അഞ്ചു മാസം ഗർഭിണിയായ പല്ലവി ഗാവിത് മൂന്നു മണിക്കൂറോളമായി പായയിൽ കിടന്ന് വേദന കൊണ്ട് പുളയുകയായിരുന്നു. അവരുടെ ഗർഭാശയം അഞ്ചു മാസം പ്രായമായ ജീവനില്ലാത്ത ഭ്രൂണത്തോടു കൂടെ യോനിയിലൂടെ വഴുതി പുറത്തു വന്നപ്പോൾ അവർക്കൊപ്പം നാത്തൂൻ സപ്ന ഗാരൽ, 45, ഉണ്ടായിരുന്നു.  സഹിക്കാനാവാത്ത വേദനയോടെ രക്തവും മറ്റു സ്രവങ്ങളും നിലത്തേക്കു വീഴുന്ന അവസ്‌ഥയിൽ പല്ലവി ബോധരഹിതയായി.

അന്ന് 2019, ജൂലൈ 25  പുലർച്ചെ 3 മണി. സാത്പുഡ മലകളിലുള്ള 55 ഭിൽ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന ഹേംഗ്ലപാണി ഗ്രാമത്തിലെ പല്ലവിയുടെ പുല്ലു മേഞ്ഞ കുടിലിനു മുകളിൽ മഴ കനത്തു പെയ്തുകൊണ്ടിരുന്നു. വടക്കു പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിലെ എത്തിച്ചെല്ലാനാകാത്ത ഈ സ്‌ഥലങ്ങളിൽ മികച്ച റോഡുകളോ മൊബൈൽ നെറ്റ്‌വർക്കോ ഇല്ല. "അത്യാഹിതങ്ങൾ ക്ഷണിച്ചിട്ടല്ലല്ലോ വരുന്നത്. അവ എപ്പോൾ വേണമെങ്കിലും സംഭവിക്കാം," പല്ലവിയുടെ ഭർത്താവ് ഗിരീഷ് (ഈ ലേഖനത്തിലെ പേരുകളൊന്നും യാഥാർത്ഥമല്ല) പറഞ്ഞു. "ഫോൺ നെറ്റ്‌വർക്കില്ലാതെ ആംബുലൻസോ ഡോക്ടറെയോ ഞങ്ങൾ എങ്ങനെ വിളിക്കാനാണ്?"

"ഞാൻ വളരെ ഭയന്നുപോയി," 30-കാരനായ ഗിരീഷ് തുടർന്നു. "അവൾ മരിക്കരുതെന്നു ഞാൻ പ്രാർത്ഥിച്ചു." പുലർച്ചെ നാല് മണിക്ക്, ഇരുട്ടിൽ, കോരിച്ചൊരിയുന്ന മഴയിൽ, ഗിരീഷും അദ്ദേഹത്തിന്‍റെ അയൽവാസിയും കൂടി പല്ലവിയെ മുളയും ബെഡ്ഷീറ്റും ചേര്‍ത്തുണ്ടാക്കിയ ഒരു താൽക്കാലിക സ്‌ട്രെച്ചറിൽ ചുമന്ന് സാത്പുഡ മലകളിലെ ചെളി നിറഞ്ഞ പാതകളിൽക്കൂടി 105 കിലോമീറ്റർ അകലെയുള്ള ധഡ്ഗാവിലേക്ക് നടന്നു.

ഹേംഗ്ലപാണി ഗ്രാമം അക്രാണി താലൂക്കിലെ തോരൺമാൾല്‍ ഗ്രാമപഞ്ചായത്ത് മേഖലയിലാണ്. തോരൺമാൾല്‍ ഗ്രാമീണ ആശുപത്രിയാണ് കൂടുതൽ അടുത്തുണ്ടായിരുന്നത്. പക്ഷേ ആ രാത്രി ആ റോഡ് സുരക്ഷിതമായിരുന്നില്ല. നഗ്നപാദനായി (വഴുതുന്ന ചെളിയിൽ ചെരിപ്പുകൾ ധരിക്കുന്നത് ബുദ്ധിമുട്ടാണ്), ഗിരീഷും അയൽക്കാരനും ചെളി നിറഞ്ഞ പാതകളിൽ ചുവടു വെക്കാൻ ബുദ്ധിമുട്ടി. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പുതച്ചുകിടന്ന പല്ലവി വേദന കൊണ്ട് ഞരങ്ങുന്നുണ്ടായിരുന്നു.

അവർ ഏകദേശം മൂന്ന് മണിക്കൂറോളം മല കയറി തോരൺമാൾല്‍ ഘാട്ട് റോഡിലെത്തി. "30 കിലോമീറ്ററോളമുള്ള കയറ്റമാണിത്," ഗിരീഷ് പറയുന്നു. അവിടെ നിന്ന് അവർ 1,000 രൂപ വാടകയ്ക്ക് ഒരു ജീപ്പിൽ ധഡ്ഗാവ് ഗ്രാമത്തിലേക്ക് പോയി. അഞ്ചു മണിക്കൂർ നേരം വണ്ടിയോടിച്ച് ഒടുവിൽ, പല്ലവിയെ ധഡ്ഗാവിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു - അവിടത്തെ റൂറൽ ആശുപത്രി  പിന്നെയും 10 കിലോമീറ്റർ അകലെയായിരുന്നു. "ഞാനവളെ ഏറ്റവും ആദ്യം കണ്ട ദവാഖാനയിലേക്ക് (ആരോഗ്യകേന്ദ്രം) കൊണ്ടുചെന്നു. ചെലവ് അധികമായെങ്കിലും അവർ എന്‍റെ പല്ലവിയെ രക്ഷിച്ചു," അദ്ദേഹം പറഞ്ഞു. ഡോക്ടർ 3,000 രൂപ ഈടാക്കി പിറ്റേന്ന് തന്നെ അവരെ വിട്ടയച്ചു. "കനത്ത രക്തസ്രാവത്താൽ അവൾ മരിക്കാൻ സാധ്യതയുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്," ഗിരീഷ് അനുസ്മരിക്കുന്നു.

In the dark and in pelting rain, Girish (also in the photo on the left is the ASHA worker), and a neighbour carried Pallavi on a makeshift stretcher up the slushy Satpuda hills
PHOTO • Zishaan A Latif
In the dark and in pelting rain, Girish (also in the photo on the left is the ASHA worker), and a neighbour carried Pallavi on a makeshift stretcher up the slushy Satpuda hills
PHOTO • Zishaan A Latif

ഇരുട്ടിൽ , കോരിച്ചൊരിയുന്ന മഴയിൽ, ഗിരീഷും (ഫോട്ടോയിൽ ഇടതു വശത്തുള്ളത് ആശാ പ്രവർത്തകയാണ്) അദ്ദേഹത്തിന്‍റെ അയൽവാസിയും കൂടി പല്ലവിയെ മുളയും ബെഡ്ഷീറ്റും ചേര്‍ത്തുണ്ടാക്കിയ ഒരു താൽക്കാലിക സ്‌ട്രെച്ചറിൽ ചുമന്ന് സാത്പുഡ മലകളിലെ ചെളി നിറഞ്ഞ പാതകൾ കയറി

മാസങ്ങൾക്കു ശേഷം ഇന്നും പല്ലവി അസ്വാസ്ഥ്യവും വേദനയും അനുഭവിക്കുന്നു. "ഭാരമുള്ള പാത്രങ്ങൾ എടുക്കുകയോ കുനിയുകയോ ചെയ്യുമ്പോഴൊക്കെ എന്‍റെ ഗർഭപാത്രം യോനിയിലൂടെ പുറത്തേക്കു വരുന്നു," അവർ പറയുന്നു. 23 വയസ്സുള്ള പല്ലവിക്ക് ഒരു വയസ്സായ ഒരു മകളുണ്ട്, ഖുശി. ഹേംഗ്ലപാണി ഗ്രാമത്തിലെ ഒരു ആശാ പ്രവർത്തകയുടെ സഹായത്തോടെ അവൾ ജനിച്ചത് വീട്ടിൽ തന്നെയാണ്. പക്ഷെ, ഗർഭാശയ പ്രോലാപ്സിന് (uterine prolapse - ഗർഭപാത്രം ഇറങ്ങി വരുന്ന അവസ്ഥ) ചികിത്സി ലഭിക്കാതിരിക്കുന്നത് മൂലം കുഞ്ഞിനെ നോക്കാൻ പോലും ഇവർക്ക് ബുദ്ധിമുട്ടാണ്.

"എനിക്ക് ഖുശിയെ കുളിപ്പിക്കണം, ഭക്ഷണം കൊടുക്കണം, പലപ്രാവശ്യം എടുക്കണം, അവളോടൊത്തു കളിക്കണം," പല്ലവി എന്നോട് പറഞ്ഞു. "ഒരുപാട് ദേഹമനങ്ങുമ്പോൾ ചിലപ്പോൾ എനിക്ക് വയറ്റിൽ എരിച്ചിലും, നെഞ്ചുവേദനയും, ഇരിക്കാനും എഴുന്നേൽക്കാനും ബുദ്ധിമുട്ടും ഉണ്ടാകാറുണ്ട്."

en ഗിരീഷ് പശുക്കളെ മേയ്ക്കാൻ കൊണ്ടുപോകുന്നതുകൊണ്ട് പല്ലവിയാണ് കുന്നിനു താഴെയുള്ള നീർച്ചാലിൽ നിന്ന് വെള്ളം കൊണ്ടുവരുന്നത്. "രണ്ടുകിലോമീറ്ററോളം താഴേക്ക് നടന്നാണ് അരുവിയിൽ എത്തുക. പക്ഷെ അത് മാത്രമാണ് ഞങ്ങളുടെ ജലസ്രോതസ്," അവർ പറഞ്ഞു. ഏപ്രിൽ-മേയോടെ ഇതും വറ്റുമ്പോൾ പല്ലവിയും മറ്റു സ്ത്രീകളും വെള്ളെമന്വേഷിച്ച് പിന്നെയും താഴേക്ക് പോകാൻ നിർബന്ധിതരാകുന്നു.

ഇവരും ഗിരീഷും ചേർന്ന് മഴക്കാലത്ത് രണ്ട് ഏക്കറിൽ ചോളവും മണിച്ചോളവും കൃഷി ചെയ്യുന്നു. "ഈ കുത്തനെയുള്ള ചരിവുകളിൽ വിളവ് കുറവാണ്", ഗിരീഷ് പറഞ്ഞു. “ഞങ്ങൾക്ക് നാലോ അഞ്ചോ ക്വിന്‍റൽ [400-500 കിലോഗ്രാം] വിളവ് ലഭിക്കുന്നു, അതിൽ 1-2 ക്വിന്‍റൽ ഞാൻ തോരൺമാൾലിലെ പലചരക്ക് കടകളിൽ കിലോയ്ക്ക് 15 രൂപയ്ക്ക് വിൽക്കുന്നു.” വാർഷിക വിളവെടുപ്പ് പൂർത്തിയാകുമ്പോൾ, ഗിരീഷ് അയൽസംസ്‌ഥാനമായ ഗുജറാത്തിലെ നവസാരി ജില്ലയിലേക്ക് കരിമ്പ് തോട്ടങ്ങളിൽ ജോലി ചെയ്യാൻ പോകുന്നു. അവിടെ  വർഷത്തിൽ ഏകദേശം 150 ദിവസങ്ങൾ തൊഴിലെടുക്കുന്ന ഇദ്ദേഹത്തിന് ദിവസക്കൂലിയായി 250 രൂപ കിട്ടുന്നു.

വീട്ടിലും കൃഷിയിടത്തിലുമുള്ള  ജോലികൾക്കുശേഷം ഏറ്റവും അടുത്തുള്ള, 35 കിലോമീറ്റർ മാറി ജാപി ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് (പി.എച്.സി.) മലമ്പാതകളിലൂടെ നടന്നു ചെല്ലാനുള്ള ശക്‌തി പല്ലവിക്കുണ്ടാവാറില്ല. പലപ്പോഴും അവര്‍ക്ക് പനിയും തലകറക്കവും അനുഭവപ്പെടുകയും ചിലപ്പോൾ ബോധരഹിതയാകാറുപോലുമുണ്ട്. ആശാ പ്രവർത്തക മരുന്നുകൾ നല്‍കാറുണ്ടെന്ന് ഇവർ പറഞ്ഞു. "ഡോക്ടറുടെ അടുത്ത് പോകണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ എങ്ങനെ? എനിക്ക് ഭയങ്കര ക്ഷീണമാണ്," അവർ കൂട്ടിച്ചേർത്തു. ഗർഭപാത്രം ഇറങ്ങിവരുന്ന അവസ്‌ഥയിൽ അത്രയും ദൂരം മലകളിലൂടെ നടന്നു ചെല്ലുന്നത് ഇവർക്ക് അസാധ്യമായ കാര്യമാണ്,

'I have to bathe Khushi, feed her, lift her several times a day, play with her', says Pallavi Gavit. 'With a lot of physical activity, sometimes I have a burning sensation in my stomach, pain in the chest, and difficulty sitting and getting up'
PHOTO • Zishaan A Latif
'I have to bathe Khushi, feed her, lift her several times a day, play with her', says Pallavi Gavit. 'With a lot of physical activity, sometimes I have a burning sensation in my stomach, pain in the chest, and difficulty sitting and getting up'
PHOTO • Zishaan A Latif

'എനിക്ക് ഖുശിയെ കുളിപ്പിക്കണം, ഭക്ഷണം കൊടുക്കണം, പലപ്രാവശ്യം എടുക്കണം, അവളോടൊത്തു കളിക്കണം,'പല്ലവി   പറയുന്നു. 'ഒരുപാട് ദേഹമനങ്ങുമ്പോൾ ചിലപ്പോൾ എനിക്ക് വയറ്റിൽ എരിച്ചിലും, നെഞ്ചുവേദനയും, ഇരിക്കാനും എഴുന്നേൽക്കാനും ബുദ്ധിമുട്ടും ഉണ്ടാകാറുണ്ട്'

തോരൺമാൾ ഗ്രാമപഞ്ചായത്തിലെ 20,000 വരുന്ന ജനസംഖ്യ (ഒരു ഗ്രാമപഞ്ചായത്ത് അംഗം കണക്കാക്കിയ പ്രകാരം) 14 ഗ്രാമങ്ങളിലും 60 ചെറിയ ഗ്രാമങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു. ജാപിയിലെ ഒരു പി.എച്.സി., ആറ് ഉപകേന്ദ്രങ്ങൾ, തോരൺമാൾ ജൂൺ (പഴയ) ഗ്രാമത്തിലെ 30 കിടക്കകളുള്ള ഒരു ഗ്രാമീണ ആശുപത്രി എന്നിവ ഇവിടെയുള്ളവർക്ക് കോണ്ടം, ഗർഭനിരോധന ഗുളികകൾ, വന്ധ്യംകരണ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍, ഐ.യു.ഡി.കൾ നിക്ഷേപിക്കൽ, കൂടാതെ ഗർഭകാലത്തും പ്രസവത്തിനു  ശേഷമുള്ളതുമായ സേവനങ്ങൾ എന്നിവയൊക്കെ നൽകിവരുന്നു. എന്നാൽ ദുഷ്‌കരമായ ഈ ഭൂപ്രദേശത്ത് ഗ്രാമങ്ങൾ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലായതിനാൽ മിക്ക സ്ത്രീകളും വീട്ടിൽ  പ്രസവം നടത്തുന്നു.

"തോരൺമാളിൽ പ്രസവത്തിന് ബുദ്ധിമുട്ടുണ്ടാവുന്ന കേസുകൾ വളരെ കൂടുതലാണ്. ഇതിനു കാരണം മലമുകളിൽ താമസിക്കുന്ന ഇവിടത്തെ ആദിവാസികൾ ദിവസവും, ഗർഭകാലത്തു പോലും, വെള്ളം സംഭരിക്കാൻ പലപ്രാവശ്യം മല കയറിയിറങ്ങുന്നു എന്നതാണ്. ഇത് ആരോഗ്യ പ്രശ്നങ്ങളിലേക്കും അകാലപിറവിയിലേക്കും നയിക്കുന്നു," ജാപി പി.എച്.സി.യിലെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഡോക്ടർ പറഞ്ഞു. 2016-ൽ മാത്രം പ്രവർത്തിച്ചു തുടങ്ങിയ, രണ്ടു ഡോക്ടർമാരും, രണ്ടു നേഴ്സുമാരും ഒരു വാർഡ് അസിസ്റ്റന്‍റും ഉള്ള ഈ പി.എച്.സി.യിൽ ദിവസം മൂന്നോ നാലോ രോഗികളെ വരാറുള്ളൂ. "രോഗാവസ്‌ഥ വളരെ മോശമാകുമ്പോഴോ അല്ലെങ്കിൽ ഭഗത്തി ന്‍റെ (പരമ്പരാഗത വൈദ്യൻ) ചികിത്സ ഫലിക്കാതെ വരുമ്പോഴോ മാത്രമേ ആളുകൾ ഇവിടെ വരുന്നുള്ളു," അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 2019-നും മാർച്ച് 2020-നും ഇടയ്ക്ക് ഇവിടത്തെ ഡോക്ടറുടെ മുൻപിൽ ഗർഭാശയ പ്രോലാപ്സ് ബാധിച്ച 5 പേരാണ് എത്തിയത്. "അവർക്കെല്ലാം 100 ശതമാനം ശസ്ത്രക്രിയ ആവശ്യമായിരുന്നു. അതിനാൽ ഞങ്ങൾ അവരോട് നന്ദുർബാർ സിവിൽ ആശുപത്രിയിലേക്ക് നിര്‍ദ്ദേശിച്ചു. പ്രസവചികിത്സാപരമായ ഇത്തരം വിട്ടുമാറാത്ത കേസുകൾ ചികിത്സിക്കാൻ ഇവിടെ സൗകര്യമില്ല,” അദ്ദേഹം പറഞ്ഞു.

പെല്‍വിക് ഫ്ലോര്‍ പേശികളും (pelvic floor muscles) ലിഗമെന്‍റുകളും (സന്ധിബന്ധങ്ങൾ) വലിയുകയോ ദുർബ്ബലമാകുകയോ ചെയ്ത് ഗർഭാശയത്തെ താങ്ങാനാകാതെ വരുമ്പോഴാണ് അത് ഗർഭാശയ പ്രോലാപ്സിലേക്ക് നയിക്കുന്നത്. അടിവയറ്റിലെ വിവിധ പേശികളും കലകളും ലിഗമെന്‍റുകളും ചേർന്ന ഒരു ഘടനയാണ് ഗർഭപാത്രം," ഫെഡറേഷൻ ഓഫ് ഒബ്‌സ്റ്റട്രിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ മുംബൈ ആസ്ഥാനമായുള്ള ചെയർപേഴ്‌സൺ ഡോ. കോമൾ ചവാൻ വിശദീകരിച്ചു. "ഗർഭധാരണം, ഒന്നിലധികം പ്രസവം, നീണ്ട പ്രസവം അല്ലെങ്കിൽ തെറ്റായി കൈകാര്യം ചെയ്യപ്പെട്ട പ്രസവം എന്നിവ കാരണം ചില സ്ത്രീകളിൽ ഈ പേശികൾ ദുർബലമാവുകയും ഗർഭപാത്രം ഇറങ്ങിവരുന്നതിന് കാരണമാകുകയും ചെയ്യുന്നു." വളരെ മോശമായ കേസുകളിൽ, സ്ത്രീയുടെ പ്രായവും പ്രശ്നത്തിന്‍റെ തീവ്രതയും അനുസരിച്ച്, ദുർബ്ബലമായ പെൽവിക് ഫ്ലോർ കോശങ്ങള്‍ (pelvic floor tissues) നന്നാക്കാനുള്ള പുനർനിർമ്മാണ ശസ്ത്രക്രിയയോ അല്ലെങ്കിൽ ഹിസ്റ്റെറെക്ടമിയോ (hysterectomy - സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുക) ആവശ്യമായി വന്നേക്കാം.

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഗ്രാമീണ സ്ത്രീകൾക്കിടയില്‍ പ്രസവസംബന്ധമായ വിട്ടുമാറാത്ത രോഗങ്ങളെക്കുറിച്ച് (Chronic Obstetric Morbidities - COM) 2006-07-ല്‍ നടത്തിയതും 2015-ൽ ഇന്ത്യൻ ജേര്‍ണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ചതുമായ പഠനം കണ്ടെത്തിയത്, സി.ഓ.എം. (COM) റിപ്പോര്‍ട്ട് ചെയ്ത 136 സ്ത്രീകളിൽ ഏറ്റവും കൂടുതല്‍ (62 ശതമാനം) കാണപ്പെട്ടത് ജനനേന്ദ്രിയങ്ങളുടെ സ്‌ഥാനചലനമായിരുന്നു (prolapse) എന്നാണ്. പ്രായവും അമിതവണ്ണവും  കൂടാതെ, "പ്രസവചികിത്സയുമായി ബന്ധപ്പെട്ട ഘടകങ്ങളായ ഉയർന്ന പാരിറ്റിയും (ഒരു സ്ത്രീ അഞ്ചോ അതിലധികമോ തവണ 20 ആഴ്ചകളിൽ കൂടുതൽ വളര്‍ച്ചയുള്ള ഭ്രൂണത്തെ പ്രസവിക്കുന്ന അവസ്ഥ) പരമ്പരാഗത പ്രസവശുശ്രൂഷകർ നടത്തുന്ന പ്രസവങ്ങളും പ്രോലാപ്സ് സംഭവിക്കുന്നതുമായി കാര്യമായി ബന്ധപ്പെട്ടിരിക്കുന്നു" എന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

Pallavi and Girish are agricultural labourers in Nandurbar; Pallavi's untreated uterine prolapse makes it hard for her to take care of their daughter
PHOTO • Zishaan A Latif
Pallavi and Girish are agricultural labourers in Nandurbar; Pallavi's untreated uterine prolapse makes it hard for her to take care of their daughter
PHOTO • Zishaan A Latif

പല്ലവിയും ഗിരീഷും നന്ദുർബാറിൽ കർഷകത്തൊഴിലാളികളാണ്. ഗർഭാശയ പ്രോലാപ്സ് മൂലം തന്റെ കുഞ്ഞിനെ നോക്കുന്ന കാര്യത്തില്‍ പല്ലവി ബുദ്ധിമുട്ട് നേരിടുന്നു

പല്ലവിയുടെ ഗർഭാശയ പ്രോലാപ്സിന് സൗജന്യമായി ശസ്ത്രക്രിയ ലഭിക്കുന്ന നന്ദുർബാർ സിവിൽ ആശുപത്രി അവരുടെ ഗ്രാമമായ ഹേംഗ്ലപാണിയിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ്. അവിടെയെത്താൻ മൂന്നു മണിക്കൂറോളം മല കയറി, അവിടെനിന്ന് നാല് മണിക്കൂർ ബസിൽ സഞ്ചരിക്കണം. "ഇരിക്കുമ്പോൾ ഞാൻ എന്തിനെയോ മീതെ ഇരിക്കുന്നതായി അനുഭവപ്പെടുന്നു, അത് വേദനയുണ്ടാക്കുകയും ചെയ്യുന്നു," പല്ലവി പറയുന്നു. "ഒരു സ്‌ഥലത്ത് എനിക്ക് അധികം നേരം ഇരിക്കാനാവില്ല." ഈ വഴിക്ക് തോരൺമാളിൽ നിന്ന് ഒരു ബസ് മാത്രമേയുള്ളു, ഉച്ചക്ക് ഒരു മണിക്ക്. "ഡോക്ടർമാർക്ക് ഇവിടെ വരാനാകുമോ?" അവർ ചോദിച്ചു.

റോഡ് ബന്ധം ഇല്ലാത്തതിനാൽ, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ  ആരോഗ്യ സേവനം നൽകുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പോലും തോരൺമാളിലെ  രോഗികൾക്ക് ലഭിക്കുന്നില്ല എന്ന്  ഡോക്ടർ പറയുന്നു. അക്രാണി ബ്ലോക്കിലെ 31 ഗ്രാമങ്ങളെയും മറ്റ് പല ചെറിയ ഗ്രാമങ്ങളെയും റോഡ് മാർഗം ബന്ധിപ്പിച്ചിട്ടില്ല. ഒരു മെഡിക്കൽ ഓഫീസറും പരിശീലനം ലഭിച്ച ഒരു നഴ്‌സും ഉള്‍പ്പെടുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ നവസഞ്ജീവനി യോജന എത്തിപ്പെടാനാവാത്ത പ്രദേശങ്ങളില്‍ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ലഭ്യമാക്കുന്നുണ്ട്. മഹാരാഷ്ട്ര ആദിവാസി വികസന വകുപ്പിന്‍റെ വാര്‍ഷിക ആദിവാസി ഘടക പദ്ധതികളുടെ ( Annual Tribal Component Schemes ) 2018-19-ലെ റിപ്പോർട്ട് അനുസരിച്ച് അത്തരം രണ്ട് യൂണിറ്റുകൾ അക്രാണി താലൂക്കിൽ പ്രവർത്തിക്കുന്നുണ്ട്. പക്ഷെ, അവർക്കും പല്ലവിയുടേത് പോലെയുള്ള ഗ്രാമങ്ങളിൽ എത്താൻ കഴിയില്ല.

ജാപി പി.എച്.സി.യിൽ തന്നെ "വൈദ്യുതിയില്ല, വെള്ളമില്ല, ജീവനക്കാര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളുമില്ല," ഇവിടത്തെ ഡോക്ടർ പറയുന്നു. "ഇതിനെക്കുറിച്ച് ആരോഗ്യവകുപ്പിന് ഞാൻ നിരവധി കത്തുകൾ അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഗുണമൊന്നുമുണ്ടായിട്ടില്ല." നന്ദുർബാറിൽ നിന്ന് ജാപിയിലേക്ക് എന്നും യാത്ര ചെയ്യുക എന്നത് ആരോഗ്യസേവകർക്ക് അസാധ്യമായ കാര്യമാണ്. "അതുകൊണ്ട് ഞങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ ഇവിടെ ഒരു ആശാ പ്രവർത്തകയുടെ വീട്ടിൽ രാത്രി താമസിച്ച് ജോലി ചെയ്യുന്നു. ശനിയാഴ്ച നന്ദുർബാറിലുള്ള ഞങ്ങളുടെ വീടുകളിലേക്ക് മടങ്ങുന്നു," ഡോക്ടർ കൂട്ടിച്ചേർത്തു.

ഇത് ഈ പ്രദേശത്തെ ആശാ പ്രവർത്തകരുടെ ആരോഗ്യസേവനത്തിലുള്ള പങ്ക് കൂടുതൽ നിര്‍ണ്ണായകമാക്കുന്നു. എന്നാൽ ഇവരും മരുന്നുകളും കിറ്റുകളും തികയാതെ ബുദ്ധിമുട്ടുന്നു. “ഗർഭിണികൾക്കുള്ള ഇരുമ്പ്, ഫോളിക് ആസിഡ് ഗുളികകൾ, മുഖാവരണം, കയ്യുറകൾ, കത്രിക എന്നിവ അടങ്ങിയ ഡിസ്‌പോസബിൾ ഡെലിവറി കിറ്റുകൾ ഞങ്ങൾക്ക് പതിവായി ലഭിക്കാറില്ല,” 10 ഗ്രാമങ്ങളിലെ 10 ആശാ പ്രവർത്തകരുടെ മേൽനോട്ടം വഹിക്കുന്ന, ഹേംഗ്ലപാണിയിൽ നിന്നുള്ള ആശാ ഫെസിലിറ്റേറ്റർ വിദ്യാ നായിക് (യഥാർത്ഥ പേരല്ല) പറയുന്നു.

ചില ആശാ പ്രവർത്തകർക്ക് പ്രസവം നടത്താൻ പരിശീലനം ലഭിച്ചിട്ടുണ്ട്, എന്നാൽ സങ്കീർണ്ണമായ പ്രസവങ്ങൾ കൈകാര്യം ചെയ്യാൻ അവർക്കാവില്ല. വീട്ടിൽ സുരക്ഷിതമല്ലാതെ നടത്തുന്ന പ്രസവങ്ങളുടെ ഫലമായി ഓരോ മാസവും രണ്ടോ മൂന്നോ ശിശുമരണങ്ങളും ഒന്നോ രണ്ടോ മാതൃമരണങ്ങളും സംഭവിക്കുന്നത് വിദ്യ രേഖപ്പെടുത്തുന്നു. "ഞങ്ങൾക്ക് മറ്റൊന്നും ആവശ്യമില്ല - പ്രസവങ്ങൾ സുരക്ഷിതമായി നടത്താനായി യാത്ര ചെയ്യാൻ സുരക്ഷിതമായ റോഡ് മാത്രം തന്നാൽ മതി," അവർ പറഞ്ഞു.

"സ്ത്രീകളുടെ ദൈനംദിന ജോലികൾ കൂടുതൽ വെല്ലുവിളികൾ നിറഞ്ഞതാക്കുന്ന ഇത്തരം ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങളിൽ, നേരത്തെ തുടങ്ങുന്ന ഗർഭകാല പരിചരണത്തോടൊപ്പം, യോഗ്യരായ ഗൈനക്കോളജിസ്റ്റുകൾ ഉണ്ടാവുക എന്നതും വളരെ പ്രധാനമാണ്," ഡോ. ചവാൻ കൂട്ടിച്ചേർക്കുന്നു.

With no road connectivity, patients in Toranmal have no access even to the mobile medical units that provide doorstep healthcare in remote regions
PHOTO • Zishaan A Latif
With no road connectivity, patients in Toranmal have no access even to the mobile medical units that provide doorstep healthcare in remote regions
PHOTO • Zishaan A Latif

റോഡ് ബന്ധം ഇല്ലാത്തതിനാൽ, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ആരോഗ്യ സേവനം നൽകുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പോലും തോരൺമാളിലെ  രോഗികൾക്ക് ലഭിക്കുന്നില്ല

എന്നിരുന്നാലും, ഇന്ത്യാ ഗവൺമെന്‍റിന്‍റെ 2018-19-ലെ ഗ്രാമീണാരോഗ്യ സ്ഥിതിവിവരക്കണക്കുകള്‍ ( Rural Health Statistics ) രേഖപ്പെടുത്തിയിരിക്കുന്നത് മഹാരാഷ്ട്രയിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യമായ 1,456 വിദഗ്ദ്ധര്‍ക്കു പകരം - സര്‍ജന്‍, ഗൈനക്കോളജിസ്റ്റ്, ഫിസിഷ്യൻ, പീഡിയാട്രീഷ്യന്‍ എന്നിവരുള്‍പ്പെടെ ഓരോ കേന്ദ്രത്തിലും നാല് പേർ - 2019 മാർച്ച് 31 വരെ 485 പേർ മാത്രമേ ജോലിയിൽ ഉണ്ടായിരുന്നുള്ളൂ എന്നാണ്. അതായത് , 971 പേരുടെ അല്ലെങ്കിൽ 67 ശതമാനത്തിന്‍റെ കുറവ്.

ദേശീയ കുടുംബാരോഗ്യ സര്‍വ്വേ-4 (The National Family Health Survey-4 - NFHS-4 , 2015-16) സൂചിപ്പിക്കുന്നത് ഗ്രാമീണ നന്ദുർബാറിലെ 26.5 ശതമാനം അമ്മമാർക്ക് മാത്രമേ പൂർണ്ണമായ ഗർഭകാല പരിചരണം ലഭിച്ചിട്ടുള്ളൂ എന്നും, 52.5 ശതമാനം പേർ മാത്രമേ ആരോഗ്യസ്‌ഥാപനങ്ങളിൽ  പ്രസവിച്ചിട്ടുള്ളൂ എന്നും, വീട്ടിൽ പ്രസവത്തിന് വിദഗ്ദ്ധരായ ആരോഗ്യപ്രവർത്തകരുടെ സഹായം ലഭിച്ചത് 10.4 ശതമാനം പേർക്ക് മാത്രമാണ് എന്നുമാണ്.

പോഷകാഹാരക്കുറവ്, മോശം മാതൃ-ശിശു ആരോഗ്യം എന്നിവമൂലം പൊറുതി മുട്ടുകയും ഭിൽ, പാവ്റ ആദിവാസി ജനങ്ങൾ പ്രധാനമായും വസിക്കുകയും ചെയ്യുന്ന നന്ദുർബാർ ജില്ല 2012-ലെ മാനവ വികസന സൂചികയിൽ ( Human Development Index 2012) മഹാരാഷ്ട്രയിൽ ഏറ്റവും താഴെയാണ്.

പല്ലവിയുടെ വീട്ടിൽ നിന്ന് 40 കിലോമീറ്റർ അകലെ തോരൺമാൾ കാടിനുള്ളിലെ മറ്റൊരു മലമുകളിലാണ് ലേഗാപാണി ഗ്രാമം. അവിടെ തന്‍റെ ഇരുണ്ട കുടിലിനുള്ളിൽ ശാരിക വാസവേ (ശരിയായ പേരല്ല) പല്‍സാ പൂക്കൾ (Butea monosperma) വെള്ളത്തിൽ തിളപ്പിക്കുകയായിരുന്നു. "എന്‍റെ മകൾക്ക് പനിയാണ്. അവളെ ഞാനീ വെള്ളത്തിൽ കുളിപ്പിക്കും. അവൾക്ക് അല്പം ആശ്വാസം കിട്ടും," ഭിൽ സമുദായത്തിൽ പെട്ട 30 വയസ്സുകാരിയായ ശാരിക പറഞ്ഞു. ഇവർ ആറു മാസം ഗർഭിണിയാണ്. കല്ലുകൊണ്ടുണ്ടാക്കിയ അടുപ്പിനു മുമ്പിൽ ഏറെ നേരം ഇരിക്കാൻ ഇവർക്ക് ബുദ്ധിമുട്ടുണ്ട്. "എന്‍റെ കണ്ണ് പുകയും. കൂടാതെ ഇവിടെ [അടിവയറ്റിലേക്കു ചൂണ്ടി] വേദനിക്കും. നടുവും വേദനിക്കും," അവർ പറഞ്ഞു.

ക്ഷീണവും തളർച്ചയും കൂടാതെ ശാരികയ്ക്ക് ഗർഭാശയം താഴേക്കിറങ്ങിവരുന്ന പ്രശ്നവുമുണ്ട്. പക്ഷെ വീട്ടുപണികളെല്ലാം ചെയ്യാൻ ഇവർ നിർബന്ധിതയാകുന്നു. മൂത്രമൊഴിക്കുമ്പോഴോ മലവിസർജ്ജന സമയത്ത് അൽപ്പം ശക്തിയിൽ തള്ളുമ്പോഴോ ഇവരുടെ  ഗർഭപാത്രം ഇറങ്ങുകയും യോനിയിലൂടെ പുറത്തേക്ക് തള്ളുകയും ചെയ്യുന്നു. “എന്‍റെ സാരിയുടെ അറ്റം കൊണ്ട് ഞാൻ അത് അകത്തേക്ക് തള്ളുന്നു; അത് വേദനയുണ്ടാക്കുന്നു,” ശക്തമായി നിശ്വസിച്ച്, മുഖത്തെ വിയർപ്പ് തുടച്ച് കൊണ്ട് അവർ പറഞ്ഞു. അടുപ്പിൽ നിന്നുള്ള പുകയടിച്ചപ്പോള്‍ അവർ മുഖം തിരിച്ചു.

മൂന്നു വർഷമായി ഇവർ ഗർഭാശയം താഴേക്കിറങ്ങി വരുന്ന പ്രശ്നം അനുഭവിക്കുന്നു.  2015-ൽ എട്ടു മാസം ഗർഭിണിയായിരിക്കെ ഇവർക്ക് രാത്രി ഒരു മണിക്ക് പെട്ടെന്ന് പ്രസവവേദന തുടങ്ങുകയായിരുന്നു. ആറു മണിക്കൂർ നീണ്ടു നിന്ന പ്രസവവേദനയ്ക്കു ശേഷം ഇവരുടെ അമ്മായിയമ്മ പ്രസവമെടുത്തപ്പോൾ ഗർഭാശയം യോനിയിലൂടെ പുറത്തേക്കു വഴുതി വന്നു. "ആരോ എന്‍റെ ശരീരത്തിന്‍റെ ഒരു ഭാഗം വലിച്ചുപുറത്തെടുത്തതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്," അവർ ഓർമ്മിക്കുന്നു.

PHOTO • Zishaan A Latif

ആറു മാസം ഗർഭിണിയായ  ശാരിക വാസവേ പല്‍സാ പൂക്കൾ (താഴെ വലത്) വെള്ളത്തിൽ തിളപ്പിക്കുന്നു. 'എന്‍റെ [അഞ്ചു വയസ്സുള്ള] മകൾക്ക് പനിയാണ്. അവളെ ഞാനീ വെള്ളത്തിൽ കുളിപ്പിക്കും. അവൾക്ക് അല്പം ആശ്വാസം കിട്ടും'

"ഗർഭാശയ പ്രോലാപ്സിന് ചികിത്സ തേടാതിരുന്നാല്‍ അത് മൂത്രാശയ അണുബാധ, ഉരഞ്ഞുണ്ടാവുന്ന രക്തസ്രാവം, അണുബാധ, വേദന എന്നിങ്ങനെയുള്ള സങ്കീര്‍ണ്ണതകളിലേക്ക് നയിക്കാം - അവയെല്ലാം ദൈനംദിന ചലനങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കാം," ഡോ. ചവാൻ പറയുന്നു. "പ്രായമേറുമ്പോൾ ഈ അവസ്‌ഥ കൂടുതൽ രൂക്ഷമാകുന്നു," അവർ കൂട്ടിച്ചേർക്കുന്നു.

ഗർഭാശയം ഇറങ്ങി വരുന്ന അവസ്‌ഥയുള്ളവർ, അത് അത്ര തീവ്രമല്ലെങ്കിൽ പോലും, ഭാരം എടുക്കുന്നത് ഒഴിവാക്കുകയും, മലബന്ധമൊഴിവാക്കാനായി നാരുള്ള പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. പക്ഷെ ദിവസം ഒരു നേരം നന്നായി ആഹാരം കഴിക്കാനും ഒരു പാത്രം വെള്ളം കിട്ടാന്‍ പോലും ശാരിക പണിപ്പെടുന്നു. ഗർഭിണിയാണെങ്കിലും അല്ലെങ്കിലും ദിവസം 8 കിലോമീറ്റർ മലയിറങ്ങി ചെന്ന് വേണം പൈപ്പിൽ നിന്ന് ഇവർക്ക് വെള്ളം എടുക്കാൻ. തിരിച്ചു കയറുന്നത് പതുക്കെ വളരെ ബുദ്ധിമുട്ടിയാണ്. "ഗർഭപാത്രം തുടയിലുരഞ്ഞു പുകച്ചിലെടുക്കും, ചിലപ്പോൾ ചോര വരും," അവർ എന്നോട് പറഞ്ഞു. വീട്ടിലെത്തിയാലുടനെ ഇറങ്ങിവന്ന ഗർഭപാത്രം അവർ തള്ളി അകത്തേക്ക് വയ്ക്കും.

ശാരീരിക ക്ലേശങ്ങൾ കൂടാതെ, ഈ അവസ്ഥയ്ക്ക് സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളുണ്ട്. ഇറങ്ങിവരുന്ന ഗർഭാശയം ദാമ്പത്യ ബന്ധത്തെ ബാധിക്കാനിടയുണ്ട്. ശാരികയുടെ കാര്യത്തിൽ സംഭവിച്ചതുപോലെ, ഭർത്താവ് ഉപേക്ഷിക്കുന്നതിനോ നിരസിക്കുന്നതിനോ ഇടയാക്കിയേക്കാം.

പ്രോലാപ്സ് ഉണ്ടായതിനു ശേഷം ശാരികയുടെ ഭർത്താവ് സഞ്ജയ് (യഥാർത്ഥ പേരല്ല) വേറെ വിവാഹം ചെയ്തു. ധഡ്ഗാവിലെ ഹോട്ടലുകളിൽ ജോലി ചെയ്യുന്ന സഞ്ജയ് ദിവസം 300 രൂപ വച്ചു  മാസത്തിൽ നാലോ അഞ്ചോ ദിവസം ജോലി ചെയ്ത്‌ സമ്പാദിക്കുന്നു. "അയാള്‍ തന്‍റെ വരുമാനം രണ്ടാം ഭാര്യയ്ക്കും മകനുമായി ചിലവാക്കുന്നു," ശാരിക പറഞ്ഞു. അയാള്‍ പാടത്തു ജോലി ചെയ്യാറേയില്ല. അതുകൊണ്ട് ശാരിക 2019-ലെ മഴക്കാലത്തു തങ്ങളുടെ രണ്ടേക്കർ ഭൂമിയിൽ സ്വന്തമായി ഒരു ക്വിന്‍റൽ ചോളം കൃഷി ചെയ്തുണ്ടാക്കി. "അതിൽ 50 കിലോ എന്‍റെ ഭർത്താവ് രണ്ടാം ഭാര്യയ്ക്കും കുട്ടിക്കും വേണ്ടി കൊണ്ടുപോയി, ബാക്കി ഭാക്രിയുണ്ടാക്കാനായി ഞാൻ പൊടിച്ചെടുത്തു."

വരുമാനമാർഗങ്ങളൊന്നും ഇല്ലാത്തതിനാൽ ശാരിക മിക്കവാറും അരിക്കും പരിപ്പിനുമായി ആശാ പ്രവർത്തകരെയോ മറ്റു ഗ്രാമീണരെയോ ആശ്രയിക്കുന്നു. ചിലപ്പോൾ ഇവർ പൈസ കടം മേടിക്കുന്നു. "ജൂണിൽ [2019] റേഷനും വിത്തും മേടിക്കാൻ ഗ്രാമവാസികളിലൊരാൾ കടം തന്ന 800 രൂപ തിരിച്ചു കൊടുക്കാനുണ്ട്," അവർ പറഞ്ഞു.

ചിലപ്പോൾ ഭർത്താവ് അവരെ അടിക്കുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്യുന്നു. "അയാള്‍ക്ക് എന്‍റെ അവസ്‌ഥ [ഗർഭാശയം ഇറങ്ങിവരുന്ന അവസ്ഥ] ഇഷ്ടമല്ല. അതുകൊണ്ടാണ് വേറെ വിവാഹം ചെയ്തത്. പക്ഷെ മദ്യപിച്ചാൽ അയാള്‍ ഇവിടെ വരും. ഞാൻ വേദനകൊണ്ട് കരയും [ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ], പക്ഷെ അപ്പോൾ അയാള്‍ എന്നെ അടിക്കും," അവർ പറഞ്ഞു.

With no steady source of income, Sarika often depends on the ASHA worker and some villagers to give her rice and dal
PHOTO • Zishaan A Latif
With no steady source of income, Sarika often depends on the ASHA worker and some villagers to give her rice and dal
PHOTO • Zishaan A Latif

വരുമാനമാർഗങ്ങളൊന്നും ഇല്ലാത്തതിനാൽ ശാരിക മിക്കവാറും അരിക്കും പരിപ്പിനുമായി ആശാ പ്രവർത്തകരെയോ മറ്റു ഗ്രാമീണരെയോ ആശ്രയിക്കുന്നു

ഞങ്ങൾ കണ്ടുമുട്ടിയ ദിവസം അടുപ്പിനടുത്തു ഒരു പാത്രം ചോറ് ഇരിക്കുന്നുണ്ടായിരുന്നു. ഇവർക്കും ഇവരുടെ അഞ്ചു വയസ്സുകാരിയായ മകൾ കരുണയ്ക്കും ഒരു ദിവസത്തേക്കുള്ള ആഹാരമാണിത്. "ഒരു കിലോ അരി കൂടിയേ വീട്ടിൽ ബാക്കിയുള്ളൂ," അവർ പറഞ്ഞു. ബി.പി.എൽ. റേഷൻ കാർഡിന് കിട്ടിയ മൂന്നു കിലോ അരി, എട്ടു കിലോ ഗോതമ്പ് എന്നിവയിൽ ബാക്കിയുള്ളതാണിത്. ഇവരുടെ മൂന്ന് ആടുകള്‍ മാത്രമാണ് അധിക പോഷകാഹാരത്തിനുള്ള ഉറവിടം. “എനിക്ക് ഒരു ആടിൽ നിന്ന് ദിവസവും ഒരു ഗ്ലാസ് പാൽ ലഭിക്കുന്നു,” അവര്‍ പറഞ്ഞു. ആ പാലും അവര്‍ മകൾക്കും ഭർത്താവിന്‍റെ നാല് വയസ്സുള്ള മകനായ സുധീറിനും തുല്യമായി വീതിക്കുന്നു. സുധീര്‍ രണ്ട് കിലോമീറ്റർ അകലെ തന്‍റെ അമ്മയോടൊപ്പമാണ് താമസിക്കുന്നത്.

തോരൺമാളിലെ ഗ്രാമീണ ആശുപത്രി ശാരികയുടെ കുടിലിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ്, ഉപആരോഗ്യ കേന്ദ്രം അഞ്ച് കിലോമീറ്റർ അകലെയും. കുത്തനെയുള്ള കയറ്റമാണ് അവിടേക്ക്. യാത്രാക്കൂലി പങ്കിട്ടുനല്‍കുന്ന ജീപ്പ് സേവനങ്ങള്‍ വിരളമായതിനാൽ അത്രയുംദൂരം നടക്കാന്‍ ഇവർ നിർബന്ധിതയാകുന്നു. "അത്രയും ദൂരം നടക്കാൻ എനിക്കാകില്ല. പെട്ടെന്ന് തന്നെ എനിക്ക് കിതപ്പ് വരും," അവർ പറഞ്ഞു. പ്രസവശേഷം ഉപകേന്ദ്രത്തിലേക്കുള്ള സന്ദർശനങ്ങളിൽ ഇവർക്കും അരിവാള്‍ രോഗം കണ്ടെത്തി. ഹീമോഗ്ലോബിനെ ബാധിക്കുകയും വിളര്‍ച്ച ഉണ്ടാക്കുകയും ചെയ്യുന്ന ഒരു പാരമ്പര്യ രോഗമാണിത്.

2016-ൽ പണിത തോരൺമാൾ ഗ്രാമീണ ആശുപത്രിയിൽ 30 കട്ടിലുകളുണ്ട്. ഔട്ട് പേഷ്യന്‍റ് വിഭാഗത്തിൽ ദിവസവും 30 മുതൽ 50 വരെ രോഗികൾ വരാറുണ്ടെന്ന് മെഡിക്കൽ ഓഫീസറായ ഡോ. സുഹാസ് പാട്ടീൽ പറയുന്നു. പനി, ജലദോഷം, ശാരീരികമായ പരുക്കുകൾ എന്നിങ്ങനെ നിസ്സാരമായ സുഖക്കേടുകളുള്ളവരാണ് വരുന്നത്. ചുറ്റുമുള്ള 25-ഓളം ഗ്രാമങ്ങളിൽ നിന്ന് ഒന്നോ രണ്ടോ പേരെ ഒരു മാസം പ്രസവത്തിനായി വരാറുള്ളൂ. ഈ ആശുപത്രിയിൽ രണ്ട് മെഡിക്കൽ ഓഫീസർമാരും, ഏഴ് നേഴ്സുമാരും, ടെക്‌നിഷ്യൻ ഇല്ലാത്ത ഒരു ലബോറട്ടറിയും, ഒരു ലാബ് അസ്സിസ്സ്റ്റന്‍റുമാണ് ഉള്ളത്. ശാരികയുടേത് പോലുള്ള ഗുരുതരമായ അവസ്‌ഥകൾ ചികിത്സിക്കാൻ ഒബ്സ്റ്റട്രീഷ്യൻ, ഗൈനക്കോളജിസ്റ് എന്നിങ്ങനെയുള്ള പദവികളിലോ അല്ലെങ്കിൽ മറ്റേതിലെങ്കിലും വൈദഗ്ദ്ധ്യം സിദ്ധിച്ചവരോ ആയ ഡോക്ടര്‍മാര്‍ ഇവിടെയില്ല.

"ഗർഭാശയം ഇറങ്ങിവരുന്ന കേസുകൾ ഇവിടെ അധികം വരാറില്ല. കൂടുതലും വരുന്നത് അടിവയറ്റിൽ നിന്ന് രക്തസ്രാവവും അരിവാള്‍ രോഗവും ഉള്ളവരാണ്. ഇനിയഥവാ അത്തരം കേസുകൾ വന്നാൽ തന്നെ അത് ചികിത്സിക്കാനുള്ള സൗകര്യങ്ങളോ അതില്‍ വിദഗ്ദ്ധരായിട്ടുള്ളവരോ ഇവിടെയില്ല," 2016 മുതൽ ഈ ആശുപത്രിയിൽ ജോലി ചെയ്യുകയും, ഈ സ്റ്റാഫ് ക്വാർട്ടേഴ്സിൽ താമസിക്കുകയും ചെയ്യുന്ന ഡോ. പാട്ടീൽ പറയുന്നു.

ഇവിടെ ആവശ്യത്തിന് സൗകര്യങ്ങളും പ്രഗത്ഭരും ഉണ്ടായിരുന്നുന്നെങ്കിൽ പോലും ശാരിക തന്‍റെ അവസ്‌ഥയെക്കുറിച്ച് ഡോക്ടറോട് പറയാനുള്ള സാദ്ധ്യത ഇല്ലായിരുന്നു. "ഇവിടെയുള്ളത് പുരുഷ ഡോക്ടറാണ്. എന്‍റെ ഗർഭപാത്രം താഴേക്കിറങ്ങി വരുന്നുവെന്ന് ഞാനെങ്ങനെ അദ്ദേഹത്തോട് പറയാനാണ്?" അവർ ചോദിക്കുന്നു.

ഫോട്ടോഗ്രാഫുകൾ : മുംബൈ ആസ്ഥാനമായുള്ള ഒരു സ്വതന്ത്ര ഫോട്ടോഗ്രാഫറും ഫിലിം മേക്കറുമാണ് ജിഷാൻ എ. ലത്തീഫ്. ലോകമെമ്പാടുമുള്ള ശേഖരങ്ങളിലും പ്രദർശനങ്ങളിലും പ്രസിദ്ധീകരണങ്ങളിലും അദ്ദേഹത്തിന്‍റെ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്: https://zishaanalatif.com/

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

പരിഭാഷ: പി. എസ്‌. സൗമ്യ

ಜ್ಯೋತಿ ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಹಿರಿಯ ವರದಿಗಾರರು; ಅವರು ಈ ಹಿಂದೆ ‘ಮಿ ಮರಾಠಿ’ ಮತ್ತು ‘ಮಹಾರಾಷ್ಟ್ರ1’ನಂತಹ ಸುದ್ದಿ ವಾಹಿನಿಗಳೊಂದಿಗೆ ಕೆಲಸ ಮಾಡಿದ್ದಾರೆ.

Other stories by Jyoti
Illustration : Priyanka Borar

ಕವರ್ ಇಲ್ಲಸ್ಟ್ರೇಷನ್: ಪ್ರಿಯಾಂಕಾ ಬೋರಾರ್ ಹೊಸ ಮಾಧ್ಯಮ ಕಲಾವಿದೆ. ಹೊಸ ಪ್ರಕಾರದ ಅರ್ಥ ಮತ್ತು ಅಭಿವ್ಯಕ್ತಿಯನ್ನು ಕಂಡುಹಿಡಿಯಲು ತಂತ್ರಜ್ಞಾನವನ್ನು ಪ್ರಯೋಗಿಸುತ್ತಿದ್ದಾರೆ. ಅವರು ಕಲಿಕೆ ಮತ್ತು ಆಟಕ್ಕೆ ಎಕ್ಸ್‌ಪಿರಿಯೆನ್ಸ್ ವಿನ್ಯಾಸ‌ ಮಾಡುತ್ತಾರೆ. ಸಂವಾದಾತ್ಮಕ ಮಾಧ್ಯಮ ಇವರ ಮೆಚ್ಚಿನ ಕ್ಷೇತ್ರ. ಸಾಂಪ್ರದಾಯಿಕ ಪೆನ್ ಮತ್ತು ಕಾಗದ ಇವರಿಗೆ ಹೆಚ್ಚು ಆಪ್ತವಾದ ಕಲಾ ಮಾಧ್ಯಮ.

Other stories by Priyanka Borar
Editor : Hutokshi Doctor
Series Editor : Sharmila Joshi

ಶರ್ಮಿಳಾ ಜೋಶಿಯವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಮಾಜಿ ಕಾರ್ಯನಿರ್ವಾಹಕ ಸಂಪಾದಕಿ ಮತ್ತು ಬರಹಗಾರ್ತಿ ಮತ್ತು ಸಾಂದರ್ಭಿಕ ಶಿಕ್ಷಕಿ.

Other stories by Sharmila Joshi
Translator : P. S. Saumia

P. S. Saumia is a physicist currently working in Russia.

Other stories by P. S. Saumia