2022-ൽ ഇന്ത്യയിൽ ‘സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യ’ങ്ങൾക്ക് 4,45,256 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ ശേഖരിച്ചതും ഔദ്യോഗികവുമായ കണക്കുപ്രകാരം ദിവസവും 1,220 കേസുകൾ ഉണ്ടാവുന്നു എന്നാണ് ഇതിന്റെ അർത്ഥം. എന്നാൽ യഥാർത്ഥത്തിൽ നടക്കുന്ന ലിംഗപരമായ ആക്രമണങ്ങൾ ഈ ഔദ്യോഗികമായ കണക്കുകളേക്കാൾ എത്രയോ അധികമായിരിക്കണം.

ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലയിലേക്കും സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ കടന്നുചെന്നിട്ടുണ്ട്. തൊഴിലിടത്തിലെ പീഡനങ്ങൾ, സ്ത്രീകളെ കടത്തിക്കൊണ്ടുപോകൽ, ലൈംഗിക പീഡനം, ഗാർഹിക ആക്രമണങ്ങൾ, കലയിലും ഭാഷയിലുമുള്ള ലൈംഗികച്ചുവകൾ - ഇവയെല്ലാം സ്ത്രീകളുടെ സുരക്ഷയേയും നിലനിൽ‌പ്പിനേയും തടസ്സപ്പെടുത്തുന്നു.

തങ്ങൾക്കെതിരേ നടക്കുന്ന കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ സ്ത്രീകൾ മടിക്കുന്നു എന്നത് തെളിയിക്കപ്പെട്ട ഒരു വസ്തുതയാണ്. അത് അവരുടെ ശബ്ദത്തെ കൂടുതൽ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന്, ഉത്തർ പ്രദേശിൽനിന്നുള്ള ബർഖ എന്ന 22 വയസ്സുള്ള ദളിത് സ്ത്രീയുടെ കാര്യമെടുക്കുക. തന്നെ തട്ടിക്കൊണ്ടുപോയതിനും ബലാത്സംഗം ചെയ്തതിനുമെതിരേ പരാതി ബോധിപ്പിക്കാൻ പൊലീസിനെ സമീപിച്ചപ്പോൾ അവർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചു വെന്നും, അത്, ആരോപണവിധേയനായ ആൾ നാട്ടിലെ ഒരു രാഷ്ട്രീയ നേതാവായിരുന്നതിനാലാണെന്നും ബർഖ വെളിപ്പെടുത്തുന്നു. മറ്റൊരു അതിജീവിതയായ ഹരിയാനയിൽനിന്നുള്ള മാലിനി പറയുന്നു, “കുറ്റാരോപിതനിൽനിന്ന് കുറച്ച് പൈസ വാങ്ങി കേസ് ഒഴിവാക്കാനാണ് പൊലീസ് എന്നെ ഉപദേശിച്ചത്. പറ്റില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ എന്നോട് തട്ടിക്കയറി, ‘ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെങ്കിൽ നിന്നെപ്പിടിച്ച് ലോക്കപ്പിലിടും’ എന്നായിരുന്നു ഭീഷണി.”

ആക്രമണങ്ങൾക്ക് നീതി തേടാനുള്ള സ്ത്രീകളുടെ പരിശ്രമങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നത് പല ഘടകങ്ങളാണ് – പൊലീസിന്റെ അനാസ്ഥ, അനൌപചാരികമായി നിലനിൽക്കുന്ന ഘാപ്പ് പഞ്ചായത്തുകൾ, വൈദ്യ-നിയമ സഹായങ്ങളുടെ അഭാവം – എന്നിവയാണ് അവയിൽ ചിലത്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെയടുത്തേക്ക് പരാതികൾ അയച്ചപ്പോൾ മാത്രമാണ് പരിശോധിച്ച ആറ് കേസുകളിൽ പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തത് എന്ന് ബാരിയേഴ്സ് ഇൻ ആക്സസ്സിംഗ് ജസ്റ്റീസ്: ദ് എക്സ്പീരിയൻസസ് ഓഫ് 14 റേപ്പ് സർവൈവേഴ്സ് ഇൻ ഉത്തർ പ്രദേശ്, ഇന്ത്യ (നീതി പ്രാപ്യമാക്കുന്നതിലെ തടസ്സങ്ങൾ: ഇന്ത്യയിലെ ഉത്തർ പ്രദേശിലെ 14 ബലാത്സംഗ ഇരകളുടെ അനുഭവങ്ങൾ) എന്ന 2020-ലെ റിപ്പോർട്ട് പറയുന്നു. കോടതി ഉത്തരവിനുശേഷമാണ് ബാക്കിയുള്ള അഞ്ച് കേസുകളിൽ, എഫ്.ഐ.ആർ ഫയൽ ചെയ്തത്. ലിംഗപരമായ ആക്രമണങ്ങൾക്ക് പരിഹാരം തേടാനുള്ള സംവിധാനത്തിൽനിന്ന് ഇരകളെ ഒഴിവാക്കുന്നതിൽ, ജാതി, വർഗ്ഗം, അംഗവൈകല്യം, പ്രായം എന്നിവ നിർണ്ണായകമാവുന്നുണ്ട്. ദളിത് സ്ത്രീകൾക്കുനേരെ നടന്ന 50 ലൈംഗികാതിക്രമ കേസുകളിൽ 62 ശതമാനത്തിലും , 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളാണ് ഇരയായത് എന്ന് ദളിത് ഹ്യൂമൻ റൈറ്റ്സ് ഡിഫൻഡേഴ്സ് നെറ്റ്‌വർക്കിന്റെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. 18-നും 30-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കുനേരെയാണ് ബലാത്സംഗ സംഭവങ്ങൾ അധികവും ഉണ്ടാകുന്നതെന്ന് ക്രൈം ഇൻ ഇന്ത്യ 2022 റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മാനസികമോ ശാരീരികമോ ആയ വെല്ലുവിളികൾ നേരിടുന്ന പെൺകുട്ടികളും സ്ത്രീകളും ഇന്ത്യയിൽ ലൈംഗികാക്രമണങ്ങൾക്ക് കൂടുതൽ വിധേയരാവുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആശയവിനിമയത്തിലുള്ള തടസ്സങ്ങളും, സംരക്ഷിക്കുന്നവരിലുള്ള അവരുടെ ആശ്രിതത്വവുമാണ് അതിന് കാരണമാവുന്നത്. ഇനി അഥവാ പരാതികൾ രജിസ്റ്റർ ചെയ്യപ്പെട്ടാൽത്തന്നെ നിയമനടപടികൾ അവരെ സംബന്ധിച്ചിടത്തോളം ഒരു ശിക്ഷയാവുകയാണ് ചെയ്യുന്നതെന്ന് 21 വയസ്സുള്ള കാജ്രിയുടെ കഥയിൽനിന്ന് മനസ്സിലാവും. 2010-ൽ തട്ടിക്കൊണ്ടുപോവപ്പെട്ട്, ലൈംഗിക ചൂഷണത്തിനും ബാലവേലയ്ക്കും ഇരയായി 10 വർഷം തള്ളിനീക്കേണ്ടിവന്ന കാജ്രി മാ‍നസികമായ വെല്ലുവിളിയാണ് നേരിടുന്നത്. “കാജ്രിയെ തെളിവെടുപ്പിനും പരിശോധനകൾക്കും കൊണ്ടുപോകേണ്ടിവരുന്നതിനാൽ ഏതെങ്കിലുമൊരിടത്ത് സ്ഥിരമായി ജോലി ചെയ്യാൻ എനിക്ക് സാധിക്കുന്നില്ല. ഇടയ്ക്കിടയ്ക്ക് അവധി ചോദിക്കുന്നതിനാൽ അവരെന്നെ പിരിച്ചുവിടുകയാണ്,” കാജ്രിയുടെ അച്ഛൻ പറയുന്നു.

(സ്ത്രീകളെ) നിരന്തരമായും ഫലപ്രദമായും നിയന്ത്രിക്കുകയും സംരക്ഷിച്ചുവെക്കുകയും ചെയ്യുന്ന ഒരു സംവിധാനം സൃഷ്ടിക്കേണ്ടതിനെക്കുറിച്ചുള്ള അതിരുകവിഞ്ഞ ആധി”യെപ്പറ്റി, കൺസെപ്ച്വലൈസിംഗ് ബ്രാഹ്മണിക്കൽ പാട്രിയാർക്കി ഇൻ ഏളി ഇന്ത്യ (പ്രാചീന ഇന്ത്യയിൽ സങ്കല്പനം ചെയ്യപ്പെട്ടിരുന്ന ബ്രാഹ്മണ്യ പുരുഷമേധാവിത്തം) എന്ന ലേഖനത്തിൽ പ്രൊഫസ്സർ ഉമ ചക്രവർത്തി പറയുന്നുണ്ട്. പുരുഷമേധാവത്തത്തിനോട് സ്വയം വിധേയരാകുന്ന സ്ത്രീകൾക്ക് ഉചിതമായ പ്രതിഫലം നൽകുകയും അല്ലാത്തവരെ നിന്ദിക്കുകയും ചെയ്തുകൊണ്ടാണ് ഈ നിയന്ത്രണം നടപ്പാക്കിയിരുന്നതെന്ന് ലേഖനം നിരീക്ഷിക്കുന്നു. സ്ത്രീകളുടെ ചലനാത്മകതയെ നിയന്ത്രിക്കുന്ന ഇത്തരം നിയമങ്ങളുടെ വേരുകൾ നീളുന്നത്, അവരുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനോടും അവരുടെ ലൈംഗികതയോടുമുള്ള പുരുഷസമൂഹത്തിന്റെ ഭയത്തിലേക്കാണ്. “ഗ്രാമത്തിലെ ഏതെങ്കിലും ഗർഭിണിയായ സ്ത്രീയെ സന്ദർശിക്കാനോ, ആശുപത്രിയിൽ പോകാനോ ഒക്കെ ഞാൻ വീടിന് പുറത്ത് പോകുമ്പോൾ ഞാൻ മറ്റ് പുരുഷന്മാരെ കാണാൻ പോകുന്നുവെന്നാണ് ആദ്യമൊക്കെ അവർ (ഭർത്തൃവീട്ടുകാർ) കരുതിയിരുന്നത്. ആശ പ്രവർത്തക എന്ന നിലയ്ക്ക് എന്റെ ജോലിയാണത്,” 30 വയസ്സുള്ള ഗിരിജ പറയുന്നു. അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് (അംഗീകൃത സാമൂഹികാരോഗ്യ പ്രവർത്തക – ആശ) എന്ന ഈ തൊഴിൽ ഉപേക്ഷിക്കാൻ ഭർത്തൃവീട്ടുകാരിൽനിന്ന് നല്ല സമ്മർദ്ദമുണ്ടെന്ന്, ഉത്തർ പ്രദേശിലെ മഹോബ ജില്ലക്കാരിയായ അവർ പറയുന്നു. “ഇന്നലെ എന്റെ ഭർത്താവിന്റെ മുത്തച്ഛൻ ഒരു വടിയെടുത്ത് എന്നെ തല്ലുകയും കഴുത്ത് പിടിച്ച് ഞെരിക്കുകയും ചെയ്തു”, അവർ കൂട്ടിച്ചേർത്തു.

ഏതെങ്കിലുമൊരു ജോലിയിൽ കയറിപ്പറ്റി സമ്പാദിക്കാൻ തുടങ്ങുന്നതോടെ, തൊഴിലിടത്തിലുള്ള ഉപദ്രവവും ആരംഭിക്കുകയായി. നാഷണൽ ക്യാപിറ്റൽ റീജിയണിലും ബംഗളൂരുവിലുമുള്ള വസ്ത്രമേഖലയിലെ തൊഴിലാളികളെ സർവേ ചെയ്തതിൽനിന്ന് മനസ്സിലായത്, 17 ശതമാനം സ്ത്രീത്തൊഴിലാളികളും തൊഴിലിടത്തിലെ ലൈംഗികാതിക്രമം റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നാണ്. “പുരുഷന്മാരായ മാനേജർമാർ, സൂപ്പർവൈസർമാർ, മെക്കാനിക്കുകൾ തുടങ്ങിയവർ എന്തെങ്കിലും കാര്യം പറഞ്ഞ് ദേഹത്ത് സ്പർശിക്കും. ഞങ്ങൾക്ക് പരാതിപ്പെടാനും ആരുമില്ല.” വസ്ത്രനിർമ്മാണ മേഖലയിലെ തൊഴിലാളിയായ ലത പറയുന്നു (വായിക്കുക: ദിണ്ടിഗലിലെ ദളിത് സ്ത്രീകൾ ഒരുമിക്കുമ്പോൾ ). അവകാശങ്ങൾ നേടിയെടുക്കാനുള്ള സ്ത്രീത്തൊഴിലാളികളുടെ കൂട്ടായ ശ്രമങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട വിശാഖ മാർഗ്ഗനിർദ്ദേശങ്ങളുടെ (1997) ശുപാർശ പ്രകാരം, ഓരോ സ്ഥാപനത്തിലും ഒരു സ്ത്രീയുടെ നേതൃത്വത്തിലുള്ള ഒരു പരാതി കമ്മിറ്റി രൂപവത്കരിക്കുകയും അതിലെ അംഗങ്ങളിൽ പകുതിയോളം സ്ത്രീകളായിരിക്കുകയും വേണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. അത്തരം നിർദ്ദേശങ്ങളൊക്കെ കടലാസ്സിലുണ്ടെങ്കിലും നടപ്പാക്കൽ അപൂർവ്വമാണ്. വീട്ടിലും തൊഴിലിടത്തിലും സ്ത്രീകൾക്കെതിരായുള്ള ആക്രമണങ്ങൾ പതിവായി തുടർന്നുപോരുന്നു.

15 വയസ്സ് മുതൽ വീട്ടിനകത്തുവെച്ച് ശാരീരികമായ അതിക്രമങ്ങൾ അനുഭവിക്കേണ്ടിവരുന്നുവെന്ന് 18-നും 49-നുമിടയിൽ പ്രായമുള്ള 29 ശതമാനം സ്ത്രീകളും 2019-2021 ദേശീയ കുടുംബാരോഗ്യ സർവേയിൽ (നാഷണൽ ഫാമിലി ഹെൽത്ത് സർവേ – എൻ.എഫ്.എച്ച്.എസ്) സൂചിപ്പിച്ചു. ലൈംഗികാക്രമണമുണ്ടായതായി റിപ്പോർട്ട് ചെയ്തത് ആറ്‌ ശതമാനം സ്ത്രീകളാണ്. എന്നാൽ, ഇത്തരം ലൈംഗികവും ശാരീരികവുമായ അതിക്രമങ്ങൾ നേരിടേണ്ടിവന്നവരിൽ വെറും 14 ശതമാനം മാത്രമാണ് ഇതിനൊരു പരിഹാരം തേടി കുടുംബം, സുഹൃത്തുക്കൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയെ സമീപിച്ചത്. “ അവൾ എന്റെ ഭാര്യയാണ്. നിങ്ങളെന്തിനാണ് ഇതിൽ ഇടപെടുന്നത്?” ആരെങ്കിലും എതിർപ്പുമായി വന്നാൽ അവരോട് രവി ചോദിക്കുന്ന ചോദ്യമാണ് ഇത്. 2021-ൽ മാത്രം, ലോകത്തൊട്ടാകെ, 45,000 പെൺകുട്ടികൾ അവരുടെ പങ്കാളികളാലോ കുടുംബാംഗങ്ങളാലോ കൊല്ലപ്പെടുകയുണ്ടായി .

പ്രണയബന്ധങ്ങളിലെ ഹിംസയെ സാധാരണവത്കരിക്കുന്ന രീതിയിലുള്ള ജനകീയ സാംസ്കാരികരൂപങ്ങളും, സംശയമെന്യേ, ഒരു ഘടകമാണ്. യുവപ്രേക്ഷകരിൽ ഇന്ത്യൻ സിനിമയുടെ സ്വാധീനം എന്ന റിപ്പോർട്ടിൽ, പറയുന്നത്, സ്ത്രീകളോട് ദ്വയാർത്ഥം വെച്ച് സംസാരിക്കുന്നത്, അഥവാ തെരുവിലെ ലൈംഗികോപദ്രവം (പഞ്ചാരയടി) ഒരു തെറ്റായി 60 ശതമാനം ചെറുപ്പക്കാരും കരുതുന്നില്ല എന്നാണ്. ലിംഗപരമായ അതിക്രമം സാധാരണവത്കരിക്കപ്പെടുന്നതിനെക്കുറിച്ച്, അനാലിസിസ് ഓഫ് സിറ്റിംഗ് എം.പി.സ് / എം.എൽ.എ.സ് വിത്ത് ഡിക്ലേഡ് കേസസ് റിലേറ്റഡ് റ്റു ക്രൈംസ് എഗെയ്ൻസ്റ്റ് വിമൻ 2024 (സ്ത്രീകൾക്കുനേരെ കുറ്റകൃത്യങ്ങൾ ചെയ്തതായി പ്രഖ്യാപിക്കപ്പെട്ട നിലവിലുള്ള എം.പി ./ എം.എൽ.എ.മാരെക്കുറിച്ചുള്ള വിശകലനം 2024) എന്ന സമീപകാല പ്രസിദ്ധീകരണത്തിലും വായിക്കാം. നിലവിലെ എം.പി./എം.എൽ.എ.മാരിൽ 151 ജനപ്രതിനിധികളുടെ പേരിൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിന് കേസുകൾ നിലവിലുണ്ടെന്ന് അതിൽ സൂചിപ്പിക്കുന്നു.

ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ് വിക്ടിം ഷെയ്മിംഗ്, അഥവാ ഇരയെ പരിഹസിക്കുന്ന സംസ്കാരം. പ്രത്യേകിച്ചും ലൈംഗികാതിക്രമം നേരിട്ടവർക്കുനേരെയുള്ള പരിഹാസം. ബീഡ് ജില്ലയിലെ സ്വന്തം ഗ്രാമത്തിലെ നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്ത രാധ അവർക്കെതിരേ സംസാരിക്കാൻ ധൈര്യപ്പെട്ടപ്പോൾ, സ്വഭാവദൂഷ്യമുള്ളവളായും ഗ്രാമത്തിന് അപമാനം വരുത്തിയവളായും അവൾ ചിത്രീകരിക്കപ്പെടുകയാണുണ്ടായത്.

അത്തരം കുറ്റകൃത്യങ്ങളുടെ പട്ടിക ഇനിയും നീളം. അവയുടെ പുരുഷാധിപത്യ പ്രവണതകൾ നമ്മുടെ സമൂഹത്തിൽ ആഴത്തിൽ വേരോടിയിട്ടുണ്ട്. സ്ത്രീകൾക്കുനേരെയുള്ള ലിംഗപരമായ അക്രമങ്ങളെക്കുറിച്ച് കൂടുതൽ വായിക്കാൻ പാരി ലൈബ്രറിയുടെ ഭാഗം നോക്കാം.

കവർ ഡിസൈൻ : സ്വദേശ ശർമ്മ

പരിഭാഷ: രാജീവ് ചേലനാട്ട്

Dipanjali Singh

दीपांजलि सिंह, पीपल्स आर्काइव ऑफ़ रूरल इंडिया में सहायक संपादक हैं. वह पारी लाइब्रेरी के लिए दस्तावेज़ों का शोध करती हैं और उन्हें सहेजने का काम भी करती हैं.

की अन्य स्टोरी Dipanjali Singh
PARI Library Team

दीपांजलि सिंह, स्वदेशा शर्मा और सिद्धिता सोनावने की भागीदारी वाली पारी लाइब्रेरी टीम, आम अवाम के रोज़मर्रा के जीवन पर केंद्रित पारी के आर्काइव से जुड़े प्रासंगिक दस्तावेज़ों और रपटों को प्रकाशित करती है.

की अन्य स्टोरी PARI Library Team
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

की अन्य स्टोरी Rajeeve Chelanat