാമവാസികൾക്ക് വീട് വയ്ക്കാനായി ഭൂമി കണ്ടെത്തി അനുവദിച്ചിരിക്കുന്നത് ഗ്രാമത്തിൽ നിന്നും 46 കിലോമീറ്റർ അകലെ, കരാഹൽ തെഹ് സിലിൽ ഉൾപ്പെടുന്ന ഗോരാസിന് സമീപത്തുള്ള ബമുറ എന്ന പ്രദേശമാണ്. “ഞങ്ങൾക്ക് കാണിച്ചു തന്ന ഭൂമി ഇപ്പോൾ ഞങ്ങൾക്ക് ഇപ്പോൾ സ്വന്തമായുള്ള ഭൂമിയെക്കാൾ ഗുണം തീരെ കുറഞ്ഞതാണ്. ചിലയിടങ്ങളിൽ പാറ നിറഞ്ഞ് ഫലഭൂയിഷ്ടത ഒട്ടുമേയില്ലാത്ത മണ്ണാണുള്ളത്. ഇങ്ങനെയുള്ള ഭൂമിയിൽ കൃഷി ചെയ്ത് വിളവുണ്ടാക്കാൻ ഒരുപാട് സമയമെടുക്കും. ആദ്യത്തെ മൂന്ന് വർഷം ഞങ്ങളെ പിന്തുണയ്ക്കാൻ പോലും ആരുമുണ്ടാകില്ല”, കല്ലോ പറയുന്നു.

*****

പ്രൊജക്റ്റ് ചീറ്റയ്ക്ക് കീഴിൽ ഇന്ത്യയിലേയ്ക്ക് ആഫ്രിക്കൻ ചീറ്റകളെ കൊണ്ടുവരുന്നതിന് പ്രധാന ന്യായമായി ഉന്നയിക്കുന്നത് 'ആവാസവ്യവസ്ഥയെ സംരക്ഷിക്കുക' എന്നതാണ്. ഇത് തന്നെയാണ് വന്യജീവി വിദഗ്ദ്ധരായ ഡോ. രവി ചെല്ലത്തെ പോലെയുള്ളവരെ ചൊടിപ്പിക്കുന്നതും. “പുൽമേടുകൾ സംരക്ഷിക്കാനെന്ന പേരിലാണ് ചീറ്റകളെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്നത്. ഇന്ത്യയിലെ പുൽമേടുകളിൽ ഇപ്പോൾ തന്നെ വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമൃഗം, കാരക്കാൾ (പോക്കാൻ പൂച്ച), ഇന്ത്യൻ ബസ്റ്റാർഡ് പക്ഷി എന്നീ ജന്തുവർഗ്ഗങ്ങൾ ഉണ്ട്. ആഫ്രിക്കയിൽ നിന്ന് പുതിയൊരു ജീവവര്‍ഗ്ഗത്തെ കൊണ്ടുവരേണ്ട ആവശ്യമെന്താണ്?” മെറ്റാസ്ട്രിങ് ഫൗണ്ടേഷന്‍റെ സി.ഇ.ഒയും വന്യജീവി ജീവശാസ്ത്രജ്ഞനുമായ അദ്ദേഹം ചോദിക്കുന്നു.

ഇതിനു പുറമെ, 15 വർഷം കൊണ്ട് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 36 ആക്കുമെന്ന സർക്കാരിന്‍റെ ലക്ഷ്യത്തെ മുൻനിർത്തി, ഇത്തരത്തിൽ രൂപപ്പെടുന്ന ചീറ്റകളുടെ കൂട്ടം സ്വയം പര്യാപ്തമോ ജീവനക്ഷമോ ആയിരിക്കില്ലെന്നും അവയ്ക്ക് ആവശ്യമായ ജനിതക വീര്യം ഉണ്ടാകില്ലെന്നും അദ്ദേഹം വാദിക്കുന്നു. “ചിലവേറിയതും വൃഥാ മഹത്വവത്കരിക്കപ്പെട്ടതുമായ ഒരു സഫാരി പാർക്ക് മാത്രമാണ് ഇവിടെ ഉണ്ടാക്കിയെടുക്കാൻ പോകുന്നത്”, രാജ്യത്തുടനീളം ജൈവവൈവിധ്യത്തിൽ ഗവേഷണവും സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ ബയോഡൈവേഴ്സിറ്റി കൊളാബോറേറ്റീവ് അംഗം കൂടിയായ ചെല്ലം പറയുന്നു.

Mangu Adivasi was among those displaced from Kuno 22 years ago for the lions from Gujarat, which never came
PHOTO • Priti David

22 വർഷം മുൻപ് , ഗുജറാത്തിൽ നിന്ന് കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുകയും എന്നാൽ ഒരിക്കലും കൊണ്ടുവരാതിരിക്കുകയും ചെയ്ത സിംഹങ്ങൾക്ക് വേണ്ടി കൂനോയിൽ നിന്ന് കുടിയിറക്കപ്പെട്ടവരിൽ ഒരാളായ മാങ്കു ആദിവാസി

സഹരിയകളുടെ ഈ നിർബന്ധബുദ്ധിക്ക് പിന്നിൽ, കൂനോ കാടുകളിലെ അവരുടെ അയൽവാസികൾക്ക് ലഭിച്ച, ഇനിയും പാലിക്കപ്പെടാതെ തുടരുന്ന വാഗ്ദാനങ്ങളുടെ വേദനിപ്പിക്കുന്ന ഓർമ്മകളുണ്ട്. 1999ൽ ഗുജറാത്തിൽ നിന്നും കൊണ്ടുവരാനിരുന്ന സിംഹങ്ങൾക്ക് ഇടമൊരുക്കാനായി 28 ഗ്രാമങ്ങളിലെ ഏകദേശം 1650 കുടുംബങ്ങളെയാണ് ധൃതി പിടിച്ച് അവരുടെ വീടുകളിൽ നിന്ന് കുടിയിറക്കിയത്

22 വർഷങ്ങൾക്ക് മുൻപാണ് മാങ്കു ആദിവാസി, ഒരിക്കലും വരാൻ പോകുന്നില്ലാത്ത സിംഹങ്ങൾക്ക് വേണ്ടി സ്വന്തം വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടത്. അന്ന് മുതൽ, നഷ്ടപരിഹാരമായി ലഭിച്ച ഗുണമില്ലാത്ത നിലത്തിൽ നിന്നുള്ള തുച്ഛമായ വരുമാനം കൊണ്ട് അരിഷ്ടിച്ചു ജീവിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിനും ചെല്ലത്തിന്‍റെ അഭിപ്രായം തന്നെയാണ്. “കെട്ടുകാഴ്ചയ്ക്ക് വേണ്ടി മാത്രമാണ് ചീറ്റയെ കൊണ്ടുവരുന്നത്. ഇങ്ങനെയൊരു കാര്യം കൂനോയിൽ ചെയ്തിട്ടുണ്ടെന്ന് ദേശീയതലത്തിലും അന്താരാഷ്ട്രത്തലത്തിലും കൊട്ടിഘോഷിക്കാൻ വേണ്ടി മാത്രം. ചീറ്റകളെ കാട്ടിലേക്ക് തുറന്നു വിടുമ്പോൾ, ഒന്നുകിൽ അവയെ ഇപ്പോൾ അവിടെയുള്ള മറ്റു മൃഗങ്ങൾ കൊല്ലും, അല്ലെങ്കിൽ അവിടെ സ്ഥാപിച്ചിട്ടുള്ള വേലികളിൽ നിന്ന് വൈദ്യുതാഘാതമേറ്റ് അവ ചത്തുപോകും. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം.”

വിദേശത്ത് നിന്ന് വരുന്ന മൃഗങ്ങളിലൂടെ രോഗാണുക്കൾ രാജ്യത്ത് പ്രവേശിക്കുമെന്ന ചെറുതെങ്കിലും തള്ളിക്കളയാനാകാത്ത ഭീഷണിയും നമുക്ക് മുന്നിലുണ്ട്. “ഇന്ത്യയിലെത്തുന്ന പുതിയ സ്പീഷീസിൽ പെട്ട ചീറ്റകൾ അവയ്ക്ക് അപരിചിതവും എന്നാൽ ഇന്ത്യൻ സാഹചര്യത്തിൽ സാധാരണവുമായ രോഗാണുക്കളെ നേരിടുമ്പോൾ ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഒന്നും തന്നെ പദ്ധതി കണക്കിലെടുക്കുന്നില്ല.”, ഡോക്ടർ കാർത്തികേയൻ വാസുദേവൻ പറയുന്നു.

ഹൈദരാബാദിലെ സെന്‍റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂലർ ബയോളജിക്ക് കീഴിലെ ലബോറട്ടറി ഫോർ ദി കോൺസർവേഷൻ ഓഫ് എൻഡെയ്ഞ്ചേർഡ്‌ സ്പീഷീസിലെ മുഖ്യ ശാസ്ത്രജ്ഞനും സംരക്ഷണ സസ്യശാസ്ത്രജ്ഞനുമായ ഡോ. കാര്‍ത്തികേയന്‍ നൽകുന്ന മുന്നറിയിപ്പ് പ്രകാരം, ചീറ്റകളെ കൊണ്ടുവരാനുള്ള ഈ നീക്കത്തിന്‍റെ ഫലമായി, ”തദ്ദേശീയമായി കാണപ്പെടുന്ന ജീവിവർഗങ്ങളിൽ പ്രിയോൺ രോഗങ്ങളും അതുപോലെയുള്ള മറ്റു രോഗങ്ങളും കാണപ്പെടാനുള്ള സാധ്യത വർധിക്കുകയും ജീവനക്ഷമമായ ഒരു വിഭാഗം ദീർഘനാളത്തേയ്ക്ക് നിലനിന്നു പോകുന്നതില്‍ പരാജയപ്പെടുകയും രോഗാണുക്കൾ [ചീറ്റകളെ ബാധിക്കാൻ സാധ്യതയുള്ളവ] അന്തരീക്ഷത്തിൽ ഉണ്ടായിരിക്കുകയും” ചെയ്യുന്ന സ്ഥിതിവിശേഷം രൂപപ്പെടാനിടയുണ്ട്.

കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ചീറ്റകളുടെ കൈമാറ്റം ഒരു സാങ്കേതികത്വത്തിലൂന്നിയാണ് നീണ്ടു പോയതെന്ന ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. 1972ൽ നിലവിൽ വന്ന ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 49ബി പ്രകാരം, ആനക്കൊമ്പിന്‍റെ ഏതെങ്കിലും വിധത്തിലുള്ള വില്പനയോ, എന്തിനു ഇറക്കുമതി പോലും ശക്തമായി നിരോധിച്ചിട്ടുണ്ട്. കാര്യങ്ങൾ അങ്ങനെയിരിക്കെ, 'കൺവെൻഷൻ ഓൺ ഇന്‍റർനാഷണൽ ട്രേഡ് ഇൻ എൻഡെയ്ഞ്ചേർഡ്‌ സ്പീഷീസ് ഓഫ് വൈൽഡ് ഫ്ലോറ ആൻഡ് ഫോണ' (CITES) പ്രകാരമുള്ള നിയന്ത്രങ്ങൾക്ക് കീഴിൽ വില്പന നിരോധിച്ചിട്ടുള്ള വസ്തുക്കളുടെ പട്ടികയിൽ നിന്നും ആനക്കൊമ്പ് നീക്കം ചെയ്യാൻ ഇന്ത്യ പിന്തുണയ്ക്കാത്തിടത്തോളം ചീറ്റകളെ ഇന്ത്യയ്ക്ക് കൈമാറേണ്ടെന്നാണ് നമീബിയയുടെ നിലപാട് എന്നാണ് കേൾക്കുന്നത്. ഈയൊരു വാദം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഒരു ഉദ്യോഗസ്ഥൻ പോലും തയ്യാറായില്ല.

അതേസമയം, ബാഗ്ച ഒരു നിശ്ചലദൃശ്യത്തിലെന്നോണം മുൾമുനയിലാണ്. നേരത്തെ തയ്യാറാക്കി വച്ച മരപ്പശ ശേഖരിക്കാൻ പോകുന്നതിനിടെ ഹരേഥ് ആദിവാസി ഒരു വേള നിന്ന് ഇങ്ങനെ പറയുന്നു, “ഞങ്ങൾക്ക് സർക്കാരിനേക്കാൾ ശക്തിയൊന്നുമില്ല. അവർ പറയുന്നത് എന്തോ അത് ഞങ്ങൾക്ക് അനുസരിക്കേണ്ടി വരും. ഞങ്ങൾക്ക് ഇവിടെ നിന്ന് പോകാൻ ആഗ്രഹമില്ല, പക്ഷെ അവർക്ക് ഞങ്ങളെ ഇവിടെ നിന്ന് പറഞ്ഞയക്കാനാകും.”

ലേഖനത്തിന് ആവശ്യമായ ഗവേഷണം നടത്താനും പരിഭാഷകൾ ചെയ്യാനും നൽകിയ വിലയേറിയ സഹായത്തിന് സൗരഭ് ചൗധരിക്ക് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്താൻ ലേഖിക ആഗ്രഹിക്കുന്നു .

പരിഭാഷ: പ്രതിഭ ആര്‍. കെ.

Priti David

ಪ್ರೀತಿ ಡೇವಿಡ್ ಅವರು ಪರಿಯ ಕಾರ್ಯನಿರ್ವಾಹಕ ಸಂಪಾದಕರು. ಪತ್ರಕರ್ತರು ಮತ್ತು ಶಿಕ್ಷಕರಾದ ಅವರು ಪರಿ ಎಜುಕೇಷನ್ ವಿಭಾಗದ ಮುಖ್ಯಸ್ಥರೂ ಹೌದು. ಅಲ್ಲದೆ ಅವರು ಗ್ರಾಮೀಣ ಸಮಸ್ಯೆಗಳನ್ನು ತರಗತಿ ಮತ್ತು ಪಠ್ಯಕ್ರಮದಲ್ಲಿ ಆಳವಡಿಸಲು ಶಾಲೆಗಳು ಮತ್ತು ಕಾಲೇಜುಗಳೊಂದಿಗೆ ಕೆಲಸ ಮಾಡುತ್ತಾರೆ ಮತ್ತು ನಮ್ಮ ಕಾಲದ ಸಮಸ್ಯೆಗಳನ್ನು ದಾಖಲಿಸುವ ಸಲುವಾಗಿ ಯುವಜನರೊಂದಿಗೆ ಕೆಲಸ ಮಾಡುತ್ತಾರೆ.

Other stories by Priti David
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.