ലക്ഷ്യത്തോടടുത്തു കൊണ്ടിരിക്കുന്നു എന്നാണ് ഗൂഗിൾ മാപ്പ് എന്നോട് പറയുന്നത്. പക്ഷെ പരിസരം എന്‍റെ ഓർമ്മയിൽ നിന്ന് കുറച്ച് വ്യത്യസ്തമായി തോന്നുന്നു. കടലെടുത്ത് തകർന്ന വീടിന്‍റെ ഒരു അടയാളവും കാണുന്നില്ല. അവസാനം ഞാൻ ഉപ്പാട സന്ദർശിച്ച സമയത്ത് എന്‍റെ ഫോണിൽ അതിരുന്ന സ്ഥലത്തിന്‍റെ ഫോട്ടോ എടുത്തിരുന്നതാണ്. "ഓ, ആ വീട്? അതിപ്പോൾ കടലിലാണ് – അവിടെ!” ബംഗാൾ ഉൾക്കടലിൽ നിന്നും തിരയടിച്ചു കയറുന്ന ഒരു ഭാഗത്തേക്ക് നിസ്സാരമായി കൈചൂണ്ടിക്കൊണ്ട് റ്റി. മാരമ്മ പറഞ്ഞു.

2020 മാർച്ചിൽ ദേശവ്യാപകമായ ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് ആഴ്ചകൾക്കു മുൻപ് മാരമ്മയുടെയും അവരുടെ കുടുംബത്തിന്‍റെയും ചിത്രങ്ങൾ എടുത്തു കൊണ്ടിരിക്കുമ്പോൾ കണ്ട ഗംഭീരമായ, എന്നിരിക്കിലും മ്ലാനമായ, പശ്ചാത്തലത്തിലുണ്ടായിരുന്ന ആ കെട്ടിടത്തിന്‍റെ കാര്യം ഞാൻ കൃത്യമായി ഓർമ്മിക്കുന്നു. ഒരു ഇടുങ്ങിയ കടൽത്തീരത്തേക്ക് അപകടകരമായ രീതിയിൽ കയറി സ്ഥിതി ചെയ്തിരുന്ന ഈഭാഗം മാത്രമായിരുന്നു മാരമ്മയുടെ കൂട്ടുകുടുംബം ഈ നൂറ്റാണ്ടിന്‍റെ ആദ്യ വർഷങ്ങൾ വരെ താമസിച്ചിരുന്ന വലിയ വീടിന്‍റേതായി അവശേഷിച്ചിരുന്നത്.

"എട്ട് മുറികളും മൂന്ന് ഷെഡുകളും [മൃഗങ്ങൾക്കുള്ളത്] ഉള്ള ഒരു കെട്ടിടമായിരുന്നു അത്. ഏതാണ്ട് നൂറാളുകൾ ഇവിടെ ജീവിച്ചിരുന്നു”, മാരമ്മ പറഞ്ഞു. ഒരു ചെറിയ കാലത്തേക്ക് പ്രാദേശിക തലത്തിൽ രാഷ്ട്രീയക്കാരിയായിരുന്ന ആ 50 വയസ്സുകാരി ഒരിക്കൽ മീൻ കച്ചവടവും നടത്തിയിരുന്നു. ഈ കൂട്ടുകുടുംബത്തെ വിവിധ വീടുകളിലേക്ക് മാറാൻ നിർബന്ധിച്ചുകൊണ്ട് 2004-ലെ സുനാമി ആ കെട്ടിടത്തിന്‍റെ വലിയൊരു ഭാഗം എടുത്തിരുന്നു. അതിനു മുൻപ് ഒരു ചുഴലിക്കാറ്റും ഉപ്പാടയിൽ അടിച്ചിരുന്നു.

മാരമ്മയും അവരുടെ കുടുംബവും ഈയൊരു പ്രശ്നത്തിൽ തനിച്ചല്ല. ഉപ്പാടയിലെ ഏതാണ്ടെല്ലാവരും കരയെടുക്കുന്ന കടൽ മൂലം ഒരു തവണയെങ്കിലും വീട് മാറിയിട്ടുള്ളതായി കാണുന്നു. എന്ന് ഒരു വീട് വിട്ടുപോകണമെന്ന്  അവർ കണക്ക് കൂട്ടുന്നത് ജീവിതാനുഭവങ്ങളുടെയും കടലുകളെക്കുറിച്ചുള്ള സഹജമായ മനസ്സിലാക്കലുകളുടെയും അടിസ്ഥാനത്തിലാണ്. "തിര തള്ളി മുന്നോട്ടുവരാൻ തുടങ്ങുമ്പോൾ ഞങ്ങൾക്ക് മനസ്സിലാകും വീട് കടലിലാകുമെന്ന്. അപ്പോൾ പാത്രങ്ങളും ബാക്കി സാധനങ്ങളുമൊക്കെ ഞങ്ങൾ ഒരു വശത്തേക്ക് മാറ്റും [എന്നിട്ട് വാടകയ്ക്ക് ഒരു താൽക്കാലിക വീട് അന്വേഷിച്ചു തുടങ്ങും]. പഴയ വീട് സാധാരണ നിലയിൽ ഒരു മാസത്തിനകം [കടലിൽ] പോകും”, ഒ. ശിവ വിശദീകരിച്ചു. കടൽ കയറുന്നതിൽ നിന്നും രക്ഷപെടാനായി 14 വയസ്സിനകം തന്നെ അവന് ഒരു വീട് വിടേണ്ടി വന്നു.

T. Maramma and the remains of her large home in Uppada, in January 2020. Her joint family lived there until the early years of this century
PHOTO • Rahul M.

റ്റി. മാരമ്മയും ഉപ്പാടയിലെ അവരുടെ വലിയ വീടിന്‍റെ അവശിഷ്ടങ്ങളും 2020 ജനുവരിയില്‍. ഈ നൂറ്റാണ്ടിന്‍റെ ആദ്യവര്‍ഷങ്ങള്‍ വരെ അവരുടെ കൂട്ടുകുടുംബം അവിടെ താമസിച്ചിരുന്നു

*****

ആന്ധ്രാപ്രദേശിന്‍റെ 975 കിലോമീറ്റർ നീണ്ടു കിടക്കുന്ന തീരപ്രദേശത്ത് കിഴക്കൻ ഗോദാവരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഉപ്പാട അവിടുത്തെ നിവാസികൾക്ക് ഓർമ്മിക്കാൻ കഴിയുന്നിടത്തോളം കടലിന്‍റെ സ്ഥിരമായ കടന്നാക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

മാരമ്മയുടെ കുടുംബം 50 വർഷങ്ങൾക്ക് മുൻപ്, അന്ന് പുതിയതായിരുന്ന, അവരുടെ പുതിയ വീട്ടിലേക്ക് നീങ്ങുമ്പോൾ അത് കടൽത്തീരത്തു നിന്നും വളരെ അകലെയായിരുന്നു. "തീരത്തു നിന്നും വീട്ടിലേക്ക് നടക്കുമ്പോൾ ഞങ്ങളുടെ കാലുകൾ വേദനിക്കുമായിരുന്നു”, ശിവയുടെ മുത്തശ്ശനും മാരമ്മയുടെ കൊച്ചച്ചനുമായ ഒ. ചിന്നബ്ബായ് ഓർമ്മിച്ചു. തങ്ങളുടെ വീട്ടിൽ നിന്നും കടൽത്തീരത്തേക്കുള്ള മുഴുവൻ ദൂരവും വീടുകളും കടകളും കുറച്ച് സർക്കാർ കെട്ടിടങ്ങളും ഉണ്ടായിരുന്ന ഒരുകാലത്തെക്കുറിച്ച് ഇപ്പോൾ 70-കളിലോ 80-കളിലോ ഉള്ള ഈ ആഴക്കടൽ മത്സ്യബന്ധനത്തൊഴിലാളി ഓർമ്മിക്കുന്നു. "അവിടെയായിരുന്നു തീരം", കുറച്ച് കപ്പലുകൾ സന്ധ്യാകാശത്തിൽ മറയുന്ന അകലെയുള്ള ഒരു ചക്രവാളം ചിന്നാബ്ബായ് ചൂണ്ടിക്കാട്ടി.

“ഞങ്ങളുടെ പുതിയ വീടിനും കടലിനുമിടയിൽ ധാരാളം മണലുകളും ഉണ്ടായിരുന്നു”, മാരമ്മ ഓർമ്മിച്ചു. "ഞങ്ങൾ കുട്ടികൾ ആയിരുന്നപ്പോൾ മണൽക്കൂനകളിൽ കളിക്കുകയും അവയിലൂടെ തെന്നിനീങ്ങുകയും ചെയ്യുമായിരുന്നു.”

ഈ ഓർമ്മകളിൽ കാണുന്ന ഉപ്പാടയുടെ മിക്ക ഭാഗങ്ങളും ഇപ്പോൾ കടലിലാണ്. 1989-നും 2018-നും ഇടയിൽ ഉപ്പാടയുടെ തീരം ഇല്ലാതായിക്കൊണ്ടിരുന്നു – ശരാശരി എല്ലാ വർഷവും 1.23 മീറ്റർ എന്ന നിലയിൽ; 2017-18-ൽ ഈ തീരമില്ലാതാകല്‍ 26.3 മീറ്റർ ആയിരുന്നു. വിജയവാഡയിലെ ആന്ധ്രപ്രദേശ് സ്പേസ് ആപ്ലിക്കേഷൻസ് സെന്‍ററിൽ നിന്നുള്ള ഗവേഷകർ നടത്തിയ ഒരു പഠനം പറയുന്നതാണ് ഇത്. മറ്റൊരു പഠനം ചൂണ്ടിക്കാണിക്കുന്നത് കഴിഞ്ഞ 4 ദശകങ്ങൾകൊണ്ട് കാക്കിനടയുടെ പ്രാന്തപ്രദേശങ്ങളിൽ 600 ഏക്കർ ഭൂമി കടലെടുത്തു എന്നാണ്. കാക്കിനട ഡിവിഷന്‍റെ കൊത്തപല്ലെ മണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന ഉപ്പാടയിൽ മാത്രമായിരുന്നു നഷ്ടപ്പെട്ടതിന്‍റെ നാലിലൊന്നും. കഴിഞ്ഞ 25 വർഷങ്ങൾക്കുള്ളിൽ കടല്‍ത്തീരം നൂറുകണക്കിന് മീറ്ററുകൾ കുറഞ്ഞിട്ടുണ്ടെന്ന് കാക്കിനടയുടെ വടക്കൻ തീരത്ത് ജീവിക്കുന്ന മത്സ്യത്തൊഴിലാളികൾ പറയുന്നതായി 2014-ലെ ഒരു പഠനം ഉദ്ധരിക്കുന്നു.

Maramma’s old family home by the sea in 2019. It was washed away in 2021, in the aftermath of Cyclone Gulab.
PHOTO • Rahul M.
Off the Uppada-Kakinada road, fishermen pulling nets out of the sea in December 2021. The large stones laid along the shore were meant to protect the land from the encroaching sea
PHOTO • Rahul M.

ഇടത്: കടലിനടുത്തുള്ള മാരമ്മയുടെ പഴയ കുടുംബവീട് 2019-ല്‍. 2021-ലെ ഗുലാബ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഇത് ഒലിച്ചുപോയി. വലത് : ഉപ്പാട-കാക്കിനട റോഡിന് പുറത്ത് മീന്‍പിടുത്തക്കാര്‍ 2021 ഡിസംബറില്‍ കടലില്‍നിന്നും വല വലിച്ചുകയറ്റുന്നു. തീരത്തുകൂടെ വലിയ കല്ലുകള്‍ ഇട്ടിരിക്കുന്നത് കര കയ്യേറുന്നതില്‍ നിന്നും കടലിനെ തടയുന്നതിനാണ്

"കാക്കിനട പട്ടണത്തിന്‍റെ വടക്ക് ഭാഗത്ത് ഉപ്പാടയിൽ ഏതാനും കിലോമീറ്ററോളം ദൂരത്തിൽ തീരമിടിഞ്ഞതിന് പ്രധാന കാരണം ഹോപ്പ് ദ്വീപാണ് (ശാസ്ത്രീയമായി ഇത് ‘spit’ - മണൽത്തിട്ട - എന്നറിയപ്പെടുന്നു). 21 കിലോമീറ്റർ നീളത്തിൽ രേഖീയമായി കിടക്കുന്ന മണൽ ശേഖരമാണിത്. ഗോദാവരി നദിയിൽ നിന്നും വേർപെട്ടു പോകുന്ന നിലാരെവുവിന്‍റെ മുഖത്തു നിന്നും വടക്കു ഭാഗത്തേക്ക് സ്വാഭാവികമായി വളർന്നതാണ് ഈ മണൽത്തിട്ട”, വിശാഖപട്ടണത്തുള്ള ആന്ധ്ര സർവ്വകലാശാലയിലെ ജിയോ എഞ്ചിനീയറിംഗ് വകുപ്പിൽ നിന്നും പ്രൊഫസറായി വിരമിച്ച ഡോ. കാകനി നാഗേശ്വരറാവു പറഞ്ഞു. "മണൽത്തിട്ട മൂലം അപഭ്രംശം സംഭവിക്കുന്ന തിരകൾ ഉപ്പാടയുടെ തീരത്തേക്കടിക്കുകയും തീരമിടിയുകയും ചെയ്യുന്നു. മിക്കവാറും ഒരു നൂറ്റാണ്ട് മുമ്പ് തുടങ്ങിയ പ്രക്രിയയിലൂടെ ഈ മണൽത്തിട്ട ഏറെക്കുറെ അതിന്‍റെ ഇന്നത്തെ രൂപം എടുത്തിരിക്കുന്നത് 1950-കളിലാണ്”, പ്രൊഫസർ വിശദീകരിച്ചു. ആന്ധ്ര തീരത്ത് സംഭവിക്കുന്ന തീരപ്രദേശ രൂപീകരണങ്ങളെപ്പറ്റിയും പ്രക്രിയകളെപ്പറ്റിയും നിരവധി ദശകങ്ങളോളം വളരെ ശ്രദ്ധാപൂർവം പഠിക്കുകയായിരുന്നു അദ്ദേഹം.

ആയിരത്തി തൊള്ളായിരങ്ങളോളം പിന്നോട്ടെത്തുന്ന ഔദ്യോഗിക രേഖകൾ സ്ഥിരീകരിക്കുന്നത് പ്രകാരം ഉപ്പാട പ്രതിഭാസത്തെപ്പറ്റി ഒരു നൂറ്റാണ്ട് മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. ഉദാഹരണത്തിന്, 1907-ലെ ഗോദാവരി ജില്ല ഗസറ്റീർ ചൂണ്ടിക്കാണിക്കുന്നത് 1900 മുതൽ ഉപ്പാടയിലെ ഭൂമിയിൽ നിന്ന് 50 യാർഡിലധികം കടലെടുത്തിട്ടുണ്ടെന്നാണ്. മറ്റ് വാക്കുകളിൽ പറഞ്ഞാൽ ആ 7 വർഷങ്ങളിൽ ഓരോ വർഷവും 7 മീറ്ററിലധികം ഭൂമിവീതം ഗ്രാമത്തിന് നഷ്ടപ്പെട്ടു.

"സങ്കീർണ്ണമായ ആഗോള, പ്രാദേശിക, തദ്ദേശീയ പ്രതിഭാസങ്ങളുടെ പരസ്പര പ്രവർത്തനങ്ങൾ മൂലം തീരദേശ മേഖലകൾ പൊതുവെ വളരെ ചലനാത്മകമായ പ്രദേശങ്ങളായതിനാൽ ഉപ്പ ഡയിലെ തീരദേശ മണ്ണിടിച്ചിലിന് ബഹുമുഖ കാരണങ്ങളാണുള്ളത്”, ഡോ. റാവു പറഞ്ഞു. ആഗോള താപനം, ധ്രുവമേഖലകളിലെ മഞ്ഞ് മൂടികൾ ഉരുകുന്നത്, കടൽനിരപ്പുയരുന്നത്, ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റുകളുടെ ആവൃത്തി വർദ്ധിക്കുന്നത് എന്നിവയൊക്കെ അതിൽ ചിലതാണ്. ഗോദാവരി തീരത്തെ ഡാമുകളുടെ എണ്ണത്തിലുണ്ടായ വർദ്ധന മൂലം നദീമുഖങ്ങളിലെ എക്കലുകളുടെ അളവിലുണ്ടായ ഗണ്യമായ കുറവ് സാഹചര്യത്തെ വീണ്ടും വഷളാക്കുന്നു.

*****

കുറച്ചുവീതം ഭൂമി കടലിൽ ഇല്ലാതാകുന്നതനുസരിച്ച് ഉപ്പാട ആളുകളുടെ ഓർമ്മയിൽ പുനർസൃഷ്ടിക്കപ്പെടുന്നു.

തങ്ങളുടെ ഓർമ്മകളിലും കഥകളിലും നിലനിൽക്കുന്ന ഗ്രാമത്തിന്‍റെ ഒരു ക്ഷണിക ദൃശ്യത്തിനായി നാക്കു സ്വാതന്ത്രം വച്ചിന്തി (എനിക്ക് സ്വാതന്ത്ര്യം കിട്ടി) എന്ന തെലുങ്ക് സിനിമ കാണാൻ ഗ്രാമീണരിൽ ഒരാൾ എന്നോടാവശ്യപ്പെട്ടു. 1975-ലെ ആ സിനിമയിൽ വ്യത്യസ്തമായൊരു ഉപ്പാട ഞാൻ കണ്ടു. മനോഹരമായൊരു കടൽത്തീരത്താൽ വേർതിരിക്കപ്പെട്ട് ഗ്രാമവും കടലും കുഴപ്പമില്ലാത്ത അകലത്തിൽ സ്ഥിതി ചെയ്യുന്നു. ഒറ്റ ഫ്രെയിം ഷോട്ടുകളായി (വ്യത്യസ്ത ആംഗിളുകളിൽ നിന്നും ഷൂട്ട് ചെയ്യാൻ പ്രവത്തകരെ അനുവദിക്കുന്ന തരത്തിൽ വിസ്തൃതമായിരുന്നു കടൽത്തീരം) ചിത്രീകരിച്ച കടലും മണലും സിനിമയുടെ പ്രധാന സീക്വൻസുകൾക്കുള്ള പശ്ചാത്തലമായി വർത്തിക്കുന്നു.

Pastor S. Kruparao and his wife, S. Satyavati, outside their church in Uppada, in September 2019.
PHOTO • Rahul M.
D. Prasad  grew up in the coastal village, where he remembers collecting shells on the beach to sell for pocket money. With the sand and beach disappearing, the shells and buyers also vanished, he says
PHOTO • Rahul M.

ഇടത്: പാസ്റ്റര്‍ എസ്. കൃപാ റാവുവും അദ്ദേഹത്തിന്‍റെ ഭാര്യ എസ്. സത്യവതിയും ഉപ്പാടയിലെ അവരുടെ പള്ളിക്ക് പുറത്ത് സെപ്റ്റംബര്‍ 2019-ല്‍. വലത്: തീരദേശ ഗ്രാമത്തില്‍ വളര്‍ന്ന ഡി. പ്രസാദ്. തന്‍റെ സുഹൃത്തുക്കളുമായി ചിപ്പി പെറുക്കാന്‍ പോയിരുന്ന കാലം അദ്ദേഹം ഓര്‍മ്മിക്കുന്നു. പോക്കറ്റ് മണിക്കു വേണ്ടി അതവര്‍ വിറ്റിരുന്നു. മണലും തീരവും അപ്രത്യക്ഷമാകുന്നതോടെ ചിപ്പികളും അത് വാങ്ങുന്നവരും അപ്രത്യക്ഷമാകുന്നു

"സിനിമയുടെ ഷൂട്ടിംഗ് ഞാൻ കണ്ടതാണ്. ഷൂട്ടിങ്ങിനായി ഇവിടെത്തിയ അഭിനേതാക്കളില്‍ ചിലര്‍ ഇവിടെയുള്ള ഗസ്റ്റ് ഹൗസിൽ താമസിക്കുക പോലും ചെയ്തു”, ഉപ്പാടയിലെ ഒരു പള്ളിയിലെ പാസ്റ്ററായ 68 കാരൻ കൃപാ റാവു പറഞ്ഞു. "അതെല്ലാം ഇപ്പോൾ കടലിലാണ്. ഗസ്റ്റ് ഹൗസ് പോലും.”

1961-ൽ പ്രസിദ്ധീകരിച്ച ഡിസ്ട്രിക്റ്റ് സെൻസസ് ഹാൻഡ് ബുക്ക് ഓഫ് ഈസ്റ്റ് ഗോദാവരി ഗസ്റ്റ്ഹൗസിനെക്കുറിച്ചും പറയുന്നുണ്ട്: "കടൽത്തീരത്തു നിന്നും ഒരു ഫർലോങ് മാറി യാത്രികർക്കു വേണ്ടി രണ്ട് സ്യൂട്ടുകളോടു കൂടിയ വളരെ സൗകര്യപ്രദമായ ഒരു ബംഗ്ലാവുണ്ട്. മുൻ യാത്ര ബംഗ്ലാവ് കടലെടുത്തതിനു ശേഷമാണ് ഇത് നിർമ്മിച്ചതെന്ന് പറയപ്പെടുന്നു.” അതായത് നാക്ക് സിനിമാ സംഘം 1975-ൽ താമസിച്ച ഗസ്റ്റ് ഹൗസ് തിരമാലകളാൽ നശിപ്പിക്കപ്പെട്ട രണ്ടാമത്തേതെങ്കിലുമാണ്.

കടലെടുത്ത പുരാവസ്തുക്കളും കെട്ടിടങ്ങളും പലപ്പോഴും പുരാരേഖകളിലൂടെയും തലമുറകളിലൂടെ പകർന്നു നൽകപ്പെടുന്ന കഥകളിലൂടെയും പൊന്തി വരുന്നു. വളരെ വർഷങ്ങളായി കടലിൽ മുങ്ങിക്കിടക്കുന്ന വലിയ കല്ലിനെക്കുറിച്ച് തങ്ങളുടെ മാതാപിതാക്കളും മുത്തശ്ശീ മുത്തശ്ശന്മാരും സംസാരിച്ച കാര്യം മുതിർന്ന ഗ്രാമീണർ ഓർമ്മിക്കുന്നു. സമാനമായ ഒന്നിനെക്കുറിച്ച് 1907-ലെ ഗസറ്റീർ വിശദീകരിക്കുന്നു: "കടലിന് ഏതാണ്ട് അര മൈൽ പുറത്തായി ഒരു അവശിഷ്ടം ഇപ്പോഴും മീൻപിടുത്തക്കാരുടെ വലകളിൽ ഉടക്കുന്നു. കൂടാതെ, മുങ്ങിപ്പോയ ഒരു പട്ടണത്തിൽ നിന്നും വേലിയേറ്റ സമയത്ത് ഇടയ്ക്കൊക്കെ ഒഴുകിയെത്തുന്ന നാണയങ്ങൾ തീരത്തുനിന്നും പെറുക്കാൻ കുട്ടികൾ ശ്രമിക്കുന്നു.”

1961-ലെ കൈപ്പുസ്തകത്തിലും അവശിഷ്ടത്തെക്കുറിച്ചുള്ള പരാമർശം കടന്നു വരുന്നു: "പഴയ മത്സ്യത്തൊഴിലാളികൾ പറയുന്നത് ബോട്ടുകളിലോ തടിച്ചെങ്ങാടങ്ങിലോ മീൻ പിടിക്കാൻ പോകുമ്പോൾ തീരത്തു നിന്നും ഒരു മൈൽ മാറി അവരുടെ വലകളോ കയറുകളോ കെട്ടിടത്തിന്‍റെ മുകൾ ഭാഗങ്ങളിലോ മരത്തിന്‍റെ ശിഖരങ്ങളിലോ കുടുങ്ങുന്നുവെന്നും അവരുടെ അറിവനുസരിച്ച് ഗ്രാമത്തെ കടൽ എടുത്തുകൊണ്ടിരിക്കുന്നുവെന്നുമാണ്.”

അന്നുമുതൽ ആർത്തിപിടിച്ച കടൽ ഗ്രാമത്തിന്‍റെ ഒരുപാടു ഭാഗങ്ങൾ കവർന്നെടുത്തു: അതായത് അതിന്‍റെ ഏതാണ്ടെല്ലാ തീരങ്ങളും എണ്ണമറ്റ വീടുകളും കുറഞ്ഞത് ഒരു ക്ഷേത്രവും ഒരു മസ്ജിദും. ഉപ്പാടയെ സംരക്ഷിക്കാനായി കണക്കനുസരിച്ച് 12.16 കോടി രൂപ ചിലവിൽ  2010-ൽ നിർമ്മിച്ച 1,463 മീറ്റർ നീളമുള്ള ‘ജിയോട്യൂബ്’ കഴിഞ്ഞ ഒരു ദശകം കൊണ്ട് തിരമാലകൾ നശിപ്പിച്ചു. തീരദേശരേഖ സംരക്ഷിക്കുന്നതിനും ഭൂമി നികത്തുന്നതിനും ഉപയോഗിക്കുന്ന, മണലും വെള്ളവും ചേർന്ന, മിശ്രിതത്താൽ നിറയ്ക്കപ്പെട്ട കുഴലാകൃതിയിലുള്ള സംവിധാനമാണ് ജിയോട്യൂബുകൾ. “ഏതാണ്ട് 2 ചതുരശ്ര അടി വലിപ്പമുള്ള വലിയ ഉരുളൻ പാറക്കല്ല് തിരമാലകളുടെ ഘർഷണം നിമിത്തം 6 ഇഞ്ച് വലിപ്പമുള്ള ചെറുകല്ലുകളായി മാറുന്നത് 15 വർഷങ്ങൾക്കുള്ളിൽ ഞാൻ കണ്ടിട്ടുണ്ട്”, അടുത്തുള്ള സ്ഥലത്തു നിന്നുള്ള, ഇടസമയങ്ങളിൽ മീൻ പിടിക്കുന്ന, 24-കാരനായ ഡി. പ്രസാദ് പറഞ്ഞു.

Remnants of an Uppada house that was destroyed by Cyclone Gulab.
PHOTO • Rahul M.
O. Chinnabbai, Maramma's uncle, close to where their house once stood
PHOTO • Rahul M.

ഇടത്: കഴിഞ്ഞ വര്‍ഷം ഗുലാബ് ചുഴലിക്കാറ്റ് അടിച്ചപ്പോള്‍ തകര്‍ന്ന ഒരു വീടിന്‍റെ അവശിഷ്ടം. വലത്: മാരമ്മയുടെ കോച്ചച്ചനായ ഓ. ചിന്നബ്ബായ് ഒരിക്കല്‍ തങ്ങളുടെ വീട് നിന്നിരുന്ന സ്ഥലത്തോട് വളരെ ചേര്‍ന്ന് നില്‍ക്കുന്നു

കടലില്‍ നിന്നും ഗ്രാമത്തെ സംരക്ഷിക്കുന്നതിനായി ഒരിക്കല്‍ തീരമായിരുന്ന സ്ഥലത്ത് ഉരുളന്‍പാറകളും കല്ലുകളും പാകിയതുമൂലം വ്യാപകമായി മാറിയ ഉപ്പാടയെ 2021-ല്‍ പുറത്തിറങ്ങിയ ഉപ്പെന എന്ന തെലുങ്ക് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നു. ക്യാമറ ഓൺ ചെയ്തു വയ്ക്കാവുന്ന തീരങ്ങളൊന്നും ഇല്ലാത്തതിനാൽ 1975-ലെ സിനിമയിൽ നിന്നും വ്യത്യസ്തമായി, ഒറ്റ ഫ്രെയിമിൽ ഗ്രാമത്തെയും കടലിനെയും ഒപ്പിയെടുത്തിരിക്കുന്ന ദൃശ്യങ്ങൾക്ക് വിഹഗ വീക്ഷണത്തിന്‍റെ ഷോട്ടുകളിലേക്ക് അല്ലെങ്കിൽ ഡയഗൊണൽ ഷോട്ടുകളിലേക്ക് മാറേണ്ടിവന്നു.

അടുത്ത സമയത്ത് ഉപ്പാടയുടെ തീരത്തുണ്ടായ ഏറ്റവും കഠിനമായ ആക്രമണം ഒരുപക്ഷെ 2021 സെപ്റ്റംബര്‍ അവസാനം അടിച്ച ഗുലാബ് ചുഴലിക്കാറ്റാണ്. ഈ ആക്രമണത്തിൽ 30 വീടുകളെങ്കിലും കടൽ എടുത്തു. പുതുതായി നിർമ്മിച്ച ഉപ്പാട-കാക്കിനട റോഡിന് വലിയരീതിയില്‍ കേടുപാടുകള്‍ വരുത്തിക്കൊണ്ട് ഡിസംബറിലെ ജാവേദ് ചുഴലിക്കാറ്റ് പ്രസ്തുത റോഡ്‌ സുരക്ഷിതമല്ലാതാക്കി തീര്‍ത്തു.

ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രക്ഷുബ്ധമായ കടല്‍ ഒക്ടോബര്‍ തുടക്കത്തില്‍ മാരമ്മയുടെ പഴയ കുടുംബവീടിന്‍റെ അവശിഷ്ടങ്ങൾ തുടച്ചുനീക്കി. അവരും ഭർത്താവും ജീവിക്കുകയായിരുന്ന വീടും ഇത് തുടച്ചു കളഞ്ഞു.

*****

"[ഗുലാബ്] ചുഴലിക്കാറ്റിനു ശേഷം മറ്റാളുകളുടെ വീടിന് വെളിയിൽ, ഉയർത്തി നിർമ്മിച്ച പ്രതലങ്ങളിന്മേൽ ഉറങ്ങാൻ ഞങ്ങൾ നിർബന്ധിതരായി”, 2021-ൽ ഉണ്ടായ നശീകരണങ്ങളെക്കുറിച്ച് ഓർത്തപ്പോൾ അവരുടെ ശബ്ദം വിറച്ചു.

2004 മുതൽ, ചുഴലിക്കാറ്റ് അവരെ പൂർവിക ഭവനത്തിൽ നിന്നും ബലവത്തായി ഒഴിപ്പിച്ചപ്പോൾ മുതൽ, മാരമ്മയും ആഴക്കടൽ മത്സ്യബന്ധന തൊഴിലാളിയായ ഭർത്താവ് റ്റി. ബാബായിയും രണ്ട് വീടുകളിൽ താമസിച്ചു – ആദ്യം ഒരു വാടക വീട്ടിലും പിന്നീട് സ്വന്തമായുള ഒരു വീട്ടിലും. കഴിഞ്ഞ വർഷത്തെ ചുഴലിക്കാറ്റ് ആ വീടും കടലിലേക്ക് തള്ളി. ഇപ്പോൾ സമീപത്തുള്ള ബന്ധുവിന്‍റെ വീടിന് വെളിയിൽ ഒരു തുറന്ന വേദിയിലാണ് അവർ ജീവിക്കുന്നത്.

"ഒരു ഘട്ടത്തിൽ ഞങ്ങൾ ‘മെച്ചപ്പെട്ട ഒരു പാർട്ടി’ ആയിരുന്നു [വിശ്വസമാർജ്ജിച്ചവരും താരതമ്യേന സാമ്പത്തികമായി മെച്ചപ്പെട്ടവരും]”, മാരമ്മ പറഞ്ഞു. തുടർച്ചയായ ഒഴിപ്പിക്കലുകളും പുനർനിർമ്മാണവും അതിന്‍റെ കൂടെ 4 പെൺമക്കളെ വിവാഹം ചെയ്തയച്ചതിന്‍റെയും ചിലവുകൾ കുടുംബത്തിന്‍റെ സമ്പാദ്യം ഗണ്യമായി ചോർത്തിക്കളഞ്ഞു.

M. Poleshwari outside her third house; the first two were lost to the sea. “We take debts again and the house gets submerged again”
PHOTO • Rahul M.
M. Poleshwari outside her third house; the first two were lost to the sea. “We take debts again and the house gets submerged again”
PHOTO • Rahul M.

ഇടത്: എട്ട് മുറികളുള്ള ഒരു വീടായിരുന്നു മാരമ്മയുടെ പഴയ വീട്. "നൂറോളം ആളുകള്‍ ഇവിടെ ജീവിച്ചിരുന്നു", അവര്‍ പറഞ്ഞു. വലത്: എം. പോലേശ്വരി അവരുടെ മൂന്നാമത്തെ വീടിന് പുറത്ത്. ആദ്യത്തേത് രണ്ടും അവര്‍ക്ക് കടല്‍ മൂലം നഷ്ടപ്പെട്ടു. "ഞങ്ങള്‍ വീണ്ടും വായ്പ എടുക്കുന്നു, വീട് വീണ്ടും മുങ്ങുന്നു", അവര്‍ പറയുന്നു

"വീട് വയ്ക്കാൻ ഞങ്ങൾ ആളുകളിൽ നിന്നും വായ്പ വാങ്ങിയിരുന്നു, പക്ഷെ ആ വീട് മുങ്ങിപ്പോയി”, മാരമ്മയുടെ അതേ ദുഃഖം പ്രതിധ്വനിപ്പിച്ചുകൊണ്ട് ഇവിടെയുള്ള ഒരു  മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുള്ള എം. പോലേശ്വരി പറഞ്ഞു. "ഞങ്ങൾ വീണ്ടും വായ്പയെടുക്കുന്നു, വീട് വീണ്ടും വെള്ളത്തിൽ മുങ്ങുന്നു.” പോലേശ്വരിക്ക് ഇതുവരെ രണ്ട് വീടുകൾ കടലിൽ നഷ്ടപ്പെട്ടു. ഇപ്പോൾ മൂന്നാമത്തെ വീട്ടിൽ താമസിക്കുമ്പോൾ അവർ കുടുംബത്തിന്‍റെ സാമ്പത്തികത്തെക്കുറിച്ചും ആഴക്കടൽ മത്സ്യബന്ധനത്തൊഴിലാളിയായ ഭർത്താവിനെക്കുറിച്ചുമോർത്ത് എപ്പോഴും ആകുലപ്പെടുന്നു. "അദ്ദേഹം പുറത്തു പോകുമ്പോൾ ചുഴലിക്കാറ്റുണ്ടായാൽ മരിക്കും. പക്ഷെ ഞങ്ങൾക്ക് എന്തു ചെയ്യാൻ പറ്റും? കടൽ മാത്രമാണ് ഞങ്ങളുടെ ഉപജീവനമാർഗ്ഗം.”

മറ്റ് വരുമാന സ്രോതസ്സുകളും കുറഞ്ഞു കൊണ്ടിരിക്കുന്നു. കുട്ടികളായിരുന്നപ്പോൾ എങ്ങനെയാണ് താനും തന്‍റെ സുഹൃത്തുക്കളും വേലിയിറക്ക സമയത്ത് തീരത്ത് തപ്പി ചിപ്പികളും ഞണ്ടുകളുമൊക്കെ പെറുക്കി വിറ്റ് പോക്കറ്റ് മണിക്കുള്ള പണം ഉണ്ടാക്കിയിരുന്നതെന്ന് പ്രസാദ് ഓർമ്മിച്ചു. മണലും ബീച്ചും അതിവേഗം അപ്രത്യക്ഷമാകുന്നതുസരിച്ച് ചിപ്പികളും അപ്രത്യക്ഷമായി; വാങ്ങുന്നവർ പെട്ടെന്നുതന്നെ അതുമായി പൊരുത്തപ്പെട്ടു.

"വിൽക്കാമെന്ന പ്രതീക്ഷയോടെയാണ് ഞങ്ങൾ ഈ ചിപ്പികൾ ശേഖരിച്ചത്”, തന്‍റെ വീടിന് പുറത്ത് ഉണക്കാനിട്ടിരുന്ന പഴയ ചിപ്പികൾ നോക്കി പോലേശ്വരി പറഞ്ഞു. "'ഞങ്ങൾ ചിപ്പികൾ വാങ്ങുന്നു, ഞങ്ങൾ ചിപ്പികൾ വാങ്ങുന്നു’ എന്ന് ഉച്ചത്തിൽ വിളിച്ചു കൊണ്ടായിരുന്നു ആളുകൾ ഇവിടെ എത്തിയിരുന്നത് - ഇപ്പോൾ അവർ അപൂർവമായാണ് വരുന്നത്.”

2021 സെപ്റ്റംബറിലെ ചുഴലിക്കാറ്റിനു ശേഷം മാരമ്മയും മത്സ്യബന്ധന കോളനിയിൽ നിന്നുള്ള മറ്റുള്ള ഏതാണ്ട് 290 ആളുകളും തങ്ങളുടെ ഗ്രാമത്തിൽ വർദ്ധിച്ചു വരുന്ന അപകടങ്ങളെപ്പറ്റിയും വൈഷമ്യങ്ങളെപ്പറ്റിയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ റെഡ്ഡിക്ക് അദ്ദേഹത്തിന്‍റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഒരു കത്തെഴുതി. "നേരത്തെ വൈ. എസ്. രാജശേഖര റെഡ്ഡി ഗാരു [മുൻ മുഖ്യമന്ത്രി] ഉപ്പാടയിലെ മത്സ്യബന്ധന ഗ്രാമത്തിലെ തീരത്തുകൂടെ വലിയ കല്ലുകൾ ഇടുകയും ഗ്രാമത്തെ കടലുമായി ചേരുന്നതിൽ നിന്ന് സംരക്ഷിക്കുകയും ചെയ്തിരുന്നു. ഈ വലിയ കല്ലുകൾ ഞങ്ങളെ ഇവിടേക്ക് വീശിയിരുന്ന ചുഴലിക്കാറ്റുകളിൽ നിന്നും സുനാമികളിൽ നിന്നും സംരക്ഷിച്ചിരുന്നു”, കത്തിൽ പറഞ്ഞു.

The stretch from the fishing colony to the beach, in January 2020. Much of it is underwater now.
PHOTO • Rahul M.
The Uppada-Kakinada road became unsafe after it was damaged by Cyclone Jawad in December 2021. A smaller road next to it is being used now
PHOTO • Rahul M.

ഇടത്: മീന്‍പിടുത്തക്കാരുടെ കോളനിയില്‍ നിന്നും തീരത്തേക്കുള്ള പാത 2020 ജനുവരിയില്‍. വലത്: 2021 ജനുവരിയില്‍ ജാവേദ് ചുഴലിക്കാറ്റ് കേടുപാടുകള്‍ വരുത്തിയതിനെ തുടര്‍ന്ന് ഉപ്പാട-കാക്കിനട റോഡ്‌ സുരക്ഷിതമല്ലാതായി തീര്‍ന്നു. ഇതിന് തൊട്ടടുത്ത് നിര്‍മ്മിച്ച ചെറിയ റോഡ്‌ ഇപ്പോള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു

"ഇപ്പോൾ ചുഴലിക്കാറ്റുകളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നതു മൂലം തീരത്തെ കല്ലുകൾക്ക് സ്ഥാനഭ്രംശം സംഭവിക്കുകയും തീരങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. കല്ലുകളെ ബന്ധിച്ചു നിർത്തിയിരുന്ന വള്ളി ഉപയോഗിച്ചു നശിച്ചു. അതുകൊണ്ട് തീരത്ത് സ്ഥിതി ചെയ്തിരുന്ന വീടുകളും കുടിലുകളും കടലുമായി ഒന്നായി ചേരുകയും ചെയ്തു. തീരത്തുള്ള മീൻപിടുത്തക്കാർ ഭീകരതയിലാണ് ജീവിക്കുന്നത്”, ഉരുളൻ കല്ലുകൾ മാറ്റി കുറച്ചുകൂടി വലിയവ അവിടെ സ്ഥാപിക്കണമെന്നുകൂടി സൂചിപ്പിച്ചുകൊണ്ട് അവർ പറഞ്ഞു.

എന്നിരിക്കിലും ഡോ. റാവു പറഞ്ഞത് നിശ്ചയിച്ചിറങ്ങിയ കടലിൽ നിന്നും സ്ഥിരമായ സംരക്ഷണം നൽകാൻ കല്ലുകൾക്ക് പറ്റുമെന്നുള്ളതിന് കാര്യമായ തെളിവുകളൊന്നുമില്ലെന്നാണ്. കടലിന്‍റെ കൈയേറ്റം തുടരുന്നതിനാൽ അത് ഏറ്റവും മികച്ചൊരു താൽകാലിക പ്രതിവിധിയാണ്. "വസ്തുവകകൾ സംരക്ഷിക്കാൻ ശ്രമിക്കരുത്. തീരം സംരക്ഷിക്കുക.  തീരം നിങ്ങളുടെ വസ്തു വകകൾ സംരക്ഷിക്കും”, അദ്ദേഹം പറഞ്ഞു. "തീരത്തുനിന്നും മാറിയുള്ള കടൽ ഭിത്തികൾ (തിരമാലകളെ തടുക്കാൻ കഴിയുന്ന ജപ്പാനിലെ കൈകെ തീരത്തെ വലിയ കൽനിർമ്മിതികൾ പോലെയുള്ളവ) ഉപ്പാടയിലെ തീരമിടിയുന്നത് തടയാൻ സഹായകരമാകും" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

*****

കടൽ ഇവയിൽത്തട്ടി ചിന്നിച്ചിതറുന്നിടത്തു പോലും ഗ്രാമം അതിന്‍റെ സാമൂഹ്യ ഘടനയിൽ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. ഗ്രാമത്തിന്‍റെ ഉൾഭാഗത്ത് നെയ്ത്തുകാർക്ക് (കൈകൊണ്ട് നെയ്തെടുത്ത മനോഹരമായ സിൽക്ക് സാരികൾക്ക് ഉപ്പാട പ്രശസ്തമാണ്) കുറച്ച് ഭൂമി സർക്കാർ അനുവദിച്ചതിനെത്തുടർന്ന് 1980-കളില്‍ അവർ ഗ്രാമത്തിന്‍റെ ഓരത്ത് നിന്നും അങ്ങോട്ടു നീങ്ങി. ക്രമേണ, കൂടുതൽ അഭിവൃദ്ധിയുള്ള ഗ്രാമീണരും, പധാനമായും ഉയർന്ന ജാതിക്കാർ, കടലിൽ നിന്നും കൂടുതൽ അകന്നുമാറാൻ തുടങ്ങി. പക്ഷെ കടലുമായി അഭേദ്യമായ ബന്ധമുള്ള മത്സ്യബന്ധന സമൂഹത്തിന് അവിടെത്തങ്ങുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഉണ്ടായിരുന്നില്ല.

ഉയർന്ന ജാതിക്കാർ കൂടുതൽ സുരക്ഷിതമായ ഇടങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങിയതോടെ ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട ചില ആചാരങ്ങളും പ്രവൃത്തികളും ദുർബലമാകാൻ തുടങ്ങി. ഉദാഹരണത്തിന് ഉയർന്ന ജാതിക്കാരുടെ ഉത്സവങ്ങൾക്ക് തങ്ങൾ പിടിക്കുന്ന മീൻ സൗജന്യമായി നൽകാൻ മത്സ്യബന്ധന സമൂഹം നിർബന്ധിക്കപ്പെടുന്ന അവസ്ഥ ഇല്ലാതായി. ക്രമേണ മത്സ്യബന്ധന സമൂഹം ക്രിസ്ത്യാനികളാകാൻ തുടങ്ങി. "നിരവധിപേർ സ്വാതന്ത്ര്യത്തിനായി അവരുടെ മതം തിരഞ്ഞെടുത്തു”, പാസ്റ്ററായ കൃപാ റാവു പറഞ്ഞു. ഇവിടുത്തെ ഭൂരിപക്ഷം ആളുകളും ദരിദ്രരും പിന്നോക്കജാതി വിഭാഗങ്ങളിൽ പെടുന്നവരുമാണ്. ക്രിസ്ത്യാനിയായി മാറുന്നതിനു മുൻപ് ജാതിപീഡനത്തിന്റേതായ പല അനുഭവങ്ങൾ ഉണ്ടായിരുന്നത് കൃപാറാവു ഓർമ്മിച്ചെടുത്തു.

Poleru and K. Krishna outside their home, in 2019. The structure was washed away in 2021 after Cyclone Gulab struck the coast.
PHOTO • Rahul M.
The cyclone also wrecked the fishing colony's church, so prayers are offered in the open now
PHOTO • Rahul M.

ഇടത്: കെ. പോലേരുവും കെ. കൃഷ്ണയും 2019-ല്‍ അവരുടെ വീട്ടില്‍. ഈ കെട്ടിടം കഴിഞ്ഞവര്‍ഷം ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒലിച്ചുപോയി. വലത്: മത്സ്യബന്ധന കോളനിയിലെ പള്ളിക്കെട്ടിടം ചുഴലിക്കാറ്റിനെ തുടര്‍ന്ന് തകര്‍ന്നതിനാല്‍ പ്രാര്‍ത്ഥനകള്‍ നടക്കുന്നത് സ്ഥലത്ത് തുറസായിട്ടാണ്

"ഏതാണ്ട് 20-30 വർഷങ്ങൾക്ക് മുൻപ് മിക്ക ഗ്രാമീണരും ഹിന്ദുക്കളായിരുന്നു. പ്രദേശിക ദൈവങ്ങൾക്കായി ഗ്രാമം സ്ഥിരമായി ഉത്സവങ്ങൾ ആഘോഷിച്ചിരുന്നു”, ചിന്നബ്ബായിയുടെ മകൻ ഒ. ദുർഗയ്യ പറഞ്ഞു. "ഇപ്പോൾ ഗ്രാമത്തിന്‍റെ മിക്ക ഭാഗങ്ങളും ക്രിസ്ത്യാനികളാണ്.” ചൊവ്വാഴ്ചകൾ പ്രതിവാര അവധി ദിവസമായി 1990-കൾ വരെ പരിഗണിച്ചിരുന്ന [പ്രാദേശിക ദൈവങ്ങളോട് പ്രാർത്ഥിക്കാൻ] സമീപത്തെ ഒരു സ്ഥലം ഇപ്പോൾ പള്ളിയിൽ പോകുന്നതിനായി ഞായറാഴ്ചകളിലാണ് അവധി എടുക്കുന്നത്. ഏതാനും ദശകങ്ങൾക്കു മുൻപ് കുറച്ച് മുസ്ലീങ്ങളും ഉപ്പാടയിൽ ഉണ്ടായിരുന്നുവെന്നും, പക്ഷെ പ്രദേശത്തെ മസ്ജിദ് മുങ്ങിപ്പോയതിനു ശേഷം അവരില്‍ ഒരുപാടുപേര്‍ അവിടം വിട്ടെന്നും ഗ്രാമീണർ പറഞ്ഞു.

ഗ്രാമത്തിൽ തുടർന്നവർക്ക് അതിജീവിച്ചു പോകുന്നതിനുള്ള അടയാളങ്ങളും പാഠങ്ങളും അവരുടെ ഭൂമി കൈയേറുന്ന കടലിൽ നിന്നു തന്നെയാണ് ലഭിക്കുന്നത്. "[അപകടം] മനസ്സിലക്കാൻ പറ്റുന്നതാണ്. കല്ലുകൾ പ്രത്യേക തരത്തിലുള്ള ഘൊല്ലു ഘൊ ല്ലു ശബ്ദം ഉണ്ടാക്കാൻ തുടങ്ങുന്നു. നേരത്തെ ഞങ്ങൾ നക്ഷത്രങ്ങളിൽ നോക്കുമായിരുന്നു [തിരമാലകളുടെ രീതി മനസ്സിലാക്കാൻ]; അവ വ്യത്യസ്ത തരത്തിൽ തിളങ്ങുമായിരുന്നു. ഇപ്പോൾ മൊബൈൽ ഫോണുകളാണ് ഇത് ഞങ്ങളോട് പറയുന്നത്”, 2019-ൽ ഞാനാദ്യമായി ഇവിടെ വന്നപ്പോൾ കണ്ടുമുട്ടിയ മീൻപിടുത്തക്കാരനായ കെ. കൃഷ്ണ എന്നോടു പറഞ്ഞു. "ചിലപ്പോൾ പാടങ്ങളിൽ നിന്ന് കിഴക്കൻ കാറ്റ് വരുമ്പോൾ മീൻപിടുത്തക്കാർക്ക് ഒരു രൂപ പോലും കിട്ടുമായിരുന്നില്ല [അതായത് കടലിൽ നിന്നുള്ള മീൻ]”, മത്സ്യബന്ധന കോളനിയുടെ ഓരത്തുള്ള അദ്ദേഹത്തിന്‍റെ കുടിലിൽ നിന്ന് ഞങ്ങൾ മൂന്ന് പേരും തിരമാലകൾ വീക്ഷിക്കുമ്പോൾ അദ്ദേഹത്തിന്‍റെ ഭാര്യയായ കെ. പോലേരു കൂട്ടിച്ചേർത്തു. ഗുലാബ് ചുഴലിക്കാറ്റ് ആ കുടിൽ നശിപ്പിക്കുകയും അതിനുശേഷം അവർ പുതിയ ഒന്നിലേക്ക് മാറുകയും ചെയ്തു.

അതേ സമയത്ത് മാരമ്മ ബന്ധുവിന്‍റെ വീടിന് പുറത്തുള്ള വേദിയിൽ തന്‍റെ രാത്രികളും പകലുകളും ചിവഴിക്കുകയായിരുന്നു. "ഞങ്ങളുണ്ടാക്കിയ രണ്ട് വീടുകൾ കടലെടുത്തു; മറ്റൊരെണ്ണം ഉണ്ടാക്കാൻ പറ്റുമോയെന്ന് എനിക്കറിയില്ല” എന്ന് പറയുമ്പോഴുള്ള ശബ്ദത്തിലെ വിറയൽ അവരുടെ ഭീതിയും നഷ്ടബോധവും വെളിപ്പെടുത്തി.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Reporter : Rahul M.

2017 ರ 'ಪರಿ' ಫೆಲೋ ಆಗಿರುವ ರಾಹುಲ್ ಎಮ್. ಅನಂತಪುರ, ಆಂಧ್ರಪ್ರದೇಶ ಮೂಲದ ಪತ್ರಕರ್ತರಾಗಿದ್ದಾರೆ.

Other stories by Rahul M.
Editor : Sangeeta Menon

ಸಂಗೀತಾ ಮೆನನ್ ಮುಂಬೈ ಮೂಲದ ಬರಹಗಾರು, ಸಂಪಾದಕರು ಮತ್ತು ಸಂವಹನ ಸಲಹೆಗಾರರು.

Other stories by Sangeeta Menon

ಪಿ. ಸಾಯಿನಾಥ್ ಅವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಸ್ಥಾಪಕ ಸಂಪಾದಕರು. ದಶಕಗಳಿಂದ ಗ್ರಾಮೀಣ ವರದಿಗಾರರಾಗಿರುವ ಅವರು 'ಎವೆರಿಬಡಿ ಲವ್ಸ್ ಎ ಗುಡ್ ಡ್ರಾಟ್' ಮತ್ತು 'ದಿ ಲಾಸ್ಟ್ ಹೀರೋಸ್: ಫೂಟ್ ಸೋಲ್ಜರ್ಸ್ ಆಫ್ ಇಂಡಿಯನ್ ಫ್ರೀಡಂ' ಎನ್ನುವ ಕೃತಿಗಳನ್ನು ರಚಿಸಿದ್ದಾರೆ.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.