2023 തിരക്കുള്ള ഒരു വർഷമായിരുന്നു.

ജനുവരിക്കും സെപ്റ്റംബറിനുമിടയിൽ മിക്ക ദിവസങ്ങളിലും ഇന്ത്യ, അതിതീവ്ര കാലാവസ്ഥ അനുഭവിക്കുകയുണ്ടായി. കൂടുതൽ സ്ത്രീകളെ ലോകസഭയിലും സംസ്ഥാന നിയമസഭകളിലും കൊണ്ടുവരുന്നതിനായി, സെപ്റ്റംബറിൽ ലോകസഭ വനിതാ സംവരണ ബിൽ പാസ്സാക്കി. എന്നാൽ 2029-ൽ മാത്രമേ അത് നടപ്പാവുകയുള്ളു. അതേസമയം, നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾപ്രകാരം, 2022-ൽ സ്ത്രീകൾക്കെതിരേ നടന്ന കുറ്റകൃത്യങ്ങളുടെ എണ്ണം 445,256 ആണ്. ഒരേ ലിംഗത്തിൽ‌പ്പെട്ടവരുടെ വിവാഹത്തിന് നിയമസാധുത നൽകാൻ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഓഗസ്റ്റിൽ വിസമ്മതിച്ചുവെങ്കിലും, ലിംഗപരമായ വാർപ്പുമാതൃകകളെ നേരിടുന്നതിനാവശ്യമായ ഒരു കൈപ്പുസ്തകം കോടതി പ്രസിദ്ധീകരിക്കുകയുണ്ടായി. നിലവിലുള്ള ചില ലിംഗപരമായ വാർപ്പുമാതൃകാപദങ്ങൾക്ക് പകരമുള്ള വാക്കുകളും ആ പുസ്തകത്തിൽ കോടതി നിർദ്ദേശിച്ചു. ഒമ്പത് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയും, വർഗ്ഗീയവും ജാതീയവുമായ സംഘർഷങ്ങൾ വാർത്തകളിൽ ഇടം‌പിടിക്കുകയും ചെയ്തു. 2022 മാർച്ചിനും 2023 ജൂലായ്ക്കുമിടയിൽ, ഇന്ത്യയിലെ മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണം 166-ൽനിന്ന് 174 ആയി. 15-നും 29-നുമിടയിൽ പ്രായമുള്ള ആളുകൾക്കിടയിലെ ശരാശരി തൊഴിലില്ലായ്മാ നിരക്ക് വർഷത്തിന്റെ ആദ്യത്തെ അഞ്ച് മാസങ്ങളിൽ 17.3 ശതമാനത്തിന്റെയടുത്തായിരുന്നു.

*****

കൊല്ലം മുഴുവൻ ഇത്തരം സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ പ്രസക്തമായ റിപ്പോർട്ടുകൾ ഒത്തുനോക്കുകയും ശേഖരിക്കുകയും ചെയ്യുകയായിരുന്നു ലൈബ്രറി.

നിയമങ്ങൾ, വകുപ്പുകൾ, പുസ്തകങ്ങൾ, സമ്മേളനങ്ങൾ, നയരേഖകൾ, ലേഖനങ്ങൾ, സമാഹാരങ്ങൾ മുതൽ, പദശേഖരങ്ങൾ, സർക്കാർ റിപ്പോർട്ടുകൾ, ലഘുലേഖകൾ, സർവേകൾ, എന്തിന്, ഞങ്ങളുടെ കഥകളിലൊന്നിനെ ആസ്പദമാക്കിയുള്ള ഒരു കോമിക്ക് പുസ്തകമടക്കം പോലും ഉൾപ്പെടുന്നതായിരുന്നു ആ ശേഖരം.

ഈ വർഷത്തെ ഞങ്ങളുടെ പുതിയൊരു പ്രൊജക്ട്, ലൈബ്രറി ബുള്ളറ്റിനായിരുനു. പ്രത്യേക താത്പര്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള പാരി കഥകളും സ്രോതസ്സുകളും ഉൾപ്പെടുന്ന ഒരു അവലോകനം. ഈ വർഷം ഞങ്ങൾ അത്തരം നാലെണ്ണം പ്രസിദ്ധീകരിച്ചു. സ്ത്രീകളുടെ ആരോഗ്യത്തെ ക്കുറിച്ചും, മഹാവ്യാധി ബാധിച്ച തൊഴിലാളികളെ ക്കുറിച്ചും, ഭിന്നലിംഗവിഭാഗക്കാർ നേരിടുന്ന അവസ്ഥകളെക്കുറിച്ചും, ഗ്രാമീണ ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ അവസ്ഥയെക്കുറിച്ചുമുള്ള ബുള്ളറ്റിനുകൾ.

ആഗോളതാപനം ചെറുക്കാനാവശ്യമായ പരിധികൾ ലംഘിച്ചുകൊണ്ട്, ലോകജനസംഖ്യയിലെ ധനികരായ 10 ശതമാനം ആളുകൾ ആകെയുള്ളതിന്റെ പകുതിയിലധികം കാർബൺ പുറന്തള്ളലിന് എങ്ങിനെയാണ് ഉത്തരവാദികളാവുന്നതെന്ന് ഞങ്ങളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കാലാവസ്ഥാ ഉത്തരവാദിത്തത്തിലെ അസമത്വമാണ് അത് കാണിക്കുന്നത്. അതിതീവ്ര കാലാവസ്ഥമൂലം ഉണ്ടായേക്കാവുന്ന സർവ്വനാശം തടയാൻ, ശരാശരി ആഗോള ഊഷ്മാവ്, വ്യാവസായികപൂർവ്വ അളവിന്റെ 1.5 ഡിഗ്രിക്കുള്ളിൽ നിലനിർത്തണമെന്ന് 2015-ൽ പാരീസ് ഉടമ്പടി നിർബന്ധിച്ചിട്ടുപോലും ഇതാണ് അവസ്ഥ. നമ്മൾ ലക്ഷ്യത്തിൽനിന്ന് വളരെയധികം അകന്നുപോയിരിക്കുന്നു. 2000-ത്തിനുശേഷം ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ 40 ശതമാനംകണ്ടാണ് വർദ്ധിച്ചിരിക്കുന്നത്. രാജ്യത്തിലെ 40 ശതമാനം ആളുകൾ പാർക്കുന്ന ഇന്തോ-ഗംഗാ സമതലം ഇന്ത്യയിലെ ഏറ്റവും അന്തരീക്ഷമലിനീകരണമുള്ള സ്ഥല മായി മാറിക്കഴിഞ്ഞു. ലോകത്തിലെ മഹാനഗരങ്ങളിൽ‌വെച്ച് ഏറ്റവും അന്തരീക്ഷ മലിനീകരണമുള്ള നഗരം ദില്ലിയാണെന്ന് രേഖകൾ പറയുന്നു. ഇന്ത്യ ഒട്ടാകെത്തന്നെ കാലാവസ്ഥാ ഭീഷണി നേരിടുന്നുണ്ടെങ്കിലും, ജാർഘണ്ട്, ഒഡിഷ തുടങ്ങിയ ചില സംസ്ഥാനങ്ങൾ അതീവദുർബ്ബല മാണെന്ന് ഞങ്ങളുടെ ഡെസ്കിലൂടെ കടന്നുപോയ പല റിപ്പോർട്ടുകളും അടിവരയിടുന്നു.

PHOTO • Design courtesy: Dipanjali Singh

2020-ൽ ഏകദേശം 20 ദശലക്ഷം ആളുകൾക്ക്, കാലാവസ്ഥാ സംബന്ധിയായ ദുരിതങ്ങൾമൂലം പലായനം ചെയ്യേണ്ടിവന്നു. രാജ്യത്തെ തൊഴിൽശക്തികളിൽ 90 ശതമാനവും അനൌപചാരിക മേഖലകളിലാണെന്നത് പരിഗണിച്ചാൽ, ഫലപ്രദമായ സാമൂഹികസുരക്ഷയാണ് ഇന്നത്തെ അടിയന്തിരാവശ്യമെന്ന്, ഇന്റർനാഷണൽ ഇൻസ്റ്റിട്യൂ ഫോർ എൻ‌വയണ്മെന്റ് ആൻഡ് ഡെവലപ്പ്മെന്റിന്റെ ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അസംഘടിത തൊഴിലിന്റേയും കുടിയേറ്റത്തിന്റെയും പ്രശ്നങ്ങൾക്ക്, കുടുംബത്തോടൊപ്പം കുടിയേറ്റം നടത്തേണ്ടിവരുന്ന കുട്ടികളുടെ വിദ്യാഭ്യാസവുമായി അഭേദ്യമായി ബന്ധമുണ്ട്. ദില്ലി എൻ.സി.ആറിലും ഭോപ്പാലിലുമുള്ള കുടിയേറ്റ കുടുംബങ്ങളിൽ നടത്തിയ ഒരു സർവേയിൽനിന്ന് കണ്ടെത്തിയത്, കുടിയേറ്റത്തൊഴിലാളികളുടെ കുട്ടികളിൽ 40 ശതമാനത്തിനും സ്കൂൾ വിദ്യാഭ്യാസം പ്രാപ്യമല്ലെന്നാണ്.

തൊഴിലാളികളുടെ പങ്കാളിത്തം, തൊഴിലില്ലായ്മാ നിരക്ക്, രാജ്യത്തിന്റെ കാർഷിക, വ്യാവസായിക, സേവന മേഖലകളിലെ തൊഴിൽശക്തിയുടെ വിതരണനിരക്ക്, എന്നിവയെ പരിശോധിക്കുന്നതിൽ, പീരിയോഡിക്ക് ലേബർ ഫോഴ്സ് സർവേയുടെ ത്രൈമാസ ബുള്ളറ്റിനുകൾ പ്രയോജനപ്രദമായിട്ടുണ്ട്.

PHOTO • Design courtesy: Siddhita Sonavane


അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മാധ്യമമേഖലയെക്കുറിച്ചുള്ള ചിന്തകൾക്കും ഈ വർഷം പരിഗണന കിട്ടി. ഇന്ത്യക്കാരിൽ മൂന്നിലൊരാൾ എല്ലാ ദിവസവും ടെലിവിഷൻ വീക്ഷിക്കുന്നുണ്ടെങ്കിലും, ദിവസവും ദിനപ്പത്രങ്ങൾ വായിക്കുന്നവരുടെ എണ്ണം കേവലം 14 ശതമാനമാണെന്ന് പരിമിതമായ ഒരു സർവേ കാണിച്ചുതന്നു. 729 ദശലക്ഷം ഇന്ത്യക്കാർ ഇന്റർനെറ്റ് സജീവമായി ഉപയോഗിക്കുന്നുണ്ടെന്നാണ് മറ്റൊരു റിപ്പോർട്ട്. ഈ വിഭാഗത്തിൽ, 70 ശതമാനം ആളുകളും ഓൺ‌ലൈനായി പ്രാദേശികവാർത്തകൾ വായിക്കാൻ ഇന്ത്യൻ ഭാഷകളെയാണ് ആശ്രയിക്കുന്നതും.

അവകാശങ്ങൾക്കായുള്ള ഒരു ഭിന്നലിംഗക്കാരന്റെ കൈപ്പുസ്തകം പോലുള്ള രേഖകൾ, നീതിപൂർവ്വമായ ഒരു സംവിധാനം ഉണ്ടായിരിക്കേണ്ടതിനെക്കുറിച്ചുള്ള സംവാദങ്ങൾക്ക് ഊർജ്ജം നൽകി. എല്ലാ ലിംഗവിഭാഗങ്ങളേയും ഒരുപോലെ ഉൾക്കൊള്ളുന്ന പദസമ്പത്തിനെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു, ഈ വർഷം പ്രസിദ്ധീകരിച്ച ഗ്ലോസ്സറീസും ഹാൻഡ്‌ബുക്കുകളും .


PHOTO • Design courtesy: Dipanjali Singh
PHOTO • Design courtesy: Siddhita Sonavane

സങ്കീർണ്ണമായ ശാസ്ത്രപദാവലികളും പൊതുജനവുമായുള്ള വിടവ് നികത്താൻ സഹായിക്കുന്ന ക്ലൈമറ്റ് ഡിക്ഷ്ണറി , കാലാവസ്ഥയെക്കുറിച്ച് കൂടുതൽ സുഗമമായി സംസാരിക്കാൻ ഞങ്ങളെ സഹായിച്ചു. ഏകദേശം 300 ഭാഷകൾ ഇന്ത്യയിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുവെന്ന സത്യം വെളിപ്പെടുത്തുന്ന ഒന്നായിരുന്നു, ലോകത്തിന്റെ ചുരുങ്ങിവരുന്ന ഭാഷാവൈവിധ്യത്തെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഞങ്ങളുണ്ടാക്കിയ അറ്റ്‌ലസ് .

അങ്ങിനെ ‘ഭാഷ’യ്ക്കും, പാരി ലൈബ്രറിയിൽ സ്വന്തമായൊരു മുറി യുണ്ടായി. ലൈബ്രറിയിലെ നൂറുകണക്കിന് റിപ്പോർട്ടുകളിൽ ഫസ്റ്റ് ഹിസ്റ്ററി ലെസ്സൻസും ഉൾപ്പെടുന്നു. ബംഗ്ല ഭാഷയേയും അതിന്റെ മൊഴിവഴക്കങ്ങളേയും ചരിത്രത്തേയും പരിശോധിച്ചുകൊണ്ട്, ഭാഷയും അധികാരവും തമ്മിലുള്ള ബന്ധത്തെ അത് പരീശോധിക്കുന്നു. ലിംഗ്വിസ്റ്റിക് സർവേ ഓഫ് ഇന്ത്യ യും ലൈബ്രറിയിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. ഒരു സർവേ വന്നുകഴിഞ്ഞു. അടുത്ത വർഷം നിരവധി സർവേകൾ വരാൻ പോകുന്നു.

2023 തിരക്കുള്ള ഒരു വർഷമായിരുന്നു. 2024-ൽ ഇനിയും തിരക്കുകൾ വർദ്ധിക്കും. പുതിയവയെക്കുറിച്ചറിയാൻ, ഇടയ്ക്കിടയ്ക്ക് ഞങ്ങളുടെ ലൈബ്രറി സന്ദർശിക്കുക.

PHOTO • Design courtesy: Dipanjali Singh

പാരി ലൈബ്രറിയിൽ സന്നദ്ധപ്രവർത്തനം നടത്താൻ [email protected] – ലേക്ക് എഴുതുക

ഈ കഥ നിങ്ങൾക്ക് ഇഷ്ടപ്പെടുകയും പാരിയിലേക്ക് നിങ്ങളുടെ കൃതികൾ നൽകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ [email protected] . എന്ന മേൽ‌വിലാസത്തിൽ ബന്ധപ്പെടുക. ഫ്രീലാൻസായും സ്വതന്ത്രമായും പ്രവർത്തിക്കാൻ താത്പര്യമുള്ള എഴുത്തുകാർ, റിപ്പോർട്ടർമാർ, ഫോട്ടോഗ്രാഫർമാർ, സിനിമനിർമ്മാതാക്കൾ, പരിഭാഷകർ, എഡിറ്റർമാർ, ചിത്രകാരന്മാർ, ഗവേഷകന്മാർ എന്നിവരെ ഞങ്ങൾ ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ ക്ഷണിക്കുന്നു.

പാരി ഒരു ലാഭാധിഷ്ഠിത സംഘമല്ല. ഞങ്ങളുടെ ബഹുഭാഷാ ഓൺലൈൻ മാധ്യമവും സമാഹരണദൌത്യവും ഇഷ്ടപ്പെടുന്നവരിൽനിന്നുള്ള സംഭാവനകളെ മാത്രമാണ് ഞങ്ങൾ ആശ്രയിക്കുന്നത്. പാരിയിലേക്ക് സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഡോണേറ്റ് എന്ന ലിങ്കിൽ അമർത്തുക.

പരിഭാഷ: രാജീവ് ചേലനാട്ട്

Swadesha Sharma

स्वदेशा शर्मा, पीपल्स आर्काइव ऑफ़ रूरल इंडिया में रिसर्चर और कॉन्टेंट एडिटर के रूप में कार्यरत हैं. वह स्वयंसेवकों के साथ मिलकर पारी लाइब्रेरी पर प्रकाशन के लिए संसाधनों का चयन करती हैं.

की अन्य स्टोरी Swadesha Sharma
Editor : PARI Library Team

दीपांजलि सिंह, स्वदेशा शर्मा और सिद्धिता सोनावने की भागीदारी वाली पारी लाइब्रेरी टीम, आम अवाम के रोज़मर्रा के जीवन पर केंद्रित पारी के आर्काइव से जुड़े प्रासंगिक दस्तावेज़ों और रपटों को प्रकाशित करती है.

की अन्य स्टोरी PARI Library Team
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

की अन्य स्टोरी Rajeeve Chelanat