പ്രിയപ്പെട്ട മുഖ്യന്യായാധിപന്

"അന്വേഷണാത്മക പത്രപ്രവർത്തനം എന്ന കാഴ്ചപ്പാട് നിർഭാഗ്യവശാൽ മാദ്ധ്യമങ്ങളുടെ മണ്ഡലത്തിൽ നിന്നും ഇല്ലാതായിക്കൊണ്ടിരിക്കുന്നു... നമ്മൾ വളർന്നു കൊണ്ടിരുന്ന സമയത്ത് വലിയ അപവാദങ്ങൾ വെളിച്ചത്തു കൊണ്ടുവരുന്ന വാർത്താ പത്രങ്ങൾക്കായി ആകാംക്ഷപൂർവ്വം കാത്തിരിക്കുമായിരുന്നു. പത്രങ്ങൾ ഒരിക്കലും നമ്മെ നിരാശപ്പെടുത്തിയില്ല” എന്ന താങ്കളുടെ ഏറ്റവും പ്രസക്തമായ നിരീക്ഷണത്തിന് നന്ദി.

മാദ്ധ്യമങ്ങളെക്കുറിച്ച് അപൂർവമായാണ് അടുത്തകാലത്ത് ഇത്തരത്തിൽ സത്യസന്ധമായ വാക്കുകൾ പറയുന്നത്. താങ്കളുടെ പഴയ ചങ്ങാത്തം എന്തായിരുന്നു എന്ന്, കുറച്ചു സമയമാണെങ്കിൽ പോലും, ഓർമ്മിച്ചതിന് നന്ദി. 1979-ൽ ഈനാട് എന്ന പത്രത്തിൽ ചേർന്ന് താങ്കൾ പത്രപ്രവർത്തനം തുടങ്ങി മാസങ്ങൾക്കു ശേഷമാണ് ഞാൻ ഈ രംഗത്തേക്ക് വന്നത്.

ഒരു പുസ്തക പ്രകാശന ചടങ്ങിൽ വച്ച് താങ്കൾ ഓർമ്മിച്ചത് പോലെ, ആ കാലഘട്ടങ്ങളിൽ നമ്മൾ ഉണർന്നതിനു ശേഷം "വലിയ അപവാദങ്ങൾ വെളിപ്പെടുത്തുന്ന പത്രങ്ങൾക്കു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു.” സർ, ഇന്ന് ഞങ്ങൾ എഴുന്നേൽക്കുന്നത് അത്തരം അപവാദങ്ങൾ വെളിച്ചത്തു കൊണ്ടുവരുന്ന പത്രപ്രവർത്തകരെ യു.എ.പി.എ. ( Unlawful Activities Prevention Act - UAPA ) പോലുള്ള നിർദ്ദയ നിയമങ്ങളുടെ കീഴിൽ കുറ്റം വിധിക്കുകയും, ജയിലിൽ ആക്കുക പോലും ചെയ്യുന്ന റിപ്പോർട്ടുകൾ വായിച്ചുകൊണ്ടാണ്. അല്ലെങ്കിൽ, താങ്കൾ ഈയിടെ ശക്തമായി വിമർശിച്ചതുപോലെ പി.എം.എൽ.എ. ( Prevention of Money Laundering Act - PMLA ) പോലുള്ള നിയമങ്ങൾ ഭീകരമായി ദുരുപയോഗം ചെയ്യുന്നതു കണ്ടാണ് ഞങ്ങൾ ഉണരുന്നത്.

"കഴിഞ്ഞ കാലത്ത്”, താങ്കൾ പ്രസംഗത്തിൽ നിരീക്ഷിച്ചതു പോലെ, "ഗുരുതരങ്ങളായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന തരംഗങ്ങൾ സൃഷ്ടിക്കുന്ന അപവാദങ്ങളെയും ദുർചെയ്തികളെയും കുറിച്ചുള്ള പത്ര റിപ്പോർട്ടുകൾക്ക് ഞങ്ങൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്.” ദുഃഖകരമായ കാര്യം, ഈ ദിനങ്ങളിൽ ഗുരുതരങ്ങളായ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നത് അത്തരം കഥകൾ ചെയ്യുന്ന പത്രപ്രവർത്തകരാണ്. ഏറ്റവും നേരെ റിപ്പോർട്ട് ചെയ്യുന്നവർ പോലും പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നു. ഉത്തർപ്രദേശിൽ നടന്ന നിഷ്ഠൂരമായ കൂട്ടബലാൽസംഗത്തിന്‍റെ ഇരയുടെ കുടുംബത്തെ സന്ദർശിക്കാനായി ഹാഥ്റസിലേക്ക് പോകുമ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട സിദ്ദിഖ് കാപ്പനെ അദ്ദേഹത്തിന്‍റെ ജയിലിലെ അവസ്ഥ തളർത്തിക്കളഞ്ഞു. ഒരു വർഷത്തിലധികമായി ജയിലിൽ കഴിയുകയായിരുന്നു അദ്ദേഹം. ആരോഗ്യം വളരെ വേഗം ക്ഷയിച്ചു കൊണ്ടിരിക്കുമ്പോൾ, ജാമ്യം കിട്ടാതെ തന്‍റെ കേസ് കോടതികൾ തോറും കയറിയിറങ്ങുന്നത് അദ്ദേഹം കണ്ടു കൊണ്ടിരിക്കുകയാണ്.

നമ്മുടെ മുമ്പിലുള്ള ആ ഉദാഹരണത്തോടെ ഒരുപാട് പത്രപ്രവർത്തനങ്ങൾ - അന്വേഷണാത്മകവും അല്ലാത്തതുമായവ - ഇല്ലാതാവും.

ജസ്റ്റിസ് രമണ, കഴിഞ്ഞ കാലങ്ങളിൽ ഉയർന്നുവന്ന അഴിമതിയും അപവാദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, താങ്കൾ "അത്ര വ്യാപ്തിയുള്ള കഥകളൊന്നും അടുത്ത കാലത്തുണ്ടായതായി ഓർമ്മിക്കുന്നില്ല. നമ്മുടെ പൂന്തോട്ടങ്ങളിൽ എല്ലാം റോസ് നിറങ്ങളിൽ കാണുന്നു. നിങ്ങളുടെ സ്വന്തം വിലയിരുത്തലിൽ എത്തിച്ചേരാൻ അവയെ ഞാൻ നിങ്ങൾക്ക് വിട്ടു നൽകുന്നു”, എന്ന് താങ്കൾ വളരെ കൃത്യമായി പറഞ്ഞു.

നിയമത്തെയും മാദ്ധ്യമങ്ങളെയും കുറിച്ച് ആഴത്തിലുള്ള അറിവ് ഉള്ളതുകൊണ്ടും ഇന്ത്യൻ സമൂഹത്തിന്‍റെ ഒരു സൂക്ഷ്മ നിരീക്ഷകൻ എന്ന നിലയിലും, താങ്കൾ കുറച്ചുകൂടി മുന്നോട്ടു പോയി അന്വേഷണാത്മക പത്രപ്രവർത്തനത്തെ മാത്രമല്ല എല്ലാ ഇന്ത്യൻ പത്രപ്രവർത്തനങ്ങളെയും കീഴ്പ്പെടുത്തുന്ന ഘടകങ്ങളെ കണ്ടെത്തിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു സർ. സ്വന്തം വിലയിരുത്തലുകളിൽ എത്തിച്ചേരാൻ താങ്കൾ ഞങ്ങളെ ക്ഷണിച്ചതിനാൽ ഞാൻ മൂന്നു കൂട്ടം കാരണങ്ങൾ താങ്കളുടെ പരിഗണനയ്ക്കായി മുന്നോട്ടു വയ്ക്കട്ടെ?

ആദ്യത്തേത്, മാദ്ധ്യമ ഉടമസ്ഥതയുടെ ഘടനാപരമായ യാഥാർത്ഥ്യങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത് വൻ ലാഭം ലക്ഷ്യം വയ്ക്കുന്ന കുറച്ച് കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ കൈകളിലാണ് എന്നതാണ്.

രണ്ടാമത്തേത്, സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനങ്ങൾക്ക് മേലുള്ള ഭരണകൂടത്തിന്‍റെ കടന്നുകയറ്റവും അവയെ ക്രൂരമായി അടിച്ചമർത്തുന്നതുമാണ്.

മൂന്നാമത്തേത്, ധാർമ്മിക ച്യുതിയും അധികാരത്തിന്‍റെ ചുരുക്കെഴുത്തുകാരായി സേവനം ചെയ്യാൻ മുതിർന്ന ഒരുപാട് പത്രപ്രവർത്തകർക്കുള്ള ഔത്സുക്യവുമാണ്.

യഥാർത്ഥത്തിൽ, തൊഴിൽ വൈദഗ്ദ്ധ്യം പരിശീലിപ്പിക്കുന്ന ഒരാളെന്ന നിലയിൽ, ഞാനെന്‍റെ വിദ്യാർത്ഥികളോട് ഞങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട രണ്ട് സ്ക്കൂളുകളിൽ - പത്രപ്രവർത്തനം, ചുരുക്കെഴുത്ത് - ഏതിൽ ഉൾപ്പെടാനാണ് അവർ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചു.

ഇന്ത്യൻ മാദ്ധ്യമങ്ങൾ രാഷ്ട്രീയമായി സ്വതന്ത്രമാണെങ്കിലും ലാഭത്തിന്‍റെ തടവറയിലാണെന്ന് ഏതാണ്ട് 30 വർഷത്തോളം ഞാൻ വാദിച്ചു. ഇന്ന് അവർ ലാഭത്തിന്‍റെ തടവറയിൽ നിൽക്കുന്നു. പക്ഷെ അവർക്കിടയിലെ കുറച്ച് സ്വതന്ത്ര ശബ്ദങ്ങൾ വർദ്ധിതമാംവണ്ണം രാഷ്ട്രീയ തടവറയിലാണ്.

മാദ്ധ്യമ സ്വാതന്ത്ര്യത്തിന്‍റെ മോശമായ അവസ്ഥയെക്കുറിച്ച് മാദ്ധ്യമങ്ങളിൽ തന്നെ വളരെ ചെറിയ ചർച്ചകളാണ് നടക്കുന്നതെന്ന കാര്യം ചൂണ്ടിക്കാണിക്കേണ്ടത് നിർണ്ണായകമാണ്, അല്ലേ? കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ പത്രപ്രവർത്തനവുമായി ബന്ധമുണ്ടായിരുന്ന പൊതുരംഗത്തെ 4 പ്രമുഖ ബുദ്ധിജീവികളാണ് വധിക്കപ്പെട്ടത്. അവരിലെ തഴക്കമുള്ള പത്രപ്രവർത്തകയായ ഗൗരി ലങ്കേഷ് ഒരു മുഴുവൻ സമയ മാദ്ധ്യമപ്രവർത്തകയായിരുന്നു. (തീർച്ചയായും റൈസിംഗ് സൺ എന്ന ദിനപത്രത്തിന്‍റെ എഡിറ്ററായിരുന്ന ഷുജാത് ബുഖാരിയും വെടിയേറ്റാണ് മരിച്ചത്). പക്ഷെ, ബാക്കി മൂന്നുപേരും മാദ്ധ്യമങ്ങളിലെ സ്ഥിരം എഴുത്തുകാരും കോളമിസ്റ്റുകളും ആയിരുന്നു. അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടുന്നതിനായി നരേന്ദ്ര ദാഭോൽക്കർ ഒരു പ്രസിദ്ധീകരണം തന്‍റെ പത്രാധിപത്യത്തിൽ ആരംഭിക്കുകയും ഏതാണ്ട് 25 വർഷത്തോളം നടത്തുകയും ചെയ്തു. വലിയ എഴുത്തുകാരും കോളമിസ്റ്റുകളും ആയിരുന്നു ഗോവിന്ദ് പാൻസരെയും എം. എം. കൽബുർഗിയും .

നാല് പേർക്കും ഇക്കാര്യം പൊതുവായി ഉണ്ടായിരുന്നു: അവർ യുക്തിവാദികളും ഇന്ത്യൻ ഭാഷകളിൽ എഴുതിയിരുന്ന പത്രപ്രവർത്തകരുമായിരുന്നു. അത് കൊലപാതകികൾക്കു നേരെ അവർ ഉയർത്തിയ ഭീഷണി വർദ്ധിപ്പിച്ചു. നാല് പേരുടെയും കൊലപാതകം ഭരണകൂടമല്ല നടത്തിയത്. തീർച്ചയായും ഭരണകൂട താൽപ്പര്യങ്ങൾ ഇഷ്ടപ്പെടുന്നവരാണ് കൊല ചെയ്തത്. വധിക്കപ്പെടേണ്ടവരുടെ പട്ടികയിൽ മറ്റ് നിരവധി സ്വതന്ത്ര പത്രപ്രവർത്തകരും ഉണ്ടായിരുന്നു .

സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ പത്രസ്വാതന്ത്യം അതിന്‍റെ ഏറ്റവും താഴ്ന്ന അവസ്ഥയിലാണെ യാഥാർത്ഥ്യം സുപ്രീം കോടതി അഭിമുഖീകരിച്ചിരുന്നെങ്കിൽ ഇന്ത്യൻ മാദ്ധ്യമങ്ങളുടെ അധമാവസ്ഥ ഒരുപക്ഷെ കുറച്ചൊക്കെ മെച്ചപ്പെടുത്താമായിരുന്നു. ആധുനിക സാങ്കേതിക ഭരണകൂടങ്ങളുടെ അടിച്ചമർത്താനുള്ള ശേഷി ( പെഗാസസ് കേസുകൾ കൈകാര്യം ചെയ്തിരുന്ന രീതി സംശയ രഹിതമായി നിങ്ങൾ നിരീക്ഷിച്ചതു പോലെ) അടിയന്തിരാവസ്ഥയുടെ  ദുഃസ്വപ്നങ്ങളെപ്പോലും ചെറുതാക്കുന്നു.

ഫ്രാൻസിൽ നിന്നുള്ള റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് 2020-ൽ തയ്യാറാക്കിയ ലോക പത്ര സ്വാതന്ത്ര്യ സൂചികയിൽ (World Press Freedom Index) ഇന്ത്യയുടെ സ്ഥാനം 142-ലേക്ക് കുത്തനെ താഴ്ന്നു .

സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഈ സർക്കാരിന്‍റെ സമീപനത്തെപ്പറ്റി എനിക്കുണ്ടായ നേരിട്ടുള്ള അനുഭവം ഞാൻ പങ്ക് വയ്ക്കാം. 142-ാം സ്ഥാനത്തിൽ പ്രകോപിതനായി യൂണിയൻ കാബിനറ്റ് സെക്രട്ടറി ഇന്ത്യയിലെ പത്ര സ്വാതന്ത്ര്യത്തെക്കുറിച്ച് ജനങ്ങൾക്കിടയിലുണ്ടായ തെറ്റായ ധാരണ തിരുത്താൻ ഒരു സൂചിക അവലോകന സമിതി (ഇൻഡക്സ് മോണിറ്ററിംഗ് കമ്മിറ്റി) രൂപീകരിക്കാൻ ആഹ്വാനം ചെയ്തു. അതിൽ അംഗമാകാമോയെന്ന് ചോദിച്ചപ്പോൾ ഡബ്ല്യു.പി.എഫ്.ഐ.യോടുള്ള വിമർശനം എന്നതിനേക്കാൾ ഇന്ത്യയിലെ പത്ര സ്വാതന്ത്ര്യത്തിന്‍റെ യഥാർത്ഥ അവസ്ഥയിൻമേൽ ഞങ്ങൾ ശ്രദ്ധിക്കും എന്ന ഉറപ്പിൻമേൽ ഞാനത് സ്വീകരിച്ചു.

ആ 13 അംഗ സമിതിയിൽ ഉദ്യോഗസ്ഥരും സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലെ ഗവേഷകരുമായി 11 പേർ ഉണ്ടായിരുന്നു. പത്രപ്രവർത്തകരായി വെറും രണ്ടുപേർ - പത്ര സ്വാതന്ത്ര്യo കൈകാര്യം ചെയ്യുന്ന ഒരു സമിതിയിൽ! അതിലൊരാൾ താൻ പങ്കെടുത്ത ഒന്നുരണ്ട് യോഗങ്ങളിൽ ഒരക്ഷരം പോലും സംസാരിച്ചില്ല. യോഗങ്ങൾ കുഴപ്പമില്ലാതെ അവസാനിച്ചു. ഞാൻ മാത്രമാണ് അവിടെ സംസാരിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തത്. ‘കരട്’ എന്ന വാക്കിന്‍റെ അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ പ്രവർത്തക സമിതികൾ പിന്നീട് 'കരട് റിപ്പോർട്ട്’ പ്രസിദ്ധീകരിച്ചു. യോഗങ്ങളിൽ ഉയർന്നുവന്ന ഗൗരവങ്ങളായ പ്രശ്നങ്ങളൊന്നും റിപ്പോർട്ടിൽ പ്രതിഫലിച്ചില്ല. അങ്ങനെ, അതിൽ ഉൾപ്പെടുത്തുന്നതിനായി ഞാൻ ഒരു സ്വതന്ത്ര അല്ലെങ്കിൽ വിയോജന കുറിപ്പ് സമർപ്പിച്ചു.

ഒരിക്കൽ, റിപ്പോർട്ടും കമ്മിറ്റിയും എല്ലാം ഇല്ലാതായി . രാജ്യത്തെ ഉയർന്ന ഉദ്യോഗസ്ഥന്‍റെ (അദ്ദേഹം ഒരുപക്ഷെ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലെ ഏറ്റവും ശക്തരായ രണ്ട് വ്യക്തികളുടെ അടുത്ത് മാത്രമാണ്) നിർദ്ദേശങ്ങൾക്കനുസരിച്ച് രൂപീകരിച്ച കമ്മിറ്റി അപ്രത്യക്ഷമായി. [പത്ര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള!] റിപ്പോർട്ടിലെ വിവരങ്ങൾ കണ്ടെത്തുന്നതിൽ ആർ.റ്റി.ഐ. അന്വേഷണങ്ങൾ പരാജയപ്പെട്ടു. എന്നിരിക്കിലും എന്‍റെ പക്കൽ ആ ‘കരടിന്‍റെ’ പകർപ്പ് ഉണ്ടായിരുന്നു. യഥാർത്ഥ ഉദ്യമം അന്വേഷണാത്മക പത്രപ്രവർത്തനം പോലുമായിരുന്നില്ല – അത്, ഇന്ത്യയിൽ പ്രവർത്തിച്ചു കൊണ്ടിരുന്നതു പോലെ, പത്രപ്രവർത്തനത്തെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു . ഒരു വിയോജനക്കുറിപ്പിന്‍റെ തുള്ളിയിൽ അത് അപ്രത്യക്ഷമായി.

താങ്കൾ പ്രസംഗത്തിൽ ഗൃഹാതുരത്വത്തോടെ സൂചിപ്പിച്ച അന്വേഷണാത്മക റിപ്പോർട്ടിംഗ് പോലെയുള്ളവ ചെയ്യാൻ താല്പര്യമുള്ള നിരവധിപേർ പത്രപ്രവർത്തന രംഗത്തുണ്ട് - ഉന്നതങ്ങളിലെ, പ്രത്യേകിച്ച് സർക്കാരിലെ, അപവാദങ്ങളും അഴിമതിയും അന്വേഷിക്കാൻ താൽപര്യമുള്ളവർ. ഇന്ന് ഇതിന് ശ്രമിക്കുന്ന മിക്ക പത്രപ്രവർത്തകരും ആദ്യത്തെ തടസത്തിൽ, അതായത് കോർപ്പറേറ്റ് മാദ്ധ്യമ മേലാളന്മാരുടെ താൽപ്പര്യത്തിൽ, വീണുപോകുന്നു. ഈ മേലാളന്മാർ സർക്കാർ കരാറുകളുമായും ഉന്നതങ്ങളിലെ പ്രബലരായ ആളുകളുമായും ബന്ധമുള്ളവരാണ്.

പണം വാങ്ങി നൽകുന്ന വാർത്തയിൽ നിന്നും ധാരാളം പണമുണ്ടാക്കുകയും, പൊതു ഉടമസ്ഥതയിലുള്ള വിഭവങ്ങൾ ചൂഷണം ചെയ്യാനുള്ള ലൈസൻസ് നേടുകയും, പൊതുമുതലിൽ നിന്നുള്ള ആയിരക്കണക്കിന് കോടി രൂപകൾ സർക്കാർ സ്വകാര്യവൽക്കരണ സംഘങ്ങളിൽ നിന്നും തങ്ങൾക്കായി തരപ്പെടുത്തുകയും, ഭരണകക്ഷികൾക്കുവേണ്ടി വളരെ മനോഹരമായി തിരഞ്ഞെടുപ്പ് ഫണ്ടുകൾ നൽകുകയും ചെയ്യുന്ന ആ വമ്പൻ മാദ്ധ്യമ മുതലാളിമാർ ഭരണത്തിലുള്ള തങ്ങളുടെ പങ്കാളികളെ ബുദ്ധിമുട്ടിക്കാൻ സ്വന്തം പത്രപ്രവർത്തകരെ അനുവദിക്കുമെന്ന് തോന്നുന്നില്ല. ഒരിക്കൽ അഭിമാനമായിരുന്ന ഒരു ഇന്ത്യൻ തൊഴിലിനെ വരുമാന മാർഗ്ഗമായി ചുരുക്കിക്കൊണ്ടും, ഫോർത്ത് എസ്റ്റേറ്റും റിയൽ എസ്റ്റേറ്റും തമ്മിലുള്ള വ്യത്യാസത്തിനടയ്ക്ക് പുകമറ സൃഷ്ടിച്ചുകൊണ്ടും അധികാരത്തെക്കുറിച്ച് സത്യം പറയുന്ന പത്രപ്രവർത്തനത്തോട് അവർക്ക് താൽപര്യമില്ലാതായി തീർന്നു.

സർ, ഈ രാജ്യത്തെ പൊതുജനങ്ങൾക്ക് മഹാമാരിയുടെ സമയത്ത് പത്രപ്രവർത്തനത്തേയും പത്രപ്രവർത്തകരേയും ആവശ്യമില്ലായിരുന്നു എന്ന് ഞാൻ പറഞ്ഞാൽ താങ്കളെന്നോട് യോജിക്കുമെന്ന് ഞാൻ കരുതുന്നു. പ്രബലമായ മാദ്ധ്യമ സ്ഥാപനങ്ങളുടെ ഉടമകൾ, അവരുടെ വായനക്കാരും നിരീക്ഷകരുമുൾപ്പെടെയുള്ള ജനങ്ങളുടെ കടുത്ത അഭിവാഞ്ഛയോട് എങ്ങനെയാണ് പ്രതികരിച്ചത്? 2,000-2,500 പത്രപ്രവർത്തകരെയും അതിന്‍റെ പലമടങ്ങ് പത്രപ്രവർത്തകരല്ലാത്ത മാദ്ധ്യമ പ്രവർത്തകരേയും പുറത്താക്കിക്കൊണ്ടായിരുന്നു അത്.

PHOTO • Courtesy: TMMK
PHOTO • Shraddha Agarwal

മാദ്ധ്യമങ്ങളിലെ വലിയൊരു വിഭാഗം ഇന്ന് കോവിഡ് -19 കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചകൾ ഓർമ്മിക്കുന്നില്ല. എല്ലാക്കാര്യങ്ങളിലും ലോകത്തെ നയിച്ചുകൊണ്ട് കോവിഡ്-19 - നെതിരെ പൊരുതുന്നതിൽ ഇന്ത്യ വളരെ മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന തരത്തിൽ രാജ്യത്തെക്കുറിച്ചുള്ള സർക്കാർ മിത്തുകളോടൊപ്പം നിൽക്കുകയായിരുന്നു അവർ

പൊതുജനങ്ങളെ സേവിക്കുക എന്ന ആദർശം ഇല്ലാതായി. 2020-ലെ സാമ്പത്തിക തകർച്ച മാദ്ധ്യമങ്ങളെ സർക്കാർ പരസ്യങ്ങളെ ആശ്രയിച്ചിരുന്നതിനേക്കാൾ കൂടുതൽ ആശ്രിതരാക്കി. അങ്ങനെ, നമുക്കിന്നുള്ള മാദ്ധ്യമങ്ങളിലെ വലിയൊരു വിഭാഗം കോവിഡ്-19 കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളെക്കുറിച്ച് സ്വയം ചെയ്ത കഥകൾ [തീർച്ചയായും കുറവാണ്] മറന്നുകൊണ്ട്, ഇന്ത്യ ലോകത്തെ നയിച്ചുകൊണ്ട് കോവിഡ്-19-നെതിരെ പൊരുതുന്നതിൽ വളരെ മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന തരത്തിൽ രാജ്യത്തെക്കുറിച്ചുള്ള സർക്കാർ മിത്തുകളോടൊപ്പം നിൽക്കുന്നു.

വ്യക്തതയില്ലാത്ത ‘പി.എം. കെയേഴ്സ് ഫണ്ട്’ രൂപീകരിക്കുന്നതിനും സാക്ഷ്യം ഈ കാലയളവ്  വഹിച്ചു. ‘പ്രധാനമന്ത്രി’ എന്ന പേര് അവിടെ നൽകിക്കൊണ്ട് ഇതിന്‍റെ വെബ്സൈറ്റിൽ പ്രധാനമന്ത്രിയുടെ മുഖചിത്രവും നൽകിയിരിക്കുന്നു. പക്ഷെ ‘പൊതു അധികാരം’ അല്ലാത്ത, ആർ.റ്റി.ഐ.യുടെ കീഴിൽ വരുന്നതല്ലെന്നു വാദിക്കുകയും ചെയ്യുന്ന ഇത് യഥാർത്ഥത്തിൽ "ഇന്ത്യ ഗവൺമെന്‍റിന്‍റെ ഫണ്ട് അല്ല.” ഭരണകൂടത്തിന്‍റെ ഏതെങ്കിലും വിഭാഗത്താൽ സ്ഥാപനപരമായ പരിശോധനയ്ക്ക് വിധേയമാവാൻ ഇത് ബാധ്യസ്ഥവുമല്ല.

ഈ രാജ്യത്തിന്‍റെ സ്വതന്ത്ര ചരിത്രത്തിൽ ഏറ്റവും പിന്തിരിപ്പനായ ചില തൊഴിൽ നിയമങ്ങൾ സംസ്ഥാന സർക്കാരുകൾ ആദ്യം ഓർഡിനൻസുകളായും പിന്നീട് കേന്ദ്രം 'കോഡുകൾ’ ആയും ഇറക്കിയ കാലഘട്ടം കൂടിയാണ് സർ ഇത്. തൊഴിൽ അവകാശങ്ങളുടെ സുപ്രധാന മാനദണ്ഡം – ദിവസം 8 മണിക്കൂർ എന്നത് - റദ്ദാക്കിക്കൊണ്ട് പ്രഖ്യാപിച്ച ചില ഓർഡിനൻസുകൾ ഇന്ത്യൻ തൊഴിലാളികളെ ഒരു നൂറ്റാണ്ട് പിന്നോട്ടടിച്ചു . തീർച്ചയായും നിരവധി തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്ന കോർപ്പറേറ്റ് മാദ്ധ്യമങ്ങൾ ഇതേക്കുറിച്ചൊക്കെ അന്വേഷിക്കാനുള്ള സാദ്ധ്യതകൾ കുറവാണ്. ഈ പത്രപ്രവർത്തകരിൽ നിരവധിപേർ മാദ്ധ്യമ മുതലാളിമാരാൽ പുറത്താക്കപ്പെട്ട് തൊഴിൽ രഹിതരായി.

യുവർ ഓണർ, അതേപോലെ തന്നെ എന്നെ ബുദ്ധിമുട്ടിക്കുന്ന കാര്യം നീതിന്യായ വ്യവസ്ഥ ഈ തകർച്ച അവസാനിപ്പിക്കാനായി ഇറങ്ങിയില്ല എന്നതാണ്. അത് സർക്കാർ അഴിമതിയാണെങ്കിലും, പത്രപ്രവർത്തകരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതാണെങ്കിലും, തൊഴിൽ അവകാശങ്ങൾ എടുത്തുകളയുന്നതാണെങ്കിലും, ഒരുതരത്തിലുമുള്ള പരിശോധനകൾ കൂടാതെ പ്രധാനമന്ത്രിയുടെ പേര് ദുരുപയോഗപ്പെടുത്തി ധനസമാഹരണം നടത്തുന്നതാണെങ്കിലും. ഇത്തരത്തിൽ സന്ധി ചെയ്യുകയും പണം നൽകുന്നവർക്ക് അനുകൂലമാവുകയും ചെയ്യുന്ന പ്രതിഭാസത്തിലേക്ക് നയിക്കുന്ന മാദ്ധ്യമങ്ങളുടെ ആന്തരികവും ഘടനാപരവുമായ പ്രശ്നങ്ങൾ ഞാൻ സമ്മതിക്കുന്നു. പക്ഷെ ഉറപ്പായും ഇപ്പറഞ്ഞ ചില കാര്യങ്ങളിൽ നീതിന്യായ വ്യവസ്ഥ ഇടപെടുന്നത് പത്ര പ്രവർത്തകരുടെ അവസ്ഥ കുറച്ചുകൂടി മെച്ചപ്പെടുത്താൻ സഹായിക്കും.

സ്വതന്ത്ര മാദ്ധ്യമങ്ങളുടെ ഓഫീസുകളിൽ നടത്തുന്ന മിന്നൽ പരിശോധനകൾ, ‘പണം വെളുപ്പിക്കുന്നവരായി’ സമീപിച്ച് അവയുടെ ഉടമകളെ വിരട്ടുകയും അവഹേളിക്കുകയും ചെയ്യുന്നത്, ഈ സ്ഥാപനങ്ങളെ നിരന്തരം പീഡിപ്പിക്കുന്നത് എന്നിവയൊക്കെ വളരെ വേഗത്തിൽ നടക്കുന്നു. ഇവയിൽ പലതും കോടതിയിൽ തകർന്നുവീഴുമെന്ന് ഉറപ്പാണ്. സർക്കാരിൻറെ ഉത്തരവുകൾ നടപ്പാക്കുന്ന ഏജൻസികൾക്ക് അത് അറിയുകയും ചെയ്യാം. പക്ഷെ, പ്രക്രിയ തന്നെ ശിക്ഷയാണ് എന്ന തത്വത്തിലാണ് അവർ പ്രവർത്തിക്കുന്നത്. അതിന് വർഷങ്ങൾ എടുക്കും, വക്കീൽ കൂലിയായി ലക്ഷങ്ങൾ മുടക്കേണ്ടി വരും, മാദ്ധ്യമങ്ങളിലെ ചില സ്വതന്ത്ര ശബ്ദങ്ങൾ പാപ്പരായി തീരുകയും ചെയ്യും. വലിയ മാദ്ധ്യമങ്ങളിലെ അപൂർവ സ്വതന്ത്ര ശബ്ദങ്ങളായവയുടെ ഓഫീസുകളിൽ പോലും – ദൈനിക് ഭാസ്കർ - അധോലോകത്തിലെ ഗൂഢസങ്കേതമെന്ന പോലെ മിന്നൽ പരിശോധന നടത്തി . ഭയചകിതരായ ബാക്കി വലിയ മാദ്ധ്യമങ്ങളിൽ അതേപ്പറ്റി ചർച്ച ഒന്നുമില്ല.

നിയമത്തെ ഇത്തരത്തിൽ ബോധപൂർവ്വം ദുരുപയോഗം ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ, ഒരുപക്ഷെ, നീതിന്യായ വ്യവസ്ഥയ്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയില്ലേ, സർ?

PHOTO • Shraddha Agarwal
PHOTO • Parth M.N.

കർഷകർ ഒന്നിടവിട്ട് വിളിക്കുന്ന ഒരു മുദ്രാവാക്യത്തിൽ പരാമർശിക്കുന്ന രണ്ട് കോർപ്പറേറ്റ് ഭീമൻന്മാരുണ്ട് ഈ മാന്യവ്യക്തികളുടെ ആസ്തികൾ ഒരുമിച്ചു ചേർത്താൽ അത് പഞ്ചാബിന്‍റെയോ ഹരിയാനയുടെയോ മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനത്തേക്കാൾ (Gross State Domestic Product) വളരെയധികം കൂടുതലായിരിക്കുമെന്ന് ഏതെങ്കിലും മുഖ്യധാര ‘മാദ്ധ്യമം’ അവരുടെ വായനക്കാരോടോ നിരീക്ഷകരോടോ പറയുമോ ?

ദുഃഖകരമായ ഒരു കാര്യം ഇപ്പോൾ പിൻവലിച്ച കാർഷിക നിയമങ്ങളുടെ പ്രശ്നങ്ങളെയും നീതിന്യായവ്യവസ്ഥ എടുത്തു കാട്ടിയില്ല എന്നതാണ്. ഞാൻ ഒരിക്കലും നിയമം പഠിച്ചിട്ടില്ല. പക്ഷെ, ഏറ്റവും മുതിർന്ന ഭരണഘടന കോടതിയുടെ പ്രധാന ധർമ്മങ്ങളിലൊന്ന് വിവാദമായ ഇത്തരം നിയമ നിർമ്മാണങ്ങളുടെ ഭരണഘടനാപരമായ സാധുത പുനരവലോകനം ചെയ്യുകയാണെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. പകരം കോടതി ഒരു സമിതി രൂപീകരിക്കുകയും, കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു റിപ്പോർട്ട് ഉണ്ടാക്കാൻ ആവശ്യപ്പെടുകയും, അതിനു ശേഷം റിപ്പോർട്ടിനെയും സമിതിയെയും വിസ്മൃതിയിലാക്കുകയും ചെയ്തു.

ഇതോടെ, ‘സാവധാനത്തിൽ വേദനാജനകമായ മരണം’ (death-by-committee) എന്ന ശിക്ഷയേറ്റു വാങ്ങി സമിതി തന്നെ മരണം പ്രാപിച്ചു.

അപ്പോഴും കാർഷിക നിയമങ്ങളെക്കുറിച്ചുള്ള ‘മുഖ്യധാര’ മാദ്ധ്യമങ്ങളിലെ താൽപ്പര്യ സംഘട്ടനങ്ങൾ വലുതായിരുന്നു. നിയമങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന വ്യക്തിഗത കോർപ്പറേറ്റ് നായകൻ രാജ്യത്തെ ഏറ്റവും വലിയ മദ്ധ്യമ ഉടമ കൂടിയാണ്. അയാളുടേതല്ലാത്ത മദ്ധ്യമങ്ങളിൽ പലപ്പോഴും അയാളാണ് ഏറ്റവും വലിയ പരസ്യ ദാതാവ്. അതുകൊണ്ട്, ‘മുഖ്യധാര’ മാദ്ധ്യമങ്ങൾ അവരുടെ മുഖപ്രസംഗങ്ങളിലൂടെ വശീകരിക്കുന്നവരും ദല്ലാളുകളുമായി നിയമങ്ങളെ സേവിക്കുന്നതിൽ അദ്ഭുതപ്പെടാനില്ല.

കർഷകർ ഒന്നിടവിട്ട് വിളിക്കുന്ന ഒരു മുദ്രാവാക്യത്തിൽ പരാമർശിക്കുന്ന രണ്ട് കോർപ്പറേറ്റ് ഭീമന്മാരുണ്ട് – ആ മാന്യവ്യക്തികളുടെ ആസ്തികൾ ഒരുമിച്ചു ചേർത്താൽ അത് പഞ്ചാബിന്‍റെയോ ഹരിയാനയുടെയോ മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനത്തേക്കാൾ (Gross State Domestic Product) വളരെയധികം കൂടുതലായിരിക്കുമെന്ന് ഏതെങ്കിലും മുഖ്യധാര ‘മാദ്ധ്യമം’ അവരുടെ വായനക്കാരോടോ നിരീക്ഷകരോടോ പറയുമോ? ഫോബ്സ് മാഗസിൻ പറയുന്നതനുസരിച്ച് അവരിലൊരാൾ പഞ്ചാബിന്‍റെ ജി.എസ്.ഡി.പി.യോട് കിടപിടിക്കുന്ന വിധത്തിൽ വ്യക്തിപരമായി സമ്പത്ത് വാരിക്കൂട്ടിയിട്ടുണ്ട്. സത്യത്തിൽ അത്തരം വിവരങ്ങൾ അവരുടെ ശ്രോതാക്കൾക്ക് മികച്ച ഒരു അഭിപ്രായത്തിൽ എത്തിച്ചേരാനുള്ള മികച്ച ഒരു അവസരം നൽകുമായിരുന്നില്ലേ?

താങ്കളുടെ പ്രസംഗത്തിൽ ഗൃഹാതുരത്വം പ്രകടിപ്പിച്ച തരത്തിലുള്ള അന്വേഷണാത്മക പത്രപ്രവർത്തനം പോലെയുളളവ ചെയ്യാൻ വളരെ കുറച്ച് പത്രപ്രവർത്തകർക്കേ (വളരെ കുറച്ച് മാദ്ധ്യമ കേന്ദ്രങ്ങളിൽ) ഇപ്പോൾ ശേഷിയുള്ളൂ. കുറച്ചുപേർ ഇപ്പോഴും മനുഷ്യാവസ്ഥ എന്ന് നമ്മൾ വിളിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുന്നതിൽ ഏർപ്പെടുന്നു – കോടിക്കണക്കിന് വരുന്ന സാധാരണ ഇന്ത്യക്കാരുടെ സാമൂഹ്യ സാമ്പത്തിക അവസ്ഥകളെക്കുറിച്ച് റിപ്പോർട്ട് ചെയ്തുകൊണ്ട്. അവരിലൊരാളായി ഞാൻ എഴുതുന്നു. പ്രധാനമായും രണ്ടാമതു പറഞ്ഞ ആ പാത കഴിഞ്ഞ 41 വർഷങ്ങളായി ഞാൻ പിന്തുടരുന്നു.

പത്രപ്രവർത്തകർ അല്ലെങ്കിൽ പോലും മനുഷ്യാവസ്ഥകളെക്കുറിച്ച് അന്വേഷിക്കുന്ന (തങ്ങളെക്കൊണ്ട് പറ്റുന്ന ഏറ്റവും മികച്ച രീതിയിൽ അത് മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന) മറ്റു ചിലരുണ്ട്. ഇപ്പറഞ്ഞ, ലാഭേച്ഛയില്ലാത്ത, സാമൂഹ്യ സംഘടനകളോടാണ് ഇന്ത്യൻ ഭരണകൂടം യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. എഫ്.സി.ആർ.എ.കൾ റദ്ദാക്കി , ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി അക്കൗണ്ടുകൾ മരവിപ്പിച്ച്, പണം വെളുപ്പിക്കുന്നതായുള്ള കുറ്റങ്ങൾ വരെ ചുമത്തി – അവ നശിച്ച് പാപ്പരാകുന്നിടം വരെ, അല്ലെങ്കിൽ അങ്ങനെ ആകാറാകുന്നിടത്തോളം.

അതുകൊണ്ട്, അവിടെ ഞങ്ങളുണ്ട് സർ, മാദ്ധ്യമങ്ങൾ അവയുടെ ഏറ്റവും മോശമാകുന്ന അവസ്ഥയിൽ - അവയെ സംരക്ഷിക്കേണ്ട സ്ഥാപനങ്ങളും അത് ചെയ്യുന്നതിൽ പരാജയപ്പെടുന്നു. താങ്കളുടെ പ്രസംഗത്തിലെ ചുരുങ്ങിയ, പക്ഷെ ഉൾക്കാഴ്ചയുള്ള, പരാമർശങ്ങളാണ് താങ്കൾക്ക് ഇങ്ങനൊരു കത്ത് എന്നെക്കൊണ്ട് എഴുതിച്ചത്. മാദ്ധ്യമങ്ങൾ മെച്ചപ്പെടേണ്ടതുണ്ടെന്നത് ചോദ്യം ചെയ്യപ്പെടേണ്ടതല്ലാത്ത കാര്യമാണ്. നീതിന്യായ വ്യവസ്ഥയ്ക്ക് അവയെ മെച്ചപ്പെടുത്താൻ സഹായിക്കാൻ കഴിയുമെന്ന് ഞാൻ നിർദ്ദേശിക്കട്ടെ? കൂടാതെ അത് തനിയെ മെച്ചപ്പെടേണ്ടതുണ്ടെന്നും. സിദ്ദിഖ് കാപ്പൻ ജയിലിൽ കഴിയുന്ന ഓരോ അധിക ദിവസവും നമ്മുടെ രണ്ട് സ്ഥാപനങ്ങളും, നമ്മളെല്ലാവരും, കടുത്ത രീതിയിൽ വിധിക്കപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു.

ആത്മാർത്ഥതയോടെ
പി. സായ്‌നാഥ്

ചിത്രീകരണം : പരിപ്ലബ് ചക്രബർത്തി

കടപ്പാട് : ദി വയർ

ദി വയർ എന്ന ഓൺലൈൻ പ്രസിദ്ധീകരണത്തിലാണ് ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത്

പരിഭാഷ: റെന്നിമോന്‍ കെ. സി.

ಪಿ. ಸಾಯಿನಾಥ್ ಅವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಸ್ಥಾಪಕ ಸಂಪಾದಕರು. ದಶಕಗಳಿಂದ ಗ್ರಾಮೀಣ ವರದಿಗಾರರಾಗಿರುವ ಅವರು 'ಎವೆರಿಬಡಿ ಲವ್ಸ್ ಎ ಗುಡ್ ಡ್ರಾಟ್' ಮತ್ತು 'ದಿ ಲಾಸ್ಟ್ ಹೀರೋಸ್: ಫೂಟ್ ಸೋಲ್ಜರ್ಸ್ ಆಫ್ ಇಂಡಿಯನ್ ಫ್ರೀಡಂ' ಎನ್ನುವ ಕೃತಿಗಳನ್ನು ರಚಿಸಿದ್ದಾರೆ.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.