"എല്ലാവരും ചെയ്യുന്നു. അതിനാൽ ഞങ്ങളും," വലിയ ഉറപ്പില്ലാതെ രൂപ പിരികാക പറഞ്ഞു.

ജനിതക മാറ്റം വരുത്തിയ ബിടി കോട്ടൺ പരുത്തിയുടെ കൃഷിയെക്കുറിച്ചാണ് പറയുന്നത്.  ഇപ്പോൾ പ്രാദേശിക വിപണിയിലോ അല്ലെങ്കിൽ സ്വന്തം ഗ്രാമത്തിലോ വരെ അവ എളുപ്പത്തിൽ വാങ്ങാം. 'എല്ലാവരും' എന്ന് ഉദ്ദേശിച്ചത്‌ അവരെപ്പോലെ തെക്കു പടിഞ്ഞാറൻ ഒഡീഷയിലെ റായഗഡ ജില്ലയിലെ അവരുടെ ഗ്രാമത്തിലും ആ പ്രദേശത്തെ മറ്റു ഗ്രാമങ്ങളിലും ഉള്ള എണ്ണമറ്റ മറ്റു കർഷകരെ ആണ്.

"അവർക്കു പണം കിട്ടുന്നുണ്ട്," പിരികാക പറയുന്നു.

40 വയസുള്ള പിരികാക കൊന്ധ് ആദിവാസിവിഭാഗത്തിലെ ഒരു കർഷകയാണ്. രണ്ടു പതിറ്റാണ്ടുകളിൽ അധികമായി എല്ലാ വർഷവും അവർ ഒരു കുന്നിൻചെരിവ്, മലമ്പ്രദേശത്തെ കൃഷി [മാറ്റക്കൃഷി] എന്ന് അർത്ഥംവരുന്ന 'ഡോൺഗർ ചാസ്' എന്ന കൃഷിക്കുവേണ്ടി ഒരുക്കും. ആ പ്രദേശത്തെ കൃഷിക്കാർ നൂറ്റാണ്ടുകളായി മിനുക്കിയെടുത്ത കൃഷിസമ്പ്രദായങ്ങൾ പാലിച്ചു കൊണ്ട് രൂപ മുൻവർഷങ്ങളിൽ തന്‍റെ കുടുംബത്തിന്‍റെ കൊയ്ത്തിൽ നിന്ന് ശേഖരിച്ച പാരമ്പര്യസ്വത്തായ വിത്തുകൾ കണ്ടങ്ങളിൽ ഇടകലർത്തി മാറി മാറി വിതയ്ക്കും. ഇതിൽ നിന്ന് വിവിധതരം ഭക്ഷ്യവിളകൾ ലഭിക്കും: മാണ്ഡ്യ [റാഗി], കാംഗു [തിന] എന്ന പുല്ല് വർഗ്ഗങ്ങൾ, തുവര, ഉഴുന്ന് മുതലായ പയർവർഗ്ഗങ്ങൾ, കൂടാതെ അച്ചിങ്ങ പയർ, നൈജർ സീഡ് [റാം തിൽ], എള്ള് മുതലായവയുടെ പരമ്പരാഗത ഇനങ്ങളും.

ഈ ജൂലൈയിൽ പിരികാക ആദ്യമായി ജനിതക മാറ്റം വരുത്തിയ പരുത്തിയിലേക്ക് ചുവടുമാറി. ബിഷാമാകട്ടക് ബ്ലോക്കിലെ തന്‍റെ ഗ്രാമത്തിലെ ഒരു കുന്നിൻ ചെരുവിൽ കടും ഇളം ചുവപ്പു നിറത്തിലുള്ള രാസപദാർത്ഥത്തിൽ മുക്കിയ വിത്തുകൾ വിതക്കുമ്പോളാണ് ഞങ്ങൾ അവരെ കണ്ടത്. ആദിവാസികളുടെ മാറ്റക്കൃഷി രീതികളിലേക്ക് പരുത്തിയുടെ അസാധാരണ നുഴഞ്ഞുകയറ്റം, ഞങ്ങളെ ഈ ചുവടുമാറ്റത്തെക്കുറിച്ചു അവരോട് ആരായാൻ പ്രേരിപ്പിച്ചു.

"മഞ്ഞൾ പോലുള്ള മറ്റുവിളകളും പണം തരും," പിരികാക സമ്മതിക്കുന്നു. "എന്നാൽ ആരും അത് ചെയ്യുന്നില്ല. എല്ലാവരും മാണ്ഡ്യ [റാഗി] ഉപേക്ഷിച്ച്‌...പരുത്തിക്ക് പുറകെ പോവുകയാണ്."

കഷ്ടിച്ച് 16 വർഷങ്ങൾക്കുള്ളിൽ റായഗഡ ജില്ലയിലെ പരുത്തി കൃഷിയുടെ വ്യാപ്തി 5,200 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്. ഔദ്യോഗിക കണക്ക് പ്രകാരം 2002-03-ൽ കേവലം 1,631 ഏക്കറിലായിരുന്നു പരുത്തി കൃഷി ചെയ്തിരുന്നത്. ജില്ലാ കൃഷി കാര്യാലയത്തിന്‍റെ കണക്കിൽ 2018-19-ൽ അത് 86,907 ഏക്കറായി.

പത്ത്‌ ലക്ഷത്തിനടുത്ത് ജനങ്ങളുള്ള റായഗഡ ലോകത്തിലെ മഹത്തായ ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളില്ലൊന്നായ കോരാപുട്ട് മേഖലയുടെ ഭാഗമാണ്. ഈ പ്രദേശം ചരിത്രപരമായി നെല്ല് വൈവിധ്യത്തിന് പ്രധാനമാണ്. ഇവിടെ 1,700-ലധികം നെല്ലിനങ്ങൾ ഉണ്ടെന്നായിരുന്നു കേന്ദ്ര നെല്ല് ഗവേഷണ സ്ഥാപനത്തിന്‍റെ 1959-ലെ നിരീക്ഷണം കണ്ടെത്തിയത്. അതിപ്പോൾ ഏകദേശം 200 ആയി കുറഞ്ഞു. ഇവിടമാണ് നെല്ല് കൃഷിയുടെ ജന്മനാട് എന്ന് ചില ഗവേഷകർ വിശ്വസിക്കുന്നു.

Adivasi farmers are taking to GM cotton, as seen on this farm in the Niyamgiri mountains.
PHOTO • Chitrangada Choudhury
But many are reluctant to entirely abandon their indigenous food crops, such as pigeon pea. They sow this interspersed with cotton, thus feeding agri-chemicals meant for the cotton plants to their entire farm.
PHOTO • Chitrangada Choudhury

നിയാംഗിരി മലകളിൽ ആദിവാസി കർഷകർ ജനിതക മാറ്റം വരുത്തിയ പരുത്തി (അതിന്‍റെ ഇളം ചുവപ്പുള്ള വിത്തുകളാണ് വലത് വശത്തെ പാത്രത്തിൽ) കൃഷി ചെയ്യുന്നതിൽ തൽപരരാണ്. എങ്കിലും ചിലർ തുവര (വെളുത്ത പാത്രത്തിലുള്ള വിത്തുകൾ) മുതലായ നാടൻ ഭഷ്യവിളകൾ ഉപേക്ഷിക്കാൻ മടിക്കുന്നു. ഇവ പരുത്തിക്ക്‌ ഇടവിളയായിട്ടാണ് വിതയ്ക്കുന്നത്. പരുത്തി ചെടികൾക്ക് നൽകുന്ന കാർഷികാവശ്യത്തിനുള്ള രാസപദാർത്ഥങ്ങൾ [അഗ്രി-കെമിക്കൽസ്] കൃഷിയിടത്തിൽ മുഴുവൻ ഊറുന്നു

ഇവിടുത്തെ കൊന്ധ് ആദിവാസികൾ ഏറെക്കുറെ കൃഷി ഉപജീവനമാക്കിയ കർഷകരാണ്. ഇവർ തങ്ങളുടെ സങ്കീർണമായ കാർഷികവനവൽക്കരണ പ്രവർത്തനങ്ങൾക്ക് പ്രസിദ്ധരാണ്. ഇന്നും, ഈ പ്രദേശത്തെ ധാരാളം കൊന്ധ് കുടുംബങ്ങൾ മരതകപച്ചപ്പാർന്ന കൃഷി തട്ടുകളിലും കുന്നിൻചെരുവുകളിലെ തോട്ടങ്ങളിലും നെല്ല്, പുല്ല് വർഗ്ഗങ്ങൾ, പയർ വർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ഒരു വമ്പിച്ച നിര തന്നെ കൃഷി ചെയ്യുന്നുണ്ട്. റായഗഡയിലെ ലിവിങ് ഫാംസ് എന്ന സന്നദ്ധ സംഘടന നടത്തിയ നിരീക്ഷണങ്ങളിൽ അടുത്ത കാലത്ത് 36 ഇനം ചെറുധാന്യങ്ങളും 250 വനഭക്ഷ്യ വിഭവങ്ങളും രേഖപ്പെടുത്തി.

ഇവിടുത്തെ മിക്ക ആദിവാസി കർഷകരും ഒന്ന് മുതൽ അഞ്ച് ഏക്കർ വിസ്തൃതിയുള്ള ഒറ്റക്കുള്ളതോ അല്ലെങ്കിൽ പൊതുസ്വത്തായിട്ടുള്ളതോ ആയ കൃഷിസ്ഥലങ്ങളിൽ ആണ് ജോലി ചെയ്യുന്നത്.

യാതൊരു കൃത്രിമമായ വളങ്ങളോ മറ്റു കാർഷിക ആവശ്യത്തിനുള്ള രാസപദാർത്ഥങ്ങളോ [അഗ്രോ-കെമിക്കൽസ്] ഉപയോഗിക്കാതെ മുഖ്യമായും ആദിവാസി സമൂഹത്തിനുള്ളിൽ പരിപാലിച്ചു പങ്കുവയ്ക്കപ്പെടുന്നവയാണ് അവരുടെ വിത്തുകൾ.

എന്നിട്ടും, റായഗഡയിൽ നെല്ല് കഴിഞ്ഞാൽ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന വിള ഇപ്പോൾ പരുത്തിയാണ്. അത് ഈ മേഖലയിലെ പ്രധാനമായ പരമ്പരാഗത ഭക്ഷ്യവിളകളായ ചെറുധാന്യ വിളകളെ മറികടന്നിരിക്കുന്നു. ഈ ജില്ലയിലെ കൃഷിയുള്ള 428,947 ഏക്കറിൽ അഞ്ചുഭാഗം പരുത്തി കൃഷിയാണ്. പരുത്തിയുടെ വേഗത്തിലുള്ള വ്യാപനം ഈ നാടിനെയും കാർഷിക ആവാസവ്യവസ്ഥയെക്കുറിച്ചു ആഴത്തിൽ ജ്ഞാനമുള്ള നാട്ടുകാരെയും പുനർനിർമ്മിക്കുകയാണ്.

ഇന്ത്യയുടെ ആകെ കൃഷിസ്ഥലത്തിന്‍റെ ഏകദേശം അഞ്ച് ശതമാനം പരുത്തിയാണ്. എന്നാൽ, രാജ്യത്ത്‌ പ്രയോഗിക്കുന്ന കീടനാശിനികളുടെയും കളനാശിനികളുടെയും കുമിൾനാശിനികളുടേയും 36 മുതൽ 50 ശതമാനം വരെ ചെലവാകുന്നത് പരുത്തികൃഷിക്കാണ്. ഇന്ത്യയിലുടനീളം കാർഷിക കടബാധ്യതയോടും കർഷക ആത്മഹത്യകളോടും ഏറ്റവും കൂടുതൽ പരസ്പരബന്ധം പുലർത്തുന്നതും ഈ വിള തന്നെയാണ്.

ഇവിടത്തെ സാഹചര്യം 1998-നും 2002-നും ഇടയിലെ വിദർഭയെ ആണ് ഓർമ്മിപ്പിക്കുന്നത് - പുതിയ അത്ഭുതമായ (പിന്നീട് നിയമവിരുദ്ധവുമായ) വിത്തുകളോട് ആദ്യം തോന്നിയ ആവേശം, വലിയ ലാഭത്തിന്‍റെ സ്വപ്‌നങ്ങൾ, തുടർന്ന് അവയുടെ വെള്ളം ആർത്തിയോടെ വലിച്ചെടുക്കുന്ന പ്രകൃതത്തിന്‍റെ ദൂഷ്യഫലങ്ങൾ, ചെലവുകളിലും കടത്തിലും ഉണ്ടായ വൻ വർദ്ധന കൂടാതെ മറ്റു പാരിസ്ഥിതിക ഞെരുക്കങ്ങൾ. ഇതിനെതുടർന്ന് ഒരു പതിറ്റാണ്ടിലധികം വിദർഭ രാജ്യത്തെ കർഷകആത്മഹത്യകളുടെ കേന്ദ്രബിന്ദുവായി തീർന്നു. ആ കർഷകരെല്ലാം ജനിതകമാറ്റം വരുത്തിയ ബി ടി കോട്ടൺ വിപുലമായി കൃഷി ചെയ്തിരുന്നവർ ആയിരുന്നു.

*****

ഞങ്ങൾ നിന്നിരുന്ന കടയുടെ ഉടമസ്ഥൻ 24 വയസ്സുള്ള ചന്ദ്ര കുദ്രുക (പേര് മാറ്റിയിരിക്കുന്നു) എന്ന കൊന്ധ് യുവാവാണ്. ഹോട്ടൽ മാനേജ്മെൻറ്റിൽ ബിരുദം കരസ്ഥമാക്കി ഭുബനേശ്വറിൽ നിന്ന് തിരിച്ചെത്തിയ അയാൾ ഈ ജൂണിൽ നിയാംഗിരി മലകളിലെ റുകാഗുഡ (പേര് മാറ്റിയിരിക്കുന്നു) എന്ന തന്‍റെ ഗ്രാമത്തിൽ ഈ കട തുടങ്ങി. മറ്റ് ഏതു ഗ്രാമീണ കടയിലെ പോലെ ഇവിടെയും ഉരുളക്കിഴങ്ങ്, ഉള്ളി, വറ പലഹാരങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയായിരുന്നു വിൽപനയ്‌ക്കു വച്ചിരുന്നത്.

മറ്റു കടകളിൽ നിന്നും അയാളുടെ കടയെ വ്യത്യസ്തമാക്കുന്നത് മേശക്കടിയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന വമ്പിച്ച വിൽപ്പനയുള്ള ഒരു ഉൽപന്നമായിരുന്നു. ഒരു വലിയ ചാക്കിൽ പരുത്തി വിത്തുകളുടെ തിളങ്ങുന്നതും വിവിധ നിറങ്ങളിലുമുള്ള പൊതികൾ. അതിൽ കുറെ എണ്ണത്തിന്‍റെ പുറത്തു സന്തോഷവാന്മാരായ കൃഷിക്കാരുടെയും 2,000  രൂപയുടെ നോട്ടുകളുടെയും ചിത്രങ്ങളുണ്ടായിരുന്നു.

കുദ്രുകയുടെ കടയിലുണ്ടായിരുന്ന വിത്ത്‌ പൊതികളിൽ ഭൂരിഭാഗവും നിയമവിരുദ്ധവും അനുവദനീയമല്ലാത്തതും ആയിരുന്നു. ചില പൊതികളിൽ പേരോ മറ്റടയാളങ്ങളോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ആ കൂട്ടത്തിൽ ധാരാളം ഒഡീഷയിൽ വിൽക്കാൻ പാടില്ലാത്തവയായിരുന്നു. മാത്രമല്ല, അയാളുടെ കടയ്ക്ക് വിത്തുകളോ കാർഷിക ആവശ്യത്തിനുള്ള രാസപദാർത്ഥങ്ങളോ വിൽക്കാനുള്ള അനുവാദം (ലൈസൻസ്) പോലും ഉണ്ടായിരുന്നില്ല.

വിത്തുകളുടെയൊപ്പം ആ ശേഖരത്തിൽ പിന്നെ ഉണ്ടായിരുന്നത് വിവാദമായ ഗ്ലൈഫോസേറ്റ് എന്ന കളനാശിനിയുടെ പച്ചയും ചുവപ്പും നിറങ്ങളിലുള്ള കുപ്പികളടങ്ങിയ പെട്ടികളായിരുന്നു. ഗ്ലൈഫോസേറ്റ് "മനുഷ്യരിൽ അർബുദത്തിനു കാരണമായേക്കാം" എന്ന് ലോക ആരോഗ്യ സംഘടന (ഡബ്ലിയു എഛ് ഓ) 2015-ലെ ഒരു റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. (പിന്നീട് വ്യാവസായിക സമ്മർദ്ദം കാരണം ഡബ്ലിയു എഛ് ഓ ആ റിപ്പോർട്ടിനെ നിഷേധിച്ചു). പഞ്ചാബ്, കേരളം മുതലായ സംസ്ഥാനങ്ങൾ ഗ്ലൈഫോസേറ്റ് നിരോധിച്ചിട്ടുണ്ട്. അയൽസംസ്ഥാനമായ ആന്ധ്രാപ്രദേശ് അതിന്മേൽ നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്. ഈ കളനാശിനി ഉത്ഭവിച്ച അമേരിക്കയിൽ അനേക ദശലക്ഷം ഡോളർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് അർബുദ രോഗികൾ നൽകിയ കേസുകളുടെ കേന്ദ്രബിന്ദു ഗ്ലൈഫോസേറ്റാണ്.

In Kaliponga village, farmer Ramdas sows BT and HT cotton, days after dousing their lands with glyphosate, a broad spectrum herbicide
PHOTO • Chitrangada Choudhury
In Kaliponga village, Ramdas' wife Ratnamani sows BT and HT cotton, days after dousing their lands with glyphosate, a broad spectrum herbicide
PHOTO • Chitrangada Choudhury

കാലീപോങ്കാ ഗ്രാമത്തിൽ വളരെ വ്യാപ്തിയുള്ള കളനാശിനിയായ ഗ്ലൈഫോസേറ്റിൽ തങ്ങളുടെ കൃഷിയിടത്തെ നനച്ചതിനു ഏതാനും ദിവസങ്ങൾക്കു ശേഷം കർഷകരായ രാംദാസും അയാളുടെ ഭാര്യ രത്നമണിയും ജനിതകമാറ്റം വരുത്തിയ പരുത്തി ഇനങ്ങളായ ബിടി, എഛ് ടി എന്നിവ വിതയ്ക്കുന്നു

ഇതെല്ലാം റായഗഡയിലെ കർഷകർക്ക് അജ്ഞാതമാണ്. 'പുല്ല് കൊല്ലി' എന്ന് അർത്ഥംവരുന്ന 'ഘാസാ മാറാ' എന്നാണ് ഗ്ലൈഫോസേറ്റ് ഇവിടെ അറിയപ്പെടുന്നത്. കൃഷിയിടങ്ങളിലെ കളകൾ വേഗത്തിൽ നശിപ്പിക്കാനുള്ള മാർഗ്ഗമായിട്ടാണ് അത് കർഷകർക്ക് വിൽക്കുന്നത്. എന്നാൽ അത് വളരെ വ്യാപ്തിയുള്ള കളനാശിനിയാണ്. അതിനെ പ്രതിരോധിക്കാൻ വേണ്ടി ജനിതക മാറ്റം വരുത്തിയ ചെടികളെ ഒഴിച്ച് മറ്റ് എല്ലാ സസ്യങ്ങളെയും അത് കൊല്ലും. ഗ്ലൈഫോസേറ്റ് തളിക്കുന്നത് അതിജീവിക്കാൻ കഴിവുള്ള പരുത്തിയുടെ വിത്തുകളും കുദ്രുക ഉത്സാഹത്തോടെ ഞങ്ങൾക്ക് കാണിച്ചു തന്നു. അത്തരത്തിലുള്ള 'കളനാശിനിയെ സഹിക്കുന്ന' [ഹെർബിസൈഡ്-ടോളറൻറ്] അല്ലെങ്കിൽ ‘എഛ് ടി ‘ വിത്തുകൾ' ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടാഴ്ച്ചകൾക്കുള്ളിൽ കുദ്രുക 150 വിത്ത് പൊതികൾ കർഷകർക്ക് വിറ്റു കഴിഞ്ഞു. "ഞാൻ കൂടുതൽ ആവശ്യപ്പെട്ടിട്ടുണ്ട്. അവ നാളെ ഇവിടെ എത്തും," അയാൾ കൂട്ടിച്ചേർത്തു.

കച്ചവടം പൊടിപൊടിക്കുകയാണെന്ന് തോന്നുന്നു.

"റായഗഡയിൽ ഇന്നുള്ള പരുത്തിക്കൃഷിയുടെ ഏകദേശം 99.9 ശതമാനം ജനിതക മാറ്റം വരുത്തിയ പരുത്തിയാണ്. ജനിതക മാറ്റം വരുത്താത്ത വിത്തുകൾ കിട്ടാനേയില്ല," ഈ ജില്ലയിലെ പരുത്തി കൃഷി നിരീക്ഷിക്കുന്ന ഒരു ഉദ്യോഗസ്ഥൻ ഞങ്ങളോട് അനൗദ്യോഗികമായി പറഞ്ഞു. "ഔദ്യോഗികമായി, ജനിതകമാറ്റം വരുത്തിയ പരുത്തിയുടെ കൃഷി ഒഡീഷയിൽ സ്തംഭിച്ചിരിക്കുകയാണ്. അതിനെ അനുവദിക്കുകയോ നിരോധിക്കുകയോ ചെയ്തിട്ടില്ല."

ഒഡീഷ സംസ്ഥാനത്ത്‌ ജനിതകമാറ്റം വരുത്തിയ പരുത്തിയുടെ വ്യാപനം അനുവദിക്കാൻ ചുമതലയുള്ള കേന്ദ്രസർക്കാർ സ്ഥാപനത്തിന്‍റെ ഒരു അനുമതിയും ഞങ്ങൾ കണ്ടില്ല. കാർഷിക മന്ത്രാലയത്തിന്‍റെ പരുത്തിയുടെ 2016-ലെ സ്ഥിതി അവലോകനത്തിൽ ഒഡീഷയിൽ ബിടി കോട്ടൺ കൃഷിയുടെ കണക്കുകൾ ഓരോവർഷവും 'ഇല്ല' എന്നാണ് കാണിച്ചിരിക്കുന്നത്. ബി ടി കോട്ടൺ ഈ സംസ്ഥാനത്ത് കൃഷിചെയ്യുന്നുണ്ട് എന്ന വസ്തുത ശരിവയ്ക്കാൻ സർക്കാരുകൾക്ക് താൽപര്യമില്ല എന്നാണ് അതിനർത്ഥം. "എന്‍റെ പക്കൽ എഛ് ടി കോട്ടണെക്കുറിച്ചു വിവരങ്ങളില്ല," സംസ്ഥാന കാർഷികസെക്രട്ടറി ആയ ഡോ. സൗരഭ് ഗാർഗ് ഞങ്ങളോട് ഫോണിൽ പറഞ്ഞു. "ബി ടി കോട്ടണെ സംബന്ധിച്ച് എന്താണോ ഇന്ത്യൻസർക്കാർ നയം അത് തന്നെയാണ് ഞങ്ങളുടേയും. ഒഡീഷയ്ക്കു മാത്രമായി വേറെ ഒന്നുമില്ല."

ആ നിലപാടിനാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ട്. അനധികൃത ബി ടി, നിയമവിരുദ്ധമായ എഛ് ടി വിത്തുകൾ കൂടാതെ കാർഷിക ആവശ്യത്തിനുള്ള രാസപദാർത്ഥങ്ങൾ എന്നിവയുടെ കച്ചവടം പുഷ്ടിപ്പെടുകയാണ്. നിയാംഗിരി മലകളിലെ കുദ്രുകയുടെ കടയിൽ പ്രകടമായ പോലെ അത് റായഗഡയിലെ മറ്റുസ്ഥലങ്ങളിലേക്ക് വേഗത്തിൽ നുഴഞ്ഞു കയറുകയാണ്.

ലോകവ്യാപകമായി, കൃഷിയിൽ പ്രയോഗിക്കുന്ന രാസപദാർത്ഥങ്ങൾ മണ്ണിലുള്ള സൂക്ഷ്മാണുക്കളെ നശിപ്പിക്കുകയും, "കരയിലും ജലത്തിലും ഒരുപോലെ സസ്യങ്ങളുടേയും മൃഗങ്ങളുടേയും എണ്ണമറ്റ വാസസ്ഥാനങ്ങൾക്ക് ഹാനി വരുത്തുകയും ചെയ്തിരിക്കുന്നു," അടുത്തിടെ പ്രൊഫ. ഷാഹിദ് നഈം പറഞ്ഞു. അദ്ദേഹം ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിലെ പരിസ്ഥിതി വിജ്ഞാനം, പരിണാമം, പാരിസ്ഥിതിക ജീവശാസ്ത്രം എന്ന വിഭാഗത്തിന്‍റെ തലവനാണ്. "ഈ ജീവികളെല്ലാം പ്രധാനമാണ്. എന്തെന്നാൽ, ഒരുമിച്ചു അവ നമ്മുടെ ജലത്തിലും മണ്ണിലും ഉള്ള മാലിന്യങ്ങളെ അകറ്റാനും, നമ്മുടെ മണ്ണിനെ സമ്പുഷ്ടമാക്കാനും, നമ്മുടെ വിളകളെ പോഷിപ്പിക്കാനും പിന്നെ നമ്മുടെ കാലാവസ്ഥ ഘടനകളെ നിയന്ത്രിക്കാനും കഴിവുള്ള ആരോഗ്യകരമായ ആവാസവ്യവസ്ഥകളുടെ ഭാഗമാണ്."

*****

"അത് എളുപ്പമായിരുന്നില്ല. അവരെ (ആദിവാസി കർഷകരെ) പരുത്തി കൃഷിയിലേക്ക് മാറ്റാൻ എനിക്ക് വളരെ പണിപ്പെടേണ്ടി വന്നു," പ്രസാദ് ചന്ദ്ര പാണ്ട പറഞ്ഞു.

ഇടപാടുകാരും മറ്റുള്ളവരും അദ്ദേഹത്തെ "കാപ്പാ പാണ്ട" - അക്ഷരാർത്ഥത്തിൽ "പരുത്തി പാണ്ട" - എന്നാണ് വിളിക്കുന്നത്. റായഗഡയിലെ ബിഷാമാകട്ടക് എന്ന ചെറുപട്ടണത്തിലുള്ള വിത്ത് വളം കീടനാശിനികൾ തുടങ്ങി കൃഷിക്കുള്ള രാസവസ്തുക്കളും വിൽക്കുന്ന കാമാഖ്യാ ട്രേഡേഴ്സ് എന്ന തന്‍റെ കടയിലാണ് അദ്ദേഹം ഞങ്ങളോട് സംസാരിച്ചത്.

25 വർഷങ്ങൾക്ക് മുൻപ് ജില്ലാ കൃഷിവകുപ്പിൽ എക്സ്റ്റൻഷൻ ഓഫീസർ എന്ന ജോലിയുള്ളപ്പോൾ തന്നെയാണ് പാണ്ട ഈ കട തുറന്നത്. 37 വർഷത്തെ സേവനത്തിന് ശേഷം 2017-ൽ അദ്ദേഹം വിരമിച്ചു. ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ അദ്ദേഹം ഗ്രാമീണരെ അവരുടെ "പിന്നോക്ക കൃഷി" ഉപേക്ഷിച്ച്‌ പരുത്തി കൃഷി ചെയ്യാൻ പ്രേരിപ്പിച്ചു. അതേസമയം, അദ്ദേഹത്തിന്‍റെ മകൻ സുമൻ പാണ്ടയുടെ പേരിൽ ലൈസൻസ് ഉള്ള തന്‍റെ കടയിൽ നിന്ന് വിത്തും അതിനോടനുബന്ധിച്ച കാർഷിക രാസപദാർത്ഥങ്ങളും അവർക്ക് വിറ്റു.

Top left and right-GM cotton seeds marketed to Adivasi farmers lack mandatory labelling, are sold at prices beyond official caps, and are in most cases, do not list Odisha as among the recommended states for cultivation. 
Bottom left-IMG_2727-GM cotton seeds marketed to Adivasi farmers lack mandatory labelling, are sold at prices beyond official caps, and in most cases, do not list Odisha as among the recommended states for cultivation.  
Bottom right-Prasad Chandra Panda-Former government agriculture officer Prasad Chandra Panda at his seeds and inputs shop in Bishamakatak on a July evening.
PHOTO • Chitrangada Choudhury

റായഗഡയിലെ ആദിവാസി കർഷകർക്ക് വിൽക്കുന്ന ജനിതക മാറ്റം വരുത്തിയ പരുത്തി വിത്തുകളുടെ പൊതികളിൽ നിർബന്ധമായും രേഖപ്പെടുത്തേണ്ട വിവരങ്ങൾ ഇല്ല. ഔദ്യോഗികമായി നിശ്ചയിച്ചിരിക്കുന്ന പരമാവധി വിലയിലും അധികം നിരക്കിലാണ് അവ വിൽക്കുന്നത്. അവ നിരോധിക്കപ്പെട്ട എഛ് ടി [കളനാശിനിയെ പ്രതിരോധിക്കുന്ന] വിത്തുകളും, ഒഡീഷയിൽ കൃഷി ചെയ്യാൻ യോഗ്യമല്ലാത്തവയും ആകാം. താഴെ വലത്: താൻ അനധികൃതമായ വിത്തുകൾ വിൽക്കുന്നില്ല എന്ന് പി. സി. പാണ്ട പറയുന്നു. അടുത്തയിടെ വിരമിച്ച ഈ കൃഷി ഉദ്യോഗസ്ഥൻ 25 വർഷങ്ങളായി ബിഷാമാകട്ടക്കിൽ വിത്തും വളങ്ങളും വിൽക്കുന്ന ഒരു കട നടത്തുകയാണ്

പാണ്ട ഇതിൽ വൈരുദ്ധ്യമൊന്നും കാണാതെ പറഞ്ഞു, "സർക്കാർ പദ്ധതികൾ പരുത്തിയെ ഒരു നാണ്യവിളയായി കൃഷിക്കാർക്ക് ഇടയിൽ പ്രചരിപ്പിച്ചു. ഇതിന് വിപണിയിൽ നിന്നുള്ള സാമഗ്രികൾ വേണമായിരുന്നു, അതിനാൽ ഞാൻ ഒരു കട തുറന്നു."

ഞങ്ങൾ നടത്തിയ രണ്ടു മണിക്കൂർ നീണ്ട സംഭാഷണത്തിനിടയിൽ വിത്തും രാസവളങ്ങളും കീടനാശിനികളും വാങ്ങാൻ കൃഷിക്കാർ പാണ്ടയുടെ കടയിൽ വന്നുകൊണ്ടിരുന്നു. എന്ത് വാങ്ങണം, എപ്പോ വിതയ്ക്കണം, എത്ര തളിക്കണം എന്നിങ്ങനെ പല കാര്യത്തിലും പാണ്ടയുടെ അഭിപ്രായം തേടി. ഉറച്ച പ്രാവീണ്യമുണ്ട് എന്ന ഭാവത്തോടെ അയാൾ ഓരോന്നിനും മറുപടി നൽകി. അവർക്ക് അദ്ദേഹം ശാസ്ത്ര വിദഗ്ദ്ധനും, എക്സ്റ്റൻഷൻ ഓഫീസറും, ഉപദേഷ്ടാവും എല്ലാം ഒരുമിച്ച ഒരാളാണ്. അദ്ദേഹത്തിന്‍റെ കൽപന അവർ തിരഞ്ഞെടുത്തു.

പാണ്ടയുടെ കടയിൽ ഞങ്ങൾ സാക്ഷ്യം വഹിച്ച ആശ്രിതത്വത്തിന്‍റെ ചിത്രങ്ങൾ ഞങ്ങൾ സന്ദർശിച്ച പരുത്തി വളർത്തുന്ന മറ്റു ഗ്രാമങ്ങളിലുടനീളം തുടർന്നു. വിപണിയുടെ വരവ് പരുത്തിക്കൃഷിക്കുമപ്പുറം പ്രഭാവം ചെലുത്തിയിരിക്കുന്നു.

"കൃഷിയിടം മുഴുവനായും പരുത്തിക്കായി മാറ്റിയിട്ടിരിക്കുന്നതു കാരണം, കൃഷിക്കാർക്ക് അവരുടെ വീട്ടിലേക്കുള്ള ആവശ്യവസ്തുക്കൾ എല്ലാം വിപണിയിൽ നിന്നും വാങ്ങേണ്ടി വരുന്നു," ശാസ്ത്രജ്ഞനും ‘ബെയർഫൂട്ട്’ പരിസ്ഥിതി പരിപാലകനും ആയ ദേബാൽ ദേബ് ഞങ്ങളോട് പറഞ്ഞു. 2011 മുതൽ അദ്ദേഹം റായഗഡ ആസ്ഥാനമാക്കി തനതായ നെല്ല് പരിപാലനത്തിനായി ഒരു സവിശേഷ പദ്ധതി നടത്തി കൊണ്ടിരിക്കുകയാണ്. കർഷകർക്ക് പരിശീലനവും നൽകുന്നു.

"കൃഷി സംബന്ധമായും അല്ലാത്തതും ആയ തൊഴിലുകളിലുള്ള പരമ്പരാഗത അറിവ് വേഗത്തിൽ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്," അദ്ദേഹം പറഞ്ഞു. "ഗ്രാമങ്ങൾതോറും ഒരു മൺപാത്ര നിർമ്മാതാവോ, മരപ്പണിക്കാരനോ, നെയ്ത്തുകാരനോ ഇല്ല. വീട്ടാവശ്യത്തിനുള്ള സാമാനങ്ങളെല്ലാം ചന്തയിൽ നിന്ന് വാങ്ങുകയാണ്. അതിൽ കുടം തൊട്ട് പായ വരെ മിക്കതും പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കിയവയും ദൂരെയുള്ള പട്ടണങ്ങളിൽ നിന്നും വരുത്തുന്നവയും ആണ്. മുളയും അതിനോടനുബന്ധിച്ച കൈത്തൊഴിലുകളും മിക്ക ഗ്രാമങ്ങളിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. അതിനുപകരം വനത്തിൽനിന്നുള്ള മരവും ചെലവേറിയ കോൺക്രീറ്റുമാണ് ഉപയോഗിക്കുന്നത്. വെറുമൊരു കോൽ നാട്ടാനോ അല്ലെങ്കിൽ വേലി പണിയാനോ വേണ്ടി ഗ്രാമീണർക്ക് വനത്തിലെ മരങ്ങൾ മുറിക്കേണ്ടി വരുന്നു. ലാഭം മോഹിച്ച്‌ ആൾക്കാർ കൂടുതലായി വിപണിയെ ആശ്രയിക്കുന്നുവോ, അത്രയും അധികം പാരിസ്ഥിതിക ശോഷണവും സംഭവിക്കും."

*****

"ഇവ നല്ലതാണെന്നാണ് കടയുടമ പറഞ്ഞത്," കുദ്രുകയുടെ കടയിൽ നിന്ന് കടം പറഞ്ഞു വാങ്ങിയ മൂന്ന് ബി ടി കോട്ടൺ വിത്ത് പൊതികളെ പറ്റി രാംദാസ് (അയാൾ തന്‍റെ ഒന്നാം പേര് മാത്രമേ ഉപയോഗിക്കാറുള്ളൂ) വിനീതമായി പറഞ്ഞു. ബിഷാമാകട്ടക് ബ്ലോക്കിലെ തന്‍റെ ഗ്രാമമായ കാലീപോങ്കയിലേക്ക് തിരിച്ചു നടക്കുമ്പോഴാണ് ഞങ്ങൾ ഈ കൊന്ധ് ആദിവാസി കർഷകനെ നിയാംഗിരി മലയുടെ താഴ്വാരത്ത് കണ്ടുമുട്ടിയത്. ആ വിത്ത് പൊതികൾ തിരഞ്ഞെടുക്കാനുള്ള ഏക കാരണമായി അദ്ദേഹം പറഞ്ഞത് ആ കടയുടമയുടെ ഉപദേശം മാത്രമാണ്.

അയാൾ അതിന് എന്ത് വില കൊടുത്തു? "ഉടൻ പണം നൽകുകയാണെങ്കിൽ ഒരെണ്ണത്തിന് 800 രൂപ വീതം. എന്നാൽ എന്‍റെ കൈയ്യിൽ 2,400 രൂപയില്ല. അതിനാൽ വിളവെടുപ്പ് കാലത്ത് കടയുടമ എന്‍റെ പക്കൽ നിന്ന് 3,000 രൂപ വാങ്ങും." ഒടുവിൽ കൊടുക്കേണ്ട 1,000 രൂപയല്ല മറിച്ചു 800 രൂപയാണ് ഒരു പൊതിക്ക്‌ അയാൾ നല്കുന്നത്, എങ്കിൽ കൂടി അത് ഏറ്റവും വില കൂടിയ പരുത്തി വിത്തായ ബോൾഗാർഡ് II ബി ടി കോട്ടൺ എന്നതിന് അനുശാസിച്ചിരിക്കുന്ന വിലയായ 730 രൂപയിലും അധികമാണ്.

മുൻപ് കൃഷിചെയ്യ്ത എന്തിനേക്കാളും വ്യത്യസ്തമാണ് പരുത്തിയെന്ന് കർഷകർ പറഞ്ഞു. "പാരമ്പര്യവിളകൾക്ക് വളരാൻ പ്രത്യേകിച്ചൊന്നും  ആവശ്യമില്ല..."

വിഡിയോ കാണുക: "ഒരു കുട്ടിയെ നിരന്തരം പരിപാലിക്കുന്ന പോലെ തന്നെയാണ് പരുത്തിയെ വളർത്തുന്നത്."

രാംദാസ് വാങ്ങിയ ഒരു പൊതികളിലും അതിന്‍റെ വിലയോ, നിർമിച്ച തീയതിയോ കാലാവധി അവസാനിക്കുന്ന തീയതിയോ, കമ്പനിയുടെ പേര് ബന്ധപ്പെടേണ്ട വിലാസം, ഫോൺ നമ്പറുകൾ മുതലായ വിവരങ്ങളോ ഒന്നും തന്നെ പതിച്ചിരുന്നില്ല. അവയുടെ പുറത്ത്‌ ഒരു ബോൾവേർമ്മിന്‍റെ പടവും അതിന്മേൽ ചുവപ്പു നിറത്തിലുള്ള ഒരു വലിയ 'X' ചിഹ്നവും രേഖപ്പെടുത്തിയിരുന്നു. എന്നാൽ അവ ജനിതക മാറ്റം വരുത്തിയ ബി ടി വിത്തുകളാണ് എന്ന് അടയാളപ്പെടുത്തിയിരുന്നില്ല. ആ പൊതികളിൽ കളനാശിനിയെ പ്രതിരോധിക്കുന്ന എഛ് ടി വിത്തുകൾ എന്ന് പറഞ്ഞിരുന്നില്ല. എന്നാൽ ആ വിളയുടെമേൽ 'ഘാസാ മാറാ' [കളനാശിനി] തളിക്കാം എന്ന് വ്യാപാരി പറഞ്ഞത് രാംദാസ് വിശ്വസിക്കുന്നു.

ഞങ്ങൾ ജൂലായിലെ രണ്ടാഴ്ച്ചയിൽ കൂടിക്കാഴ്ച്ച നടത്തിയ ഓരോ കൃഷിക്കാരനേയും പോലെ രാംദാസിനും കളനാശിനിയെ പ്രതിരോധിക്കുന്ന വിത്തുകൾ ഇന്ത്യയിൽ അനുവദനീയമല്ല എന്ന അറിവില്ലായിരുന്നു. പേര് അടയാളപ്പെടുത്താത്ത വിത്തുകൾ വിൽക്കാൻ കമ്പനികൾക്ക് അനുവാദമില്ല എന്നും പരുത്തിവിത്തുകൾക്ക് പരമാവധി വില നിശ്ചയിച്ചിട്ടുണ്ട് എന്നും അദ്ദേഹത്തിന് അറിയില്ല. മാത്രമല്ല, വിത്ത് പൊതികളിലും കാർഷിക ആവശ്യത്തിനുള്ള രാസലായിനികളുടെ കുപ്പികളിലും വിവരങ്ങൾ രേഖപെടുത്തിയിരുന്നത് ഒഡിയയിലല്ല. അതിനാൽ വായിക്കാനറിയാവുന്ന കർഷകർക്ക് കൂടി നിർമ്മാതാക്കളുടെ അവകാശവാദങ്ങൾ എന്താണെന്നറിയില്ല.

എന്നിട്ടും, പണം ലഭിക്കുമെന്ന പ്രതീക്ഷയാണ് അവരെ പരുത്തിയിലേക്ക് ആകർഷിക്കുന്നത്.

"ഞാൻ ഇത് കൃഷി ചെയ്‌താൽ ഈ വർഷം എന്‍റെ മകന്‍റെ പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയം വിദ്യാലയത്തിലെ ഫീസിനുള്ള പണം കണ്ടെത്താൻ കഴിയുമായിരിക്കും" - അതായിരുന്നു ഞങ്ങളോട് സംസാരിച്ച ശ്യാമംസുന്ദർ സുന എന്ന ദളിത് കർഷകന്‍റെ പ്രതീക്ഷ. ബിഷാമാകട്ടക് ബ്ലോക്കിലെ കെരാണ്ടീഗുഡ ഗ്രാമത്തിൽ പാട്ടക്കൃഷി ചെയ്യുകയാണ് അദ്ദേഹം. ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ അദ്ദേഹവും അദ്ദേഹത്തിന്‍റെ കൊന്ധ് ആദിവാസിയായ ഭാര്യ കമലയും അവരുടെ രണ്ടു മക്കളായ എലിസബെത്തും ആശിഷും പരുത്തി വിത്തുകൾ വിതയ്ക്കുന്നതിൽ മുഴുകിയിരിക്കുകയായിരുന്നു. സുന എല്ലാതരത്തിലുള്ള രാസവളങ്ങളും വിത്തിൽ പ്രയോഗിച്ചിരുന്നു. എന്നാൽ അവയെകുറിച്ച് അദ്ദേഹത്തിന് വലിയ അറിവുണ്ടായിരുന്നില്ല. "വ്യാപാരി പറഞ്ഞു എന്‍റെ പരുത്തി ചെടികൾ നന്നായി വളരും എന്ന്," അദ്ദേഹം വിശദീകരിച്ചു.

മുൻപ് കൃഷിചെയ്യ്ത എന്തിനേക്കാളും വ്യത്യസ്തമാണ് പരുത്തി എന്ന് പിരികാക, രാംദാസ്, സുന മുതലായവരും മറ്റു കർഷകരും ഞങ്ങളോട് പറഞ്ഞു. "ഞങ്ങളുടെ പരമ്പരാഗത വിളകൾക്ക് വളരാൻ പ്രത്യേകിച്ച് ഒന്നും വേണ്ടിയിരുന്നില്ല - രാസവളം വേണ്ട കീടനാശിനി വേണ്ട," പിരികാക പറഞ്ഞു. എന്നാൽ ഓരോ പൊതി പരുത്തി വിത്തുകൾക്കും പതിനായിരം രൂപയുടെ അനുബന്ധ ചിലവുകൾ ആവശ്യമാണ് എന്ന് രാംദാസ് പറഞ്ഞു. "ഈ വിത്തുകൾക്കും വളങ്ങൾക്കും കീടനാശിനികൾക്കും കാശ് മുടക്കിയാലേ വിളവെടുപ്പുകാലത്ത് എന്തെങ്കിലും ലാഭം ലഭിക്കുകയുള്ളു.  ഇത് ചെയ്തില്ലെങ്കിൽ മുടക്കിയ കാശ് മുഴുവൻ നഷ്ടമാകും. ഇതൊക്കെ ചെയ്‌താൽ കാലാവസ്ഥ അനുകൂലമാണെങ്കിൽ നല്ല വിളവ് ലഭിക്കും. അത് നിങ്ങൾക്ക് 30,000- 40,000 രൂപയ്ക്ക് വിൽക്കാം."

പണം ഉണ്ടാക്കാം എന്ന പ്രതീക്ഷയിൽ കർഷകർ പരുത്തി കൃഷിയിലേക്ക് തിരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു എങ്കിലും അതിൽ നിന്ന് എത്ര വരുമാനം നേടി എന്ന് പറയാൻ മിക്കവരും ബുദ്ധിമുട്ടി.

ജനുവരി ഫെബ്രുവരി മാസങ്ങളാകുമ്പോൾ കൃഷിക്കാർക്ക് സ്വന്തം വിളവെടുപ്പ് വിത്തും വളവും വിൽക്കുന്ന അതെ വ്യാപാരിക്ക് വിൽക്കേണ്ടി വരും. അയാൾ അതിൽ നിന്ന് കൃഷി സാമഗ്രികളുടെ വില ഭീമമായ പലിശ സഹിതം ഈടാക്കി ബാക്കി തുക അവർക്ക് നൽകും. "കടംപറഞ്ഞ് നൂറു പൊതികൾ ഗുൺപുരിലെ ഒരു വ്യാപാരിയിൽ നിന്ന് ഞാൻ ഇപ്പോൾ ആവശ്യപെട്ടതേയുള്ളു," ചന്ദ്ര കുദ്രുക ഞങ്ങളോട് പറഞ്ഞു. "വിളവെടുപ്പ് കാലത്ത്‌ ഞാൻ അയാൾക്ക് കാശ് കൊടുക്കും. കർഷകർ തരുന്ന പലിശ ഞങ്ങൾ പകുത്ത് എടുക്കും."

PHOTO • Chitrangada Choudhury

മുകളിലത്തെ നിര: ജൂലായ് പകുതിയോടെ കൊന്ധ് ആദിവാസി കർഷകയായ രൂപ പിരികാക കരാഞ്ചഗുഡ ഗ്രാമത്തിലെ മലഞ്ചെരിവിലുള്ള തന്‍റെ കൃഷിയിടത്തിൽ ആദ്യമായി വിപണിയിൽ നിന്ന് വാങ്ങിയ ജനിതക മാറ്റം വരുത്തിയ പരുത്തി വിത്തുകൾ വിതച്ചു. താഴെ ഇടത്ത്‌: നന്ദ സർക്കയും കുടുംബവും കാലീപോങ്കാ ഗ്രാമത്തിലെ അവരുടെ രണ്ട് ഏക്കർ വരുന്ന കൃഷിസ്ഥലത്ത്‌ നാല് പൊതി ബി ടി കോട്ടൺ വിത്തുകൾ വിതച്ചു. താഴെ വലത്ത്: കെരാണ്ടീഗുഡയിലെ പാട്ടകൃഷിക്കാരായ ശ്യാംസുന്ദർ സുനയും കമലയും. അടുത്തയിടെ ബിടി കോട്ടൺ കൃഷി തുടങ്ങിയ അവർ സ്വന്തം കുട്ടികളുടെ പഠനചെലവിനുള്ള പണം അതിൽ നിന്ന് ഉണ്ടാക്കാം എന്ന് പ്രതീക്ഷിക്കുന്നു

കർഷകരുടെ കൃഷി മോശമാവുകയും അതിനാൽ കടംപറഞ്ഞു വാങ്ങിയ വിത്തുകളുടെ വില അവർക്ക് നൽകാൻ സാധിക്കാതെവരുകയും ചെയ്‌താൽ? അതിൽ വലിയ ഒരു നഷ്ടസാധ്യത ഇല്ലേ?

"എന്ത് നഷ്ടം?" ആ യുവാവ് ചിരിച്ചുകൊണ്ട് ചോദിച്ചു. അവരുടെ പരുത്തി വ്യാപാരിക്ക് വിൽക്കുന്നത് എന്നിലൂടെയാണ്. ഓരോരുത്തരും വെറും ഒന്നോ രണ്ടോ ക്വിൻറ്റൽ മാത്രം വിളവെടുത്താലും എനിക്ക് കിട്ടാനുള്ളത് അതിൽ നിന്ന് ലഭിക്കും."

കർഷകർക്ക് ചിലപ്പോൾ ഒന്നും ലഭിക്കില്ല എന്ന വസ്തുതയാണ് പറയാതെ പോയത്.

റായഗഡയുടെ അമൂല്യമായ ജൈവവൈവിധ്യവും നഷ്ടമാകും. പ്രൊഫ. നഈം പറഞ്ഞതു പോലെ ലോകത്തെമ്പാടും വിള വൈവിധ്യത്തെ ഇല്ലാതാക്കുന്നത് ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കുകയും ആഗോളതാപനത്തിനോട് ഒത്തുപോകാനുള്ള കഴിവിനെ കുറക്കുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യത്തിന്‍റെ നഷ്ടവും അഗാധമായി ബന്ധമുള്ളതാണെന്നും, “പച്ചപ്പും ജൈവവൈവിധ്യവും കുറഞ്ഞ ഭൂമി കൂടുതൽ ചൂടേറിയതും വരണ്ടതുമായിരിക്കും" എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

റായഗഡയിലെ കർഷകർ ആ ജൈവവൈവിധ്യത്തെ ഉപേക്ഷിച്ച്‌ പരുത്തി മാത്രം കൃഷി ചെയ്യുമ്പോൾ ഒഡീഷയിലെ പരിസ്ഥിതിയിലും സമ്പദ്ഘടനയിലും ദൂരവ്യാപകമായ മാറ്റങ്ങൾ സംഭവിക്കുകയാണ്. ഇത് ഓരോ കുടുംബവ്യവസ്ഥയിലും കാലാവസ്ഥാ ആഘാതത്തിന്‍റെ തലത്തിലും പ്രതിസന്ധികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പിരികാക, കുദ്രുക, രാംദാസ്, 'കോട്ടൺ പാണ്ട' മുതലായവർ ഈ വ്യതിയാനത്തിൽ അറിയാതെ അകപ്പെട്ടുപോയ ഒരു കൂട്ടം കഥാപാത്രങ്ങൾ മാത്രമാണ്.

"തെക്കൻ ഒഡീഷ ഒരിക്കലും പരമ്പരാഗതമായി പരുത്തി കൃഷിയുള്ള ഒരു സ്ഥലമായിരുന്നില്ല," ദേബാൽ ദേബ് പറഞ്ഞു. "വ്യാവസായിക അടിസ്ഥാനത്തിൽ പരുത്തി മാത്രം കൃഷി ചെയ്യുന്നത് ഇവിടുത്തെ വിള വൈവിധ്യം, മണ്ണിന്‍റെ ഘടന, കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത, കർഷകരുടെ സ്വാതന്ത്യ്രം, പിന്നെ പ്രധാനമായും ഭക്ഷ്യസുരക്ഷ മുതലായവയിൽ മാറ്റം വരുത്തിയിരിക്കുന്നു." ഇതെല്ലാം കാർഷികവിപത്തിലേക്ക് നിശ്ചയമായും നയിക്കുന്ന ഒരു മാർഗ്ഗമായിട്ടാണ് തോന്നുന്നത്.

എന്നാൽ ഈ ഘടകങ്ങളും, മുഖ്യമായും ഭൂവിനിയോഗത്തിലെ മാറ്റങ്ങളെ സംബന്ധിക്കുന്നവ, ജലത്തിനും നദികൾക്കും ഇതിൽ നിന്നുണ്ടാകുന്ന ആഘാതം, ജൈവവൈവിധ്യത്തിന്‍റെ നഷ്ടം എന്നിവയും മറ്റൊരു നീണ്ട വലിയ തോതിലുള്ള പ്രക്രിയയിലേക്ക് നയിക്കുകയുമാവാം. കാലാവസ്ഥാ പ്രതിസന്ധിയുടെ വിത്തുകൾ ഈ മേഖലയിൽ വിതയ്ക്കുന്നതിന് സാക്ഷ്യം വഹിക്കുകയാണ് നമ്മൾ.

കവർ ചിത്രം: കാലീപോങ്കാ ഗ്രാമത്തിലെ കർഷകനായ രാംദാസ് തന്‍റെ കൃഷിസ്ഥലത്തെ വളരെ വ്യാപ്തിയുള്ള കളനാശിനിയായ ഗ്ലൈഫോസേറ്റ് കൊണ്ട് നനച്ച് ഏതാനും ദിവസങ്ങൾക്കു ശേഷം അവിടെ ബി ടി, എഛ് ടി പരുത്തി വിത്തുകൾ വിതയ്ക്കുകയാണ്. (ചിത്രം: ചിത്രാംഗദ ചൗധുരി)

PARI-യുടെ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ റിപ്പോർട്ടിങ് പ്രൊജക്റ്റ് ആ പ്രതിഭാസത്തെ സാധാരണക്കാരുടെ മൊഴികളിലൂടെയും അവരുടെ ജീവിതാനുഭവങ്ങളിലൂടെയും ചിത്രീകരിക്കാനുള്ള യൂഎൻഡിപി-പിന്തുണയുള്ള ഒരു സംരംഭത്തിന്‍റെ ഭാഗമാണ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണോ? ദയവായി [email protected], ഒരു കോപ്പി [email protected], എന്ന അഡ്രസ്സിലേക്കു മെയിൽ അയക്കുക.

പരിഭാഷ: ജ്യോത്സ്ന വി.

Reporting : Chitrangada Choudhury

ಚಿತ್ರಾಂಗದಾ ಚೌಧರಿ ಅವರು ಹವ್ಯಾಸಿ ಪತ್ರಕರ್ತರು ಹಾಗೂ ನಮ್ಮ 'ಪರಿ'ಯ ಕೇಂದ್ರ ತಂಡದಲ್ಲಿ ಒಬ್ಬರು.

Other stories by Chitrangada Choudhury
Reporting : Aniket Aga

ಅನಿಕೇತ್ ಆಗಾ ಅಗಾ ಅವರು ಮಿಷಿಗನ್ ವಿಶ್ವವಿದ್ಯಾಲಯದಲ್ಲಿ ಸಹಾಯಕ ಪ್ರೊಫೆಸರ್. (Ann Arbor)

Other stories by Aniket Aga

ಪಿ. ಸಾಯಿನಾಥ್ ಅವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಸ್ಥಾಪಕ ಸಂಪಾದಕರು. ದಶಕಗಳಿಂದ ಗ್ರಾಮೀಣ ವರದಿಗಾರರಾಗಿರುವ ಅವರು 'ಎವೆರಿಬಡಿ ಲವ್ಸ್ ಎ ಗುಡ್ ಡ್ರಾಟ್' ಮತ್ತು 'ದಿ ಲಾಸ್ಟ್ ಹೀರೋಸ್: ಫೂಟ್ ಸೋಲ್ಜರ್ಸ್ ಆಫ್ ಇಂಡಿಯನ್ ಫ್ರೀಡಂ' ಎನ್ನುವ ಕೃತಿಗಳನ್ನು ರಚಿಸಿದ್ದಾರೆ.

Other stories by P. Sainath

ಪಿ. ಸಾಯಿನಾಥ್ ಅವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಸ್ಥಾಪಕ ಸಂಪಾದಕರು. ದಶಕಗಳಿಂದ ಗ್ರಾಮೀಣ ವರದಿಗಾರರಾಗಿರುವ ಅವರು 'ಎವೆರಿಬಡಿ ಲವ್ಸ್ ಎ ಗುಡ್ ಡ್ರಾಟ್' ಮತ್ತು 'ದಿ ಲಾಸ್ಟ್ ಹೀರೋಸ್: ಫೂಟ್ ಸೋಲ್ಜರ್ಸ್ ಆಫ್ ಇಂಡಿಯನ್ ಫ್ರೀಡಂ' ಎನ್ನುವ ಕೃತಿಗಳನ್ನು ರಚಿಸಿದ್ದಾರೆ.

Other stories by P. Sainath
Series Editors : Sharmila Joshi

ಶರ್ಮಿಳಾ ಜೋಶಿಯವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಮಾಜಿ ಕಾರ್ಯನಿರ್ವಾಹಕ ಸಂಪಾದಕಿ ಮತ್ತು ಬರಹಗಾರ್ತಿ ಮತ್ತು ಸಾಂದರ್ಭಿಕ ಶಿಕ್ಷಕಿ.

Other stories by Sharmila Joshi
Translator : Jyotsna V.

Jyotsna V. is a media professional based in Ernakulam.

Other stories by Jyotsna V.