"രണ്ടും രണ്ടും കൂട്ടിയാൽ..എത്രയാണ്? മുൻപ് അക്കങ്ങൾ കൂട്ടിയിരുന്നത് പ്രതീകിന് ഓർമ്മയുണ്ടോ”?

14 വയസ്സുകാരനായ പ്രതീക് റൗത്തിന്റെ അധ്യാപകൻ മോഹൻ തലേക്കർ, സ്‌ലേറ്റിൽ എഴുതിയിരിക്കുന്ന സംഖ്യകൾ ചൂണ്ടിക്കാട്ടി പ്രതീക് അവ തിരിച്ചറിയുന്നുണ്ടോ എന്ന് ചോദിക്കുന്നു. പ്രതീക് സ്ലേറ്റിലേയ്ക്ക് ഉറ്റുനോക്കുന്നുണ്ട്; എന്നാൽ സംഖ്യകൾ തിരിച്ചറിഞ്ഞതിന്റെ ലക്ഷണമൊന്നും അവന്റെ മുഖത്ത് തെളിയുന്നില്ല.

2022 ജൂൺ 15. നമ്മൾ ഇപ്പോൾ മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിൽ ഉൾപ്പെടുന്ന കർമല താലൂക്കിലുള്ള ജ്ഞാൻപ്രബോധൻ മതിമന്ദ് നിവാസി വിദ്യാലയയിലാണുള്ളത്. രണ്ടുവർഷങ്ങൾക്കുശേഷം പ്രതീക് തന്റെ സ്കൂളിൽ മടങ്ങിയെത്തിയിരിക്കുകയാണ്. രണ്ട് വളരെ നീണ്ട വർഷങ്ങൾ.

"പ്രതീകിന് സംഖ്യകൾ ഓർമ്മയില്ല. മഹാമാരിക്ക് മുൻപ്, അവന് സംഖ്യകൾ കൂട്ടാനും ഇംഗ്ളീഷിലെയും മറാത്തിയിലേയും മുഴുവൻ അക്ഷരങ്ങളും എഴുതാനും കഴിയുമായിരുന്നു." അവന്റെ അധ്യാപകൻ പറയുന്നു."ഇനി അവനെ എല്ലാം ആദ്യംതൊട്ട് പഠിപ്പിച്ചെടുക്കണം."

2020 ഒക്ടോബറിൽ ഈ ലേഖകൻ പ്രതീകിനെ കാണാൻ അഹമ്മദ്‌നഗർ ജില്ലയിലെ റാഷിൻ ഗ്രാമത്തിലുള്ള വീട്ടിൽ പോയപ്പോൾ, അന്ന് 13 വയസ്സുണ്ടായിരുന്ന അവന് അക്ഷരമാലയിലെ ചില അക്ഷരങ്ങളെങ്കിലും എഴുതാൻ കഴിഞ്ഞിരുന്നു. എന്നാൽ 2020 ഡിസംബർ ആയപ്പോഴേക്കും അവൻ എഴുതുന്നത് നിർത്തി.

2018-ലാണ് പ്രതീക് സ്കൂളിൽ പോകാൻ തുടങ്ങിയത്. രണ്ടുവർഷത്തെ ചിട്ടയായ പരിശീലനത്തിലൂടെ, അവൻ സംഖ്യകളും വാക്കുകളും വായിക്കാനും എഴുതാനും പഠിച്ചു. 2020 മാർച്ചിൽ, വായനയുടെയും എഴുത്തിന്റെയും അടുത്ത പടിയിലേയ്ക്ക് കടക്കാൻ അവൻ തയ്യാറാകുമ്പോഴാണ് കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടത്. റെസിഡൻഷ്യൽ സ്കൂൾ രണ്ടുവർഷത്തേയ്ക്ക് അടച്ചിടേണ്ടിവന്നതിനാൽ, വീടുകളിലേക്ക് പറഞ്ഞയക്കപ്പെട്ട, ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്ന 25 കുട്ടികളിൽ - എല്ലാവരും ആറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾ - ഒരാളായിരുന്നു പ്രതീക്.

Prateek Raut on the porch of his home in Rashin village and writing in a notebook, in October 2020. He is learning the alphabet and numbers from the beginning at his school now
PHOTO • Jyoti
Prateek Raut on the porch of his home in Rashin village and writing in a notebook, in October 2020. He is learning the alphabet and numbers from the beginning at his school now
PHOTO • Jyoti

2020 ഒക്ടോബറിൽ, പ്രതീക് റൗത്ത് റാഷിൻ ഗ്രാമത്തിലെ അവന്റെ വീടിന്റെ പോർച്ചിലിരുന്ന് ഒരു നോട്ട്ബുക്കിൽ എഴുതുന്നു. ഇപ്പോൾ അവൻ സ്കൂളിൽവെച്ച് സംഖ്യകളും അക്ഷരങ്ങളും വീണ്ടും പഠിക്കുകയാണ്

"ഈ കുട്ടികളുടെ പുരോഗതി കുറഞ്ഞത് രണ്ട് ഘട്ടം പിറകിലേയ്ക്കായിരിക്കുകയാണ്. ഇപ്പോൾ ഓരോ കുട്ടിയും വ്യത്യസ്തമായ വെല്ലുവിളികളാണ് അഭിമുഖീകരിക്കുന്നത്.", സ്കൂളിലെ പ്രോഗ്രാം കോർഡിനേറ്ററായ രോഹിത് ബഗാഡെ പറയുന്നു. താനെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനയായ ശ്രമിക് മഹിളാ മണ്ഡൽ നടത്തുന്ന സ്കൂളിൽ വിദ്യാർത്ഥികൾക്ക് താമസവും വിദ്യാഭ്യാസവും സൗജന്യമാണ്.

പ്രതീകിന്റെ സ്കൂൾ ഉൾപ്പെടെയുള്ള മറ്റനേകം സ്കൂളുകൾ മഹാമാരിയുടെ പശ്ചാത്തലത്തിൽ അടച്ചിടേണ്ടിവന്നപ്പോൾ, കുട്ടികളുടെ വിദ്യാഭ്യാസത്തെ അത് ബാധിക്കാതിരിക്കാനായി മഹാരാഷ്ട്രാ സർക്കാർ സ്കൂളുകൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയുണ്ടായി. 2020 ജൂൺ 10-ന് കമ്മീഷണറേറ്റ് ഫോർ പേഴ്‌സൻസ് വിത്ത് ഡിസബിലിറ്റീസ്, ഡിപ്പാർട്മെന്റ് ഓഫ് സോഷ്യൽ ജസ്റ്റിസ് ആൻഡ് സ്പെഷ്യൽ അസ്സിസ്റ്റൻസിനയച്ച കത്തിൽ ഇപ്രകാരം പറഞ്ഞു: “താനെ ജില്ലയിലുള്ള നവി മുംബൈയിലെ ഖാർഗഡിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി എംപവർമെന്റ് ഓഫ് പേഴ്‌സൻസ് വിത്ത് ഇന്റലക്ച്വൽ ഡിസബിലിറ്റീസിന്റെ വെബ്‌സൈറ്റിൽ ലഭ്യമായിട്ടുള്ള പഠനസാമഗ്രികൾ ഉപയോഗിച്ച് രക്ഷിതാക്കൾ മുഖാന്തിരം കുട്ടികൾക്ക് പ്രത്യേക വിദ്യാഭ്യാസം നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഈ പഠനസാമഗ്രികൾ ആവശ്യത്തിനനുസരിച്ച് രക്ഷിതാക്കൾക്ക് വിതരണം ചെയ്യാനും സജ്ജീകരണങ്ങൾ ചെയ്യേണ്ടതാണ്."

ഓൺലൈൻ വിദ്യാഭ്യാസം ഒട്ടുമിക്ക സ്കൂൾ വിദ്യാർത്ഥികൾക്കും ഒരു വെല്ലുവിളിയായി മാറിയെങ്കിൽ, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് അത് കടുത്ത പ്രതിബന്ധങ്ങളാണ് സൃഷ്ട്ടിച്ചത്. ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിൽ, 5-19 പ്രായവിഭാഗത്തിലുള്ള, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന 400,000 കുട്ടികളിൽ (ഇന്ത്യയിൽ ആകെ 500,000 കുട്ടികൾ ബുദ്ധിപരമായ വെല്ലുവിളികൾ നേടിരുന്നുണ്ട്), 185,086 കുട്ടികൾ മാത്രമാണ് ഏതെങ്കിലുമൊരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കാൻ പോകുന്നത്. (2011-ലെ സെൻസസ് പ്രകാരം)

സർക്കാർ നിർദ്ദേശമനുസരിച്ച്, പ്രതീകിന്റെ സ്കൂളായ ജ്ഞാൻപ്രബോധൻ വിദ്യാലയയും അവന്റെ രക്ഷിതാക്കൾക്ക് പഠനസാമഗ്രികൾ അയച്ചുകൊടുത്തു: അക്ഷരങ്ങളും അക്കങ്ങളും വസ്തുക്കളും രേഖപ്പെടുത്തിയിട്ടുള്ള ചാർട്ടുകൾ, കവിതകളും പാട്ടുകളുമായി ബന്ധപ്പെട്ട അഭ്യാസങ്ങൾ, മറ്റ് പഠനസഹായികൾ തുടങ്ങിയവയാണ് നൽകിയത്. ഇതിനുപിന്നാലെ, ഈ പഠനസഹായികൾ എങ്ങനെ ഉപയോഗിക്കണമെന്ന് സ്കൂൾ ജീവനക്കാർ പ്രതീകിന്റെ അച്ഛനമ്മമാർക്ക് ഫോണിലൂടെ പറഞ്ഞുകൊടുക്കുകയും ചെയ്തു.

Left: Prateek with his mother, Sharada, in their kitchen.
PHOTO • Jyoti
Right: Prateek and Rohit Bagade, programme coordinator at Dnyanprabodhan Matimand Niwasi Vidyalaya
PHOTO • Jyoti

ഇടത്: പ്രതീക്, അമ്മ ശാരദയോടൊപ്പം അടുക്കളയിൽ. വലത്: പ്രതീകും രോഹിത് ബഗാഡെയും; ജ്ഞാൻപ്രബോധൻ മതിമന്ദ് നിവാസി വിദ്യാലയയിലെ പ്രോഗ്രാം കോർഡിനേറ്ററാണ് രോഹിത്

"രക്ഷിതാക്കൾ കുട്ടികൾക്കൊപ്പം ഉണ്ടാകേണ്ടതാണ് (പഠന സാമഗ്രികൾ ഉപയോഗിക്കാൻ സഹായിക്കുന്നതിനായി), പക്ഷെ കുട്ടികൾക്കുവേണ്ടി വീട്ടിലിരുന്നാൽ അതവരുടെ ദിവസക്കൂലി കുറയുന്നതിന് കാരണമാകും,"  ബഗാഡെ ചൂണ്ടിക്കാട്ടുന്നു. പ്രതീക് ഉൾപ്പെടെയുള്ള 25 വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾ ഇഷ്ടികക്കളങ്ങളിൽ ജോലി ചെയ്യുന്നവരോ കർഷക തൊഴിലാളികളോ ചെറുകിട കർഷകരോ ആണ്.

പ്രതീകിന്റെ രക്ഷിതാക്കളായ ശാരദ റൗത്തും ദത്താത്രയ റൗത്തും ഖാരിഫ് വിളവിന്റെ കാലത്ത് (ജൂൺ മുതൽ നവംബർവരെ) കുടുംബത്തിന്റെ ആവശ്യത്തിനായി ജോവാറും ബജ്റയും കൃഷി ചെയ്യുകയാണ് പതിവ്. "നവംബർമുതൽ മേയ് വരെ, ഞങ്ങൾ മറ്റുള്ളവരുടെ പാടങ്ങളിൽ മാസത്തിൽ 20-25 ദിവസം ജോലി ചെയ്യും," ശാരദ പറയുന്നു. അവരുടെ മൊത്തം മാസവരുമാനം 6,000 രൂപയിൽ കൂടില്ല. അതുകൊണ്ടുതന്നെ ഇരുവർക്കും തങ്ങളുടെ മകനെ സഹായിക്കാനായി വീട്ടിൽ ഇരിക്കാനാകില്ല - സാമ്പത്തിക സ്ഥിതി തീർത്തും മോശമായിരിക്കെ, ദിവസക്കൂലി കൂടി നഷ്ടമാകുന്ന അവസ്ഥയാകും.

"അതിനാൽ പ്രതീകിനും മറ്റ് കുട്ടികൾക്കും വെറുതെ ഇരിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല." ബഗാഡെ പറയുന്നു. "(സ്കൂളിൽ) ദൈനംദിന പ്രവർത്തനങ്ങളിലും കളികളിലും ഏർപ്പെടുന്നത് അവരെ സ്വാശ്രയശീലമുള്ളവരാക്കുകയും അവരുടെ ക്ഷോഭവും അക്രമസ്വഭാവവും നിയന്ത്രണത്തിലാക്കുകയും ചെയ്തിരുന്നു. (എന്നാൽ) കുട്ടികൾക്ക് വ്യക്തിഗത ശ്രദ്ധ വേണമെന്നതിനാൽ ഇത്തരം പ്രവർത്തനങ്ങൾ ഓൺലൈനായി ചെയ്യുക ബുദ്ധിമുട്ടാണ്."

സ്കൂളിൽ, തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 4:30 വരെ (ശനിയാഴ്ചകളിൽ കുറച്ച് മണിക്കൂറുകളും) നാല് അധ്യാപകർ ഈ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. സ്പീച്ച് തെറാപ്പി, ശാരീരിക വ്യായാമം, സ്വയം പരിപാലനം, പേപ്പർ ക്രാഫ്റ്റ്, ഭാഷാശേഷി, പദസമ്പത്ത്, സംഖ്യാശാസ്ത്രം, കല എന്നിങ്ങനെ വ്യത്യസ്തമായ മേഖലകളിൽ അവർ കുട്ടികളെ പരിശീലിപ്പിച്ചു. എന്നാൽ സ്കൂളുകൾ അടച്ചിട്ടതോടെ വിദ്യാർത്ഥികൾക്ക് ഇതെല്ലാം നഷ്ടമായി.

Vaibhav Petkar and his mother, Sulakshana, who is seen cooking in the kitchen of their one-room house
PHOTO • Jyoti
This is the last year of school for 18-year-old Vaibhav
PHOTO • Jyoti

ഇടത്: വൈഭവ് പേട്കറും അമ്മ സുലക്ഷണയും; സുലക്ഷണ അവരുടെ ഒറ്റമുറി വീടിന്റെ അടുക്കളയിൽ പാചകം ചെയ്യുന്നത് കാണാം. വലത്: 18 വയസ്സുകാരനായ വൈഭവിന് ഇത് സ്കൂളിലെ അവസാന വർഷമാണ്

രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം സ്കൂളിൽ തിരിച്ചെത്തിയ കുട്ടികൾ പഴയ ചിട്ടയിലേയ്ക്ക് മടങ്ങാൻ പാടുപെടുകയാണ്. "കുട്ടികളിൽ ദൈനംദിന ശീലങ്ങളിലും ആശയവിനിമയത്തിലും ശ്രദ്ധയിലുമെല്ലാം പൊതുവെ കുറവ് വന്നിട്ടുള്ളതായി ഞങ്ങൾക്ക് അനുഭവപ്പെടുന്നുണ്ട്," ബഗാഡെ പറയുന്നു. " ദിനചര്യയിൽ പെട്ടെന്നുണ്ടായ മാറ്റം കാരണം ചില കുട്ടികൾ അക്ഷമരാകുകയും അക്രമസ്വഭാവവും ക്ഷോഭവും കാണിക്കുകയും ചെയ്യുന്നുണ്ട്. തങ്ങൾക്ക് ചുറ്റുമുണ്ടായ മാറ്റം അവർക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല."

പ്രതീകിന് തനിക്കുണ്ടായ പഠന നഷ്ടം ഒരുപരിധിവരെയെങ്കിലും നികത്താൻ കുറച്ച് വർഷങ്ങൾ ബാക്കിയുള്ളപ്പോൾ, 18 വയസ്സുകാരനായ വൈഭവ് പേട്കറിന് ഇത് സ്കൂളിലെ അവസാന വർഷമാണ്. 1995-ലെ ദി പേഴ്‌സൻസ് വിത്ത് ഡിസബിലിറ്റീസ് (ഈക്വൽ ഓപ്പർച്യുണിറ്റീസ്, പ്രൊട്ടക്ഷൻ ഓഫ് റൈറ്സ് ആൻഡ് ഫുൾ പാർട്ടിസിപ്പേഷൻ) ആക്ട് പറയുന്നത് 'വൈകല്യമുള്ള എല്ലാ കുട്ടികൾക്കും പതിനെട്ട് വയസ്സ് തികയുന്നതുവരെ ഉചിതമായ അന്തരീക്ഷത്തിൽ സൗജന്യമായ വിദ്യാഭ്യാസത്തിന് അർഹതയുണ്ട്' എന്നാണ്.

"അതിനുശേഷം, ഈ കുട്ടികൾ വീടുകളിൽ തുടരുകയാണ് പതിവ്; അവരെ തൊഴിൽപരിശീലനം നൽകുന്ന കേന്ദ്രങ്ങളിൽ ചേർത്ത് പഠിപ്പിക്കാൻ കുടുംബങ്ങൾക്ക് സാമ്പത്തികശേഷി ഉണ്ടാകില്ല എന്നതിനാലാണിത്," ബഗാഡെ പറയുന്നു.

ഒൻപതാമത്തെ വയസ്സിൽ "കടുത്ത മാനസികവൈകല്യം" സ്ഥിരീകരിച്ച വൈഭവിന് സംസാരിക്കാൻ കഴിയില്ല എന്നതിന് പുറമേ ഇടയ്ക്കിടെ അപസ്മാരവും ഉണ്ടാകാറുണ്ട്. തുടർച്ചയായി മരുന്ന് കഴിക്കേണ്ടത് ആവശ്യമായിവരുന്ന ഒരു ആരോഗ്യ പ്രശ്നമാണത്. "തുടക്കത്തിൽത്തന്നെ ചികിത്സ നൽകുകയും 7 - 8 വയസ്സിൽ സ്പെഷ്യൽ സ്കൂളിംഗ് ഉറപ്പാക്കുകയും ചെയ്യുന്നത്, കുട്ടിയുടെ വളർച്ചയും പുതിയ കഴിവുകൾ നേടാനുള്ള അവന്റെ ക്ഷമതയും ദൈനംദിന പ്രവർത്തനങ്ങളും പെരുമാറ്റനിയന്ത്രണവും ശക്തിപ്പെടുത്താൻ സഹായിക്കും." പീഡിയാട്രിക് ന്യൂറോളജിസ്റ്റും ഡവലപ്‌മെന്റൽ ഡിസോർഡർ സ്പെഷ്യലിസ്റ്റും നോർത്ത്-സെൻട്രൽ മുംബൈയിലെ സിയോണിലുള്ള ലോകമാന്യ തിലക് മുൻസിപ്പൽ ജനറൽ ഹോസ്പിറ്റലിലെ പ്രൊഫസറുമായ ഡോക്ടർ മോനാ ഗാജ്റെ പറയുന്നു.

Left: Vaibhav with his schoolteacher, Mohan Talekar.
PHOTO • Jyoti
With his family: (from left) sister Pratiksha, brother Prateek, Vaibhav, father Shivaji, and mother Sulakshana
PHOTO • Jyoti

ഇടത്: വൈഭവ് അവന്റെ അധ്യാപകനായ മോഹൻ തലേക്കറിനൊപ്പം. വലത്: അവന്റെ കുടുംബത്തോടൊപ്പം: (ഇടതുനിന്ന്) സഹോദരി പ്രതീക്ഷ, സഹോദരൻ പ്രതീക്, വൈഭവ്, അച്ഛൻ ശിവാജി, അമ്മ സുലക്ഷണ

2017-ൽ, പതിമൂന്നാമത്തെ വയസ്സിൽ മാത്രമാണ് വൈഭവ് സ്കൂളിൽ പോകാൻ തുടങ്ങിയത്. മൂന്ന് വർഷത്തെ നീണ്ട പരിശീലനത്തിലൂടെയും അഭ്യാസത്തിലൂടെയും അവൻ സ്വയം പരിപാലന ശീലങ്ങളും മെച്ചപ്പെട്ട പെരുമാറ്റനിയന്ത്രണവും നിറം കൊടുക്കുകപോലെയുള്ള ചില കഴിവുകളും ആർജ്ജിച്ചെടുത്തു. "ഒക്യൂപേഷണൽ തെറാപ്പിയിലൂടെ അവനിൽ ഏറെ പുരോഗതിയുണ്ടായതാണ്," ബഗാഡെ പറയുന്നു. "അവൻ വരയ്ക്കുകയും മറ്റുള്ളവരോട് ഇടപഴകുകയും ചെയ്തിരുന്നു. മറ്റു കുട്ടികളെക്കാൾ മുൻപ് അവൻ തയ്യാറാകുമായിരുന്നു," അദ്ദേഹം ഓർത്തെടുക്കുന്നു. 2020 മാർച്ചിൽ വീട്ടിലേയ്ക്ക് തിരിച്ചയക്കുന്ന സമയത്ത്, വൈഭവിന് അക്രമവാസന ഉണ്ടായിരുന്നുമില്ല.

വൈഭവിന്റെ അച്ഛനമ്മമാരായ ശിവജിയും സുലക്ഷണയും അവന്റെ മുത്തച്ഛന് സ്വന്തമായുള്ള രണ്ടേക്കർ നിലത്ത് വർഷം മുഴുവൻ അധ്വാനിക്കുന്നവരാണ്. ഖാരിഫ് വിളവിന്റെ കാലത്ത് അവർ ചോളവും ജോവാറും ചിലപ്പോൾ ഉള്ളിയുമാണ് കൃഷി ചെയ്യാറുള്ളത്. റാബി വിളവിന്റെ കാലമായ, ഡിസംബർ മുതൽ മേയ് വരെയുള്ള മാസങ്ങളിൽ അവർ കർഷകത്തൊഴിലാളികളായി ജോലി ചെയ്യും. ഇതിനിടയിൽ വൈഭവിനുവേണ്ടി മാറ്റിവെക്കാൻ അവർക്ക് സമയം ലഭിക്കാറില്ല. അഹമ്മദ്‌നഗർ ജില്ലയിലെ കാജ്റാത്ത് താലൂക്കയിലുള്ള കോരേഗാവോൺ ഗ്രാമത്തിലെ അവരുടെ ഒറ്റമുറി വീട്ടിൽ വൈഭവ് തനിച്ചിരിക്കും.

"സ്കൂൾ രണ്ട് വർഷത്തേയ്ക്ക് അടച്ചതിനുപിന്നാലെ, അവൻ വാശിയും അക്രമസ്വഭാവവും കാണിച്ചുതുടങ്ങിയിരിക്കുന്നു. അവൻ ഉറങ്ങുന്നതും തീരെ കുറവാണ്. ചുറ്റും ആളുകളെ കാണുമ്പോൾ അവൻ ഇപ്പോൾ കൂടുതൽ അസ്വസ്ഥനാകുന്നുണ്ട്," ബഗാഡെ പറയുന്നു. "അവന് ഇപ്പോൾ നിറങ്ങൾ തിരിച്ചറിയാനാകുന്നില്ല." രണ്ട് വർഷക്കാലം ഒരു കളിപ്പാട്ട ഫോണിൽ കളിച്ചിരിക്കേണ്ടിവന്നത് വൈഭവിന് വലിയൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ജ്ഞാൻപ്രബോധൻ മതിമന്ദ് നിവാസി വിദ്യാലയയിലെ അധ്യാപകർ, തങ്ങൾ ഇനി എല്ലാം ആദ്യം മുതൽ പഠിപ്പിച്ചുതുടങ്ങേണ്ടി വരുമെന്ന വസ്തുതയുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. "കുട്ടികളെ സ്കൂളിലെ അന്തരീക്ഷവുമായും ദിനചര്യയുമായും ഇണക്കിയെടുക്കുക എന്നതിനാണ് ഞങ്ങൾ ഇപ്പോൾ മുൻഗണന കൊടുക്കുന്നത്," ബഗാഡെ പറയുന്നു.

പ്രതീകും വൈഭവും മഹാമാരിക്ക് മുൻപ് തങ്ങൾ ആർജ്ജിച്ചെടുത്ത കഴിവുകളും അറിവും ഇനി വീണ്ടും പഠിച്ചെടുക്കണം. മഹാമാരി തുടങ്ങിയ ഉടൻതന്നെ അവരെ വീടുകളിലേക്ക് തിരിച്ചയച്ചതിനാൽ, കോവിഡ്-19-നുമൊത്ത് എങ്ങനെ ജീവിക്കണമെന്നത് അവരുടെ പുതുപാഠങ്ങളുടെ ഒരു പ്രധാന ഭാഗമാകും.

Left: Rohit Bagade says children are finding it difficult to readjust to their old routine after the two-year break.
PHOTO • Jyoti
Right: Dnyanprabodhan Matimand Niwasi Vidyalaya, in Karmala taluka of Maharashtra’s Solapur district, where Bagade is the programme coordinator
PHOTO • Jyoti

ഇടത്: രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ കുട്ടികൾ തങ്ങളുടെ പഴയ ദിനചര്യയുമായി പൊരുത്തപ്പെടാൻ പാടുപെടുകയാണെന്ന് രോഹിത് ബഗാഡെ പറയുന്നു. വലത്: ബഗാഡെ പ്രോഗ്രാം കോർഡിനേറ്ററായി പ്രവർത്തിക്കുന്ന, മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയ്ക്ക് കീഴിൽ വരുന്ന കർമല താലൂക്കയിലെ ജ്ഞാൻപ്രബോധൻ മതിമന്ദ് നിവാസി വിദ്യാലയ

ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം, 2022 ജൂൺ 15-ന് മഹാരാഷ്ട്രയിൽ 4,024 പുതിയ കൊറോണാ വൈറസ് കേസുകൾ രേഖപ്പെടുത്തി; തലേ ദിവസത്തെ കേസുകളുടെ എണ്ണത്തിൽനിന്ന് 36 ശതമാനം കൂടുതലായിരുന്നു ഇത്. സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ, കുട്ടികളെ വൈറസിൽനിന്ന് സംരക്ഷിക്കാനുള്ള മുൻകരുതലുകൾ ഉണ്ടാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതും പ്രധാനമാണ്.

"ഞങ്ങളുടെ ജീവനക്കാരെല്ലാവരും വാക്‌സിനേഷൻ എടുത്തിട്ടുണ്ട്. ഇവിടത്തെ കുട്ടികൾക്ക് വിവിധതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളതുകൊണ്ടുതന്നെ, ഞങ്ങളുടെ അധ്യാപകർക്കും സഹായികൾക്കും ആവശ്യമായ മാസ്കുകളും പി.പി.ഇ കിറ്റുകളും ഇവിടെയുണ്ട്," ബഗാഡെ പറയുന്നു. "പക്ഷെ മാസ്കുകൾ വെക്കുന്നത് കുട്ടികളുടെ ആശയവിനിമയം ദുഷ്കരമാക്കും. മുഖഭാവങ്ങൾ തിരിച്ചറിയുമ്പോഴാണ് അവർ കൂടുതൽ നന്നായി കാര്യങ്ങൾ മനസ്സിലാക്കുന്നത്." എന്തിനാണ് മാസ്കുകൾ ധരിക്കുന്നതെന്നും അത് എങ്ങനെയാണ് ശരിയായി ധരിക്കേണ്ടതെന്നും എന്തുകൊണ്ട് മാസ്കുകൾ തൊടരുതെന്നുമെല്ലാം കുട്ടികളെ പഠിപ്പിച്ചെടുക്കുന്നത് ഒരു വെല്ലുവിളിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

"ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ പുതിയ ഒരു കാര്യം പഠിക്കുമ്പോൾ, അവർക്ക് അത് എളുപ്പത്തിൽ ഓർത്തുവയ്ക്കാനായി ഞങ്ങൾ ഓരോ പ്രവൃത്തിയും ഘട്ടം ഘട്ടമായി കാണിച്ചുകൊടുത്ത്, ഏറെ ക്ഷമയോടെ, ആവർത്തിച്ച് പഠിപ്പിക്കും," ഡോക്ടർ ഗാജ്റെ വിശദീകരിക്കുന്നു.

ജ്ഞാൻപ്രബോധൻ മതിമന്ദ് നിവാസി വിദ്യാലയയിലെ വിദ്യാർഥികൾ സ്കൂളിൽ തിരിച്ചെത്തിയതിനുശേഷം ആദ്യം പഠിച്ച കാര്യങ്ങളിലൊന്ന് കൈകഴുകുന്നത് എങ്ങനെയാണെന്നതാണ്.

"ഖായ്‌ല..ഖായ്‌ല..ജെവാൻ [കഴിക്കാൻ..കഴിക്കാൻ..ഭക്ഷണം]," ഭക്ഷണം ആവശ്യപ്പെട്ട് വൈഭവ് ആവർത്തിക്കുന്നു. "ഞങ്ങളുടെ കുട്ടികളിൽ പലർക്കും കൈ കഴുകുകയെന്നാൽ ഭക്ഷണത്തിന് സമയമായി എന്നാണ് അർഥം," ബഗാഡെ പറയുന്നു. "അതുകൊണ്ട്, [കോവിഡിന്റെ സമയത്ത്] ഇടയ്ക്കിടെ കൈകഴുകുന്നതിന്റെ അർഥം എന്താണെന്ന് നമ്മൾ അവർക്ക് മനസ്സിലാക്കിക്കൊടുക്കണം."

പരിഭാഷ: പ്രതിഭ ആർ.കെ .

ಜ್ಯೋತಿ ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಹಿರಿಯ ವರದಿಗಾರರು; ಅವರು ಈ ಹಿಂದೆ ‘ಮಿ ಮರಾಠಿ’ ಮತ್ತು ‘ಮಹಾರಾಷ್ಟ್ರ1’ನಂತಹ ಸುದ್ದಿ ವಾಹಿನಿಗಳೊಂದಿಗೆ ಕೆಲಸ ಮಾಡಿದ್ದಾರೆ.

Other stories by Jyoti
Editor : Sangeeta Menon

ಸಂಗೀತಾ ಮೆನನ್ ಮುಂಬೈ ಮೂಲದ ಬರಹಗಾರು, ಸಂಪಾದಕರು ಮತ್ತು ಸಂವಹನ ಸಲಹೆಗಾರರು.

Other stories by Sangeeta Menon
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.